'എല്ലാവരുടേയും കൂടെ പോകും, ലൈംഗിക ആസക്തിയുളളവരാണ്', ഈ പൊതുധാരണകള്‍ മാറ്റേണ്ടത് ആരാണ്?


രമ്യ ഹരികുമാര്‍In Depth

പ്രതീകാത്മക ചിത്രം

'കേരളത്തെ സ്ത്രീ സൗഹൃദസംസ്ഥാനമാക്കും' 2012-ല്‍ നിര്‍ഭയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞ ഒരു വാചകം. പദ്ധതി പ്രഖ്യാപിക്കപ്പെട്ട് പത്തുവര്‍ഷം പിന്നിടുമ്പോള്‍ സ്ത്രീ സൗഹൃദത്തില്‍ കേരളം എവിടെയെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സമൂഹത്തിന് മുന്നിലേക്ക് പിടിച്ചുനടത്തുന്നതില്‍ നാം എത്രത്തോളം വിജയിച്ചു? ലൈംഗികപീഡനം നേരിടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും നിയമസഹായവും മാനസിക പിന്തുണയും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, പുനരധിവാസം ഉറപ്പാക്കുക എന്ന ദൗത്യത്തോടെ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഹോമുകളില്‍ നിന്നുളള എത്രകുട്ടികളെ സമൂഹത്തിന് മുന്നില്‍ ഒരു മാതൃകയാക്കി അവതരിപ്പിക്കാന്‍ നമുക്ക് സാധിച്ചു? ഒരന്വേഷണം.


'നിര്‍ഭയ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ കുട്ടികളില്‍ അതിജീവിത എന്ന രീതിയിലേക്ക് വിരലിലെണ്ണാന്‍ പോലും എത്തിപ്പെട്ട ആരുമില്ല. പലരുടേയും കേസുകള്‍ തീര്‍പ്പാക്കപ്പെട്ടിട്ടില്ല. നിര്‍ഭയ ഹോമുകള്‍ തുടങ്ങിയ കാലത്ത് അവിടെ എത്തപ്പെട്ട കുട്ടികളില്‍ പലരും വിവാഹിതരായെന്നത് ശരിയാണ്. പക്ഷേ എത്രപേര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ എത്തി എന്ന് ചിന്തിച്ചിട്ടുണ്ടോ?' നിര്‍ഭയ ഹോമുകളുടെ തുടക്കകാലം മുതല്‍ ഹോമില്‍ വാര്‍ഡനായി സേവനമനുഷ്ഠിച്ചിട്ടുളള സജിത ചോദിക്കുന്നു. ഇതിനോട് ചേര്‍ത്തുതന്നെ വായിക്കണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിര്‍ഭയഹോമില്‍ നിന്ന് ചാടിപ്പോകുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകളും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി തുടങ്ങിവെച്ച നിര്‍ഭയ പദ്ധതിയും ലൈംഗികപീഡനം നേരിടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും നിയമസഹായവും മാനസിക പിന്തുണയും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, പുനരധിവാസം ഉറപ്പാക്കുക എന്ന ദൗത്യത്തോടെ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഹോമുകളും വിഭാവനം ചെയ്യപ്പെട്ട ദൗത്യത്തില്‍ എത്രത്തോളം വിജയിച്ചു എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഇവരുടെ ക്ഷേമത്തിനെന്നു കരുതി വിഭാവനം ചെയ്യപ്പെട്ട ആശയങ്ങള്‍ യഥാര്‍ഥത്തില്‍ എത്രത്തോളം കാര്യക്ഷമമാണ് എന്നതിലേക്കുളള തിരിഞ്ഞുനോട്ടം പദ്ധതി ആവിഷ്‌കരിക്കപ്പെട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോഴെങ്കിലും നടത്താന്‍ തയ്യാറായില്ലെങ്കില്‍ പിന്നെ എപ്പോഴാണ്?അഡ്ജസ്റ്റ് ചെയ്ത് കഴിയേണ്ട ഇടത്താവളമാകരുത് നിര്‍ഭയ ഹോം

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു കുട്ടിയെ സംരക്ഷിത ഭവനുകളിലേക്ക് (ഷെല്‍റ്റര്‍ ഹോം) മാറ്റുക എന്ന് പറയുന്നത് ഏറ്റവും അവസാനത്തെമാത്രം നടപടിയാണ്. അതുകൊണ്ടുതന്നെ തുടക്കകാലത്തില്‍ നിന്ന് വ്യത്യസ്തമായി വളരെ കുറഞ്ഞ കാലത്തേക്ക് കുട്ടിയെ താമസിപ്പിക്കുന്ന എന്‍ട്രി ഹോമുകള്‍ എന്ന തലത്തിലേക്ക് ജില്ലാതല ഹോമുകള്‍ മാറിക്കഴിഞ്ഞു. തുടര്‍ന്ന് വീടുകളിലേക്കോ ബന്ധുക്കള്‍ക്കരികിലേക്കോ മടങ്ങാനാവുന്ന കുട്ടികളെ തിരിച്ചയക്കും. മടങ്ങിപ്പോകാന്‍ സാഹചര്യങ്ങളില്ലാത്ത കുട്ടികളെ ദീര്‍ഘകാലം മികച്ച പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച തൃശ്ശൂരിലെ മാതൃകാഹോമിലേക്ക് മാറ്റും. പക്ഷേ ഇത്തരത്തില്‍ വേഗത്തില്‍ കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കാനുളള തീരുമാനമെടുക്കുന്നതില്‍ വന്‍തോതില്‍ പാളിച്ചകള്‍ പറ്റുന്നതായി ആരോപണമുണ്ട്. പ്രതികള്‍ സ്വാധീനം ചെലുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളുടെയും ബന്ധുക്കളുടെയും ഒത്താശയോടെ കുട്ടികളെ പുറത്തിറക്കി കേസുകള്‍ ഒത്തുതീര്‍പ്പാക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടെന്ന് ഇതേരംഗത്തുളളവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. 164 എടുക്കും വരെ കുട്ടിയെ സുരക്ഷിതയായി സൂക്ഷിക്കാനൊരിടം അതാകരുത് നിര്‍ഭയ.

ആക്രമിച്ച് നേടേണ്ടതല്ല സെക്‌സ്

പലപ്പോഴും ലൈംഗികത സംബന്ധിച്ച് ഒരു ആരോഗ്യകരമായ ചര്‍ച്ച സമൂഹത്തില്‍ ഉണ്ടാകുന്നില്ല. ലൈംഗികവിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഇവിടെയാണ്. സെക്‌സ് പലപ്പോഴും പുരുഷന്മാര്‍ക്ക് വേണ്ടി അവര്‍ ചിട്ടപ്പെടുത്തുന്ന ഒന്നായി മാറുകയാണ്. സ്ത്രീകളുടെ ലൈംഗികതൃഷ്ണയെപറ്റിയോ, താല്പര്യങ്ങളെ കുറിച്ചോ സംസാരമുണ്ടാകുന്നില്ല.

'കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മൂന്നുമാസത്തേക്ക് ഒരു സ്ഥലത്ത് താമസിപ്പിക്കുന്നു. മൂന്നുമാസം കൊണ്ട് ആ കുട്ടിയുടെ ട്രോമ പോകുമോ? അത്യധികം വേദനനിറഞ്ഞതാണ് അനുഭവമെങ്കില്‍ ട്രോമ ജീവിതത്തില്‍ എപ്പോഴെങ്കിലും മാറുമോ? ജീവിതാവസാനം അവരെ സംരക്ഷിക്കണമെന്നല്ല ഞാന്‍ പറയുന്നത്. നിര്‍ഭയയിലെത്തുന്ന കുട്ടിയോട് അധികൃതര്‍ തന്നെ പറയുന്നുണ്ടത്രേ മൂന്നുമാസമാണ് നിങ്ങളുടെ കാലാവധി അതുവരെ ഒന്നു അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കൂവെന്ന്. ഒരു ശതമാനം പോലും നിര്‍ഭയ ഹോമിന്റെ ലക്ഷ്യം പാലിക്കപ്പെടുന്നില്ല.

ഭൂതം നിധി കാക്കില്ലേ, അതുപോലെയാണ് ഓരോ കുട്ടികളെയും സംരക്ഷിച്ചിരുന്നത്. പല കുട്ടികള്‍ക്കും സംഭവിച്ചുപോയത് എന്താണെന്ന് മനസ്സിലാക്കാന്‍ ഒരുപാട് സമയമെടുക്കും. അവരെ അതില്‍ നിന്ന് പുറത്തുകൊണ്ടുവരിക എളുപ്പമല്ല. ചില കുട്ടികളെ പിടിച്ചാല്‍ കിട്ടില്ല.. ആ സമയത്ത് കുട്ടികളെ കൈകാര്യം ചെയ്യാന്‍ നല്ല ബുദ്ധിമുട്ടാണ്. പക്ഷേ നമ്മുടെ കൂടെ ഉത്തരവാദിത്തമാണ് എന്ന് വിചാരിച്ചാല്‍ അത് ഒരു ബുദ്ധിമുട്ടല്ല. ചില സന്ദര്‍ഭങ്ങളില്‍ നമ്മളും അവരെപ്പോലെ ട്രോമയിലേക്ക് പോകുന്ന അവസ്ഥയുണ്ടാകും. നിങ്ങള്‍ക്ക് ഇങ്ങനെ സംഭവിച്ചുപോയി. ഒരുകാലത്തും നിങ്ങള്‍ അതിന് ഉത്തരവാദിയല്ല. ഇതെല്ലാം നമ്മുടെ സമൂഹത്തിന്റെ, രക്ഷിതാക്കളുടെ, നിങ്ങളുടെ സാഹചര്യത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് സംഭവിച്ചത് നിങ്ങള്‍ മറന്നുകളഞ്ഞേക്ക്, പുതിയ ഒരു ജീവിതത്തിലേക്ക് പോകാം എന്നുപറഞ്ഞിട്ടാണ് നിര്‍ഭയയില്‍ തുടക്കകാലത്ത് കുട്ടികളെ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നത്. അവര്‍ കടന്നുപോകുന്ന ട്രോമയില്‍ നിന്ന് അവരെ പുറത്തിറക്കുക എന്നുളളതായിരുന്നു അതിന്റെ ലക്ഷ്യം. ഇപ്പോഴത് നേരെ തിരിച്ചായി. നിങ്ങള്‍ ഇവിടെ അടങ്ങിയൊതുങ്ങി നില്‍ക്കുക, പോകാന്‍ സാധിച്ചില്ലെങ്കില്‍ തൃശ്ശൂരിലെ ഹോമില്‍ കൊണ്ടിടും എന്ന രീതിയിലാണ് കാര്യങ്ങള്‍.' സജിത പറയുന്നു.

നിര്‍ഭയ സെല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോമുകളുടെ എണ്ണം - 21
ഹോമുകള്‍ വഴി സേവനം നല്‍കിയിട്ടുളള അതിജീവിതമാരുടെ എണ്ണം - 2296
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആകെ വണ്‍സ്റ്റോപ്പ് സെന്ററുകള്‍ - 14
സേവനം നല്‍കിയിട്ടുളള അതിജീവിതമാരുടെ എണ്ണം - 8557

ശിശുക്ഷേമ സമിതിയുടെ അതിരുവിട്ട ഇടപെടലുകള്‍

രാഷ്ട്രീയ ഇടപെടല്‍ എത്ര ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് സമ്മതിക്കാതെ വയ്യ. ഈ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഘടന ശിശുക്ഷേമ സമിതികളാണ്. സിഡബ്ല്യുസിയിലെ എല്ലാ നിയമനങ്ങളും രാഷ്ട്രീയാടിസ്ഥാനത്തിലാണ്. കഴിവും യോഗ്യതയും അനുഭവവുമെല്ലാം രാഷ്ട്രീയസ്വാധീനത്തിന്റെ പേരില്‍ മാറ്റിമറിക്കപ്പെടും. സെന്‍സേഷണലായ ഒരു കേസ് വന്നുകഴിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ക്കുളള താല്പര്യമനുസരിച്ച് പ്രതിയെ രക്ഷിക്കാനുളള ശ്രമങ്ങള്‍ നടത്തും. സിഡബ്ല്യുസി സ്വാധീനം ചെലുത്തിയാല്‍ കുട്ടി പുറത്തിറങ്ങും. സംവിധാനം നല്‍കുന്ന സംരക്ഷണം മറ്റാര്‍ക്കും നല്‍കാനാവില്ല എന്നുളളത് ഒരു സത്യമാണ്. കേസ് അട്ടിമറിക്കപ്പെട്ടേക്കാം.

'പോക്‌സോ വളരെ ശക്തമായ നിയമമായതുകൊണ്ടുതന്നെ ഗൗരവമേറിയ കേസുകളില്‍ ശിക്ഷ 20 വര്‍ഷം വരെ കിട്ടിയേക്കാം. അതിനാല്‍ പലതരത്തിലും കുട്ടികളെ സ്വാധീനിക്കാനുളള ശ്രമങ്ങള്‍ നടക്കും. ഓണം, പെരുന്നാള്‍ പോലുളള വിശേഷാവസരങ്ങളില്‍ വീട്ടിലേക്കയച്ചാല്‍ തിരികെ വരുമ്പോള്‍ കുട്ടിയുടെ നിലപാടില്‍ മാറ്റം വന്നത് പലപ്പോഴും കാണാറുണ്ട്. പണമുള്‍പ്പടെയുളള വാഗ്ദാനങ്ങളാല്‍ സ്വാധീനിക്കപ്പെട്ട രക്ഷിതാക്കള്‍ കുട്ടിയെയും നിര്‍ബന്ധിക്കുകയാണ്. പോക്സോ കേസെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളുടെ ഭൂരിഭാഗം കേസുകളും ശിക്ഷിക്കപ്പെടാറില്ലെന്നുളളത് ഒരു വാസ്തവം തന്നെയാണ്. വലിയ കോളിളക്കം സൃഷ്ടിച്ച പല കേസുകളും പിന്നീട് തേഞ്ഞുമാഞ്ഞുപോകുന്നത് അതുകൊണ്ടാണ്.' - നിര്‍ഭയയിലെ ലീഗല്‍ കൗണ്‍സലറായ അഭിഭാഷക പറയുന്നു.

രഹസ്യ വിവരങ്ങള്‍ പങ്കുവെക്കപ്പെടുമ്പോള്‍ എങ്ങനെ വിശ്വസിക്കും?

'മാനസികാഘാതം കുറയ്ക്കുന്നതിനായി നിര്‍ഭയ ഹോമുകളില്‍ കൗണ്‍സലിങ് നല്‍കുന്നുണ്ട്. നാം മനസ്സ് തുറക്കുന്നത് അവരെ വിശ്വസിച്ചിട്ടല്ലേ, പക്ഷേ നമ്മള്‍ പറയുന്നതെല്ലാം അവര്‍ മറ്റുജീവനക്കാരുമായി പങ്കുവെക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റ് ജീവനക്കാരോട് ഒരു കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടുണ്ടോ? എല്ലാ ജീവനക്കാരും എല്ലാ കാര്യങ്ങളും അറിയേണ്ട ആളുകള്‍ ആയിരിക്കില്ല. അവരെ മാത്രം വിശ്വസിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞുകഴിയുമ്പോള്‍ അവരത് എല്ലാവരോടും പറഞ്ഞു എന്നറിയുമ്പോള്‍ പിന്നെ നമ്മുടെ മനസ്സിലുളള കാര്യങ്ങള്‍ ആരോടുപറയാനാണ്.' നിര്‍ഭയ ഹോമിന്റെ തുടക്കകാലത്ത് ഹോമിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടി ചോദിക്കുന്നു.

കൗണ്‍സിലിങ് എന്നുപറഞ്ഞാല്‍ സംഭവിച്ചത് എന്താണെന്ന് ചോദിച്ച് ഒരു പുസ്തകത്തില്‍ എഴുതിവെക്കുന്നതാണോ എന്ന് ചോദിച്ചത് നിര്‍ഭയ ഹോമില്‍ ജീവനക്കാരിയായിരുന്ന ഒരാള്‍ തന്നെയാണ്. എന്താണ് സംഭവിച്ചത്, ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിക്കുന്നു അത് രേഖപ്പെടുത്തുന്നു കൗണ്‍സിലിങ് എന്നപേരില്‍ നടക്കുന്നത് അതുമാത്രമാണെന്ന് ആരോപിക്കുന്നവരുമുണ്ട്. പോക്‌സോ കേസില്‍ പലപ്പോഴും പ്രതികള്‍ ഉറ്റവര്‍ തന്നെയായിരിക്കും. ആ കുട്ടി പിന്നെ ആരെ വിശ്വസിക്കാനാണ്. കുട്ടികളുമായി ബന്ധമുണ്ടാക്കിയെടുക്കാനും അവരെ മനസ്സിലാക്കിയെടുക്കാനും സമയമെടുക്കും. ഇവരെ വിശ്വസിക്കാം ഇവരോട് പറഞ്ഞാല്‍ കുഴപ്പമില്ലെന്ന് കുട്ടിക്ക് തന്നെ തോന്നണം. പക്ഷേ അത്തരത്തില്‍ ക്ഷമാപൂര്‍വം അവരോട് ഇടപെടുന്നവര്‍ കുറവാണ്. തന്നെയുമല്ല കുട്ടികളുടെ മാനസികനിലയെ മാറ്റിയെടുക്കാന്‍ പര്യാപ്തമായ തരത്തിലുളള കൗണ്‍സിലിങ് നമുക്കുണ്ടോ എന്നുളളതും സംശയമാണ്. അതിജീവിതരുടെ പക്ഷത്ത് നിന്ന് ചിന്തിക്കുന്ന കൗണ്‍സലിങ് ആണ് അവര്‍ക്ക് വേണ്ടത്.

പോക്‌സോയെന്ന് കേട്ട ഉടനെ

വിവരം അറിഞ്ഞ ഉടന്‍ നടപടിയെടുക്കണമെന്നാണ് നിയമം. അതുതന്നെയാണ് പോക്‌സോയുടെ ഗുണവും ദോഷവും. പലപ്പോഴും നടപടി വേഗത്തിലാകണമെന്ന് നിര്‍ബന്ധമുളളതിനാല്‍ കുറ്റാരോപിതന്‍ അകത്താകും. അത്തരം കേസുകള്‍ക്ക് ഉദാഹരണമാണ് കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വന്ന കല്‍പകഞ്ചേരിയിലെ കേസ് ഇതെല്ലാം ഇത്തരത്തില്‍ അതിവേഗം നടപടിയെടുത്തവയാണ്.

പീഡിപ്പിക്കപ്പെട്ടവളെ എളുപ്പം വഴങ്ങുന്നവളാക്കുന്ന സമൂഹം

പി.ഇ.ഉഷ

'എല്ലാവരുടേയും കൂടെ പോകും, ലൈംഗിക ആസക്തിയുളളവരാണ്, ആണ്‍കുട്ടികളെ കറക്കിയെടുക്കും' ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുളള പെണ്‍കുട്ടികളെ കുറിച്ചുളള പൊതുധാരണ അപകടം പിടിച്ചതാണ്. സമൂഹം ഇവരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതിന് ഒപ്പം തന്നെ അവളേയും പറഞ്ഞുപഠിപ്പിക്കുകയാണ് നീ മോശക്കാരിയാണ്, നിനക്ക് ഇനി വിവാഹം കിട്ടില്ല എന്നെല്ലാം.

ചാരിത്ര്യം ഉളള ഒരു സ്ത്രീയെ പ്രണയിക്കുമ്പോഴും അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ഒരു ഉത്തരവാദിത്തമുണ്ട്. പക്ഷേ ചാരിത്ര്യം നഷ്ടപ്പെട്ട ഒരു സ്ത്രീയോട് ആര്‍ക്ക് വേണമെങ്കിലും എന്തുവേണമെങ്കിലും ആകാം. അതാണ് ഇവിടെ കാണുന്നത്. ചാരിത്ര്യം എന്നുപറയുന്നതിന് വളരയധികം പ്രാധാന്യമാണ് നാം കല്പിക്കുന്നത്. ചാരിത്ര്യം നഷ്ടപ്പെട്ടത് നിങ്ങളുടേതല്ലാത്ത കുഴപ്പം കൊണ്ടായാലും അവിടെ കുറ്റക്കാരി നിങ്ങളാണ്. യഥാര്‍ഥത്തില്‍ സ്റ്റേറ്റാണ് അവിടെ പരാജയപ്പെടുന്നത്. ഒരു പെണ്‍കുട്ടിയുടെ ചാരിത്ര്യം ഇല്ലാതാകുമ്പോള്‍ സംസ്ഥാനമാണ് പരാജയപ്പെടുന്നത്. പക്ഷേ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ തലയില്‍ വെച്ച് ചാര്‍ത്തുന്നു. വാളയാര്‍ കേസില്‍ പെണ്‍കുട്ടിക്ക് ലൈംഗികതാല്പര്യമാണ് എന്നുപറഞ്ഞ സോജന്‍ എന്ന പോലീസ് ഓഫീസറെ ഓര്‍ക്കുന്നില്ലേ. പോലീസുകാര്‍ പലരും അങ്ങനെയാണ്. ജാതി, മതം ഉള്‍പ്പടെ എന്തുകാര്യത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ചാരിത്ര്യം സംബന്ധിച്ച കാര്യങ്ങളില്‍ അതുണ്ടാകുന്നില്ല. അതൊരു പ്രധാനകാര്യമാണ്. ചാരിത്ര്യം പോയ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ആക്രമണസാധ്യത കൂടുതലാണ്. സാധാരണഗതിയില്‍ ഇത്തരം പെണ്‍കുട്ടികളെ ഫോസ്റ്റര്‍ കെയറിന് വിടാറില്ല. ഇവര്‍ വീടുകളിലെ ആണ്‍കുട്ടികളെ സ്വാധീനിക്കുമെന്നാണ് പലരുടെയും കാഴ്ചപ്പാട്. ഇവര്‍ സെക്‌സിന് അഡിക്ടാണ് എന്ന് പറയുന്ന സിഡബ്ല്യുസി അംഗങ്ങളെ പോലും കണ്ടിട്ടുണ്ട്. - കേരള മഹിളാ സമഖ്യ മുന്‍ ഡയറക്ടര്‍ പി.ഇ.ഉഷ പറയുന്നു.

പീഡനത്തിനിരയാകുന്നവരില്‍ പലതരക്കാരായ കുട്ടികളുണ്ട്. ഉറ്റവരില്‍ നിന്ന് പീഡനം നേരിടേണ്ടി വരുന്നവര്‍ മുതല്‍ ഉറ്റവരാല്‍ ചൂഷണത്തിന് ഇരയായവര്‍ വരെ. പെണ്‍കുട്ടിയെ പണത്തിനായി വില്‍ക്കുന്നവരില്‍ അമ്മയോ രണ്ടാനമ്മയോ ആയിരിക്കും പലപ്പോഴും ഏജന്റുമാര്‍. പുരുഷന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ശാരീരിക വളര്‍ച്ച തോന്നുന്നതിനായി ഇവര്‍ക്ക് ഹോര്‍മോണ്‍ ഇന്‍ഞ്ചെക്ഷനുകള്‍ നല്‍കാറുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവര്‍ ആഗ്രഹിക്കാത്ത സമയത്ത് ഇതിലേക്ക് എത്തിപ്പെട്ടതുകൊണ്ട് സംഭവിച്ചതിനോട് എങ്ങനെയാണ് തിരിച്ചു പെരുമാറുക എന്ന് ഊഹിക്കാന്‍ പോലും സാധിക്കില്ല. ചൂഷണം ചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇവര്‍ക്ക് തന്നെ ഏല്‍ക്കേണ്ടി വരുന്നു. കുട്ടി കടന്നുപോകുന്ന ഈ അവസ്ഥകളെ വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുക. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനെ ശരിയായ രീതിയില്‍ കൗണ്‍സിലിങ് നല്‍കുന്ന രീതി ഇപ്പോഴില്ല. അവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ കൊടുക്കേണ്ടതുണ്ട്. കുട്ടികളെക്കുറിച്ചുളള മുന്‍വിധിയോടെയാണ് അവരെ സമീപിക്കുക

വീട് പാട്രിയാര്‍ക്കല്‍ കോടതിയോ?

'പലപ്പോഴും വീട് ഒരു കോടതിയാണ്, അങ്ങേയറ്റം പാട്രിയാര്‍ക്കലായ ഒന്ന്. പല കേസുകളിലും കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ അവളെ സംരക്ഷിക്കേണ്ട അമ്മ തന്നെ പ്രതിക്ക് വേണ്ടി വാദിക്കുന്ന സാഹചര്യങ്ങള്‍ അവിടെ ഉണ്ടാകാറുണ്ട്. കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ കുട്ടിയെ സമ്മര്‍ദത്തിലാക്കാറുണ്ട്. പെണ്‍കുട്ടിയുടെ ചാരിത്ര്യത്തില്‍ കെട്ടിത്തൂക്കി വെച്ചിരിക്കുന്നതാണല്ലോ കുടുംബത്തിന്റെ അഭിമാനം. തന്നെയുമല്ല പീഡിപ്പിക്കപ്പെട്ട കുട്ടിയല്ലാതെ അവര്‍ക്ക് വേറെ കുട്ടികളേയും നോക്കേണ്ടതുണ്ട്. അച്ഛനാണ് പ്രതിയെങ്കില്‍ ആ പിന്തുണ ഇല്ലാതാകുന്നതോടുകൂടി അവര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കാതെ വരികയാണ്. അതുകൊണ്ട് അമ്മമാര്‍ മിണ്ടില്ല. ഒരു കേസില്‍ മകളെ പീഡിപ്പിച്ച അച്ഛന്‍ ജയിലിലായി. ഈ കുട്ടിയുടെ വിവാഹമാണ്. പക്ഷേ ഇപ്പോഴും ആ അമ്മ പറയുന്നത് അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്. മറ്റൊരു കേസില്‍ മകളെ പീഡിപ്പിച്ച അച്ഛന് ആറുവര്‍ഷമാണ് ശിക്ഷ ലഭിച്ചത്. ആ അമ്മ പറയുന്നത് അച്ഛന്‍ അത്ര വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല അതല്ലേ ആറുവര്‍ഷം മാത്രം ശിക്ഷ ലഭിച്ചത്. അല്ലെങ്കില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുമായിരുന്നുവെന്നാണ്. അച്ഛന്‍ പീഡിപ്പിച്ച കേസില്‍ കുടുംബസ്വത്ത് പണയം വെച്ച് അച്ഛനെ ജാമ്യത്തിലെടുക്കുന്ന അമ്മമാര്‍ വരെയുണ്ട്.' - പി.ഇ.ഉഷ ചൂണ്ടിക്കാട്ടി.

പലപ്പോഴും സ്ത്രീകള്‍ക്ക് വൈകിയാണ് നീതിബോധം വരുന്നത്. പ്രതികളോട് നിസ്സഹായതയില്‍ നിന്നുടലെടുത്ത ആശ്രയത്വമോ സഹാനുഭൂതിയോ അനുതാപമോ കുടുംബത്തിന്റെ മാനമോ എല്ലാമായിരിക്കും ആ സ്ത്രീയെ ഇത്തരമൊരു നിലപാടിലേക്ക് എത്തിക്കുന്നത്. ചില കുടുംബങ്ങളില്‍ അമ്മയെ കൊളളാത്തതുകൊണ്ടാണ് അച്ഛന്‍ മകളെ തേടിപ്പോയതെന്ന അര്‍ഥത്തിലുളള കുറ്റപ്പെടുത്തലുകള്‍ കൂടിയാകുമ്പോള്‍ അമ്മയുടെ തകര്‍ച്ച പൂര്‍ണമാകുന്നു. അടുത്തിടെ മാധ്യമശ്രദ്ധ നേടിയ ഒരു കേസായിരുന്നു രണ്ടുസഹോദരിമാരെ സഹോദരന്‍ പീഡിപ്പിക്കുന്ന വാര്‍ത്ത. കുട്ടികളുടെ അമ്മയ്ക്ക് കാര്യമറിയാമായിരുന്നു. മൂത്തസഹോദരിയെയാണ് ആദ്യം സഹോദരന്‍ ഉപദ്രവിക്കുന്നത്. ആ കുട്ടി അനിയത്തിയോട് സഹോദരന്റെ അടുത്ത് പോകരുതെന്ന് വിലക്കുന്നുമുണ്ട്. പക്ഷേ രണ്ടുപേരും ചൂഷണത്തിന് ഇരയാകുകയാണ്. അവസാനം പോലീസ് സ്‌റ്റേഷനില്‍ പോയി ഈ കുട്ടി അഭയം പ്രാപിക്കുകയായിരുന്നു. ഇവിടെ അമ്മ കൂട്ടുപ്രതിയാണ്. വിവരം മറച്ചുവെച്ചു എന്ന കുറ്റം അവര്‍ ചെയ്തിട്ടുണ്ട്. പക്ഷേ പോലീസ് അവരെ പ്രതിചേര്‍ത്തിട്ടില്ല.

ഇതാണോ പുനരധിവാസം?

'ഹോമില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളുടെ കാര്യത്തില്‍ ഫോളോഅപ്പ് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും നിര്‍ഭയ ഹോമില്‍ നിന്ന് പുറത്തിറങ്ങിയ ഒരു അതിജീവിത പങ്കുവെക്കുകയുണ്ടായി. 'ഹോമില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ എന്തുചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നൊന്നും നിര്‍ഭയയിലെ ആരും അന്വേഷിക്കാറില്ല. പഴയ പ്രശ്നങ്ങള്‍ വീണ്ടും നേരിടേണ്ടി വന്നിട്ടുണ്ടോ, കേസിന്റെ കാര്യങ്ങള്‍ എന്തായി എന്നൊരു അന്വേഷണവും ഉണ്ടാകാറില്ല. അവിടെ നിന്നിറങ്ങിയശേഷം ഞാന്‍ എന്തുചെയ്യുന്നു, കേസ് എന്തായി എന്നു ചോദിച്ചു ആരും ബന്ധപ്പെട്ടിട്ടില്ല. ഹോമില്‍ നിന്ന് ഇറങ്ങിയ ശേഷം സമന്‍സ് വരുമ്പോള്‍ സ്റ്റേഷനില്‍ നിന്ന് നേരിട്ടാണ് വിളിക്കാറുളളത്. നമ്മള്‍ തന്നെയാണ് കേസിന് പോകാറുളളത്. ഇതാണോ പുനരിധിവാസം? ഇത്രയും കാലം ഞങ്ങള്‍ നോക്കി വളര്‍ത്തിയ കുട്ടികള്‍, അവര്‍ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ കൂടെ നിര്‍ത്തി തിരിച്ച് അവര്‍ പോയിക്കഴിഞ്ഞാല്‍ എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിക്കണ്ടേ? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പുനരധിവാസം എന്നതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നത്? അതിജീവിതര്‍ക്ക് നഷ്ടപരിഹാരം ഉണ്ട്. പക്ഷേ പലര്‍ക്കും അതറിയില്ല. ആലപ്പുഴയിലെ ഒരു പെണ്‍കുട്ടിയുടെ കാര്യം എനിക്കറിയാം. രണ്ടാനച്ഛനാണ് പ്രതി. കേസ് തീര്‍പ്പായിട്ട് നാലുവര്‍ഷം കഴിഞ്ഞു. അവള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പലപ്പോഴും അതിജീവിതര്‍ക്ക് ഇക്കാര്യം അറിയണമെന്നില്ല ലീഗല്‍ കൗണ്‍സിലറാണ് അത് പറയേണ്ടത്.

ഇടമില്ലാതാകുന്നവര്‍

നിര്‍ഭയില്‍ കഴിയുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ ഒരിടമുണ്ടാകുന്നില്ല. അവരുടെ സാധനങ്ങള്‍ സൂക്ഷിച്ചുവെക്കാനൊന്നും ഇടമില്ലാതെ.. പോകുന്നിടത്തെല്ലാം ചാക്കുകെട്ടായി പോകുന്നവര്‍. ആ ചാക്ക് ഒരു ചോദ്യമാണ്. ഒരു കുട്ടി വളര്‍ന്നുവരുമ്പോള്‍ കുറേ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉണ്ടാകില്ലേ ഇവിടെ അതില്ല. ഇന്‍സ്റ്റിറ്റിയൂഷണല്‍ ആയി ചിന്തിക്കുമ്പോള്‍ നാം അവര്‍ക്ക് കിടക്കാന്‍ സ്ഥലം കൊടുത്തിട്ടുണ്ടാകും. ഭക്ഷണവും വെള്ളവും കൊടുക്കുന്നുണ്ടാകും പക്ഷേ അവളുടേതായ ഒരിടം ഇത്തരം ഇടങ്ങളില്‍ അവള്‍ക്ക് നഷ്ടപ്പെട്ട് പോവുകയാണ്.

ഹോമുകളില്‍ നിലവില്‍ പതിനെട്ടു വയസ്സുവരെ മാത്രമേ അതിജീവിതകളെ താമസിപ്പിക്കാവൂ എന്നുണ്ട്. ഞാനുളളപ്പോള്‍ അങ്ങനെയായിരുന്നില്ല. 26 വയസ്സുവരെയുളളവര്‍ അന്ന് ഹോമുകളില്‍ ഉണ്ടായിരുന്നു. പലരും വീട്ടില്‍ പോകാന്‍ സാഹചര്യമില്ലാത്തതിനാല്‍ അവിടെ തുടര്‍ന്നതാണ്. അഞ്ചുമുതല്‍ 20ന് മുകളില്‍ പ്രായമുളള കുട്ടികള്‍ വരെ ഒരു ഹോമിനകത്ത്. രക്ഷിതാക്കളെ പിരിഞ്ഞ്, ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവവുമായി ഹോമില്‍ എത്തുന്ന എല്ലാവര്‍ക്കും അവിടെ പൊരുത്തപ്പെട്ട് പോകാന്‍ കഴിയണമെന്നില്ല. തിരിച്ച് വീട്ടില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍ നിരവധിയുണ്ടാകാം. രണ്ടാനച്ഛന്റെയോ അമ്മാവന്റെയോ സ്വന്തം അച്ഛന്റെയോ ഉപദ്രവം നേരിടേണ്ടി വന്നവര്‍. ഇവര്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോവുക സാധ്യമല്ല. അവര്‍ക്കാണ് പുനരധിവാസം വേണ്ടത്. പക്ഷേ അതെത്ര കണ്ട് നടപ്പാകുന്നുണ്ടെന്ന് ചിന്തിക്കണം.' നിര്‍ഭയ ഹോമില്‍ അന്തേവാസിയായിരുന്ന അതിജീവിത തനിക്കുണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംസാരിച്ചത്. എന്നാല്‍ ഹോമിലെഫീല്‍ഡ് വര്‍ക്കര്‍മാര്‍ അതീവഗുരുതരമായ കേസുകളില്‍ ഫോളോ അപ് ഒരുപരിധിവരെ നടത്താറുണ്ടെന്ന് തന്നെയാണ് അധികൃതര്‍ വാദിക്കുന്നത്.

ഫണ്ടില്ലെങ്കില്‍ എങ്ങനെ നഷ്ടപരിഹാരം

കേസിന്റെ ഗൗരവും അനുസരിച്ചായിരിക്കും പലപ്പോഴും പീഡനം നേരിടേണ്ടി വരുന്ന പെണ്‍കുട്ടിക്കുളള നഷ്ടപരിഹാരം നിശ്ചയിക്കുക. നഷ്ടപരിഹാരം തീരുമാനിക്കുന്നത് ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് തീരുമാനിക്കുക. പോക്‌സോ കോടതികള്‍ വിധി പ്രസ്താവിക്കുമ്പോള്‍ തന്നെ പ്രതിക്കുളള ശിക്ഷ വിധിക്കുന്നതിനൊപ്പം പിഴയും ഈടാക്കാറുണ്ട്. പ്രതി പിഴ ഈടാക്കാകുകയാണെങ്കില്‍ അത് അതിജീവിതയ്ക്ക് നല്‍കണമെന്നാണ് പറയുക. ചിലപ്പോള്‍ ഡിഎല്‍എസ്എയോട് ഇക്കാര്യം കൈകാര്യം ചെയ്യാന്‍ വിധിയില്‍ പരാമര്‍ശമുണ്ടാകും. അത്തരം കേസുകളില്‍ ഡിഎല്‍എസ്എ കുട്ടി നേരിട്ട പീഡനം അത് കുട്ടിയുടെ ശാരീരിക-മാനസിക- പഠനനിലവാരത്തെ, വളര്‍ച്ചയെ എങ്ങനെ ബാധിച്ചുവെന്നും കുട്ടിയില്‍ ആഘാതം എത്രത്തോളം ശക്തമാണെന്നും, ചികിത്സ ആവശ്യമുണ്ടോ, കുട്ടിയുടെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളെല്ലാം പഠിച്ചതിന് ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക.

പക്ഷേ, നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസമെടുക്കാറുണ്ടെന്നും ഈ മേഖലയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അഭിഭാഷകര്‍ പറയുന്നു. ഫണ്ടില്ലെന്നാണ് പലപ്പോഴും ഇതിന് കാരണമായി പറയാറുളളത്.

നിര്‍ഭയയില്‍ വേണ്ടത് കൂട്ടായ പരിശ്രമം

എല്ലാ തരത്തിലുമുളള വൊക്കേഷണല്‍ ട്രെയിനിങ്ങുകള്‍, പിക്‌നിക്, സിനിമ, ഡാന്‍സ് ക്ലാസ്, മ്യൂസിക് ക്ലാസ്, ക്രാഫ്റ്റ് വര്‍ക്കുകള്‍, സമ്മര്‍ ക്യാമ്പുകള്‍ തുടങ്ങി കുട്ടികളുടെ വ്യക്തിത്വവികസനത്തിനാവശ്യമായ പരിശീലനങ്ങളെല്ലാം നിര്‍ഭയയില്‍ നല്‍കുന്നുണ്ട്. പതിനെട്ടിന് മുകളില്‍ പ്രായമായാല്‍ ഈ കുട്ടികളെ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് മാറ്റും. സമൂഹത്തിലേക്ക് തിരിച്ചുപോകാന്‍ ഇവരെ പ്രാപ്തരാക്കുന്ന, സ്വയംപര്യാപ്തരാക്കുന്ന ക്ലാസുകളും പരിശീലനങ്ങളും നല്‍കിവരുന്നുണ്ട്.

നിര്‍ഭയയില്‍ വേണ്ടത് ഒരു കൂട്ടായ പരിശ്രമമാണ്. തെറ്റുകുറ്റങ്ങള്‍ ഉണ്ടാകാം. അത് പരിഹരിക്കുന്നതിനായി കൂട്ടത്തോടെ നിലകൊളളുക എന്നുളളതാണ് വേണ്ടത്. കാവല്‍ പ്ലസില്‍ പറയുന്നത് കുട്ടിക്കും കുട്ടിയുടെ കുടുംബം ദുര്‍ബലരാണെങ്കില്‍ അവര്‍ക്കും ആവശ്യമായ ബോധവല്‍ക്കരണമുള്‍പ്പടെയുളള സഹായങ്ങള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കണമെന്നാണ്. അതിന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്.

എല്ലാം ജീവനക്കാരുടെ കൈയില്‍

ഏതൊരു നിര്‍ഭയഹോമിന്റെയും പ്രവര്‍ത്തനം അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റം പോലെയിരിക്കും. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് പലരും. കോടതിയില്‍ പ്രതികളെ കണ്ട് അസ്വസ്ഥരാകുന്ന കുട്ടികളെ അമ്മയെ പോലെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ജീവനക്കാരുണ്ട്. സത്യസന്ധമായിരിക്കും ഇവരുടെ സേവനം ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ കുട്ടികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഇവരില്‍ നിന്ന് നേര്‍വിപരീതമായിരിക്കും ഇതൊരു ജോലി മാത്രമായി കാണുന്നവരുടെ പെരുമാറ്റം.

Content Highlights: Do we need to redefine the functions of Nirbhaya Homes?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented