ഗ്രാൻഡ് എത്യോപ്യൻ റെനൈസെൻസ് അണക്കെട്ട് | Photo: Screengrab from video posted on twitter.com/fetanewbaburu
'നൈൽ എന്നാൽ ഈജിപ്താണ്, ഈജിപ്ത് എന്നാൽ നൈലും'
ഈജിപ്തിനേക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സ്വാഭാവികമായും നൈൽ കടന്നുവരുന്നു. അത്രത്തോളം ഇഴപിരിയാത്ത ബന്ധമാണ് നൈലും ഈജിപ്തും തമ്മിൽ. ഈജിപ്തിൽ മാത്രമല്ല, ആഫ്രിക്കൻ വൻകരയിലെ 11 രാജ്യങ്ങളിലായി 28 കോടി ജനങ്ങളാണ് നൈലിന്റെ തീരത്ത് താമസിക്കുന്നത്. നൈൽ അവർക്ക് വെറുമൊരു നദിയല്ല, ജീവിതം തന്നെയാണ്. പുരാതന ഈജിപ്തുകാർ 'ദൈവത്തിന്റെ സമ്മാനം' എന്നാണ് നൈലിനെ വിളിച്ചത്. ഈജിപ്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അടിത്തറ തന്നെ നൈലാണ്.
ഈജിപ്തിന് ആവശ്യമായ ശുദ്ധജലത്തിന്റെ 98 ശതമാനവും നൈലിന്റെ സംഭാവനയാണ്. രാജ്യത്തെ ഇരുപത് കോടി ജനങ്ങൾ കുടിക്കാനും കാർഷിക-വ്യാവസായിക അവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും ഇതേ ജലം തന്നെ. ഏകദേശം 95 ശതമാനം ഈജിപ്തുകാരും താമസിക്കുന്നത് നൈലിന്റെ തീരത്ത് തന്നെയാണ്. നൈൽ ഇല്ലെങ്കിൽ ഈജിപ്ത് ഇല്ല എന്ന് തന്നെ പറയാം. നദിക്ക് ഉണ്ടാകുന്ന ഏതൊരു വെല്ലുവിളിയും ഈജിപ്തിന് എതിരായ വെല്ലുവിളി തന്നെയാണ്. പതിറ്റാണ്ടുകളായി അത്തരത്തിലുള്ള ഒരു വെല്ലുവിളിയും ഈജിപ്ത് നേരിട്ടിരുന്നില്ല. എന്നാലിന്ന് അതിന് വലിയ മാറ്റം വന്നിരിക്കുകയാണ്. ഇത്രയും കാലം ഉപയോഗിക്കാതിരുന്ന നൈലിലെ ജലം എത്യോപ്യ വിനിയോഗിക്കാൻ തീരുമാനിച്ചതോടെയാണ് ഈജിപ്ത് വിഷമസന്ധിയിലായിരിക്കുന്നത്.
നൈലിന്റെ പ്രധാന പോഷകനദിയായ നീല നൈലില്‍ എത്യോപ്യ പണിയുന്ന അണക്കെട്ടാണ് ഈജിപ്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഒരു വമ്പന്‍ അണക്കെട്ട്. 145 മീറ്റര്‍ ഉയരവും 1780 മീറ്റര്‍ നീളവുമുള്ള അതിന്റെ റിസര്‍വോയറിന് മാത്രം ഏകദേശം ലണ്ടന്‍ നഗരത്തിന്റെ വലിപ്പമുണ്ട്. ഗ്രാന്റ് എത്യോപ്യന്‍ റെനൈസെന്‍സ് ഡാം (Grand Ethiopian Renaissance Dam) എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പന്‍ ജലവൈദ്യുത പദ്ധതി എല്ലാക്കാലത്തും എത്യോപ്യയുടെ സ്വപ്‌നമായിരുന്നു. ഈജിപ്തിന്റേയും സുഡാന്റേയും ശക്തമായ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തികച്ചും ഏകപക്ഷീയമായി എത്യോപ്യ നീല നൈലില്‍ ഈ വമ്പന്‍ അണക്കെട്ട് പണിതുയര്‍ത്തുന്നത്. 2011-ല്‍ പണിയാരംഭിച്ച അണക്കെട്ടിന്റെ 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. അണക്കെട്ടില്‍ വെള്ളം നിറയ്ക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അടുത്ത മഴക്കാലത്ത് അണക്കെട്ടിന്റെ കൂറ്റന്‍ റിസര്‍വോയറിന്റെ നാലാം ഘട്ടമായി വെള്ളം നിറയ്ക്കുമെന്നാണ് എത്യോപ്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ 20 വര്‍ഷംകൊണ്ട് വെള്ളം നിറയ്ക്കണം എന്നാണ് ഈജിപ്ത് അവശ്യപ്പെടുന്നത്. എത്യോപ്യയാകട്ടെ ഇത് പൂര്‍ണമായും തള്ളിക്കളയുകയാണ്. ഏഴ് വര്‍ഷം കൊണ്ട് റിസര്‍വോയറില്‍ വെള്ളം നിറയ്ക്കാനാണ് എത്യോപ്യയുടെ പദ്ധതി. പിന്നാലെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യഘട്ട വൈദ്യുതി ഉത്പാദനവും അവര്‍ ആരംഭിച്ചു.
എത്യോപ്യയെ സംബന്ധിച്ച് അത്യാവശ്യമാണ് ഈ ജലവൈദ്യുത പദ്ധതി. അതുവഴി ദാരിദ്ര്യത്തിലാണ്ടുപോയ വലിയൊരു വിഭാഗം ജനങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തില്‍ എത്തിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം പൂര്‍ണശേഷിയിലെത്തിയാല്‍ അത് എത്യോപ്യയുടെ വ്യവസായവല്‍ക്കരണത്തെ ഉത്തേജിപ്പിക്കുകയും ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിതനിലവാരത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും. അയല്‍രാജ്യങ്ങള്‍ക്ക് വൈദ്യുതി കയറ്റുമതി ചെയ്ത് മോശമല്ലാത്ത വരുമാനം നേടിയെടുക്കാനും അവര്‍ക്ക് സാധിക്കും. എന്നാല്‍, അണക്കെട്ട് ഈജിപ്തിന് വലിയ വെല്ലുവിളിയാണ്. നൈല്‍ നദിയിലെ വെള്ളം വലിയ തോതില്‍ കുറയും എന്ന ആശങ്കയാണ് അവര്‍ക്ക്. പദ്ധതിയെക്കുറിച്ചുള്ള ഈജിപ്റ്റിന്റെ ആശങ്ക, പലപ്പോഴും സൈനികമായി നേരിടും എന്ന ഭീഷണിയില്‍ വരെ എത്തിനില്‍ക്കുകയാണ്. എന്തായാലും ആഫ്രിക്കന്‍ വന്‍കരയിലെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാകും ഗ്രാന്റ് എത്യോപ്യന്‍ റെനൈസെന്‍സ് ഡാം എന്നതില്‍ തര്‍ക്കമില്ല.
.jpg?$p=2303afa&&q=0.8)
നൈല്‍ എന്ന ജീവധാര
ഭൂമിയിലെ ഏറ്റവും പഴക്കമുള്ള നദികളിലൊന്നാണ് നൈല്‍. നൈലിന് രണ്ടു മുതൽ മൂന്നു കോടി വർഷം വരെ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. നൈലിന് ഒരൊറ്റ ഉത്ഭവസ്ഥാനമല്ല. പകരം നദിയിലേക്ക് വെള്ളം എത്തിക്കുന്നത് രണ്ട് പ്രധാന നദികളാണ്. വെള്ള നൈലും നീല നൈലും. യുഗാണ്ടയിലാണ് വെള്ള നൈല്‍ ഉത്ഭവിക്കുന്നത്. നീല നൈലാകട്ടെ എതോപ്യന്‍ പര്‍വതമേഖലയിലും. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് ഈ നദികള്‍ സംഗമിക്കുന്നത്. അവിടെനിന്ന് വടക്കോട്ട് ഒഴുകി ഈജിപ്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അത്ബറ നദിയുമായി ചേരുന്നു. തുടര്‍ന്ന് ഈജിപ്തിലൂടെ ഒഴുകി ഡെല്‍റ്റ അഥവാ ഒരു അഴിമുഖം സൃഷ്ടിച്ച് മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു.
ആദ്യത്തെ പോഷകനദിയായ റുവിറോന്‍സ നദിയിൽ (ബുറുണ്ടി) നിന്ന് 6,695 കിലോ മീറ്ററിലധികം തെക്ക് നിന്ന് വടക്കോട്ട് ഒഴുകിയാണ് നൈല്‍ മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്നത്. നീളമുള്ളതാണെങ്കിലും മറ്റ് പ്രധാന നദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ പതുക്കെയാണ് ഒഴുകുന്നത്. വിക്ടോറിയ തടാകത്തില്‍നിന്ന് മെഡിറ്ററേനിയന്‍ കടലിലേക്ക് വെള്ളം ഒഴുകിയെത്താന്‍ മൂന്ന് മാസം വരെ എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബുറുണ്ടി, റുവാണ്ട, ടാന്‍സാനിയ, കെനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാണ്ട, എത്യോപ്യ, എരിത്രിയ, സൗത്ത് സുഡാന്‍, സുഡാന്‍, ഈജിപ്ത് എന്നീ 11 രാജ്യങ്ങളിലായാണ് നൈല്‍ നദീതടം വ്യാപിച്ചു കിടക്കുന്നത്. ഈ രാജ്യങ്ങളിലായി 28 കോടി ആളുകളാണ് നൈല്‍ നദീതടത്തില്‍ താമസിക്കുന്നത്. ഈജിപ്തിന്റെ ജനസംഖ്യയില്‍ 94 ശതമാനവും നദീ തടത്തില്‍ താമസിക്കുമ്പോള്‍, യുഗാണ്ടയുടെ 43 ശതമാനവും എതോപ്യയുടെ 42 ശതമാനവും നദീതടത്തിലാണ് താമസിക്കുന്നത്. സുഡാനിലാകട്ടെ ഇത് 35 ശതമാനമാണ്.
ഈജിപ്തിലെ 20 കോടി ജനങ്ങളില്‍ 95 ശതമാനവും നൈലിന്റെ തീരത്തോ നൈല്‍ ഡെല്‍റ്റ പ്രദേശത്തോ ആണ് താമസിക്കുന്നത്. അതില്‍ നാല് കോടി ജനങ്ങളാകട്ടെ നൈല്‍ ഡെല്‍റ്റ പ്രദേശത്തും. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റകളിലൊന്നാണ് നൈല്‍ ഡെല്‍റ്റ. ഈജിപ്ത് തീരത്ത് പടിഞ്ഞാറ് അലക്സാൻഡ്രിയ മുതല്‍ കിഴക്ക് പോര്‍ട്ട് സെദ് വരെ നീണ്ടുകിടക്കുന്ന ഡെല്‍റ്റയുടെ വടക്ക്-തെക്ക് നീള്ളം 161 കിലോ മീറ്ററാണ്. ഈജിപ്തിന്റെ കാര്‍ഷിക ഉത്പാദനത്തിന്റെ സിംഹഭാഗവും വരുന്നതും ഈ ഫലഭൂയിഷ്ടമായ ഡെല്‍റ്റ പ്രദേശത്ത് നിന്നാണ്.
എന്നാല്‍, ഈജിപ്തിന്റെ ഈ ഭക്ഷ്യസംഭരണി വലിയ ഭീഷണി നേരിടുകയാണ്. 1971-ല്‍ നൈല്‍ നദിയില്‍ ഈജിപ്ത് അസ്‌വാൻ ഹൈ അണക്കെട്ട് നിര്‍മിച്ചു. നിര്‍മാണത്തിന് പിന്നാലെ ഈജിപ്തിന് ആവശ്യമായ വൈദ്യുതിയുടെ പകുതിയും സംഭാവന ചെയ്തിരുന്നത് അസ്‌വാൻ ഹൈ അണക്കെട്ടാണ്. എന്നാല്‍ ഡെല്‍റ്റയുടെ സ്വാഭാവിക പരിസ്ഥിതി വ്യവസ്ഥയെ കുറച്ചൊന്നുമല്ല അണക്കെട്ട് ബാധിച്ചത്. അഞ്ച് വ്യത്യസ്ത കാലാവസ്ഥാ മേഖലകളിലൂടെ കടന്നുപോകുന്ന ഒരേയൊരു നദിയാണ് നൈല്‍. ഉഷ്ണമേഖല മഴയുള്ള കാലാവസ്ഥയില്‍നിന്ന് അര്‍ദ്ധ ഉഷ്ണമേഖല കാലാവസ്ഥയിലേക്കും പിന്നീട് വരണ്ട സഹാറ മരുഭൂമിക്ക് മുമ്പുള്ള അര്‍ദ്ധ വരണ്ട കാലാവസ്ഥയിലേക്കും ഒടുവില്‍ മെഡിറ്ററേനിയനിലേക്കും നദി ഒഴുകുന്നു. ലോകത്തിലെ ഏറ്റവും വലിയ നദീതടങ്ങളിലൊന്നായ ഇത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഏകദേശം 10% ഉള്‍ക്കൊള്ളുന്നു.
ഈജിപ്തിന് അനുകൂലമായ നദീജല കരാര്‍
ആഫ്രിക്ക വന്‍കര യൂറോപ്യന്‍ കോളനിയായിരുന്ന കാലത്താണ് നൈല്‍ നദീജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് കരാര്‍ ഉണ്ടാകുന്നത്. 1929-ല്‍ ഈജിപ്തും ബ്രിട്ടനുമാണ് നൈല്‍ നദീജല ഉടമ്പടിയില്‍ ഒപ്പുവച്ചത്. ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയാണ് നൈല്‍ നദിയെ സംബന്ധിച്ച് ഈജിപ്ത് ബിട്ടനുമായി കരാറില്‍ ഒപ്പുവെയ്ക്കുന്നത്. യുഗാണ്ട, കെനിയ, ടാങ്കനിക (ഇപ്പോള്‍ ടാന്‍സാനിയ), സുഡാന്‍ എന്നിവയുടെ പ്രതിനിധിയായാണ് ബ്രിട്ടന്‍ കാരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം നൈല്‍ ജലത്തിന്റെ പൂര്‍ണനിയന്ത്രണം ഈജിപ്തിനും സുഡാനുമായിരുന്നു. നൈല്‍ നദീജലത്തിന് മേലുള്ള ഈജിപ്തിന്റെ അവകാശം അംഗീകരിച്ചതിന് പുറമേ നദിയുടെ ജലപ്രവാഹത്തെ ബാധിക്കുന്ന ഏതൊരു പദ്ധതിയും വീറ്റോ ചെയ്യാനുള്ള അവകാശവും കരാറില്‍ അംഗീകരിച്ചിരുന്നു.
ഇത്തരം ഒരു വ്യവസ്ഥയ്ക്ക് പിന്നില്‍ ബ്രിട്ടന് വ്യക്തമായ രാഷ്ട്രീയ നേട്ടവുമുണ്ടായിരുന്നു. യൂറോപ്പില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കുള്ള പ്രധാന പാതയായ സൂയസ് കാനാലിന് മേലുള്ള നിയന്ത്രണമായിരുന്നു ബ്രിട്ടന്റെ നേട്ടം. ഈജിപ്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും സൂയസ് കനാലിന്റെ പൂര്‍ണ നിയന്ത്രണം ബ്രിട്ടനായിരുന്നു. സൂയസ് കനാലിലുള്ള അവകാശം അംഗീകരിച്ചതിന് പകരമായാണ് ബ്രിട്ടണ്‍ നൈലിന്റെ പൂര്‍ണ അവകാശം ഈജിപ്തിന് നല്‍കിയത്. എത്യോപ്യ അടക്കമുള്ള മറ്റ് രാജ്യങ്ങളെയൊന്നും കരാറില്‍ പരിഗണിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഈ കരാറിനെ ഒരുകാലത്തും എത്രോപ്യ അംഗീകരിക്കുന്നുമില്ല.
1959-ല്‍ ഈജിപ്തും സുഡാനും മുന്‍ കരാറിന് അനുബന്ധമായി മറ്റൊരു കരാറില്‍ ഒപ്പുവച്ചു. ഇതുപ്രകാരം ഈജിപ്തിന് 55.5 ബില്യണ്‍ ക്യുബിക് മീറ്റര്‍ (66%) വെള്ളവും സുഡാന് 18.5 ബില്യണ്‍ ക്യുബിക് മീറ്റര്‍ (22%) വെള്ളവും വാര്‍ഷിക വിഹിതത്തിന് അവകാശം നല്‍കി. നദിയുടെ 84 ബില്യണ്‍ ക്യുബിക് മീറ്റര്‍ വാര്‍ഷിക ജലവിതരണത്തില്‍, ബാക്കി 12% ബാഷ്പീകരണത്താല്‍ നഷ്ടപ്പെടുന്നതായിരുന്നു. അനുബന്ധ കരാറിന്റെ ഘട്ടത്തിലും എത്യോപ്യയോട് കൂടിയാലോചിച്ചിരുന്നില്ല. പിന്നീട് 1999-ല്‍, നൈല്‍ തടത്തിലെ പത്ത് രാജ്യങ്ങള്‍ നൈല്‍ ബേസിന്‍ ഇനിഷ്യേറ്റീവ് രൂപീകരിച്ചു. ബുറുണ്ടി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, കെനിയ, റുവാണ്ട, സൗത്ത് സുഡാന്‍, സുഡാന്‍, ടാന്‍സാനിയ, യുഗാണ്ട എന്നിവര്‍ ചേര്‍ന്നാണ് നൈല്‍ ബേസിന്‍ ഇനിഷ്യേറ്റീവ് രൂപീകരിച്ചത്. സഹകരണം വികസിപ്പിക്കുന്നതിനും സാമൂഹിക സാമ്പത്തിക നേട്ടങ്ങള്‍ പങ്കിടുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.
.jpg?$p=86eb8fa&&q=0.8)
എത്യോപ്യയുടെ ധീരമായ നീക്കം
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നീല നൈലിലെ വെള്ളം ഉപയോഗപ്പെടുത്തുന്നതിനേക്കുറിച്ച് എത്യോപ്യ ഗൗരമായ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നൈല്‍ നദിയിലേക്ക് പ്രതിവര്‍ഷം എത്തുന്ന വെള്ളത്തിന്റെ 59 ശതമാനവും സംഭാവന ചെയ്യുന്നത് നീല നൈലാണ്. മണ്‍സൂണ്‍ കാലത്താകട്ടെ ഇത് 85 ശതമാനമാണ്. എന്നാല്‍, ഈ വെള്ളം ഫലപ്രദമായി ഉപയോഗിക്കാന്‍ എത്യോപ്യയ്ക്ക് സാധിച്ചിരുന്നില്ല. നീല നൈലില്‍ അണക്കെട്ടുകള്‍ നിര്‍മിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനം നടത്താനുമുള്ള എത്യോപ്യയുടെ നീക്കങ്ങളെല്ലാം ഈജിപ്ത് വലിയ തോതില്‍ എതിര്‍ത്തിരുന്നു. എത്യോപ്യ നീല നദിയില്‍ നിര്‍മിക്കുന്ന ഏതൊരു അണക്കെട്ടും നൈലിലെ ജലനിരപ്പ് കുറയ്ക്കും എന്നത് തന്നെയായിരുന്നു കാരണം. 2011-വരെ നൈലിന് മേലുള്ള ഈജിപ്തിന്റെ ഈ കടുംപിടുത്തം തുടര്‍ന്നുപോന്നു. അതുവരെയുള്ള എല്ലാ ഈജിപ്ത് സര്‍ക്കാരുകളും ഇക്കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തിയിരുന്നു.
എന്നാല്‍, 2011-ലാണ് എത്യോപ്യക്ക് ഒരു അവസരം ലഭിക്കുന്നത്. ആ വര്‍ഷമാണ് അറബ് വസന്തം ഈജിപ്തില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നത്. മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷത്തിന് മുന്നില്‍ 30 വര്‍ഷത്തിലധികമായി പ്രസിഡന്റ് സ്ഥാനത്തിരുന്ന ഹുസ്‌നി മുബാറക്കിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. ഈജിപ്തിന്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥ എത്യോപ്യന്‍ നേതാക്കള്‍ ഫലപ്രദമായി ഉപയോഗിച്ചു. നീല നൈലില്‍ ഗ്രാന്റ് എത്യോപ്യന്‍ റെനൈസെന്‍സ് (ജി.ഇ.ആര്‍.ഡി.) ജലവൈദ്യുത പദ്ധതി അവര്‍ പ്രഖ്യാപിച്ചു. ആ ഘട്ടത്തിൽ ഈജിപ്താകട്ടെ പദ്ധതിയെ ഫലപ്രദമായി എതിര്‍ക്കാനുള്ള അവസ്ഥയിലായിരുന്നുമില്ല.
ആഫ്രിക്ക വന്‍കരയിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് എത്യോപ്യ ആസൂത്രണം ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ 20 ജലവൈദ്യുത പദ്ധതികളിലൊന്നുമായിരുന്നു ജി.ഇ.ആര്‍.ഡി. അതുവഴി 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് എത്യോപ്യ ലക്ഷ്യമിടുന്നത്. എത്യോപ്യ നിലവില്‍ ആകെ ഉത്പാദിപ്പിക്കുന്നതിന്റെ ഇരട്ടി വൈദ്യുതി. രാജ്യത്ത് വൈദ്യുതി ഇല്ലാത്ത പകുതിയോളം ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയുമെന്നും അവര്‍ വിശ്വസിക്കുന്നു. ഒപ്പം അയല്‍ രാജ്യങ്ങള്‍ക്ക് വലിയ തോതില്‍ വൈദ്യുതി വില്‍ക്കാനും സാധിക്കും. കോടിക്കണക്കിന് ആഫ്രിക്കന്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന് പുറമേ വലിയ സാമ്പത്തിക നേട്ടവും എത്യോപ്യ ലക്ഷ്യമിടുന്നു. ഡാമിന്റെ സംഭരണിയില്‍ സംഭരിക്കുന്ന വെള്ളം ഭാവിയില്‍ എത്യോപ്യയ്ക്ക് ജലസേചനം അടക്കമുള്ളതിന് ഉപയോഗിക്കുകയും ചെയ്യാം. അണക്കെട്ട് നിര്‍മാണപ്രഖ്യാപനം ഏകപക്ഷീയമായിരുന്നെങ്കിലും ഇത് സുഡാനും ഈജിപ്തിനും ഗുണകരമാകുമെന്നാണ് അവര്‍ വാദിക്കുന്നത്. അണക്കെട്ട് നീല നൈലിലെ ജലത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുമെന്നും വെള്ളപ്പൊക്കം തടയുമെന്നുമാണ് എത്യോപ്യയുടെ വാദം.
ഗ്രാന്റ് എത്യോപ്യന്‍ റെനൈസെന്‍സ് അണക്കെട്ട്
നീല നൈലില്‍ എത്യോപ്യ പണിതുകൊണ്ടിരിക്കുന്ന ഗ്രാവിറ്റി അണക്കെട്ടാണ് ഗ്രാന്‍ഡ് എത്യോപ്യന്‍ റിനൈസന്‍സ് അണക്കെട്ട് (ജി.ഇ.ആര്‍.ഡി.). 2011 ഏപ്രിലിലാണ് ജി.ഇ.ആര്‍.ഡിയുടെ നിര്‍മ്മാണം ആരംഭിച്ചത്. സുഡാന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 45 കിലോ മീറ്റര്‍ കിഴക്കായി എത്യോപ്യയിലെ ബെനിഷാന്‍ഗുല്‍- ഗുമുസ് മേഖലയിലാണ് അണക്കെട്ട്. എത്യോപ്യയുടെ രൂക്ഷമായ ഊര്‍ജക്ഷാമം പരിഹരിക്കുന്നതിനും അയല്‍ രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുമുള്ള വൈദ്യുതി ഉത്പാദനമാണ് അണക്കെട്ടിന്റെ പ്രാഥമിക ലക്ഷ്യം. 5.15 ജിഗാവാട്ട് ശേഷിയുള്ള അണക്കെട്ട് പൂര്‍ത്തിയാകുമ്പോള്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമാകും ഇത്. പ്രാഥമിക അണക്കെട്ട് 1,780 നീളവും 145 മീറ്റര്‍ ഉയരവുമുണ്ട്. പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഇതില്‍ സംഭരിക്കാനാകും. 4,800 മീറ്റര്‍ നീളവും 55 മീറ്റര്‍ ഉയരവുമുള്ളതാണ് അനുബന്ധഅണക്കെട്ട്. ഇത് ഏകദേശം 60 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം സംഭരിക്കുകയും പ്രാഥമിക ജലസംഭരണിയില്‍ നിന്ന് അധികജലം തിരിച്ചുവിടാന്‍ സഹായിക്കുകയും ചെയ്യും. ഏകദേശം 75 ബില്യണ്‍ ക്യുബിക് മീറ്ററാണ് അണക്കെട്ടിന്റെ സംയോജിത ശേഷി.
പൂര്‍ത്തിയായാല്‍ ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ അണക്കെട്ടായിരിക്കും ഇത്. ഈജിപ്തിലെ അസ്‌വാൻ ഹൈ അണക്കെട്ടിന് ജി.ഇ.ആര്‍.ഡിയുടെ ഇരട്ടിയിലധികം ശേഷിയുണ്ട്. പക്ഷേ, ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ കാര്യത്തില്‍ അസ്‌വാൻ ഹൈ ഡാമിനെ ജി.ഇ.ആര്‍.ഡി. എളുപ്പത്തില്‍ മറികടക്കും. 2019 നവംബര്‍ 13-ന് അനുബന്ധ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി എത്യോപ്യ പ്രഖ്യാപിച്ചു. പ്രധാന അണക്കെട്ട് 2023-ന്റെ തുടക്കത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി 2020-ല്‍ തന്നെ അണക്കെട്ടില്‍ വെള്ളം നിറയ്ക്കാന്‍ ആരംഭിച്ചിരുന്നു. ജി.ഇ.ആര്‍.ഡി. പൂര്‍ത്തിയാക്കാന്‍ ഏകദേശം 5 ബില്യണ്‍ യു.എസ്. ഡോളര്‍ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നത്. പദ്ധതിക്ക് അന്താരാഷ്ട്ര വായ്പ ലഭ്യമാക്കുന്നതിനെതിരേ ഈജിപ്റ്റ് വലിയ തോതില്‍ ശ്രമം നടത്തിയിരുന്നു. അതിനേത്തുടര്‍ന്ന് ബോണ്ടുകള്‍ വഴിയും എത്യോപ്യയിലെയും പ്രവാസികളില്‍ നിന്നുമുള്ള സംഭാവനകളിലൂടെയുമാണ് അണക്കെട്ടിന് ധനസഹായം ലഭ്യമാക്കിയത്.
രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ-വികസന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജി.ഇ.ആര്‍.ഡിക്ക് കഴിയുമെന്നാണ് എത്യോപ്യ കണക്കുകൂട്ടുന്നത്. ദശലക്ഷക്കണക്കിന് എത്യോപ്യക്കാരില്‍ പകുതി പേരിലേക്കും ഇന്നും വൈദ്യുതി എത്തിയിട്ടില്ല. അവരെ സംബന്ധിച്ച് ജി.ഇ.ആര്‍.ഡി. അഭിമാനത്തിന്റെയും ശോഭനമായ പ്രതീക്ഷയുടെയും പ്രതീകമാണ്. അണക്കെട്ടിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പുതിയൊരു വാണിജ്യമേഖല നിര്‍മിക്കാനും എത്യോപ്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.ഇ.ആര്‍.ഡി. പൂര്‍ത്തിയാകുമ്പോള്‍ എത്യോപ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ ഊര്‍ജ കയറ്റുമതിക്കാരായി മാറും. ജി.ഇ.ആര്‍.ഡി. ഉത്പാദിപ്പിക്കുന്ന ഏകദേശം 2,000 മെഗാവാട്ട് മിച്ച വൈദ്യുതി അയല്‍രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഏഴ് വര്‍ഷത്തിനുള്ളില്‍ അണക്കെട്ടിന്റെ റിസര്‍വോയര്‍ നിറയ്ക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ ഈജിപ്ത് ഉയര്‍ത്തുന്ന ആശങ്കളെല്ലാം അവര്‍ തള്ളിക്കളയുകയുമാണ്. അണക്കെട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഈജിപ്തിനോ സുഡാനോ ലഭിച്ചുകൊണ്ടിരിക്കുന്ന ജലം നഷ്ടപ്പെടുത്തില്ലെന്നാണ് എത്യോപ്യ വാദിക്കുന്നത്. കൊളോണിയല്‍ കാലഘട്ടത്തിലെ കരാറുകള്‍ അംഗീകരിക്കാനും എത്യോപ്യ വിസമ്മതിക്കുന്നു. ഈജിപ്ത് ആവശ്യപ്പെടുന്ന രീതിയില്‍ റിസര്‍വോയറില്‍ വെള്ളം നിറയ്ക്കുന്നത് വലിയ സാമ്പത്തിക നഷ്ടം വരുത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.
.jpg?$p=bdb75f1&&q=0.8)
ഈജിപ്തിന്റെ പേടി, സുഡാന്റേയും
ജി.ഇ.ആര്‍.ഡി. പൂര്‍ത്തിയാകുമ്പോള്‍ അത് സുഡാനും ഈജിപ്തിനും ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് നിലവില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എത്യോപ്യ അണക്കെട്ട് വേഗത്തില്‍ നിറയ്ക്കുന്നത് ജലലഭ്യത കുറയുമെന്നും അസ്‌വാൻ ഹൈ അണക്കെട്ടില്‍ നിന്നുള്ള ബാഷ്പീകരണം കൂടിയാകുമ്പോള്‍ ജലലഭ്യതയില്‍ വലിയ കുറവുണ്ടാകുമെന്നും ഈജിപ്ത് ഭയപ്പെടുന്നു. നീല നൈലില്‍ നിന്നുള്ള ജലത്തിന്റെ വിഹിതം കുറയരുതെന്നാണ് ഈജിപ്ത് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ എത്യോപ്യ 20 വര്‍ഷത്തിന് മുകളിലെടുത്ത് അണക്കെട്ട് നിറയ്ക്കണമെന്നാണ് ഈജിപ്ത് പറയുന്നത്. അതും മഴക്കാലത്ത് മാത്രം ജലം നിറയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. നൈലില്‍ ജലനിരപ്പ് കുറയുമ്പോള്‍ എത്യോപ്യ മതിയായ ജലപ്രവാഹം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇതെല്ലാമാണെങ്കിലും ഇക്കാര്യത്തില്‍ എത്യോപ്യയുമായി ധാരണയിലെത്തിയില്ലെങ്കില്‍ ജലത്തില്‍ ഉണ്ടാകുന്ന കുറവ് സുഡാനേയും ഈജിപ്തിനെയും ബാധിക്കും എന്ന് വ്യക്തമാണ്. അണക്കെട്ട് പൂര്‍ത്തിയാകുമ്പോള്‍ ഈജിപ്തിലെ ജലവൈദ്യുതി ഉത്പാദനത്തില്‍ 25 മുതല്‍ 40 ശതമാനം വരെ ബാധിക്കുമെന്നും ആരോപിക്കപ്പെടുന്നു. എന്നാല്‍, ഈജിപ്തിലെ മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 12 ശതമാനത്തില്‍ താഴെയാണ് ജലവൈദ്യുതിയുടെ പങ്ക്. അതിനാല്‍ ജലവൈദ്യുത ഉല്‍പാദനത്തില്‍ 25 ശതമാനം കുറയുന്നത് ഈജിപ്തിന്റെ മൊത്തം വൈദ്യുതി ഉല്‍പാദനത്തില്‍ വലിയ തോതില്‍ പ്രതിഫലിച്ചേക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അണക്കെട്ടില്‍ വെള്ളം നിറയ്ക്കുന്നതിനെ ആശ്രയിച്ച് നൈല്‍ നദിയുടെ ഒഴുക്ക് താല്‍ക്കാലികമായി കുറയ്ക്കാം. ഇത് റിസര്‍വോയര്‍ നിറയ്ക്കുന്ന കാലയളവില്‍ വലിയൊരു വിഭാഗം കര്‍ഷകരെ സാരമായി ബാധിച്ചേക്കാം. അതിനാല്‍ തന്നെ നൈല്‍ നദിയിലെ ജലത്തിന്റെ വിഹിതം കുറയുന്നതിനേക്കുറിച്ച് ഈജിപ്തിനെപ്പോലെ തന്നെ സുഡാനും ആശങ്കാകുലരാണ്. എന്നാല്‍, അണക്കെട്ടിന്റെ നിര്‍മാണം രാജ്യത്തിന് ചില നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവുമുണ്ട്. പ്രത്യേകിച്ച് വര്‍ഷം മുഴുവനും നൈല്‍ നദിയുടെ ഒഴുക്ക് നിയന്ത്രിക്കപ്പെടും എന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വെള്ളപ്പൊക്കം തടയുകയും ചെയ്യുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള സുഡാനിലെ സ്വന്തം ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ അണക്കെട്ടുകളുടെ ടര്‍ബൈനുകളെ തടസപ്പെടുത്തുന്ന വലിയ അളവിലുള്ള ചെളിയും മരക്കൊമ്പുകളും തടയാന്‍ അണക്കെട്ട് സഹായിക്കുമെന്നാണ് ഒരു വാദം. എന്നാൽ, എക്കലിന്റെ കുറവ് സുഡാനിലെ ഫലഭൂയിഷ്ഠമായ ഭൂമിയെ ദരിദ്രമാക്കുമെന്നും ഇത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് രാജ്യത്തിന് കൂടുതല്‍ ബുദ്ധിമുട്ടാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
.jpg?$p=5653f40&&q=0.8)
കാത്തിരിക്കുന്ന പ്രതിസന്ധികള്‍
നൈല്‍ വെറും ജലസ്രോതസ് മാത്രമല്ല. വടക്ക് കിഴക്കന്‍ ആഫ്രിക്കയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയില്‍ പങ്കുവഹിക്കുന്ന വളരെ സചേതനമായ ആവാസ വ്യവസ്ഥയാണിത്. 800-ലധികം ഇനം മത്സ്യങ്ങളുടെ ആവാസകേന്ദ്രമാണ് നൈല്‍. മത്സ്യസമ്പത്തിന്റെ വൈവിധ്യത്തിന് പുറമേ പക്ഷികള്‍, ജലജീവികള്‍, ഉരഗങ്ങള്‍, പ്രാണികള്‍ എന്നിങ്ങനെ വിവിധ ജീവജാലങ്ങളും നൈലുമായി ബന്ധപ്പെട്ടുണ്ട്. നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും അളവിലും ഉണ്ടാകുന്ന ഏതൊരു തടസ്സവും അതിനെ ആശ്രയിക്കുന്ന ആളുകളെയും വന്യജീവികളെയും ബാധിക്കുകയും വ്യാപകമായ വംശനാശത്തിന് കാരണമാവുകയും ചെയ്യും. അണക്കെട്ടുകള്‍, പ്രത്യേകിച്ച് വലിയ ജലസംഭരണികളുള്ളവ വെള്ളപ്പൊക്കത്തിന്റെ സ്വാഭാവിക ചക്രത്തെയും നദീ തീരത്തെ എക്കല്‍ നിക്ഷേപത്തേയും തടസപ്പെടുത്തുന്നതാണ്. നദീതീരങ്ങളിലെ എക്കല്‍ നിക്ഷേപം തടസപ്പെടുന്നതോടെ കൃഷിയോഗ്യമായ ഭൂമി കുറയുകയും ആവാസവ്യവസ്ഥയുടെ താളം തെറ്റുകയും ചെയ്യും. നദി വഹിച്ചുകൊണ്ടുവരുന്ന എക്കല്‍ നിക്ഷേപങ്ങളാണ് സ്വാഭാവികമായ ഡെല്‍റ്റ കെട്ടിപ്പെടുക്കാന്‍ സഹായിക്കുന്നത്. ഇത് കുറയുകയോ, നിലയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കടലേറ്റം വര്‍ധിക്കും. മെഡിറ്ററേനിയനില്‍ നിന്ന് ഡെല്‍റ്റയിലേക്കു കടല്‍ജലം കയറുന്നതോടെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി നശിക്കുകയും ചെയ്യും.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ നൈല്‍ മേഖലയിലെ ആറ് രാജ്യങ്ങള്‍ 25 ജലവൈദ്യുത പദ്ധതികളാണ് നദിയില്‍ നിര്‍മിച്ചത്. നാല് അണക്കെട്ടുകള്‍ നിര്‍മ്മാണത്തിലാണ്, നാലെണ്ണത്തിന്റെ സാധ്യതകള്‍ പഠിച്ചുവരികയാണ്. 1971-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈജിപ്തിലെ അസ്‌വാൻ അണക്കെട്ട് ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടാണ്. ഈജിപ്തിലെ ഡെല്‍റ്റയുടെ വടക്കന്‍ ഭാഗത്ത് തീരത്തെ മണ്ണൊലിപ്പ് ഉള്‍പ്പെടെയുള്ള പാരിസ്ഥിതികവും ജൈവപരവുമായ പ്രതികൂല സ്വാധീനം അണക്കെട്ടിന് ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുമ്പ്, ഈജിപ്തിലെ നൈല്‍ നദിയില്‍ 72-ലധികം ഇനം മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന്, 25-ല്‍ താഴെ സ്പീഷീസുകള്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് എത്യോപ്യയില്‍ വലിയൊരു അണക്കെട്ട് വരുന്നത്. എത്യോപ്യന്‍ റനൈസെന്‍സ് അണക്കെട്ടിന്റെ നിര്‍മാണത്തോടെ, നൈല്‍ നദിയുടെ ആവാസവ്യവസ്ഥയെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയും ഈ മേഖലയ്ക്ക് നികത്താനാകാത്ത നാശമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Egypt-Ethiopia dispute over the GERD dam in Nile River


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..