73-ാം വയസ്സില്‍ രാജപദവിയിലേക്ക്; ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രാജാവ്


25-ാം വയസ്സിലാണ് അമ്മ എലിസബത്ത് രാജ്ഞിയായതെങ്കില്‍, 73-ാം വയസ്സിലാണ് ചാള്‍സ് രാജപദവി ഏറ്റെടുക്കുന്നത്. ചാള്‍സിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും.

ചാൾസ് എലിസബത്ത് രാജ്ഞിക്കൊപ്പം | Photo: AFP

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കീഴ്വഴക്കമനുസരിച്ച്, എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകന്‍ ചാള്‍സ് ഇനി ബ്രിട്ടന്റെ രാജാവാകും. ചാള്‍സ് ഫിലിപ്പ് ആര്‍തര്‍ ജോര്‍ജ് ഇനി 'കിങ് ചാള്‍സ് മൂന്നാമന്‍' എന്നാകും അറിയപ്പെടുക. 25-ാം വയസ്സിലാണ് അമ്മ എലിസബത്ത് ബ്രിട്ടന്‍റെ രാജ്ഞിയായതെങ്കില്‍, 73-ാം വയസ്സിലാണ് ചാള്‍സ് രാജപദവി ഏറ്റെടുക്കുന്നത്. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ രാജാവാകും അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം കിരീടത്തിനായി കാത്തിരുന്ന അവകാശിയും ചാള്‍സ് തന്നെ. പതിവനുസരിച്ച്, എലിസബത്ത് രാജ്ഞിയുടെ മരണം സംഭവിച്ച് 24 മണിക്കൂറിനകം പുതിയ അവകാശിയെ പ്രഖ്യാപിക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ചാള്‍സിന്റെ ഭാര്യ കാമില ബ്രിട്ടീഷ് രാജ്ഞിയായി അറിയപ്പെടും. തന്റെ കാലശേഷം ചാള്‍സ് ബ്രിട്ടന്റെ രാജാവാകുമ്പോള്‍, കാമില രാജ്ഞിയാകുമെന്ന് രാജ്ഞിയുടെ 70-ാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു. 'ക്വീന്‍ കണ്‍സോര്‍ട്ട്' (രാജപത്‌നി) പദവിയാണ് രാജ്ഞി കാമിലയ്ക്ക് മുന്‍കൂട്ടി സമ്മാനിച്ചത്. ചാള്‍സിന്റെ മൂത്തമകന്‍ വില്യം അടുത്ത രാജകുമാരനാകുമോ എന്നത് രാജാവിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരിക്കും.

ചാൾസും കാമില്ലയും

രാജപദവിയിലേക്കുള്ള യാത്ര

1948-ലാണ് എലിസബത്ത് രണ്ടിന്റെയും ഫിലിപ്പ് രാജകുമാരന്റേയും മൂത്തമകനായി ബക്കിങ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് ജനിക്കുന്നത്. 1953-ല്‍ എലിസബത്ത് ഔദ്യോഗകമായി രാജ്ഞി പദവിയിലെത്തി. മൂത്തമകന്‍ എന്ന നിലയില്‍ കോണ്‍വാള്‍ ഡ്യൂക്ക്, വെയില്‍സ് രാജകുമാരന്‍ തുടങ്ങിയ പദവികള്‍ ചാള്‍സിനെ തേടിയെത്തി. 1969-ലാണ് ഔദ്യോഗികമായി ഈ പദവികള്‍ അദ്ദേഹത്തിന് ലഭിച്ചത്. അമ്മ എലിസബത്ത് രാജ്ഞി കിരീടമണിയിച്ചതോടെ അദ്ദേഹം കിരീടാവകാശിയായി മാറി.

1971-ല്‍ ചാള്‍സ് ബ്രിട്ടീഷ് സേനയുടെ ഭാഗമായി. റോയല്‍ എയര്‍ഫോഴ്‌സിലും റോയല്‍ നേവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. അഞ്ചുവര്‍ഷക്കാലം അദ്ദേഹം സൈനിക സേവനം നടത്തി.

1981-ലായിരുന്നു ലോകം മുഴുവന്‍ കണ്ട ചാള്‍സ്- ഡയാന വിവാഹം. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വിവാഹം ടെലിവിഷനിലൂടെ കണ്ടത്. ചാള്‍സ് ഡയാന ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ടായി. 1982-ല്‍ വില്യമും 1984-ല്‍ ഹാരിയും. ഏറെ വിവാദങ്ങള്‍ക്ക് ശേഷം 1996-ല്‍ ചാള്‍സും ഡയാനയും വേര്‍പിരിഞ്ഞു. 10 വര്‍ഷത്തിനുശേഷം, ഏറെക്കാലം കാമുകിയായിരുന്ന കാമില്ല പാര്‍ക്കറിനെ ചാള്‍സ് രാജകുമാരന്‍ വിവാഹം കഴിച്ചു. കോണ്‍വാള്‍ ഡച്ചസ് എന്ന സ്ഥാനം അതോടെ കാമിലയ്ക്ക് സ്വന്തമായി.

ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം കിരീടവകാശിയായിരിക്കുന്ന രാജകുമാരനായി 2011-ല്‍ ചാള്‍സ് മാറി. 60 വര്‍ഷമായിരുന്നു കാലയളവ്. എഡ്വാര്‍ഡ് ഏഴാമന്‍ രാജാവിന്റെ റെക്കോഡാണ് ചാള്‍സ് മറികടന്നത്. 2017-ല്‍ വെയില്‍സിന്റെ രാജകുമാരനായി ഏറ്റവുമധികം നാളിരുന്ന റെക്കോഡും ചാള്‍സിന്റെ പേരിലായി. 2021-ല്‍ പിതാവ് മരിച്ചതോടെ എഡിന്‍ബര്‍ഗ് ഡ്യൂക്ക് പദവിയും ചാള്‍സിന് സ്വന്തമായി. 70 വര്‍ഷക്കാലം ചാള്‍സിന്റെ പിതാവ് ഫിലിപ്പ് രാജകുമാരനായിരുന്നു ആ പദവി വഹിച്ചിരുന്നത്.

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും

പത്‌നിയുടെ നിഴലായ ഫിലിപ്പ് രാജകുമാരന്‍

അമ്മ ബ്രിട്ടന്റെ രാജ്ഞിയായിരുന്നെങ്കിലും ചാള്‍സിന്റെ അച്ഛന്‍ ഫിലിപ്പ് രാജകുമാരനായിരുന്നു. നാവികസേനാംഗമായിരിക്കുമ്പോഴാണ് എലിസബത്തും ഫിലിപ്പുമായുള്ള പ്രണയവും വിവാഹവും. 1947ലായിരുന്നു ഇവരുടെ വിവാഹം. ഫിലിപ്പില്‍ ആകൃഷ്ടനായ ജോര്‍ജ് ആറാമന്‍ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. 1947 നവംബര്‍ 20-ന് ഫിലിപ്പ് മൗണ്ട് ബാറ്റണ്‍ എഡിന്‍ബര്‍ഗ് പ്രഭുവായി. 73 വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു എലിസബത്തിന്റെയും ഫിലിപ്പിന്റെയും. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവുംനീണ്ട ബന്ധം.

