'ഈ പ്രതിസന്ധി ഒട്ടും അപ്രതീക്ഷിതമല്ല, കോവിഡ്-19 പോലെ'| ഊര്‍ജപ്രതിസന്ധിയുടെ കാണാപ്പുറങ്ങള്‍ 01


ഡോ. സി. ജയരാമന്‍

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കാലാവസ്ഥാവ്യതിയാനങ്ങളെ അവഗണിച്ച്, സുസ്ഥിരമല്ലാത്ത ഊര്‍ജസ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ടും അനിയന്ത്രിതമായ ഊര്‍ജ ഉപഭോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടും ദീര്‍ഘവീക്ഷണമില്ലാത്ത കാര്യപരിപാടികള്‍ വഴി ഒരു രാജ്യം അവരുടെ വികസന അജന്‍ഡകള്‍ നടപ്പാക്കുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ പ്രതീക്ഷിച്ചേ മതിയാവൂ...


രാജ്യം ഇന്നൊരു ഊര്‍ജ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതിനു കാരണം അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ആണെന്ന തോന്നല്‍ പലരിലും ഉണ്ടാകാന്‍ ഇടയുണ്ട്. പക്ഷേ, ഈ പ്രതിസന്ധി ഒട്ടും അപ്രതീക്ഷിതമല്ല, കോവിഡ്-19 പോലെ. കണക്കുകള്‍പ്രകാരം വൈദ്യുതി മിച്ചമായ ഒരു രാജ്യത്ത് എങ്ങനെയാണ് പെട്ടെന്നൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടായത് എന്നത് പഠനവിഷയമാകേണ്ട ഒരു കാര്യംതന്നെയാണ്.

ഊര്‍ജവും വികസനസങ്കല്പവും

നമ്മുടെ അന്തരീക്ഷത്തിലെ വര്‍ധിച്ച ഹരിതഗൃഹ വാതകങ്ങളുടെ ശതമാനത്തിന്റെയും ഉറവിടം ഭൂമിയിലെ മനുഷ്യന്റെ ഊര്‍ജ ഉപഭോഗമാണ്. ഇവ തടഞ്ഞുനിര്‍ത്തുന്ന അധിക സൗരോര്‍ജമാണ് ഭൂമിയിലെ ചൂടു കൂടുന്നതിനും കാലാവസ്ഥാ മാറ്റത്തിനും കാരണമാവുന്നത്. ഭൂമിയെയും അതിലെ സര്‍വചരാചരങ്ങളെയും ജീവനോടെ നിലനിര്‍ത്തുന്ന, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു ചാലകശക്തിയായി ഊര്‍ജത്തെ കാണാതെപോയതാണ് വ്യവസായ വിപ്‌ളവത്തിനുശേഷം സംഭവിച്ച ഏറ്റവും വലിയ അപചയം.

ഊര്‍ജം എന്നാല്‍, അതിന്റെ സ്രോതസ്സുകളായ കല്‍ക്കരിയായോ, പ്രകൃതിവാതകമായോ, പെട്രോളിയം ഉത്പന്നങ്ങളായോ, അതിന്റെ രൂപങ്ങളായ നീരാവിയായോ വൈദ്യുതിയായോ ലഘൂകരിക്കപ്പെട്ടു ഇക്കാലത്ത്! അതുകൊണ്ടുതന്നെ വ്യവസായ വിപ്‌ളവത്തിനുശേഷം ഊര്‍ജം ഒരു വാണിജ്യ വിഭവമായി കണക്കാക്കപ്പെടാനും അവയുടെ ക്രയവിക്രയത്തിനു മുകളിലുള്ള ആധിപത്യത്തിനുവേണ്ടി രാജ്യങ്ങള്‍ പരസ്പരം മത്സരിക്കാനും തുടങ്ങി. തന്മൂലം അമിതമായ, അനിയന്ത്രിതമായ ഊര്‍ജ ഉപഭോഗം വികസനത്തിന്റെ അളവുകോലായി മാറി. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിച്ചു. ഇതിനു കാരണം മനുഷ്യന്‍ മാത്രമാണെന്നും നിലനില്‍ക്കുന്ന വികസന സങ്കല്പങ്ങളും രീതികളുമാണെന്ന ഒരു സമന്വയം ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരുടെ ഇടയില്‍ ഉണ്ടാകാന്‍ പിന്നെയും സമയമെടുത്തു.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയുടെ ആവാസവ്യവസ്ഥയുടെ മുകളില്‍ സുപ്രധാനമായ സ്വാധീനം ചെലുത്താന്‍ ഇടവന്ന ഈ കാലഘട്ടത്തെ നാം ആന്ത്രോപോസിന്‍ എന്ന് ഓമനപ്പേരിട്ടു വിളിച്ചു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനകാരണം മനുഷ്യന്‍ തന്നെയാണ് എന്ന് ഐ.പി.സി.സി. (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) 2021-ല്‍ ഇറക്കിയ പഠനങ്ങള്‍ അടിവരയിട്ടു പറയുകയും ചെയ്തു. ഊര്‍ജപ്രതിസന്ധിയും കാലാവസ്ഥാ പ്രതിസന്ധിയും പരസ്പര ബന്ധിതമാണെന്നു ചുരുക്കം.

വികസനമാതൃകകള്‍ ശരിയോ

ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം തേടുന്നതിന്റെ ഭാഗമായി നാം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം ഇന്നുകാണുന്ന രീതിയിലുള്ള വളര്‍ച്ച ഊര്‍ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ അഭികാമ്യമാണോ എന്നതാണ്. ഭൂമിയുടെ ഇന്നത്തെ വികസന മാതൃകയുടെ അപകടകരമായ സഞ്ചാരപാതകള്‍, നൂതനമായ സാങ്കേതികവിദ്യകള്‍ കൃത്യമായി കാണിച്ചുതരുന്ന ഈ കാലത്ത്, യുക്തിപരമായ തീരുമാനങ്ങളെടുക്കാന്‍ മനുഷ്യവര്‍ഗത്തിനുള്ള ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കഴിവുതന്നെ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.

കഴിഞ്ഞ 200 കൊല്ലത്തെ മനുഷ്യരാശിയുടെ ചരിത്രമെടുത്താല്‍ ആദ്യകാലങ്ങളില്‍ നമ്മുടെ ഊര്‍ജസ്രോതസ്സുകള്‍ ഏതാണ്ട് സമജാതികളായിരുന്നു (ഹോമോജിനസ്). പതിനെട്ടാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യകാലംവരെ വിറക്, ജൈവമാലിന്യം മുതലായവയായിരുന്നു പ്രധാന ഊര്‍ജസ്രോതസ്സുകള്‍. പിന്നീട്, വ്യവസായ വിപ്ലവത്തിനുശേഷം, കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ജലവൈദ്യുത പദ്ധതികള്‍ എന്നിവ ഗണ്യമായ സംഭാവനകള്‍ നല്‍കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഊര്‍ജ ഉപഭോഗത്തിലും ഉത്പാദനത്തിലും മാറ്റങ്ങള്‍ വളരെ ദ്രുതഗതിയിലാണ് സംഭവിക്കുന്നത്. ഇന്നു നമുക്ക് വളരെ വ്യത്യസ്തമായ ഒട്ടേറെ ഊര്‍ജസ്രോതസ്സുകളുണ്ട്. എന്നിരുന്നാലും പ്രധാന ഊര്‍ജസ്രോതസ്സുകളില്‍ പലതിന്റെയും ഉറവകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. പുനരുത്പാദനം നടക്കുന്നതിന്റെ പതിന്മടങ്ങു വേഗത്തില്‍ വിഭവങ്ങള്‍ ഉപയോഗിച്ചുതീരുന്നു. ഈ പശ്ചാത്തലത്തില്‍ അസന്ദിഗ്ധമായി നമുക്ക് പറയാന്‍കഴിയുന്ന ഒരു കാര്യം ഖനിജ ഇന്ധനങ്ങള്‍ പുതുക്കാന്‍ കഴിയാത്ത ഒന്നാണെന്നും അതിനുമുകളിലുള്ള ആശ്രയത്തിന് പരിധിയുണ്ട് എന്നുമാണ്. മാത്രമല്ല, ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ -ടിപ്പിങ് പോയന്റ് എത്തിക്കഴിഞ്ഞിരിക്കുന്നു.

മിനുക്കുപണികള്‍ പോരാ

ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമീപകാല പഠനങ്ങള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കവും വരള്‍ച്ചയും കൊടുങ്കാറ്റും കൂടുതലായി അനുഭവിക്കേണ്ടിവരും എന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച്, സുസ്ഥിരമല്ലാത്ത ഊര്‍ജസ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ടും അനിയന്ത്രിതമായ ഊര്‍ജ ഉപഭോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടും ദീര്‍ഘവീക്ഷണമില്ലാത്ത കാര്യപരിപാടികള്‍ വഴി ഒരു രാജ്യം അവരുടെ വികസന അജന്‍ഡകള്‍ നടപ്പാക്കുമ്പോള്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ പ്രതീക്ഷിച്ചേ മതിയാവൂ.

ചില മിനുക്കുപണികള്‍കൊണ്ട് പരിഹരിക്കാനാവുന്നതല്ല പുതിയ പ്രതിസന്ധി എന്നത് തീര്‍ച്ചയാണ്. കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങളും മാനസിക, ബൗദ്ധിക തലത്തിലുള്ള മാറ്റങ്ങളും ഇവിടെ അനിവാര്യമാണ്. ഇതിനുള്ള തുടക്കം ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമല്ലെന്നും വികസനമെന്നാല്‍ ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും കോണില്‍ വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ വൈദ്യുതീകരണമാഘോഷിക്കുക എന്നതല്ലെന്നും ഓരോ വസ്തുവിന്റെയും ഉത്പാദനമെന്നാല്‍ അത് വിലയേറിയ ഊര്‍ജ ഉപഭോഗത്തിന്റെ അനന്തര ഫലമാണെന്നും വലിച്ചെറിയുന്ന ഓരോ ഉത്പന്നവും ഊര്‍ജത്തിന്റെ പാഴാക്കലാണെന്നും ഒരു പൊതുവസ്തുവിന്റെ നിരുത്തരവാദപരമായ ഉപഭോഗം സാമൂഹിക ദ്രോഹമാണെന്നും ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ഊര്‍ജ ഉത്പാദനം മാത്രമല്ല പരിഹാരമെന്നുമുള്ള ഒട്ടേറെ തിരിച്ചറിവുകളില്‍ നിന്നാണ്.

അടുത്തകാലത്തെ ഒട്ടേറെ പഠനങ്ങള്‍ വഴി, ആഗ്രഹങ്ങള്‍ക്കപ്പുറം ദുരാഗ്രഹങ്ങളുടെ പിറകെയുള്ള പ്രയാണം ഭൂമിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും എന്നു നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുണ്ട്. വികസനം എന്നത് റോഡുകളും പാലങ്ങളും വേഗത്തിലുള്ള യാത്രയും അല്ലെന്നും ഇനിയുള്ള കാലത്ത് ഇവയുടെ പ്രസക്തി കുറയുകയേ ഉള്ളൂവെന്നും കോവിഡ് നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. അതിനിടയില്‍ വളരെ വലിയതോതില്‍ ഊര്‍ജം ആവശ്യമുള്ള, ഉപഭോഗ സംസ്‌കാരത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറി പുനരുപയോഗ സാധ്യതകള്‍ അന്വേഷിക്കാതെ എല്ലാം വലിച്ചെറിയുന്ന സംസ്‌കാരമുണ്ടാക്കുന്ന പാഴ്വസ്തുക്കളാണ് ഇന്നത്തെ ഒരു പ്രധാന ഊര്‍ജപ്രതിസന്ധി. കേന്ദ്രിതമായ ഉത്പാദന-വിതരണ രംഗത്തുനിന്നു മാറി ഓരോ ഉപഭോക്താവും ഉത്പാദകനാകുന്ന വികേന്ദ്രിതമായ പുതിയ വികസന രീതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ഈ രംഗത്തെ ഒരു പ്രധാന പോരായ്മ. ഈ തിരിച്ചറിവുകള്‍ അടിസ്ഥാനമാക്കി ഇപ്പോള്‍ നാം നേരിടുന്ന ഊര്‍ജപ്രതിസന്ധിക്കു ചില പരിഹാരമാര്‍ഗങ്ങള്‍ തേടുകയാണ് ഇവിടെ.

കല്‍ക്കരിക്ഷാമം

2011-'12ല്‍ ഇന്ത്യയുടെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്റെ 58 ശതമാനം (612,497 GWh) കല്‍ക്കരിയെ ആശ്രയിച്ചായിരുന്നുവെങ്കില്‍ 2018-19ല്‍ അത് 66 ശതമാനമായി (1,021,997 GWh) വര്‍ധിക്കുകയാണുണ്ടായത്. കല്‍ക്കരിയുടെ ഉപഭോഗത്തിലെ ഈ ഭീമമായ (67%)വര്‍ധന ലോകത്തിന്റെ പൊതുവേയുള്ള ഗതിക്ക് വിരുദ്ധമായിരുന്നു. ലോകത്താകമാനം കല്‍ക്കരിയുടെ ഉപഭോഗം 2010-ല്‍ 41 ശതമാനമായിരുന്നത് 2019-ല്‍ 35 ശതമാനത്തിനടുത്തേക്ക് കുറയുകയാണുണ്ടായത്. 2019-'20ല്‍ കോവിഡ് കാരണം ഉത്പാദനത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി ഉത്പാദനത്തില്‍ കല്‍ക്കരിയുടെ പങ്ക് ഇന്ത്യയില്‍ 72 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്.

നാം ഇന്ന് ചര്‍ച്ചചെയ്യുന്ന വൈദ്യുതിപ്രതിസന്ധിക്ക് ഗുലാബ് ചുഴലിക്കാറ്റിനോടനുബന്ധിച്ച് ഉത്തരേന്ത്യയില്‍ ലഭിച്ച ശക്തമായ മഴയും വെള്ളപ്പൊക്കവും ഒരു കാരണമായിട്ടുണ്ട്. ഏകദേശം ഒരു ദശാബ്ദംമുമ്പ് (2012ല്‍) രാജ്യത്തെ വടക്ക്, വടക്കു-കിഴക്കു സംസ്ഥാനങ്ങളെയെല്ലാം ഇരുട്ടിലാക്കിയ ബ്ലാക്ക് ഔട്ടിന് വഴിതെളിച്ചത് കാലവര്‍ഷം വൈകിയതുമൂലമുണ്ടായ അമിതമായ ചൂടും വരള്‍ച്ചയും തത്ഫലമായി ഉണ്ടായ ഊര്‍ജ ഉപഭോഗ വര്‍ധനയുമായിരുന്നു. കാലാവസ്ഥയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ചെറിയ മാറ്റങ്ങള്‍പോലും നമ്മുടെ വൈദ്യുതിമേഖലയെ തകിടംമറിക്കുമെങ്കില്‍ ഒരു കാര്യം ഉറപ്പ്, ഈ പ്രതിസന്ധിക്ക് പരിഹാരമായി, ഒറ്റമൂലികള്‍ നിര്‍ദേശിക്കാനാവില്ല -കോവിഡിന് വാക്‌സിന്‍ എന്നപോലെ.

കാഴ്ചപ്പാടില്ലാത്ത ഊര്‍ജനയം

നമ്മുടെ രാജ്യത്തിലെ ഊര്‍ജനയത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നമ്മെ എത്തിക്കുക നാഷണല്‍ ഇലക്ട്രിസിറ്റി പോളിസി അഥവാ NEP 2005ലേക്കാണ്. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണെന്ന തെറ്റിദ്ധാരണപോലും തിരുത്താന്‍ തയ്യാറാകാത്തതിനാല്‍ പലരും-ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(IEA)പോലും എന്‍.ഇ. പി.-യെ നാഷണല്‍ എനര്‍ജി പോളിസി ആയി കരുതിവരുന്നു. നമ്മുടെ ഊര്‍ജപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഊര്‍ജത്തെ അതിന്റെ സമഗ്രമായ അര്‍ഥത്തില്‍ മനസ്സിലാക്കാതെ വെറുമൊരു കച്ചവടവസ്തുവായി നിര്‍വചിക്കുന്നതുകൊണ്ടു കൂടിയാണ് .

നീണ്ട പതിനാറുവര്‍ഷത്തിനുശേഷം ലോകത്തിലെ ഊര്‍ജ ഉത്പാദന-ഉപഭോഗ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നതിനു ശേഷവും എന്‍.ഇ. പി. -2021 ഡ്രാഫ്റ്റ് രൂപത്തില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ലോകം മുഴുവന്‍, ഊര്‍ജ ഉത്പാദനത്തിന് കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഖനിജ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇന്ത്യയുടെ ഇലക്ട്രിസിറ്റി പോളിസിയും വികസന പരിപാടികളും കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജ ഉത്പാദനത്തിന്റെ വര്‍ധനയ്ക്ക് കാര്യപരിപാടികള്‍ തയ്യാറാക്കുകയും മറ്റു ഊര്‍ജ ഉത്പാദന മേഖലകളില്‍-പ്രത്യേകിച്ചും പുതുക്കാനാവുന്ന സ്രോതസ്സുകള്‍ ഉപയോഗിച്ചുള്ള, മെല്ലെപ്പോക്കു നയം സ്വീകരിക്കുകയും ചെയ്യുന്നത്.

എന്‍.ഇ.പി. അസന്ദിഗ്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യം കോള്‍ ഇന്ത്യ ലിമിറ്റഡ് (CIL) അവരുടെ വാര്‍ഷികപദ്ധതിയില്‍ വകയിരുത്തിയിട്ടുള്ള, ഉത്പാദന വര്‍ധനയ്ക്കുള്ള പ്രതിവര്‍ഷം 10 കോടിയില്‍പ്പരം രൂപവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍, ഒരുതരത്തിലും ബാധിക്കപ്പെടരുത് എന്നാണ്. എന്നാല്‍, പാരീസ് ഉടമ്പടിപ്രകാരമുള്ള ഉറപ്പുകള്‍ പാലിക്കാനായി 2022 ആകുമ്പോഴേക്കും പുതുക്കാനാവുന്ന ഊര്‍ജസ്രോതസ്സുകളുടെ പങ്ക് 175 ഏണ ആക്കാനും 2030 ആകുമ്പോഴേക്കും ഇത് 450 ഏണ ആക്കാനും നമ്മുടെ രാജ്യം തീരുമാനിച്ചിരുന്നു. ഇതില്‍ 100 GW മാത്രമാണ് 2021 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്! പരസ്പരവിരുദ്ധമായ, വ്യക്തതയില്ലാത്ത ലക്ഷ്യങ്ങളുള്ള ഒരു നയപരിപാടിയുടെ അന്തിമഫലം രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.

(തുടരും.)


കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, ഊര്‍ജ കാര്യക്ഷമതയെക്കുറിച്ചും ഗവേഷണം നടത്തുന്ന ഇക്വിനോക്റ്റ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആണ് ലേഖകന്‍. 2018 -'19ല്‍ ഫുള്‍ബ്രൈറ്റ് കലാം ക്ലൈമെറ്റ്‌ചേഞ്ച് ഡോക്ടറല്‍ ഫെലോഷിപ്പ് നേടിയ നാല് ഇന്ത്യക്കാരില്‍ ഒരാള്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented