സോളാർ മാത്രമല്ല ബദൽ; വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുമ്പോൾ പുരപ്പുറത്ത് ഒരു കാറ്റാടിയെങ്കിലും വെക്കാം


വിഷ്ണു കോട്ടാങ്ങല്‍ | vishnunl@mpp.co.inPremium

പ്രതീകാത്മക ചിത്രം | Photo: Getty Images

കേന്ദ്രനയത്തിന്റെ ഭാഗമായി കേരളവും ഓരോ മാസവും വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തുന്ന രീതി നടപ്പാക്കാനൊരുങ്ങുകയാണ്. ഉത്പാദനച്ചെലവിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് എല്ലാ മാസവും വൈദ്യുതി നിരക്കില്‍ മാറ്റം വരുത്താനുള്ള കേന്ദ്ര വൈദ്യുതി ചട്ടഭേദഗതി സംസ്ഥാനത്തും നടപ്പാക്കുന്നതോടെ പെട്രോളിന്റെയും പാചകവാതകത്തിന്റെയും സ്ഥിതിയാവും വൈദ്യുതിക്കും. ഓരോ മാസവും ഓരോ നിരക്ക് നല്‍കേണ്ടിവരും. സംസ്ഥാനത്ത് മഴയുള്ള ആറു മാസക്കാലം ഉത്പാദനച്ചെലവ് കുറവാണ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ 50% വൈദ്യുതിയാണ് പുറമേനിന്ന് കൊണ്ടുവരിക. വേനല്‍ക്കാലമായ മൂന്ന് മാസം ഡിമാന്‍ഡ് കൂടുതലായതിനാല്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 75% പുറമേനിന്ന് കൊണ്ടുവരുന്നതുമാണ്. ശേഷിക്കുന്ന മൂന്നു മാസം വെള്ളത്തിന്റെ കരുതലുള്ളതിനാല്‍ വൈദ്യുതിച്ചെലവില്‍ കാര്യമായ ഏറ്റക്കുറച്ചിലുണ്ടാകില്ല. ഇത് കണക്കിലെടുത്താവും നിരക്ക് നിര്‍ണയത്തിനുള്ള മാനദണ്ഡം രൂപപ്പെടുത്തുക. അതനുസരിച്ചാവും ഓരോ മാസത്തെ വില നിര്‍ണയിക്കുക. അതിനാല്‍ ചില മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂടിയും ചില മാസങ്ങളില്‍ അടിസ്ഥാനവിലയില്‍ മാറ്റമില്ലാതെയും ശേഷിക്കുന്ന ആറു മാസക്കാലത്ത് നിരക്ക് കുറഞ്ഞുമിരിക്കും.

വൈദ്യുതി ഉത്പാദത്തിന്‌ കാലങ്ങളായി കേരളം ജലവൈദ്യുത നിലയങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് ജലവൈദ്യുത നിലയങ്ങളാണ്. അതിന് പുറമേ ആവശ്യമായി വരുന്ന വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വാങ്ങുകയാണ് ചെയ്യുന്നത്. പവര്‍ എക്‌സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതി ഉത്പാദിപ്പിക്കുന്നതാകട്ടെ കല്‍ക്കരി പോലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലുള്ള ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള താപനിലയങ്ങള്‍ മുഖേനയാണ്. ആണവോര്‍ജ വൈദ്യുതി പിന്നാലെയുണ്ട്. ഇങ്ങനെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ചെറുകിട ഉപഭോക്താക്കളെയാണ് കൂടുതല്‍ ബാധിക്കുക. നിലവിലെ നയം നടപ്പാക്കിയാലും പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയാണ് അടിസ്ഥാനമാക്കി കാണുന്നത് എന്നതിനാല്‍ ഉത്പാദനച്ചെലവ് കുറവുള്ള സമയത്തും നിലവിലുളളതിനേക്കാള്‍ കൂടുതല്‍ പണം വൈദ്യുതിക്ക് നൽകേണ്ടി വരുമെന്ന ആശങ്ക പൊതുജനത്തിനുണ്ട്.

പാരമ്പര്യേത ഊര്‍ജ മാര്‍ഗങ്ങളെ ഉപയോഗിക്കുന്നതില്‍ നാം എത്രത്തോളം മുന്നിലാണ് എന്നുള്ളതാണ് പ്രധാനമായും നോക്കേണ്ടത്. പാരമ്പര്യേതര ഊര്‍ജ ഉത്പാദനത്തില്‍ രാജ്യം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. സൗരോര്‍ജവും കാറ്റില്‍നിന്നുളള വൈദ്യുതിയും ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുന്തോറും ഊര്‍ജ ആവശ്യകത കൂടുകയേ ഉള്ളൂ. 19-ാമത് ഇലക്ട്രിക് പവര്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച്, 2016-17, 2021-22, 2026-27 വര്‍ഷങ്ങളില്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉപഭോഗം യഥാക്രമം 921 ബി.യു. (ബില്യണ്‍ യൂണിറ്റ്), 1300 ബി.യു., 1743 ബി.യു. എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. ഇത് 2036-37 ആകുമ്പോഴേക്കും 3049 ബി.യു. ആയി ഉയരും. നിലവില്‍, 2021-22ല്‍ ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉത്പാദന ശേഷി 1491 ബി.യു. മാത്രമാണ്. അപ്പോള്‍ വരുംകാലങ്ങളില്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് വൈദ്യുത ആവശ്യങ്ങള്‍ ഉയര്‍ന്നാല്‍ വലിയ പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നത്.

പാരമ്പര്യേതര ഊര്‍ജത്തിലെ നിക്ഷേപം

അന്താരാഷ്ട്ര തലത്തിലുള്ള കാലാവസ്ഥാ ഉടമ്പടികള്‍ പ്രകാരം ഇന്ത്യ ഇനി പുതിയ കല്‍ക്കരി നിലയങ്ങള്‍ തുറക്കുകയില്ല. ആണവ പ്ലാന്റുകള്‍ സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന ജനകീയ എതിര്‍പ്പും പാരിസ്ഥിതിക പ്രശ്‌നങ്ങളും കണക്കിലെടുത്താലും അത് സാമ്പത്തികമായി വൻബാധ്യത ഉണ്ടാക്കും. അപ്പോള്‍ പാരമ്പര്യേതര ഊര്‍ജമേഖലയെ ആശ്രയിക്കാതെ സാധിക്കില്ല. 2019-ല്‍ സ്ഥാപിത പുനരുപയോഗ ഊര്‍ജശേഷിയില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്തെത്തി. സൗരോര്‍ജവും കാറ്റില്‍നിന്നുള്ള ഊര്‍ജവുമാണ് മുന്നില്‍. 2030-ഓടെ പുനരുപയോഗിക്കാവുന്ന ഊര്‍ജം 450 ജിഗാവാട്ടായി ഉത്പാദിപ്പിക്കുകയാണു ലക്ഷ്യം. ഇത് പക്ഷെ, പാരമ്പര്യേതര മേഖലയില്‍നിന്നുള്ള മലിനീകരണമില്ലാത്ത ഊര്‍ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് വളരെ ചെറിയ ദൂരം മാത്രമാണ്. പ്രതിവര്‍ഷം 300 വേനല്‍ ദിവസങ്ങള്‍ ഉള്ളതിനാല്‍, ഇന്ത്യയുടെ സൗരോര്‍ജ സംഭരണ സാധ്യത പ്രതിവര്‍ഷം മണിക്കൂറിൽ 5000 ട്രില്യണ്‍ കിലോ വാട്ടാണ്. നമ്മുടെ എല്ലാ ഫോസില്‍ ഇന്ധന ശേഖരവും ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി, സൗരോര്‍ജം ഉപയോഗിച്ച് ഒരു വര്‍ഷം കൊണ്ട് നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് ഇതിനര്‍ത്ഥം.

പാരമ്പര്യേതര ഊര്‍ജമേഖലയില്‍ കേരളത്തില്‍ എത്രത്തോളം നിക്ഷേപം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നതിന്റെ കണക്ക് പരിശോധിച്ച് നോക്കാം. പാരമ്പര്യേതര ഊര്‍ജ ഉത്പാദനം വര്‍ധിപ്പിച്ച് 2050-ഓടെ കാര്‍ബണ്‍ ന്യൂട്രലാകുമെന്ന് കേരളം പ്രഖ്യാപിച്ചിരുന്നെങ്കിലും സൗരോര്‍ജ ഉല്‍പാദനത്തില്‍ സംസ്ഥാനം ഇഴയുകയാണെന്നതാണ് കണക്കുകള്‍ പറയുന്നത്. 2016-ല്‍ കേരളത്തില്‍ 16 മെഗാ വാട്ട് പാരമ്പര്യേതര ഊര്‍ജം മാത്രമായിരുന്നു ഉത്പാദിപ്പിച്ചത്. ആറ് വര്‍ഷങ്ങള്‍ക്കകം ഊര്‍ജ കേരള മിഷന്‍ പദ്ധതിയില്‍ 2022-ഓടെ 1000 മെഗാ വാട്ട് സൗരോര്‍ജ സ്ഥാപിത ശേഷിയാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. പുനരുപയോഗ ഊര്‍ജ സ്രോതസില്‍നിന്ന് ഇക്കാലയളവിൽ ഉത്പാദിപ്പിച്ചത് 800 മെഗാ വാട്ട് മാത്രമാണ്. ലക്ഷ്യമിട്ടതിന്റെ 80% കൈവരിക്കാന്‍ സാധിച്ചെങ്കിലും തൊട്ടയല്‍പക്കമായ തമിഴ്‌നാട് കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്‌.

2016-ല്‍ 1062 മെഗാ വാട്ടായിരുന്നു തമിഴ്‌നാട്ടിലെ പാരമ്പര്യേതര ഊര്‍ജ ഉല്‍പാദനത്തിന്റെ അളവ്. കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നുമായി തമിഴ്‌നാട് ഇന്ന്‌ ഉത്പാദിപ്പിക്കുന്നത് 16,723 മെഗാ വാട്ട് വൈദ്യുതിയാണ്‌. കേരളത്തേക്കാള്‍ നിരവധി അനുകൂല ഘടകങ്ങള്‍ തമിഴ്‌നാടിന് ഉണ്ടെന്ന് വാദിക്കാനാകും. കാറ്റാടി പാടങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലവും കാലാവസ്ഥയും തമിഴ്‌നാട്ടിലുണ്ട് എന്നതു യാഥാർത്ഥ്യമാണ്‌. അത്തരം സാഹചര്യങ്ങളുള്ള കേരളത്തിലെ ചില സ്ഥലങ്ങളില്‍ എന്തുകൊണ്ട് പദ്ധതികള്‍ തടസപ്പെടുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ മിക്ക ദിവസവും കാലവര്‍ഷക്കാലം ഒഴികെയുള്ള സമയങ്ങളില്‍ കേരളത്തില്‍ നന്നായി സൂര്യപ്രകാശം കിട്ടാറുണ്ട്. അത് പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ എന്തുകൊണ്ട് പിന്നോട്ടുപോകുന്നുവെന്നാണ് നാം തിരിച്ചറിയേണ്ടത്‌. നന്നായി തീരപ്രദേശമുള്ള കേരളത്തില്‍ എന്തുകൊണ്ട് കടല്‍ക്കാറ്റ് പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കാനാകുന്നില്ല?. ഇങ്ങനെ തിരഞ്ഞ് പോകുമ്പോഴാണ് ശുദ്ധമായ ഊര്‍ജോത്പാദനത്തിന് കേരളം എത്രത്തോളം അലസമാണെന്ന് മനസിലാക്കുന്നത്.

സോളാര്‍ വൈദ്യുതിക്ക് പുറമെ ചെറിയ വിന്‍ഡ് ടര്‍ബൈനുകള്‍ ഉപയോഗിച്ച് ഒരുവീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. വീടുകളെ ഊര്‍ജ സ്വയംപര്യാപ്തമാക്കുന്ന ഈ രീതിക്ക് പക്ഷെ നമ്മുടെ നാട്ടില്‍ സബ്‌സിഡി ലഭിക്കാറില്ല. സുദീര്‍ഘമായ തീരപ്രദേശങ്ങളില്‍ ഇത്തരം വിന്‍ഡ് ടര്‍ബൈനുകള്‍ ഫലപ്രദമായി സോളാര്‍ പാനലിനേക്കാള്‍ ഉപയോഗപ്രദമാക്കാന്‍ സാധിക്കും. അതിനുള്ള പദ്ധതികളോ ചിന്തകളോ ഉണ്ടാകുന്നില്ല. വന്‍കിട കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കേരളത്തിലില്ല. ഈ പ്രതിസന്ധി ചെറിയ വിന്‍ഡ് ടര്‍ബൈനുകള്‍ ഉപയോഗിച്ച് മറികടക്കാവുന്നതേയുള്ളു. കാരണം സോളാര്‍ പാനല്‍ പോലെ വര്‍ഷാവര്‍ഷം കിട്ടുന്ന വൈദ്യുതിയുടെ അളവ് കുറയുന്ന പ്രശ്‌നം വിന്‍ഡ് ടര്‍ബൈനുകള്‍ക്കില്ല. മാത്രമല്ല, പരിപാലനച്ചെലവും കുറവാണ്. രാത്രിയും പകലും വൈദ്യുതി ഉത്പാദിപ്പിക്കാം. മഴക്കാലത്തും വേനല്‍ക്കാലത്തും വൈദ്യുതി ലഭിക്കും. അങ്ങനെയുള്ള പ്രയോജനങ്ങളുണ്ട്.

ശുദ്ധമായ ഊര്‍ജത്തെപ്പറ്റി ഇത്രയൊക്കെ പറഞ്ഞെങ്കിലും ഇതില്‍നിന്ന്‌ എന്താണിത്ര പ്രയോജനം? കാറ്റില്‍നിന്നോ സൂര്യപ്രകാശത്തില്‍നിന്നോ ഒരു മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദനം 2,600 ടണ്‍ കുറയുന്നു എന്ന ഒറ്റ കാര്യം തന്നെ മതിയാവും ഇതിന്റെ ഗുണഫലമായി കാണിക്കാന്‍. ഇന്ധന ഉപയോഗം കുറയുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉത്പാദനവും കുറയുന്നു. ഇതാണ് പുനരുപയോഗ സ്രോതസില്‍നിന്നുള്ള വൈദ്യുതിക്കുള്ള ഏറ്റവും പ്രധാനമായ മെച്ചം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുന്നത് ദീര്‍ഘകാലത്തില്‍ കാലാവസ്ഥാ മാറ്റത്തിന്റെ തോത് കുറയ്ക്കുന്നു. അങ്ങനെ വരുമ്പോള്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ കുറയുന്നു. ചുരുക്കത്തിൽ, ഭാവിയിലേക്കുള്ള നിക്ഷേപമാണ് പുനരുപയോഗ ഊര്‍ജ സ്രോതസില്‍ നടത്തുന്നത്.

സോളാര്‍ തട്ടിപ്പുകള്‍

വൈദ്യുതി ബില്‍ വര്‍ധിക്കുന്നതും ഇടയ്ക്കിടെ വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതും മൂലം ഒട്ടേറെ ആളുകള്‍ സോളാര്‍ വൈദ്യുതിയിലേക്കു തിരിയുന്നുണ്ട്. പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്ന് വൈദ്യുത വാഹനങ്ങളിലേക്ക് തിരിയുന്നവര്‍ ധാരാളമാണ്. വീടുകളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കെ.എസ്.ഇ.ബി. ഗ്രിഡിനെ ആശ്രയിക്കാതെ സോളാര്‍ പാനല്‍ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. കൃത്യമായ ഗൃഹപാഠമില്ലെങ്കില്‍ ഇവരെ കാത്തിരിക്കുന്നത് അബദ്ധങ്ങളാണ്. ശരിയായി പ്രവര്‍ത്തിക്കുന്നത് തിരഞ്ഞെടുക്കാതെ പരസ്യങ്ങളിലും മറ്റും കുടുങ്ങി വിലക്കുറവ്‌ മാത്രം നോക്കി സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ സാമ്പത്തികനഷ്ടത്തിനുപുറമെ വീടിനു മുകളിലെ സ്ഥലവും നഷ്ടമാകും. വൈദ്യുതി ബില്‍ ലാഭിക്കാന്‍ മാത്രമായല്ല സോളാര്‍ പാനല്‍ സ്ഥാപിക്കേണ്ടത്. ആവശ്യമെത്ര എന്നറിഞ്ഞ് അതിനുതകുന്ന സംവിധാനമാണ് ഒരുക്കേണ്ടത്.

സോളാര്‍ പാനലിന് വേണ്ടി മുടക്കേണ്ട വലിയ തുകയുടെ പേരിലാണ് പലരും ഇതില്‍നിന്ന് മാറിനില്‍ക്കുന്നത്. ഇതിനായി മുടക്കുന്ന തുക ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്‌ ഇട്ടാല്‍കിട്ടുന്ന പലിശകൊണ്ട് വൈദ്യുതി ബില്‍ അടഞ്ഞുപോകുമെങ്കില്‍ പിന്നെ എന്തിന് സോളാര്‍ പ്ലാന്റ് എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനാകില്ല. കൂടുതല്‍ ഉപകരണങ്ങള്‍ സോളാർ വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്നതിനേക്കാള്‍ നല്ലത് അത്യാവശ്യത്തിന് പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പ്ലാന്റ് തിരഞ്ഞെടുക്കുന്നതാണ്. മോഹവിലയുടെ വാഗ്ദാനത്തില്‍ കുടുങ്ങി പ്ലാന്റ് സ്ഥാപിച്ചാല്‍ തീരെ പ്രവര്‍ത്തിക്കാത്തതോ അപൂര്‍ണമായി പ്രവര്‍ത്തിക്കുന്നതോ ആയ നീലനിറത്തിലുള്ള കുറച്ച് ഗ്ലാസ്സ് ഫ്രെയിമുകളാവും ടെറസ്സില്‍ ഇരിക്കുക. അനര്‍ട്ടിനെ കേന്ദ്രീകരിച്ചുള്ള കമ്പനികളുമായി ചേര്‍ന്ന് പദ്ധതികളൊരുക്കിയാല്‍ സബ്‌സിഡിയും കാര്യക്ഷമതയും ഉറപ്പാക്കാം. പാനലുകളുടെ ഡിസൈന്‍ അടക്കം കൃത്യമായി പരിശോധിക്കണം.

ഏറ്റവും ചുരുങ്ങിയത് മുപ്പത് വര്‍ഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട ഒന്നാണ് സോളാര്‍ പാനലുകള്‍. അതുകൊണ്ടുതന്നെ ഗുണനിലവാരത്തില്‍ നിര്‍മിക്കപ്പെട്ടതാണോയെന്ന്‌ ഉറപ്പുവരുത്തല്‍ വളരെ പ്രധാനമാണ്. അലുമിനിയം കൊണ്ട് കൂർത്ത മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമിലുള്ള പാനലുകള്‍ നല്ലതാണ്. പാനല്‍ ഫ്രെയിമുകളുടെ മൂലകള്‍ കൂർത്തു പൊന്തിനില്‍ക്കുന്നതാണെങ്കില്‍ ആ ഭാഗത്ത് പൊടിയും ചെളിയുമൊക്കെ അടിഞ്ഞ് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാതാകും. ശ്രദ്ധിച്ചില്ലെങ്കില്‍ കൈയിലിരുന്ന പണം കൊണ്ട് കടിക്കുന്ന പട്ടിയെ വാങ്ങിയ നിലയിലാകും കാര്യം.

കാറ്റ് അടിച്ചാല്‍ കരണ്ട് വരും

സോളാറിന് ബദലായി മലയാളി കെട്ടിപ്പടുത്തൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് അവന്ത് ഗാര്‍ഡ് ഇന്നൊവേഷന്‍. എന്നാല്‍, കമ്പനിയുടെ ഉത്പാദന യൂണിറ്റ് ഗുജറാത്തിലാണ്. ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും തങ്ങളുടെ ഉത്പന്നം കയറ്റുമതി ചെയ്യുന്ന കമ്പനിയായി ഇത് വളര്‍ന്നു. നഷ്ടം നമുക്കു തന്നെ. തടസമില്ലാതെ കാറ്റു കിട്ടുന്ന സ്ഥലങ്ങളില്‍ ടെറസിലോ അല്ലെങ്കില്‍ ഉയരമുള്ള സ്ഥലത്തോ ചെറിയ വിന്‍ഡ് ടര്‍ബൈന്‍ സ്ഥാപിക്കാം. സോളാര്‍ പാനലില്‍നിന്ന് വ്യത്യസ്lതമായി പകലും രാത്രിയും കാറ്റു കിട്ടിയാല്‍ വൈദ്യുതി ഉത്പാദനം നടക്കും. മാത്രമല്ല സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വേണ്ടി വരുന്നതിനേക്കാള്‍ മൂന്നിലൊന്ന് സ്ഥലം മതി. ഒരു കിലോ വാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കണമെങ്കില്‍ 100 ചതുരശ്ര അടി സ്ഥലം വേണ്ടി വരും. എന്നാല്‍, ചെറു വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് വാട്ട് എത്ര കൂടിയാലും ഉപയോഗിക്കുന്ന സ്ഥലത്തിന് വലിയ മാറ്റമുണ്ടാകുന്നില്ല എന്നതാണ് പ്രത്യേകത.

സോളാര്‍ പാനലിനെ പോലെ എപ്പോഴും ക്ലീനിങ് നടത്തേണ്ട ആവശ്യമില്ല. വൃത്തിയാക്കിയിലെങ്കില്‍ പൊടിയും ചെളിയും അടിഞ്ഞ് വൈദ്യുതോത്പാദനം കുറയുന്ന സാഹചര്യം സോളാര്‍ പാനലിനുണ്ട്. മഴക്കാലത്ത് വൈദ്യുതോത്പാദനം കുറയും. എന്നാല്‍, മഴക്കാലത്ത് വിന്‍ഡ് ടര്‍ബൈന്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, കാലാകാലങ്ങളില്‍ വൈദ്യുതോത്പാദനം കുറയുന്ന സാഹചര്യം സോളാറിനെ അപേക്ഷിച്ച് ഉണ്ടാകുന്നില്ല. ഇത്തരം ചെറുകാറ്റാടി വൈദ്യുതി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സോളാറിന് കിട്ടുന്ന സബ്‌സിഡി സൗകര്യങ്ങള്‍ കാറ്റാടി പ്ലാന്റിന് കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഇത് ജനങ്ങളിലേക്ക് എത്തുന്നത് കുറയുന്നു. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. കമ്പനികള്‍ കൂടുതലുണ്ട് എന്നതുകൊണ്ട് സോളാറിന് വന്‍തോതില്‍ ഉത്പാദനമുണ്ട്. അതും ചെലവ് കുറയ്ക്കുന്നതില്‍ ഒരു ഘടകമാണ്.

ഏത് കാലാവസ്ഥയിലും തുടര്‍ച്ചയായുള്ള ഉത്പാദനം

ലോകത്തില്‍ തന്നെ വെള്ളം ഒട്ടും വേണ്ടാത്ത വൈദ്യുതി ഉത്പാദന മാര്‍ഗമാണ് വിന്‍ഡ് ടര്‍ബൈനുകള്‍. പരിസ്ഥിതി സൗഹൃദമായ സോളാറിൽ പാനലുകൾ വൃത്തിയാക്കാന്‍ വെള്ളം ആവശ്യമാണ്. 25 വര്‍ഷത്തെ കണക്കെടുത്ത് നോക്കിയാല്‍ ഇങ്ങനെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചെലവ്‌ വലിയ നഷ്ടമായി കാണേണ്ടി വരും. എന്നാല്‍, വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് ഇത്തരം ആവശ്യങ്ങളുയരുന്നില്ല എന്നതാണ് പ്രധാന നേട്ടം. എങ്കിലും കേരളത്തിന് മാത്രമല്ല, എല്ലായിടത്തം സോളാറും ചെറു വിന്‍ഡ് ടര്‍ബൈനും അടങ്ങുന്ന ഹൈബ്രിഡ് സംവിധാനത്തിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാരണം പൊതു ഗ്രിഡ്ഡിനെ അപേക്ഷിച്ച് തുടര്‍ച്ചയായി വൈദ്യുതി എല്ലാ സമയത്തും കിട്ടാന്‍ ഇതാണ് അനുയോജ്യമായ രീതി. അങ്ങനെ വരുമ്പോള്‍ പകലും രാത്രിയും, ഏത് കാലാവസ്ഥയിലും തുടര്‍ച്ചയായുള്ള ഉത്പാദനമുണ്ടാകും. സോളാര്‍ അല്ലാതെ എന്ത് ചെയ്യാമെന്ന ചിന്തയില്‍ നിന്നാണ് ഞങ്ങള്‍ തുടങ്ങിയത്. എന്നാല്‍ കേരളത്തില്‍ ഒരു ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ അമേരിക്ക, യു.കെ., ഓസ്‌ട്രേലിയ തുടങ്ങി അഞ്ച് വിദേശ രാജ്യങ്ങള്‍ ഞങ്ങളെ അങ്ങോട്ട് ഉത്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.-

അരുണ്‍ ജോര്‍ജ് (സി.ഇ.ഒ., അവാന്ത് ഗാര്‍ഡ് ഇന്നൊവേഷന്‍)

അനര്‍ട്ടിന്റെ പഠനത്തില്‍ കേരളത്തില്‍ 2000 മെഗാ വാട്ട് വൈദ്യുതി കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് പക്ഷെ, വലിയ വിന്‍ഡ് ടര്‍ബൈനുകള്‍ വഴിയുള്ള ഉത്പാദനമാണ്. ഇതിന് പുറമെ സമുദ്രനിരപ്പില്‍നിന്ന് 20 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലങ്ങളില്‍ 600 മെഗാവാട്ട് വൈദ്യുതോത്പാദനത്തിനും സാധ്യതയുണ്ട്. ചെറു വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് അനുയോജ്യമായ ഉയരമാണ് ഇത്. 10 മുതല്‍ 20 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള സ്ഥലങ്ങളിലാണ് ഇത്തരം ടര്‍ബൈനുകളുടെ പ്രസക്തി. 570 കിലോ മീറ്ററാണ് കേരളത്തിന്റെ തീരമേഖല. ഈ മേഖലയില്‍ തന്നെ 200 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാഹചര്യമുണ്ട്. തുടര്‍ച്ചയായി കാറ്റു കിട്ടുന്ന മേഖലയാണ് തീരപ്രദേശം. ഇതുപോലെ ഹൈറേഞ്ച് മേഖലകളിലും ചെറു വിന്‍ഡ് ടര്‍ബൈനുകള്‍ ഉപയോഗപ്രദമാണ്. നഗരപ്രദേശങ്ങളിലെ ഉയരമുള്ള കെട്ടിടങ്ങളിൽപോലും ഇത്തരം ചെറു കാറ്റാടി വൈദ്യുത പ്ലാന്റ് സ്ഥാപിക്കാം. ഇങ്ങനെ വിശാലമായ സാധ്യത നിലനില്‍ക്കെ അതുപയോഗിക്കാന്‍ മടി കാണിക്കുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്?

ചെറുകിട വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് നിലവില്‍ പദ്ധതികളില്ല

കേരളത്തില്‍ വൈദ്യുതി ആവശ്യങ്ങള്‍ ഇനി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. പക്ഷെ, സോളാര്‍ വൈദ്യുതിക്കപ്പുറം വന്‍കിട വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് കേരളത്തില്‍ വലിയ സാധ്യത ഇല്ല. കാരണം ഇതിന് വേണ്ടി കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് വലിയ സാമ്പത്തിക ചെലവുണ്ടാക്കുന്നുണ്ട്. അതിന് പകരം തമിഴ്‌നാട്ടില്‍ പ്ലാന്റ് സ്ഥാപിച്ച് കേരളത്തിലേക്ക് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമാകുക. മാത്രമല്ല, കേരളത്തിലേക്ക് അത്തരം പ്ലാന്റുകള്‍ സ്ഥാപിക്കാനാവശ്യമായ അനുയോജ്യമായ സ്ഥലത്തിന്റെ അഭാവമുണ്ട് എന്നത് വലിയൊരു യാഥാര്‍ഥ്യമാണ്. അല്ലെങ്കില്‍ കടലില്‍ വിന്‍ഡ് ടര്‍ബൈന്‍ പ്ലാന്റ് സ്ഥാപിക്കണം. അതിന് അനുയോജ്യമായ സ്ഥലം വിഴിഞ്ഞത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനൊക്കെ വലിയ സാമ്പത്തിക ബാധ്യത ഉണ്ട്. സോളാര്‍ പദ്ധതികളെയാണ് നിലവില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ സബ്‌സിഡി ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്നത്. ചെറിയ ഗാര്‍ഹിക യൂണിറ്റുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍ ചെറുകിട വിന്‍ഡ് ടര്‍ബൈനുകള്‍ക്ക് നിലവില്‍ പദ്ധതികളൊന്നും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അത്തരം അപേക്ഷകള്‍ വന്നിട്ടില്ല. വന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാരുകള്‍ പരിഗണിക്കും-
ബി. അശോക് (മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി)

Content Highlights: electricity from wind turbine; possibilities and current status of the project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented