റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ പോരാട്ടം ഇന്ത്യയും ചൈനയും തമ്മിൽ; പുതിൻ ആരെ പിന്തുണയ്ക്കും


By അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.in

9 min read
Read later
Print
Share

ഫോട്ടോ: AP

2022 ഫെബ്രുവരി 24-ന് പുലര്‍ച്ചെയാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറുന്നത്. യുക്രൈനെ നിരായുധീകരിക്കുക, യുക്രൈന്‍ നാറ്റോയില്‍ ചേരുന്നതു തടയുക എന്നിങ്ങനെ കാരണങ്ങള്‍ ഒരുപാട് നിരത്തിക്കൊണ്ടായിരുന്നു പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പ്രത്യേക സൈനിക നടപടി പ്രഖ്യാപിച്ചത്. അതിവേഗത്തില്‍ തീരുന്ന സൈനികനടപടി മാത്രമാണ് ഇതെന്ന് അന്ന് അധിനിവേശത്തെ പുതിന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, വിചാരിച്ച വേഗത്തില്‍ അതവസാനിച്ചില്ല. റഷ്യക്കെതിരേ യുക്രൈന്‍ ചെറുത്തുനിന്നു. അമേരിക്കയും യൂറോപ്പും സഹായവുമായി ഒപ്പം നിന്നപ്പോള്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ സംഘര്‍ഷമായി യുക്രൈന്‍ യുദ്ധം ഇന്നും തുടരുകയാണ്. ഇരുഭാഗത്തുമായി ലക്ഷത്തിനടുത്ത് സൈനികര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. യുക്രൈനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ അഭയാര്‍ഥികളായി. യുദ്ധത്തിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധമേര്‍പ്പെടുത്തിയതോടെ റഷ്യ പരുങ്ങലിലായി. ചരക്കുനീക്കം ദുഷ്‌കരമായതോടെ അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. എന്നാല്‍, റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടിയേറ്റത് എണ്ണയുടെ മേലായിരുന്നു. ആദ്യം അമേരിക്കയും പിന്നാലെ യൂറോപ്പും റഷ്യന്‍ എണ്ണക്ക് നിരോധനം ഏര്‍പ്പെടുത്തി. പക്ഷേ, വലിയ വിലക്കുറവ് പ്രഖ്യാപിച്ചാണ് റഷ്യ ആ നിരോധനങ്ങളെ നേരിട്ടത്. റഷ്യന്‍ എണ്ണ ആവശ്യക്കാര്‍ക്കിടയിലേക്ക് ഒഴുകി.

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും അത് ഇപ്പോഴും യൂറോപ്പിലേക്ക് നിര്‍ബാധം ഒഴുകുകയാണ്. റഷ്യയില്‍നിന്ന് കടല്‍ വഴിയുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ആദ്യം നിരോധിച്ച യൂറോപ്യന്‍ യൂണിയന്‍ പിന്നീട് ശുദ്ധീകരിച്ച ഇന്ധനങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി. റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണയ്ക്കും ശുദ്ധീകരിച്ച ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവയ്ക്ക് ഇത് ബാധകമല്ലായിരുന്നു. ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തി നേട്ടം കൊയ്തത് മറ്റ് രാജ്യങ്ങളാണ്. ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കിയ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പെട്രോളും ഡീസലും നല്‍കുന്നതില്‍ ഇന്ത്യയാണ് മുന്നില്‍. അനലറ്റിക്‌സ് കമ്പനിയായ കെപ്ലറിന്റെ കണക്കനുസരിച്ച് ഏപ്രില്‍ മാസത്തില്‍ സൗദി അറേബ്യയെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയത്. പ്രതിദിനം 3.6 ലക്ഷം ബാരല്‍ (വീപ്പ) സംസ്‌കരിച്ച ഇന്ധനമാണ് ഇന്ത്യ വഴി യൂറോപ്പിലേക്കെത്തുന്നുവെന്നാണ് കെപ്ലര്‍ പറയുന്നത്. എന്നാല്‍, റഷ്യയില്‍നിന്ന് ചൈന വലിയ തോതില്‍ എണ്ണ വാങ്ങിക്കൂട്ടുകയും പ്രധാന എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വലിയ വിലക്കുറവില്‍ എത്ര കാലം റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ഇതുപോലെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന കാര്യവും സംശയമാണ്.

റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്പില്‍ നിരോധനം

യുദ്ധം അനന്തമായി തുടര്‍ന്നതോടെ ഉപരോധങ്ങളിലൂടെ റഷ്യന്‍ ഖജനാവിനെ ദുര്‍ബലപ്പെടുത്തി പുതിനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും സ്വീകരിച്ചത്. പാശ്ചാത്യശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ചെറുതായൊന്നുമല്ല റഷ്യയെ ബാധിച്ചത്. ഭക്ഷ്യ- ഇന്ധന വിപണികളിലും ഊര്‍ജ മേഖലയിലും വലിയ ആഘാതമാണ് ഇത് ഏല്‍പ്പിച്ചത്. വലിയ തോതില്‍ ഊര്‍ജ കയറ്റുമതിയെ ആശ്രയിച്ചാണ് റഷ്യന്‍ സമ്പദ് വ്യവസ്ഥ നിലകൊണ്ടിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ തന്നെയായിരുന്നു എല്ലാക്കാലത്തും അവരുടെ ഏറ്റവും വലിയ വിപണിയും. യൂറോപ്പിലേക്കുള്ള അസംസ്‌കൃതവും ശുദ്ധീകരിച്ചതുമായ എണ്ണ കയറ്റുമതി വലിയ വരുമാനമാണ് റഷ്യക്ക് നല്‍കിയിരുന്നത്. ഉപരോധങ്ങളിലൂടെ ഇതിന് തടയിടുകയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിട്ടത്.

അധിനിവേശത്തിന് പിന്നാലെ റഷ്യയെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ ശ്രമങ്ങളും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരംഭിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമവായമുണ്ടാക്കുകയായിരുന്നു തുടക്കത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മുന്നിലുണ്ടായിരുന്ന പ്രതിസന്ധി. റഷ്യന്‍ ഊര്‍ജം വാങ്ങുന്നത് അവസാനിപ്പിക്കുക എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാന മാര്‍ഗം. എന്നാല്‍ റഷ്യന്‍ എണ്ണയേയും പ്രകൃതിവാതകങ്ങളേയും വലിയ തോതില്‍ ആശ്രയിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും ദുഷ്‌കരവുമായിരുന്നു അത്.

പൈപ്പ്‌ലൈന്‍ വഴി റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കിക്കൊണ്ടായിരുന്നു എണ്ണ ഉപരോധം നിലവില്‍ വന്നത്. റഷ്യയില്‍നിന്നുള്ള യൂറോപ്യന്‍ യൂണിയന്റെ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും കടല്‍ വഴിയുള്ളതായിരുന്നു. ഇതിന് പൂര്‍ണ നിരോധനമാണ് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പൈപ്പ് ലൈന്‍ വഴിയുള്ള ക്രൂഡ് ഇറക്കുമതി അവസാനിപ്പിക്കുന്നതിന് പല രാജ്യങ്ങള്‍ക്കും സാവകാശം നല്‍കുകയും ചെയ്തിരുന്നു. ഘട്ടംഘട്ടമായി പൈപ്പ് ലൈന്‍ വഴിയുള്ള ക്രൂഡ് ഇറക്കുമതി അവസാനിപ്പിക്കുമെന്ന് ജര്‍മനിയും പോളണ്ടുംആദ്യഘട്ടത്തില്‍തന്നെ അറിയിച്ചിരുന്നു. ഇതോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഒഴിവാക്കാനാകുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണക്കുകൂട്ടിയത്.

ദ്രുഷ്ബ പൈപ്പ് ലൈന്‍ വഴിയുള്ള ഇറക്കുമതിയായിരുന്നു ബാക്കിയുള്ള പത്ത് ശതമാനം. ഇതുവഴി ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തുടരാനും യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയിരുന്നു. ഒപ്പം പൈപ്പ് ലൈന്‍ വിതരണത്തിന് തടസമുണ്ടാകുന്ന പശ്ചാത്തലത്തില്‍ കടല്‍ വഴിയുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഹംഗറിക്ക് അനുവാദം ലഭിച്ചിരുന്നു. തുറമുഖങ്ങളുടെ അഭാവത്തില്‍ റഷ്യന്‍ പൈപ്പ് ലൈന്‍ എണ്ണയെ ആശ്രയിക്കുന്ന ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ ലാന്‍ഡ് ലോക്ക് രാജ്യങ്ങള്‍ക്ക് ബദല്‍ സ്രോതസ്സുകളിലേക്ക് മാറാന്‍ ഉടന്‍ സാധിക്കില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് അനുവദിച്ചത്.

റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന യുക്രൈന്‍ പൗരന്‍ | Photo: AFP

വിലക്കുറവ് പ്രഖ്യാപിച്ച് റഷ്യ

യുക്രൈനില്‍ ആക്രമണം തുടരുന്ന പുതിനെ സമ്മര്‍ദത്തിലാക്കാനാണ് യു.എസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്. അസംസ്‌കൃത എണ്ണക്ക് പുറമേ പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകമടക്കം എല്ലാത്തരം ഊര്‍ജ്ജ ഇറക്കുമതികളും നിരോധിക്കുന്നതായാണ് അമേരിക്കയും യൂറോപ്പും പ്രഖ്യാപിച്ചത്. ഇതിലൂടെ റഷ്യക്ക് ലഭിച്ചുവന്നിരുന്ന വലിയ വരുമാനത്തിന് തടയിടുകയും അവരെ പ്രതിസന്ധിയിലാക്കുകയുമാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിട്ടത്. തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ 10 ശതമാനത്തില്‍ താഴെ മാത്രമേ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇതായിരുന്നില്ല യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിതി.

ഊര്‍ജ ആവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങൾ ഒന്നടങ്കം വലിയ തോതില്‍ റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. യൂറോപ്പിന് ആവശ്യമുള്ള എണ്ണയുടെ നാലിലൊന്നും റഷ്യയില്‍നിന്നാണ് എത്തിയിരുന്നതും. വാതകത്തിന്റെ 40 ശതമാനം എത്തിയിരുന്നതും റഷ്യയില്‍നിന്ന് തന്നെ. ഈ പശ്ചത്തലത്തില്‍കൂടിയാണ് ഊര്‍ജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കുകയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ടത്. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല എന്നതാണ് സത്യം.

യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ലോകത്ത് ഉപയോഗിച്ചിരുന്ന എണ്ണയുടെ പത്തിലൊന്ന് റഷ്യയില്‍നിന്ന് കയറ്റുമതി ചെയ്യുന്നതായിരുന്നു. ചൈനയായിരുന്നു റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. റഷ്യന്‍ എണ്ണയുടെ 32.8 ശതമാനമാനവും ചൈനയാണ് വാങ്ങിക്കൂട്ടിയിരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നെതര്‍ലന്‍ഡ്സാണ് റഷ്യന്‍ എണ്ണയുടെ 13 ശതമാനവും വാങ്ങിയിരുന്നത്. 942 കോടി ഡോളറിന്റെ എണ്ണ വ്യാപാരമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. ജര്‍മനി, ദക്ഷിണ കൊറിയ, പോളണ്ട്, ഇറ്റലി, ബെലാറുസ് എന്നിവരായിരുന്നു പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഉപരോധത്തിന് പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണയുടെ ഇറക്കുമതി യൂറോപ്പ് വെട്ടിക്കുറച്ചതോടെ പ്രതിദിനം 1.2 മുതല്‍ 1.5 ദശലക്ഷം ബാരല്‍ ഇറക്കുമതിയാണ് കുറഞ്ഞത്. ശുദ്ധീകരിച്ച ഉത്പന്നങ്ങളില്‍ ഇത് ഏകദേശം ഒരു ദശലക്ഷം ബാരലിന്റെ കുറവാണുണ്ടാക്കിയത്. ഇതുവഴി റഷ്യയ്ക്ക് 10 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാന നഷ്ടമാണ് ഉണ്ടായതെന്നാണ് കണക്കുകള്‍. ഇതോടെ വലിയ പ്രതിസന്ധിയാണ് റഷ്യ നേരിട്ടത്. ക്രൂഡ് ഓയില്‍ സൂക്ഷിക്കാനുള്ള പരിമിതമായ ശേഖരണ സംവിധാനങ്ങള്‍ മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. ഇതോടെ മറ്റ് വിപണികള്‍ കണ്ടെത്താന്‍ റഷ്യ നിര്‍ബന്ധിതമായി. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യ അടക്കമുള്ളവര്‍ക്ക് വലിയ ഡിസ്‌കൗണ്ട് അവര്‍ വാഗ്ദാനം ചെയ്തത്.

നിരോധനം നേട്ടമാക്കി ഇന്ത്യ

അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആവശ്യമായതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്താണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിനായി വലിയ തോതില്‍ ആശ്രയിച്ചിരുന്നത് മധ്യപൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളെയായിരുന്നു. എന്നാല്‍ നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ എണ്ണ ഏറ്റവും അധികം വാങ്ങുന്നത്. ചൈനയ്ക്ക് പിന്നില്‍ റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് എണ്ണവിലയില്‍ വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്ത്‌ റഷ്യന്‍ കമ്പനികള്‍ മുന്നോട്ടുവന്നത്.

അസംസ്‌കൃത എണ്ണക്ക് ബാരലിന് 15 മുതല്‍ 20 ഡോളര്‍ വരെ വിലക്കുറവാണ് ഇന്ത്യക്ക് റഷ്യന്‍ കമ്പനികള്‍ വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ കമ്പനികള്‍ ഇത് സ്വീകരിച്ചതോടെ വന്‍തോതില്‍ റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് ഒഴുകി. മാര്‍ച്ച് മാസത്തില്‍ പ്രതിദിനം 1.62 മില്യണ്‍ ബാരല്‍ എണ്ണയാണ് റഷ്യയില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ ആകെ എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്ന് വരും ഇതെന്നാണ് ഇന്റര്‍ നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നത്. യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരിക്ക് മുമ്പ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഒരു ശതമാനം മാത്രമായിരുന്നു. ഇപ്പോള്‍ ഇത് 34 ശതമാനമായി.

റഷ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതോടെ ഇന്ത്യ പരമ്പരാഗതമായി എണ്ണ വാങ്ങിയിരുന്ന സൗദി, ഇറാഖ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായി. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയാകട്ടെ സര്‍വകാല റെക്കോഡില്‍ എത്തുകയും ചെയ്തു. നിലവില്‍ രാജ്യത്തേയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യ ഒന്നാമതാണ്. 2017-18 കാലഘട്ടം മുതല്‍ ഇറാഖില്‍ നിന്നാണ് ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. സൗദിയായിരുന്നു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇരുരാജ്യങ്ങളേയും മറികടന്നാണ് ഇറക്കുമതി വിഹിതത്തില്‍ റഷ്യ ഒന്നാമതെത്തിയത്.

ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം പ്രതിദിനം 16.4 ലക്ഷം അസംസ്‌കൃത എണ്ണയാണ് ഇന്ത്യ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് പ്രതിദിനം 68,600 ബാരല്‍ എണ്ണയായിരുന്നു. ഇറാഖില്‍നിന്നുള്ള ഇറക്കുമതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രതിദിനം 11 ലക്ഷം ബാരലായിരുന്നത്. ഇത് ഈ വര്‍ഷം എട്ട് ലക്ഷം ബാരലായി കുറഞ്ഞു. എന്നാല്‍ സൗദിയുടെ കാര്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ഒരു ലക്ഷം ബാരലിന്റെ വര്‍ധനവാണ് സൗദിയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായത്. എന്നാല്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതോടെ ഏറ്റവും വലിയ ഇടിവുണ്ടായത് അമേരിക്കയുമായുള്ള എണ്ണ വ്യാപാരത്തിലാണ്. പ്രതിദിനം നാല് ലക്ഷം ബാരലില്‍നിന്ന് 1.3 ലക്ഷം ബാരലായാണ് അമേരിക്കയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞത്.

ഡെന്മാർക്കിന്റെ തീരത്ത് പെർട്ടമിന പ്രൈം എന്ന സൂപ്പർടാങ്കറിന് മുന്നിൽ യുദ്ധവിരുദ്ധ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കുന്നയാൾ (ഫയൽ ചിത്രം) | Photo: Kristian Buus / GREENPEACE / AFP)

റഷ്യന്‍ എണ്ണ ഇന്ത്യ വഴി യൂറോപ്പിലേക്ക്

23 എണ്ണ ശുദ്ധീകരണശാലകളുള്ള ഇന്ത്യ പ്രതിവര്‍ഷം 249 മില്യണ്‍ ടണ്‍ അസംസ്‌കൃത എണ്ണയാണ് ശുദ്ധീകരിക്കുന്നത്. ശുദ്ധീകരിച്ച എണ്ണയുടെ ലോകത്തിലെതന്നെ നാലാമത്തെ ഏറ്റവും വലിയ ഉത്പാദകരുമാണ് ഇന്ത്യ. മുകേഷ് അംബാനിയുടെ റിലൈന്‍സ് ഇന്‍ഡസ്ട്രീന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല.റിലയന്‍സും രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ നയാരയും ചേര്‍ന്നാണ് ഇന്ത്യയിലെത്തിയ റഷ്യന്‍ എണ്ണയുടെ 45 ശതമാനവും വാങ്ങിക്കൂട്ടിയത്. ശുദ്ധീകരിച്ച അസംസ്‌കൃത എണ്ണയുടെ വലിയ ഭാഗവും ആഭ്യന്തര ഉപയോഗത്തിന് എത്തിയപ്പോള്‍, മിച്ചമുള്ള എണ്ണ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുകയാണ് ചെയ്തത്. ഇത് ഇന്ത്യയെ ആഗോളതലത്തിലെ പ്രധാന പെട്രോള്‍-ഡീസല്‍ വിതരണക്കാരാക്കി. റഷ്യന്‍ എണ്ണ ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കയറ്റി അയച്ചാണ് ഇന്ത്യ ഈനേട്ടം സ്വന്തമാക്കിയത്. റഷ്യക്ക് എതിരായി ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയും ഇന്ത്യയില്‍നിന്ന് ശുദ്ധീകരിച്ച എണ്ണ എത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളെ ലംഘിക്കുന്നില്ല എന്നതാണ് ഇന്ത്യക്ക് നേട്ടമായത്. ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍നിന്ന് നേരിട്ട് എത്തുന്നില്ല എന്നത് തന്നെയായിരുന്നു കാരണം.

യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് എതിരായ ഉപരോധം പ്രഖ്യാപിക്കുകയും അസംസ്‌കൃത എണ്ണ ഇറക്കുമതി നിരോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമായത്‌. ഇതോടെ പെട്രോളിനും ഡീസലിനും മറ്റ് എണ്ണ ഉത്പന്നങ്ങള്‍ക്കുമായി ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളെ അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നു. പിന്നാലെ ഇന്ത്യയിലെ എണ്ണ സംസ്‌കരണ കമ്പനികളില്‍നിന്ന് വന്‍തോതില്‍ എണ്ണ ഉത്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്തു. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണ നല്‍കുന്നതില്‍ ഇന്ത്യയാണ് മുന്നില്‍. ഏപ്രില്‍ മാസത്തില്‍ സൗദി അറേബ്യയെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയത്. യുക്രൈൻ യുദ്ധത്തിന് മുന്‍പ് പ്രതിദിനം ശരാശരി 1,54000 ബാരല്‍ ഇന്ധനമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ പ്രതിദിനം 3.6 ലക്ഷം ബാരലാണ് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ എണ്ണ കയറ്റുമതി. റിലയന്‍സ് പോലുള്ള സ്വകാര്യകമ്പനികളില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ ഉത്പന്നങ്ങള്‍ വാങ്ങിയത്. കുറഞ്ഞ വിലയില്‍ റഷ്യന്‍ എണ്ണ വാങ്ങി സംസ്‌ക്കരിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണ് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ചെയ്തത്.

ഇന്ത്യയില്‍ ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങള്‍ പ്രധാനമായും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ യുദ്ധത്തിന് പിന്നാലെയുണ്ടായ മാറിയ സാഹചര്യത്തില്‍ യൂറോപ്പിന്റെ ഊര്‍ജ ആവശ്യങ്ങള്‍ വര്‍ധിക്കുകയും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ വിപണി മാറ്റിപ്പിടിച്ചത്. യുദ്ധകാലത്ത് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തന്നെ ഇത് മറിച്ചുവില്‍ക്കുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. റഷ്യയില്‍നിന്ന് നേരിട്ട് വാങ്ങുന്നത് ഒഴിവാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പക്ഷേ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്ന വില നല്‍കി ശുദ്ധീകരിച്ച എണ്ണ വാങ്ങുന്നു. റഷ്യക്ക് നേരിട്ട് വരുമാനം നല്‍കുന്നില്ല എന്ന് വരുത്തിതീര്‍ക്കാനാണ് യൂറോപ്പ് ഈ വളഞ്ഞ വഴി സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇത്തരത്തില്‍ എത്തുന്ന എണ്ണയും യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരു വശത്ത്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഡീസലിന്റെ ബദല്‍ സ്രോതസ്സുകള്‍ ആവശ്യമാണ്. അതിന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാതെ വഴിയില്ല. എന്നാല്‍, മറുവശത്ത് അവര്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ എണ്ണക്ക് പരോക്ഷമായി അവര്‍ ഡിമാന്റ് വര്‍ധിപ്പിക്കുകയുമാണ്.

പുതിനും ഷി ജിന്‍പിങ്ങും | File Photo: AFP

ഒപെക് പ്ലസിന്റെ പ്രഖ്യാപനവും ചൈനീസ് ഇടപെടലും

യൂറോപ്യന്‍ എണ്ണ വിപണിയിലെ മേല്‍ക്കോയ്മ ഇന്ത്യയ്ക്ക് എത്രകാലം നിലനിര്‍ത്താന്‍ സാധിക്കുമെന്നത് വലിയ ചോദ്യമാണ്. നിലവില്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നത് ചൈനയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയുമായി മത്സരിക്കുകയാണ് ചൈന. കുറഞ്ഞ വിലക്ക് റഷ്യയില്‍നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് കയറ്റി അയക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. വിലക്കുറവില്‍ ലഭിക്കുന്നതിനാലാണ് ഇത് ലാഭകരമാകുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എത്തിക്കുന്നതിനേക്കാള്‍ റഷ്യല്‍നിന്ന് എണ്ണ എത്തിക്കുന്നതിന് ചെലവ് കൂടുതലാണ്. ഇതുകൊണ്ട് തന്നെയാണ് എണ്ണ വിറ്റുപോകാന്‍ റഷ്യ വലിയ തോതില്‍ വിലക്കുറവ് പ്രഖ്യാപിച്ചതും.

എണ്ണ വാങ്ങുന്ന കാര്യത്തില്‍ ചൈനയുടെ വലിയ സഹായം ലഭിക്കുമെന്ന ഘട്ടത്തില്‍ ഇന്ത്യയ്ക്കുള്ള 'വിലക്കുറവ്' വെട്ടികുറച്ചിരിക്കുകയാണ് റഷ്യയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ റഷ്യന്‍ സന്ദര്‍ശനവും ഇക്കാര്യത്തില്‍ നിര്‍ണായകമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചൈന വന്‍തോതില്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ റഷ്യ കുറച്ചുതുടങ്ങി. പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് പിന്നാലെ എണ്ണക്ക് ആവശ്യക്കാരില്ലാത്ത പശ്ചാത്തലത്തില്‍ ബാരലിന് 15-20 ഡോളര്‍ വരെ കിഴിവ് ഉറപ്പാക്കിയാണ് റഷ്യ ഇന്ത്യക്ക് എണ്ണ വിറ്റത്. ഇപ്പോൾ ഇത് 10 ഡോളറില്‍ താഴെയായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എണ്ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ചൈന തന്നെയാണ് എല്ലാക്കാലത്തും റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ആവശ്യക്കാര്‍. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അവിടേക്ക് ഏറ്റവുമധികം എണ്ണ എത്തിയതും റഷ്യയില്‍ നിന്ന് തന്നെയാണ്. സൗദി അറേബ്യയെ പിന്തള്ളി റഷ്യ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി. ഒപ്പം റഷ്യ അടക്കമുള്ള എണ്ണ കയറ്റുമതി രാജ്യങ്ങള്‍ (ഒപെക് പ്ലസ്) ഉത്പാദനം കുറയ്ക്കുമെന്നും അറിയിച്ചിരുന്നു. മേയ് മുതല്‍ ഈ വര്‍ഷം അവസാനം വരെയായിരിക്കും നിയന്ത്രണം എന്നാണ് വ്യക്തമാകുന്നത്. രാജ്യാന്തര വിപണയില്‍ എണ്ണയുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഉത്പാദനം കുറയ്ക്കുന്നതെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിശദീകരണം.

ചൈന ഉള്‍പ്പെടെയുള്ള അവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തിലാണ് റഷ്യയുടെ ഈ പിന്മാറ്റമെന്നാണ് വിലയിരുത്തല്‍. നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്. സൗദിയും ഇറാഖും നല്‍കുന്നതിനേക്കാള്‍ അധികം എണ്ണയാണ് ഇത്തരത്തില്‍ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന് അവശ്യമുള്ള എണ്ണയുടെ 70 ശതമാനവും ഇത്തരത്തില്‍ ഒപ്പക്ക് പ്ലസ് രാജ്യങ്ങളില്‍നിന്നാണ് വാങ്ങുന്നതും അതിനാല്‍ തന്നെ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും.

Content Highlights: Fuels from Russian oil gets backdoor entry into Europe via India

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


Brijbhushan
Premium

7 min

ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?

Jun 1, 2023

Most Commented