ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയിലേക്ക്; യൂറോപ്പിന്റെ ശാക്തികഭൂപടം മാറ്റിവരയ്ക്കുമ്പോള്‍


ഗീതാഞ്ജലി200 കൊല്ലമായി ഒരുവിധത്തിലുമുള്ള സൈനികസഖ്യത്തിന്റെ ഭാഗമല്ല സ്വീഡന്‍. ഫിന്‍ലന്‍ഡ് ആകട്ടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആരുമായും സൈനികസഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുമില്ല. നിലവില്‍ നാറ്റോയുമായി മെച്ചപ്പെട്ട ബന്ധം തന്നെയാണ് സ്വീഡനും ഫിന്‍ലന്‍ഡിനുമുള്ളത്. ഔദ്യോഗികമായി അംഗത്വം നേടുക എന്ന പ്രക്രിയയാണ് ഇനി ബാക്കിയുള്ളത്. ഇതിനുള്ള ഔദ്യോഗിക അപേക്ഷ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്തു.

.

തിറ്റാണ്ടുകളായി പാലിച്ചുവന്നിരുന്ന നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് നാറ്റോ അഥവാ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും. ഇരുരാജ്യങ്ങളും ഇതിനുള്ള അപേക്ഷ നാറ്റോ സെക്രട്ടറി ജനറലിന് ഔദ്യോഗികമായി സമര്‍പ്പിക്കുകയും ചെയ്തു. റഷ്യ-യുക്രൈന്‍ യുദ്ധമാണ് ഇത്തരത്തിലൊരു നിലപാടു മാറ്റത്തിന് ഇരുരാജ്യങ്ങളെയും പ്രേരിപ്പിച്ചത്. റഷ്യയെ പ്രകോപിപ്പിക്കാതിരിക്കുകയും അതേസമയം തന്നെ നാറ്റോയുമായി നല്ലബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഫിന്‍ലന്‍ഡും സ്വീഡനും ഇക്കാലമത്രയും അനുവര്‍ത്തിച്ചു പോന്നിരുന്നത്. അതില്‍നിന്ന് മാറി നാറ്റോയില്‍ അംഗത്വം എടുക്കാനുള്ള ഇരുരാജ്യങ്ങളുടെയും ഈ നീക്കം മേഖലയിലെ രാഷ്ട്രീയഭൂപടത്തെ മാറ്റിവരയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഫെബ്രുവരി 24-നാണ് യുക്രൈനെതിരേ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇത് മൂന്നാംമാസവും തുടരുകയാണ്. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നതില്‍ പ്രകോപിതരായാണ് റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. താരതമ്യേന ദുര്‍ബലരായ യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ വീഴുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ നാറ്റോയുടെ സൈനികപിന്തുണ യുക്രൈനെ പിടിച്ചുനിര്‍ത്തി. കെടുതികളും മുറിവുകളും മാത്രം അവശേഷിപ്പിക്കുന്ന യുദ്ധം മൂന്നാംമാസത്തിലേക്ക് കടക്കുമ്പോള്‍, യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടത്തിലും ശാക്തികബലാബലത്തിലുണ്ടാക്കുന്ന മാറ്റത്തിന്റെ കൂടി സൂചനയാണ് സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും ഈ ചുവടുമാറ്റം. 200 കൊല്ലമായി ഒരുവിധത്തിലുമുള്ള സൈനികസഖ്യത്തിന്റെ ഭാഗമല്ല സ്വീഡന്‍. ഫിന്‍ലന്‍ഡ് ആകട്ടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആരുമായും സൈനികസഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുമില്ല. നിലവില്‍ നാറ്റോയുമായി മെച്ചപ്പെട്ട ബന്ധം തന്നെയാണ് സ്വീഡനും ഫിന്‍ലന്‍ഡിനുമുള്ളത്. ഔദ്യോഗികമായി അംഗത്വം നേടുക എന്ന പ്രക്രിയയാണ് ഇനി ബാക്കിയുള്ളത്. ഇതിനുള്ള ഔദ്യോഗിക അപേക്ഷ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്തു.

നാറ്റോ ആസ്ഥാനം. ഫോട്ടോ: എ.എഫ്.പി

സ്വീഡന്‍ പറയുന്നത് ഇങ്ങനെ:

'ഒരു കാലഘട്ടം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് കടക്കുകയാണ് സ്വീഡന്‍. സഖ്യത്തിലെ അംഗരാജ്യമാകാന്‍ താല്‍പര്യപ്പെടുന്ന കാര്യം ഞങ്ങള്‍ നാറ്റോയെ അറിയിക്കും. ' നാറ്റോയില്‍ ചേരാനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലുള്ളതാണ് സ്വീഡിഷ് പ്രധാനമന്ത്രി മഗ്‌ദെലന ആന്‍ഡേഴ്‌സണിന്റെ ഈ വാക്കുകള്‍. ഈ നീക്കത്തിന് സ്വീഡിഷ് പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മഗ്‌ദെലന അംഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, നാറ്റോയില്‍ അംഗത്വം തേടാനുള്ള നീക്കത്തെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മുന്‍പ് പാശ്ചാത്യ സൈനിക സഖ്യത്തില്‍ അംഗത്വം നേടുന്നതിനോട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് എതിര്‍പ്പായിരുന്നു.

ഫിന്‍ലന്‍ഡ് ഭാഷ്യം:

പ്രധാനമന്ത്രി സന്നാ മാരിനും പ്രസിഡന്റ് സോലി നിനിസ്റ്റോയും ചേര്‍ന്ന് വാര്‍ത്താസമ്മേളനത്തിലാണ് ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരുമെന്ന പ്രഖ്യാപനം നടത്തിയത്. ചരിത്രപ്രധാനമായ ദിനമാണെന്നും ഒരു പുതിയ കാലഘട്ടം ആരംഭിക്കുകയാണെന്നുമായിരുന്നു പ്രസിഡന്റ് നിനിസ്റ്റോയുടെ വാക്കുകള്‍.
നാറ്റോ അംഗത്വം ഫിന്‍ലന്‍ഡിന്റെ സുരക്ഷ ശക്തിപ്പെടുത്തും. നാറ്റോ അംഗമാകുന്നതോടെ ആ സൈനികസഖ്യത്തെയാകെ ശക്തിപ്പെടുത്താന്‍ ഫിന്‍ലന്‍ഡിന് കഴിയുമെന്നും മാരിനും നിനിസ്റ്റോയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഫിന്‍ലന്‍ഡ് എന്തിന് നാറ്റോയില്‍ ചേരണം

റഷ്യയുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. നാറ്റോയില്‍ ഫിന്‍ലന്‍ഡ് അംഗത്വം എടുക്കുന്ന പക്ഷം നാറ്റോയും റഷ്യയും തമ്മിലുള്ള അതിര്‍ത്തി കൂടിയായി ഇത് മാറും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിന്‍ലന്‍ഡും റഷ്യയും വിരുദ്ധചേരിയിലായിരുന്നു. ഇരുവരും തമ്മില്‍ വിന്റര്‍ വാര്‍, കണ്‍ടിന്യൂഷന്‍ വാര്‍ എന്നിങ്ങനെ രണ്ടുവട്ടം യുദ്ധവും നടന്നിട്ടുണ്ട്. 1939 ലായിരുന്നു വിന്റര്‍ വാര്‍. കൃത്യമായി പറഞ്ഞാല്‍ രണ്ടാംലോകമഹായുദ്ധം ആരംഭിച്ച് രണ്ടുമാസത്തിനിപ്പുറം 1939 നവംബര്‍ 30-ന് സോവിയറ്റ് യൂണിയന്‍ ഫിന്‍ലന്‍ഡിലേക്ക് അധിനിവേശം നടത്തി. ഫിന്‍ലന്‍ഡ് പ്രതിരോധിച്ചു. എന്നാല്‍ മൂന്നുമാസം നീണ്ടുനിന്ന യുദ്ധം, മോസ്‌കോ സമാധാന കരാറിലൂടെ 1940 മാര്‍ച്ച് 13-ന് അവസാനിച്ചപ്പോള്‍ ഫിന്‍ലന്‍ഡിന് പത്തുശതമാനത്തോളം പ്രദേശം നഷ്ടമാവുകയും ചെയ്തു.

പിന്നീട് റഷ്യയുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശീതയുദ്ധകാലത്ത് നിഷ്പക്ഷ നിലപാടായിരുന്നു ഫിന്‍ലന്‍ഡ് സ്വീകരിച്ചിരുന്നത്. നാറ്റോയില്‍ ചേരണോ വേണ്ടയോ എന്ന വിഷയത്തില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന അഭിപ്രായസര്‍വേയില്‍ 76 ശതമാനം ഫിന്നിഷ് പൗരന്മാരും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 ശതമാനം പേര്‍ മാത്രമാണ് എതിര്‍പ്പുന്നയിച്ചത്. മുന്‍പ് നടന്ന അഭിപ്രായസര്‍വേകളെ അപേക്ഷിച്ച് നാറ്റോ സഖ്യനീക്കത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെയ്ന്റ് പീറ്റേഴ്സ്ബെര്‍ഗ്, ഫിന്‍ലന്‍ഡ് അതിര്‍ത്തിയില്‍നിന്ന് വെറും 170 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

നാറ്റോയുടെ ഭൂപടം. ഫോട്ടോ: എ. എഫ്.പി

സ്വീഡനും റഷ്യയും പിന്നെ നാറ്റോയും

ഫിന്‍ലന്‍ഡിന്റേതില്‍നിന്ന് വ്യത്യസ്തമായി ആശയപരമായ വിയോജിപ്പ് കൊണ്ടാണ് സ്വീഡന്‍ ഇക്കാലമത്രയും ഏതെങ്കിലും സൈനിക സഖ്യത്തിന്റെ ഭാഗമാകാതിരുന്നത്. റഷ്യയുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന രാജ്യമല്ല സ്വീഡന്‍. എന്നിരുന്നാല്‍ കൂടിയും മേഖലയില്‍ നാറ്റോയുടെ സുരക്ഷിതത്വം തേടുകയാണ് സ്വീഡന്‍. Aftonbladte എന്ന സ്വീഡിഷ് ദിനപത്രം മേയ്മാസം ആദ്യം നടത്തിയ അഭിപ്രായസര്‍വേ പ്രകാരം 61 ശതമാനം സ്വീഡിഷ് പൗരന്മാരും നാറ്റോയില്‍ ചേരണമെന്ന അഭിപ്രായക്കാരാണ്. ജനുവരിയില്‍ ഇത് വെറും 42 ശതമാനം മാത്രമായിരുന്നു. ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധമായിരിക്കാം നാറ്റോ സഖ്യത്തില്‍ ചേരുന്നതില്‍ അനുകൂല നിലപാട് എടുക്കാന്‍ സ്വീഡിഷ് ജനതയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഒന്നാം ലോക മഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധ കാലത്തും പിന്നീടുണ്ടായ ശീതയുദ്ധകാലത്തും സമ്പൂര്‍ണമായ നിഷ്പക്ഷ നിലപാടായിരുന്നു സ്വീഡന്റേത്. എന്നാല്‍ ഇക്കൊല്ലം ഏപ്രിലില്‍ റഷ്യയുടെ യുദ്ധവിമാനം സ്വീഡന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്നിരുന്നു.

ആരാണ്, എന്താണ് നാറ്റോ

സോവിയറ്റ് യൂണിയന്റെ യൂറോപ്പ് വ്യാപനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ 1949 ഏപ്രില്‍ നാലിനാണ് നാറ്റോ സഖ്യം രൂപവത്കരിക്കപ്പെടുന്നത്. അടിസ്ഥാനപരമായി സൈനികസഖ്യമാണ് നാറ്റോ. ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഐസ്ലാന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, പോര്‍ച്ചുഗല്‍, യു.കെ., യു.എസ്. എന്നീ 12 രാജ്യങ്ങളാണ് സ്ഥാപക അംഗങ്ങള്‍. ബെല്‍ജിയത്തിലെ ബ്രസല്‍സാണ് നാറ്റോയുടെ ആസ്ഥാനം. നിലവില്‍ നാറ്റോയില്‍ 30 അംഗങ്ങളാണുള്ളത്. 2020-ല്‍ അംഗത്വം എടുത്ത നോര്‍ത്ത് മാസെഡോണിയയാണ് ഏറ്റവും ഒടുവിലെ അംഗം. അംഗരാജ്യങ്ങളില്‍ ഒന്നിനു നേര്‍ക്ക് ആക്രമണം ഉണ്ടായാല്‍ ആ ആക്രമണം തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എതിരാണെന്ന് പരിഗണിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് നാറ്റോ നയം. സൈനിക പിന്തുണ എന്ന ഈ വലിയ ഉറപ്പാണ് പല ചെറുരാജ്യങ്ങളെയും നാറ്റോയില്‍ അംഗത്വം നേടാന്‍ പ്രേരിപ്പിക്കുന്നതും.

എതിര്‍പ്പുന്നയിക്കുന്ന തുര്‍ക്കി

സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ പ്രവേശനം പക്ഷേ അത്ര എളുപ്പമാകാന്‍ വഴിയില്ല. ഇരുരാജ്യങ്ങള്‍ക്കും അംഗത്വം നല്‍കുന്നതിനെതിരേ എതിര്‍പ്പുന്നയിച്ച് തുര്‍ക്കി രംഗത്തുള്ളതാണ് ഇതിനു കാരണം. സ്വീഡനും ഫിന്‍ലന്‍ഡും കുര്‍ദിഷ് പോരാളികളുടെ വിഷയത്തില്‍ സ്വീകരിച്ച നിലപാടാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. തുര്‍ക്കിയില്‍ സ്വതന്ത്രരാജ്യം ആവശ്യപ്പെട്ട് സായുധപോരാട്ടം നടത്തുന്ന വിഘടനവാദികളാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ.). കാലങ്ങളായി ഇവര്‍ പോരാട്ടം നടത്തുകയാണ്. ഇവരെ തുര്‍ക്കിയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഭീകരസംഘടനകളുടെ പട്ടികയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പി.കെ.കെയുടെ അംഗങ്ങള്‍ക്ക് സ്വീഡനും ഫിന്‍ലന്‍ഡും അഭയം നല്‍കുന്നു എന്നതാണ് തുര്‍ക്കിയുടെ എതിര്‍പ്പിനു പിന്നിലെ പ്രധാനകാരണം. മാത്രമല്ല 2019-ല്‍ തുര്‍ക്കി വടക്കന്‍ സിറിയയ്ക്ക് മേല്‍ അധിനിവേശം നടത്തിയപ്പോള്‍ സ്വീഡനും ഫിന്‍ലന്‍ഡും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിക്ക് സൈനികോപകരണങ്ങള്‍ വില്‍ക്കുന്നതിനെതിരേയായിരുന്നു ഈ ഉപരോധം. ഇതും തുര്‍ക്കിയുടെ എതിര്‍പ്പിന് കാരണമാണ്. നിലവിലെ മുഴുവന്‍ അംഗങ്ങളുടെയും അംഗീകാരമുണ്ടെങ്കില്‍ മാത്രമേ പുതിയ അംഗങ്ങളെ നാറ്റോയിലേക്ക് ചേര്‍ക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ നിലപാട് സ്വീഡനും ഫിന്‍ലന്‍ഡിനും വഴിമുടക്കിയാകുന്നത്. 1952 ഫെബ്രുവരി 18-നാണ് തുര്‍ക്കി നാറ്റോയില്‍ അംഗത്വം എടുത്തത്.

റഷ്യക്ക് എന്താണ് പറയാനുള്ളത്?

സ്വീഡനും ഫിന്‍ലന്‍ഡിനും നാറ്റോ അംഗത്വം ലഭിച്ചാല്‍, അത് റഷ്യയെ കാര്യമായിത്തന്നെ അലോസരപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതിര്‍ത്തിയിലെത്തിയ നാറ്റോയെ തുരത്തുക എന്ന ലക്ഷ്യമായിരുന്നു യുക്രൈന്‍ ആക്രമണത്തിന് പിന്നിലെ റഷ്യന്‍ ലക്ഷ്യം. പക്ഷേ യുക്രൈന്‍ യുദ്ധത്തില്‍ തീരുമാനം ആകുന്നതിന് മുന്‍പേ തന്നെ മേഖലയിലെ രണ്ടുരാജ്യങ്ങള്‍ നാറ്റോ അംഗത്വം തേടിപ്പോയെന്നത് പുതിനും കൂട്ടര്‍ക്കുമേറ്റ വമ്പന്‍ തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ച് റഷ്യയുമായി 1,300 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന്റെ നീക്കം. സ്വീഡനുമായി റഷ്യ നേരിട്ട് അതിര്‍ത്തി പങ്കിടുന്നില്ല. യുക്രൈനെതിരെ സ്വീകരിച്ച നടപടി എന്തായാലും ഫിന്‍ലന്‍ഡിനോടോ സ്വീഡനോടോ റഷ്യക്ക് കാണിക്കാനാവില്ല. പകരം മറ്റുവഴികള്‍ നോക്കേണ്ടിവരും. അത് എന്തൊക്കെയാകും ഏതുവിധത്തിലുള്ളതാവും എന്നതാണ് അറിയേണ്ടത്. ബാള്‍ട്ടിക് കടല്‍ എന്നൊരു കെണികൂടി റഷ്യക്ക് മുന്‍പിലുണ്ട്. റഷ്യയെ അപേക്ഷിച്ച് സ്വീഡനും ഫിന്‍ലന്‍ഡിനും ബാള്‍ട്ടിക് കടലുമായി ദീര്‍ഘമായ അതിര്‍ത്തിയാണുള്ളത്. ഇരുരാജ്യങ്ങളും നാറ്റോയില്‍ ചേരുന്ന പക്ഷം കാക്കേണ്ട അതിരിന്റെ നീളം റഷ്യക്ക് മുന്നില്‍ നീണ്ടുകൊണ്ടേയിരിക്കുകയാണ്.

Content Highlights: Finland and Sweden to NATO

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented