സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ.ഫോട്ടോ:വി.പി പ്രവീൺ കുമാർ
സംഘട്ടനം ത്യാഗരാജന്‍ എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കുമ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ആര്‍ത്ത് വിളിക്കുന്ന ഒരു സിനിമാക്കാലമുണ്ടായിരുന്നു തെന്നിന്ത്യയില്‍. നടനേയും നടിയേയും നോക്കാതെ ത്യാഗരാജനെ നോക്കി സിനിമ കണ്ടിരുന്ന ആരാധകര്‍. ആ സംഘട്ടന ആരാധനയക്ക് ഇന്ന് ആറ് പതിറ്റാണ്ട് പിന്നിട്ട് കഴിഞ്ഞിരിക്കുന്നു. ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ഇന്ന് 81 വയസ്സായി. ഈ പ്രായത്തിലും ഇന്ത്യന്‍ ടു എന്ന കമലഹാസന്റെ സിനിമയുടെ സംഘട്ടന സംവിധായകനാണ് ത്യാഗരാജന്‍. സെറ്റില്‍ നിന്നും രണ്ട് ദിവസത്തെ അവധിയെടുത്ത് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ ത്യാഗരാജന്‍ മാസ്റ്റര്‍ തന്റെ അവിസ്മരണീയമായ ജീവിതം പറയുന്നു.
സിനിമാ ജീവിതം തുടങ്ങുന്നത് ഏത് വര്‍ഷമാണ്?
1958-ല്‍ പ്രിയതമ എന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമാരംഗത്തേക്ക് വരുന്നത്. ഈ സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തത് തിരുവനന്തപുരത്ത് നിന്നാണ്. 1968-ല്‍ സ്റ്റണ്ട് മാസ്റ്ററാവുകയും ചെയ്തു. ഞാന്‍ ജോലി ചെയ്തതില്‍ ഭൂരിഭാഗം സിനിമയും മലയാളത്തിലാണ്. മലയാളികളാണ് എനിക്ക് വലിയ പ്രധാന്യം നല്‍കിയത്. എന്നെ നടനോടൊപ്പമുള്ള സ്ഥാനത്തിരുത്തിയത്. വലിപ്പ ചെറുപ്പമില്ലാതെ കൂടെ കൂട്ടിയത്.
സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുന്നു. ഫോട്ടോ:മധുരാജ് മാതൃഭൂമി
കര്‍ഷക പശ്ചാത്തല കുടുംബത്തില്‍ നിന്ന് എങ്ങനെയാണ് സ്റ്റണ്ട് മാസ്റ്റര്‍ പദവയിലേക്കെത്തുന്നത്?
സിനിമയില്‍ അഭിനയിക്കുക എന്നത് ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു. മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെ നാടുവിടാന്‍ തീരുമാനിച്ചു. മദ്രാസിലേക്ക് പോവുന്ന ലോറിയുടെ മുകളില്‍ കയറിയാണ് നാടുവിട്ടത്. ഒരുപാട് കഷ്ടപ്പെട്ടു. അഭിനയത്തിനായി പലവഴികളും നോക്കി. പക്ഷെ ഒന്നും നടന്നില്ല. അങ്ങനെയാണ് സ്റ്റണ്ട് പഠിക്കാന്‍ തീരുമാനിച്ചത്. സ്റ്റണ്ട് മാസ്റ്റര്‍ പുലികേശിയുടെ സഹായിയായിട്ടാണ് തുടക്കം. സ്റ്റണ്ട് പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു. ഈ രൂപത്തിലുള്ള നിങ്ങള്‍ക്ക് ഇത് വേണോ എന്നും നാട്ടിലേക്ക് തിരിച്ചുപോവുന്നതല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു. പക്ഷെ ഞാന്‍ ഉറച്ച് നിന്നു. അങ്ങനെ സ്റ്റണ്ട് പഠിത്തം തുടങ്ങി. ഒരു ആറ് മാസത്തിനുള്ളില്‍ തന്നെ ഞാന്‍ അവിടത്തെ ഹെഡ് ആയി. പിന്നെ പുലികേശി മാസ്റ്റര്‍ എവിടെ പോവുമ്പോഴും എന്നെ കൂട്ടും. ഏറെ അപകടമുള്ള പണിയാണെങ്കിലും ഇതാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. പക്ഷെ ഏറെ സന്തോഷത്തോടെയാണ് ഇന്നും ജോലി ചെയ്യുന്നത്. മരിക്കുന്നത് വരെ അത് തുടരണമെന്നാണ് ആഗ്രഹം.
മാഷ് പുലികേശിയെ കുറിച്ച് പറഞ്ഞു, അദ്ദേഹവുമായുള്ള ബന്ധം എങ്ങനെയായിരുന്നു?
സ്റ്റണ്ട് രംഗത്തെ എന്റെ ആശാനാണ് പുലികേശി. മലയാളിയാണ് പാലക്കാട്ടുകാരനാണ്. സിനിമയ്ക്ക് വേണ്ടി ഒരു സ്റ്റണ്ട് മാസ്റ്റര്‍ മരിക്കുന്നത് തന്നെ പുലികേശിയുടെ കാര്യത്തിലാണ് ആദ്യം സംഭവിച്ചത്. കാട്ടുമല്ലികയെന്ന സിനിമയ്ക്കിടെയായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടയില്‍ ഒരു പുലിയുമായിട്ടുള്ള സംഘട്ടന രംഗമുണ്ടായിരുന്നു. പുതിയ പുലിയെ ആയിരുന്നു അന്ന് സെറ്റിലേക്ക് കൊണ്ടുവന്നത്. പക്ഷെ എന്റെ ആശാന്‍ പുലിപിടിത്തത്തില്‍ ചാമ്പ്യനായിരുന്നു. എല്ലാവരും പറഞ്ഞു അത് വേണ്ടെന്ന് പക്ഷെ പുലികേശി ഡ്യൂപ്പ് ആവുകയായിരുന്നു. തെന്‍മലയിലായിരുന്നു ഷൂട്ട്. പുലി ദേഷ്യം കൊണ്ട് അടിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഷൂട്ട് മുടക്കേണ്ടെന്നായിരുന്നു സിനിമാ നിര്‍മാതാവിന്റെയടക്കം തീരുമാനം. അപ്പോള്‍ പുലികേശി മാഷ് തന്നെയാണ് എന്നെ സജസ്റ്റ് ചെയ്തത്. മെലിഞ്ഞൊരു പയ്യനുണ്ടാവും അവന്‍ ചെയ്യുമെന്നായിരുന്നു മാസ്റ്റര്‍ പറഞ്ഞുകൊടുത്തിരുന്നത്. അങ്ങനെയാണ് ഞാന്‍ വരുന്നത്. ആ സമയം പുലികേശി മാഷ് മരിക്കുകയും ചെയ്തു. പുലികേശിയുടെ മരണത്തെ തുടര്‍ന്നാണ് സംഘട്ടന ജോലിക്കാര്‍ക്കായി യൂണിയന്‍ തുടങ്ങുന്നത്. ഇന്ന് 630 ഓളം അംഗങ്ങളുള്ള സംഘടനയായി മാറുകയും ചെയ്തു. എനിക്ക് ആദ്യമായി സംഘട്ടനത്തിന്റെ ബാലപാഠം പറഞ്ഞുതന്നത് പുലികേശിയാണ്. മലയാളത്തിലും തമിഴിലും എന്ന് വേണ്ട പല ഭാഷകളില്‍ ഞാന്‍ സംഘട്ടനം ചെയ്തു. അതിനെല്ലാം വഴിത്തിരിവായത് അദ്ദേഹമാണ്.
ഒരുപാട് സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ഉണ്ടായിരുന്ന കാലത്താണ് താങ്കളും കത്തിക്കയറുന്നത്. ഒരു സമയത്ത് ഇന്‍ഡസ്ട്രിക്കുള്ളില്‍ നിന്ന് ജീവന് പോലും ഭീഷണിയുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
ഉണ്ടായിരുന്നു. അസൂയ ആയിരുന്നു കാരണം. എന്നെ വകവരുത്താന്‍ ഗുണ്ടകളെയൊക്കെ ഏര്‍പ്പാടാക്കിയിരുന്നു. വിഷ പ്രയോഗം വരെ നടത്താന്‍ നോക്കി. ഈശ്വരാധീനം കൊണ്ടുമാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇക്കാര്യങ്ങളെല്ലാം എം.ജി.ആര്‍ അറിഞ്ഞു. പിന്നെ എന്റെ വണ്ടിക്ക് മുന്നിലും പിന്നിലും എസ്‌കോര്‍ട്ട് വരാന്‍ തുടങ്ങി. ഇതെല്ലാം ഏര്‍പ്പാടാക്കി തന്നത് എം.ജി.ആറാണ്. എം.ജി.ആറാണ് എന്റെ സംരക്ഷണമുറപ്പാക്കുന്നത് എന്ന് മനസ്സിലാക്കിയ എതിരാളികള്‍ പിന്നീട് എനിക്കുപുറകെ വന്നില്ല. ഷൂട്ടിങ്ങിന് പോവുമ്പോഴും തിരിച്ചുവരുമ്പോഴുമെല്ലാം പോലീസ് സംരക്ഷണമായിരുന്നു ഉണ്ടായിരുന്നത്. എം.ജി.ആറുമായി നല്ല ബന്ധത്തിലായിരുന്നു. അത് പിന്നീടും തുടര്‍ന്ന് പോന്നു.
എം.ജി.ആറുമായി ബന്ധപ്പെട്ട് വേറൊരു സംഭവമുണ്ടായി. ഒരു ഹിന്ദിപടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. റെയില്‍വേ ട്രാക്കിലാണ് ഷൂട്ട്. ട്രെയിന്‍ വരുമ്പോള്‍ ഗേറ്റ്കീപ്പര്‍ ഗേറ്റ് അടക്കും. പുറകില്‍ ഒരു ജീപ്പ് വരും അതിന്റെ പുറകില്‍ കാറില്‍ ഹീറോ വരും. ജീപ്പ് ബ്രേക്ക് ഇടണം, ഇതാണ് ഷൂട്ട്. ഗേറ്റ് കീപ്പറായി നില്‍കുന്നത് ഡ്യൂപ്പ് ആയി അഭിനയിക്കുന്ന നടരാജനാണ്. പക്ഷെ ജീപ്പ് ബ്രേക്കിടാന്‍ വൈകി. നടരാജന്‍ ഗേറ്റില്‍ കൈവെച്ച് നില്‍ക്കുകയായിരുന്നു. ജീപ്പ് ഇടിച്ചതോടെ നടരാജന്‍ തെറിച്ചു വീണു. ട്രെയിന്‍ പോയിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. കുടുങ്ങിപ്പോയ നടരാജന്റെ മൃതദേഹം എട്ട് കഷണങ്ങളായാണ് ചിന്നിച്ചിതറിയത്. പിന്നീട് അതെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു മൃതദേഹം പോലെയാക്കിയാണ് കുടുംബത്തിന് നല്‍കിയത്. ഇതിനെല്ലാം എ.ജി.ആറിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു.
അടിയന്തരാവസ്ഥാക്കാലം സംഘട്ടന കലാകാരന്മാരെല്ലാം വലിയ പ്രതസന്ധിയാണ് നേരിട്ടത്. എങ്ങനെയാണ് അതിജീവിച്ചത്?
സംഘട്ടനങ്ങള്‍ കാണിക്കുന്നതിനും മൃഗങ്ങളെ കാണിക്കുന്നതിനുമെല്ലാം ആ സമയത്ത് വിലക്കായിരുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് സംഘട്ടന കലാകാരന്മാരെയായിരുന്നു. പലരും ആത്മഹത്യ ചെയ്തു. ഞാന്‍ നാടുവിടാന്‍ തീരുമാനിച്ചു. എങ്ങനെ ജീവിക്കും. ഇതറിഞ്ഞ ഡയറക്ടര്‍ ശശികുമാറും, ശ്രീകുമാരന്‍ തമ്പിയുമെല്ലാം എന്നെ വിളിച്ചു. എന്നോട് ചോദിച്ചു. എത്ര ശമ്പളമുണ്ടാവും. ഞാന്‍ പറഞ്ഞു ഒരു 5000 രൂപയുണ്ടാവും സര്‍. അങ്ങനെ ഒരുമാസം ശശികുമാറും, അടുത്തമാസം ശ്രീകുമാരന്‍ തമ്പിയും നല്‍കാമെന്നേറ്റു. എത്രകാലം നീണ്ട് പോവുന്നോ അത്രയും കാലം ഞങ്ങള്‍ തരാമെന്ന് അവര്‍ ഏറ്റു. അങ്ങനെയാണ് നാടുവിടുക എന്ന തീരുമാനത്തില്‍ നിന്ന് മാറിയത്.
ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ എങ്ങനെയായിരുന്നു?
ഞാന്‍ ഒരുപാട് നടന്‍മാര്‍ക്ക് വേണ്ടി ഡ്യൂപ്പ് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ചെയ്തത് പ്രേംനസീറിനൊപ്പമാണ്. സത്യന്‍, മധു, തുടങ്ങി നിരവധി നടന്‍മാര്‍ക്കൊപ്പവും ഡ്യൂപ്പ് ചെയ്തിരുന്നു. പക്ഷെ എനിക്ക് ഡ്യൂപ്പ് വേണ്ടെന്നും പറഞ്ഞായിരുന്നു കൊല്ലത്തുകാരനായ കൃഷ്ണന്‍ നായര്‍ എന്നയാള്‍ സിനിമയിലേക്ക് കടന്ന് വന്നത്. പിന്നീടാണ് ജയന്‍ എന്ന പേര് സ്വീകരിച്ചത്. നാവിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു. എന്ത് വെല്ലുവിളികളുള്ള ഷോട്ടും എടുക്കാന്‍ ജയന്‍ തയ്യാറായിരുന്നു. പലപ്പോഴും ഞാന്‍ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ക്കപ്പുറം ചെയ്തു. പിന്നീട് ജയന്‍ സിനിമയില്‍ കത്തിക്കയറി. തന്റെ അവസാന നാളില്‍ ജയനെ കോളിളക്കത്തിന്റെ സെറ്റിലേക്ക് പറഞ്ഞുവിട്ടത് ഞാനായിരുന്നു. ഒരുപക്ഷെ ഞാന്‍ അങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കില്‍ ജയന്‍ ആ അപകടത്തില്‍ പെടില്ലായിരുന്നു. ആദ്യം ഞാന്‍ പോവാന്‍ സമ്മതിച്ചില്ലായിരുന്നു. അപ്പോള്‍ എനിക്ക് വാക്ക് തന്നു നാളത്തെ വൈകുന്നേരത്തെ വിമാനത്തിന് തിരിച്ച് വരും, അല്ലെങ്കില്‍ എന്റെ ബോഡി വരും. അത് കേട്ടതോടെ ഞാനൊരു അടി കൊടുത്തു. എനിക്ക് മകനെ പോലെയായിരുന്നു ജയന്‍. എന്നിട്ട് പോയ്‌ക്കോളാന്‍ പറഞ്ഞു. വേറൊരു സിനിമയുടെ ലൊക്കോഷനില്‍ നിന്നായിരുന്നു ജയന്റെ പോക്ക്. പക്ഷെ ആ പോക്ക് ജയന്‍ പറഞ്ഞ പോലെ അവസാന പോക്കായി.
ജയന്‍ മരിച്ചുകഴിഞ്ഞ് മൃതദേഹം കാണാന്‍ ഞാന്‍ കൊല്ലത്ത് പോയിരുന്നു. പക്ഷെ ജനങ്ങള്‍ വിചാരിച്ചത് ഞാനാണ് ജയനെ കൊന്നതെന്നാണ്. അവര്‍ ക്ഷുഭിതരായി. ഞാന്‍ വന്നാല്‍ കൊല്ലുമെന്ന് പറഞ്ഞു. കാരണം അക്കാലത്ത് ജയന്റെ മിക്ക പടങ്ങള്‍ക്കും ഞാനായിരിക്കും സംഘട്ടനം . അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു ജയനെ കൊന്നതും ഞാനായിരിക്കുമെന്ന്. ഇക്കാര്യം പോലീസുകാരടക്കം എന്നോട് പറഞ്ഞു. പോകരുതെന്ന് താക്കീത് ചെയ്തു. പക്ഷെ ഞാന്‍ പോവണമെന്ന് നിര്‍ബന്ധിച്ചു. ഒടുവില്‍ മുന്നോട്ട് പോയി. കുറച്ചപ്പുറം ചെന്നപ്പോള്‍ പത്ത് നൂറുപേര്‍ ചേര്‍ന്ന് എന്റെ കാറിന് മുന്നില്‍ ചാടി. മുകളില്‍ കയറി. കല്ലെറിഞ്ഞു, ഗ്ലാസും ലൈറ്റുമെല്ലാം പൊളിച്ചു.പോലീസ് എത്തിയാണ് എന്നെ രക്ഷിച്ചത്. ഇതെല്ലാം വലിയ ഓര്‍മ തന്നെയാണ്. വയസ്സ് ഇത്രയായെങ്കിലും സിനിമ ചെയ്യണമെന്നുണ്ട്. അത് നടക്കാന്‍ ദൈവാനുഗ്രഹമുണ്ടാകട്ടെ എന്നാണ് പ്രാര്‍ഥന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..