കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചത് അദാനിക്ക് ഒരു തിരിച്ചടിയായി- തോമസ് ഐസക് എഴുതുന്നു


കര്‍ഷകസമരത്തിന്റെ വിജയം രണ്ടുതരം പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. 'മാതൃഭൂമി' യടക്കമുള്ള മാധ്യമങ്ങള്‍ കര്‍ഷക വിജയത്തെ അഭിവാദ്യം ചെയ്തപ്പോള്‍ കോര്‍പ്പറേറ്റ് ബിസിനസ് മാധ്യമങ്ങള്‍ ഖിന്നരാണ്. പരിഷ്‌കാര വേലിയേറ്റത്തിനു വലിയൊരു തിരിച്ചടിയായിട്ടാണ് അവര്‍ ഇതിനെ വിലയിരുത്തുന്നത്. എന്തായിരുന്നു സമരത്തിന്റെ സാഹചര്യം? എന്താണ് ഇനി വേണ്ടത്?


കൃഷിയും അനുബന്ധ മേഖലകളും ഇന്നും 58 ശതമാനം ജനങ്ങളുടെ ഉപജീവന മാര്‍ഗമാണ്. വികസിത രാജ്യങ്ങളില്‍ ഇവര്‍ 5-10 ശതമാനമാണ്. ഏതു കാര്‍ഷിക പരിഷ്‌കാരത്തിനു മുതിരുമ്പോഴും നമ്മള്‍ ഈ വസ്തുത ഓര്‍ത്തേ തീരൂ. ഇതു വിസ്മരിച്ച് കാര്‍ഷികമേഖലയെ പാശ്ചാത്യരാജ്യങ്ങളിലെന്നപോലെ ആധുനികീകരിക്കുന്നതിന് കോര്‍പ്പറേറ്റുകളെ കൂട്ടുപിടിച്ച് ഇറങ്ങിപ്പുറപ്പെട്ടതിന്റെ പരാജയമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.

ഒരുവര്‍ഷത്തിലേറെ നീണ്ട ഐതിഹാസിക കര്‍ഷകസമരത്തിന്റെ വിജയം രണ്ടുതരം പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. 'മാതൃഭൂമി' യടക്കമുള്ള മാധ്യമങ്ങള്‍ കര്‍ഷക വിജയത്തെ അഭിവാദ്യം ചെയ്തപ്പോള്‍ കോര്‍പ്പറേറ്റ് ബിസിനസ് മാധ്യമങ്ങള്‍ ഖിന്നരാണ്.

ഹരിതവിപ്ലവം

ഭൂപരിഷ്‌കരണവും വികസന ബ്ലോക്കുകളുമായിരുന്നു ആദ്യ പഞ്ചവത്സര പദ്ധതികളില്‍ കാര്‍ഷിക വികസനത്തിനു സ്വീകരിച്ച സമീപനങ്ങള്‍. എന്നാല്‍, കേരളമൊഴികെ മറ്റെങ്ങും ഭൂപരിഷ്‌കരണം ഫലപ്രദമായി നടന്നില്ല. കാര്‍ഷിക മുരടിപ്പുമൂലം ക്ഷാമ സാഹചര്യങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു.

ഈ സ്ഥിതിവിശേഷത്തെ മറികടക്കുന്നതിന് കണ്ടെത്തിയ മാര്‍ഗമാണ് ഹരിതവിപ്ലവം. ഭൂപരിഷ്‌കരണത്തെ ഉപേക്ഷിച്ചു. അതിനുപകരം കര്‍ഷക പ്രമാണിമാരെക്കൊണ്ട് ആധുനിക കൃഷിസമ്പ്രദായം സ്വീകരിപ്പിക്കുന്നതിനുള്ള തന്ത്രത്തിലേക്കു നീങ്ങി. ഇതിനായി അത്യുത്പാദനശേഷിയുള്ള വിത്തുകളും ജലസേചനവും രാസവളവും തറവിലയും ഒരു പാക്കേജായി നല്‍കി. ഈ പുതിയ സമീപനത്തിന്റെ ഫലമായി കാര്‍ഷികോത്പാദനം വര്‍ധിച്ചു. ക്ഷാമസാഹചര്യങ്ങള്‍ മറികടന്നു.

ഇന്നു ധാന്യം മിച്ചമാണ്. ആവശ്യത്തിലധികം ധാന്യം ഉള്ളതുകൊണ്ടല്ല. ആവശ്യക്കാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങാനുള്ള പണമില്ലാത്തതും പ്രധാനകാരണമാണ്. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം നാണക്കേടിന്റെ 101 ആണ്. പ്രതിശീര്‍ഷ ധാന്യ ലഭ്യത 1991-ല്‍ 186.2 ആയിരുന്നത് 2016-ല്‍ 177.9-ലേക്ക് താഴ്ന്നു. എന്നാല്‍, ധാന്യത്തില്‍ കേന്ദ്രീകരിക്കുന്നതിനുപകരം കയറ്റുമതി സാധ്യമായ മറ്റു വാണിജ്യ വിളകളിലേക്ക് കൃഷി മാറേണ്ട സമയമായി എന്ന നിഗമനത്തിലാണ് നിതി ആയോഗ് എത്തിയിട്ടുള്ളത്.

കോര്‍പ്പറേറ്റ് കൃഷി

ആര് ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കും? സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് നിതി ആയോഗിന് വേണ്ടത്ര മതിപ്പില്ല. അതുകൊണ്ട് രാജ്യത്തെ കൃഷിയുടെ പുതിയ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കോര്‍പ്പറേറ്റുകളെയാണ് കണ്ടിട്ടുള്ളത്. ഇവര്‍ കൃഷിക്കാരുമായി കരാറിലേര്‍പ്പെടുകയും ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള യന്ത്രങ്ങള്‍ക്കും മറ്റുമുള്ള വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യും. കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുകയും അവ കയറ്റുമതി ചെയ്യുകയോ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുകയോ ചെയ്യും. പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ വന്‍ അഗ്രിബിസിനസ് കമ്പനികള്‍ കാര്‍ഷികമേഖലയുടെ നേതൃത്വം ഏറ്റെടുക്കും.

മൂന്നു കാര്‍ഷിക നിയമങ്ങള്‍

ആദ്യനിയമം പൊതു നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിങ് യാര്‍ഡുകള്‍ ഇല്ലാതാക്കുന്ന നിയമമാണ്. ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാര്‍ക്ക് വിപണന സ്വാതന്ത്ര്യം നല്‍കുന്ന ഏര്‍പ്പാടായിട്ടാണ് ചിലര്‍ ഇതിനെ വാഴ്ത്താറ്. സത്യാവസ്ഥ അറിയണമെങ്കില്‍ മാര്‍ക്കറ്റിങ് യാര്‍ഡുകളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണം.

കാര്‍ഷികോത്പന്നങ്ങളുടെ വിപണി കച്ചവടക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ഇവര്‍ കൊടുക്കുന്ന അഡ്വാന്‍സ് കൊണ്ടാണ് കൃഷിതന്നെ ചെയ്തിരുന്നത്. ഇതു കൊടിയ ചൂഷണങ്ങളിലേക്ക് നയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിങ് യാര്‍ഡുകള്‍ രൂപംകൊണ്ടത്. കച്ചവടക്കാര്‍ക്ക് കടിഞ്ഞാണ്‍വീണു. ഈ യാര്‍ഡുകള്‍ വഴിയാണ് സര്‍ക്കാര്‍ സംഭരണവും നടത്തിയത്. കൃഷിക്കാരുടെ പ്രാതിനിധ്യത്തോടെയുള്ള കമ്മിറ്റിയാണ് ഇതിനെല്ലാം മേല്‍നോട്ടം വഹിച്ചത്.

ഈ സംവിധാനത്തെ പൊളിച്ചാലേ കോര്‍പ്പറേറ്റുകള്‍ക്കു സ്വതന്ത്രമായി കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനാകൂ. പുതിയ നിയമപ്രകാരം മാര്‍ക്കറ്റിങ് യാര്‍ഡുകള്‍ തുടരാം. പക്ഷേ, ഉത്പന്നങ്ങള്‍ അവിടെക്കൊണ്ടുവന്നു വില്‍ക്കണമെന്നു നിര്‍ബന്ധമില്ല. എന്നു മാത്രമല്ല, കുത്തകകള്‍ അവ വാങ്ങി എത്രവേണമെങ്കിലും സംഭരിക്കുന്നത് നിയമവിധേയമാക്കി. അവശ്യസാധന നിയന്ത്രണനിയമവും ഭേദഗതി ചെയ്യപ്പെട്ടു.

ഇല്ലാതാകുന്ന തറവില

മേല്‍പ്പറഞ്ഞ നിയമഭേദഗതികളുടെ ഉന്നം തറവിലയാണ്. മാര്‍ക്കറ്റിങ് യാര്‍ഡുകള്‍ ദുര്‍ബലമാകുന്നതോടെ കൃഷിക്കാരുടെ വിപണനം കോര്‍പ്പറേറ്റുകളുടെ വരുതിയിലാകും. സംഭരണത്തില്‍നിന്ന് പതുക്കെ സര്‍ക്കാരിനു പിന്‍വാങ്ങാം. സര്‍ക്കാര്‍ സംഭരണവും തറവിലയും ഇന്ത്യയിലെ കാര്‍ഷിക വളര്‍ച്ചയെ വികലമാക്കിയെന്നാണ് നിതി ആയോഗിന്റെ കണ്ടെത്തല്‍. തറവില കൃത്രിമമായി വില ഉയര്‍ത്തിനിര്‍ത്തുന്നു. തന്മൂലം ധാന്യകൃഷിയില്‍നിന്ന് കയറ്റുമതിയോന്മുഖമായ മറ്റു വിളകളിലേക്കു നീങ്ങാന്‍ കൃഷിക്കാര്‍ മടിക്കുന്നു. ഉത്പാദനച്ചെലവും 50 ശതമാനം മാര്‍ജിനും വിലയായി ലഭ്യമാക്കണം എന്നായിരുന്നല്ലോ ണ്ടഎം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഇങ്ങനെയുള്ള ഉറപ്പുകളെല്ലാം ഒഴിവാക്കണം, വില കമ്പോളത്തില്‍ തീരുമാനിക്കാന്‍ സൗകര്യം സൃഷ്ടിക്കണം എന്നാണ് നിതി ആയോഗ് കാഴ്ചപ്പാട്.

കൃഷിക്കാര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനും ഇവര്‍ എതിരാണ്. സൗജന്യ വൈദ്യുതിയുള്ളതുകൊണ്ടാണ് ഭൂഗര്‍ഭജലം കൂടുതല്‍ ആഴത്തില്‍നിന്ന് വലിച്ചെടുത്ത് കൃഷി ചെയ്യുന്നത്. ഇതു പരിസ്ഥിതിക്കും ദോഷകരമാണ്. അതുകൊണ്ട് കൃത്രിമ തറവില മാത്രമല്ല, വൈദ്യുതി സൗജന്യവും നിര്‍ത്തലാക്കണം. ഇതാണ് പുതിയ വൈദ്യുതിബില്ലില്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കാര്യം.

കോണ്‍ട്രാക്ട് ഫാമിങ്

അങ്ങനെ സൗജന്യങ്ങളില്‍നിന്നും തറവിലയില്‍നിന്നും സ്വതന്ത്രമാക്കപ്പെട്ട കൃഷിക്കാരെ രക്ഷിക്കാനുള്ള ചുമതല കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണ്. ഇതിനാണ് കോണ്‍ട്രാക്ട് ഫാമിങ് സംബന്ധിച്ച പ്രത്യേക നിയമം.

ചെറുകിട കൃഷിക്കാരും ഭീമന്‍ അഗ്രിബിസിനസ് കമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെടുമ്പോള്‍ ആര്‍ക്കായിരിക്കും മുന്‍കൈയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോണ്‍ട്രാക്ടറുടെ ഇഷ്ടത്തിനൊത്ത് കൃഷിക്കാരന്‍ തുള്ളേണ്ടിവരും. മൂല്യവര്‍ധനയുടെ നേട്ടം അഗ്രിബിസിനസിന്റെ പോക്കറ്റിലേക്കും പോകും.

പ്രശ്‌നങ്ങള്‍ തീരുന്നില്ല ഇനിയെന്ത്?

ഈ മൂന്നു നിയമങ്ങളും പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരുന്നില്ല. തറവില ഉയര്‍ത്തി നിശ്ചയിക്കണം. കാര്‍ഷിക മേഖലയിലെ പൊതു നിക്ഷേപം കുത്തനെ കുറഞ്ഞതാണ് കാര്‍ഷിക ഉത്പാദന ക്ഷമതയുടെ മുരടിപ്പിനു കാരണം. കര്‍ഷകരുടെ പ്രൊഡ്യൂസര്‍ കമ്പനികളിലൂടെ മൂല്യവര്‍ധനയുടെ നേട്ടം കൃഷിക്കാര്‍ക്ക് ലഭ്യമാക്കണം. ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിന് നീര്‍ത്തട വികസന പരിപാടികള്‍ വ്യാപകമാക്കണം.

കേരളത്തില്‍ വാണിജ്യവിളകളാണ് മുഖ്യമായും കൃഷി ചെയ്യുന്നത് എന്നതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലെപ്പോലെ മാര്‍ക്കറ്റിങ് യാര്‍ഡുകളല്ല, അതത് കമോഡിറ്റി ബോര്‍ഡുകളുടെ കീഴില്‍ പ്രത്യേക വിപണനസംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. അവയെല്ലാം ദുര്‍ബലപ്പെടുന്നുവെന്നത് നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്.

എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ശക്തമായ അധികാരവികേന്ദ്രീകരണമുണ്ട്. ഇത് നീര്‍ത്തട വികസനപരിപാടിയുടെ അടിസ്ഥാനത്തില്‍ മൂല്യവര്‍ധിത കൃഷിരീതികള്‍ അവലംബിക്കാന്‍ നമുക്ക് അവസരം നല്‍കുന്നുണ്ട്.

അദാനിയും കാര്‍ഷിക വായ്പകളും

യന്ത്രവത്കരണം, ഗോഡൗണ്‍ ഈടിനു വായ്പ, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സംഘങ്ങള്‍ക്ക് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വായ്പ എന്നിവയ്ക്കായി സംയുക്ത വായ്പ നല്‍കാനാണു പരിപാടി. കൃഷിക്കാരെ തിരഞ്ഞെടുക്കുന്നതും അവരോടു കരാര്‍ ഉണ്ടാക്കുന്നതും അദാനി. പക്ഷേ, 70 ശതമാനം പണം എസ്.ബി.ഐ. നല്‍കും. തിരിച്ചടവ് ഉറപ്പാക്കേണ്ടത് അദാനി. കൃഷിക്കാര്‍ നല്‍കേണ്ട പലിശ അദാനിക്കു തീരുമാനിക്കാം.

എസ്.ബി.ഐ. 22,200 ബ്രാഞ്ചുകളും 46 കോടി ഇടപാടുകാരും 2.5 ലക്ഷം ജീവനക്കാരും 48 ലക്ഷം കോടിയുടെ ആസ്തികളുമുള്ള ബാങ്കാണ്. എന്നാല്‍, അദാനിയുടെ ബാങ്കിതര ധനകാര്യ സ്ഥാപനമോ? ആറ് സംസ്ഥാനങ്ങളിലായി 63 ബ്രാഞ്ചുകള്‍, 760 ജീവനക്കാര്‍, 28,000 ഇടപാടുകാര്‍, 1300 കോടി രൂപയുടെ ആസ്തികള്‍. രണ്ടും തമ്മില്‍ അജഗജാന്തരം.

അദാനിയുടെ ലക്ഷ്യം വ്യക്തം. സ്റ്റേറ്റ് ബാങ്കിന്റെ ചുമലില്‍ക്കയറി കാര്‍ഷിക വായ്പമേഖലയിലെ പിടി അതിവേഗം വ്യാപിപ്പിക്കുക. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചത് അദാനിക്ക് ഒരു തിരിച്ചടിയായി. വലിയതോതില്‍ കാര്‍ഷിക വിപണിയില്‍ ഇടപെടുന്നതിന് അദാനി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇനിയിപ്പോള്‍ കാര്‍ഷിക നിയമം ഇല്ലെങ്കിലും വായ്പച്ചരടുകള്‍ ഉപയോഗിച്ച് അദാനിക്ക് കൃഷിക്കാരെ നിയന്ത്രിക്കാം. അത്യന്തം ഗുരുതരമായ ഒരു സംഭവവികാസമാണിത്.

അദാനി കമ്പനിപോലുള്ളവരുമായി കൂട്ടുചേര്‍ന്നതുകൊണ്ട് ബാങ്കിന് എന്തുനേട്ടമെന്ന് എസ്.ബി.ഐ. അധികൃതര്‍ വിശദീകരിച്ചേ തീരൂ.

Content Highlights: Farm laws Dr. T M Thomas Isaac writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented