പ്രതീകാത്മക ചിത്രം
ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ കേരളത്തിലെ നേതാക്കളില്‍ അവസാനത്തെ വ്യക്തിയാണ് കഴിഞ്ഞദിവസം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന്. കേരള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹത്തിന് ആറ് 'മുന്‍ഗാമി'കളുണ്ടെന്ന് കാണാം. ഈ ഒരു രാഷ്ട്രീയ സ്ഥിതിവിശേഷത്തിന് തുടക്കമായതാവട്ടെ 1970കളിലും.
എ.കെ.ആന്റണിയുടെ ഒന്നാം മന്ത്രിസഭയില്‍നിന്ന് 1977 ഡിസംബര്‍ 20, 21 തീയതികളില്‍ രാജിവച്ച സി.എച്ച്. മുഹമ്മദ് കോയയും കെ.എം. മാണിയുമാണ് ആദ്യ മുന്‍ഗാമികള്‍. 1978ല്‍ ഇരുവരും പദവിയില്‍ തിരികെയെത്തി. അതിന് തുടര്‍ച്ച നല്കി മൂന്നാം കരുണാകരന് മന്ത്രിസഭയില്‍നിന്ന് 1985 ജൂണ്‍ അഞ്ചിനു രാജിവച്ച ആര്.ബാലകൃഷ്ണപിള്ള 1986 മേയ് 25നും അച്യുതാനന്ദന് മന്ത്രിസഭയില്‍നിന്ന് 2006 സെപ്റ്റംബര്‍ നാലിനു രാജിവച്ച പി.ജെ. ജോസഫ് 2009 ഓഗസ്റ്റ് 17നും മടങ്ങിയെത്തി. പി.ജെ.ജോസഫ്, എ.കെ.ശശീന്ദ്രന്, ഇ പി ജയരാജനും ശേഷം ഏഴാമനായി സജി ചെറിയാന് അതിലെ അവസാന കണ്ണിയുമായി. തിരഞ്ഞെടുപ്പു കേസ് മുതല്‍ ലൈംഗീക വിവാദം വരെ ഈ നേതാക്കളുടെ രാജിയ്ക്ക് കാരണമായിട്ടുമുണ്ട്. ആറുമാസം പുറത്ത് നിന്നതിന് ശേഷം തിരിച്ച് വന്ന സജി ചെറിയാന് ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് പുറത്തായത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടനസഹായിക്കുന്നുവെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യയില്‍ എഴുതിവെച്ചു എന്നുമുള്ള സജി ചെറിയാന്റെ വിമര്‍ശനമാണ് വിവാദമായത്. പ്രസംഗത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ച് പദവി നഷ്ടപ്പെട്ട മറ്റൊരു മന്ത്രി ബാലകൃഷ്ണപിള്ളയാണ്. പിള്ളയും പിന്നീട് മന്ത്രി പദവിയില്‍ തിരികെയെത്തി.

1977ല്‍ തിരഞ്ഞെടുപ്പ് കേസില്‍ പുറത്തായ മാണിയും സിഎച്ചും
1977 മാര്‍ച്ച് 19നാണ് അഞ്ചാം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഐഎന്‍സിയുടെയും സിപിഐയുടെയും നേതൃത്വത്തിലുള്ള ഐക്യമുന്നണി നിരവധി സീറ്റുകള്‍ നേടി അധികാരത്തില്‍ വന്നു. കരുണാകരനായിരുന്നു മുഖ്യമന്ത്രി. 20 സീറ്റ് നേടിയ കേരളാ കോണ്‍ഗ്രസിന്റെ കെ.എം മാണി ആഭ്യന്തര മന്ത്രിയായും ചുമതലയേറ്റു. പാര്‍ട്ടി ചെയര്മാന് സ്ഥാനവും അദ്ദേഹത്തിനായിരുന്നു. പിന്നാലെ രാജന് തിരോധാന കേസിനെ തുടര്‍ന്ന് കരുണാകരന് രാജി വെച്ച് എ. കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും മാണി ആഭ്യന്തര മന്ത്രിയായി തുടര്‍ന്നു. പാല മണ്ഡലത്തില്‍ നിന്നായിരുന്നു മാണിയുടെ തിരഞ്ഞെടുപ്പ് ജയം. 39664 വോട്ടുകള്‍ മാണിക്ക് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി എന്‍.സി ജോസഫിന് കിട്ടിയത് 24807 വോട്ടുകളാണ്. മാണി മന്ത്രി പദവിയിലെത്തിയപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരേ തിരഞ്ഞെടുപ്പ് അഴിമതി ആരോപിച്ച് ഹൈക്കോടതിയില്‍ പി.ജെ ആന്റണി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തിരഞ്ഞെടുപ്പില്‍ മതപരമായ അവിഹിത സ്വാധീനം ചെലുത്തി, വിജയത്തിന് പോലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉപയോഗപ്പെടുത്തി എന്നിവയായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുന്‍പ് പാലാ ബിഷപ്പിന്റെ അരമനയില്‍ രാത്രി എട്ടുമണിയോടെ വിളിച്ച് കൂട്ടിയ യോഗത്തില്‍ കത്തോലിക്ക പുരോഹിതന്മാരും പൗരപ്രമാണികളും സംബന്ധിച്ചിരുന്നു എന്നും പ്രസ്തുത യോഗത്തില്‍ കത്തോലിക്ക സമുദായത്തിന്റെ താല്പര്യത്തിന് വേണ്ടി മാണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നുമുള്ള ആരോപണമാണ് ഹര്ജിക്കാരന് ഉന്നയിച്ചത്. രണ്ടാമത്തെ ആരോപണം, മാണിയുടെ നിര്‍ദേശാനുസരണം അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണറും പ്രതിപക്ഷ കക്ഷികളോട് വൈരാഗ്യമുള്ള ആളെന്നും അറിയപ്പെടുന്ന ജോസഫ് തോമസ് പാല അരമനയില്‍ ചേര്‍ന്ന യോഗം വിളിച്ച് കൂട്ടാന്‍ സഹായിക്കുകയും പ്രസ്തുത യോഗത്തില്‍ മാണിയുടെ വിജയത്തിനായി പ്രസംഗിക്കുകയും ചെയ്തത് എന്നതാണ്. സംഭവത്തില്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 123(2), 123(7) എന്നീ വകുപ്പുകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയ കോടതി മാണിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി. പോലിസ് ഉദ്യോഗസ്ഥന് കോടതി അന്ന് പിഴയായി ചുമത്തിയത് 500 രൂപയാണ്. കേസിന്റെ വാദപ്രതിവാദത്തില്‍ അരമനയിലെ യോഗത്തെ കുറിച്ച് മാണിയുടെ അഭിഭാഷകന് പറഞ്ഞത് പോലിസ് ഉദ്യോഗസ്ഥന് അനുജന്റെ വിവാഹകാര്യമാണ് സംസാരിച്ചതെന്നായിരുന്നു. ഇതിനെ വിചിത്രവാദം എന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി എന്‍ഡിപി നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത്. വിധിയെ തുടര്‍ന്ന് 1977 ഡിസംബര്‍ 21 ന് എ.കെ ആന്റണി മന്ത്രിസഭയില്‍ നിന്നും കെ.എം മാണിക്ക് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. 1977 ഡിസംബര്‍ 21-ന് പി.ജെ ജോസഫ് ആഭ്യന്തര മന്ത്രിയായി പകരം ചുമതലയേറ്റു. 1978ല്‍ മാണി കേസ് ജയിച്ച് തിരികെയെത്തി കേസ് ജയിച്ചപ്പോള്‍ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞു. സെപ്റ്റംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി.
1977ല്‍ തന്നെ രാജി വച്ച് പിന്നീട് അധികാരത്തില്‍ തിരികെയെത്തിയ മറ്റൊരു നേതാവ് സിഎച്ച് മുഹമ്മദ് കോയയാണ്. എ.കെ ആന്റണി മന്ത്രിസഭയില്‍ ഡിസംബര്‍ 20നാണ് അദ്ദേഹം വിദ്യാഭ്യാസ മന്ത്രി പദവി രാജി വച്ചൊഴിഞ്ഞത്. മാണിയെ പോലെ തന്നെ അദ്ദേഹത്തിനും കുരുക്കായത് തിരഞ്ഞെടുപ്പ് കേസാണ്. 1978 ഒക്ടോബറില്‍ കേസ് ജയിച്ച് പദവിയില്‍ തിരികെയെത്തുകയും ചെയ്തു.

പഞ്ചാബ് മോഡല്‍ പ്രസംഗം തെറിപ്പിച്ച ബാലകൃഷ്ണ പിള്ള
1982ലെ കരുണാകരന് മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായ പിള്ളയ്ക്ക് പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തുടര്‍ന്നാണ് 1985 ജൂണ്‍ 5ന് രാജി വക്കേണ്ടി വന്നത്. ഒരുവര്‍ഷത്തോളം പുറത്തുനിര്‍ത്തിയതിന് ശേഷം അദ്ദേഹത്തെ കരുണാകരന് വീണ്ടും മന്ത്രിസഭയിലെടുത്തു. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി രാജീവ് ഗാന്ധി പഞ്ചാബിലേക്കു കൊണ്ടുപോയതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗമാണ് പിള്ളയുടെ മന്ത്രി പദവി വരെ തെറിക്കുന്നതിലേക്ക് എത്തിച്ചത്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്നുചെല്ലാന്‍ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം (ഖാലിസ്ഥാന്‍ സമരം) കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കള്‍ രംഗത്തിനിറങ്ങണം'എന്നുമായിരുന്നു എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന കേരളാകോണ്‍ഗ്രസിന്റെ സമരപ്രഖ്യാപന സമ്മേളനത്തില്‍ ആര്. ബാലകൃഷ്ണ പിളള പ്രസംഗിച്ചത്. പഞ്ചാബില്‍ വിഘടനവാദം കത്തിനില്‍ക്കുന്ന സമയമായിരുന്നു അത്. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പഞ്ചാബുകാരെ പ്രീതിപ്പെടുത്താനായിട്ടാണ് രാജീവ് ഗാന്ധി ഇപ്രകാരം ചെയ്തതെന്നാണ് ബാലകൃഷ്ണ പിള്ളയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി. കാര്ത്തികേയന് മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതിയിലുമെത്തി. തുടര്‍ന്ന് പിളളയ്ക്ക് മന്ത്രിപദം നഷ്ടമായി. പിളളയുടേത് രാജ്യദ്രോഹകുറ്റമാണെന്നും രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞുകൊണ്ടാണ് പിളളയെ മന്ത്രിസ്ഥാനത്തുനിന്ന് കരുണാകരന് നീക്കുന്നത്. എന്നാല്‍ താന്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പിളളയും വാദിച്ചു. പിളളയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രശ്നഭരിതമായ കാലഘട്ടമായിരുന്നു അത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബ് മോഡല്‍ പ്രസംഗത്തിലെ പരാമര്‍ശം പിളള തുറന്നുസമ്മതിക്കുകയുണ്ടായി. എന്നാല്‍ അന്നും തന്റെ പ്രസംഗം ശരിയായിരുന്നെന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. താന്‍ ബലിയാടാവുകയായിരുന്നെന്ന വാദമായിരുന്നു അക്കാലത്തും അദ്ദേഹം ഉയര്‍ത്തിയത്.

വിമാനത്തില്‍ സഹയാത്രികയോട് മോശമായി പെരുമാറിയ പി. ജെ. ജോസഫ്
എല്‍ഡിഎഫ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെയാണ് പി. ജെ. ജോസഫ് വിവാദത്തില്‍ കുടുങ്ങിയത്. ചെന്നൈ- കൊച്ചി വിമാനത്തില്‍ 2006 ആഗസ്റ്റ് 3ന് യാത്ര ചെയ്യുമ്പോള്‍ സ്ത്രീയോട് മോശമായി പെരുമാറി എന്നതായിരുന്നു പി.ജെ. ജോസഫിനെതിരായ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് പി.ജെ. ജോസഫിനെതിരെ സ്ത്രീ പീഡനകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്‍ദേശ പ്രകാരം ബി.സന്ധ്യ ഐ.പി.എസ് കേസന്വേഷിച്ച് 2006 ആഗസ്റ്റില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രശ്നം വിവാദമായതിനെത്തുടര്‍ന്ന് 2006 നവംബര്‍ 4ന് പി.ജെ. ജോസഫിന് മന്ത്രിസഭയില്‍ നിന്നും രാജി വെക്കേണ്ടതായി വന്നു. ജോസഫിനു പകരം മന്ത്രിയായ ടി.യു. കുരുവിള പദവിയിലെത്തി. എന്നാല്‍ മക്കളുടെ ഭൂമി ഇടപാട് വിവാദത്തെത്തുടര്‍ന്ന് കുരുവിള 2007 സെപ്റ്റംബര്‍ മൂന്നിനു രാജിവച്ചു. അപ്പോഴേക്കും വിമാനയാത്രാ വിവാദത്തില്‍ ജോസഫ് കുറ്റവിമുക്തനായി. അതോടെ പി. ജെ. ജോസഫിനു മന്ത്രിസഭയിലേക്കു വഴി തുറന്ന് 2009 ഓഗസ്റ്റ് 16ന് മോന്‍സ് ജോസഫ് രാജിവയ്ക്കുകയും അദ്ദേഹം അധികാരത്തില്‍ തിരികെയെത്തുകയും ചെയ്തു. സ്ത്രി വിഷയത്തില്‍ രാജിവയ്ക്കേണ്ടി വന്ന രണ്ടാമത്തെ എല്‍ഡിഎഫ് മന്ത്രിയായിരുന്നു ജോസഫ്.
ഇ.കെ. നായനാര്‍ മന്ത്രി സഭയില്‍ ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് നീലലോഹിതദാസന്‍ നാടാര്‍ വിവാദത്തില്‍പ്പെടുന്നത്. 1999ല്‍ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു നാടാറിനെതിരായ ആരോപണം. നാടാര്‍ക്ക് ആദ്യം കീഴ്ക്കോടതി മൂന്ന് മാസം തടവും പിഴയും ചുമത്തിയെങ്കിലും അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട് കുറ്റ വിമുക്തമാക്കുകയായിരുന്നു. സമാനമായ അവസ്ഥയായിരുന്നു പി.ജെ.ജോസഫിന്റെ കാര്യത്തിലും സംഭവിച്ചത്. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. മൂന്നാമത്തെ എല്‍ഡിഎഫ് മന്ത്രി ശശീന്ദ്രനാണ്. 1964ല്‍ ആഭ്യന്തര-റവന്യൂ മന്ത്രിയായിരുന്ന പി.ടി ചാക്കോയാണ് ഇതേ വിവാദത്തില്‍ രാജിവെച്ച ആദ്യ മന്ത്രി. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരും സമാനമായ സംഭവത്തിന്റെ പേരില്‍ രാജിവെച്ച മന്ത്രിമാരാണ്.
%20(1).jpg?$p=c2c892b&&q=0.8)
ബന്ധുനിയമന വിവാദത്തില്‍ പുറത്ത് പോയ ഇ പി ജയരാജന്
2016 മേയ് 25നാണ് ഇ പി ജയരാജന് പിണറായി വിജയന് മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റത്. എന്നാല്‍ ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് 2016 ഒക്ടോബര്‍ 14-ന് അദ്ദേഹം മന്ത്രിപദം രാജി വെച്ചു. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. താന്‍ അറിയാതെയുള്ള നിയമനങ്ങളില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്, ജയരാജനെയും ശ്രീമതിയെയും കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ശാസിച്ചതോടെ വിവാദം മറ്റൊരു തലത്തിലെത്തി. വകുപ്പുമാറ്റത്തില്‍ വിവാദം തണുപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും ശക്തമായ നടപടി വേണമെന്ന പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നിലപാടും നിര്‍ണായകമായി. ഘടകകക്ഷികളായ സിപിഐയും എന്‍സിപിയും ജെഡിഎസും ജയരാജനെതിരായ നിലപാടെടുത്തു. ഒപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാക്കളായ വി.മുരളീധരന്റെയും കെ.സുരേന്ദ്രന്റെയും പരാതികള്‍ വിജിലന്‍സിനു മുന്നിലെത്തുകയും ഇതില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ രാജി അനിവാര്യമാകുകയായിരുന്നു. എന്നാല്‍ ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 26ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നാണു വിശദീകരണം. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ജയരാജന് 2018ല്‍ വ്യവസായം, കായിക മന്ത്രിയായി തിരികെയെത്തി.

ഹണി ട്രാപ്പില്‍ അകപ്പെട്ട എ. കെ ശശീന്ദ്രന്
സ്ത്രീ വിഷയമാണ് ശശീന്ദ്രനെയും കുടക്കിയത്. 2017 മാര്‍ച്ച് 26 ന് സംപ്രേഷണം ആരംഭിച്ച മംഗളം ചാനല്‍ ഒരുക്കിയ ഹണി ട്രാപ്പില്‍ വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് രാജി വയ്ക്കേണ്ടി വന്ന നേതാവാണ് എ. കെ ശശീന്ദ്രന്. ഗതാഗത മന്ത്രിയായിരുന്നു അന്ന് അദ്ദേഹം. വിഷയത്തില്‍ 2017 മാര്‍ച്ച് 27ന് ജുഡീഷ്യല്‍ അന്വേഷണത്തിനു തീരുമാനം വന്നു. 2017 ഏപ്രില്‍ ഒന്നിനു ശശീന്ദ്രന് രാജിവച്ച ഒഴിവിലേക്കു തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തെങ്കിലും കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് നവംബര്‍ 15ന് ഉച്ചയോടെ തോമസ് ചാണ്ടിക്ക് രാജി വയ്ക്കേണ്ടി വന്നു. 2018 ജനുവരി 27നായിരുന്നു ശശീന്ദ്രനെ കുറ്റമുക്തനാക്കി വിചാരണക്കോടതിയുടെ വിധി. 2018 ഫെബ്രുവരി ഒന്നിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിപദത്തില്‍ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന് വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്തിയത്.
Content Highlights: from ch muhammed koya,mani to saji cheriyan,politicians back to ministry after controversial resign
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..