യാത്രക്കാരുടെ തിരക്ക്, നഷ്ടവും തകര്‍ച്ചയും മിച്ചം; ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് സംഭവിച്ചത്


മനു കുര്യൻIn Depth

Photo: mathrubhumi archive

ഇന്ത്യയില്‍ അനുദിനം വിമാന യാത്രക്കാര്‍ കൂടുന്നു. ശരാശരി ഓരോ വര്‍ഷവും 10 ശതമാനത്തിലേറെയാണ് വര്‍ധന. 2024 ഓടെ ലോകത്തെ മൂന്നാമത്തെ വല്യ വ്യോമയാന വിപണിയായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടുന്നച്. എന്നിട്ടും ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് ചരിത്രം തകര്‍ച്ചയുടേത് മാത്രമാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലും കൂട്ടത്തോടെ കമ്പനികള്‍ തകര്‍ന്നു. ആകെ പിടിച്ചുനില്‍ക്കുന്നത് ഇന്‍ഡിഗോയും ഗോ എയറും പോലെ ഏതാനും ചില കമ്പനികള്‍ മാത്രമാണ്. മികച്ച മാനേജ്‌മെന്റും നടത്തിപ്പുമാണ് ഇന്‍ഡിഗോയെ ലാഭത്തിലാക്കിയത്. എന്താണ് ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് സംഭവിച്ചത്. തകര്‍ച്ചയ്ക്ക് കാരണമായത് എന്ത്. സ്വകാര്യ വിമാന സര്‍വീസുകളില്‍ നിന്ന് അവയെല്ലാം ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലായ നാല് പതിറ്റാണ്ടും അതിന് ശേഷം ആഗോളവത്കരണത്തിലേക്ക് തിരിഞ്ഞപ്പോള്‍ സ്വകാര്യ മേഖലയ്ക്ക് വാതില്‍ തുറന്നിട്ട ശേഷമുള്ള 3 പതിറ്റാണ്ടുമാണ് ഇന്ത്യന്‍ വ്യോമയാന ചരിത്രം. ഈസ്റ്റ് വെസ്റ്റ് മുതല്‍ ഈ മാസം പറന്നു തുടങ്ങിയ ആകാശ എയറിന്റെ വരെ ചരിത്രമാണത്‌

സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷം രാജ്യം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ ആകാശത്ത് പുതിയൊരു സ്വകാര്യ വിമാന കമ്പനി കൂടി പറന്നു തുടങ്ങി. ഓഹരി രാജാവ് രാകേഷ് ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ ആണ് ചിറകൊടിഞ്ഞ പല വമ്പന്മാരുടെയും സ്വപ്‌നങ്ങള്‍ വീണുടഞ്ഞ വ്യോമയാന മേഖലയിലെ പുതിയ അതിഥി. എന്തുകൊണ്ട് വിമാന കമ്പനി എന്ന് ചോദിച്ചവരോട് ജുന്‍ജുന്‍വാല പറയുന്നത് പരാജയം അഭിമുഖീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ടാണ് പറക്കാന്‍ തുടങ്ങുന്നതെന്നാണ്. മല്യയുടേയും സഹാറയുടെയും സാമ്രാജ്യം തകര്‍ത്തത് അവരുടെ വിമാന കമ്പനികളാണ്. ഇന്ത്യന്‍ വ്യോമയാനരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം 40 ഓളം കമ്പനികള്‍ വിമാനങ്ങളുമായി എത്തി. ബഹുഭൂരിപക്ഷവും വന്‍ തകര്‍ച്ചയെ നേരിട്ടു. സ്വകാര്യവത്കരണത്തിലേക്ക് പിച്ചവെച്ച ഇന്ത്യയില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ വ്യോമയാന മന്ത്രിയായിരിക്കെയാണ് സ്വകാര്യ വിമാന കമ്പനികള്‍ക്ക് 1992 ല്‍ ലൈസന്‍സ് നല്‍കുന്നത്. 30 വര്‍ഷത്തിന് ശേഷം അതേ സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യയാണ് ആകാശ എയര്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഇന്‍ഡിഗോയും ഗോ എയറും പോലെ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് ഇന്നും പിടിച്ചുനില്‍ക്കുന്നത്. അവര്‍ക്കിടയിലേക്ക് എത്തുന്ന ആകാശ എയറും മുന്നോട്ടുവെക്കുന്നത് ചെലവുകുറഞ്ഞ വിമാനയാത്രയാണ്. ടാറ്റയുടെ സ്വന്തമായിരുന്ന എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുമേഖലയിലാക്കി ഓടിച്ച് നഷ്ടം പെരുകി ഒടുവില്‍ അരനൂറ്റാണ്ടിന് ശേഷം അതേ ടാറ്റയ്ക്ക് തന്നെ തിരിച്ചുകൊടുത്ത അതേ വര്‍ഷമാണ് ആകാശയും പറന്നു തുടങ്ങുന്നത്. 1990 ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് വിമാനകമ്പനിക്ക് ടാറ്റ ശ്രമിച്ചു. അന്ന് അതിന് അനുമതി ലഭിച്ചില്ല. അതേ ടാറ്റയ്ക്ക് എയര്‍ ഇന്ത്യയെ തിരിച്ചുകിട്ടി. കിട്ടിയെന്നല്ല വിലയ്ക്ക് വാങ്ങി.

1953 മാര്‍ച്ചിലാണ് പാര്‍ലമെന്റ് എയര്‍കോര്‍പറേഷന്‍സ് ചട്ടം പാസാക്കുന്നത്. ആസൂത്രണ കമ്മീഷന്റെ ശുപാര്‍ശയില്‍ വ്യോമയാന മേഖല ദേശസാത്കരിച്ചു. രാജ്യത്ത് സര്‍വീസ് നടത്തിയിരുന്ന എട്ട് സ്വകാര്യ വിമാനകമ്പനികളെ ഇന്ത്യന്‍ എയര്‍ലൈന്‍സ് കോര്‍പറേഷനില്‍ ലയിപ്പിച്ചു. എയര്‍വേസ് ഇന്ത്യ, ഡെക്കാന്‍ എര്‍വേസ്, ഭാരത് എയര്‍വേസ്, ഹിമാലയന്‍ ഏവിയേഷന്‍, കലിംഗ എയര്‍ലൈന്‍സ്, ഇന്ത്യന്‍ നാഷണല്‍ എയര്‍വേസ്, ടാറ്റ എയര്‍ലൈന്‍സിന്റെ എയര്‍ ഇന്ത്യ, എയര്‍ സര്‍വീസ് ഓഫ് ഇന്ത്യ ഇവയെ ലയിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉണ്ടാക്കുന്നത് 1953 ലാണ്. ഒറ്റയടിക്ക് എട്ട് സ്വകാര്യ വിമാനകമ്പനികളാണ് ദേശസാത്കരിക്കപ്പെട്ടത്. 1990 വരെ വ്യോമയാന മേഖല പൊതുമേഖലയിലായിരുന്നു. നയം പൊളിച്ചെഴുതി. ഉദാരവത്കരണത്തിലേക്ക് ഇന്ത്യയും വഴിമാറി. സ്വകാര്യ മേഖല കടന്നുവന്നു. 1992 ലാണ് ഇന്ത്യയുടെ ആകാശം സ്വകാര്യവത്കരിക്കുന്നത്. 1991 ന് ശേഷം വിദേശ നിക്ഷേപം വ്യോമയാന മേഖലയിലേക്കും ഒഴുകി. ആഭ്യന്തര വ്യോമയാനരംഗം ക്രമേണ സ്വകാര്യമേഖലയുടെ പിടിയിലായി. അപ്പോഴും രാജ്യാന്തര സര്‍വീസ് എയര്‍ ഇന്ത്യയുടേയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കുത്തകയായി പിന്നെയും വര്‍ഷങ്ങള്‍ തുടര്‍ന്നു.

ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്
മൂന്നു പതിറ്റാണ്ടിനിടെ പിറന്ന പല കമ്പനികളും പാതിവഴിക്ക് പറക്കല്‍ നിര്‍ത്തി അടച്ചുപൂട്ടി. എയര്‍ ടാക്‌സികളായിട്ടാണ് മാധവ റാവു സിന്ധ്യ ആദ്യം സ്വകാര്യ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയത്.
1992 ല്‍ ആദ്യമായി പറന്ന സ്വകാര്യ വിമാനം മലയാളിയായ തഖിയുദ്ദീന്‍ വാഹിദിന്റെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍ ആയിരുന്നു. ജുന്‍ജുന്‍വാലയ്ക്കും ക്യാപ്റ്റന്‍ ഗോപിനാഥിനും മുന്നെ ഒരു മലയാളി തുടങ്ങിവച്ച സ്വപ്നം. ഈസ്റ്റ് വെസ്റ്റ് അടക്കം ഒമ്പത് കമ്പനികള്‍ക്ക് 1994 ലാണ് ഷെഡ്യൂള്‍ഡ് എയര്‍ലൈന്‍ പദവി സ്വകാര്യമേഖലയില്‍ ആദ്യം നല്‍കുന്നത്. 1991 ഫെബ്രുവരി 28നായിരുന്നു ഈസ്റ്റ് വെസ്റ്റിന്റെ കന്നി പറക്കല്‍. ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്കായിരുന്നു ആദ്യ സര്‍വീസ്. വര്‍ക്കല സ്വദേശിയായ തഖിയുദ്ദീന്‍ വാഹിദിന്റെ ഈസ്റ്റ് വെസ്റ്റ് ബ്രിട്ടനില്‍ നിന്ന് പാട്ടത്തിനെടുത്ത ബോയിങ് 737-200 ശ്രേണിയില്‍പ്പെട്ട മൂന്നു വിമാനങ്ങളുമായാണ് സര്‍വീസ് തുടങ്ങിയത്. കേവലം 35 കോടി മുതല്‍മുടക്കില്‍ തുടങ്ങിയ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് വൈകാതെ നാലെണ്ണം കൂടി വാടകയ്‌ക്കെടുത്തു. മികച്ച സേവനങ്ങളിലൂടെ യാത്രക്കാരുടെ പ്രിയപ്പെട്ട വിമാന കമ്പനിയായി വളരെ വേഗം ഈസ്റ്റ് വെസ്റ്റ് പേരെടുത്തു. 1995 നവംബര്‍ 13ന് താഖിയുദ്ദീന്‍ ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടു. രണ്ട് വര്‍ഷം കഴിഞ്ഞ് 1997 ല്‍ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഓര്‍മ്മയായി. മുംബൈയില്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിട്ട് പിന്നീട് റിക്രൂട്ടിങ് ഏജന്‍സി തുടങ്ങി കാശുകാരനായി വിമാന കമ്പനിയിലേക്ക് വളര്‍ന്ന വര്‍ക്കല ഇടവയിലെ ഓടയമെന്ന ഗ്രാമത്തില്‍ നിന്ന് വന്ന താഖിയുദ്ദീന്‍ വാഹിദിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന വേഗത്തിലായിരുന്നു. ദാവൂദ് ഇബ്രാഹിമും ഛോട്ടോ ഷക്കീലും അടങ്ങുന്ന മുംബൈ അധോലോകം അരങ്ങുവാണകാലത്ത് താഖിയുദീനെ വെടിവെച്ചുകൊന്നത് ഇതില്‍ ഒരു സംഘമാണെന്ന ആരോപണം ശക്തമായിരുന്നു. ഇന്നും പല ടീം അന്വേഷിച്ചിട്ടും അതിന് കൃത്യമായ ഉത്തരം കിട്ടിയിട്ടില്ല.

ദമാനിയ എയര്‍ലൈന്‍സ്
പോര്‍ച്ചുഗലിലെ ടിഎപി എയറിന്റെ രണ്ട് ബോയിങ് 737 വിമാനങ്ങള്‍ വാടകയ്‌ക്കെടുത്താണ് ദമാനിയ 1993 മാര്‍ച്ച് 10ന് സര്‍വീസ് തുടങ്ങിയത്. പര്‍വേസ്, വിസ്പി ദമാനിയ സഹോദരന്മാരാണ് ഈ കമ്പനി സ്ഥാപിച്ചത്. മികച്ച സേവനമാണ് കമ്പനിയെ യാത്രക്കാര്‍ക്ക് പ്രിയങ്കരമാക്കിയത്. വ്യോമായമന്ത്രാലയം അനുമതി നല്‍കിയ ശേഷം ആദ്യമായി വിമാനത്തില്‍ മദ്യം വിളമ്പി തുടങ്ങിയതും ദമാനിയയായിരുന്നു. ലാഭകരമായ റൂട്ടുകളിലേക്ക് സര്‍വീസിന് അനുമതി നല്‍കണമെങ്കില്‍ നിശ്ചിത സര്‍വീസുകള്‍ നടത്തിയിരിക്കണമെന്ന നിബന്ധന വന്നു. അതോടെ കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇത് പിന്നീട് സ്‌കൈലൈന്‍ എന്‍ഇപിസിയായി മാറിയെങ്കില്‍ പിടിച്ചുനില്‍ക്കാനാകാതെ 1997 ല്‍ കുടിശ്ശിക വീട്ടാനാകാതെ പറക്കല്‍ നിര്‍ത്തി.

മോഡിലുഫ്ത്
ആദ്യമായി ഫസ്റ്റ്, ബിസിനസ്, ഇക്കണോമി ക്ലാസ് തിരിച്ച് യാത്രാസേവനം നല്‍കിയ ആഭ്യന്തര വിമാനകമ്പനി മോഡിലുഫ്തായിരുന്നു. ലുഫ്താന്‍സയുടെ സഹായമുണ്ടായിരുന്നു. അവരുടെ ബോയിങ് വിമാനം വാടകയ്‌ക്കെടുത്തായിരുന്നു സര്‍വീസ്. വ്യവസായിയായ എസ്.കെ മോദി ലുഫ്താന്‍സുടെ സാങ്കേതിക പങ്കാളിത്തത്തോടെയാണ് കമ്പനി തുടങ്ങിയത്. ഒരു ദിവസം 12 മണിക്കൂര്‍ വരെ പറന്ന വിമാനം മോഡിലുഫ്തിന്റേത് മാത്രമായിരുന്നു. ലുഫ്താന്‍സ വാഗ്ദാനം ചെയ്ത നിക്ഷേപം എത്തിക്കുന്നില്ലെന്ന ആരോപണം കമ്പനി ഉയര്‍ത്തി വൈകാതെ ലുഫ്താന്‍സ പങ്കാളിത്തം വിട്ടു. 40 ശതമാനം ഓഹരി ലുഫ്താന്‍സയെക്കൊണ്ട് എടുപ്പിക്കാന്‍ എസ്.കെ മോദി ശ്രമിച്ചെങ്കിലും നടന്നില്ല. 1996 ല്‍ പറക്കല്‍ നിര്‍ത്തി. വാടകയ്ക്ക് വാങ്ങിയ വിമാനം തിരിച്ചുകൊടുത്തു. പിന്നീട് റോയല്‍ എയര്‍വേസ് എന്ന് പേര് മാറ്റിയെങ്കിലും ഒരിക്കല്‍ പോലും പിന്നീട് പറന്നില്ല. അവരുടെ ഓപ്പറേഷന്‍ ലൈസന്‍സിലാണ് സ്‌പൈസ് ജെറ്റ് ഉപയോഗിച്ചത്.

സ്‌പൈസ് ജെറ്റ്
ഇന്‍ഡിഗോ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ കമ്പനി. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതില്‍ രണ്ടാം സ്ഥാനത്താണ് സ്‌പൈസ് ജെറ്റ്. എയര്‍ ടാക്‌സിയായി തുടങ്ങി. മോഡിലുഫ്തിന് മികച്ച ട്രാക്ക് റെക്കൊഡുണ്ടായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് അടച്ചുപൂട്ടി. അജയ് സിങ്ങ് ഏറ്റെടുത്ത മോഡിലുഫ്റ്റാണ് പിന്നീട് സ്‌പൈസ് ജെറ്റായി 2005 ല്‍ അവതരിച്ചത്. സ്‌പൈസ് ജെറ്റ് പ്രതിസന്ധിയിലായപ്പോള്‍ അജയ് സിങ്ങിനൊപ്പം പണം മുടക്കിയ വിദേശ ഇന്ത്യക്കാരന്‍ ഭുലോ കന്‍സഗ്ര തന്റെ ഓഹരി യു.എസ് നിക്ഷേപകരായ വില്‍ബര്‍ റോസ്സിന് 2008 ല്‍ വിറ്റു. അവരത് പിന്നീട് കലാനിധി മാരന്റെ സണ്‍ ഗ്രൂപ്പിന് കൈമാറി. മാരനും കൈപൊള്ളി. കടംകയറി. ആ ഓഹരി അജയ് സിങ് തന്നെ 2015 ല്‍ വാങ്ങി. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സ്‌പൈസിനെ രക്ഷിക്കാന്‍ വിദേശത്ത് നിന്ന് നിക്ഷേപം എത്തിക്കാന്‍ കമ്പനികളുമായുള്ള ചര്‍ച്ചയിലാണ് അജയ് സിങ്. അതിനായില്ലെങ്കില്‍ ജെറ്റിന്റെയും സഹാറയുടേയും കിങ്ഫിഷറിന്റെയും ഗതിയാണ് സ്‌പൈസ് ജെറ്റിനേയും കാത്തിരിക്കുന്നത്.

എയര്‍ സഹാറ
അതിവേഗം കുതിച്ച എയര്‍ സഹാറയുടെ പതനം ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. 1991 ല്‍ തുടങ്ങിയ കമ്പനി 1993 അവസാനമാണ് പറന്നുതുടങ്ങിയത്. ന്യൂഡല്‍ഹി ആസ്ഥാനമാക്കി വടക്ക് കിഴക്കന്‍ റൂട്ടിലായിരുന്നു കൂടുതല്‍ സര്‍വീസ്. പിന്നെ ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. രാജ്യാന്തര റൂട്ടുകളിലേക്കും 2004 ല്‍ കമ്പനി കടന്നു. അക്കാലത്ത് ജെറ്റും സര്‍വീസും തമ്മിലായിരുന്നു പ്രധാന മത്സരം. ചെലവു കുറഞ്ഞ സര്‍വീസുമായി എയര്‍ ഡെക്കാനും. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീണ എയര്‍ സഹാറയ്ക്ക് ജെറ്റ് എയര്‍ വില പറഞ്ഞു. 2005 ല്‍ 50 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെങ്കിലും വിലയുടെ പേരില്‍ അത് നടന്നില്ല. ഒടുവില്‍ പോംവഴിയില്ലാതെ 2007 ല്‍ ജെറ്റിന് തന്നെ കൊടുത്തു. വിലയാകട്ടെ 34 കോടി ഡോളറായി കുറഞ്ഞെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍. അങ്ങനെ ഏറ്റെടുത്ത എയര്‍ സഹാറയെയാണ് ജെറ്റ് ജെറ്റ് ലൈറ്റാക്കി മാറ്റിയത്. ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് ഇവയോട് മത്സരിച്ചായിരുന്നു ജെറ്റ് ലൈറ്റിന്റെ തുടക്കം. 2012 ല്‍ ജെറ്റ് ലൈറ്റിനെ ജെറ്റ് കണക്ടാക്കി. ഇന്ത്യയിലെ വന്‍കിട ബിസിനസ് സാമ്രാജ്യമായിരുന്നു സഹാറ ഗ്രൂപ്പിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതും എയര്‍ സഹാറയുടെ തകര്‍ച്ചയും ബാധ്യതയുമായിരുന്നു.

ജെറ്റ് എയര്‍വേയ്സ്
വിദേശനിക്ഷേപം ഒഴുകി ശേഷം നരേഷ് ഗോയലിന്റെ ജെറ്റ് എയര്‍വേസും സഹാറ എയര്‍ലൈന്‍സുമായിരുന്നു പേരും പെരുമയും സൃഷ്ടിച്ചത്. 1993 ലാണ് ജെറ്റ് എയര്‍വേസ് സ്ഥാപിതമാകുന്നത്. എയര്‍ ടാക്‌സ് ഓപ്പറേഷന്‍ പെര്‍മിറ്റുമായിട്ടായിരുന്നു തുടക്കം. പറക്കാം പക്ഷേ ഷെഡ്യൂള്‍ എയര്‍ലൈന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. 1996 ഓടെ ഷെഡ്യൂള്‍ഡ് എയര്‍ലൈനായി തന്നെ തുടങ്ങി. മത്സരം കൂടി. പണക്കാരന്റെ മാത്രം വാഹനം സാധാരണക്കാരന്റേത് കൂടിയായി. നല്ല സര്‍വീസിന് പേരുകേട്ട കമ്പനി. സമയക്രമം പാലിക്കുന്നതിലും മറ്റുംജെറ്റ് കീര്‍ത്തികേട്ടിരുന്നു. പ്രതിസന്ധിയില്‍ നിന്ന് പ്രതിസന്ധിയിലേക്ക് പറന്ന് 2019 ജൂലൈ 17 ന് പ്രവര്‍ത്തനം നിര്‍ത്തി. ഇടക്കാലത്ത് പല വിദേശ നിക്ഷേപകരും കമ്പനികളും ജെറ്റിനെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഒരു തീരുമാനത്തില്‍ എത്തിയില്ല. ജെറ്റിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി പല വിദഗ്ധരും പറയുന്നത് സഹാറയുമായുള്ള ലയനമായിരുന്നു. ഏകദേശം 34 കോടി ഡോളറിനാണ് സഹാറയെ ജെറ്റ് വാങ്ങിയത്. സഹാറയെ അവര്‍ ജെറ്റ് ലൈറ്റാക്കി. ചെലവുകുറഞ്ഞ വിമാനയാത്രയായിരുന്നു ജെറ്റ് ലൈറ്റിന്റെ ആകര്‍ഷണവും വാഗ്ദാനവും സ്‌പൈസ് ജെറ്റുമായും ഇന്‍ഡിഗോയുമായും മത്സരിച്ചു. നടത്തിപ്പിലെ കെടുകാര്യസ്ഥതയും ജെറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. കടം 10,000 കോടി കടന്നതോടെയാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതമായത്. നരേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ മിസ് മാനേജ്‌മെന്റാണ് പലരും പരാജയത്തിന്റെ കാരണമായി പലരും വിലയിരുത്തുന്നത്.

ഒരു രൂപയ്ക്ക് വിമാനയാത്രയുമായി എയര്‍ ഡെക്കാൻ
സാധാരണക്കാരന്റെ പറക്കല്‍ മോഹം സാര്‍ഥകമാക്കിയ ക്യാപ്റ്റന്‍ ഗോപിനാഥ്. സൈന്യത്തില്‍ നിന്ന് 28 ാം വയസ്സില്‍ വി.ആര്‍.എസ് എടുത്താണ് ഗോപിനാഥ് തന്റെ സ്വപ്‌നപദ്ധതി പ്രഖ്യാപിക്കുന്നത്. ബജറ്റ് എയര്‍ലൈന്‍സുമായി ഒട്ടും സുഗമമായിരുന്നില്ല മുന്നോട്ടുള്ള യാത്ര. യൂറോപ്പിലെ ഈസിജെറ്റിന്റെയും റയാന്‍ എയറിന്റെയും മാതൃകയില്‍. മറ്റ് വിമാന കമ്പനികളുടെ പകുതി നിരക്കില്‍ യാത്ര. ഫ്‌ളെക്‌സി നിരക്ക്. ഓരോ വിമാനത്തിലും ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചുപേര്‍ക്ക് ഒരു രൂപ മാത്രം നിരക്ക്. ഏറ്റവും ഒടുവിലെത്തുന്നവര്‍ക്ക് ഉയര്‍ന്ന നിരക്ക്. പറക്കാന്‍ മോഹിച്ചെത്തിയവരെക്കൊണ്ട് ബുക്കിങ് കൗണ്ടറുകള്‍ നിറഞ്ഞു. ഒരു കുപ്പി ഷാമ്പു വാങ്ങുന്ന കാശുകൊണ്ട് ഒരു വിമാനടിക്കറ്റ്. ഒരോ ഇന്ത്യക്കാരും ജീവിതത്തില്‍ ഒരിക്കലെങ്കിലും പറക്കണം ഇതായിരുന്നു ക്യാപ്റ്റന്റെ പോളിസി. പല വമ്പന്മാരും നെറ്റിചുളിച്ചു. 2003 ഓഗസ്റ്റിലാണ് എയര്‍ ഡെക്കാന്‍ സ്ഥാപിക്കുന്നത്. സ്വന്തം സമ്പാദ്യവും കുടുംബക്കാരുടേയും സുഹൃത്തുക്കളുടെയും ഒക്കെ ചേര്‍ത്ത് ആറ് കോടിയായിരുന്നു മൂലധനം. 48 സീറ്റുള്ള ഇരട്ട എന്‍ജിനുള്ള ചെറുവുമാനവുമായിട്ടായിരുന്നു തുടക്കം. ഹൂബ്ലിക്കും ബാംഗ്ലൂരിനുമിടയിലായിരുന്നു യാത്ര. 2007 ഓടെ 67 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ദിവസേന 380 സര്‍വീസുകള്‍. കൂടുതലും ചെറുപട്ടണങ്ങളിലേക്ക്. ഒന്നില്‍ നിന്ന് 45 വിമാനങ്ങളിലേക്ക് 25,000 പേര്‍ ശരാശരി ഒരു ദിവസം യാത്ര ചെയ്തു. കമ്പനിയുടെ വിമാനങ്ങളില്‍ 30 ലക്ഷം ഇന്ത്യക്കാര്‍ ഒരു രൂപയ്ക്ക് യാത്ര ചെയ്തു. ചെറുനഗരങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രകള്‍ പലപ്പോഴും വെല്ലുവിളിയായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 2007 ല്‍ ഗത്യന്തരമില്ലാതെ കിങ്ഫിഷറിന് വിറ്റു. മല്യയുടെ യുബി ഗ്രൂപ്പിന് വിറ്റപ്പോള്‍ കിട്ടിയ കാശുകൊണ്ട് ഡെക്കാന്‍ 360 ചരക്ക് വിമാനവുമായി പിന്നെയും കുറച്ചുകാലം ഈ മേഖലയില്‍ ഗോപിനാഥ് തുടര്‍ന്നു. കര്‍ഷകന്‍, സൈനികന്‍, ഹോട്ടല്‍ ഉടമ, എന്‍ഫീല്‍ഡ് ബൈക്കിന്റെ ഡീലര്‍, എല്ലാത്തിനും അവസാനം രാഷ്ട്രീയക്കാരന്‍ വരെ വിവിധ റോളുകളില്‍ ഗോപിനാഥ് ഉണ്ടായിരുന്നു. സുരരൈ പോട്ര് സിനിമയും സൂര്യ മികച്ച നടനുമായി അംഗീകരിക്കപ്പെടുമ്പോള്‍ അത് ക്യാപ്റ്റന്‍ ഗോപിനാഥ് കണ്ട സ്വപ്‌നത്തിന്റെ ബാക്കിപത്രമായിരുന്നു.

വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം കൂടി. ഇതിനിടെ 2011 ല്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചു. പ്രതിസന്ധിയിലായ എയര്‍ ഡെക്കാനെ കിങ്ഫിഷര്‍ വാങ്ങി. അനില്‍ അംബാനിക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് മല്യയുടെ വരവ്. അതില്‍ മല്യ കണ്ട ലക്ഷ്യം എയര്‍ഡെക്കാന്റെ അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയമാണ്. 2004 ലാണ് സര്‍ക്കാര്‍ നയം മാറ്റം വന്നത്. അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസും 20 വിമാനങ്ങളും സ്വന്തമായുള്ളവര്‍ക്ക് നടത്തി പരിചയമുള്ളവര്‍ക്ക് മാത്രമാണ് രാജ്യാന്തര സര്‍വീസിന് അനുമതി കിട്ടുമായിരുന്നുള്ളൂ. എയര്‍ ഡെക്കാന്‍ വാങ്ങി കിഫ്ഫിഷര്‍ രാജ്യാന്തരമായി. ജെറ്റ് എയര്‍വേസ് ആയിരുന്നു ഈ നയം മാറ്റത്തിന്റെ മുഖ്യ ഗുണഭോക്താവ്. ഇന്ന് ഇന്‍ഡിഗോ പോലെ 2004 കാലത്ത് ആഭ്യന്തര വിപണിയുടെ 44 ശതമാനവും ജെറ്റിനായിരുന്നു. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 10 ശതമാനത്തിന് താഴെയെത്തി. ഓരോ വര്‍ഷവും യാത്രക്കാരുടെ എണ്ണത്തിലും സര്‍വീസിലും മെച്ചപ്പെട്ടത് ഇന്‍ഡിഗോ മാത്രമാണ്.

കിങ് ഫിഷര്‍ എയര്‍ലൈന്‍സ്
2005 ല്‍ ഇന്‍ഡിഗോ തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് മല്യ അവതരിപ്പിച്ച വിമാന കമ്പനി. ആഡംബരത്തിന്റെ ഇന്ത്യയിലെ അവസാന വാക്കായിരുന്നു കിങ്ഫിഷര്‍. ആറ്റുനോറ്റുണ്ടായ മകന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് മകനുള്ള സമ്മാനമായി തുടങ്ങിയ സ്ഥാപനം. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനത്തിലും സൗകര്യത്തിലും കിങ്ഫിഷറിനെ വെല്ലാന്‍ ആര്‍ക്കും പറ്റില്ലായിരുന്നു. ഇന്ത്യയുടെ ആകാശം കീഴടക്കും എന്നായിരുന്നു ഉദ്ഘാടന സമയത്ത് മല്യ പറഞ്ഞത്. കാബിന്‍ ക്രൂ അംഗങ്ങളെ പ്രത്യേകിച്ച് എയര്‍ഹോസ്റ്റസുമാരെ മല്യ നേരിട്ട് കണ്ട് അഭിമുഖം നടത്തിയാണ് നിയമിച്ചത്. ആഭ്യന്തര വിമാനങ്ങളില്‍ മദ്യവിതരണം ഇല്ലാതിരുന്ന കാലത്ത് കിങ്ഫിഷറില്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി മദ്യം വിളമ്പി. ഇന്ത്യക്ക് പുറത്തേക്കുള്ള മല്യയുടെ സ്വപ്‌നങ്ങള്‍ നീണ്ടു. 20 വിമാനങ്ങളും അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും ഉണ്ടെങ്കില്‍ മാത്രമേ രാജ്യാന്തര സര്‍വീസിന് അനുമതി നല്‍കിയിരുന്നുള്ളൂ. ഇത് നേടാന്‍ നഷ്ടത്തിലായ എയര്‍ സഹാറ വാങ്ങാന്‍ മല്യ ആദ്യം ശ്രമിച്ചു. ജെറ്റ് സഹാറയെ വാങ്ങാന്‍ ആലോചിക്കുന്ന വേളയിലായിരുന്നു ഇത്. സഹാറയെ കിട്ടിയില്ല പകരം പ്രതിസന്ധിയിലായ എയര്‍ ഡെക്കാന്‍ വാങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനി എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു എന്നായിരുന്നു മല്യയുടെ പ്രതികരണം. അങ്ങനെ ഡെക്കാന്‍ കിങ്ഫിഷര്‍ റെഡ്ഡായി. ചെലവ് കൂടിയ കിങ്ഫിഷറും ചെലവുകുറഞ്ഞ സര്‍വീസായ കിഫ്ഫിഷര്‍ റെഡ്ഡും രണ്ട് കമ്പനികള്‍. ആഗോള മാന്ദ്യത്തിന്റെ കാലമായിരുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വളരെപ്പെട്ടെന്നാണ് കിഫ്ഫിഷര്‍ വീണത്. മദ്യ കമ്പനിയായ യു.ബി ഗ്രൂപ്പില്‍ നിന്നും കിങ്ഫിഷറിലേക്ക് പണം ഒഴുക്കി. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടര്‍ക്കഥയായി. ജീവനക്കാരുടെ ശമ്പളം കുടിശ്ശികയായി. വിദേശ നിക്ഷേപം എത്തിക്കാന്‍ മല്യ പലവഴിക്ക് നോക്കി. ഒന്നും നടന്നില്ല. 2012 ല്‍ സര്‍ക്കാര്‍ കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കാനുള്ള അനുമതി നല്‍കി. ബാങ്കുകളില്‍ കിട്ടാക്കടം പെരുകി. രാജ്യം വിട്ട മല്യ ലണ്ടനില്‍ അറസ്റ്റിലായി. മല്യയെ വീഴ്ത്തിയതും ആകാശ സ്വപ്‌നങ്ങളായിരുന്നു. ചെന്നൈ ആസ്ഥാനമായുള്ള പാരമൗണ്ട് എയര്‍വേസ് ഡിജിസിഎക്കുള്ള വിഹിതം അടയ്ക്കാത്തതിന് പൂട്ടുവീണു.

അപവാദമായി ഇന്‍ഗിഡോ
54 ശതമാനത്തോളം മാര്‍ക്കറ്റ് വിഹിതം. ജെറ്റുകളുടെ എണ്ണം കൊണ്ടും യാത്രക്കാരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ ഏഷ്യയിലെ നാലാമത്തെ വലിയ കമ്പനി. 1000 ഇടങ്ങളിലേക്കായി 1500 സര്‍വീസുകളാണ് ദിവസേന നടത്തുന്നത്. 277 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നു. ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത് 500 ഓളം പുതിയ വിമാനങ്ങള്‍ക്കാണ്. മികച്ച മാനേജ്‌മെന്റും സര്‍വീസുമാണ് ഇന്‍ഡിഗോയുടെ വിജയരഹസ്യം. ആറ് വര്‍ഷം കഴിഞ്ഞാല്‍ കൈമാറുന്ന വാടകകരാറിലാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇതുവഴി വിമാനങ്ങള്‍ പതിവായി മാറുന്നു. കാര്യമായി അറ്റകുറ്റപ്പണികളുടെ ചെലവ് ഒഴിവാകുന്നു.

25 വര്‍ഷത്തിനിടെ 12 സ്വകാര്യ വിമാനകമ്പനികളാണ് അടച്ചുപൂട്ടിയത്. തകര്‍ച്ചയ്ക്ക് പറയുന്ന കാരണം വിമാന ഇന്ധനത്തിനുള്ള നികുതിയാണ്. മറ്റൊന്ന് രൂപയുടെ മൂല്യം ഇടിയുന്നത്. പല കമ്പനികളും വിമാനങ്ങള്‍ വിദേശങ്ങളില്‍ നിന്ന് വാടകയ്ക്ക് എടുത്താണ് സര്‍വീസ് നടത്തുന്നത്. അവരുടെ വാടക ഡോളറിലാണ് നല്‍കേണ്ടത്. അതുപോലെ പൈലറ്റുമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ നല്ല പങ്ക് വിദേശികളാണ് ജോലിക്കാര്‍. അവര്‍ക്കുള്ള ശമ്പളം ഡോളറിലാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 60 ശതമാനം അധികമാണ് ഇന്ത്യയില്‍ നികുതി

5:20 എന്ന അഞ്ച് വര്‍ഷം പരിചയവും 20 വിമാനങ്ങളും എന്ന നയം പൊളിച്ച് 2016 ല്‍ മോദി സര്‍ക്കാര്‍ 20 വിമാനം മാത്രം മതി രാജ്യാന്തര ലൈസന്‍സിന് എന്നാക്കി. അതോടെ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും ഗോ എയറും എല്ലാം വിദേശങ്ങളിലേക്ക് പറന്നു. ശരാശരി 20 ശതമാനം വച്ച് ഇന്ത്യന്‍ വ്യോമയാനരംഗം വളരുന്നു. പക്ഷേ ഒട്ടുമിക്ക വിമാന കമ്പനികളും പൊട്ടിയ ചരിത്രമാണ് ബാക്കി. ഗോപിനാഥ് കണ്ട സ്വപ്‌നം പൂവണിയുകയാണ്. അദ്ദേഹത്തിന്റെ എയര്‍ ഡെക്കാന്‍ വഴിവെട്ടി. അദ്ദേഹത്തിന്റെ കമ്പനിക്ക് പിടിച്ചുനില്‍ക്കാനായില്ല. പക്ഷേ പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നു. 2024 ഓടെ ലോകത്തെ മൂന്നാമത്തെ വ്യോമയാന വിപണിയായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. ഏറ്റവും ഒടുവില്‍ ആഗസ്റ്റ് 10 ന് നിരക്ക് നിശ്ചയിക്കുന്നതിനുള്ള അധികാരവും കേന്ദ്രം എടുത്തുകളഞ്ഞു. ഇഷ്ടം പോലെ നിരക്ക് കൂട്ടാനും കുറയ്ക്കാനും ഇനി വിമാന കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും.

Content Highlights: indian airlines, spice jet, indigo, kingfisher, air sahara,air deccan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented