.
നാളെയാണ് നാളെയാണ് എന്ന് പറഞ്ഞ് കടന്നുപോയത് നീണ്ട 19 വര്‍ഷങ്ങള്‍. കാത്തിരിപ്പിന്റെ മുഷിപ്പും ക്രോസിങ്ങിലെ സമയനഷ്ടവും ഇനി മറക്കാം. നല്ലതിനായുള്ള കാത്തിരിപ്പ് കുറേ നീണ്ടുപോയെങ്കിലും ഇനി അതുണ്ടാവില്ല. കോട്ടയം റൂട്ടില്‍ റെയില്‍വെ ഇരട്ടപ്പാത കൂട്ടിമുട്ടി. ഇരട്ടിപ്പിക്കല്‍ സ്വപ്നം യാഥാര്‍ഥ്യമായി. കേരളത്തിന്റെ റെയില്‍വെ വികസന ചരിത്രത്തിലും 2022 മെയ് 29 ന് സവിശേഷ സ്ഥാനം. മുഴുനീള ഇരട്ടപ്പാതയിലൂടെ ആദ്യ ട്രെയിനായി പാലരുവി എക്സ്പ്രസ് കടന്നുപോയി. യാത്രക്കാരും റെയില്‍വെ ജീവനക്കാരും എല്ലാം ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. സമയലാഭവും ട്രെയിനുകളുടെ സമനിഷ്ഠയും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും. ഇത് മൂന്നുമാണ് യാത്രക്കാര്‍ ഇനി പ്രതീക്ഷിക്കുന്നത്. പുതിയ ട്രെയിന്‍ അനുവദിക്കാന്‍ അധികൃതര്‍ ഇതുവരെ പറഞ്ഞ തടസ്സവും ഇരട്ടപ്പാതയില്ലാത്തതായിരുന്നു.
2003 ല്‍ തുടങ്ങിയ പണിയാണ് 2022 ല്‍ പൂര്‍ത്തിയാകുന്നത്. പാത ഇരട്ടിപ്പിക്കല്‍ അനുമതിയായത് 2001 ലായിരുന്നു. കായംകുളം മുതല്‍ എറണാകുളം വരെ 114 കിലോമീറ്റര്‍ ദൂരം. കൃത്യമായി പറഞ്ഞാല്‍ 2003 ഒക്ടോബറിലാണ് 7.9 കി.മി കായംകുളം-മാവേലിക്കര ഇരട്ടപ്പാത നിര്‍മ്മാണം തുടങ്ങിയത്. 2005 ല്‍ കമ്മീഷന് ചെയ്യാന്‍ ഉദ്ദേശിച്ചിട്ട് അത് നടന്നത് പിന്നെയും 5 വര്‍ഷം കഴിഞ്ഞ് 2010ലാണ്. 2008 ലാണ് ചെങ്ങന്നൂര്‍ മുതല്‍ ചിങ്ങവനം വരെ ഇരട്ടിപ്പിക്കലിന് സര്‍വെ പൂര്‍ത്തിയായത്. 18 ഹെക്ടറോളം ഭൂമി വാങ്ങേണ്ടി വന്നു. സ്ഥലമേറ്റെടുക്കല്‍ അടക്കം എല്ലാ സാഹചര്യവും ഒത്തുവന്നാല്‍ 2015 ല്‍ കോട്ടയം വഴി ഇരട്ടപ്പാത കമ്മീഷന് ചെയ്യാം എന്ന് കണക്കുകൂട്ടിയതാണ് 2022 വെര നീണ്ടുപോയത്. ഇതില്‍ എറണാകുളം-മുളന്തുരുത്തി റീച്ചും കായംകുളം-മാവേലിക്കര റീച്ചുമാണ് 2010 ല്‍ പൂര്‍ത്തിയായത്. 2003 ല്‍ പണി ആരംഭിച്ച-എറണാകുളം-മുളന്തുരുത്തി 17.37 കി.മീ ആദ്യം പൂര്‍ത്തിയായി. ഇതില്‍ തൃപ്പൂണിത്തുറ-മുളന്തുരുത്തി കമ്മീഷനിങ് 2010 ല്‍ നടന്നു.
രണ്ടാം ഘട്ടത്തില്‍ മുളന്തുരുത്തി മുതല്‍ കുറുപ്പുന്തറ വരെ 24 കി.മി പണിയാണ് നടന്നത്. ഇതില്‍ മുളന്തുരുത്തി-പിറവം റോഡ് ഇരട്ടപ്പാത 2011 ഏപ്രിലില്‍ നിര്‍മ്മാണം തുടങ്ങി 2014 ഡിസംബറിലാണ് കമ്മീഷന് ചെയ്തത്. അതിനുശേഷം പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള ഭാഗം 2016 ജൂണില്‍ തുറന്നുകൊടുത്തു. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവല്ല-ചങ്ങനാശ്ശേരി ഭാഗം ഇരട്ടപ്പാതയായി. ചങ്ങനാശ്ശേരി-ചിങ്ങവനം ഒന്‍പത് കിലോമീറ്റര്‍ 2018 ഡിസംബറില്‍ പൂര്‍ത്തിയായി. അങ്ങനെ പല ഘട്ടങ്ങളിലായി 78 കിലോമീറ്റര്‍ 2018 ല്‍ പൂര്‍ത്തിയാക്കി. കുറുപ്പന്തറ-ചിങ്ങവനം 26.54 കിമി. ഇതില്‍ കുറുപ്പന്തറ-ഏറ്റുമാനൂര്‍ 2019 ഏപ്രിലില്‍ പൂര്‍ത്തിയായി. എട്ട് കിലോമീറ്റര്‍ ദൂരം രണ്ടാം പാത നിര്‍മാണത്തിനായി 100 കോടി ചെലവായി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയില്‍ നിര്‍മ്മാണം അനന്തമായി നീണ്ടു. 10 മേല്‍പ്പാലങ്ങളാണ് ഈ ഭാഗത്തുള്ളത്. ഏറ്റുമാനൂര്‍-ചിങ്ങവനം പാതയില്‍ ചെറുതും വലുതുമായി ആകെ 36 പാലങ്ങള്‍. ഇതില്‍ ഏറ്റവും വലുത് നീലിമംഗലം പാലമായിരുന്നു 18.3 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളാണ് പാലത്തിനുള്ളത്.

സ്ഥലമേറ്റെടുക്കുന്നതിലെ തടസ്സം. നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണിന്റെ ലഭ്യത വലിയ പ്രശ്നമായിരുന്നു. ഒരു കിലോമീറ്റര്‍ പാതയ്ക്ക് 250000 ക്യുബിക് മീറ്റര്‍ മണ്ണ് ആണ് വേണ്ടത്. കാലവര്‍ഷം കഴിഞ്ഞ് നവംബര്‍ മുതല്‍ മെയ് വരെ മാത്രമേ കാര്യമായ പ്രവൃത്തികള്‍ നടക്കൂ. സാധാരണഗതിയില്‍ മൂന്നുവര്‍ഷം കൊണ്ട് 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വരെ പാത നിര്‍മ്മിക്കാന്‍ റെയില്‍വെയ്ക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും കേരളത്തില്‍ 10 വര്‍ഷം കൊണ്ട് 27 കിലോമീറ്റര്‍ ഒക്കെയാണ് കമ്മീഷനിങ് നടന്നത്.
അങ്ങനെ പലവിധ വെല്ലുവിളികളെ തരണം ചെയ്താണ് ഒടുവില്‍ ഇത് യാഥാര്‍ഥ്യമാകുന്നത്. കെ റെയിലിനെക്കുറിച്ചും അഞ്ചരമണിക്കൂര്‍ കൊണ്ട് കാസര്‍കോട്-തിരുവനന്തപുരം യാത്രയെക്കുറിച്ചും ചര്‍ച്ചചെയ്യുമ്പോഴാണ് 19 വര്‍ഷമെടുത്ത് 144 കിലോമീറ്റര്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കും സീസണില്‍ പ്രത്യേക ട്രെയിനുകള്‍ക്കും ഇനി സാധ്യത തെളിയും. അപ്പോഴും ആലപ്പുഴ വഴി ഇരട്ടപ്പാത എന്ന് തീരുമെന്ന് അറിയാതെ പണികള്‍ ഇഴഞ്ഞുനീങ്ങുന്നു.
കോട്ടയം സ്റ്റേഷന് സമീപത്തെ ടണലിനെ ചൊല്ലിയും ആദ്യഘട്ടത്തില്‍ രണ്ടഭിപ്രായമുണ്ടായി. ടണല്‍ ഒഴിവാക്കി പുതിയ സ്ഥലം ഏറ്റെടുത്ത് പാത നിര്‍മ്മിക്കണമെന്നും ടണല്‍ വീതി കൂട്ടാനുള്ള സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാല്‍ റെയില്‍വേയുടെ കൈവശമുള്ള പുറമ്പോക്ക് ഉപയോഗിച്ച് ഇരട്ടിപ്പിക്കനാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അങ്ങനെ രണ്ടഭിപ്രായം. 2017 മാര്‍ച്ചില്‍ റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ മനോഹര്‍ കോട്ടയത്ത് വന്നപ്പോള്‍ പറഞ്ഞത് ഒരു വര്‍ഷത്തിനുള്ളില്‍ കുറുപ്പന്തറ-ചങ്ങനാശ്ശേരി തുറന്നുകൊടുക്കുമെന്നാണ്. അതാണ് 29ന് ഇന്ന് പൂര്‍ത്തിയായത്. ഏറ്റുമാനൂര്‍-ചിങ്ങവനം വൈകാന്‍ കാരണം സ്ഥലം ലഭ്യത പ്രധാന വെല്ലുവിളിയായിരുന്നു. നാലാം വട്ടമാണ് കമ്മീഷനിങ് മാറ്റിയത്. മുട്ടമ്പലം ഭാഗത്താണ് ഏറ്റവും കഠിനമായി ജോലി നടന്നത്. 100 അടിയിലധികം ഉയരമുള്ള മണ്‍തിട്ട ഇടിച്ചുമാറ്റിയാണ് പാത ഒരുക്കിയത്. ഒപ്പം വന്‍തോതില്‍ പാറയും നീക്കി. അതുപോലെ മീനച്ചിലാറിനോട് ചേര്‍ന്നുള്ള ഇടം ചതുപ്പുനിലം വരുന്നിടത്ത് അസ്ഥിവാരം കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തി വേണമായിരുന്നു മണ്ണ് നിറയ്ക്കാന്‍.
ഓര്‍മ്മയായി കോട്ടയത്ത ടണല്‍; 65ാം വയസ്സില്‍ തുരങ്കം അടഞ്ഞു
കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്‍പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്രയും ഓര്‍മയായി. കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിച്ചു. തുരങ്കത്തിന്റെ ഇരുട്ടിലൂടെ പാലരുവി എക്സ്പ്രസ് അവസാന ട്രെയിനായി കടന്നുപോയി. ഈ പാളത്തിലൂടെ ഇനി ഗതാഗതമില്ല. രണ്ട് തുരങ്കങ്ങളും ഒഴിവാക്കി പുതിയ ട്രാക്കിലൂടെയാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. തുരങ്കമുള്ള പാളം ഭാവിയില്‍ ഷണ്ടിങ്ങിന് ഉപയോഗിക്കും.
.jpg?$p=1f57998&w=610&q=0.8)
1957 ഒക്ടോബറിലാണ് കെ.കെ റോഡില്‍ 54 അടി താഴ്ചയില്‍ രണ്ട് തുരങ്കങ്ങള്‍ നിര്‍മിച്ചത്. യഥാക്രമം 84, 65 മീറ്റര്‍ നീളമുണ്ട്. കുന്നുവെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചാണ് അന്നത് സ്ഥാപിച്ചത്. ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചശേഷം ചുറ്റും മണ്ണിട്ടുനിറയ്ക്കുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചത്. കേരളത്തില്‍ തീവണ്ടി ഗതാഗതമുള്ള തുരങ്കമാണ് കോട്ടയത്തുള്ളത്. ഇവിടത്തെ റെയില്‍വേ ചരിത്രത്തോളം പഴക്കമുള്ളതാണ് കഞ്ഞിക്കുഴിയിലെ ഈ രണ്ട് തുരങ്കങ്ങള്‍. മുട്ടമ്പലം ലെവല്‍ക്രോസിനും റബ്ബര്‍ബോര്‍ഡ് ഓഫീസിനു സമീപവും പ്ലാന്റേഷന് ഓഫീസിനു സമീപവുമാണ് തുരങ്കങ്ങളുള്ളത്. തുരങ്കങ്ങള്‍ക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിര്‍മിച്ച് ഇരട്ടപ്പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇവിടെ മണ്ണിന് ഉറപ്പ് കുറവായതിനാലാണ് പുറത്ത് രണ്ട് പുതിയ പാതകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
റബ്ബര്‍ബോര്‍ഡിനു സമീപത്തെ തുരങ്കത്തിന് 84 മീറ്റര്‍ നീളവും പ്ലാന്റേഷന് ഭാഗത്തുള്ളതിന് 67 മീറ്റര്‍ നീളവുമാണുള്ളത്. 1957-ലാണ് തുരങ്കങ്ങള്‍ പണിതത്. തുരങ്കത്തിന്റെ ഭിത്തി നിര്‍മിക്കുമ്പോള്‍ മണ്ണിടിഞ്ഞുവീണ് ആറു തൊഴിലാളികള്‍ക്ക് ജീവന് നഷ്ടമായിരുന്നു. 30 അടിയോളം ഉയരത്തില്‍നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. 1957 ഒക്ടോബര്‍ 20- നായിരുന്നു അത്. കെ.കെ.ഗോപാലന്, കെ.എസ്. പരമേശ്വരന്, വി.കെ. കുഞ്ഞുകുഞ്ഞ്, കൃഷ്ണന് ആചാരി, കെ.രാഘവന്, ആര്.ബാലന് എന്നിവരാണ് മരിച്ചത്.
ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേല്‍പ്പാലത്തോടു ചേര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്തൂപവും സ്ഥാപിച്ചിരുന്നു. പ്ലാന്റേഷന് കോര്‍പ്പറേഷനു സമീപം പുതിയ പാലം നിര്‍മിച്ചപ്പോള്‍ സ്തൂപം ഇവിടെനിന്ന് നീക്കി.
തുരങ്കം മറയമ്പോള് മായാത്ത ഓര്‍മകള്‍
ഇരട്ടത്തുരങ്കങ്ങള്‍ ഓര്‍മയാകുമ്പോള്‍ നിര്‍മാണത്തിന്റെ അവസാനകാലത്ത് ആ ഉദ്യമത്തില്‍ മെട്രോമാന് ഇ.ശ്രീധരനും പങ്കാളിയായിരുന്നു ആ കാലം അദ്ദേഹം ഓര്‍ത്തെടുക്കുന്നു:-
'റെയില്‍വേ അസിസ്റ്റന്റ് എന്‍ജിനീയറായാണ് ഞാന്‍ കോട്ടയത്തെത്തുന്നത്. സര്‍വീസില്‍ കയറിയിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. അവസാനത്തെ എട്ടുമാസമാണ് ടണല്‍ നിര്‍മാണത്തില്‍ പങ്കാളിയായത്. മൂന്നുവര്‍ഷം എടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍. കട്ട് ആന്‍ഡ് കവര്‍ രീതിയിലായിരുന്നു ഒരു ടണലിന്റെ നിര്‍മാണം. മണ്ണ് കട്ട് ചെയ്ത് കോണ്ക്രീറ്റ്കൊണ്ട് കവര്‍ ചെയ്തായിരുന്നു നിര്‍മാണം. ഇതിനിടെയായിരുന്നു ആ ദുരന്തമുണ്ടായത്. മണ്ണിടിഞ്ഞ് ആറുപേര്‍ മരിച്ചത് ഇന്നും വേദനിക്കുന്ന ഓര്‍മയാണ്. അപകടമുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ കോട്ടയത്തെത്തുന്നത്. അന്ന് ജുഡീഷ്യല്‍ എന്‍ക്വയറിയൊക്കെ നടന്നതാണ്. പിന്നീടത് പ്രകൃതിദുരന്തമായി കണക്കാക്കുകയായിരുന്നു. ബ്രോഡ് ഗേജിന്റെ അളവിലാണ് അന്ന് ടണലുകള്‍ നിര്‍മിച്ചത്. കോട്ടയം റെയില്വേസ്റ്റേഷന് സ്ഥിതിചെയ്യുന്ന സ്ഥലംതന്നെ പ്രത്യേകതയുള്ളതാണ്. ഒന്നാം പ്ലാറ്റ്ഫോം താഴെയാണ്. ഭൂമിയുടെ ഈ പ്രത്യേകത തന്നെയായിരുന്നു തുരങ്കനിര്‍മാണത്തിലെ വെല്ലുവിളി. തുരങ്കം നിര്‍മിക്കാതെ പാത നിര്‍മിക്കാല്‍ പല വഴികളും നോക്കി. പക്ഷേ, വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല വിചാരിച്ചതിലധികം പ്രശ്നങ്ങളുണ്ടായി. മണ്ണ് താഴ്ന്നുപോകുന്നതായിരുന്നു വെല്ലുവിളി. കെ-റെയില്‍ നിര്‍മാണത്തെ ഞാന്‍ എതിര്‍ക്കുന്നതിന്റെ കാരണവും ഇതേ പ്രശ്നം മുന്‍നിര്‍ത്തിയാണ്.
ഒരു മാസത്തെ ജോലികള്‍ ബാക്കി; പുതിയമുഖത്തോടെ കോട്ടയം സ്റ്റേഷന്
1.അഞ്ച് പ്ലാറ്റ്ഫോമുകള്. മെമു വണ്ടികള്‍ക്ക് വേണ്ടി ചെറിയ പ്ലാറ്റ്ഫോം.
2.അഞ്ച് പ്ലാറ്റ്ഫോം വരുന്നതോടെ തീവണ്ടി സര്‍വീസ് തുടങ്ങാന്‍ പറ്റുന്ന സ്റ്റേഷനായി ഇവിടെ മാറാം.
2.നാഗമ്പടത്ത് രണ്ടാം പ്രവേശന കവാടം തുറക്കും. വടക്കുഭാഗത്തുനിന്ന് വരുന്നവര്‍ ഇനി സ്വകാര്യ ബസ്സ്റ്റാന്‍ഡ് ചുറ്റി പോകേണ്ടതില്ല.
3.നാഗമ്പടം മേല്‍പ്പാലം ഭാഗത്തുനിന്ന് സ്വകാര്യ ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകാന്‍ പുതിയ നടപ്പാലം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..