മീൻ ഉണക്കുന്നതിന് മുമ്പ് ഉപ്പിലിട്ടിരിക്കുന്നു. മംഗലാപുരത്തെ കാഴ്ച| ഫോട്ടോ അരുൺ നിലമ്പൂർ
അഴുകിയതും നിരവധി രാസവസ്തുക്കള്‍ ചേര്‍ത്തതുമായ പച്ചമീന്‍ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നതിനെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പതിവായി വരാറുണ്ട്. അങ്ങനെയാണ് ഉണക്കമീനിന്റെ അവസ്ഥ അന്വേഷിച്ച് ഇറങ്ങിയത്. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് കോഴിക്കോട് നഗരത്തിലെ പ്രധാന ഉണക്കമീന്‍ വിപണി. വരിവരിയായി കടകള്‍ അയല, മത്തി, സ്രാവ്, ചെമ്മീന്‍ പൊടി, മുള്ളന്‍, മാന്ത അങ്ങനെ പല വലിപ്പത്തില്‍ പല വിലയില്‍ മീനുകള്‍, കാഴ്ചയില്‍ ഒട്ടും കേടാവത്ത നല്ല വൃത്തിയുള്ള മീന്‍. എവിടെ നിന്നാണ് ഈ മീന്‍ കൊണ്ടുവരുന്നത് എന്ന ചോദ്യത്തിന് ഗുജറാത്ത്, മംഗലാപുരം, കോഴിക്കോട് വെള്ളയില്‍ പോലുള്ള സ്ഥലങ്ങള്‍ എന്ന് മറുപടി കിട്ടി. മീന്‍ എങ്ങനെയാണ് ഉണക്കുന്നത് എങ്ങനെയാണ് ഇവിടെ എത്തിക്കുന്നത് എന്നറിയാന്‍ നേരെ മംഗലാപുരത്തേക്ക്
മലമൂത്രവിസര്‍ജ്ജനം കലര്‍ന്ന വെള്ളത്തില്‍ കഴുകി അതേ വെള്ളം ചേര്‍ത്ത് ഉണക്കുന്ന ചോട്ടാ ബന്ധറിലെ മീന്‍
പുലര്‍ച്ചെ തന്നെ മംഗലാപുരം പോര്‍ട്ട് സജീവമാകും, ബോട്ടില്‍ എത്തുന്ന പച്ച മീന്‍ വിവിധ ലോറികളില്‍ പലയിടത്തേക്കായി പോവും, ചീഞ്ഞ് തുടങ്ങിയ മീനുകള്‍ ഉണക്കാനായി ആ പ്രദേശത്ത് ഉള്ളവര്‍ തന്നെ കുട്ടയ്ക്ക് വില പറഞ്ഞ് വാങ്ങിച്ച് കൊണ്ടുപോകും, ചെറുമീനുകളാണ് മീന്‍ ഉണക്കുന്നവര്‍ പ്രധാനമായും വാങ്ങിക്കുക. മംഗലാപുരം പോര്‍ട്ടിന് തൊട്ടടുത്തുള്ള ചോട്ടാ ബന്ധര്‍ എന്ന ചെറിയ പ്രദേശമാണ് മീന്‍ ഉണക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്ന്, പോര്‍ട്ടില്‍ നിന്ന് 10 രൂപ ടിക്കറ്റ് എടുത്ത് ഫെറിയില്‍ കയറിയാല്‍ 10 മിനിറ്റ് കൊണ്ട് ചോട്ടാ ബന്ധറില്‍ എത്താം.
പുറത്തിറങ്ങി നടന്നാല്‍ മാലിന്യം
കടല്‍ തീരത്ത് കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ക്ക് നടുവില്‍ പലയിടത്തായി കയറുകൊണ്ടുള്ള പായയില്‍ മീന്‍ ഉണക്കാന്‍ ഇട്ടത് കാണാം, അതിനും ചുറ്റും കാക്കകള്‍ തെരുവുനായ്ക്കള്‍ അങ്ങനെ പല കാഴ്ചകള്‍, കടല്‍ തീരത്ത് തന്നെ കെട്ടിയുണ്ടാക്കിയ ചെറിയ കുടിലുകള്‍ കേന്ദ്രീകരിച്ചാണ് ഉണക്കമീന്‍ നിര്‍മാണം, മത്തി, അയല തുടങ്ങിയ മീനുകളുടെ തലയും വയറും കീറി മീനിന്റെ പൂവും കുടലും എടുത്തു കളയും എന്നിട്ട് മീന്‍ കുട്ടയിലിടും കുട്ട നിറഞ്ഞാല്‍ നേരെ കടല്‍ വെള്ളത്തിലേക്ക് , ബോട്ടുകളില്‍ നിന്നുള്ള ഓയിലും മല മൂത്ര വിസര്‍ജ്ജനവും തുടങ്ങി സകല അഴുക്കുകളും നിറഞ്ഞ നല്ല കറുത്ത വെള്ളത്തില്‍ കുട്ടയൊന്നും മുക്കി തിരിച്ച് നടക്കും. ഇനിയാണ് മീന്‍ ഉപ്പിലിടല്‍.

ഓലപ്പുരകള്‍ക്ക് അടുത്തായി സ്ഥാപിച്ച വലിയ സിമന്റ് പാത്രങ്ങളിലേക്ക് മീനിടും, പല തവണ മീനിട്ടതിനാല്‍ മീനിന്റെ ചോരയും ചെതുമ്പലും ചേര്‍ന്ന് അഴുകിയ ദുര്‍ഗന്ധം വമിക്കുന്ന വെള്ളം പാത്രങ്ങളുടെ അടിയില്‍ ഉണ്ടാവും, ഇതില്‍ മീന്‍ നിറയാന്‍ ആയാല്‍ കല്ലുപ്പിടും, കുറച്ച് വെള്ളം കടലില്‍ നിന്ന് മുക്കി ഒഴിക്കും, രണ്ട് ദിവസം മീന്‍ ഈ വെള്ളത്തില്‍ കിടക്കണം. രണ്ട് ദിവസം കൊണ്ട് ഉപ്പ് അലിഞ്ഞ് അഴുകി പാട കെട്ടിയ വെള്ളം മീനിന് മുകളില്‍ നിറഞ്ഞിട്ടുണ്ടാവും ഇതില്‍ നിന്ന് മീന്‍ കോരി വീണ്ടും കൊട്ടയില്‍ ഇടും, കൊട്ടയുമായി വീണ്ടും അതേ കറുത്ത നിറമുള്ള അഴുക്കുവെള്ളത്തിലേക്ക്. ഇത്തവണ കൊട്ട നാലഞ്ച് തവണ വെള്ളത്തില്‍ മുക്കി കുടഞ്ഞെടുക്കും, അതോടെ ചോര നിറം കലര്‍ന്ന മീന്‍ വെള്ള നിറത്തില്‍ സുന്ദരനാവും. 10 മണിയോടെ നല്ല വെയിലാവും പിന്നെ മണലില്‍ പായകള്‍ വിരിക്കാന്‍ ഉള്ള തിരക്കാണ്, വിരിച്ചിട്ട പായകളിലേക്ക് മീന്‍ പരത്തിയിട്ടാല്‍ തല്‍ക്കാലം പണി കഴിയും. പണിക്കാര്‍ തിരിച്ച് വീട്ടിലേക്ക് പോയി തുടങ്ങിയാല്‍ തെരുവുനായ്ക്കളെത്തും. പിന്നാലെ കാക്കകളും പരുന്തുകളും. വൈകീട്ട് വെയില്‍ പോവുന്ന നേരം നോക്കി പണിക്കാര്‍ വീണ്ടും എത്തും, മീന്‍ കുട്ടകളില്‍ നിറച്ച് വെക്കും. രണ്ട് ദിവസം ഉണക്കിയ മീനുകള്‍ വാങ്ങാന്‍ ഹോള്‍സെയില്‍ കച്ചവടക്കാര്‍ എത്തും, ഒരു കുട്ട മത്തി 100, ഒരു കുട്ട അയല 120 അങ്ങനെ പല വിലയ്ക്കാണ് ഇവിടെ മീന്‍ വില്‍പ്പന, ചില്ലറ വില്‍പ്പന ഇല്ലെന്ന് മീന്‍ ഉണ്ടാക്കുന്നവര്‍ പ്രത്യേകം പറയും.
മംഗലാപുരം പോര്‍ട്ടിനോട് ചേര്‍ന്ന് കിടക്കുന്ന ഉണക്കമീന്‍ കട
പോര്‍ട്ടിന് തൊട്ടടുത്തായി ഒരു ഹോള്‍സെയില്‍ ഉണക്കമീന്‍ കടയുണ്ട്, രാവിലെ 9 മണിയോടെ തന്നെ ഈ കടയില്‍ തിരക്കാവും ഉണക്കമീന്‍ കൊണ്ടുപോകാന്‍ ലോറികളും വിലപേശാന്‍ കച്ചവടക്കാരും എത്തും. മീന്‍ ഉണക്കുന്നവരില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 10 രൂപ 20 രൂപ വിലകൂട്ടിയാണ് വില്‍പ്പന. കേരളത്തില്‍ പുതുതായി ഉണക്കമീന്‍ ബിസിനസ്സ് തുടങ്ങാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മീനിന്റെ വില പറഞ്ഞു തന്നു. ഇതിനേക്കാള്‍ വില കുറച്ച് കിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി. ഉണക്കുന്ന സ്ഥലത്ത് പോയാലോ എന്ന് ചോദിച്ചപ്പോള്‍ കച്ചവടക്കാരന്റെ ഭാവം മാറി, നിങ്ങള്‍ക്ക് വീഡിയോ എടുക്കാന്‍ അല്ലേ. ഞങ്ങളുടെ ബിസിനസ് ഇല്ലാതാക്കാനല്ലേ എന്ന് ചോദിച്ച് തട്ടിക്കയറി. തല്ലുകിട്ടുമെന്നായപ്പോള്‍ തടി തപ്പുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. പോര്‍ട്ടിനകത്ത് കയറി വീണ്ടും മീന്‍ ഉണക്കുന്ന സ്ഥലം അന്വേഷിച്ചു. അവരാണ് വൈഗ ബസാര്‍ എന്ന സ്ഥലം പറഞ്ഞു തന്നത്
ഉണക്കമീന്‍ കടലുപോലെ പരന്നു കിടക്കുന്ന വൈഗൈ ബസാര്‍
കേരളത്തില്‍ നിന്ന് എത്തുന്ന പച്ച മീന്‍ വൃത്തിയാക്കി എക്‌സപോര്‍ട്ടിങ് കമ്പനികളിലേക്ക് അയക്കുന്ന സ്ഥലമാണ് വൈഗൈ ബസാറിന്റെ ഒരു ഭാഗം, മറുഭാഗം ഉണക്കമീന്‍ ഉണ്ടാക്കുന്ന സ്ഥലം. വൈഗൈ ബസാറിലെത്തിയാല്‍ കണ്ണെത്താ ദൂരത്തോളം മീന്‍ ഉണക്കാനായി പരത്തിയിട്ടിരിക്കുന്നത് കാണാം. അതിന് ചുറ്റം മീന്‍ വൃത്തിയാക്കുന്ന ഷെഡുകള്‍, തുറസ്സായ സ്ഥലങ്ങളില്‍ മീന്‍ ഉപ്പിലിടുന്ന വലിയ സിമന്റ് പാത്രങ്ങള്‍. ഉപ്പിലിടും മുമ്പ് മീന്‍ കഴുകണമെന്നില്ല. മീനില്‍ ഇടുന്ന ഉപ്പ് അലിഞ്ഞ് വെള്ളമാകും ആ വെള്ളത്തില്‍ ചോരയൊക്കെയങ്ങ് പോകുമെന്ന് കാലങ്ങളായി മീന്‍ ഉണക്കി ശീലമുള്ള ചേച്ചിമാര്‍ പറഞ്ഞു തന്നു. രണ്ട് ദിവസമാണ് ഇവിടേയും മീന്‍ ഉപ്പിലിട്ട് വെക്കുന്നത്. പെട്ടന്ന് എങ്ങാനും മഴ പെയ്താല്‍ മാത്രമേ മീനിട്ട് വെക്കുന്ന പാത്രം അടയ്ച്ച് വെക്കേണ്ടൂ, ഇല്ലെങ്കില്‍ തുറന്നിടും. കാക്കയ്ക്കും പരുന്തിനും വേണ്ട മീനെടുക്കാം. നായ്ക്കള്‍ പതിവായി വന്ന് പാത്രത്തില്‍ തലയിട്ട് നക്കി നോക്കും ഉപ്പു രുചി കൊണ്ട് പെട്ടന്ന് തല വലിക്കും. കുട്ടകളില്‍ ഉപ്പിടാനായി കൊണ്ടുവെച്ച മീനുകളില്‍ നിന്ന് ആവശ്യത്തിനെടുത്ത് ഓടിപ്പോവും. ആദ്യത്തെ സ്ഥലത്ത് കണ്ട പോലെ തന്നെ.
രണ്ട് ദിവസം മീന്‍ ഉപ്പില്‍ കിടന്നാല്‍ ഉണക്കാനായി എടുക്കാം. ചുവന്ന നിറത്തില്‍ പാത്രങ്ങളില്‍ ഉപ്പുവെള്ളം നിറഞ്ഞിട്ടുണ്ടാകും, അതിന് മുകളില്‍ മീനിന്റെ ചെതുമ്പലൊക്കെ അഴുകി പാട കെട്ടി കിടക്കും അതിലേക്ക് ഒരു പാത്രമിട്ട് മീന്‍ കോരി കൊട്ടയില്‍ ഇടും. മീനിലേക്ക് വീപ്പയില്‍ നിറച്ച് വെച്ച മഞ്ഞ നിറത്തിലുള്ള വെള്ളം കുറച്ച് ഒഴിക്കും, അധികം ഉള്ള ഉപ്പ് പോവാന്‍, ഇത് എവിടുത്തെ വെള്ളമാണെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല. വെള്ളം ഒഴിച്ച് ഉപ്പ് കുറച്ച മീന്‍ പിന്നെ ഉണക്കാന്‍ ഇടും...അയലയും മത്തിയും മത്രമല്ല സ്രാവും തെരണ്ടിയും പോലുള്ള വലിയ മീനുകളും ഇവിടെ ഉണക്കുന്നുണ്ട്.
കയറുപായകളില്‍ ഉണക്കാനിട്ട മീനിന്റെ അരിക് പറ്റി കിടക്കുന്ന നായകളുണ്ട്. പരിചയം ഇല്ലാത്ത ആളുകളെ കണ്ടാല്‍ ഇവര്‍ കുരച്ചോടിക്കും. രണ്ട് ദിവസം ഉണങ്ങിയാല്‍ മീന്‍ നല്ല സുന്ദരനാവും കഴുകാത്തതാണെന്നും കണ്ടാല്‍ തോന്നില്ല. ഡ്രയര്‍ വെച്ച് ഉണക്കുന്ന സ്ഥലം എവിടെ എങ്കിലും ഉണ്ടോ എന്ന് കൂടി അവിടുത്തെ ആളുകളോട് ചോദിച്ചു, ഇവിടെ അടുത്തൊന്നും ഇല്ലെന്ന് മറുപടി, ഇങ്ങനെ വെയിലത്തിട്ട് ഉണക്കിയില്ലെങ്കില്‍ ഉണക്കമീനിന് തനതു രുചി കിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. പോരാത്തതിന് നിര്‍മാണ ചെലവും കൂടുമത്രെ. വൈകുന്നേരങ്ങളിലാണ് ഉണക്കമീന്‍ വാങ്ങാന്‍ ഇവിടേക്ക് വ്യാപാരികള്‍ എത്തുക. വിലയുറപ്പിച്ച് വണ്ടിയില്‍ കയറ്റി കൊണ്ടുപോകും. ഈ വണ്ടികളില്‍ കയറ്റുന്ന മീന്‍ എങ്ങോട്ടായിരിക്കും കൊണ്ടുപോവുക നേരിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് ആയിരിക്കുമോ അല്ല, ബന്ദാരു മാര്‍ക്കറ്റിലേക്ക്
ഉണക്കമീന്‍ മൊത്ത വിതരണ കേന്ദ്രം മംഗലൂരു പോര്‍ട്ടിനോട് ചേര്‍ന്ന ബന്ധര്‍ ഡ്രൈ ഫിഷ്മാര്‍ക്കറ്റ്
മംഗലാപുരം പോര്‍ട്ടിന് തൊട്ടടുത്താണ് ഇവിടുത്തെ പ്രസിദ്ധമായ ഉണക്കമീന്‍ മാര്‍ക്കറ്റ്. ഒരു തെരുവിന്റെ രണ്ടറ്റവും നിറയെ ഉണക്കമീന്‍ കടകള്‍. മൊത്ത വിലയ്ക്കും ചില്ലറ വിലയ്ക്കും സാധനം കിട്ടും. കടകളില്‍ കൂട്ടിയിട്ടിരിക്കുന്ന മീന്‍. വൃത്തിയുള്ള അന്തരീക്ഷം ഒരു കടയിലും ഇല്ല. എലി കൂറ പാറ്റ തുടങ്ങിയവയെല്ലാം കടയ്ക്കുള്ളിലൂടെ ഓടി നടക്കും. കെട്ടിനും കുട്ടയ്ക്കും ആണ് മീനിന്റെ വില. കടകള്‍ക്ക് പുറത്ത് റോഡില്‍ ഉണക്ക് കുറഞ്ഞ മീനുകള്‍ കടക്കാര്‍ ഷീറ്റില്‍ ഉണക്കാന്‍ ഇട്ടിട്ടുണ്ട്. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അതിരാവിലെ മുതല്‍ ഈ മാര്‍ക്കറ്റില്‍ വാഹനങ്ങളുടേയും ആളുകളുടേയും വലിയ തിരക്കായിരിക്കും. അന്നാണ് ഗുജറാത്തില്‍ നിന്നുള്ള ഉണക്കമീനുകള്‍ കൂടി ഈ മാര്‍ക്കറ്റില്‍ എത്തുക, മംഗലാപുരം മീന്‍, ഗുജറാത്ത് മീന്‍ രണ്ടും ഈ ദിവസം വേര്‍തിരിച്ച് വില പേശി വാങ്ങാം. കേരളത്തിലേക്ക് ഇവിടുത്തെ മീന്‍ മാത്രം തികയില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പതിനൊന്ന് മണി കഴിയുമ്പോളേക്കും ലോഡുമായി ലോറികള്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് പോകും.
മംഗലാപുരത്ത് മാത്രമല്ല ഇങ്ങ് കോഴിക്കോടുമുണ്ട് ഇത്തരം കേന്ദ്രങ്ങള്‍
ശുചിത്വത്തിന് പേരുകേട്ട കേരളത്തിലുമുണ്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ മീന്‍ ഉണക്കുന്ന കേന്ദ്രങ്ങള്‍. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനോട് ചേര്‍ന്നുമുണ്ട് ഉണക്കമീന്‍ ഉണക്കുന്ന ഷെഡുകള്‍, വൃത്തി പേരിനുപോലും ഇവിടെയുമില്ല, മീനില്‍ ചവിട്ടി നടക്കുന്ന തൊഴിലാളികള്‍. കാലങ്ങളായി വൃത്തിയാക്കാത്ത സിമന്റ് പാനകള്‍ എല്ലാം ഒരു പോലെ, വളത്തിനായി ഉണക്കുന്ന മീനും കഴിക്കാനായി ഉണക്കുന്ന മീനും എല്ലാം ഉണ്ട്. തമ്മിലുള്ള വ്യത്യാസം അവര്‍ക്കേ അറിയൂ. ആകെയുളള വ്യത്യാസം ഉപ്പിലിടാന്‍ ഉപയോഗിക്കുന്ന പാനകള്‍ ഷെഡിനകത്ത് ആണെന്നത് മാത്രമാണ്. കടല്‍ വെള്ളമൊന്നും മീന്‍ കഴുകാന്‍ എടുക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പിന്നെ മംഗലാപുരം പോലെ അങ്ങ് കയറി ചെന്നാല്‍ കാണാവുന്നതല്ല ഇവിടുത്തെ ഉണക്ക മീന്‍ നിര്‍മാണം, പുറത്തുള്ള വരെ അങ്ങനെയൊന്നും ഈ പ്രദേശത്തേക്ക് അടുപ്പിക്കില്ല. എങ്ങനെയെങ്കിലും കയറി ചെന്നാലും അവിടെ ഉള്ളവര്‍ പറയും ഇവിടെ നിന്ന് മീനൊന്നും വാങ്ങാന്‍ കിട്ടില്ല. ചുറ്റിത്തിരിയാതെ വേഗം വിട്ടോയെന്ന്...
Content Highlights: Dry fish, Stale fish
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..