പ്രതീക്ഷിച്ചത് ആറുമാസം, ലഭിച്ചത് എട്ടുവര്‍ഷം; മംഗള്‍യാന്‍ മടങ്ങുന്നു


അഞ്ജന ശശി

ലോകത്ത് ആദ്യ ഉദ്യമത്തില്‍ വിജയം കണ്ട ആദ്യ ചൊവ്വാദൗത്യമായിരുന്നു മംഗള്‍യാനിന്റേത്. മംഗൾയാനിനെ കുറിച്ച് കൂടുതല്‍ അറിയാം.

മംഗൾയാൻ

ന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ അഭിമാനിക്കാവുന്ന ഒരേട് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ദൗത്യം അവസാനിപ്പിച്ചു. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി. സി-25 റോക്കറ്റില്‍ പറന്നുയര്‍ന്നപ്പോള്‍ ആറുമാസം മാത്രമായിരുന്നു മംഗള്‍യാനിന് ആയുസ്സ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എട്ടുവര്‍ഷം അത് ചൊവ്വയുടെ ഭ്രമണപഥത്തില്‍ കറങ്ങി. ഒടുവില്‍ 2022 ഒക്ടോബര്‍ 3-ന് യാത്ര അവസാനിപ്പിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിക്കുകയായിരുന്നു.

വിക്ഷേപിച്ച് 300 ദിവസത്തിനുള്ളില്‍, 2014 സെപ്റ്റംബര്‍ 24-ന് തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാന്‍, സെപ്റ്റംബര്‍ 28-ന് തന്നെ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിക്ക് നല്‍കി. തുടര്‍ന്ന് ആയിരത്തിലേറെ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ച ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന് വിലയേറിയ സംഭാവനകളാണ്
മംഗള്‍യാന്‍ നല്‍കിയത്. ചൊവ്വാഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനും ആന്തരിക സൗരയൂഥം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രധാന സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനുമായാണ് ഇന്ത്യ മംഗള്‍യാന്‍ ദൗത്യം നടത്തിയത്.450 കോടി രൂപ മാത്രം ചെലവിലാണ് 1,350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ പൂര്‍ത്തീകരിച്ചത്. ഇന്ത്യയുടെ സ്വന്തം പി.എസ്.എല്‍.വിയില്‍ ഏറിയാണ് മംഗള്‍യാന്‍ കുതിച്ചത് എന്നതിനാലാണ് ചെലവ് ഇത്ര കുറയ്ക്കാന്‍ സാധിച്ചത്. ചൊവ്വയിലേക്ക് പര്യവേക്ഷണ ദൗത്യത്തിനായി പേടകമയയ്ക്കുന്ന ലോകത്തിലെ നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐ.എസ്.ആര്‍.ഒ ഇതോടെ മാറി. ഇന്ത്യയ്ക്ക് മുമ്പ്, അമേരിക്കയും സോവിയറ്റ് യൂണിയനും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും (ഇ.എസ്.എ.) മാത്രമാണ് ചൊവ്വയില്‍ വിജയകരമായി പര്യവേക്ഷണം നടത്തിയിരുന്നത്.

ആദ്യ വിക്ഷേപണ ഉദ്യമത്തില്‍ത്തന്നെ ഫലം കണ്ടതോടെ ഇന്ത്യയുടെ പേര് ലോക ബഹിരാകാശ ശാസ്ത്രരംഗത്ത് തള്ളിക്കളായന്‍ സാധിക്കാത്ത ഒന്നായി. അമേരിക്ക, യൂറോപ്പ്, റഷ്യ തുടങ്ങിയ പല രാജ്യങ്ങളുടെയും ആദ്യ ചൊവ്വാ ഉദ്യമം പരാജയമായിരുന്നു എന്നതും കണക്കിലെടുക്കുമ്പോഴാണത്. ലോകത്ത് ആദ്യ ഉദ്യമത്തില്‍ വിജയം കണ്ട ആദ്യ ചൊവ്വാദൗത്യമായിരുന്നു മംഗള്‍യാനിന്റേത്.

എന്താണ് മംഗള്‍യാന്‍?

മറ്റേതെങ്കിലുമൊരു ഗ്രഹത്തിലേക്ക് ഇന്ത്യ അയക്കുന്ന ആദ്യ ദൗത്യമായിരുന്നു മംഗള്‍യാന്‍. മോം (MOM) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന ഇന്ത്യയുടെ ചിരകാല പ്രതീക്ഷയായ ചൊവ്വാദൗത്യമാണ് മംഗള്‍യാന്‍ എന്ന അനൗദ്യോഗിക പേരില്‍ അറിയപ്പെടുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ആ ഗ്രഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമ്മളിലേക്കെത്തിക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. എട്ടുവര്‍ഷത്തെ കാലയളവിനുള്ളില്‍ തന്റെ ദൗത്യം മംഗള്‍യാന്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു.

2013 ഡിസംബറിനും 2014 സെപ്റ്റംബറിനും ഇടയിലുള്ള കാലയളവില്‍ ചൊവ്വയിലെ ഹോഹ്‌മാന്‍ ട്രാന്‍സ്ഫര്‍ ഭ്രമണപഥത്തിലെത്തുന്നതുവരെയുള്ള 780,000,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന പേടകത്തിന്റെ യാത്രയാണ് ആദ്യത്തെ കാലം. ചൊവ്വയുടെ ഏറ്റവും മികച്ച ചിത്രങ്ങളെടുത്ത് അത് ഭൂമിയിലേക്ക് അയച്ചു. ചരിത്രത്തിലാദ്യമായി ചൊവ്വയുടെ ഉപഗ്രഹമായ ഡീമോസിന്റെ ചിത്രം പകര്‍ത്തിയയച്ചതും മംഗള്‍യാനായിരുന്നു. മംഗള്‍യാന്‍ വഹിച്ച 15 കിലോയോളം ഭാരം വരുന്ന അഞ്ച് സയന്റിഫിക്ക് പേ ലോഡുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടനയെക്കുറിച്ചും, അന്തരീക്ഷത്തെക്കുറിച്ചും ജലസാന്നിധ്യത്തെക്കുറിച്ചും വികിരണങ്ങളെക്കുറിച്ചും താപനിലയെക്കുറിച്ചുമെല്ലാം മനസ്സിലാക്കി. ഇന്ത്യക്ക് മാത്രമല്ല, മറ്റു രാജ്യങ്ങള്‍ക്കും ഇന്ത്യയുടെ ഈ ദൗത്യം ഉപകരിച്ചു.

മംഗള്‍യാനില്‍നിന്ന് ഭൂമിയിലേക്ക് അയച്ച ചിത്രങ്ങളിലൂടെ ചൊവ്വയുടെ അറ്റ്‌ലസ് (മാപ്പ്) നിര്‍മ്മിക്കാനും ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി കൃത്യം ഒരുവര്‍ഷമായപ്പോള്‍ 2015 സെപ്റ്റംബര്‍ 24-ന് 120 പേജുകളുള്ള മാര്‍സ് അറ്റ്ലസ് ഐ.എസ്.ആര്‍.ഒ. പുറത്തിറക്കി. മംഗള്‍യാനില്‍നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും അടങ്ങിയതായിരുന്നു അറ്റ്‌ലസ്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി 1000 ദിവസത്തിനുള്ളില്‍ 2017 മെയ് 19 ന്, മംഗള്‍യാന്‍ 715 ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരുന്നു.

മംഗള്‍യാനും പി.എസ്.എല്‍.വി.യും

ജിയോസിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി.എസ്.എല്‍.വി.) റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. ആദ്യം ഉദ്ദേശിച്ചിരുന്നത്. മിക്ക ചൊവ്വ ദൗത്യങ്ങളെയും പോലെ, ഒരു ജി.എസ്.എല്‍.വി. റോക്കറ്റിന് മംഗള്‍യാനെ ഭൗമ ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമമെന്ന് ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ 2010-ല്‍ ഈ റോക്കറ്റിന് രണ്ടുതവണ പരാജയം നേരിടേണ്ടിവന്നു. റോക്കറ്റിന്റെ രൂപകല്പനയില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിച്ച് മറ്റൊരു വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും എടുത്തേക്കാമെന്ന് ഐ.എസ്.ആര്‍.ഒ. വിലയിരുത്തി. അടുത്ത വിക്ഷേപണാവസരം 2016-ലായിരുന്നു അതിനാല്‍ പകരം 2013-ല്‍ത്തന്നെ പി.എസ്.എല്‍.വി. റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ. തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ഓര്‍ബിറ്ററായ ചന്ദ്രയാന്‍ 1-ലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആര്‍.ഒ. മംഗള്‍യാന്‍ നിര്‍മ്മിച്ചത്. ചന്ദ്രയാന്‍ 1 ബഹിരാകാശ പേടകത്തിന് ആവശ്യമായ നൂതന പരിഷ്‌കാരങ്ങള്‍ വരുത്തി മാറ്റിയെടുത്ത രൂപകല്പനയാണ് മംഗള്‍യാനിന്റേത്. മറ്റൊരു ഗ്രഹത്തിലെ ബഹിരാകാശ പേടകവുമായി ആശയവിനിമയം നടത്താന്‍ ഗ്രൗണ്ട് സ്റ്റേഷനുകള്‍ക്കുവേണ്ട കഴിവ് ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്തു.

മംഗള്‍യാനിലെ ഉപകരണങ്ങള്‍

300 ദിവസം നീണ്ട, ശരാശരി 225 മില്യണ്‍ കിലോമീറ്ററോളമുളള ചൊവ്വാ യാത്രയില്‍, അഞ്ച് ഉപകരണങ്ങളാണ് മംഗള്‍യാന്‍ വഹിച്ചിരുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും സാന്നിധ്യം പഠിക്കാനുള്ള ലിമാന്‍ ആല്‍ഫാഫോടോമീറ്റര്‍, ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളും കാലാവസ്ഥയും ഉപഗ്രഹ നിരീക്ഷണങ്ങളുമൊക്കെ ചെയ്യാനായി മാര്‍സ് കളര്‍ കാമറ, ചൊവ്വയിലെ മീഥേയിനിന്റെ ഉത്ഭവകേന്ദ്രവും ഉത്പാദിപ്പിക്കുന്ന അളവും കണക്കാക്കുന്നതിനുള്ള മീഥേന്‍ സെന്‍സര്‍, ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയായ എക്‌സോസ്ഫിയറിനെ പഠിക്കുന്നതിനായി് മാര്‍സ് എക്‌സോസ്ഫെറിക് ന്യൂട്രല്‍ കമ്പോസിഷന്‍ അനലൈസര്‍, ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെ തെമല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍ എന്നിവയായിരുന്നു അവ.

ഊര്‍ജ്ജം നല്‍കിയത് ഇന്ധനവും ബാറ്ററിയും

'ഇപ്പോള്‍ മംഗള്‍യാന്‍ പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നു. ഇതോടെ മംഗള്‍യാനുമായുള്ള ബന്ധം പൂര്‍ണ്ണമായും നഷ്ടമായി. പേടകം വീണ്ടെടുക്കാനായില്ല. മംഗള്‍യാന്‍ അതിന്റെ ദൗത്യം കൃത്യമായിചെയ്യുകയും കാര്യമായ ശാസ്ത്രീയഫലങ്ങള്‍ നല്‍കുകയും ചെയ്തു. ഗ്രഹപര്യവേക്ഷണ ചരിത്രത്തിലെ ശ്രദ്ധേയവും സാങ്കേതികവും ശാസ്ത്രീയവുമായ നേട്ടമായി ഈ ദൗത്യം എക്കാലവും കണക്കാക്കപ്പെടും' ചൊവ്വ ദൗത്യം ഔദ്യോഗികമായി അവസാനിച്ചതായി വ്യക്തമാക്കി ഐ.എസ്.ആര്‍.ഒ. ഇറക്കിയ പ്രസ്താവനയാണിത്. ചൊവ്വയുടെ ഉപരിതല സവിശേഷതകള്‍, രൂപഘടന, ചൊവ്വയുടെ അന്തരീക്ഷം, ചൊവ്വയുടെ എക്സോസ്ഫിയറിലെ വിവിധ വാതകങ്ങളുടെ ഘടന എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ദൗത്യം സഹായിച്ചതായി ഐ.എസ്.ആര്‍.ഒ. മേധാവി എസ് സോമനാഥ് പറയുകയും ചെയ്തു.

1.8 x 1.4 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മൂന്നു സൗരോജപാനലുകള്‍ ആണ് ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി മംഗള്‍യാനില്‍ ഘടിപ്പിച്ചിരുന്നത്. ഇവ ഉപയോഗിച്ച് പരമാവധി 840 വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഈ ഊര്‍ജ്ജം ഇതില്‍ സജ്ജമാക്കിയ 36 Ah ലിഥിയം- അയോണ്‍ ബാറ്ററിയില്‍ ശേഖരിക്കും. ആറുമാസമായിരുന്നു മംഗള്‍യാന്‍ വിക്ഷേപിക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ ഇന്ധനത്തിനും ബാറ്ററിക്കുമായി ആയുസ്സ് പറഞ്ഞിരുന്നത്. എന്നാല്‍ ഏഴ് വര്‍ഷത്തിലധികം ആയുസ്സ് ഈ ദൗത്യത്തിനുണ്ടായി.

തുടര്‍ച്ചയായുണ്ടായ ഗ്രഹണങ്ങളാണ് ബാറ്ററി കത്തിത്തീരാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതില്‍ ഒരു ഗ്രഹണം ഏഴരമണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഒരു മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രഹണം കൈകാര്യംചെയ്യുന്ന വിധത്തിലാണ് ഉപഗ്രഹ ബാറ്ററി രൂപകല്പനചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുമധികസമയം നീണ്ടുനിന്ന ഗ്രഹണങ്ങള്‍ ബാറ്ററിയുടെ ശേഷി ഇല്ലാതാക്കിയതാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.

ഇനിയുമൊരു മംഗള്‍യാന്‍

ചൊവ്വയിലേക്ക് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഇന്റര്‍പ്ലാനറ്ററി ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍-2. നവീകരിച്ച ഓര്‍ബിറ്ററും 100 കിലോഗ്രാം ശാസ്ത്രീയ ഉപകരണങ്ങളും ഉപയോഗിച്ച് 2024-ലോ 2026-ലോ മംഗള്‍യാന്‍ 2 വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഒ. പദ്ധതിയിടുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രാഥമിക ലക്ഷ്യം. ആദ്യ ദൗത്യത്തില്‍നിന്നുള്ള സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയാണ് മംഗള്‍യാന്‍-2 ന് തുടക്കം കുറിക്കുക. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാതെ ഭ്രമണപഥത്തില്‍നിന്ന് ഓര്‍ബിറ്റര്‍ ഉപയോഗിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന തരത്തിലാകും ഈ ദൗത്യം.

‌ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്തുനല്‍കിയത് മംഗള്‍യാന്റെ വിജയമാണ്. മംഗള്‍യാനില്‍ നിന്ന് നേടിയ അനുഭവവും അതിനായി നിര്‍മ്മിച്ച സാങ്കേതികവിദ്യകളും ഉപയോഗിച്ച്, ശുക്രയാന്‍, ആദിത്യ-എല്‍ 1 സോളാര്‍ ഒബ്‌സര്‍വേറ്ററി തുടങ്ങിയ ആന്തരിക സൗരയൂഥം പര്യവേക്ഷണം ചെയ്യുന്നതിനായി ഐ.എസ്.ആര്‍.ഒ. കൂടുതല്‍ ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. 2023-ല്‍ ചന്ദ്രനെ ലക്ഷ്യംവെച്ചുള്ള ചാന്ദ്രയാന്‍-3 ദൗത്യം വരാനിരിക്കുന്നു. ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം 2008-ലായിരുന്നു. ഈ ഉപഗ്രഹമാണ് ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരീകരിച്ചത്.

‌‍2019-ല്‍ ചാന്ദ്രയാന്‍-2 വിക്ഷേപിച്ചെങ്കിലും ലാന്‍ഡിങ്ങിനിടെ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. പോരായ്മകളെല്ലാം പരിഹരിച്ച് വീണ്ടും ഒരിക്കല്‍കൂടി ചന്ദ്രനിലേക്ക് പേടകം അയക്കാനുള്ള ശ്രമത്തിലാണ് ഇസ്രോയുടെ ശാസ്ത്രജ്ഞര്‍. അതിനുശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ എന്ന ദൗത്യത്തിനും ഐ.എസ്.ആര്‍.ഒ. നേതൃത്വം നല്‍കും.

Content Highlights: mangalyaan, isro


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented