ഹില്ലരി ക്ലിന്‍റണിന്‍റെ ആരാധ്യവനിത, ആയിരങ്ങളുടെ സഹോദരി..


അശ്വതി അനില്‍ | aswathyanil@mpp.co.in



In Depth

ഇള ഭട്ട് | Photo: PTI

'ഞാന്‍ ആരാധിക്കുന്ന പല വിശിഷ്ട വ്യക്തിത്വങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ട്. അതില്‍ പ്രധാനിയായ ഒരാളുണ്ട്, ഇള ഭട്ട്, എന്റെ പേഴ്സണല്‍ ഹീറോകളില്‍ ഒരാള്‍..' യുഎസ്സിന്റെ പ്രഥമ വനിതയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഹില്ലരി ക്ലിന്റണ്‍ ഒരിക്കല്‍ പറഞ്ഞതാണീ വാക്കുകള്‍. 1995 മുതല്‍ ഇളയുമായി വിശേഷപ്പെട്ട ബന്ധം കാത്തുസൂക്ഷിച്ചയാളായിരുന്നു ഹില്ലരി. ഇളയുടെ നേതൃത്വത്തില്‍ ആരംഭിച്ച സേവയില്‍ നടത്തിയ സന്ദര്‍ശനമാണ് പില്‍ക്കാലത്ത് പ്രഥമ വനിതയുടെ പ്രശംസ വരെ പിടിച്ചുപറ്റിയ ആ ബന്ധത്തിലേക്ക് വളര്‍ന്നത്. ഹില്ലരിയെ പിന്നീടും ഇന്ത്യയിലേക്കെത്തിച്ചതിനു പിന്നിലും ഇള തന്നെയായിരുന്നു പ്രധാന കാരണം.

ഇന്ത്യയില്‍ താഴെത്തട്ടിലുള്ള സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട സേവ എന്ന തൊഴിലാളി സംഘടനയുടെ പേരിനൊപ്പമാണ് ഇളയെ കുറിച്ച് രാജ്യവും ലോകവും അറിഞ്ഞുതുടങ്ങിയത്. 1972-ല്‍ രൂപവത്കരിച്ച 'സേവ' ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ സഹകരണസംഘങ്ങളിലൊന്നാണ്. 'സെല്‍ഫ് എംപ്ലോയ്ഡ് വിമെന്‍സ് അസോസിയേഷന്‍' അഥവാ സേവയില്‍ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരും സ്വയംതൊഴില്‍ ചെയ്യുന്നവരും അസംഘടിതരുമായ 21 ലക്ഷം സ്ത്രീകളാണ് അംഗങ്ങളായിട്ടുള്ളത്. താഴെത്തട്ടിലുള്ള സ്ത്രീകളുടെ സ്വാശ്രയത്വവും ശാക്തീകരണവുമാണ് സേവയുടെ ലക്ഷ്യം.



ഹില്ലരി ക്ലിന്‍റണ്‍ സേവ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

ഗാന്ധിയന്‍ ആശയങ്ങള്‍ക്കൊപ്പം നടന്ന ഇള

സാമൂഹികപ്രവര്‍ത്തക വനലീലാ ബെന്നിന്റെയും അഭിഭാഷകന്‍ സുമന്ത്‌റായി ഭട്ടിന്റെയും മകളായി 1933 സെപ്തംബര്‍ ഏഴിനാണ് ഇള ജനിച്ചത്. ഇളയുടെ മുത്തച്ഛന്‍ മണിധര്‍ പ്രസാദ് വ്യാസ് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്ന ആളായിരുന്നു. അഹമ്മദാബാദില്‍ ഡോക്ടര്‍ കൂടിയായിരുന്ന അദ്ദേഹം സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. മുത്തച്ഛന്റേയും സാമൂഹികസേവനത്തിന് വേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ച അമ്മയുടേയും പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഇളയുടെ കുട്ടിക്കാലം കഴിഞ്ഞത്. സ്വതന്ത്ര്യസമരം കൊടുമ്പിരികൊണ്ട് 1947ലാണ് ഇള മെട്രിക്കുലേഷന്‍ പാസായി നിയമപഠനത്തിനായി കോളേജില്‍ ചേര്‍ന്നത്. 'രാഷ്ട്ര പുനര്‍നിര്‍മിതി' ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. എന്ത്, എങ്ങനെ ചെയ്യണമെന്നതിനെ കുറിച്ച് ഞങ്ങളുടെ തലമുറയ്ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. വഴി എന്താണെന്ന് ഗാന്ധിജി കാണിച്ചുതന്നിരുന്നു. രാഷ്ട്രപുനര്‍നിര്‍മിതിക്കായി എന്ത് ചെയ്യണമെന്ന് അദ്ദേഹം കാണിച്ചുതന്നിരുന്നു'. ആ ആശയങ്ങളും ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ പഠിച്ചത്'. കോളേജ് പഠനകാലത്തെ കുറിച്ച് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ഇള പറഞ്ഞത് ഇങ്ങനെയാണ്. അഹമ്മദാബാദിലെ സര്‍ എല്‍.എ. ഷാ ലോ കോളേജില്‍നിന്ന് സ്വര്‍ണ മെഡലോടെ നിയമബിരുദം നേടിയശേഷം 1955-ല്‍ തുണിമില്‍ തൊഴിലാളികളുടെ ഏറ്റവും പഴയ യൂണിയനായ ടെക്‌സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്റെ (ടി.എല്‍.എ.) നിയമവിഭാഗത്തില്‍ ചേര്‍ന്നു. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ തുണിമില്‍ത്തൊഴിലാളികള്‍ സമരം നടത്തിയ കാലത്ത് 1920-ല്‍ സ്ഥാപിച്ചതാണ് ടി.എല്‍.എ.

സേവയുടെ വിത്തുകള്‍

ടിഎല്‍എയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ജൂനിയര്‍ അഭിഭാഷകയായി ലേബര്‍ കോടതിയില്‍ പോകുമായിരുന്നു. തൊഴിലാളികളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ അവിടെ നിന്നാണ് ഇള പഠിച്ചത്. വ്യവസായ തൊഴിലാളികള്‍ക്കായി സംഘടനകളും ശക്തമായ നിയമങ്ങളും ഉണ്ടെന്നിരിക്കെ സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇതൊന്നുമില്ലെന്ന് ഇള തിരിച്ചറിഞ്ഞു. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ സംഘടിപ്പിച്ച് അതിന് വേണ്ടി പ്രവര്‍ത്തിച്ചു. ഈ മുന്നേറ്റത്തിന്റെ ഭാഗമായാണ് സേവയുടെ പിറവി. ഗാന്ധിജിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇള 'സേവ' രൂപവത്കരിച്ചത്. സ്ത്രീള്‍ക്ക് ചെറിയ വായ്പകള്‍ നല്‍കാനായി 1974-ല്‍ 'സേവ' സഹകരണ ബാങ്കുണ്ടാക്കി. അഹമ്മദാബാദില്‍ സ്വയം തൊഴില്‍ ചെയ്യുന്ന നിരവധി സ്ത്രീകളെ സേവ കണ്ടെത്തി. ആഭരണനിര്‍മാണം, വ്യാപാരം, വസ്ത്രനിര്‍മാണം തുടങ്ങി നിരവധി ജോലികളാണ് ഈ സ്ത്രീകള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവരുടെ സംഭാവനകളെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഏത് ഭാഗത്തും അടയാളപ്പെടുത്തിയിരുന്നില്ല. ഇവര്‍ക്കായി യാതൊരു ആനുകൂല്യങ്ങളും അവകാശങ്ങളും ഉണ്ടായിരുന്നില്ല. ഇത് നേടിയെടുക്കാനായാണ് സേവ പ്രവര്‍ത്തിച്ചതും പോരാടിയതും. സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ ട്രേഡ് യൂണിയനാ യാണ് 1972ല്‍ അഹമ്മദാബാദില്‍ 'സേവ' രജിസ്റ്റര്‍ ചെയ്തത്. അതുതന്നെ തൊഴിലാളി സംഘടന ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയായിരുന്നു.

രാജ്യത്തെ 12 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളിലൊന്നായി സേവ വളര്‍ന്നു. ഇന്ന് 21 സംസ്ഥാനങ്ങളിലായി, 30 ലക്ഷത്തോളം സ്ത്രീത്തൊഴിലാളികള്‍ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. പ്രാദേശിക തലത്തില്‍ ചര്‍ച്ചയില്‍ മാത്രമൊതുങ്ങിയിരുന്ന അസംഘടിത മേഖലയുടെ വിഷയങ്ങള്‍ ദേശീയ, രാജ്യാന്തര ശ്രദ്ധയിലേക്കെത്തിക്കാന്‍ ഇള നടത്തിയ പോരാട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്.

ഇള ഭട്ട് നെല്‍സണ്‍ മണ്ഡേലയ്ക്കൊപ്പം | Photo: AP

വിലങ്ങുകള്‍ തകര്‍ത്ത് സേവയുടെ മുന്നേറ്റം

അസംഘടിതരായ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലുള്ള അവകാശങ്ങള്‍ക്കൊപ്പം, ന്യായമായ വേതനം, തൊഴില്‍ സുരക്ഷ എന്നിവ ഉറപ്പാക്കാനായാണ് ഇളയുടെ സേവ പോരാടിയത്. അവഗണിക്കപ്പെട്ട ഇത്തരം തൊഴിലാളികള്‍ളോടുള്ള ഭരണകൂടത്തിന്റെ അനാസ്ഥ തിരിച്ചറിഞ്ഞുകൊണ്ടുള്ള സേവയുടെ പോരാട്ടത്തിനിടെ അവര്‍ക്ക് നിരവധി വെല്ലുവിളികളെ അതിജീവിക്കേണ്ടതായി വന്നു. വഴിയാരക്കച്ചവടക്കാരെയാണ് ഏറ്റവും ആദ്യം യൂണിയനിലേക്കുകൊണ്ടുവന്നത്. പിന്നാലെ പല തൊഴില്‍ സംഘങ്ങളും സേവയുടെ ഭാഗമായി. അതുവരെ നിലവിലുണ്ടായിരുന്ന തൊഴില്‍ സംഘാടന രീതികളെ മറികടന്നുകൊണ്ടുള്ള സേവയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടി.

വഴിയോരക്കച്ചവടക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ഇളയ്ക്ക് സാധിച്ചു. ഇന്ത്യയില്‍ 2004ല്‍ ദേശീയ വഴിയോരക്കച്ചവട നയവും 2014ല്‍ നിയമവും പ്രാബല്യത്തില്‍ വരുത്താനുള്ള പോരാട്ടത്തിന് ചുക്കാന്‍ പിടിച്ചത് ഇള ബെന്നായിരുന്നു. ഇള നേതൃത്വം നല്‍കിയ സ്ട്രീറ്റ്‌നെറ്റ് ഇന്റര്‍നാഷണല്‍ എന്ന കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള വഴിയോരക്കച്ചവടക്കാരുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നേടിയെടുത്തു. ഇന്ത്യയിലെ സ്ത്രീത്തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഏര്‍പ്പെടുന്നത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള തൊഴിലുകളിലാണ്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യാന്തര തൊഴില്‍ സംഘടനയില്‍ (ഐഎല്‍ഒ) ഉടമ്പടിക്കു നേതൃത്വം നല്‍കിയതും ഇള ബെന്നാണ്.

ഇള ഭട്ട് എപിജെ അബ്ദുള്‍ കലാമില്‍ നിന്ന് LPS-IIM പുരസ്കാരം ഏറ്റുവാങ്ങുന്നു

രാജ്യാന്തര പുരസ്‌കാരങ്ങള്‍, വലിയ നേട്ടം സേവയിലെ സഹോദരിമാരുടെ വിശ്വാസം

സാബര്‍മതി ആശ്രമ സംരക്ഷ-സ്മാരക ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണ്‍, ലോകബാങ്കിന്റെ ഉപദേശക, ഗാന്ധിജി സ്ഥാപിച്ച സര്‍വകലാശാലയായ ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലര്‍ എന്നീ നിലകളില്‍ ഇള ബെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈയിടെയാണ് ചാന്‍സലര്‍സ്ഥാനം അവര്‍ രാജിവെച്ചത്. മനുഷ്യാവകാശവും സമാധാനവും ഉറപ്പാക്കാന്‍ നെല്‍സണ്‍ മണ്ടേല സ്ഥാപിച്ച ലോകനേതാക്കളുടെ സംഖ്യമായ എല്‍ഡേഴ്‌സില്‍ 2007 മുതല്‍ അംഗമായിരുന്നു.

പദ്മശ്രീ, പദ്മഭൂഷണ്‍, മഗ്സസേ പുരസ്‌കാരം, റൈറ്റ് ലൈവ്‌ലി ഹുഡ് ബഹുമതി, ഇന്ദിരാഗാന്ധി സമാധാന സമ്മാനം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്. ലഘുവായ്പകള്‍ നല്‍കുന്ന സംഘടനകളുടെ ആഗോള ശൃംഖലയായ വിമെന്‍സ് വേള്‍ഡ് ബാങ്കിങ്ങിന്റെ (ഡബ്ല്യു.ഡബ്ല്യു.ബി.) സഹസ്ഥാപകയാണ്. 1984-88ല്‍ അതിന്റെ ചെയര്‍പേഴ്‌സണായിരുന്നു. 1986-89ല്‍ രാജ്യസഭാംഗമായും സേവനം ചെയ്തു.

വനിതകളുടെ ശാക്തീകരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഇള ബെന്‍ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. അവസാന നാളുകള്‍ വരെ അവര്‍ ചര്‍ച്ച ചെയ്തതും അതുമാത്രമാണ്. സമാനതളില്ലാത്ത ഇളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ വരെ
തേടിയെത്തിയിട്ടും സേവയിലെ സഹോദരിമാരുടെ വിശ്വാസം നേടിയെടുക്കാനായി എന്നതാണ് വ്യക്തിപരമായ നേട്ടമെന്നാണ് ഇള ബെന്‍ പറഞ്ഞിട്ടുള്ളത്. ഗാന്ധിയന്‍ ആശയങ്ങളെ അവസാനകാലത്തോളം അവര്‍ പിന്തുടര്‍ന്നിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയെന്നാണ് ഇള ബെന്‍ സ്വയം വിശേഷിപ്പിച്ചത്. അത് അന്വര്‍ഥമാക്കുന്ന ജീവിതമാണ് ഇള ജീവിച്ചുതീര്‍ത്തതും. 84ആം വയസ്സില്‍ ഇള ഭൗതിക ജീവിതം വെടിയുമ്പോഴും അവര്‍ തുടങ്ങിവെച്ച പോരാട്ടങ്ങള്‍, പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ തുല്യതയ്ക്കും നില നില്‍പിനുമായുള്ള പോരാട്ടത്തിന് പ്രചോദനമേകിക്കൊണ്ടിരിക്കും...

Content Highlights: Ela Bhatt, SEWA founder & women’s activist, dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented