സുപ്രീം കോടതി മുൻ ജഡ്ജ് കെ.ടി.തോമസ്
രണ്ടുതരത്തിലാണ് ജഡ്ജിമാരെ ഇപ്പോൾ എടുക്കുന്നത്. മുൻസിഫുമാരെ തിരഞ്ഞെടുക്കുന്നതിന് പരീക്ഷയുണ്ട്. മൂന്നുകൊല്ലം പ്രാക്ടീസ് മതി. അവർക്ക് പരീക്ഷയെഴുതിയാൽ അത് അനുസരിച്ച് ജയിക്കുന്നവർക്ക് ഒരു അഭിമുഖം നടത്തും. ഇപ്പോൾ ഹൈക്കോടതിയാണ് അഭിമുഖം നടത്തുന്നത്. നേരത്തേ പബ്ലിക് സർവീസ് കമ്മിഷനായിരുന്നു. പക്ഷേ, അഭിമുഖത്തിന് മാർക്ക് വളരെ കുറവാണ്. 10 ശതമാനം മാത്രമാണ് അഭിമുഖത്തിനുള്ള മാർക്ക്. ബാക്കി 90 ശതമാനവും പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.
മുൻസിഫ് ആയാൽ ദീർഘകാലം സിവിൽ കേസുകൾ കേൾക്കാൻ സാധിക്കും. ഇവർ സ്ഥാനക്കയറ്റം ലഭിച്ചാണ് ജില്ലാജഡ്ജിയായി വരുന്നത്. കൊലപാതകംതൊട്ടുള്ള വളരെ സീരിയസായിട്ടുള്ള ചില കേസുകൾ സെഷൻസ് കോടതിക്കുമാത്രമേ കേൾക്കാൻ പാടുള്ളൂ. ബാറിൽനിന്ന് സെഷൻസ്/ ജില്ലാ ജഡ്ജിമാരായി നേരിട്ട് നിയമിക്കുന്നതാണ് പ്രശ്നം. അവർക്ക് മുൻസിഫുമാരായി ഇരുന്ന് കിട്ടുന്ന പരിചയമില്ലല്ലോ. ഞാൻ ജില്ലാജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് അഭിമുഖംമാത്രം മതിയായിരുന്നു. അതുകഴിഞ്ഞ് എന്തോ കാരണത്താൽ പരീക്ഷയും അഭിമുഖവും മാത്രമായി മാറി.
അപേക്ഷയ്ക്കകത്ത് അവർക്ക് എത്ര കൊല്ലത്തെ പ്രാക്ടീസ് ഉണ്ട്, എത്ര വരുമാനനികുതി കൊടുക്കുന്നുണ്ട് എന്നെല്ലാം കാണിക്കും. അവർ തന്നെ നിർദേശിക്കുന്ന അഞ്ചുജഡ്ജിമാരുടെ പേരുപറയാൻ പറയും. അതിൽനിന്ന് ഹൈക്കോടതിക്ക് ഇഷ്ടപ്പെട്ട രണ്ടുമൂന്നുപേരുടെ റിപ്പോർട്ട് വരുത്തും. ഹൈക്കോടതിയുടെ വിജിലൻസ് വകുപ്പുകാർ രഹസ്യമായി അന്വേഷണം നടത്തും. ഇതെല്ലാം നടത്തിക്കഴിഞ്ഞാണ് അഭിമുഖത്തിനുശേഷം സെഷൻ ജഡ്ജിയായിട്ട് അവരെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് പഴയസംവിധാനത്തിലേക്ക് പോയാലേ ഗുണംകിട്ടൂ. പരീക്ഷയെഴുതാൻ കാണാപാഠം പഠിച്ചാൽമതി. പ്രായോഗികജ്ഞാനം അല്ലല്ലോ അത്. അതുകൊണ്ട് ജഡ്ജി നിയമനത്തിൽ പഴയസംവിധാനമാണ് മികച്ചത്.
ജില്ലാ ജഡ്ജിമാരും കളക്ടർമാരും ചേർന്ന പാനലാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിർദേശിക്കുന്നത്. പക്ഷേ, പലപ്പോഴും കണ്ടുവരുന്നത് രാഷ്ട്രീയക്കാർ പറയും ഇന്നയാളെ ചേർക്കണമെന്ന്. അവരുടെ പേരേ കളക്ടർ ചേർക്കൂ. ശക്തനായ ഒരു ജഡ്ജി ഉണ്ടെങ്കിൽ അതിന് എതിർത്ത് എഴുതിക്കൊടുക്കാം. ഞാൻ തിരുവനന്തപുരത്ത് ജില്ലാജഡ്ജി ആയിരുന്ന സമയത്ത് അവിടത്തെ കളക്ടർ നിയമമന്ത്രി പറഞ്ഞ പേരുകൾ എടുക്കണമെന്നുപറഞ്ഞ് വന്നിരുന്നു. ഞാൻ ചെയ്യില്ലെന്ന് തീർത്തുപറഞ്ഞു. നിങ്ങൾ ആ പേരെഴുതിക്കൊടുത്താൽ ഞാനതിന് താഴെ യോജിക്കുന്നില്ലെന്ന് എഴുതുമെന്നും പറഞ്ഞു. അപ്പോൾ വക്കീൽ റിട്ട് ഫയൽചെയ്താൽ അത് കളക്ടർക്കും നിയമമന്ത്രിക്കും കുഴപ്പമാണ്. നമ്മൾ ശക്തരായി പിടിച്ചുനിന്നാൽ ആരും കീഴ്വഴങ്ങിത്തരും. നമ്മൾ നമ്മുടെ കടമചെയ്യുന്നവരാണെന്ന് ഉറപ്പുവരുത്താനായാൽ ആരെയും പേടിക്കേണ്ട.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..