സത്രം എയർസ്ട്രിപ്പിൽ വൈറസ് എസ്.ഡബ്ല്യു.- 80 ചെറുവിമാനം ലാൻഡ് ചെയ്തപ്പോൾ. photo: Adv.JoiceGeorgeEx.M.P
ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല് ചെറുവിമാനങ്ങള്‍ അനുവദിച്ചു. പരീക്ഷണ പറക്കല്‍ സംബന്ധിച്ച് പൈലറ്റുമാര്‍ സര്‍ക്കാരിന് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള ജോലികള്‍കൂടി അടിയന്തരമായി പൂര്‍ത്തീകരിച്ചാല്‍ മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട നാല് വിമാനവും എയര്‍സ്ട്രിപ്പിലേക്ക് കൈമാറുമെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
എന്‍.സി.സി കേഡറ്റുകള്‍ക്ക് ചെറുവിമാനങ്ങള്‍ പറത്തുന്നതിന് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചതാണ് സത്രം എയര്‍സ്ട്രിപ്പ്. റണ്‍വേയില്‍ പരീക്ഷണ പറക്കല്‍ വിജയമായതോടെ അധികം താമസിയാതെ ഇവിടെനിന്നും എന്‍.സി.സി കുട്ടികള്‍ക്ക് പരിശീലനം നല്കിത്തുടങ്ങും.
ഏത് സമയത്തും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും നടക്കുന്ന ജില്ലയായതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ ദുരന്ത നിവാരണ സെന്റര്‍ എന്ന നിലയില്‍കൂടി സത്രം എയര്‍സ്ട്രിപ്പിനെ ഉയര്‍ത്തണമെന്നും കാട്ടുതീ അണയ്ക്കാന്‍ ഹെലികോപ്റ്റര്‍ സംവിധാനം ഇവിടെ സജ്ജമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാഴൂര്‍ സോമന് പറഞ്ഞു. ശബരിമലയിലേക്ക് എയര്‍സ്ട്രിപ്പില്‍നിന്ന് അധികം ദൂരമില്ലാത്തതിനാല്‍ തീര്‍ഥാടന ടൂറിസം പദ്ധതിക്ക് ഊന്നല്‍ നല്കി സൗകര്യങ്ങള്‍ ഒരുക്കിയാല്‍ നാടിന്റെ മുഖച്ഛായ മാറ്റാനാകുമെന്ന് സ്ഥലം എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാരിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.jpg?$p=d83648f&&q=0.8)
15 കോടി രൂപയോളം എയര്‍സ്ട്രിപ്പിനായി സര്‍ക്കാര്‍ ചെലവഴിച്ചു. എയര്‍സ്ട്രിപ്പിന്റെ 97 ശതമാനത്തിലേറെ പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സിഗ്നല്‍ ലൈറ്റുകള്‍ പിടിപ്പിക്കല്‍, ഷോള്‍ഡര്‍ വികസിപ്പിക്കല്‍ തുടങ്ങിയ ജോലികളാണ് ഇനി അവശേഷിക്കുന്നത്. എയര്‍സ്ട്രിപ്പിന് തൊട്ടടുത്തുള്ള പഴയ സ്കൂള്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് നവീകരിച്ച് കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും താമസ സൗകര്യം ഒരുക്കുമെന്നും ഇത് പൂര്‍ത്തിയായാല്‍ പരിശീലനം ആരംഭിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
.jpg?$p=2922c1a&&q=0.8)
വിജയം കണ്ടത് മൂന്നാം ശ്രമം
പ്രതിവര്‍ഷം 1000 എന്‍.സി.സി. കേഡറ്റുകള്‍ക്ക് സൗജന്യമായി വിമാനം പറപ്പിക്കാന്‍ പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് സജ്ജമാക്കിയത്. എന്‍.സി.സി.ക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ എയര്‍സ്ട്രിപ്പാണിത്. കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് ഇവിടെ ഉണ്ടാവുക. 200 കുട്ടികള്‍ക്ക് ഒരേസമയം താമസിച്ച് പരിശീലനം നടത്താനാകും. അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ഫോഴ്സ് വിമാനങ്ങളും വലിയ ഹെലികോപ്റ്ററുകളും ഇവിടെ ഇറക്കാനാകും. അതേസമയം, വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയില്ല.
പരീക്ഷണ പറക്കലിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലും ജൂണിലും രണ്ടുതവണ ഇവിടെ വിമാനം ഇറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ മൂന്നാമത്തെ ശ്രമമാണ് ഒടുവില്‍ വിജയം കണ്ടത്. റണ്‍വേയുടെ ഒരുഭാഗത്തെ മണ്‍തിട്ട നിരത്താത്തതാണ് വിമാനമിറക്കാന്‍ തടസമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് നീക്കിയശേഷമാണ് കൊച്ചിയില്‍ നിന്നെത്തിയ വിമാനം വിജയകരമായി നിലത്തിറക്കിയത്. കഴിഞ്ഞ ജൂലായില്‍ കനത്ത മഴയെത്തുടര്‍ന്ന് റണ്‍വേയുടെ ഒരുവശത്തെ ഷോള്‍ഡര്‍ ഇടിഞ്ഞുണ്ടായ കേടുപാടുകളെല്ലാം പരിഹരിച്ച ശേഷമാണ് വീണ്ടും പരീക്ഷണ പറക്കല്‍ നടത്തിയത്. വണ്‍ കേരള എയര്‍ സ്ക്വാഡ്രണ്‍ തിരുവനന്തപുരം കമാന്‍ഡിങ് ഓഫീസര്‍ എ.ജി. ശ്രീനിവാസനായിരുന്നു ട്രയല്‍ ലാന്‍ഡിങ്ങിലെ പ്രധാന പൈലറ്റ്. ത്രീ കേരള എയര്‍ സ്ക്വാഡ്രണ്‍ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ രവിയായിരുന്നു കോ-പൈലറ്റ്.
എയര്‍സ്ട്രിപ്പിനെതിരേ കേസ് കോടതിയില്‍
അതേസമയം, പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായെങ്കിലും എയര്‍സ്ട്രിപ്പ് നിര്‍മാണത്തില്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള നിയമപ്രശ്നങ്ങള്‍ ഒരുവശത്ത് നിലനില്‍ക്കുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ എംഎന്‍ ജയചന്ദ്രന് നല്കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടിതിയുടെ പരിഗണനയിലാണ്. എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന വാദവും ഹര്‍ജിയിലുണ്ട്.
.jpg?$p=fad68fb&&q=0.8)
പെരിയാര്‍ കടുവ സങ്കേതത്തിന് എയര്‍സ്ട്രിപ്പ് ഭീഷണിയാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ശബരിമലയില്‍ ദുരന്തമുണ്ടായാല്‍ അടിയന്തര ആവശ്യത്തിന് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ എന്‍.സി.സിക്ക് നല്കി കത്തിന്റെ മറവിലാണ് എയര്‍സ്ട്രിപ്പില്‍ വിമാനമിറക്കിയതെന്നും ഈ നടപടി തെറ്റാണെന്നും പദ്ധതിക്കെതിരേ കോടതിയെ സമീപിച്ച എംഎന്‍ ജയചന്ദ്രന് ആരോപിച്ചു. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രതിരോധ സേനയ്ക്ക് കീഴിലുള്ള എന്‍സിസിയുടെ പദ്ധതിക്ക് കളക്ടറുടെ അനുമതി ആവശ്യമില്ലെന്നും സ്ഥലം എംഎല്‍എ പറഞ്ഞു. എയര്‍സ്ട്രിപ്പിനെതിരേയുള്ള പൊതുതാത്പര്യ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും കുട്ടികളുടെ പരിശീലനത്തിനും അവരുടെ സ്വപ്ന സാക്ഷാത്കാരത്തിനും എല്ലാവരും ഒരേമനസ്സോടെ സഹകരിക്കുകയാണ് വേണ്ടതെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Content Highlights: four aircraft allocated for idukki airstrip
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..