1952-ല്‍ എലിസബത്തിന്റെ പിതാവും ബ്രിട്ടീഷ് രാജാവുമായിരുന്ന ജോര്‍ജ് ആറാമന്റെ അപ്രതീക്ഷിത വിടവാങ്ങലോടെയാണ് എലിസബത്ത് രാജ്യഭാരമേറ്റെടുത്ത്. അതിലൂടെ പ്രിന്‍സ് കണ്‍സോര്‍ട്ട് എന്ന 'ഔപചാരിക' പദവിയിലേക്ക് ഫിലിപ്പ് രാജകുമാരന്‍ മാറി. പൊതുചടങ്ങുകളിലും ഔദ്യോഗിക യാത്രകളിലും രാജ്ഞിയെ അനുഗമിക്കുക, ഭരണത്തില്‍ പിന്തുണ നല്‍കുക എന്നതിനപ്പുറം മറ്റ് 'ഭാരിച്ച' ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത തികച്ചും പേരിനുമാത്രമുള്ളൊരു പദവിയായിരുന്നു അത്. കിരീടാവകാശിയായ സ്ത്രീയെ വിവാഹംചെയ്യുന്ന പുരുഷന്‍ പ്രിന്‍സ് കണ്‍സോര്‍ട്ട് എന്നുമാത്രമാകും അറിയപ്പെടുക എന്നാണ് ബ്രിട്ടീഷ് രാജവംശത്തിന്റെ നിയമം.

'സ്വന്തം കുഞ്ഞുങ്ങള്‍ക്ക് തന്റെ കുടുംബപ്പേര് കൈമാറാന്‍ അധികാരമില്ലാത്ത രാജ്യത്തെ ഒരേയൊരു പുരുഷന്‍ ഞാനാണ്' എന്ന് ഫിലിപ്പ് രാജകുമാരന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. 'പൊളിറ്റിക്കലി ഇന്‍കറക്ട് ജെന്റില്‍മാന്‍' എന്നായിരുന്നു ഫിലിപ്പ് അറിയപ്പെട്ടിരുന്നത്. രാജകീയചട്ടങ്ങള്‍ കൃത്യമായി പാലിക്കുമെങ്കിലും ഫിലിപ്പ് രാജകുമാരനെ വിവാദങ്ങള്‍ വിടാതെ പിടികൂടിയിരുന്നു. ചാള്‍സ് രാജകുമാരന് വിവാഹേതര ബന്ധമുണ്ടായിരുന്നത് പിതാവ് ഫിലിപ്പിന് അറിവുള്ളതായിരുന്നുവെന്ന ഡയാനയുടെ തുറന്നുപറച്ചില്‍ വലിയ പ്രശ്‌നങ്ങളാണ് കൊട്ടാരത്തില്‍ ഉണ്ടാക്കിയത്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ വിവേചനം നേരിട്ടുവെന്ന ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലില്‍ പാലിച്ച മൗനവും ചര്‍ച്ചയായി. ആലോചിക്കാതെയുള്ള പ്രതികരണങ്ങള്‍ പലപ്പോഴും ഫിലിപ്പിനെ കുഴപ്പത്തില്‍ ചാടിച്ചു. ചൈനയില്‍ പഠിക്കുന്ന ബ്രിട്ടീഷ് വിദ്യാര്‍ഥികളുടെ കണ്ണുകള്‍ ചുരുങ്ങിപ്പോകും, അമിതവണ്ണമുള്ളയാള്‍ക്ക് ഒരിക്കലും ബഹിരാകാശത്ത് പറക്കാനാവില്ല തുടങ്ങിയ പ്രതികരണങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ട് രാജകുമാരന്‍ എന്ന പേര് അദ്ദേഹത്തിന് സമ്മാനിച്ചു.

ചാള്‍സ് ഒന്നാമനും രണ്ടാമനും

ചാള്‍സ് മൂന്നാമന്‍ രാജാവായാണ് പുതിയ രാജാവ് അറിയപ്പെടുക. ചാള്‍സ് ഒന്നാമനും രണ്ടാമനും ബ്രിട്ടന്റെ ചരിത്രത്തില്‍ പല രീതികളില്‍ അറിയപ്പെടുന്നവരായിരുന്നു.

ബ്രിട്ടീഷ് ചരിത്രത്തിലെ, വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് രാജാവാണ് ചാള്‍സ് ഒന്നാമന്‍. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവ ഭരിച്ച, ഹൗസ് ഓഫ് സ്റ്റുവര്‍ട്ടില്‍ നിന്നുള്ള ചാള്‍സ് ഒന്നാമന്‍ 1625-ലാണ് ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുത്തത്. രാജാക്കന്മാര്‍ക്ക് ദിവ്യമായ പല അവകാശങ്ങളുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. കടുത്ത റോമന്‍ കത്തോലിക്കാ വിശ്വാസവും ചേര്‍ന്നതോടെ ചാള്‍സ് ഒന്നാമന് ധാരാളം ശത്രുക്കളുണ്ടായി. പ്രജകളും പാര്‍ലമെന്റംഗങ്ങളും അദ്ദേഹത്തിന് സ്വേച്ഛാധിപതിയെന്ന് പേര് നല്‍കി. അദ്ദേഹത്തിന്റെ അധികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പാര്‍ലമെന്റ് ശ്രമിച്ചു. ഈ പ്രശ്‌നങ്ങള്‍ 1642-ലെ ആഭ്യന്തരയുദ്ധത്തിലേക്കാണ് നയിച്ചത്. ഏറെക്കാലം പിടിച്ചുനിന്നെങ്കിലും 1645-ല്‍ ചാള്‍സ് ഒന്നാമന്‍ പരാജയപ്പെട്ടു, പക്ഷേ ഭരണഘടനാപരമായ രാജവാഴ്ചയ്ക്കുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ അദ്ദേഹം വിസമ്മതിക്കുകയും 1649-ല്‍ രാജ്യദ്രോഹത്തിന് വിചാരണ നേരിടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ രാജവാഴ്ച നിര്‍ത്തലാക്കുകയും ഒലിവര്‍ ക്രോംവെല്‍ പ്രഭു സംരക്ഷകനായി ഇംഗ്ലണ്ട് ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു.

ചാള്‍സ് ഒന്നാമന്റെ മകനായിരുന്ന ചാള്‍സ് രണ്ടാമന്‍ ആഭ്യന്തരയുദ്ധകാലത്ത് പിതാവിനൊപ്പം യുദ്ധത്തില്‍ ചേര്‍ന്നിരുന്നു. പക്ഷേ, പരാജയം വ്യക്തമായതോടെ 1649-ല്‍ അദ്ദേഹം ഇംഗ്ലണ്ട് വിട്ട് ഹേഗിലേക്ക് പോയി. പിതാവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഇംഗ്ലണ്ടിലെ രാജവാഴ്ച നിര്‍ത്തലാക്കിയെങ്കിലും 1651 ജനുവരി ഒന്നിന് അദ്ദേഹം സ്‌കോട്ട്‌ലന്‍ഡിലെ രാജാവായി കിരീടധാരണം നടത്തി.

ക്രോംവെല്ലിന്റെ കീഴിലുള്ള ഇംഗ്ലീഷ് റിപ്പബ്ലിക്കന്‍ സേനയുടെ ആക്രമണം ഭയന്ന് ചാള്‍സും അദ്ദേഹത്തിന്റെ അനുയായികളും ഇംഗ്ലണ്ട് അധിനിവേശം ആരംഭിച്ചു. പടിഞ്ഞാറന്‍ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ യുദ്ധത്തില്‍ പരാജയമായിരുന്നു ഇതിന്റെ ഫലം. തുടര്‍ന്ന് അദ്ദേഹം ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു.

1658-ല്‍ ക്രോംവെല്‍ അന്തരിച്ചു, ഇത് ആഭ്യന്തര-സൈനിക അശാന്തിക്ക് കാരണമായി. ഒടുവില്‍ 1660-ല്‍ ചാള്‍സിനോട് രാജാവായി ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജ്യത്തെ പല പുരോഹിത നിയമങ്ങളും അദ്ദേഹം പിന്‍വലിച്ചു. വിദഗ്ദ്ധനും ദയയുള്ളവനും നന്ദിയുള്ളവനും ഉദാരമതിയും സഹിഷ്ണുവും അടിസ്ഥാനപരമായി സ്നേഹമുള്ളവനും ആയിരുന്നു ചാള്‍സ് രണ്ടാമനെന്ന് ചരിത്രകാരനായ അന്റോണിയ ഫ്രേസര്‍ എഴുതി.

അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇന്ത്യയിലും ഈസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും ബ്രിട്ടീഷ് കോളനിവല്‍ക്കരണവും വ്യാപാരവും വ്യാപിച്ചത്. 1685 ഫെബ്രുവരി രണ്ടിന് 54-ാം വയസ്സില്‍ ചാള്‍സ് രണ്ടാമന്‍ അന്തരിച്ചു.

ഡയാന രാജകുമാരി

ചാള്‍സ് വിവാദങ്ങളില്‍

ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യം ചാള്‍സിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു. ഡയാന രാജകുമാരിയുമായുള്ള പൊരുത്തക്കേടിന്റെയും കാമില പാര്‍ക്കര്‍ ബൗള്‍സുമായുള്ള വിവാഹേതര ബന്ധത്തിന്റെയും പേരില്‍ ചെറുപ്രായത്തില്‍ തന്നെ ചാള്‍സിന് അത്ര നല്ല പ്രതിച്ഛായയായിരുന്നില്ല ഉണ്ടായിരുന്നത്. ചാള്‍സിന് വിവാഹേതര ബന്ധമുണ്ടെന്ന ഡയാനയുടെ വെളിപ്പെടുത്തല്‍ കൊട്ടാരത്തില്‍ മാത്രമല്ല, ലോകത്തെ ഡയാന ആരാധകരുടെയിടയിലും ചാള്‍സിന് വെല്ലുവിളിയായി. ചാള്‍സിനോട് പലരും കാണിച്ചിരുന്ന ഇഷ്ടം ഡയാനയുമായി ചേര്‍ത്തായിരുന്നു. 1992-ല്‍ അവരുടെ വേര്‍പിരിയലിനു ശേഷവും ബ്രിട്ടീഷ് പൊതുജനങ്ങള്‍ അവരുടെ രാജകുമാരിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു.

ചാള്‍സ് രാജകുമാരന്റെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ ഖായിദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദന്റെ കുടുംബത്തില്‍നിന്ന് സംഭാവന ലഭിച്ചതായുള്ള റിപ്പോര്‍ട്ടായിരുന്നു മറ്റൊരു വിവാദം. വെയില്‍സ് രാജകുമാരന്റെ സന്നദ്ധസേവന നിധിയിലേക്ക് 2013-ല്‍ സൗദിയിലെ സമ്പന്നരായ ലാദന്‍ കുടുംബം 12 ലക്ഷം യു.എസ്. ഡോളര്‍ (ഏകദേശം 95 കോടി രൂപ) നല്‍കിയെന്ന് 'സണ്‍ഡേ ടൈംസാ'ണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കുടുംബകാരണവരായ ബാക്കിര്‍ ബിന്‍ ലാദനും അദ്ദേഹത്തിന്റെ സഹോദരന്‍ ഷഫീക്കുമാണ് പണം കൈമാറിയത്. ഇവര്‍ ഒസാമ ബിന്‍ലാദന്റെ അര്‍ധസഹോദരങ്ങളായിരുന്നു. എന്നാല്‍ ഈ സംഭാവനയില്‍ ചാള്‍സ് രാജകുമാരന് പങ്കില്ലെന്ന് കൊട്ടാരവൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. 1979-ലാണ് വെയില്‍സ് രാജകുമാരന്റെ സന്നദ്ധസേവനനിധി രൂപവത്കരിച്ചത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചാള്‍സ് രാജകുമാരനുനേരെ ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയില്‍നിന്ന് മൂന്നുകോടി ഡോളര്‍ (ഏകദേശം 237 കോടി രൂപ) വാങ്ങിയതും വിവാദമായിരുന്നു. സൗദി ശതകോടീശ്വരന് ബ്രിട്ടനില്‍ സഹായങ്ങള്‍ വാഗ്ദാനംചെയ്ത് സംഭാവന സ്വീകരിച്ചുവെന്ന മറ്റൊരു കേസില്‍ പോലീസ് അന്വേഷണവും നടന്നു.

Content Highlights: king charles, queen elizabeth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented