ആരെയും വധിക്കലല്ല യൂതനേഷ്യ; ഇനിയും എത്ര അകലെയാണ് അന്തസ്സോടെ മരിക്കാനുള്ള അവകാശം?


സ്വന്തം ലേഖകന്‍

In-Depth

.

ലോകപ്രശസ്ത സിനിമ സംവിധായകനായിരുന്ന ഴാങ് ലൂക് ഗൊദാര്‍ദിന്റെ മരണമാണ് യൂതനേഷ്യ, ആയാസരഹിതമരണം, ദയാവധം എന്നീ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാക്കിയത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ താമസിച്ചിരുന്ന ഗൊദാര്‍ദിന്റെ മരണം അസിസ്റ്റഡ് ഡയിങ് ആയിരുന്നെന്ന് അദ്ദേഹത്തിന്റെ നിയമോപദേശകന്‍ പാട്രിക് ജെന്നെറെറ്റ് സ്ഥിരീകരിച്ചതോടെയാണ് വിവിധ തരത്തിലുള്ള ആയാസരഹിത മരണങ്ങളുടെ ധാര്‍മ്മിക, സാമൂഹിക ഘടകങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടുമുയർന്നത്. തന്റെ സിനിമകളിലൂടെ നിരന്തരം ചോദ്യങ്ങളും സംവാദങ്ങളും ഉയര്‍ത്തിയ സംവിധായകന്‍ തന്റെ മരണവും അത്തരം വലിയൊരു ചര്‍ച്ചയ്ക്കുള്ള കളമൊരുക്കാന്‍ പ്രയോജനപ്പെടുത്തിയിരിക്കയാണ്. ജീവിക്കാനുള്ള അവകാശം അന്തസ്സോടെ മരിക്കാനുമുള്ള അവകാശം കൂടിയല്ലേ എന്ന ചോദ്യമാണ് ഗൊദാര്‍ദ് അവസാനമായി ലോകത്തിന് നേരെ ഉയര്‍ത്തിയത്.

മരണത്തിന് മേലുള്ള അവകാശം ആര്‍ക്കാണ് എന്ന സംവാദത്തിന് എളുപ്പത്തില്‍ ഉത്തരമില്ല എന്നതാണ് യാഥാര്‍ഥ്യം. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന്റെ കാര്യത്തില്‍ ആധുനിക ലോകരാജ്യങ്ങളെല്ലാം സമാനമായ ചിന്താഗതി തന്നെയാണ് പുലര്‍ത്തുന്നത്. എന്നാല്‍ മരണത്തിന്റെ കാര്യം വരുമ്പോള്‍ സമാനമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നിലവാരം പുലര്‍ത്തുന്ന രാഷ്ട്രങ്ങളില്‍ പോലും വ്യത്യസ്തമായ വീക്ഷണങ്ങളാണ് മുറുകെപ്പിടിക്കാറുള്ളത്. പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും ഈ വിഷയത്തില്‍ ശക്തമായ നിലപാട് രൂപീകരിക്കാന്‍ കഴിയാറില്ല.

ദയാവധത്തെ കുറിച്ചുള്ള സംവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അന്തസ്സോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്തസ്സോടെ മരിക്കാനുള്ള അവകാശം മനുഷ്യനുണ്ടോ എന്ന വലിയ ചോദ്യമാണ് ദയാവധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തുന്നത്. നിയമത്തിനും മെഡിക്കല്‍ ധാര്‍മ്മികതയ്ക്കും എളുപ്പത്തില്‍ ഒരുത്തരത്തിലെത്തിച്ചേരാന്‍ കഴിയാത്ത പ്രതിസന്ധിയുണ്ടിവിടെ. മതവിശ്വാസികളും പരമ്പരാഗത രീതിക്കാരും മാത്രമല്ല ദയാവധത്തെ എതിര്‍ക്കുന്നത് എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്. രോഗികളെ ഏത് അവസ്ഥയിലും സഹായിക്കാന്‍ ഉത്തരവാദിത്വമുള്ള ഡോക്ടര്‍മാര്‍ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ദയാവധത്തെ സഹായിക്കുന്നത് മെഡിക്കല്‍ എത്തിക്‌സിന് എതിരാണെന്ന വാദം ഉയര്‍ത്തുന്ന ഡോക്ടര്‍മാരുണ്ട്. ചില മെഡിക്കല്‍ സംഘടനകള്‍ പോലും ഇത്തരം വാദം ഉയര്‍ത്തുന്നവരാണ്. ജീവന്‍രക്ഷിക്കുക എന്ന വൈദ്യശാസ്ത്ര ധാര്‍മ്മികതത്വത്തിന് എതിരാണ് ദയാവധം എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം. പരമ്പരാഗതമായ ഇത്തരം ചിന്തകള്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ വച്ചുപുലര്‍ത്തരുതെന്നാണ് മറുപക്ഷത്തിന്റെ വാദം. ദയാവധം പോലുള്ള സങ്കീര്‍ണമായ ഒരു പ്രക്രിയയെ ഉള്‍കൊള്ളുന്നതിന് പാകമായ സാമൂഹിക സാഹചര്യങ്ങള്‍ പലരാജ്യങ്ങളിലും രൂപപ്പെട്ടിട്ടില്ല എന്നുള്ളതും യാഥാര്‍ഥ്യം തന്നെയാണ്.

ഗൊദാര്‍ദ്

ദയാവധം എന്ന വാക്കും ഈ ആശയത്തോടുള്ള എതിര്‍പ്പിന് ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്നാണ് ഡോ. ബി. ഇക്ബാലിനെ പോലുള്ള ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇംഗ്ലീഷില്‍ യൂതനേഷ്യ (Euthanasia) എന്ന പദത്തിന് പകരമായിട്ടാണ് ദയാവധം (Mercy Killing) എന്ന പദം ഉപയോഗിക്കാറുള്ളത്. ഗ്രീക്ക് ഭാഷയില്‍നിന്നും ഉത്ഭവിച്ചിട്ടുള്ള യൂതനേഷ്യ എന്ന വാക്കിന്റെ അർത്ഥം Good Death എന്നാണ്. ഇവിടെ ആരും ആരെയെയും വധിക്കുന്നില്ലെന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നാണ് ഡോ. ഇക്ബാൽ ചൂണ്ടിക്കാട്ടുന്നത്. യൂതനേഷ്യ എന്ന പദത്തെ മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെടുമ്പോള്‍ നല്ല മരണമെന്നോ സുഖമരണമെന്നോ ആയാസരഹിത മരണമെന്നോ എന്ന് തര്‍ജമ ചെയ്യുന്നത് തന്നെയാണ് ഉചിതം.

ദയാവധം അര്‍ഹിക്കുന്നവരുടെ യാതനകള്‍ക്ക് നേരെ ഈ സമൂഹം നിര്‍വികാരമായി കണ്ണുകളടയ്ക്കുന്നത് അനീതിയല്ലേ എന്നുള്ളതാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളിലൊന്ന്. താരതമ്യേനെ ആരോഗ്യത്തിലും സുഖത്തിലും ജീവിക്കുന്ന പൊതുസമൂഹത്തിന്റെ സദാചാരബോധമല്ലേ ഈ തീരുമാനങ്ങളെ നിര്‍ണയിക്കുന്നത്? മാരക രോഗങ്ങളുടെയും അപകടങ്ങളുടെയും തീരാവേദനകളിലും പെര്‍മനന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റിലും ജീവിക്കുന്നവരെ 'നല്ല' രീതിയില്‍ പരിചരിക്കുന്നത് നമ്മള്‍ ചെയ്യുന്ന വലിയ മാനുഷികതയായും ത്യാഗമായും നാം കണക്കാക്കുന്നു. അവരെക്കൂടി പരിഗണിക്കുന്ന ഒരു ചിന്താധാരയിലേക്ക് എന്ന് നമുക്ക് പുരോഗമിക്കാനാകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

ആയാസരഹിതമരണവും ദയാവധവും

പ്രവര്‍ത്തനരീതികളെ അടിസ്ഥാനമാക്കി പലവിധത്തിലുള്ള ദയാവധങ്ങളുണ്ടെങ്കിലും പൊതുവില്‍ അംഗീകരിക്കപ്പെട്ടതും കൂടുതല്‍ പ്രചാരത്തിലുള്ളതും രണ്ട് രീതിയിലാണ്.

1. മനപ്പൂര്‍വമുള്ള ആയാസരഹിത മരണം (Active Euthanasia)

രോഗദുരിതത്തിലുള്ള രോഗി ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ മരുന്നുകള്‍ കുത്തിവെച്ചോ മറ്റോ മരണത്തിലേക്ക് എത്തിക്കുന്ന രീതിയാണിത്.

2. നിഷ്‌ക്രിയ ആയാസരഹിത മരണം (Passive Euthanasia)

ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് മാത്രമായുള്ള ചികിത്സകള്‍ തുടരേണ്ടതില്ല എന്ന് തീരുമാനിച്ച് അവ നിര്‍ത്തിവെക്കുന്നതിലൂടെ രോഗിയെ മരണത്തിന് വിട്ടുകൊടുക്കുന്ന രീതി. വെന്റിലേറ്റര്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിലൂടെ രോഗിക്ക് മരണം നല്‍കുക. തിരിച്ചുവരില്ലെന്ന ഉറപ്പുള്ള സാഹചര്യത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമുള്ള ശസ്ത്രക്രിയകളും മറ്റു ചികിത്സകളും വേണ്ടെന്ന് വെക്കുക. ഇന്ത്യയില്‍ സുപ്രീം കോടതി കര്‍ശന വ്യവസ്ഥകളോടെയുള്ള നിഷ്‌ക്രിയ ദയാവധത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത്.

നിര്‍ണായകമായ സുപ്രീംകോടതി വിധി

കര്‍ശന വ്യവസ്ഥകളോടെയുള്ള നിഷ്‌ക്രിയ ദയാവധത്തിന് ഇന്ത്യയില്‍ അനുമതി നല്‍കുന്നതാണ് കോമണ്‍കോസ് എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീം കോടതി വിധി. 2018 മാര്‍ച്ച് 9-നാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിക്കുന്നത്. 2005-ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തില്‍ പറയുന്ന ജീവിക്കാനുള്ള അവകാശത്തിന് ഇത് എതിരാകുമോ എന്ന വിഷയത്തിലായിരുന്നു അഭിപ്രായം തേടിയത്. ജീവിക്കാനുള്ള അവകാശത്തില്‍ അന്തസായി മരിക്കാനുള്ള അവകാശംകൂടെ ഉള്‍പ്പെടുമോ എന്ന താത്വിക പ്രശ്‌നം വര്‍ഷങ്ങളോളം ചര്‍ച്ചചെയ്തശേഷമായിരുന്നു പരമോന്നത നീതിപീഠത്തിന്റെ വിധി.

നേരത്തെ അരുണ ഷാന്‍ബാഗ് കേസില്‍ സുപ്രീം കോടതിയുടെ രണ്ടംഗബെഞ്ച് നിഷ്‌ക്രിയ ദയാവധം ഹൈക്കോടതിയുടെ മുന്‍സമ്മതത്തോടെ അനുവദനീയമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവിടെ ആരും ആരെയും വധിക്കുന്നില്ലെന്നും അര്‍ഥമില്ലാത്ത ചികിത്സകള്‍ പിന്‍വലിക്കുക മാത്രമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. രോഗിക്ക് മുന്‍കൂര്‍ മരണപത്രം തയ്യാറാക്കാന്‍ അനുമതി നല്‍കി എന്നതാണ് മറ്റൊരു പ്രത്യേകത. മാരകമായ രോഗം ബാധിച്ച് മരണാസന്നരായവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ മരണപത്രത്തിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ പ്രയോജനരഹിതവും രോഗിക്ക് കഷ്ടപ്പാടുണ്ടാക്കുന്നതുമായ ചികിത്സാരീതികള്‍ പിന്‍വലിക്കാന്‍ ഡോക്ടര്‍മാരും ജില്ല കളക്ടറും ഹൈക്കോടതിയും ചേര്‍ന്ന സംവിധാനം കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുന്ന സംവിധാനമാണ് വിധിയിലുള്ളത്.

അരുണ ഷാന്‍ബാഗ്

മുംബൈയിലെ കിങ്‌സ് ആശുപത്രിയില്‍ നഴ്‌സായിരുന്ന അരുണ 1973 നവംബര്‍ 27-ന് രാത്രി താഴത്തെ നിലയില്‍ വസ്ത്രം മാറുന്നതിന് പോയതായിരുന്നു. അതേ വിഭാഗത്തില്‍ വൃത്തിയാക്കല്‍ ജോലി ചെയ്യുന്ന സോഹന്‍ലാല്‍ ബര്‍ത്തയ്ക്ക് അരുണയോട് വലിയ പകയുണ്ടായിരുന്നു. ലബോറട്ടറിയിലെ നായകള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണം ഇയാള്‍ മോഷ്ടിക്കുന്നത് അരുണ കയ്യോടെ പിടികൂടിയതായിരുന്നു വിദ്വേഷത്തിന് കാരണം. താന്‍ ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അരുണ വസ്ത്രം മാറാനെത്തിയ മുറിയില്‍ പതുങ്ങിയിരുന്ന ഇയാള്‍ കയ്യില്‍ കരുതിയിരുന്ന നായയെ പൂട്ടുവാനുള്ള ചങ്ങലകൊണ്ട് അവളുടെ കഴുത്ത് വരിഞ്ഞുമുറുക്കി. തലച്ചോറിലേക്ക് പോകുന്ന ധമനികളിലൂടെയുള്ള രക്തയോട്ടം ഇതോടെ തടസ്സപ്പെട്ടു.

അബോധാവസ്ഥയിലായ അരുണയെ സോഹന്‍ലാല്‍ അതിക്രൂരമായി ബലാത്സഗം ചെയ്യുകയും മറ്റ് രീതിയില്‍ ഉപദ്രവിക്കുകയും ചെയ്തു. രക്തത്തില്‍ കുളിച്ചുകിടന്ന അരുണയെ പിറ്റെ ദിവസമാണ് സഹപ്രവര്‍ത്തകര്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജീവന്‍ രക്ഷിക്കാനായെങ്കിലും അപൂര്‍വമായ ഒരു ജീവാവസ്ഥയിലാണ് അരുണയെത്തിയത്. കോമയില്‍ അല്ലായിരുന്നെങ്കിലും ഒരു തരം വെജിറ്റേറ്റീവ് സ്‌റ്റേറ്റ് എന്നുവിളിക്കാവുന്ന അവസ്ഥ. കൈകാലുകള്‍ ചലിപ്പിക്കാനോ ആളുകളെ തിരിച്ചറിയാനോ കഴിയില്ല. സ്വന്തമായി ഭക്ഷണം കഴിക്കാനോ മലമൂത്രവിസര്‍ജനം നടത്താനോ സാധിക്കാത്ത അവസ്ഥ. ഈ അവസ്ഥയിലും നാലുവര്‍ഷത്തോളം അവളെ സന്ദര്‍ശിച്ചിരുന്ന പ്രതിശ്രുത വരനും വീട്ടുകാരും പിന്നെ തീരെ വരാതായി. പക്ഷെ അരുണയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിചരിച്ച് പോന്നു.

മുംബൈയിലെ പത്രപ്രവര്‍ത്തകയായിരുന്ന പിങ്കി വിരാനി അരുണയുടെ ജീവിതാവസ്ഥകള്‍ അരുണയുടെ കഥ എന്ന പേരില്‍ പുസ്തകമാക്കിയത് ലോകശ്രദ്ധ നേടി. 1973 മുതല്‍ 2015 വരെ 42 വര്‍ഷം അതേ അവസ്ഥയില്‍ അരുണ കിടന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ എല്ലാം പിരിഞ്ഞുപോയിട്ടും ആശുപത്രി അധികൃതര്‍ അരുണയെ സംരക്ഷിച്ച് പോന്നു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ലാണ് പിങ്കി വിരാനി കോടതിയെ സമീപിക്കുന്നത്. 2011-ല്‍ സുപ്രീം കോടതി ഈ ഹര്‍ജി തള്ളി. അരുണയെ പരിചരിച്ചിരുന്ന ആശുപത്രി ജീവനക്കാര്‍ കോടതിയില്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. 2015 മെയ് 18-ന് ന്യുമോണിയ ബാധിച്ച് അരുണ ഷാന്‍ബാഗ് മരണപ്പെട്ടു.

ദയാവധത്തിന്റെ ചരിത്രം

ചരിത്രത്തില്‍ ചികിത്സയും ഭക്ഷണവും ഉപേക്ഷിക്കുന്നതിലൂടെ സ്വയംമരണം വരിക്കുന്നത് അത്ര അസാധാരണമായ സംഭവമായിരുന്നില്ല. എന്നാല്‍ വൈദ്യ സഹായത്തോടെയുള്ള അനായാസ മരണം നിയമവിധേയമാക്കിയ സമൂഹങ്ങള്‍ കുറവാണ്. മതപൗരോഹിത്യവും തത്വചിന്തകരിലെ ഒരു വിഭാഗവും അതിനെ പ്രാചീനകാലം മുതല്‍തന്നെ എതിര്‍ത്തിരുന്നു. ഇന്ത്യയിലെ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന പൗരാണിക ഗ്രന്ഥങ്ങളിലൊന്നുംതന്നെ ദയാവധത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയില്ല.

വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രിറ്റിസ് പോലും രോഗിയുടെ മരണത്തിന് വൈദ്യന്‍ സഹായിക്കുന്നതിനെ എതിര്‍ത്തിട്ടുണ്ട്. കത്തോലിക്കാ സഭപോലുള്ള മതസ്ഥാപനങ്ങള്‍ ദയാവധത്തെ തുറന്ന് എതിര്‍ത്തതും ലോകത്താകമാനം അതിനെതിരായ പൊതുബോധം രൂപപ്പെടുന്നതിന് കാരണമായി. പിന്നീട് പാശ്ചാത്യ രാജ്യങ്ങള്‍ ആധുനികവത്കരിക്കപ്പെട്ടതോടെ ഈ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരാനാരംഭിച്ചു. ആധുനിക ജനാധിപത്യ രാജ്യങ്ങളുടെയും പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളും വ്യക്തിസ്വാതന്ത്ര്യം എന്ന വിഷയത്തിലെ ഇടുങ്ങിയ ചിന്താഗതിയില്‍ മാറ്റങ്ങള്‍ വരുത്തി.

കടുത്ത രോഗപീഡയാലും അപകടങ്ങളാലുമെല്ലാം തീരാദുരിതം അനുഭവിക്കുന്നവര്‍ക്ക് ദയാവധം നല്‍കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ 16-ാം നൂറ്റാണ്ട് മുതലേ നിലനിന്നിരുന്നതായാണ് ചരിത്ര രേഖകള്‍ തെളിയിക്കുന്നത്. സെമിറ്റിക്ക് മതങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും പൗരസ്ത്യ മതങ്ങള്‍ക്കുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. ജൈനമതത്തിലെ സന്താറ, ജപ്പാനിലെ സാമുറായികള്‍ക്കിടയിലെ സെക്കുപ്പു പോലെ മതങ്ങള്‍ അനുശാസിക്കുന്ന രീതിയിലുള്ള സ്വയംമരണ രീതികള്‍ ഇന്നും നിലനില്‍ക്കുന്നു.

1935-ല്‍ ഇംഗ്ലണ്ടില്‍ ചാള്‍സ് കിലിക് മിലാഡ്, വോളണ്ടറി യൂത്തനേഷ്യ ലെജിസ്ലേഷന്‍ സൊസൈറ്റി എന്ന സംഘടന രൂപീകരിച്ചു. ദയാവധത്തിന് അനുകൂലമായ വലിയ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കി. 1939-ല്‍ കടുത്ത അംഗവൈകല്യം മൂലം ദുരിതമനുഭവിച്ച ഒരു കുഞ്ഞിനെ നാസി ജര്‍മ്മനിയില്‍ ദയാവധത്തിന് ഇരയാക്കിയത് ഒരു ഭരണകൂടം നേരിട്ട് നടത്തുന്ന ആദ്യത്തെ ദയാവധമായി വിലയിരുത്തപ്പെടുന്നു.

1870-ല്‍ സാമുവല്‍ വില്യംസ് എന്ന അധ്യാപകനാണ് ആധുനിക സമൂഹത്തില്‍ ദയാവധം നല്‍കുന്നതിനെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ തുടക്കം കുറിച്ചത്. കടുത്ത രോഗപീഡയാല്‍ മോക്ഷമില്ലാതെ ദുരിതം പേറുന്ന രോഗികള്‍ക്ക് രോഗികള്‍ക്ക് മരണത്തിലൂടെ ആശ്വാസം പകരാനുള്ള സാധ്യകളെ കുറിച്ച് ആലോചിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. രണ്ടാം ലോക മഹായുദ്ധാനന്തരം യൂറോപ്പിലും അമേരിക്കയിലും ദയാവധത്തിന് വേണ്ടി വാദിക്കുന്ന മനുഷ്യാവകാശ സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടു. നിലവില്‍ ബെല്‍ജിയം ലക്‌സംബര്‍ഗ്, കൊളമ്പിയ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ ആക്ടീവ് യൂതനേഷ്യയെ നിയമവിധേയമാക്കുമ്പോള്‍ അവയ്ക്ക് പുറമെ കാനഡ, ഫിന്‍ലന്‍ഡ്, ജര്‍മ്മനി, സ്വിറ്റ്വസര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കിയിട്ടുണ്ട്. മറ്റ് പലരാജ്യങ്ങളിലും ഇവ നിയമവിധേയമാക്കുനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാരുകളും കോടതികളും ആരംഭിച്ചിട്ടുണ്ട്.

മിക്കവാറും എല്ലാ രാജ്യങ്ങളിലും ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സംഘടനകളും മുന്നേറ്റങ്ങളും സജീവമാണ്. ഇന്ത്യയില്‍ സമീപകാലത്തുണ്ടായ സുപ്രീം കോടതി ഈ വിഷയത്തിലുള്ള ശ്രദ്ധേയമായൊരു കാല്‍വെപ്പാണ്. നിഷ്‌ക്രിയമായ ആയാസരഹിത മരണം മാത്രമാണ് ഈ കോടതി നിയമവിധേയമാക്കുന്നത്. പ്രത്യക്ഷമായ നേരിട്ടുള്ള ദയാവധം ഇതിന്റെ ഭാഗമാവുന്നില്ല എന്നതും ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് നടപ്പാവാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നുണ്ട്. സമീപകാലത്ത് ഹോളണ്ടിലെ ആകെ മരണങ്ങളുടെ 3.5 ശതമാനം ദയാവധത്തിലൂടെയായിരുന്നു. ദീര്‍ഘകാലമായി ദയാവധം നിലനില്‍ക്കുന്ന ഹോളണ്ടില്‍ നടത്തിയ പഠനങ്ങളില്‍ പലതും സൂചിപ്പിക്കുന്നത് ദയാവധം ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ അപൂര്‍വമാണെന്നാണ്. 2005-ല്‍ എണ്‍പത് ശതമാനം കേസുകളും നിയമപരമായ കമ്മറ്റികളുടെ നിര്‍ദേശപ്രകാരമായിരുന്നു.

അരുണ ഷാന്‍ബാഗിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കുന്ന ആശുപത്രി ജീവനക്കാര്‍

ദുരുപയോഗ സാധ്യത

എല്ലാ മേഖലകളിലുള്ള സാമ്പത്തിക താല്‍പര്യങ്ങളും അണുകുടുംബജീവിത സാഹചര്യങ്ങളുമെല്ലാം ദയാവധം പോലുള്ള സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട് എന്നുള്ളത് യാഥാര്‍ഥ്യം തന്നെയാണ്. അത്തരത്തില്‍ ദയാവധം ദുരുപയോഗം ചെയ്യപ്പെട്ട നൂറുകണക്കിന് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 1990-കളില്‍ അമേരിക്കയില്‍ നൂറുകണക്കിന് രോഗികള്‍ക്ക് നിയമവിരുദ്ധമായി ദയാവധം നല്‍കി ഡോക്ടര്‍ ഡെത്ത് എന്ന പേരില്‍ കുപ്രസിദ്ധനായ ഡോ. ജാക്ക് കെവോക്കിയനെ പോലുള്ളവരും ദയാവധത്തെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണമാണ്.

വൃദ്ധരോടുള്ള അവഗണന, സ്വത്ത് തര്‍ക്കം, താങ്ങാനാവാത്ത ചികിത്സചിലവുകള്‍ മുതലായവ മുന്‍നിര്‍ത്തി ചികിത്സ പിന്‍വലിക്കല്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. എന്നാല്‍ ദുരുപയോഗം ചെയ്യപ്പെടും എന്നകാരണത്താല്‍ പുരോഗമനപരമായ ഒരു കാര്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്തും എന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം. ദുരുപയോഗ സാധ്യത ഏറ്റവും കുറയ്ക്കുന്ന സംവിധാനങ്ങളും നയങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.

വൈദ്യശാസ്ത്രത്തില്‍ പെട്ടെന്നൊരു ദിവസമുണ്ടാകുന്ന പുരോഗതിയുടെ ഭാഗമായി നാളെ ഈ രോഗാവസ്ഥ ചികിത്സിക്കാനായേക്കുമോ എന്ന ചിന്തയാണ് കോടതികളെ ദയാവധത്തിന് എതിരായി നിലപാട് രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്‌. വര്‍ഷങ്ങളുടെ, ചിലപ്പോള്‍ പതിറ്റാണ്ടുകളുടെ തന്നെ കോമ, വെജിറ്റേറ്റീവ് സ്‌റ്റേറ്റില്‍നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന രോഗികളുടെ അനുഭവങ്ങളും ആ ചിന്താധാരയ്ക്ക് കരുത്ത് പകരുന്നുണ്ട്. അതേസമയം, അത്തരമൊരു കണ്ടെത്തലിനും 'അത്ഭുതത്തിനുമായി' അവരുടെ രോഗപീഡകളെ അനന്തമായി നീട്ടിക്കൊണ്ട് പോകേണ്ടതുണ്ടോ എന്നുള്ളതും നീതിന്യായം തീരുമാനിക്കേണ്ടത് നിലവിലുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കില്ലേ എന്നുമുള്ള ചോദ്യത്തില്‍ ആ വാദത്തിന്റെ യുക്തിയില്ലായ്മ വ്യക്തമാകുകയും ചെയ്യും.

മതപരമായതൊഴിച്ച് മറ്റെല്ലാ എതിര്‍പ്പുകള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പുരോഗമനപരമായ ഒരു ആശയത്തെ കണ്ണടച്ച് എതിര്‍ക്കുന്നതിനപ്പുറം നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ ഇത് നടപ്പിലാക്കിയാലുണ്ടാകുന്ന ഗുണവും ദോഷങ്ങളും തിരിച്ചറിയുന്ന ചര്‍ച്ചകളും നടപടികളും ഉണ്ടാവുകയാണ് വേണ്ടത്.

Content Highlights: euthanasia and assisted suicide jean-luc godard aruna shanbaug


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented