വരാനിരിക്കുന്നത് ആനയില്ലാ പൂരങ്ങളോ? വിരമിക്കലിന്റെ വക്കിലെത്തി കേരളത്തിലെ നാട്ടാനകൾ


സാബി മുഗു"നിലവിലെ സാഹചര്യമാണെങ്കിൽ അടുത്ത് തന്നെ തൃശ്ശൂർ പൂരങ്ങളിൽ അടക്കം ആനകൾ ഇല്ലാതാകുന്ന സാഹചര്യമാണ്. ഭാവി തലമുറയ്ക്ക് ഇത്തരം കാര്യങ്ങൾ തന്നെ അന്യമാകും"

In Depth

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

നയില്ലാത്ത പൂരങ്ങളെക്കുറിച്ച് ചിന്തിക്കാനാകുമോ? നെറ്റിപ്പട്ടം കെട്ടി, തലയെടുപ്പോടെ വാദ്യഘോഷങ്ങള്‍ മുമ്പിൽ നിൽക്കുന്ന ആനകളില്ലാത്ത പൂരങ്ങളും സാംസ്കാരിക പരിപാടികളുമായിരിക്കും വരാനിരിക്കുന്നത് എന്ന് പറഞ്ഞാൽ ഒരുപക്ഷെ പൂരപ്രേമികളും ആനപ്രേമികളും അതംഗീകരിക്കണമെന്നില്ല. എന്നാൽ സംഗതി ഏറെക്കുറെ ഈ ഒരു അവസ്ഥയിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടുന്നത് വിദൂരമല്ലാത്ത ഭാവിയിൽ ആനകളില്ലാത്ത പൂരങ്ങളും സാംസ്കാരിക പരിപാടികളുമായിരിക്കും കേരളത്തിൽ നടക്കുക എന്നാണ്.

ഈ തലയെടുപ്പ് കേരളത്തിന്റെ മുഖമുദ്ര

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിൽ നിന്ന്, കേരള സംസ്കാരങ്ങളിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് പൂരങ്ങളും പൂരത്തിനെഴുന്നള്ളിക്കുന്ന ആനകളും. സംസ്ഥാനത്തെ വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും ക്ഷേത്രപരിപാടികൾക്കും ആനകളെ തലയെടുപ്പോടെ മുന്നിൽ നിർത്തുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിമാനം തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ആനകൾ ഉണ്ടെങ്കിലും പൂരങ്ങളും കേരള സംസ്കാരങ്ങളുമാണ് ആനകളെ അവയിൽ നിന്നൊക്കെ വേറിട്ടു നിർത്തുന്നത്. ആനകൾക്ക് കേരളത്തിൽ പ്രിയമേറുന്നതും ആന കേരളത്തിന്റെ സംസ്കാരങ്ങളോട് അത്രയ്ക്കും ചേർന്ന് നിൽക്കുന്നതു ഇതൊക്കെക്കൊണ്ട് തന്നെയാണ്. സെലിബ്രിറ്റി താരങ്ങളേക്കാൾ ആരാധകവൃന്ദമുണ്ട് ആനകൾക്ക്.

 • തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
 • തൃക്കടവൂർ ശിവരാജു
 • ഗുരുവായൂർ പത്മനാഭൻ
 • ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ
 • പാമ്പാടി രാജൻ
 • ചിറക്കൽ കാളിദാസൻ
 • ഈരാറ്റുപേട്ട അയ്യപ്പൻ
 • ഗുരുവായൂർ വലിയകേശവൻ
 • പുതുപ്പള്ളി കേശവൻ
 • കോന്നി സുരേന്ദ്രൻ
 • തിരുവമ്പാടി ചന്ദ്രശേഖരൻ അങ്ങനെ നീണ്ടുപോകുന്നു തലപ്പൊക്കത്തിന്റെ പട്ടിക

  സംസ്ഥാനത്ത് നിലവിലുള്ള നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരികയാണ്. പല ആനകൾക്കും പ്രായമായിത്തുടങ്ങി. പല ആനകളേയും ഇപ്പോൾ പൂരത്തിനും മറ്റു പരിപാടികൾക്കും ഉപയോഗിക്കാനാകാത്ത വിധത്തിൽ അസുഖം ബാധിച്ചു കഴിഞ്ഞിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ 70 ശതമാനം നാട്ടാനകളും 50 വയസ്സിനുമേൽ പ്രായമുള്ളവയാണ്. ഒരു പുരുഷായുസ്സാണ് ആനയ്ക്ക് എന്ന് പറയാമെങ്കിലും 80 വയസ്സിനപ്പുറം പ്രതീക്ഷിക്കാൻ പറ്റില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇരുപത് വർഷമായി കേരളത്തിലേയക്ക് ആനകളൊന്നും പുതിയതായി വന്നിട്ടില്ല. 1972-ലെ വന്യജീവി സംരക്ഷണനിയമത്തിൽ ആനപിടിത്തം നിരോധിച്ചതും 2002-ൽവന്ന ഭേദഗതിയിൽ ആനവിൽപ്പന നിരോധിക്കുകയും ചെയ്തതോടെയാണ് കേരളത്തിലേയ്ക്കുള്ള ആനകളുടെ വരവ് നിലച്ചത്. കേരളത്തിലെ ആനകളെ പിടികൂടാൻ നിയമപരമായി സാധ്യവുമല്ല.

  "ഒരുദിവസം പരിപാലനത്തിന് മാത്രമായി ആനയ്ക്ക് ഏകദേശം മൂന്നായിരത്തിലേറെ രൂപയാണ് ചിലവു വരുന്നത്. ഒരു മാസം എല്ലാം കൂടി ഒരു ലക്ഷത്തിലേറെ രൂപയാണ് ചെലവ്. കോവിഡ് കാലത്ത് ഏറെപ്രതിസന്ധിയിലായിരുന്നു. എഴുന്നള്ളത്തിൽ നിന്ന് കിട്ടുന്ന തുക കൊണ്ട് ഈ ചെലവുകളൊക്കെ നടത്തണം. വളരെ ഏറെ പ്രയാസത്തിലാണ് ഞങ്ങൾ. കോവിഡ് കാലത്ത് സർക്കാർ 14,500 രൂപയോളം വരുന്ന പോഷകാഹാരങ്ങൾ ആനകൾക്ക് വേണ്ടി നൽകിയിരുന്നു. എന്നാൽ ആ സമയത്ത് അത് കിട്ടിയത് ആശ്വാസമായിരുന്നു. നിലവിൽ കേരളത്തിൽ ആനകൾ കുറഞ്ഞു വരികയാണ്. പുതിയതായി ആനകൾ വരുന്നില്ല എന്നതാണ് കാര്യം. സംഭവം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പലപ്പോഴും ആനപരിപാലന നിയമങ്ങൾ പ്രയാസപ്പെടുത്തുന്നുണ്ട്.

  ആനക്കാരെ കിട്ടാനും പ്രയാസമാണ്. ഇപ്പോൾ ഉടമസ്ഥൻ തന്നെ ആനകളെ കൊണ്ടു നടക്കേണ്ട സാഹചര്യമാണ് ഉള്ളത്. ആനക്കമ്പവും അതിനോടുള്ള സ്നേഹവും കൊണ്ടാണ് ആനകളെ കൊണ്ടു നടക്കുന്നത്. 26 വർഷമായി ആനയെ കൂടെ കൂട്ടിയിട്ട്. നിലവിൽ സംസ്ഥാനത്തുള്ള പല ആനകൾക്കും പ്രായാധിക്യമുണ്ട്. മാത്രമല്ല പലതും വാർധക്യ സഹജമായ അസുഖം നേരിടുന്നുണ്ട്.

  നിലവിലെ സാഹചര്യമാണെങ്കിൽ അടുത്ത് തന്നെ തൃശ്ശൂർ പൂരങ്ങളിൽ അടക്കം ആനകൾ ഇല്ലാതാകുന്ന സാഹചര്യമാണ്. ഭാവി തലമുറയ്ക്ക് ഇത്തരം കാര്യങ്ങൾ തന്നെ അന്യമാകും"

  രാജേഷ് മുണ്ടയ്ക്കൽ,
  ആന ഉടമ (മുണ്ടയ്ക്കൽ എലഫന്റ്സ്)

  വർഷം തോറും ശരാശരി 25ലേറെ നാട്ടാനകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതായാണ് വിവരം. സംസ്ഥാനത്ത് 2008ൽ 900 നാട്ടാനകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 448 നാട്ടാനകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്. 452 എണ്ണം കഴിഞ്ഞ 12 വർഷങ്ങൾക്കിടെ ചെരിഞ്ഞു. 2018ൽ വനംവകുപ്പ് നടത്തിയ സെൻസസിൽ സംസ്ഥാനത്ത് 521 ആനകളായിരുന്നു ഉണ്ടായിരുന്നത്.

  കണക്കുകൾപ്രകാരം 2018ൽ 34 ആനകളാണ് സംസ്ഥാനത്ത് ചെരിഞ്ഞത്. 2019ൽ 20, 2020ൽ 20, 2021ൽ 29 ആനകളും ചെരിഞ്ഞതായാണ് റിപ്പോർട്ട്. 2022 ജൂലൈ വരെ 12 ആനകൾ ചെരിഞ്ഞു. 2021ൽ ചെരിഞ്ഞ, മംഗലം കുന്ന് കർണൻ, ഈ വർഷം ചെരിഞ്ഞ പാറമേക്കാവ് ശ്രീ പദ്മനാഭൻ, 2020ൽ ചെരിഞ്ഞ മംഗലംകുന്ന് കേശവൻ, 2018ൽ ചെരിഞ്ഞ തിരുവമ്പാടി ശിവസുന്ദർ തുടങ്ങിയ ആനകൾ ആനപ്രേമികളുടെ ഹൃദയം കവര്‍ന്നവരാണ്

  2021ൽ മാത്രം സംസ്ഥാനത്ത് ചെരിഞ്ഞ ആനകൾ

  • മംഗലാംകുന്ന് കർണ്ണൻ
  • കെ ആർ ശിവപ്രസാദ്
  • ഗുരുവായൂർ വലിയ കേശവൻ
  • കിരൺ ഗണപതി
  • അമ്പലപ്പുഴ വിജയകൃഷ്ണൻ
  • കളരിക്കാവ് അമ്പാടി കണ്ണൻ
  • കുമ്പളം മണികണ്ഠൻ
  • കോന്നി മണികണ്ഠൻ( ജൂനിയർ സുരേന്ദ്രൻ )
  • പത്മനാഭ ഭാസി മതിലകം ദർശനി
  • കുഴൂർ സ്വാമിനാഥൻ
  • മനിശ്ശേരി രഘുറാം
  • കോട്ടൂർ ശ്രീക്കുട്ടി
  • ചോറ്റാനിക്കര സീത
  • ഗുരുവായൂർ വലിയ മാധവൻകുട്ടി
  • കോട്ടൂർ അർജുൻ
  • അക്കരമ്മേൽ ലൈല
  • പാഴുർമന ഗോപാലൻ (കല്ലൻ ഗോപാലൻ)
  • ബാലുശ്ശേരി ജഗതാംബിക
  • ചാന്നനിക്കാട് അയ്യപ്പൻകുട്ടി
  • കൊട്ടിയൂർ ചന്ദ്രശേഖരൻ
  • അയിരൂർ ചിലങ്ക വാസുദേവൻ
  • ശ്രീ വിജയം കാർത്തികേയൻ

   നിലവിലെ സാഹചര്യത്തിൽ നാട്ടാനകളുടെ അസുഖം ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതിനോ അവയ്ക്ക് മതിയായ ചികിത്സ യഥാസമയം നൽകുന്നതിനോ ആവശ്യമായ സംവിധാനങ്ങളില്ല എന്നാണ് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്.

   നിലവിലുള്ള നാട്ടാനകളുടെ മരണനിരക്ക് ഇതുപോലെ തുടർന്നാൽ അഞ്ചോ ആറോ വർഷത്തിനകം തന്നെ കേരളത്തിലെ നാട്ടാന എന്ന വിഭാഗം ഇല്ലാതെയാകും. അതോടെ പൈതൃകമായി കേരളത്തിൽ നടന്നുവരുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് പൂരം, പെരുന്നാൾ നേർച്ച ആഘോഷങ്ങളും അവയുടെ അവിഭാജ്യഘടകമായ ആന എഴുന്നള്ളിപ്പും ഇല്ലാതെയാകും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. വനം വകുപ്പിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിയമാനുസൃതം ഉത്സവ എഴുന്നള്ളിപ്പുകൾക്കായി ആനകളെ കൊണ്ടുവന്ന് സംരക്ഷിക്കുന്നതിനും ക്ഷേത്രങ്ങളിൽ നിന്ന് നിയമാനുസൃതം ഉത്സവ എഴുന്നള്ളിപ്പുകൾക്കായി ആനകളെക്കൊണ്ട് വന്ന് സംരക്ഷിക്കുന്നതിനും ക്ഷേത്രങ്ങളിൽ നടയിരുത്തുന്നതിനും അടിയന്തിര സൗകര്യം ഒരുക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.

   1972-ലെ വന്യജീവി സംരക്ഷണനിയമത്തിൽ ആനപിടിത്തം നിരോധിച്ചതും 2002-ൽവന്ന ഭേദഗതിയിൽ ആനവിൽപ്പന നിരോധിച്ചതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ആനകളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളും കേരളത്തിൽ അന്യംനിന്നുകൊണ്ടിരിക്കുന്നു. നിലമ്പൂരും കോടനാടുമാണ് വനംവകുപ്പിന്റെ ആനക്കൊട്ടിലുകളുണ്ടായിരുന്നത്. ഇപ്പോഴത് കോടനാട് മാത്രമായി. കേരളത്തിലെ ഉടമകളുടെ കൈയിൽ കൊമ്പനാനകളായതിനാൽ വംശവർധനയ്ക്കും സാധ്യതയില്ല. കാട്ടിൽനിന്ന് ഒറ്റപ്പെട്ടുവരുന്ന കുട്ടിയാനകളെയും നിയമത്തിന്റെ കാർക്കശ്യം കാരണം നാട്ടാനകളുടെ ദൗത്യങ്ങളിലേക്ക് മാറ്റാൻ പറ്റില്ലെന്നത്‌ മറ്റൊരു കാരണം.

   "ആറ് വർഷം മുമ്പാണ് ഞങ്ങളുടെ ആന ചെരിഞ്ഞത്. അതിന് ശേഷം വേറൊരു ആനയെ വാങ്ങിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഭാരിച്ച ചെലവും നിയമതടസങ്ങളും കാരണം അതിൽ നിന്ന് പിന്മാറുകയായിരുന്നു. ആനയെ നോക്കാവുന്ന തരത്തിൽ നിലവിൽ ഒരു സാമ്പത്തികം ഇല്ല. ഉത്സവങ്ങൾ മാത്രമാണ് ഇപ്പോൾ വരുമാനമുള്ളത്. ആദ്യകാലത്ത് കൂപ്പിലേക്ക് മരം പിടിക്കാൻ കൊണ്ടു പോകുകയൊക്കെ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ അതൊന്നും ഇല്ല.

   13 വർഷക്കാലം ആനയെ കൊണ്ടു നടന്നു. പാപ്പാന്മാരെ കൊണ്ടു നടക്കുക എന്നുള്ളതും വളരെ ഏറെ പ്രയാസകരമാണ്. പാപ്പാന്മാർ ഇണങ്ങിക്കഴിഞ്ഞാൽ അവരെ മാറ്റി വേറെ ഒരാളെ നിയമിക്കുക എന്നതും പ്രയാസകരമായ കാര്യമാണ്. പുറത്തു നിന്നൊക്കെ ആനകളെ അതിർത്തി കടത്തി കൊണ്ടു വരുന്നതിലൊക്കെ നിയന്ത്രണം ഉണ്ടായതോടെ ആനകളുടെ വരവും ഇല്ലാതെയായി. ഉള്ള ആനകൾ ചെരിഞ്ഞു കൊണ്ടിരിക്കുകയാണ്"

   ശ്രീനിവാസൻ
   ചെരിഞ്ഞ പറപ്പൂർക്കാവ് കാളിദാസൻ എന്ന ആനയുടെ ഉടമ

   "വളർത്ത് ആനകളുടെ വാണിജ്യ വിൽപ്പന കൈമാറ്റം എന്നിവ നിരോധിച്ചുകൊണ്ട് 1972ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. കേരളത്തിലെ ക്ഷേത്രീയ, ക്രിസ്ത്യൻ പള്ളികളിലേയും മുസ്ലിം ആഘോഷങ്ങളിലേയും ആനകളുടെ സാന്നിധ്യം, എണ്ണം വളരെ ഭീതിപ്പെടുത്തുന്ന രീതിയിൽ കുറഞ്ഞു വരികയാണ്" എന്ന് ചൂണ്ടിക്കാട്ടി മുൻ എം.പി. സുരേഷ് ഗോപി കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പാർമെന്റിലെ തന്റെ അവസാന ദിനത്തിലെ പ്രസംഗത്തിൽ അദ്ദേഹം ഇത് മലയാളത്തിൽ എടുത്ത് പറയുകയും ചെയ്തിരുന്നു.

   "വ്യക്തികളുടെ കൈവശമുള്ള ആനകളെ കൈമാറ്റംചെയ്യാൻ അനുവദിക്കണം. ആനയെ സംരക്ഷിക്കാൻ പറ്റാത്തവർക്ക് അതൊരാശ്വാസമാകും. കോട്ടൂരിൽ വനംവകുപ്പിന്റെ പുനരധിവാസകേന്ദ്രം വരുന്നതാണ് പ്രതീക്ഷ. വളർത്താൻ പറ്റാത്തവർക്ക്‌ അവിടേക്ക്‌ ആനയെ കൈമാറാം"

   ഡോ. പി.എസ്. ഈസ,
   വന്യജീവി ഗവേഷകൻ

   ആന സ്നേഹം പറയുമ്പോൾ തന്നെ നാട്ടാനകൾക്ക് നേരെ ഉണ്ടാകുന്ന ക്രൂരതകളെക്കുറിച്ചും പല പരാതികളും ഉയരാറുണ്ട്. പലപ്പോഴും ആനകളെ ചങ്ങലക്കിട്ടുണ്ടാകുന്ന മുറിവുകളും വൃണങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും വൻ ചർച്ചയാകാറുണ്ട്.

   മദമിളകുന്ന ആനകളും ചുരുക്കം ചില പാപ്പാന്മാരുടെ ക്രൂരതകൾ കാരണം ദുരിതമനുഭവിക്കുന്ന ആനകളും കേരളത്തിൽ വാർത്തകളിൽ ഇടംപിടിക്കാറുമുണ്ട്. ആനകളെ തളച്ച് നാട്ടിൽ വളർത്തുന്നതിനെച്ചൊല്ലി പലപ്പോഴും മൃഗസ്നേഹികളും രംഗത്തെത്താറുണ്ട്. എന്തുതന്നെ ആയാലും കാലങ്ങളായി തുടർന്നു പോരുന്ന സംസ്കാരത്തിന്റെ ഭാഗമായി കേരളത്തിൽ ആനകൾ ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുത തന്നെയാണ്. കേരള സംസ്കാരവുമായി അത്രയേറെ ചേർന്നു കിടക്കുന്ന ആനകൾ ഇല്ലാത്ത സാസ്കാരിക പരിപാടികളെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ?

   Content Highlights: Elephant parades may vanish in a decade


   Also Watch

   Add Comment
   Related Topics

   Get daily updates from Mathrubhumi.com

   Youtube
   Telegram

   വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..    

   IN CASE YOU MISSED IT

   'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

   Oct 6, 2022


   vadakkenchery accident

   1 min

   ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

   Oct 6, 2022


   06:50

   വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

   Oct 6, 2022

   Most Commented