.
ടീമിൽ വരുന്ന സുപ്രധാന മാറ്റങ്ങളെ കുറിച്ചും ആരാധകരുടെ പിന്തുണ എങ്ങനെ പ്രകടനത്തെ ബാധിക്കുന്നുവെന്നും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് എഫ്.സി. ഗോവയുടെ ഫുട്‌ബോൾ ഡയറക്ടർ രവി പുഷ്‌കർ സംസാരിക്കുന്നു.
ആരാധക കൂട്ടായ്മകളെക്കുറിച്ചും അവർ ഇന്ത്യയൊട്ടാകെ എങ്ങനെ വ്യാപിച്ചിരിക്കുന്നുവെന്നും വ്യക്തമാക്കാമോ?
ഗോവയിൽ ശക്തമായ ആരാധക കൂട്ടായ്മകളുള്ളതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലും ക്രിക്കറ്റ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഗോവയിൽ ഫുട്ബോളാണ് ഒന്നാമതാണ്. അതിനാൽ ഞങ്ങൾക്ക് എപ്പോഴും ഹോം സപ്പോർട്ടുണ്ട്. അതിന് പുറമേ 2016-17 മുതൽ ഞങ്ങളുടെ ബ്രാൻഡിനെ കെൽപ്പുള്ളതാക്കിയും മൈതാനത്ത് കൂടുതൽ പരിശ്രമങ്ങൾ നടത്തിയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഞങ്ങൾ കടന്നുചെന്നു.
ഞങ്ങളുടെ കളിരീതി, അതിന്റെ ചാരുത, കൊണ്ടുവരുന്ന താരങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ആരാധകവൃന്ദത്തെ ശക്തമാക്കാൻ സഹായിച്ചിട്ടുണ്ട്. മുംബൈ, ബെംഗളൂരു നഗരങ്ങളിൽ ഗോവക്കാർ സജീവ സാന്നിധ്യമായതിനാൽ അവിടെയൊക്കം ഞങ്ങളുടെ മത്സരം കാണാൻ വരുന്ന നിരവധി പേരുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. വടക്കുകിഴക്ക് പ്രദേശങ്ങൾ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെല്ലാം ഞങ്ങൾ ഫുട്ബോൾ ആക്ടിവിറ്റികൾ ചെയ്യുന്നുണ്ട്. കേരളത്തിലും ചെറിയ പ്രോജക്ടുകളുമായി സഹകരിക്കുന്നുണ്ട്. രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാൻഡുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ശ്രമമാണത്.
സമൂഹമാധ്യമങ്ങളിലടക്കമുള്ള ആരാധകകൂട്ടായ്മകളുടെ വളർച്ച എങ്ങനെയാണ്?
സ്ഥിരമായ വളർച്ചയാണുള്ളത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലേതുപോലെ കുത്തനെയുള്ള വളർച്ച ഈ വർഷമുണ്ടെന്ന് തോന്നുന്നില്ല. മുൻകാലങ്ങളിലുള്ളതു പോലെയുള്ള പ്രകടനം ടീം ഈ വർഷം കാഴ്ചവെക്കാത്തതാണ് കാരണം. അടുത്ത സീസണിൽ ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. 20 ലക്ഷം താമസക്കാരുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ, രാജ്യത്തെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിലൊന്നിനെ ആസ്വദിപ്പിക്കുകയെന്നത് പോസിറ്റീവായ കാര്യമാണ്, അത് വരാഷാവർഷം വർധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
ആദ്യത്തെ ഏഴ് സീസണുകളിൽ ആറ് തവണയും ഗോവ സെമിയിലെത്തിയിട്ടുണ്ട്. 2015, 2019 വർഷങ്ങളിൽ ഫൈനലിലും. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അത്ര മികച്ചതായിരുന്നില്ല. ടീമിന്റെ പ്രകടനം. ഇത് ആരാധകവൃന്ദത്തെ ബാധിക്കുന്നുണ്ടോ?
തീർച്ചയായും. ഒരു ഫുട്ബോൾ ക്ലബ്ബ് എന്ന നിലയിൽ ആദ്യത്തേയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഓഹരി ഉടമകൾ ആരാധകരാണ്. ടീമിന്റെ പ്രകടനങ്ങൾ മികച്ചതല്ലെങ്കിൽ ആരാധകർക്ക് പ്രതീക്ഷിക്കാൻ യാതൊന്നുമില്ല. ഞങ്ങൾക്ക് തുടക്കം മുതൽ തന്നെ ബോധ്യമുള്ള കാര്യമാണത്. ഫുട്ബോൾ ഒരു കായിക ഇനമാണ്, മത്സരാധിഷ്ഠിതമാണ്.
മത്സരങ്ങളില്ലാത്ത കഴിഞ്ഞ കുറേ മാസങ്ങളായി ആരാധകരെ സ്റ്റേഡിയങ്ങളിലേക്കും ടിവി സ്‌ക്രീനുകളിലേക്കും തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ് ഞങ്ങൾ. എല്ലാവരുടേയും ഇഷ്ടക്ലബ്ബായി വീണ്ടും മാറുക. അതാണ് ആരാധകരെ ആകർഷിക്കുന്നതും അവർക്ക് കാണേണ്ടതും. ഞങ്ങളുടെ കാര്യത്തിൽ അത് ക്ലബ്ബിനോടുള്ള അടുപ്പമായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഫുട്ബോളെന്ന ബ്രാൻഡ് കാരണം.
ഇന്ത്യയിൽ ഫുട്ബോളിനുള്ള കാഴ്ചക്കാർ ക്രിക്കറ്റിനുള്ളതിനേക്കാൾ കുറവാണ്. നിങ്ങളുടെ കാഴ്ചയിൽ ഇതിൽ എങ്ങനെയാണ് മാറ്റമുണ്ടാവുക?
1983 മുതൽ പരമ്പരാഗതമായി ക്രിക്കറ്റിനെ പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. ലോകകപ്പ് വിജയത്തോടെ വലിയൊരു കുതിച്ചുചാട്ടമുണ്ടായി. കൂടുതൽ ആരാധകർ പിന്തുടരാൻ തുടങ്ങി. താരങ്ങളും വളർന്നുവരാൻ തുടങ്ങി. ആ കായികരംഗത്തെ ഏറ്റവും വലിയ സാമ്പത്തികശക്തി കൂടിയാണ് ഇന്ത്യ. എന്നാൽ, ഫുട്ബോൾ ഇവിടെ പ്രാരംഭഘട്ടത്തിലാണ്. ലോകനിലവാരത്തിൽ കളിക്കുന്ന സൂപ്പർതാരങ്ങളില്ല. ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് നൽകുന്ന സംഭാവനകൾ വളരെ മികച്ചതാണ്. ഇന്ത്യൻ ഫുട്ബോൾ ഇതുവരെ അത് നൽകിയിട്ടില്ല.
കഴിഞ്ഞ ഏഴോ എട്ടോ സീസൺ നോക്കുകയാണെങ്കിൽ ഐ.എസ്.എൽ. വന്നതിന് ശേഷം നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. രാജ്യത്തുടനീളം ഫുട്ബോൾ ക്ലബ്ബുകളുടെ അടിത്തറ സൃഷ്ടിക്കാനായി. പൊതുജനത്തിനു കൂടുതൽ താത്പര്യമുണ്ടാകുകയും നിരവധി കുട്ടികൾ പ്രൊഫഷണലായിട്ടുള്ള അവസരമായി ഇതിനെ കാണുകയും ചെയ്തു. താഴെത്തട്ടിൽ ഫുട്‌ബോൾ വ്യാപിക്കുകയും അക്കാദമികൾ ഉയർന്നുവരികയും ഇത് കാഴ്ചക്കാരുടെ എണ്ണത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ കായികരംഗവുമായി ജനങ്ങൾ ദിവസേന ഇടപഴകുകയാണ്. അവർക്ക് അവരോടൊപ്പം ചേർത്തുവെക്കാനുള്ള ഒരു ടീം ഇന്നുണ്ട്. ഞങ്ങളെക്കുറിച്ച് മാത്രമല്ല പറയുന്നത്, രാജ്യമെമ്പാടുമുള്ള ക്ലബ്ബുകളെക്കുറിച്ച് കൂടിയാണ്.
നിങ്ങൾ കേരളത്തിലെ ഒരു കുട്ടിയാണെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഒന്നുണ്ട്. അയൽവാസി ഒരു മത്സരം കാണുകയാണെങ്കിൽ കുറച്ചുപേർ കൂടി ഇത് പിന്തുടരും. ക്രിക്കറ്റിന്റെ കാര്യമിങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. ആഗോളവത്കരണം, വാണിജ്യവത്കരണം, വിതരണം എന്നിവയിലെല്ലാം ക്രിക്കറ്റ് വളരെ മുന്നിലാണ്. ഫുട്ബോളിനെ സംബന്ധിച്ച് ഒരു രാത്രി കൊണ്ട് ഇങ്ങനെ സംഭവിക്കില്ല. സമയമെടുക്കുന്ന ഒരു പ്രക്രിയയാണിത്. കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുകയാണ്.
കഴിവുള്ള നിരവധി താരങ്ങൾ ഉയർന്നുവരുമ്പോഴാണ് ഫുട്ബോളും തളിർക്കുന്നത്. ഉറങ്ങികിടക്കുന്ന ശക്തിയായിട്ടാണ് ഫിഫ പോലും ഇന്ത്യയെ പരിഗണിക്കുന്നത്. അവസരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞുകഴിഞ്ഞു. ആ അവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ ഫുട്ബോൾ ജനപ്രിയമാകുന്നതിലേക്ക് പതിയെപ്പതിയെ ചുവടുവെക്കാനാകും.
ക്ലബ്ബിന് വിവിധ വ്യവസായങ്ങളിൽനിന്നു നിരവധി സ്പോൺസർമാരുണ്ട്. ബ്രാൻഡ് സ്പോൺസർഷിപ്പുകളെക്കുറിച്ചും വളർച്ചയെക്കുറിച്ചും പറയാമോ?
ജീവിതത്തിന്റെ വിവിധ മേഖലകളിൽനിന്നുമുള്ള ബ്രാൻഡുകൾ ഞങ്ങളെ സ്പോൺസർ ചെയ്യുന്നുണ്ട്. ഓരോന്നിനും വ്യത്യസ്ത കാഴ്ചപ്പാടുകളായിരിക്കും. വ്യത്യസ്ത ലക്ഷ്യങ്ങളായിരിക്കും. അനുയോജ്യമാണെന്ന് തോന്നിയ ഗോവയിലെ വിപണിയിലേക്കാണ് ചിലരുടെ വരവ്. ഫുട്ബോൾ താഴേത്തട്ടിലുള്ളവരും കുട്ടികളുമായി നിരന്തരം ഇടപഴകുകയും ജനങ്ങളെ ആനന്ദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മറ്റു ചിലർ. എന്നാൽ കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും സ്റ്റേഡിയത്തിൽ ചിലവഴിക്കേണ്ടി വരുന്ന ക്രിക്കറ്റ് പോലെയല്ല ഫുട്ബോൾ.
ഇന്ന് ഫുട്ബോളിനെ പിന്തുടരുന്നവർ കൂടിവരുന്നുണ്ടോ?
രാജ്യത്തുടനീളമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി. ഗോവ, എ.ടി.കെ. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ടീമുകൾ ഈ രംഗത്ത് വളരെയധികം താത്പര്യം കൊണ്ടുവരുന്നവരാണ്. ഇങ്ങനെ സ്വയം അണിനിരത്തുന്ന നിരവധി ക്ലബ്ബുകളുണ്ടെന്ന് എ.ഐ.എഫ്.എഫ്. തിരിച്ചറിഞ്ഞിട്ടുണ്ട്. ആ പ്രക്രിയയെ സഹായിക്കാനും അവർ ശ്രമിക്കുന്നുണ്ട്.
ധാരാളം ഫുട്ബോൾ മൈതാനങ്ങൾ രാജ്യത്തുടനീളം വളരുന്നുണ്ട്. ഫുട്ബോൾ മൈതാനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുൽമൈതാനങ്ങൾ മാത്രമല്ല, ടർഫുകൾ കൂടിയാണ്. യഥാർഥത്തിൽ വളരെ ലളിതമായ കളിയാണിത്. ആവശ്യമായ ഉപകരണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ക്രിക്കറ്റിനേക്കാൾ ലാഭകരമാണ്.
പണ്ട് ഇല്ലാതിരുന്ന പ്രാദേശികമായ അടുപ്പം ഇപ്പോഴുണ്ട്. നേരത്തേ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ ക്ലബ്ബിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ശരാശരി ഫുട്ബോൾ ആരാധകൻ ലോകകപ്പോടെ അത് നിർത്തുന്നു. എന്നാൽ ഇപ്പോൾ അവർക്ക് പ്രാദേശികമായി ബന്ധിപ്പിക്കാൻ പറ്റുന്ന ചിലതുണ്ട്.
ഐ.എസ്.എല്ലിന്റെ വരവിന് ശേഷം സ്പോൺസർഷിപ്പിന്റെ മൂല്യത്തിൽ എന്ത് വളർച്ചയാണ് ഉണ്ടായത്?
വർഷങ്ങളായി താത്പര്യം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. സ്പോൺസർഷിപ്പ് വന്നപ്പോൾ അത് ചില വ്യവസായങ്ങളിൽ മാത്രമായി പരിമിതപ്പെട്ടു. ഇപ്പോൾ അതിൽ വലിയ വൈവിധ്യമുണ്ട്. സീസണുകളിലുടനീളം ടീമുകളിൽ ഗണ്യമായ താത്പര്യവും നിക്ഷേപവുമുണ്ട്. ഫുട്ബോൾ ലീഗുകളിൽ മാത്രമല്ല ആളുകൾ നിക്ഷേപിക്കുന്നത് സംസ്ഥാനത്തും രാജ്യത്തുമുള്ള ഫുട്ബോളിന്റെ എല്ലാ തലങ്ങളിലുമാണ്.
സൂപ്പർ താരങ്ങൾ ഉൾപ്പടെ അഞ്ച് പുതിയ ഇന്ത്യൻ താരങ്ങളെയാണ് കൂടാരത്തിലെത്തിച്ചിട്ടുള്ളത്. അടുത്തിടെ നിങ്ങൾ പരിശീലകനും ടീമുമായുള്ള ബന്ധം അവസാനിപ്പിച്ചു. മാറ്റങ്ങളെക്കുറിച്ച് കൂടുതൽ പറയാമോ? ടീം ലൈനപ്പിൽ ഇടയ്ക്കിടെയുള്ള മാറ്റം ടീമിനെ ബാധിക്കാറുണ്ടോ?
ടീമുമായി ആരാധകർക്ക് ബന്ധമുണ്ടെന്ന് തോന്നുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മൈതാനത്ത് വിജയം കൈവരിക്കാൻ സാധിച്ചാൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. അതാണ് നിങ്ങളുടെ പ്രാഥമിക ഉത്പന്നം. അത് ശരിയായി ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
ക്ലബ്ബ് പരിശീലകനെ മാറ്റി മറ്റൊരാളെ കൊണ്ടുവന്നിട്ടുള്ളത് ആരാധകർ കാണുന്നുണ്ട്. ലീഗിൽ നേരത്തേ വിജയം കൈവരിച്ച, കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെയുള്ള, ഇന്ത്യൻ താരങ്ങളെ വളർത്തിയെടുത്ത പരിശീലകനാണയാൾ. ടീം ഏറ്റവും ഉയരത്തിൽ തന്നെ നിലയുറപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. ലോകമെമ്പാടും ഫുട്ബോളിൽ മാറ്റങ്ങളുണ്ടാകാറുണ്ട്. പക്ഷേ, കാര്യങ്ങളെ കൈകാര്യം ചെയ്ത രീതി വെച്ച് നോക്കുമ്പോൾ ഞങ്ങൾക്ക് സ്ഥിരതയുണ്ട്. അനുഭവസമ്പത്തും ഗുണമേന്മയും കൂടി ഉൾചേർക്കേണ്ടതുണ്ടെന്ന് തോന്നുന്നുണ്ട്. അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഐ.പി.എല്ലിലൂടെ ടി20 താരങ്ങൾ ഉയർന്നുവരുന്നത് ഞങ്ങൾ കണ്ടു. ആഭ്യന്തര താരങ്ങൾ വളർന്നുവരുന്നതിൽ ഐ.എസ്.എൽ. എങ്ങനെയാണ് സഹായിക്കുന്നത്?
ഇന്ത്യയ്ക്ക് പുറത്തുള്ള ക്ലബ്ബുകൾ ഇന്ത്യൻ താരങ്ങളെ നോട്ടമിടുന്നുണ്ടെന്നത് ഇത് സാധൂകരിക്കുന്ന വസ്തുതയാണ്. ആഭ്യന്തര വിപണിയിൽനിന്നല്ല മറിച്ച് ആഗോളതാരങ്ങളുള്ള വിദേശവിപണിയിൽ നിന്ന് ലഭിക്കുന്ന സാധൂകരണമാണത്. ഇന്ത്യൻ താരങ്ങളുടെ വളർച്ച മുമ്പത്തേക്കാളും എത്രയോ കൂടുതലാണ്.
ടോപ് ഫൈവ് യൂറോപ്യൻ ലീഗിൽ കളിക്കുന്ന ലോകോത്തര നിലവാരമുള്ള ഒരു ഇന്ത്യൻ താരത്തിൽനിന്ന് നമ്മളിപ്പോഴും വളരെ അകലെയാണ്. പക്ഷേ അതിലേക്ക് പതിയെപിപതിയെ ചുവടുവെച്ചു കൊണ്ടിരിക്കുകയാണ്.
എഫ്.സി. ഗോവ 'റോഡ് ടു ഗോവ' എന്ന പേരിൽ ഒരു ഓൾ ഫാൻ ലീഗ് സംഘടിപ്പിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനെ കുറിച്ച് വിശദീകരിക്കാമോ?
രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ആരാധകരുമായി കൂടുതൽ അടുക്കുക എന്നതാണ് 'റോഡ് ടു ഗോവ' യുടെ ലക്ഷ്യം. അവധി സമയങ്ങളിൽ പാർട്ടികളിൽ പങ്കെടുക്കാനായി ആളുകൾ വരുന്ന സ്ഥലമായാണ് ഗോവയെ കണക്കാക്കുന്നത്. ആരാധകരേപങ്കെടുപ്പിച്ചുകൊണ്ട് ഇവിടെ ഇങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഫുട്ബോൾ കളിക്കുന്നതിൽ അവർ കൂടുതൽ ഇടപഴകുക എന്നതാണ് ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. കാരണം കൂടുതൽ താരങ്ങളുണ്ടാകുമ്പോൾ ശക്തമായ സംഘമാകും. എല്ലാവർക്കും പ്രൊഫഷണലാവാൻ സാധിക്കില്ലെങ്കിലും ഇതൊരു ശീലമാക്കിയാൽ ഇങ്ങനെയൊരു സംസ്‌കാരം വളർത്തിയെടുക്കാൻ എളുപ്പമാണ്. ഐ.എസ്.എൽ. മത്സരങ്ങളില്ലാത്ത സമയത്ത് ഇത്തരം കാര്യങ്ങൾ ഉറപ്പുവരുത്തുകയെന്നതാണ് 'റോഡ് ടു ഗോവ' കൊണ്ട് ഉദ്ദേശിക്കുന്നത്.
താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ എങ്ങനെയാണ്? എത്രത്തോളം ആളുകൾക്ക് സഹായമായിട്ടുണ്ട്?
ആഴ്ചതോറും ആയിരത്തോളം കുട്ടികൾ രക്ഷിതാക്കളുമൊത്ത് വന്ന് പങ്കെടുക്കുന്നുണ്ട്. ഈ രംഗത്തെ ഇടപഴലുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് അടിത്തട്ടിലുള്ള പ്രവർത്തനത്തിന്റെ ലക്ഷ്യം. കഴിവുള്ളവരെ കണ്ടെത്തുകയെന്നതല്ല പ്രാഥമികമായ ലക്ഷ്യം, മറിച്ച് ഫുട്ബോളുമായി കുട്ടികളെ കംഫർട്ടബിളാക്കുക എന്നതാണ്. മത്സരങ്ങളിൽ മുഴുകാനുള്ള സൗകര്യം ഏർപ്പെടുത്തകയാണിവിടെ. പരിശീലനമല്ല ഇവിടെയുള്ളത്, അവർ മൈതാനത്ത് വന്ന് കളിയിൽ മുഴുകുകയും ആസ്വദിക്കുകയും ചെയ്യുകയാണ്. ആറ് വയസ്സുമുതൽ ഞങ്ങൾ ഇത് ആരംഭിക്കും. 12, 13 വയസ്സാകുമ്പോൾ പ്രത്യേക പരിശീലനങ്ങളുണ്ടാകും.
ബ്രാൻഡിനെ എങ്ങനെയാണ് ഇതുവരെ പ്രൊമോട്ട് ചെയ്തിട്ടുള്ളത്? മാർക്കറ്റിങ്, മീഡിയ പ്ലാനുകൾ എന്തെല്ലാമാണ് ?
ഗോവൻ ആരാധകർക്ക് ടീമുമായുള്ള അടുപ്പം വളരെ പ്രധാനപ്പെട്ടതാണ്. അതിനായി നിരവധി കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എല്ലാവരേയും ഉൾപ്പെടുത്താനാണ് പരമാവധി ശ്രമിക്കുന്നത്.
18 മുതൽ 35 വരെ പ്രായമുള്ള പുരുഷന്മാരാണ് സാധാരണ ഫുട്ബോളിലെ ടാർഗറ്റ് ഓഡിയൻസ്. സ്ത്രീകളുടേയും കുട്ടികളുടേയും ഇടപഴകലുകൾക്കായും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. സമൂഹത്തിന്റെ ഒന്നാകെയുള്ള കൂടിച്ചേരലുള്ള ഒരു കായിക ഇനമായി മാറ്റാനാണ് ശ്രമം. ഞങ്ങളുടെ സ്റ്റേഡിയം നോക്കിയാൽ മികച്ച സ്ത്രീ-പുരുഷ അനുപാതം കാണാം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് നിരവധി കുട്ടികൾ കളി കാണുന്നുണ്ട്.
ഡിന്നർ, സ്‌ക്രീനിങ്ങുകൾ, സൗഹൃദ മത്സരങ്ങൾ, സീസണിന്റെ അവസാനമുള്ള അവാർഡ് നൈറ്റുകൾ എന്നിങ്ങനെയുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ആരാധകർ ഞങ്ങളുടെ ക്ലബ്ബിന്റെ ഭാഗമാണ്. ക്ലബ്ബ് എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നതിനെക്കുറിച്ച് അവരുടെ അഭിപ്രായവും ഞങ്ങൾ കണക്കിലെടുക്കാറുണ്ട്.
ജർമൻ ക്ലബ്ബ് ആർ.ബി. ലെയ്പ്സിഗുമായി എഫ്.സി. ഗോവയ്ക്ക് ഇന്റർനാഷണൽ പാർട്ണർഷിപ്പുണ്ട്. ഇതിനെക്കുറിച്ച് വിശദീകരിക്കാമോ? നിങ്ങൾക്ക് മറ്റു ഇന്റർനാഷണൽ ടൈ-അപ്പുകളുണ്ടോ?
യൂത്ത് പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിലെ മുൻനിരക്കാരാണ് ആർ.ബി. ലെയ്പ്സിഗ്. സ്പോർട്സ് സയൻസ്, ഡാറ്റ, നൂതന ടെക്നോളജികൾ എന്നിവ ഉപയോഗിക്കുന്നതിൽ അവർ മുന്നിലാണ്. എഫ്.സി. ഗോവയിൽ നേടിയെടുക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ അവിടെയുണ്ടെന്നു ഞങ്ങൾക്ക് തോന്നുന്ന ക്ലബ്ബാണിത്. ഈ രംഗത്ത് കുറുക്കുവഴികളില്ല, അതിനുള്ള ശ്രമങ്ങളെ കഴിയുന്നത്ര വേഗത്തിലാക്കാൻ ശ്രമിക്കുക.
ആരംഭിക്കുന്ന ഘട്ടത്തിൽ അവർക്കുണ്ടായ ലക്ഷ്യം തന്നെയാണ് എഫ്.സി. ഗോവയ്ക്കുള്ളതെന്ന് തോന്നിയതിനാൽ ആർ.ബി. ലെയ്പ്സിഗ് ഞങ്ങൾക്ക് ഒരു അവസരം തന്നു. യൂത്ത് ഡെവലപ്മെന്റിലാണ് പാർട്ണർഷിപ്പ് വലിയ തോതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഞങ്ങൾ ഡിജിറ്റൽ അക്കാദമി എന്ന ഐ.പി. സൃഷ്ടിച്ചിട്ടുണ്ട്. നഗരത്തിൽ സാന്നിധ്യമില്ലാതെ തന്നെ ക്ലബ്ബുമായി ഇടപഴകാൻ ഇത് വഴി സാധിക്കും. ട്രെയിനിംഗ് ഗ്രൗണ്ടിൽ ഇല്ലാതെ തന്നെ ഞങ്ങളുടെ പരിശീലകരിൽനിന്ന് പഠിക്കാൻ സാധിക്കും. വർഷം തോറും ഇത്തരം സേവനങ്ങൾ ഞങ്ങൾ തുടരുക തന്നെ ചെയ്യും.
ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്ക് 94 ആയിരുന്നു, 1996-ൽ. ഇപ്പോഴത് 101-ആണ്. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയർത്താൻ ഫെഡറേഷൻ/ കായിക മന്ത്രാലയം എന്നീ തലങ്ങളിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് ?
ഒരു വൻകരപോലെ പരിഗണിക്കാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണത്തിന് മണിപൂരിൽ നടപ്പാക്കാനാവുന്ന ഫുട്ബോൾ ആശയങ്ങൾ ഗോവയിൽ നടപ്പാക്കാൻ സാധിക്കില്ല. കാരണം വ്യത്യസ്ത സംസ്‌കാരങ്ങളും ട്രെൻഡുകളുമാണ് ഉണ്ടാവുക. അതിനാൽ ഓരോ പ്രത്യേക പ്രദേശങ്ങളിലും താരങ്ങൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.
ഗോവ, മിസോറം, കേരള, മഹാരാഷ്ട്ര എന്നിങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളിലെല്ലാം നടപ്പാക്കുന്ന പ്രോഗ്രാമുകൾ കൂട്ടിയോജിപ്പിക്കാനുള്ള മാർഗം കണ്ടെത്തേണ്ടതുണ്ട്.
നാഷണൽ ഫെഡറേഷനുകൾ, കായിക മന്ത്രാലയം തുടങ്ങിയവയ്ക്ക് വലിയൊരു പങ്ക് വഹിക്കാനാവും. ഓരോ പ്രദേശങ്ങളിലും അവിടെയുള്ള ക്ലബ്ബുകൾക്കും അധികൃതർക്കും ഫുട്ബോളിനെ വികസിപ്പിക്കാനാകും. വിവിധ തലങ്ങളിലുള്ളവരെല്ലാം ഒന്നിച്ചാൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ.
മത്സരങ്ങൾ പതിയെ വർധിപ്പിച്ചാൽ മികച്ച താരങ്ങൾ ഉയർന്നുവരുന്നത് കാണാം. അങ്ങനെ താരങ്ങൾ ഉയർന്നുവന്നാൽ ഇതിൽ വലിയ മാറ്റം ദൃശ്യമാകും.
(ഫ്രീ പ്രസ് ജേണലുമായി സഹകരിച്ചു പ്രസിദ്ധീകരിക്കുന്നത്)
Content Highlights: FC Goa, ISL, Indian Football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..