ടെലികോമിന്റെ വഴിയെ വൈദ്യുതിയും, ഓഫര്‍ എന്നുമുണ്ടാവുമോ അതോ ഷോക്കടിപ്പിക്കുമോ സ്വകാര്യമേഖല


അജ്‌നാസ് നാസര്‍

In-Depth

പ്രതീകാത്മക ചിത്രം

വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പടെ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന വൈദ്യുതി നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കഴിഞ്ഞിരിക്കയാണ്. കര്‍ഷകസമരത്തിലുള്‍പ്പടെ നിര്‍ണായക സ്വാധീനം ചെലുത്തുകയും രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്ത ബില്ലുമായി മുന്‍പോട്ട് പോകുവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

വൈദ്യുത വിതരണ രംഗത്തെ കുത്തക അവസാനിപ്പിച്ച് മത്സരം വര്‍ധിപ്പിക്കുന്നത് വഴി മികച്ച സേവനം ഉറപ്പാക്കലാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡുകള്‍ക്ക് ഈ മേഖലയിലുള്ള കുത്തക അവസാനിക്കും. ഒരു പ്രദേശത്ത് തന്നെ വൈദ്യുത വിതരണത്തിന് ലൈസന്‍സുള്ള ഒന്നിലേറെ സ്ഥാപനങ്ങള്‍ നിലവില്‍ വരും. അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ വിതരണ ലൈസന്‍സിന് അപേക്ഷിച്ചാല്‍ അത് നല്‍കാനുള്ള ഉത്തരവാദിത്വം റെഗുലേറ്ററി കമ്മീഷന് വന്നു ചേരും. നിശ്ചിത പരിധി കഴിഞ്ഞിട്ടും ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് നല്‍കിയതായി കണക്കാക്കി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാകും എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വ്യവസ്ഥ. നിലവിലുള്ള വിതരണ സംവിധാനങ്ങളിലും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലും സ്വകാര്യ സംരംഭകര്‍ക്ക് അവകാശമുണ്ടായിരിക്കും. അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനായി കൂടിയ നിരക്കും കുറഞ്ഞ നിരക്കും റെഗുലേറ്ററി കമ്മീഷന് തീരുമാനിക്കാനാകും. ടെലികോം മേഖലയിലെന്നപോലെ വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണം വിപ്ലവകരമായ മാറ്റങ്ങളാകും സൃഷ്ടിക്കുകയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദം.

എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയമെന്ന നിലയ്ക്ക് തന്നെ വലിയ ആശങ്കകളും വൈദ്യുതി നിയമഭേദഗതിയെ തുടര്‍ന്നുയര്‍ന്നിട്ടുണ്ട്. വൈദ്യുത വിതരണമേഖല സ്വകാര്യവത്കരിക്കപ്പെടുമ്പോള്‍ അത് ഏത് രീതിയിലാണ് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുക എന്നതാണ് പ്രധാന ആശങ്ക. ഇന്ധനമേഖലയിലുള്‍പ്പടെ സ്വകാര്യവത്കണം നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളാണ് ഇത്തരമൊരു ആശങ്കയുടെ അടിസ്ഥാനം. പെട്രോള്‍ വിലയെന്നപോലെ ഒരോ ആഴ്ചയും ദിവസവും വൈദ്യുതി വില വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. താരതമ്യേനെ മികച്ച രീതിയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഇടപെടുന്ന ഒരു മേഖല സ്വകാര്യവത്കരിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കാണ് തള്ളിവിടുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ വിതരണ ശൃംഖലകളുള്‍പ്പടെ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിലൂടെ പൊതുമേഖയുടെ മൂല്യം കണക്കാനാവാത്ത സ്വത്തുക്കള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സ്വകാര്യ മേഖലയിലെ സംരംഭകര്‍ ലാഭം ലക്ഷ്യമിട്ട് നഗരമേഖലകളില്‍ കേന്ദ്രീകരിക്കുന്നതോടെ ഗ്രാമപ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ നല്‍കുന്ന സബ്‌സിഡികള്‍ ഉള്‍പ്പടെ അട്ടിമറിക്കപ്പെടുമെന്നുള്ള ആശങ്കയുമുണ്ട്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംയുക്തമായി കൈകാര്യം ചെയ്യുന്ന ഒരു മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകളെ നോക്കുകുത്തികളാക്കി കേന്ദ്രം നടത്തുന്ന ഈ ഇടപെടല്‍ രാജ്യത്തെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നതാണെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ബില്ല് പ്രഖ്യാപിച്ച നാള്‍മുതല്‍ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കേരളവും ബംഗാളും ഉള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ബില്ലിനെതിരെ പരസ്യമായി രംഗത്തുവന്നു. 2021 ഓഗസ്റ്റ് 5ന് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. രാജ്യത്തേറ്റവും സംഘടിതരായ തൊഴിലാളികളുള്ളത് വൈദ്യുതമേഖലയിലാണെന്നതും പ്രതിഷേധങ്ങളുടെ ആക്കം കൂട്ടി. രാജ്യവ്യാപകമായ പണിമുടക്കുകളും പ്രതിഷേധങ്ങളും നടന്നു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക സമരത്തിലെ ഒരു പ്രധാന വിഷയം വൈദ്യുതി ഭേദഗതി പിന്‍വലിക്കലായിരുന്നു. പിന്നീട് നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിച്ച് മാത്രമേ ബില്‍ നടപ്പിലാക്കു എന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ യാതൊരു ചര്‍ച്ചയും നടത്താതെ ബില്ലുമായി മുന്‍പോട്ട് പോകാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നാണ് കര്‍ഷക സംഘടനകള്‍ ഉള്‍പ്പടെ ഉയര്‍ത്തുന്ന ആരോപണം.

വൈദ്യുത നിയമഭേദഗതികളുടെ ചരിത്രം

വൈദ്യുതി നിയമഭേദഗതി ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തുവരുന്ന ആറാമത്തെ കരടാണ് ഇപ്പോഴത്തേത്. 2013 ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയുടെ ലക്ഷ്യം വൈദ്യുതി വിതരണത്തെ രണ്ടായി വിഭജിക്കുക എന്നതായിരുന്നു. തുടര്‍ന്ന് 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഭേദഗതിയുടെ പുതുക്കിയ കരട് അവതരിപ്പിച്ചു. വിതരണ സംവിധാനങ്ങളുടെ വിഭജനത്തിന് പുറമെ പുതുതായി വരുന്ന സപ്ലൈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വിതരണ സ്ഥാപനങ്ങളുടെ കൈവശമുള്ള വൈദ്യുതി പങ്കുവെക്കാനുള്ള നിര്‍ദേശംകൂടി ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തി. ഇത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി അംഗീകരിക്കുകയും ലോക്‌സഭയില്‍ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടിവന്നു.

പിന്നീട് 2018 ല്‍ വൈദ്യുത മേഖലയുടെ അധികാരങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന പുതിയ ഭേദഗതി കൊണ്ടുവന്നു. ക്രോസ് സബ്‌സിഡി ഇല്ലാതാക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളും ഇതിലുണ്ടായിരുന്നു. 2020 ഏപ്രിലിലും 2021 ഫെബ്രുവരിയിലും വൈദ്യുതി നിയമ ഭേദഗതിക്കുള്ള കരട് ബില്ലുകള്‍ തയ്യാറാക്കുകയും പാര്‍ലമെന്റില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തുവെങ്കിലും പ്രതിഷേധങ്ങളും കര്‍ഷക സമരവും കൊണ്ടെല്ലാം മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് നിയമഭേദഗതി ഇല്ലാതെ തന്നെ സ്വകാര്യവത്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലുമാണ് വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കങ്ങളുണ്ടായി.

ക്രോസ് സബ്‌സിഡി അവസാനിക്കും

ഒരു പ്രദേശത്ത് ഒന്നിലേറെ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ എന്നതാണ് പുതിയ ഭേദഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഒരു സ്ഥാപനത്തിന്റെ വൈദ്യുതി വിതരണ സംവിധാനമുപയോഗിച്ച് മറ്റ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വൈദ്യുതി കടത്തിക്കൊണ്ടുപോകാനാവും. സ്വന്തമായി വിതരണ ശൃഖലകളില്ലാതെ തന്നെ വൈദ്യുതി വിതരണം നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കുന്നു. ഇതില്‍ ഏത് കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ സാധിക്കും. ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് നല്‍കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ നിരക്കിലല്ല വൈദ്യുതി നല്‍കുന്നത്. വന്‍കിട ഉപഭോക്താക്കള്‍ക്ക് ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ചെറുകിടക്കാര്‍ക്കും കാര്‍ഷിക ആവശ്യത്തിനുമെല്ലാം ശരാശരിയെക്കാള്‍ കുറഞ്ഞ നിരക്കിലുമാണ് വൈദ്യുതി നല്‍കുന്നത്. ഇത്തരത്തില്‍ അധികമായി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നത്. ഇതിനെയാണ് ക്രോസ് സബ്‌സിഡി എന്ന് വിളിക്കുന്നത്. പുതിയ സംവിധാനപ്രകാരം ഒന്നിലേറെ വൈദ്യുതി കമ്പനികള്‍ വരുമ്പോള്‍ സ്വാഭാവികമായും വന്‍കിടക്കാര്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കുന്ന സ്വകാര്യ വിതരണക്കാരിലേക്ക് മാറും. ഇത്തരത്തില്‍ വന്‍കിടക്കാരെ പൊതുമേഖല കമ്പനികള്‍ക്ക് നഷ്ടമാകുന്നതോടെ ക്രോസ് സബ്‌സിഡി ഇല്ലാതാകും. എന്നാല്‍ പുതിയ ബില്ലില്‍ ക്രോസ് സബ്‌സിഡിയെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളുണ്ടാകുമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

പൊതുമേഖല തകരും; സ്വകാര്യ മേഖല വളരും

സ്വന്തം സംവിധാനങ്ങള്‍ ഒരുക്കാതെ തന്നെ നിലവിലുള്ള ലൈസന്‍സിയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണം നടത്താന്‍ സാധിക്കും. നിലവിലുള്ള ലൈസന്‍സി അവരുടെ സംവിധാനങ്ങളും നിലവിലുള്ള കരാറുകളും പുതിയ ലൈസന്‍സികളുമായി പങ്ക് വെയ്ക്കണം. സെക്ഷന്‍ 62 ല്‍ വരുത്തിയ ഭേദഗതി പ്രകാരം വിതരണത്തിന് അനുവദിക്കുന്ന കൂടിയതും കുറഞ്ഞതുമായ നിരക്കുകള്‍ മാത്രമാണ് റെഗുലേറ്ററി അതോറിറ്റിക്ക് തീരുമാനിക്കാന്‍ സാധിക്കുന്നത്. ഏജന്‍സികള്‍ക്ക് ഇതിനിടയിലുള്ള ഏത് നിരക്കിലും വൈദ്യുതി വില്‍ക്കാം. നിലവിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ കുത്തക അവസാനിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ചോയ്‌സ് നല്‍കുക എന്നുള്ളതാണ് ഈ ഭേദഗതിയുടെ ഏറ്റവും വലിയ മെച്ചമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ടെലികോം മേഖലയില്‍ സ്വകാര്യവത്കരണം നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ മാറ്റങ്ങളാണ് ഇതിന് സമാനമായി ചൂണ്ടിക്കാണിക്കുന്നത്. 2003 ലെ വൈദ്യുതി ഭേദഗതിയിലും സമാനമായ നിര്‍ദേശമുണ്ടായിരുന്നു. പക്ഷെ ഓരോ ഏജന്‍സികളും അവരുടേതായ വിതരണ ലൈനുകളും മറ്റും ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ രീതിയില്‍ ഏറ്റെടുക്കാന്‍ ആരും രംഗത്ത് വന്നില്ല. തുടര്‍ന്നാണ് പൊതുമേഖല വിതരണ സംവിധാനം ഉപയോഗിക്കാം എന്ന ചട്ടം ഉള്‍പ്പെടുത്തിയത്. അപ്പോഴും അറ്റകുറ്റപ്പണിയും തകരുന്നത് പുനസ്ഥാപിക്കലും എല്ലാം പൊതുമേഖല സ്ഥാപനങ്ങളുടെ തന്നെ ഉത്തരവാദിത്വമായി തുടരും. ഇതിനായി ഫീസ് ഈടാക്കാമെങ്കിലും അതൊട്ടും പര്യാപ്തമല്ല എന്നാണ് വിമര്‍ശകരുടെ പക്ഷം. ഇതിലൂടെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പതിറ്റാണ്ടുകളായി വളര്‍ത്തിക്കൊണ്ടുവന്ന വിതരണസംവിധാനങ്ങള്‍ സ്വകാര്യമേഖലക്കും ലഭിക്കുകയും പൊതുമേഖല സ്ഥാപനങ്ങള്‍ തകരുകയും ചെയ്യുമെന്നാണ് ആശങ്ക.

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കം

കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണായകമായ പങ്കാളിത്തം ഉള്ളതുമായ വൈദ്യുതി വിതരണത്തെ അടിമുടി മാറ്റുന്ന ഒരു നിയമഭേദഗതി നടപ്പിലാക്കുന്ന രീതിയാണ് മറ്റൊരു വിമര്‍ശനം. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മ്മാണത്തിന് അധികാരമുള്ള ഒരു മേഖലയില്‍ ഇത്തരത്തിലൊരു ഭേദഗതി നടപ്പിലാക്കുമ്പോള്‍ ആവശ്യമായ യാതൊരു മുന്നൊരുക്കങ്ങളോ ചര്‍ച്ചകളോ നടത്തിയില്ലെന്നും വിമര്‍ശനമുണ്ട്. ആദ്യഘട്ടത്തില്‍ കൊണ്ടുവരികയും ചര്‍ച്ച നടത്തുകയും ചെയ്തതില്‍ നിന്ന്‌ വ്യത്യസ്തമായ നിര്‍ദേശങ്ങളാണ് ഭേദഗതിയില്‍ അവതരിപ്പിക്കപ്പെട്ടത്. അതിനുമപ്പുറം അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നത് കൂടിയാണ് ഭേദഗതി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ കേന്ദ്രത്തിന്‌ നിയന്ത്രിക്കാനാകും. വൈദ്യുതി നിരക്കുകള്‍ തീരുമാനിക്കുന്നതില്‍ പോലും കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കും. താരതമ്യേനെ മെച്ചപ്പെട്ട രീതിയില്‍ സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു മേഖലയില്‍ സ്വകാര്യ കമ്പനികളെ തുറന്നുവിടുകയും മറ്റ് അധികാരങ്ങളെല്ലാം ഏറ്റെടുക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഈ ഭേദഗതിയെന്നാണ് ഈ വിമര്‍ശനത്തിന്റെ ചുരുക്കും. ഇത് ഇന്ത്യയുടെ ഫെഡറല്‍ ഭരണസംവിധാനത്തെ ഇല്ലാതാക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


വൈദ്യുതി നിരക്ക് വര്‍ധിക്കുമോ?

സ്വകാര്യ മേഖലയുള്‍പ്പടെ വിതരണരംഗത്തേക്ക് വരുന്നതോടെ വൈദ്യുതി നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നതാണ് മറ്റൊരു ആശങ്ക. കാര്യക്ഷമതയും സേവനമികവും കുറഞ്ഞ താരിഫുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതെങ്കിലും നിലവില്‍ സ്വകാര്യവത്കരണം നടപ്പിലാക്കിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമൊന്നും ഇത് നടപ്പിലായിട്ടില്ലെന്നാണ് ജീവനക്കാര്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടുന്നത്. വലിയ രീതിയിലുള്ള താരിഫ് വര്‍ധനവ് ഇവിടങ്ങളില്‍ ഉണ്ടായി. ഒഡീഷയില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന വിതരണ ശൃംഖല പുനസ്ഥാപിക്കാന്‍ വന്‍ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനി തയ്യാറായില്ല. ഇത് കൂടുതല്‍ ദൂരിതമുണ്ടാക്കി. ക്രോസ് സബ്‌സിഡി നിലനിര്‍ത്താനുള്ള ബാലന്‍സിങ് ഫണ്ട് രൂപീകരിക്കുന്നത് പോലും സ്വകാര്യ കമ്പനികളുടെ വൈദ്യുതി വില്‍പ്പനയും വരുമാനവും ചിലവുമൊക്കെ നിരീക്ഷിച്ച ശേഷം വേണമെന്നുള്ളതാണ് ഒരു നിര്‍ദേശം. ഇതടക്കം പല നിര്‍ദേശങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമാണ്.

ഇതെല്ലാം സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വലിയരീതിയില്‍ വര്‍ധിപ്പിക്കുന്നതിലേക്കാണ് എത്തിക്കുക. എല്ലാവര്‍ക്കും വൈദ്യുതി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം സ്വകാര്യ കമ്പനികള്‍ക്ക് ഇല്ലാത്തത് കൊണ്ടുതന്നെ ചിലവ് കൂടിയ ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തിന് ഇവര്‍ തയ്യാറാകില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ തകരുന്ന സാഹചര്യം കൂടിയുണ്ടായാല്‍ ഇത്തരം പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തന്നെ തടസ്സപ്പെടാം. സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ അധികാരങ്ങള്‍ കുറയ്ക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളും ഏത് രീതിയില്‍ ബാധിക്കും എന്ന പ്രശ്‌നമുണ്ട്‌. സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ ഇത് ഇടയാക്കും. റവന്യുശേഷി കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാവാം. ഉദാഹരണത്തിന് കേരളത്തിലെ സാഹചര്യമെടുത്താല്‍ കെ.എസ്.ഇ.ബി നിലവിലെ സാഹചര്യത്തില്‍ തന്നെ തുടര്‍ന്നാലും ദേശീയ തലത്തിലുള്ള സ്വകാര്യ കമ്പനികള്‍ വന്‍കിട ഫാക്ടറികള്‍ മാളുകള്‍ തുടങ്ങയി വന്‍കിട ഉപഭോക്താക്കള്‍ക്ക് താരതമ്യേനെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കും. സംസ്ഥാനം ജലവൈദ്യുത പദ്ധതികളിലൂടെ നിര്‍മ്മിക്കുന്ന ചിലവ് കുറഞ്ഞ വൈദ്യുതി ഇവര്‍ക്ക് പങ്കുവെക്കുകയും വേണം. കെ.എസ്.ഇ.ബിക്ക് അവശേഷിക്കുക കൃഷിക്കാരുടെയും വീടുകളിലെയും കണക്ഷനുകളിലായിരിക്കും. വന്‍കിടക്കാരുടെ ലാഭം നഷ്ടമാകുന്നതോടെ സബ്‌സിഡിയും മറ്റും നല്‍കാന്‍ പ്രതിസന്ധിയുണ്ടാകും. സ്വാഭാവികമായും നിരക്ക് വര്‍ധിപ്പിക്കേണ്ടിവരും


ഏത് മേഖലയിലായാലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ വേണം. പക്ഷെ ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും ആവശ്യമായ അടിസ്ഥാന ഘടകം എന്നതാണ് വൈദ്യുതിയുടെ ഏറ്റവും വലിയ പ്രസക്തി. രാജ്യത്തിന്റെ മുക്കിലും മൂലയിലും വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ഈ രാജ്യം നേടിയ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ആ അടിത്തറയുടെ മുകളിലാണ് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ അതിജീവിക്കുന്നത്.. കര്‍ഷകര്‍ കൃഷി ചെയ്യുന്നത്.. ചെറുകിട വ്യവസായങ്ങളും സംരഭങ്ങളും നിലനില്‍ക്കുന്നത്. ആ അടിത്തറ ഇല്ലാതായാല്‍ അതില്ലാതാക്കുന്നത് ഗ്രാമീണ ഇന്ത്യയെക്കൂടിയാണ്. ഇത്തരം ആശങ്കകള്‍ പരിഹരിക്കപ്പെടുക തന്നെ വേണം.

Content Highlights: electricity amendment bill 2022 privatisation of electricity In-Depth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented