ചാൾസ് ശോഭ്രാജ്
ചാള്‍സ് ശോഭ്രാജ്- ഉള്‍ക്കിടിലത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത, പരമ്പര കൊലപാതകങ്ങളുടെ പര്യായങ്ങളിലൊന്നായി കൊടും കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് ചേര്‍ക്കപ്പെട്ട പേര്. ചാള്‍സ്... ഒരുകാലത്ത് ആ പേര് കേള്‍ക്കുമ്പോള്‍ പോലും അന്തരീക്ഷത്തില്‍ ചോരയുടെ മണം വ്യാപിച്ചിരുന്നു, ആളുകള്‍ ഞെട്ടിവിറച്ചിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലായി രണ്ട് ഡസനോളം മനുഷ്യരെയാണ് ശോഭ്രാജ് അതിക്രൂരമായി കൊന്നുതള്ളിയത്. ബാങ്കോക്കിലും പട്ടായയിലും കാഠ്മണ്ഡുവിലുമെല്ലാം അയാള്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ കടലിലും കരയിലുമായി കണ്ടെത്തി. അപ്പോഴെല്ലാം മരിച്ചവരുടെ പാസ്പോര്‍ട്ട് കൈക്കലാക്കി രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് തന്റെ പുതിയ ഇരകളെ തേടി ചുറ്റിക്കറങ്ങുകയായിരുന്നു ചാള്‍സ് എന്ന കൊടുംകുറ്റവാളി. കൊലപാതക റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പതിവായതോടെ അജ്ഞാതനായ ആ കൊലയാളി ഭീതിതമായ ഒരു സ്വപ്നമായി ആളുകളെ പിന്തുടരാന്‍തുടങ്ങി.
സിനിമകളെ പോലും വെല്ലുന്ന തരത്തിലായിരുന്നു ചാള്‍സ് തന്റെ കൊലപാതക പദ്ധതികള്‍ ആസൂത്രണംചെയ്തത്. ആരേയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സ്വഭാവവുംകൊണ്ട് കൂടെയുള്ള ആര്‍ക്കും ഒരുതരി സംശയത്തിന് പോലും ഇടകൊടുക്കാതെ ചാള്‍സ് ഇരകളെ തന്റെ വലയില്‍ വീഴ്ത്തി. യാത്രക്കാരുമായി ചങ്ങാത്തം കൂടി മദ്യവും മയക്കുമരുന്നും നല്കി അവരുടെ പക്കലുള്ളതെല്ലാം കൈക്കലാക്കി, പിന്നെ അവരെ കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ വികൃതമാക്കി ഉപേക്ഷിച്ചു. കൊല്ലപ്പെട്ടവരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യങ്ങള്‍ ചുറ്റി. ബിക്കിനി ധരിച്ച വിനോദസഞ്ചാരികളുടെ മരണങ്ങള് പതിവായതോടെയാണ് കൊലയാളിയുടെ പേര് 'ബിക്കിനി കില്ലര്‍' എന്നായത്. പിന്തുടര്ന്ന് കൊലപ്പെടുത്തല്‍ പതിവായതോടെ സര്പ്പമെന്ന അർഥത്തില്‍ 'ദി സെര്‍പന്റ്' എന്നും അയാള്‍ വിളിക്കപ്പെട്ടു. സമാനതകളില്ലാത്ത കുറ്റവാളിയെന്ന് ലോകം വിശേഷിപ്പിക്കുന്ന ചാള്‍സ് ശോഭ്രാജ് ആരാണ്? ഇത്രയധികം കൊലപാതകങ്ങള്‍ ചെയ്യുന്നതിലേക്ക്, ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധനായ കൊലയാളി എന്ന നിലയിലേക്ക് ചാള്‍സ് എത്തിപ്പെട്ടത് എങ്ങനെയാണ്, അതിലേക്ക് നയിച്ച ഭൂതകാലം എങ്ങനെയായിരുന്നു?

ഇന്ത്യന്‍ വംശജന്റെ മകന്, ചാള്‍സ് എന്ന കൊടുംകുറ്റവാളി
ഇന്ത്യന്‍ വംശജനായ പിതാവിന്റേയും വിയ്റ്റ്നാംകാരിയായ മാതാവിന്റേയും മകനായി 1944-ല്‍ വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയിലാണ് (അന്നത്തെ സൈഗോണ്‍) ചാള്‍സ് ജനിച്ചുവളര്‍ന്നത്. ഹാത്ചന്ദ് ഭവോനാനി ഗുരുമുഖ് ചാള്‍സ് ശോഭ്രാജ് എന്നായിരുന്നു മുഴുവന്‍ പേര്. മാതാപിതാക്കള്‍ നിയമപരമായി വിവാഹിതരാവാത്തതിനാല് ചാള്‍സിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുക്കാന്‍ പിതാവ് തയ്യാറായില്ല. അവര്‍ വേര്‍പിരിഞ്ഞു. അമ്മ പിന്നീട് ഫ്രഞ്ച് സൈനികനായ ഒരാളെ വിവാഹംകഴിച്ചു. ഇവര്‍ക്കൊപ്പമായിരുന്നു ചാള്‍സിന്റെ പിന്നീടുള്ള ജീവിതം. രണ്ടാനച്ഛന് സൈനികനായതിനാല്‍ ദേശങ്ങളും രാജ്യങ്ങളും മാറിമാറിയായിരുന്നു ചാള്‍സിന്റെ കുട്ടിക്കാലത്തെ ജീവിതം മുഴുവനും. ഹോചിമിന്‍ സിറ്റിയില്‍ നിന്ന് അവര്‍ ഫ്രാന്‍സിലേക്കും അവിടുന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും മാറിമാറി താമസിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനും കുഞ്ഞുങ്ങള്‍ പിറന്നതോടെ ചാള്‍സ് പൂര്‍ണമായും കുടുംബത്തില്‍ ഒറ്റപ്പെടുകയായിരുന്നു. വലിയ മാനസികാഘാതമാണ് അത് അവന് നല്‍കിയത്. കൗമാരപ്രായത്തില്‍ തന്നെ ചാള്‍സ് കുറ്റകൃത്യവാസന പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ചെറിയ തട്ടിപ്പുകളും മോഷണങ്ങളുമൊക്കെയായിരുന്നു ഫ്രാന്‍സിലുണ്ടായിരുന്ന കാലത്ത് ചാള്‍സിന്റെ പ്രധാന 'ജോലി'. ഭവനഭേദനവുമായി ബന്ധപ്പെട്ടൊരു കേസില്‍ ചാള്‍സ് 1963-ല്‍ ശിക്ഷിക്കപ്പെട്ട് പാരിസിലെ പോയിസ്സിയിലെ ജയിലില്‍ തടവിലായിട്ടുണ്ട്. ജയില്‍ അധികൃതരെ സ്വാധീനിച്ച് ചില സൗജന്യങ്ങള്‍ ഏറ്റുവാങ്ങാന്‍ അന്നേ ഏറെ മിടുക്കുണ്ടായിരുന്നു ചാള്‍സിന്.
പാരീസില്‍നിന്ന് ബോംബെ അധോലോകത്തിലേക്ക്..
തടവില്‍ നിന്ന് പരോളിലിറങ്ങിയതിന് പിന്നാലെ ജയിലില്‍ നിന്ന് പരിചയപ്പെട്ട ഫെലിക്സ് ദെ എസ്കോനെയ്ക്കൊപ്പമാണ് മറ്റൊരു ലോകത്തിലേക്ക് അവന് എത്തിപ്പെട്ടത്. അധോലോകമായിരുന്നു ആ ലോകം. ഫെലിക്സുമായി ചേര്‍ന്ന് ചാള്‍സ് സമ്പന്നരായ ആളുകളെ കവര്‍ച്ചചെയ്തു, സാമ്പത്തിക തിരിമറികള്ക്കിരയാക്കി, തട്ടിപ്പ് നടത്തി. ഈ കാലയളവിലാണ് പാരിസിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള ചന്താല് കോംപാഗ്നന് എന്ന യുവതിയെ ചാള്‍സ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. എന്നാല്‍ വിവാഹത്തിന് മുന്‍പേ വാഹനത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചാള്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും ചന്താലിന് ചാള്‍സിനോടുള്ള പ്രണയത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. എട്ട് മാസത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ചാള്‍സ് ചന്താലിനെ വിവാഹം കഴിച്ചു.

പരോളിലിറങ്ങിയ ചാള്‍സ് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി ഗര്‍ഭിണിയായ ചന്താലിനൊപ്പം പാരിസില്‍ നിന്ന് കടന്നു. 1970-ലായിരുന്നു ഇത്. ആ യാത്ര അവസാനിച്ചത് ഇന്ത്യന്‍ നഗരമായ ബോംബെയിലാണ്. പിന്നാലെ ചന്താല് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. അവര്‍ അവള്‍ക്ക് ഉഷ എന്ന് പേരിട്ടു. ഇതേസമയം, ബോംബെയില്‍ ശോഭ്രാജ് തന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. കള്ളക്കടത്ത് നടത്തിയും സാമ്പത്തിക തിരിമറി നടത്തിയും വന്‍ പണമാണ് ചാള്‍സ് സ്വരുക്കൂട്ടിയത്. എന്നാല്‍ ഈ പണമെല്ലാം ചൂതാട്ടത്തിനായാണ് ചാള്‍സ് ചെലവഴിച്ചത്. സമ്പത്ത് വർധിച്ചതോടെ ചൂതാട്ടത്തിന്റെ അടിമയായി ചാള്‍സ് മാറി.
1973-ല്‍ ബോംബെയിലെ അശോക ഹോട്ടലില്‍ നടന്ന ഒരു മോഷണശ്രമത്തെ തുടര്‍ന്ന് ചാള്‍സ് പോലീസ് പിടിയിലായി ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍ അധികകാലം ചാള്‍സിന് ജയിലില്‍ തുടരേണ്ടിവന്നില്ല. അസുഖം അഭിനയിച്ച് ജയിലില്‍ നിന്ന് ചാള്‍സ് പുറത്തിറങ്ങി. ഭാര്യയായ ചന്താല് കോംപഗ്നന്റെ സഹായത്തോടെയായിരുന്നു ഇത്. പുറത്തിറങ്ങിയെങ്കിലും വീണ്ടും പിടിക്കപ്പെട്ടു. പിന്നീട് രണ്ടാനച്ഛന്റെ സഹായത്തോടെയാണ് പണംകൊടുത്ത് ജാമ്യത്തിലിറങ്ങിയത്. നേപ്പാളിലെ കാഠ്മണ്ഡുവിലേക്കായിരുന്നു പിന്നീട് ചാള്‍സിന്റെയും ചന്താലിന്റേയും പലായനം. നേപ്പാളില്‍ അവര്‍ കണ്ടെത്തിയ വഴി വിനോദസഞ്ചാരികളെ കൊള്ളയടിക്കുക എന്നതായിരുന്നു. ഹിപ്പി ജീവിതരീതി പിന്തുടർന്ന്, അലഞ്ഞുതിരിഞ്ഞ് നേപ്പാളിലേക്കെത്തുന്ന സഞ്ചാരികളെ കണ്ടുപിടിച്ച് ചങ്ങാത്തം കൂടി മദ്യവും മയക്കുമരുന്നും നല്കി മയക്കി കൊള്ളയടിക്കുകയായിരുന്നു രീതി. ഇടയ്ക്ക് പലതവണ പിടിക്കപ്പെട്ടെങ്കിലും ആശുപത്രി കാവല്‍ക്കാരനെ ഭീഷണിപ്പെടുത്തിയും രോഗം നടിച്ചുമെല്ലാം ചാള്‍സ് പുറത്തിറങ്ങി തന്റെ കുറ്റകൃത്യങ്ങള്‍ തുടർന്നു. അതിനിടയിലാണ് ഭാര്യ ചന്താലിന് മനംമാറ്റമുണ്ടായത്. അതുവരെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കൂട്ടുനിന്നെങ്കിലും ചാള്‍സിനോട് വിശ്വസ്തത കാണിച്ചെങ്കിലും ഇനി ഈ മേഖലയില്‍നിന്ന് മാറിനില്‍ക്കണമെന്ന് ചന്താല് ആഗ്രഹിച്ചു. ഇനി ഒരിക്കലും ചാള്‍സിനെ കാണില്ലെന്ന് പ്രതിജ്ഞ ചെയ്ത് അവള് മകള്‍ക്കൊപ്പം ഫ്രാന്‍സിലേക്ക് മടങ്ങി.
കൊല്ലപ്പെട്ടവരുടെ പാസ്പോര്ട്ടുകള് ഉപയോഗിച്ചായിരുന്നു ചാള്‍സിന്റെ പിന്നീടുള്ള യാത്രകളെല്ലാം. രാജ്യങ്ങള്‍ മാറി മാറി സഞ്ചരിച്ചു. യൂറോപ്പിലും മധ്യേഷ്യയിലും വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞു തട്ടിപ്പുകള്‍ നടത്തി. ഇസ്താംബുളില്‍ വെച്ച് അര്‍ധ സഹോദരനായ ആന്ദ്രേയെ കണ്ടുമുട്ടിയതോടെ അവര്‍ കൂട്ടുകൂടിയും കുറ്റകൃത്യങ്ങള്‍ നടത്തി. എന്നാല്‍ ഒരു ആള്‍മാറാട്ട കേസില്‍ ഏഥന്സില്വെച്ച് അവര്‍ പിടിയിലായി. ജയിലധികൃതരെ സ്വാധീനിച്ച് അന്ന് ചാള്‍സ് ജയില്‍മോചിതനായെങ്കിലും ആന്ദ്രേയ്ക്ക് 18 വര്‍ഷം തുര്‍ക്കിയില്‍ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു.
പരമ്പരകൊലയുടെ തുടക്കം
രത്നക്കല്ല് വില്പന നടത്തുന്ന വ്യാപാരിയായോ വിനോദസഞ്ചാരികള്‍ക്കുള്ള മയക്കുമരുന്ന് ഇടപാടുകാരനായോ ഒക്കെയാണ് തന്റെ ഇരകളുമായി ചാള്‍സ് ചങ്ങാത്തം സ്ഥാപിച്ചിരുന്നത്. യാത്ര ചെയ്ത് നേപ്പാളിലെത്തിയ തെരേസ നോള്‍ട്ടണ്‍ എന്ന വിദേശവനിതയാണ് ചാള്‍സിന്റെ ആദ്യത്തെ ഇര. കൂട്ടാളിയായ അജയ് ചൗധരിക്കൊപ്പം ചേര്‍ന്നാണ് തെരേസയെ ചാള്‍സ് കൊലപ്പെടുത്തിയത്. തായ്ലാന്‍ഡിലെ ഒരു കടല്‍ത്തീരത്ത് മുങ്ങിമരിച്ച നിലയിലാണ് തെരേസയുടെ മൃതദേഹം കണ്ടെത്തിയത്. മരണസമയത്ത് പൂക്കളുടെ ഡിസൈനിലുള്ള ഒരു ബിക്കിനിയായിരുന്നു തെരേസ ധരിച്ചിരുന്നത്. മുങ്ങിമരണമാണെന്ന് ആദ്യഘട്ടത്തില്‍ തോന്നിയ മരണം കൊലപാതകമാണെന്ന് തെളിയാന്‍ മാസങ്ങള്‍ വേണ്ടിവന്നു.
തുര്‍ക്കിയില്‍ നിന്നെത്തിയ സഞ്ചാരിയായ വിതാലി ഹക്കീമായിരുന്നു ചാള്‍സിന്റെ അടുത്ത ഇര. പട്ടായയിലെ ഒരു റിസോര്‍ട്ടിലേക്കുള്ള റോഡില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് വിതാലിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ റിസോര്‍ട്ടിലായിരുന്നു അന്ന് ചാള്‍സും കൂട്ടാളികളും താമസിച്ചിരുന്നത്. ഡച്ച് വിദ്യാര്‍ഥികളായ ഹെങ്ക് ബിന്ദാജയും പ്രതിശ്രുതവധു കോക്കി ഹെങ്കറുമായിരുന്നു കൊലപാതക പരമ്പരയിലെ അടുത്ത ഇരകള്‍. ഹോങ്കോങ്ങില്‍ വെച്ച് ചാള്‍സിനെ പരിചയപ്പെട്ട ഇവര്‍ ചാള്‍സിന്റെ ക്ഷണം സ്വീകരിച്ച് തായ്ലാന്ഡില് എത്തിയിരുന്നു. ഇവര്‍ക്ക് വിഷം നല്കി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല. എന്നാല്‍ ഇരുവരേയും തന്റെ വരുതിയിലാക്കാന്‍ ചാള്‍സിന്റെ മേല്‍നോട്ടത്തിലാണ് ഇവരെ പരിചരിച്ചതും ചികിത്സിച്ചതും. അതിനിടെ നേരത്തെ ചാള്‍സ് കൊലപ്പെടുത്തിയ വിതാലി ഹക്കീമിന്റെ പെണ്‍സുഹൃത്ത് ചാര്‍മെയിന്‍ കരോ ഹക്കീമിനെ തിരഞ്ഞ് ചാള്‍സിന്റെ അടുത്തെത്തി. ചാര്‍മെയിന്‍ കരോയോട് ഹെങ്കും കോക്കിയും സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയത്തെ തുടര്‍ന്ന് ഇരുവരേയും ചാള്‍സും കൂട്ടാളികളും കൊലപ്പെടുത്തി. 1975 ഡിസംബര്‍ 16-നാണ് രണ്ട് മൃതദേഹങ്ങള്‍ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയതിനുശേഷം കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ചാര്‍മെയിന്‍ കരോയുടെ മൃതദേഹവും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെരേസ നോള്ട്ടണെ പോലെ ബിക്കിനി ധരിച്ച നിലയിലായിരുന്നു ഈ മൃതദേഹവും. രണ്ട് സ്ത്രീകളുടേയും മരണങ്ങള് തമ്മില്‍ ബന്ധമില്ലെങ്കിലും പിന്നീട് കൊലപാതങ്ങള്‍ തെളിഞ്ഞതോടെയാണ് ബിക്കിനി കില്ലര്‍ എന്ന വിളിപ്പേര് ചാള്‍സിന് വന്നുചേര്‍ന്നത്.
ഡിസംബര്‍ 18-നാണ് ഡച്ച് സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞത്. അതിനിടെ കൊല്ലപ്പെട്ടവരുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ചാള്‍സും കൂട്ടാളി ലെക്ലെര്‍ക്കും നേപ്പാളിലെത്തിയിരുന്നു. ഡിസംബര്‍ 21-നും 22-നും ഇടയില്‍ രണ്ട് പേരെയാണ് സംഘം കൊലപ്പെടുത്തിയത്. കാനഡയില്‍ നിന്നുള്ള 26 വയസ്സുകാരന് ലോഖന്റെ കിരിയെറും അമേരിക്കക്കാരന് കോനി ജോ ബ്രോണ്സിക്കുമായിരുന്നു ആ രണ്ടുപേര്‍. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ് തിരിച്ചറിയുന്നതിന് മുന്‍പ് ഇരകളുടെ പക്കല്‍ നിന്നുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് ചാള്‍സും ലെക്ലെര്‍ക്കും തായ്ലന്ഡിലേക്ക് തിരിച്ചെത്തി. എന്നാല്‍ അന്ന് ചാള്സിനൊപ്പമുണ്ടായിരുന്ന, എന്നാല്‍ കൊലപാതകങ്ങളെ കുറിച്ച് അറിവില്ലാതിരുന്ന ചിലര്‍ക്ക് ചാള്‍സ് ഒരു സീരിയല്‍ കില്ലറാണോ എന്ന സംശയമുദിച്ചു. കൊല്ലപ്പെട്ട നിരവധി പേരുടെ പാസ്പോര്ട്ടുകള് ചാള്‍സിന്റെ കൈവശമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. സംശയം ബലപ്പെട്ടതോടെ പോലീസിനെ വിവരമറിയിച്ച് ഇവര്‍ പാരിസിലേക്ക് പറന്നു.
അതിനിടെ, ഇന്ത്യയിലെത്തിയ ചാള്‍സ് ഇസ്രായേലി സ്വദേശിയായ അവോണി ജേക്കബ് എന്ന ഗവേഷകനെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തി പാസ്പോര്‍ട്ട് കൈക്കലാക്കിയതിന് ശേഷം ലെക്ലെര്ക്കിനും ചൗധരിക്കുമൊപ്പം ചാള്‍സ് സിംഗപ്പൂരിലേക്ക് പോയി പിന്നീട് തിരിച്ച് ഇന്ത്യയിലേക്കും അവിടുന്ന് ബാങ്കോങ്കിലേക്കും സഞ്ചരിച്ചു. അപ്പോഴേക്കും തായ്ലന്ഡിലെ കൊലപാതകങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചാള്‍സിന്റെ അയല്‍ക്കാരുടെ പക്കല്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച പോലീസ് ചാള്‍സിന്റെ താമസസ്ഥലത്തുനിന്ന് ഇരകളുടെ രേഖകളും കൊലപാതകത്തിനുപയോഗിച്ച വിഷവും സിറിഞ്ചുകളും കണ്ടെത്തി. അതോടെ പോലീസിന് കൊലപാതക പരമ്പരയുടെ ഒരു തുമ്പ് കണ്ടെത്താനായി. അവ്യക്തമായ ചിത്രം ലഭിച്ചതോടെ അന്വേഷണം ചാള്‍സിലേക്ക് നീങ്ങി.

തുടർ കൊലകളുടെ ചുരുളഴിയുന്നു..
തയ്ലന്‍ഡില്‍ കൊലപാതകങ്ങളുടെ അന്വേഷണം ആരംഭിച്ചതിനിടെ ചാള്‍സ് മലേഷ്യയിലെത്തിയിരുന്നു. രത്നങ്ങള്‍ തട്ടിയെടുക്കലായിരുന്നു ചാള്‍സിന്റേയും ചൗധരിയുടേയും ജോലി. ചൗധരിയെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചാള്‍സ് തന്റെ വിശ്വസ്തനായ കൂട്ടാളിയേയും കൊലപ്പെടുത്തി. ചൗധരിയെ പോലീസ് നിരീക്ഷിച്ചിരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഈ കൊലപാതകം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് ഏഷ്യയിലേക്ക് തിരിച്ചെത്തിയ ചാള്‍സ് രണ്ട് വിദേശവനിതകളുമായി ചേര്‍ന്ന് പുതിയ ക്രിമിനല്‍ സംഘമുണ്ടാക്കി. ഫ്രഞ്ചുകാരനായ ജീന്‍ ലൂക്ക് സോളോമനായിരുന്നു ചാള്‍സിന്റെ അടുത്ത ഇര. മോഷണത്തിനിടെ വിഷം നല്‍കിയാണ് ലൂക്കിനെ കൊലപ്പെടുത്തിയത്. ലൈംഗിക ശേഷി ഇല്ലാതാക്കലായിരുന്നു ലക്ഷ്യമെങ്കിലും കൊലപാതകത്തിലാണ് അത് അവസാനിച്ചത്.
1976-ലാണ് ചാള്‍സിനെ ജയിലഴിക്കുള്ളിലെത്തിച്ച സംഭവം നടന്നത്. ചാള്‍സും മൂന്ന് വനിതകളും ചേര്‍ന്ന് ആസൂത്രണംചെയ്ത പ്രകാരം ഫ്രാന്‍സില്‍നിന്ന് ഡല്‍ഹിയിലെത്തിയ പി.ജി വിദ്യാര്‍ഥികളെ കബളിപ്പിച്ച് ടൂര്‍ ഗൈഡുകളായി ഒപ്പം കൂടി. വയറുവേദനയ്ക്കുള്ള മരുന്നെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ചാള്‍സും സംഘവും വിഷം ചേര്‍ത്ത മരുന്ന് നല്കി. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മരുന്ന് ഫലിക്കുകയും വിദ്യാര്‍ഥികള്‍ ബോധരഹിതരായി വീഴുകയും ചെയ്തു. ഇതോടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന, എന്നാല്‍ മരുന്ന് കഴിക്കാത്ത മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സംശയം ബലപ്പെട്ടു. മൂവരും ചേര്‍ന്ന് ചാള്‍സിനെ കീഴ്പ്പെടുത്തി പോലീസിലേല്‍പ്പിച്ചു. ചോദ്യംചെയ്യലിനിടെ ചാള്‍സിന്റെ കൂട്ടാളികള്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് 1976-ല്‍ ജീന്‍ ലൂക്ക് സോളമന് കൊലപാതക കേസില്‍ ചാള്‍സിനെതിരേ കേസെടുത്ത് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലെത്തിച്ചു.

സുഖലോലുപം തിഹാറിലെ ജയില്‍ 12 വര്‍ഷങ്ങള്‍!
സുമുഖനും ശാന്തനും ആരെയും ആകര്‍ഷിക്കുന്ന വാക്ചാതുരിക്ക് ഉടമയുമായ ചാള്‍സ് ശോഭ്രാജിന് ജയിലുകള്‍ ഒരിക്കലും തടവറകളായില്ല. സുഖജീവിതമാണ് തിഹാര്‍ ജയിലില്‍ ചാള്‍സ് നയിച്ചത്. ശരീരത്തിനുള്ളില്‍ അമൂല്യരത്നങ്ങള്‍ ഒളിപ്പിച്ചാണ് ചാള്‍സ് തിഹാര്‍ ജയിലിലേക്കെത്തിയതുപോലും. ജയില്‍ അധികൃതര്‍ക്ക് ആവോളം കൈക്കൂലി കൊടുത്ത് എല്ലാ സുഖലോലുപതകളും ചാള്‍സ് അനുഭവിച്ചു. രാജാവായി വാണു. കേസ് നടത്തിപ്പും വിചാരണകളും ചാള്‍സിന്റെ താല്പര്യങ്ങള്ക്കനുസരിച്ച് നടന്നു. തനിക്കിഷ്ടമുള്ള അഭിഭാഷകരെ വന്‍ വിലകൊടുത്ത് ചാള്‍സ് കേസ് നടത്തിപ്പിനായി എത്തിച്ചു. തന്റെ സഹായത്തിനായി അര്‍ധ സഹോദരനായ ആന്ദ്രേയേയും ജയിലിലെത്തിച്ചു. നിയമത്തിലും മനഃശാസ്ത്രത്തിലും ജ്ഞാനം നേടി.
12 വര്‍ഷമാണ് ചാള്‍സ് തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. അതിനിടെ ഫ്രഞ്ച് വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായ ചാള്‍സിന്റെ കൂട്ടാളികള്‍ ജയിലില്‍വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ കേസില്‍ ലെക്ലെര്ക്കിനേയും കുറ്റക്കാരിയാക്കിയെങ്കിലും പരോളില്‍ പുറത്തിറങ്ങിയ അവര്‍ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടു. 1984-ലായിരുന്നു ഇത്.
സുഖസൗകര്യങ്ങളുടെ അങ്ങേയറ്റമായിരുന്നു ചാള്‍സിന് തിഹാര്‍ ജയില്‍. സ്വന്തം മുറിയും ടെലിവിഷനും രുചികരമായ പ്രത്യേക ഭക്ഷണവും ചാള്‍സിന് അനുവദിക്കപ്പെട്ടു. പണം വാരിവിതറി ജയില്‍ അധികൃതരെ തന്റെ സുഹൃത്തുക്കളാക്കി. അതിനിടെ പാശ്ചാത്യരാജ്യത്തുനിന്നെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചാള്‍സ് അഭിമുഖം പോലും നല്കി. താന്‍ നടത്തിയ മുഴുവന്‍ കൊലപാതകങ്ങളേക്കുറിച്ചും അന്ന് ചാള്‍സ് വെളിപ്പെടുത്തിയെങ്കിലും പിന്നീട് അതെല്ലാം നിഷേധിച്ചു.

ഇന്ത്യയിലെ ജയില്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ബാങ്കോക്കിലെ കൊലപാതക കേസില്‍ ചാള്‍സിനെ തായ്ലന്ഡിലേക്ക് കൈമാറേണ്ടതായുണ്ടായിരുന്നു. എന്നാല്‍ അതിനെ മറികടക്കാനും ചാള്‍സിന് വഴിയുണ്ടായിരുന്നു. കുറ്റം ചെയ്ത് 20 വര്‍ഷത്തിനുള്ളില്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ കേസ് സ്വയം ഇല്ലാതാകുമെന്നായിരുന്നു തായ്ലന്ഡിലെ നിയമം. ഇത് ഉപയോഗപ്പെടുത്തി തായ്ലന്ഡിലെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. തിഹാറില്‍ 10 വര്‍ഷം പിന്നിട്ട വേളയില്‍ ജയില്‍ അധികൃതര്‍ക്കായി വമ്പന്‍ പാര്‍ട്ടിയാണ് ചാള്‍സ് ഒരുക്കിയത്. മദ്യവും മയക്കുമരുന്നുമൊഴുകിയ പാര്‍ട്ടിക്കിടെ ജയില്‍ അധികൃതര്‍ക്ക് മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി ചാള്‍സ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷെ, ദിവസങ്ങള്‍ക്കുള്ളില്‍ ഗോവയില്‍ നിന്ന് ചാള്‍സിനെ പോലീസ് പിടികൂടി. പത്ത് വര്‍ഷത്തേക്ക് കൂടി ചാള്‍സിന് ജയില്‍വാസം വിധിച്ചു. ബാങ്കോക്കിലെ കൊലപാതക കേസിനെ മറികടക്കാന്‍ ചാള്‍സ് കണ്ടെത്തിയ വഴിയും അതുതന്നെയായിരുന്നു! ശിക്ഷാകാലവധി കഴിഞ്ഞ് 1997-ലാണ് 52 വയസ്സുകാരന് ചാള്‍സ് പുറത്തിറങ്ങിയത്. അപ്പോഴേക്കും നിരവധി രാജ്യങ്ങളില്‍ ചാള്‍സിനെതിരേ വാറന്റുകളും കേസുകളും സാക്ഷികളും നിലനില്‍ക്കുന്നുണ്ടായിരുന്നു. ചാള്‍സിനെ ഇന്ത്യ ഫ്രാന്‍സിലേക്ക് തിരിച്ചയച്ചു.
കില്ലർ സെലിബ്രിറ്റി; ജീവിതം സിനിമയാക്കാന്‍ 15 മില്യണ്‍ ഡോളർ!
ഇന്ത്യയില്‍ നിന്ന് തിരിച്ചുപോയ ചാള്‍സ് പാരിസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് പിന്നീട് കഴിച്ചുകൂട്ടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ചാള്‍സിനെ കാണാനും അഭിമുഖമെടുക്കാനും എത്തി. ഓരോ അഭിമുഖത്തിനും ലക്ഷക്കണക്കിന് രൂപയാണ് ചാള്‍സ് വാങ്ങിയത്. തന്റെ ജീവിതം സിനിമയാക്കി ചിത്രീകരിക്കാനുള്ള അനുമതി 15 മില്യണ്‍ ഡോളറിനാണ് ചാള്‍സ് വിറ്റത്. തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടായിരുന്നിട്ടുകൂടി 2003-ല്‍ ചാള്‍സ് നേപ്പാളിലേക്കെത്തി. കാഠ്മണ്ഡുവില്‍ മിനറല്‍ വാട്ടര്‍ ബിസിനസ്സ് ചെയ്യാനായാണ് എത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വിവരം ലഭിച്ചതോടെ ചാള്‍സിന് വേണ്ടി അന്വേഷണവും ആരംഭിച്ചു.
അതിനിടെ കാഠ്മണ്ഡുവിലെ ഒരു കാസിനോയില്‍ വെച്ച് 'ദി ഹിമാലയന്‍ ടൈംസ്' മാധ്യമപ്രവര്ത്തകന് ചാള്‍സിനെ തിരിച്ചറിഞ്ഞു. രണ്ടാഴ്ചയോളം ചാള്‍സിനെ പിന്തുടര്ന്ന് ഒരു റിപ്പോര്‍ട്ട് അയാള്‍ പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ട നേപ്പാള്‍ പോലീസ് കാസിനോയില്‍ റെയ്ഡ് നടത്തി അവിടെ ചുതാട്ടം നടത്തിക്കൊണ്ടിരുന്ന ചാള്‍സിനെ കസ്റ്റഡിയിലെടുത്തു. അതോടെ 1975-ലെ ബ്രോണ്‍സിച്ച്-കാരിയെര്‍ ഇരട്ടക്കൊലപാതക കേസ് പോലീസ് വീണ്ടും തുറന്നു. തുടര്‍ന്ന് 2004-ല്‍ കാഠ്മണ്ഡു പോലീസ് ചാള്‍സിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാല്‍ വിചാരണ നടത്താതെയാണ് തന്നെ ജയിലിലടച്ചതെന്നായിരുന്നു അന്ന് ചാള്‍സിന്റെ ആക്ഷേപം. നിയമസഹായം ലഭ്യമാക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ഫ്രഞ്ച് സര്‍ക്കാരിനെതിരേ ചാള്‍സിന്റെ ഭാര്യ ചന്താല് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ കേസ് കൊടുത്തതായി അന്ന് ചാള്‍സിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

2008 ഒക്ടോബറില്‍ നേപ്പാളി സ്ത്രീയായ നിഹിത ബിശ്വാസിനെ ജയിലില്‍ വെച്ച് വിവാഹം ചെയ്തതായി ചാള്‍സ് പ്രഖ്യപിച്ചു. നിഹിതയുമായി 45 ഓളം വയസ്സ് പ്രായവ്യത്യാസമുള്ള ചാള്‍സിന്റെ വിവാഹത്തിന്റെ വിവരങ്ങള്‍ അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവരികയും ചെയ്തു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് അംഗീകരിച്ചില്ല. ജയിലില്‍ തടവുകാരുടെ കുടുംബത്തോടൊപ്പം നടന്ന ഒരു പൊതുചടങ്ങിനെ തെറ്റായി കാണിച്ചുവെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
നേപ്പാളിലെ ജീവപര്യന്തം ശിക്ഷയ്ക്കെതിരേ ചാള്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി അത് തള്ളി. ഒരു വര്‍ഷം അധിക ശിക്ഷയും നേപ്പാളില്‍ അനധികൃതമായി കടന്നതിന് 2000 രൂപ പിഴയും വിധിച്ചു. ചാള്‍സിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാനും ഉത്തരവിട്ടു. എന്നാല്‍ വിധിയില്‍ ചാള്‍സിന്റെ ഭാര്യയെന്ന് പറയപ്പെടുന്ന നിഹിത ബിശ്വാസും കുടുംബവും അഭിഭാഷകനും അസംതൃപ്തി പ്രകടിപ്പിച്ചു. നീതി ലഭിച്ചില്ലെന്നും നീതിന്യായ വ്യവസ്ഥ അഴിമതി പുരണ്ടതാണെന്നും പ്രസ്താവിച്ച ഇവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയിലയക്കുകയും ചെയ്തു.
ലോറന്റ് കാരിയെറിന്റെ കൊലപാതക കേസില്‍ നേപ്പാളിലെ ബക്തപുര് കോടതിയും ചാള്‍സിന് ജീവപര്യന്തം വിധിച്ചു. 2014-ലായിരുന്നു ഇത്. ശിക്ഷ അനുഭവിക്കുന്നതിനിടെ 2018-ല്‍ ചാള്‍സിന്റെ ആരോഗ്യനില വഷളായി. അദ്ദേഹത്തെ നിരവധിതവണ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍ അന്ന് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 2022 ഡിസംബര്‍ 21-നാണ് ചാള്‍സിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 2003 മുതല്‍ കാഠ്മണ്ഡു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചാള്‍സിന്റെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്തായിരുന്നു തീരുമാനം. മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണ് നിര്‍ദേശം.

കുറ്റബോധം തൊട്ടുതീണ്ടാത്ത കൊലയാളി..
താന്‍ ചെയ്യുന്നതൊന്നും കുറ്റകൃത്യമായി ചാള്‍സ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ താന്‍ കൊന്നുതള്ളിയവരെ ഓര്‍ത്ത് അയാള്‍ക്കൊരിക്കലും കുറ്റബോധവും തോന്നിയില്ല. ഹൃദയ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന് ടേബിളില്‍ കിടക്കവേ അയാള്‍ ഡോ. രാമേഷ് കൊയ്രാളയോട് അഭ്യര്‍ഥിച്ചത് തന്നെ രക്ഷപ്പെടുത്തണം എന്നാണ്. എന്താണ് ഒരു മനുഷ്യനെ കൊലയാളിയാക്കുന്നത് എന്ന ഡോ. കൊയ്രാളയുടെ ചോദ്യത്തിന് 'നിയന്ത്രിക്കാനാവാത്തവിധം കവിഞ്ഞുമറിയുന്ന വികാരങ്ങളോ അല്ലെങ്കില്‍ തികഞ്ഞ നിര്‍വികാരതയോ ആണ് ഒരു കൊലയാളിയെ സൃഷ്ടിക്കുന്നത്' എന്നായിരുന്നു പാതിബോധത്തില്‍ ചാള്‍സ് മറുപടി പറഞ്ഞത്.
ചുറ്റുപാടുകളാണ് ചാള്‍സ് എന്ന കൊലയാളിയെ സൃഷ്ടിച്ചതെന്ന് ഡോക്ടര്‍ കൊയ്രാള ചാള്‍സിനെ കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട് പലതവണ ചാള്‍സുമായി ഇടപഴകിയ ഡോക്ടടര്‍ ചാള്‍സിനെ കുറിച്ച് പറഞ്ഞത് 'എല്ലാവരെയുംകാള്‍ വലിയ ആള് താനാണ് എന്ന ഭാവമുള്ള അതിശാന്തനായ മനുഷ്യന്' എന്നാണ്. തന്റെ പുസ്തകത്തില്‍ ചാള്‍സിനെ സീരിയല്‍ കില്ലര്‍ എന്നു വിശേഷിപ്പിച്ചതില്‍ ചാള്‍സിന് അതൃപ്തി ഉള്ളതായും പില്ക്കാലത്ത് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.
ചാള്‍സ് ശോഭ്രാജിനെ കുറിച്ച് നിരവധി പുസ്തകങ്ങളും ടെലിവിഷന്‍ സീരിസുകളും സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. ശോഭ്രാജിനെ കുറിച്ചുള്ള [ദി സെര്‍പെന്റ്' എന്ന മിനി സീരിസ് ആണ് ഇതില്‍ പ്രധാനം. ഇത് അതേവര്‍ഷം നെറ്റ്ഫ്ളിക്സും പുറത്തുവിട്ടു. 2021 ഏപ്രിലില്‍ പുറത്തിറങ്ങിയ സിരീസിന് എട്ട് എപ്പിസോഡുകളാണുള്ളത്. അള്‍ജീരിയന്‍ താരമായ തഹര്‍ റഹീം പ്രധാന വേഷത്തിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകകരുടെ പ്രശംസ നേടിയിട്ടുണ്ട്. തോമസ് തോംസണ്‍ എഴുതി 1979ല്‍ പുറത്തിറങ്ങിയ സെര്‍പെന്റൈന്‍, റിച്ചാര്‍ഡ് നെവില്ലെയും ജൂലി ക്ലാര്ക്കെയും ചേര്‍ന്നെഴുതിയ 'ദി ലൈഫ് ആന്റ് ക്രൈംസ് ഓഫ് ചാള്‍സ് ശോഭ്രാജ്', റീഡേഴ്സ് ഡൈജസ്റ്റ് കളക്ഷനിലെ ഗ്രേറ്റ് കേസസ് ഓഫ് ഇന്റര്പോളിലുള്പ്പെട്ട നോയല്‍ ബാര്‍ബര്‍ എഴുതിയ 'ദി ബിക്കിനി മര്‍ഡേര്‍സ്', എന്നിവ ചാള്‍സ് ശോഭ്ഒരാജിന്റെ കുറ്റകൃത്യങ്ങളേയും ജീവിതത്തേയും ആസ്പദമാക്കിയുള്ള പുസ്തകങ്ങളാണ്.
1989ല്‍ പുറത്തിറങ്ങിയ 'ഷാഡോ ഓഫ് ദി കോബ്ര' എന്ന സിനിമ ദി ലൈഫ് ആന്റ് ക്രൈംസ് ഓഫ് ചാള്‍സ് ശോഭ്രാജ് എനന് പുസ്തകത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രാവല് രാമന് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ 'മേ ഓര് ചാള്‍സ്' എന്ന ഹിന്ദി സിനിമ ചാള്‍സിന്റെ തിഹാര്‍ ജയിലില്‍ നിന്നുള്ള രക്ഷപ്പെടലിനെ കുറിച്ചാണ് പറയുന്നത്.

2022 ഡിസംബര്‍ 23: കാഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാള്‍സ് ശോഭ്രാജ് പുറത്തിറങ്ങി. ലോകം ഉറ്റുനോക്കുകയാണ് അയാളെ. ലോകത്തെ വിറപ്പിച്ച കൊടും കുറ്റവാളിയാണ്, ഡസന്‍ കണക്കിന് ആളുകളുടെ ചോരപുരണ്ട കൈകളാണ്. ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ ചെറുപുഞ്ചിരിയോടെ അയാളിരിക്കുകയാണ്. പുറത്ത് ശാന്തഭാവമാണെങ്കിലും അകത്ത് എന്തായിരിക്കും...? കുറ്റകൃത്യങ്ങള്‍ക്കുള്ള പുതിയ പദ്ധതികളോ, അതോ മാനസാന്തരംമൂലം വന്നുചേർന്ന സൗമ്യതയോ..!?
Content Highlights: French serial killer Charles Sobhraj bikini killer all you need know about the killer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..