തകർന്ന യുദ്ധക്കപ്പലുകള്‍, ബോംബ്; യൂറോപ്പ് വരണ്ടപ്പോൾ നദികളിൽ കണ്ടത് ചരിത്രാവശിഷ്ടങ്ങൾ


സ്വന്തം ലേഖിക

ഇക്കഴിഞ്ഞ അഞ്ഞൂറു വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ ചൂടിന്റെയും വരള്‍ച്ചയുടെയും പിടിയിലാണ് യൂറോപ്പ്. ഒരു നൂറ്റാണ്ടിനു ശേഷമാണ് ഡാന്യൂബ് നദിയില്‍ ജലനിരപ്പ് ഇത്രയ്ക്ക് താഴുന്നത്. സെര്‍ബിയയിലെ നദീതുറമുഖമായ പ്രൊഹോവോയ്ക്ക് സമീപത്തുനിന്നുമാണ് നാസി-ജര്‍മനിയുടെ ബ്ലാക്ക് സീ ഫ്ലീറ്റിലെ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

സെർബിയയിലെ പ്രഹോവോയ്ക്ക് സമീപത്ത് ഡാന്യൂബ് നദിയിൽ ദൃശ്യമായ, രണ്ടാം ലോകമഹായുദ്ധകാലത്തെ നാസിജർമനിയുടെ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ | Photo: AP

രണ്ടാം ലോകമഹായുദ്ധത്തിന്റെ പാപക്കറ പേറി കൊല്ലങ്ങളായി ജലനിദ്രയില്‍ ആണ്ടുകിടന്നിരുന്ന ജര്‍മന്‍ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍. നദികള്‍ വറ്റിവരണ്ടതിന് പിന്നാലെ അവയില്‍ പലതും വീണ്ടും ലോകത്തിന് മുന്നില്‍ അനാവൃതമാവുകയാണ്. ഇക്കഴിഞ്ഞ അഞ്ഞൂറു വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ ചൂടിന്റെയും വരള്‍ച്ചയുടെയും പിടിയിലാണ് ഇപ്പോള്‍ യൂറോപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ് ഈ കൊടുംചൂടും വരള്‍ച്ചയും. അതിന്റെ പരിണിതഫലമെന്നോണമാണ് യൂറോപ്പില്‍നിന്നുള്ള ദൃശ്യങ്ങളും വാര്‍ത്തകളും.

ഇക്കൊല്ലം തുടക്കം മുതല്‍ക്കേ യൂറോപ്പിന്റെ പലഭാഗങ്ങളും കടുത്ത വരള്‍ച്ചയുടെ പിടിയിലായിരുന്നു. ഓഗസ്റ്റ് മാസത്തോടെ അത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും ഗുരുതരമാവുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി മഴ പെയ്യാത്തതും മേയ്മാസം മുതല്‍ വീശിയ ഉഷ്ണതരംഗവുമാണ് വരള്‍ച്ചയിലേക്ക് വഴിതെളിച്ചത്. വേനല്‍ക്കാല വിളകളുടെ ഉത്പാദനത്തിലും കുറവുണ്ടായിട്ടുണ്ട്. പ്രധാനമായും ബാധിക്കപ്പെട്ടിരിക്കുന്നത് മെയ്സ്, സോയാബീന്‍ തുടങ്ങിയവയെയാണെന്ന് യൂറോപ്യന്‍ ഡ്രോട്ട് ഒബ്സര്‍വേറ്ററിയുടെ ഓഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറന്‍ യൂറോപ്പ്-മെഡിറ്ററേനിയന്‍ മേഖലകളില്‍ നവംബര്‍ വരെ പതിവിനേക്കാള്‍ കൂടുതല്‍ താപനില അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് മധ്യത്തോടെ ചിലയിടങ്ങളില്‍ വരള്‍ച്ചയ്ക്ക് അറുതിവരുത്തിയെങ്കിലും മറ്റിടങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് വഴിവെക്കുകയാണുണ്ടായത്.

യൂറോപ്പിലെ ജലസമൃദ്ധമായിരുന്ന പല നദികളും തടാകങ്ങളും ഇതിനകം വറ്റിവരണ്ടുകഴിഞ്ഞു. വന്‍കരയിലെ തന്നെ വമ്പന്‍നദിയായ ഡാന്യൂബിന്റെ ചിലയിടങ്ങളില്‍ ജലനിരപ്പ് വല്ലാതെ താഴ്ന്നു. ഇതിന്റെ ഫലമായാണ് ഡാന്യൂബിന്റെ അടിത്തട്ടിലുണ്ടായിരുന്ന, രണ്ടാം ലോകമഹായുദ്ധത്തില്‍ നാസിജര്‍മനിയുടെ പതാകപേറിയ ഇരുപതിലധികം യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്‍വെട്ടത്ത് എത്തിയത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബ്ലാക്ക് ഫോറസ്റ്റില്‍നിന്ന് ഉത്ഭവിച്ച് കരിങ്കടലിലേക്ക് ഒഴുകുന്ന ഡാന്യൂബ്, യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ്. ജര്‍മനിയെ കൂടാതെ സെര്‍ബിയ, ഓസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, സ്ലൊവാക്യ, റൊമാനിയ, ബള്‍ഗേറിയ, മോള്‍ഡോവ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന ഡാന്യൂബ് ബ്ലാക്ക് സീയിലാണ് പതിക്കുന്നത്.

നിലവില്‍ യൂറോപ്പ്, അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത്. യൂറോപ്യന്‍ യൂണിയന്റെ ജോയിന്റ് റിസര്‍ച്ച് സെന്ററിന്റെ പ്രാഥമിക അപഗ്രഥന പ്രകാരമാണ് അഞ്ഞൂറു കൊല്ലത്തിനിടെയുള്ള ഏറ്റവും വലിയ കൊടുംവരള്‍ച്ചയുടെ പിടിയിലാണ് ഈ ഭൂഖണ്ഡമെന്ന് വിലയിരുത്തപ്പെടുന്നത്. യൂറോപ്പ് വരണ്ടകാലത്തിലൂടെ കടന്നുപോകുമ്പോള്‍, അത് അനാവരണം ചെയ്യുന്ന കാഴ്ചകള്‍ ഭീതിജനകങ്ങളാണ്. വരണ്ട നദികള്‍, അതിന്റെ അടിത്തട്ടിലെ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍, രണ്ടാം ലോകമാഹായുദ്ധത്തില്‍ പ്രയോഗിക്കാന്‍ നിര്‍മിച്ച ബോംബ്. അങ്ങിനെ പലതുമുണ്ട്, ഈ ഭീതിക്കാഴ്ചകളുടെ പട്ടികയില്‍. മാത്രമല്ല, ഈ കൊടുംവരള്‍ച്ചയ്ക്കു പിന്നാലെ വരാനിരിക്കുന്ന ഭക്ഷ്യ-ഊര്‍ജക്ഷാമവും യൂറോപ്പിനെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഭൂഖണ്ഡത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും അതിരൂക്ഷമായ വരള്‍ച്ചയുടെ പിടിയിലേക്ക് അമര്‍ന്നു കഴിഞ്ഞുവെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.

ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ്, റൊമാനിയ, ഹംഗറി, നോര്‍ത്തേണ്‍ സെര്‍ബിയ, യുക്രൈന്‍, മോള്‍ഡോവ, അയര്‍ലന്‍ഡ്, യു.കെ. തുടങ്ങിയ രാജ്യങ്ങള്‍ അതിതീവ്ര വരള്‍ച്ചയുടെ പിടിയിലാണെന്ന് യൂറോപ്യന്‍ കമ്മിഷന്റെ ഗ്ലോബല്‍ ഡ്രോട്ട് ഒബ്സര്‍വേറ്ററിയുടെ ഓഗസ്റ്റ് അവസാനവാരത്തെ റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പിന്റെ 47 ശതമാനം ഭാഗത്തും ഡ്രോട്ട് വാണിങ്ങിന് കീഴിലാണ്. അതായത് ഈ മേഖലകളില്‍ മഴ കുറവും മണ്ണ് വരളുകയും ചെയ്യുന്നുണ്ടെന്ന് സാരം. അതേസമയം 17 ശതമാനം ഭൂഭാഗം ഡ്രോട്ട് അലര്‍ട്ടിലാണുള്ളത്. അതായത് ഇവിടങ്ങളില്‍ മഴക്കുറവും മണ്ണിന്റെ വരള്‍ച്ചാ പ്രശ്നവും മാത്രമല്ല, സസ്യജാലങ്ങളും കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഊര്‍ജോദ്പാദനത്തെയും ഭക്ഷ്യോത്പാദനത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ കടുത്ത ഭക്ഷ്യ-ഊര്‍ജ പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നത്. അതിനിടെയാണ് ഈ വലിയ കാലാവസ്ഥാഭീഷണിയും എത്തിച്ചേര്‍ന്നിരിക്കുന്നത്.

ജലസുഷുപ്തിയില്‍നിന്നുയര്‍ന്ന യുദ്ധക്കപ്പലുകള്‍

ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ് ഡാന്യൂബ് നദിയില്‍ ജലനിരപ്പ് ഇത്രയ്ക്ക് താഴുന്നത്. സെര്‍ബിയയിലെ നദീതുറമുഖമായ പ്രൊഹോവോയ്ക്ക് സമീപത്തുനിന്നുമാണ് നാസി-ജര്‍മനിയുടെ ബ്ലാക്ക് സീ ഫ്ലീറ്റിലെ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1944-ല്‍ മുന്നേറിയെത്തിയ സോവിയറ്റ് സൈന്യത്തിന്റെ കയ്യില്‍പ്പെടാതിരിക്കാന്‍ ജര്‍മനിയുടെ നാവികസേന തന്നെ ഈ യുദ്ധക്കപ്പലുകള്‍ മുക്കുകയായിരുന്നു. ഇവയില്‍ പലതിലും ഇപ്പോഴും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉണ്ടെന്നതാണ് ഒരേസമയം തന്നെ കൗതുകവും ഞെട്ടലുമുണ്ടാക്കുന്ന വസ്തുത. ആയുധവാഹികളായി അടിത്തട്ടില്‍ കിടക്കുന്ന ഈ തകര്‍ന്ന യുദ്ധക്കപ്പലുകള്‍ ഡാന്യൂബിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ അപകടകരമായി ബാധിച്ചേക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

സെര്‍ബിയയിലെ പ്രഹോവോയ്ക്ക് സമീപത്ത് ഡാന്യൂബ് നദിയില്‍ ദൃശ്യമായ, രണ്ടാം ലോകമഹായുദ്ധകാലത്തെ നാസിജര്‍മനിയുടെ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങള്‍| Photo: AP

അവിടെ യുദ്ധക്കപ്പലെങ്കില്‍ ഇവിടെ കിട്ടിയത് ബോംബും ബാര്‍ജും

ഇറ്റലിയിലെ ഏറ്റവും നീളമുള്ള നദിയാണ് പോ. വരള്‍ച്ചയുടെ ഭാഗമായി പോ നദിയിലും ജലനിരപ്പ് കുറവാണ്. ജലനിരപ്പ് വല്ലാതെ താഴ്ന്നതിന് പിന്നാലെ അധികൃതര്‍ അടിയന്തരവസ്ഥയും പ്രഖ്യാപിച്ചിരുന്നു. നദീമധ്യേ മണല്‍ത്തിട്ടകള്‍ തെളിഞ്ഞിട്ടുണ്ട്. ജൂലൈ മാസത്തില്‍ പോ നദിയില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് 450 കിലോ ഭാരമുള്ള ഒരു ബോംബ് കിട്ടി. രണ്ടാം ലോകമഹായുദ്ധക്കാലത്തേതാണ് കക്ഷി. വടക്കന്‍ ഇറ്റലിയിലെ മാന്‍തൊവയ്ക്ക് സമീപത്തെ ഗ്രാമമായ ബോര്‍ഗോ വിര്‍ജിലിയോയ്ക്ക് അരികിലെ പോ നദിയില്‍നിന്നാണ് ബോംബ് കിട്ടിയത്. ഗ്രാമവാസികളെ ഒഴിപ്പിച്ച ശേഷമാണ് ഈ യു.എസ്. നിര്‍മിത ബോംബിനെ നിര്‍വീര്യമാക്കി നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കിയത്.

ബോംബ് മാത്രമല്ല ജര്‍മനി ഉപയോഗിച്ചിരുന്ന ഒരു വമ്പന്‍ ബാര്‍ജും പോ നദിയില്‍നിന്ന് കണ്ടെത്തിയിരുന്നു. 1943-ലാണ് ഈ ബാര്‍ജ് മുങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് തടികള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ഈ ബാര്‍ജിന് ഏകദേശം അന്‍പതു മീറ്ററാണ് നീളം. 1943-ല്‍ മുങ്ങിയ ഈ ബാര്‍ജ് ഇപ്പോള്‍ ഏറെക്കുറേ പൂര്‍ണമായും ദൃശ്യമായിട്ടുണ്ട്. ഓഗസ്റ്റില്‍ പെയ്ത മഴ, പോയിലെ ജലനിരപ്പില്‍ അല്‍പം മെച്ചമുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ തുടരുകയാണ്. എന്നിരുന്നാലും ചില തെര്‍മോ-ഇലക്ട്രിക് പവര്‍ പ്ലാന്റുകള്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നീറോയുടെ പാലം

നീറോ ചക്രവര്‍ത്തിയുടെ കാലത്ത് നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഒരു പാലത്തിന്റെ അവശിഷ്ടം ഇറ്റലിയിലെ ടൈബര്‍ നദിയില്‍ ദൃശ്യമായിട്ടുണ്ട്. ടൈബര്‍ നദി വറ്റി വരണ്ടതിന് പിന്നാലെയാണിത്.

യൂറോപ്പിന് പൊള്ളിയാല്‍

സാധാരണഗതിയില്‍ കപ്പല്‍ ഗതാഗതം സാധ്യമാക്കുന്ന പല യൂറോപ്യന്‍ നദികളും ഇടത്തരം വലിപ്പമുള്ള ബോട്ടുകളെ പോലും കടത്തിവിടാനുള്ള വെള്ളമില്ലാതെ വലയുകയാണ്. യൂറോപ്പിന്റെ ഊര്‍ജമേഖലയെയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികള്‍ മാത്രമല്ല, കപ്പല്‍വഴിയുള്ള ചരക്കുനീക്കം ബാധിക്കപ്പെട്ടതോടെ കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുതി ഉത്പാദനവും കുറഞ്ഞിട്ടുണ്ട്. ജലവൈദ്യുതി ഉത്പാദത്തില്‍ 20 ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്പില്‍ 1540-ല്‍ ഉണ്ടായ വന്‍വരള്‍ച്ചയോടാണ് നിലവിലെ സ്ഥിതി താരതമ്യപ്പെടുത്തുന്നത്. കൊല്ലം മുഴുവന്‍ നീണ്ടുനിന്ന ആ വരള്‍ച്ചയില്‍ ആയിരക്കണക്കിനാളുകളാണ് മരിച്ചത്.

റിവര്‍ ക്രൂയിസിങ് അഥവാ നദികളിലൂടെയും ഉള്‍നാടന്‍ ജലപാതകളിലൂടെയുമുള്ള ആഡംബരനൗകാ സഞ്ചാരം യൂറോപ്പിലെ വമ്പന്‍ ബിസിനസുകളിലൊന്നാണ്. കോവിഡ് മഹാമാരിക്കും അടച്ചിടലിനും ശേഷം പൂര്‍വസ്ഥിതിയിലേക്കുള്ള യാത്രയിലായിരുന്നു ഇത്. എന്നാല്‍ വരള്‍ച്ച ഈ മേഖലയെയും പ്രതികൂലമായി ബാധിച്ചു. ഡാന്യൂബ്, റൈന്‍ നദികള്‍ റിവര്‍ ക്രൂയിസിങ്ങിന് പ്രശസ്തമാണ്. ഇവ രണ്ടിലും വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജലനിരപ്പ് താഴ്ന്നതിന് പിന്നാലെ റിവര്‍ ക്രൂയിസിങ്ങും ബാധിക്കപ്പെട്ടിട്ടുണ്ട്.

ഫ്രാന്‍സിലും റൊമാനിയയും സ്വിറ്റ്‌സര്‍ലന്‍ഡും സ്‌പെയിനുമൊക്ക ഒക്കെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചൂടിന്റെ പരിണിതഫലം അനുഭവിക്കുന്നുണ്ട്. കുടിവെള്ള-ജലസേചന ക്ഷാമം ഇതില്‍ ചിലത് മാത്രമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്ഷീരോത്പാദന മേഖലയെയും വരള്‍ച്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ നൂറില്‍ അധികം മുന്‍സിപ്പാലിറ്റികള്‍ ജലവിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ട്രക്കുകളിലായാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ കണക്കുകള്‍ പ്രകാരം ഇക്കൊല്ലം ആദ്യംമുതലുള്ള കാട്ടുതീയില്‍ ഇതിനകം നശിച്ചത് അറുപതിനായിരം ഹെക്ടറില്‍ അധികമാണ്. നെതര്‍ലന്‍ഡ്സില്‍ റൈന്‍ നദിയില്‍ ജലനിരപ്പ് താഴ്ന്നതിന് പിന്നാലെ വാണിജ്യഗതാഗതം ബാധിക്കപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെയും ബാധിച്ചിട്ടുണ്ട്. കപ്പല്‍ ഗതാഗതം ബാധിക്കപ്പെട്ടതിനാല്‍ കല്‍ക്കരി-എണ്ണ നീക്കവും ബാധിക്കപ്പെട്ടിട്ടുണ്ട്.

Content Highlights: draught in europe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented