ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഗൂഗിള്‍; അധിനിവേശത്തിന്റെ ഡിജിറ്റല്‍ സാമ്രാജ്യങ്ങള്‍


ബി.എസ്. ബിമിനിത്In Depth

ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈ | Photo: PTI

സുഗന്ധ ദ്രവ്യങ്ങളും കേട്ടുകേട്ടറിഞ്ഞ അളവറ്റ 'നിധിശേഖര' ങ്ങളുടേയും കലവറ തേടിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പാശ്ചാത്യര്‍ നമ്മുടെ ഇന്ത്യയിലെത്തിയത്. കൊള്ളടയിക്കാവുന്നതത്രയും കൊള്ളയടിച്ച് നാടുമുടിപ്പിച്ചാണ് ബ്രിട്ടീഷുകാരും ഇന്ത്യ വിട്ട് പോയത്. അതിന് വേണ്ടി റോഡും റെയിലും മാത്രമല്ല ഭരണസംവിധാനങ്ങള്‍വരെയുണ്ടാക്കി. ചരിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളെ പകുത്ത ആ കാലത്തെ ഓര്‍മ്മിപ്പിച്ച് ഈ പുതിയ യുഗത്തില്‍ നമ്മുടെ രാജ്യം മാത്രമല്ല, കോളനികളായിരുന്നതും അല്ലാത്തതുമായ രാജ്യങ്ങളെല്ലാം ഇന്ന് മറ്റൊരു കോളനിവല്‍ക്കരണത്തിന്റെ ഇരകളാവുകയാണ്‌. ഭൗതികമായല്ല, വെര്‍ച്വലായി. ഡിജിറ്റലായി.

ഡിജിറ്റല്‍ കൊളോണിയലിസം എന്ന വാക്കും അത് ഉത്പാദിപ്പിക്കുന്ന ജാഗ്രതയും ബുദ്ധിജീവി ക്യാമ്പുകളില്‍ നിന്ന് പൊതുചര്‍ച്ചയിലേക്ക് ഇറങ്ങിവന്നു തുടങ്ങിയത് അടുത്ത കാലത്താണ്. ലോക രാജ്യങ്ങള്‍ ഡിജിറ്റല്‍ കുത്തകകള്‍ക്കെതിരേ നിയമ നടപടികളുമായി മുമ്പില്ലാത്ത വിധം സജീവമാണ് ഇന്ന്. അത്തരത്തിലൊരു കടുത്ത നീക്കമാണ് ഗൂഗിളിനെതിരേ ഈ അടുത്ത ദിവസങ്ങളില്‍ ഇന്ത്യയും നടത്തിയത്. നിയമവും നീതിയുമെല്ലാം വിട്ട് നമ്മുടെ വിപണിയില്‍ ആളുകളിച്ചതിന് ഗൂഗിളിന് 2,314.2 കോടി രൂപയാണ് രണ്ട് തവണയായി ഇന്ത്യയുടെ കോമ്പറ്റീഷന്‍ കമ്മീഷന്‍ (CCI) പിഴയിട്ടത്. വര്‍ഷങ്ങളായി നമ്മളെയൊക്കെ ചൂഷണം ചെയ്തു പോന്നതിന് തെളിവുകള്‍ ലഭിച്ച രണ്ട് വിഷയങ്ങളില്‍ മാത്രമാണ് ഈ വിധി. മാധ്യമങ്ങളെ ചൂഷണം ചെയ്തതടക്കമുള്ള വിഷയങ്ങളില്‍ ഇനിയും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. വിധികള്‍ ഇനിയും വരും.പേരുപോലെ തന്നെ വിവര സാങ്കേതിക വിദ്യാരംഗത്തെ മള്‍ട്ടിനാഷണലുകള്‍ ദേശ- രാഷ്ട്ര ഭേദമന്യേ നടത്തുന്ന കോളനിവല്‍ക്കരണമാണ് അത്. യൂറോപ്യന്‍ - അമേരിക്കന്‍ മേഖലയേക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും അതേസമയം വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ മുന്നാക്കം നില്‍ക്കുകയും ചെയ്യുന്ന ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ കടന്നുകയറ്റം ചൂഷണത്തിന്റെ രൗദ്രരൂപത്തിലേക്ക് പരിണമിക്കുന്നത്. പിന്നോക്ക രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന പദ്ധതിയുമായി വന്ന ഫെയ്‌സ്ബുക്കിന്റെ ഫ്രീബേസിക്‌സ് (ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്) പദ്ധതി നമ്മുടെ മനസ്സിലുണ്ടാകും. പ്രത്യക്ഷത്തില്‍ നല്ല പദ്ധതിയാണെന്നു തോന്നുമെങ്കിലും, സമൂഹത്തില്‍ അവ സൃഷ്ടിച്ചേക്കാവുന്ന അനീതി ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ അതിനെ പ്രതിരോധിച്ചത്. നീണ്ട വിവാദങ്ങളുടെ ഒടുവില്‍ അത് രാജ്യംവിട്ടുപോയി. നെറ്റ്ഫഌക്‌സും ആമസോണ്‍ പ്രൈമും, യൂബറും അടക്കം വിവിധ 'സേവനങ്ങള്‍' ലോകത്തോട് ചെയ്യുന്നതും അതുതന്നെയാണ്. യൂബര്‍ നാടന്‍ ടാക്‌സികളെ ഇല്ലായ്മ ചെയ്യുമ്പോള്‍, നെറ്റ്ഫഌക്‌സും പ്രൈമുമൊക്കെ സിനിമാ തിയേറ്ററുകളെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, വിനോദ വ്യവസായത്തെ തങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ പുനര്‍നിര്‍മ്മിക്കുക കൂടിയാണ്.

കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ ഗൂഗിള്‍ സമൂഹത്തില്‍ എങ്ങനെയാണ് ഇടപെട്ടത് എന്നു ചിന്തിച്ചാല്‍ കൂടുതല്‍ എളുപ്പമാകും. 15 ജിബി സ്റ്റോറേജ് സൗജന്യമായി നല്‍കിയ ഗൂഗിള്‍ ഇനി മുതല്‍ ആയിരം ജിബി നല്‍കുമെന്ന് അവരുടെ മാധ്യമം വഴി അറിയിച്ചു (വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല). സൗജന്യങ്ങളുടെ പിന്നാലെപോയി സ്വയം അടിമകളായ ജനതയുടെ കഥയാണ് ഗൂഗിളിനെതിരേ ലോകമെമ്പാടും നടക്കുന്ന നിയമനടപടികള്‍ ഓര്‍മ്മിപ്പിക്കുന്നത്. നമ്മുടെ അനുഭവവും അതുതന്നെ. ഉപയോക്താക്കള്‍ക്ക് സൗജന്യമായി വിവരങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് എന്‍ജിനും, ഇമെയിലും, മാപ്പും, ഡോക്‌സും, ഷീറ്റ്‌സും കലണ്ടറുമൊക്കെ അടങ്ങുന്ന 'വര്‍ക് സ്‌പേസ്' നല്‍കി, വ്യക്തിഗത വിവരങ്ങളും സ്വഭാവവും വരെ മനസിലാക്കി അവരെ ചൂഷണം ചെയ്യുന്നു എന്ന വിമര്‍ശനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്നാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കം അവര്‍ക്കെതിരെ നടത്തിയ നിയമ നടപടികള്‍ വ്യക്തമാക്കുന്നത്.

ടെക് കോടീശ്വരന്മാര്‍
ബ്ലൂംബെര്‍ഗ് തയ്യാറാക്കിയ കോടീശ്വരന്മാരുടെ പട്ടികയെടുത്തു നോക്കിയാല്‍ ആദ്യത്തെ പന്ത്രണ്ടുപേരില്‍ ഏഴുപേരും ടെക്നോളജി ബിസിനസ് ബുദ്ധികേന്ദ്രങ്ങളാണ്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസ്, ഗൂഗിള്‍ സ്ഥാപകര്‍, ലാറി പേജും സെര്‍ജി ബ്രിനും, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മൈക്രോസോഫ്റ്റിന്റെ തന്നെ സി.ഇ.ഒ. ആയിരുന്ന സ്റ്റീവ് ബാല്‍മര്‍, ഒറാക്കിള്‍ സ്ഥാപകരിലൊരാളായ ലാറി എലിസണ്‍ തുടങ്ങിയവര്‍. ലോകത്തെ ഏഴ് രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ കൂടുതലാണ് ആപ്പിളിന്റേയും മൈക്രോസോഫ്റ്റിന്റേയും മാര്‍ക്കറ്റ് വാല്യു എന്ന കാര്യവും ഇവിടെ പ്രസക്തം. ലോകത്തിലെ എണ്ണപ്പെട്ട രാജ്യങ്ങളില്‍ പലതും സാമ്പത്തിക മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ അവരെല്ലാം ഇവര്‍ക്കു പിന്നില്‍ നില്‍ക്കണം. സമ്പത്ത് എവിടെ കേന്ദ്രീകരിക്കുന്നു എന്നത് പുതിയ ലോകക്രമത്തിന്റെ സൂചകമാണ്.

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍

മൈക്രോസോഫ്റ്റും കൂട്ടുകാരും സോഫ്റ്റ്വേറിന്റേയും ലൈസന്‍സുകളുടേയും പേരില്‍ ലോകത്തെ പിഴിഞ്ഞു കൊണ്ടിരുന്ന കാലത്ത് റിച്ചാര്‍ഡ് സ്റ്റാള്‍മാനായിരുന്നു നമ്മുടെ ഹീറോ. പണം കൊടുക്കാത്ത സ്വതന്ത്രസോഫ്റ്റ്‌വേര്‍, ഒരു പ്രസ്ഥാനമായിരുന്നു. സ്റ്റാള്‍മാന്റെ ആശയമായിരുന്നു ഗൂഗിള്‍ സ്ഥാപകരായ ലാറി പേജിന്റേയും സെര്‍ജി ബ്രിന്നിന്റേയും ആപ്തവാക്യം. ഉപയോക്താക്കളുടെ ആവശ്യം മാനിച്ച് അവരുടെ സഹകരണത്തോടെ അവര്‍ക്കുവേണ്ടിയുള്ള പുതിയ ലോകം. അവര്‍ക്ക് വേണ്ടത് കൊടുത്തും, പിന്നീട് വേണ്ടത് മാത്രം കൊടുത്തും ലോകത്തെ ഒന്നാമത് സെര്‍ച്ച് എന്‍ജിനായി ഗൂഗിള്‍ മാറി.

നെറ്റിലെ വിവരങ്ങള്‍ അടുക്കിവെച്ചുകൊടുക്കുന്ന വെറുമൊരു സെര്‍ച് എന്‍ജിന്‍ മാത്രമായിരുന്ന ഗൂഗിളിന് സ്വന്തമായി കണ്ടന്റ് ഉണ്ടാക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. പലരും തലപുണ്ണാക്കി ഉണ്ടാക്കിവെച്ച കാക്കത്തൊള്ളായിരം കണ്ടന്റുകളുപയോഗിച്ച് അല്‍ഗരിതങ്ങളുടെ പിന്‍ബലത്തില്‍ അവര്‍ ലോകം അടക്കിവാണു പോന്നു. കണ്ടന്റുകള്‍ക്ക് സ്വപ്‌നതുല്യമായ പ്രചാരം ലഭിച്ചത് നല്ലതുതന്നെ എന്നാല്‍ ആ സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കിടയില്‍ പരസ്യമിട്ട് വരുമാനമുണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് ഗൂഗിളിന്റെ മുഖം മാറിത്തുടങ്ങിയത്. ക്രമേണ പരസ്യത്തിന് ഉള്ളടക്കവുമായി ബന്ധമുണ്ടായിക്കൊണ്ടിരുന്നു. പരസ്യവിപണിയിലും ഗൂഗിള്‍ ആധിപത്യം സ്ഥാപിച്ചു. കഥ അവിടെ നിന്നില്ല.

ഗൂഗിളിന് നമ്മളെ ആവശ്യമായിരുന്നു. നമുക്ക് ഗൂഗിളിനേയും. സ്വന്തമായി ഇമെയിലും, സ്വന്തമായി സ്ഥലങ്ങള്‍ അടയാളപ്പെടുത്തിവെക്കാവുന്ന മാപ്പും, ഫയലുകള്‍ സൂക്ഷിക്കാന്‍ ഡ്രൈവും, വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബും, കലണ്ടറും, ഗൂഗിള്‍ മീറ്റും.... ഒരു ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവിന് വേണ്ടതില്‍ എന്താണ് ഗൂഗിള്‍ അക്കൗണ്ടില്‍ കിട്ടാത്തത്!. അതിനിടെ അക്കൗണ്ടുകളുടെ സുരക്ഷിതത്വത്തിന്റെയും മറ്റും പേരില്‍ ഉപയോക്താക്കളുടെ ഫോണ്‍നമ്പറും താമസിക്കുന്ന - ജോലിചെയ്യുന്ന - സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ അക്ഷാംശവും രേഖാംശവുമെല്ലാം അവര്‍ അടിച്ചെടുത്തു.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ഫോണുകളില്‍ 95 ശതമാനവും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതോടെ ജനസംഖ്യയുടെ നല്ലൊരു പങ്കും ഗൂഗിളിന്റെ അദൃശ്യനിയന്ത്രണത്തിലായി. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ബാങ്കിങ് പദ്ധതിയുടെ ഭാഗമായ യുപിഐ സേവനങ്ങളുടെ കാര്യത്തില്‍ രണ്ടാംസ്ഥാനം ഗൂഗിള്‍ പേയ്ക്കാണ്. ഗൂഗിളില്ലാതെ എന്തു ചെയ്യും എന്ന് ഉപയോക്താക്കളെ കൊണ്ട് ചോദിപ്പിക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. യാത്ര പോലും ഗൂഗിള്‍ മാപ്പിന്റെ പ്രയോരിറ്റിയാണ്.

ഒരു മാസത്തിനുളളില്‍ 220 കോടി ഇടപാടുകള്‍

ഓഗസ്റ്റ് മാസത്തിലെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ യുപിഐ ആപ്പാണ് ഗൂഗിള്‍ പേ. ഒരു മാസത്തിനുള്ളില്‍ 220 കോടി ഇടപാടുകള്‍ നടത്തിയ ഗൂഗിള്‍ പേയാണ് മൊത്തം മാര്‍ക്കറ്റിന്റെ 34 ശതമാനവും കൈയാളുന്നത് (ഫോണ്‍ പേയാണ് ഒന്നാമത് -48%).

ലോകത്താകമാനം ഡിജിറ്റല്‍ പരസ്യമാര്‍ക്കറ്റിങ്ങില്‍ മുന്‍നിരക്കാരനാണ് ഗൂഗിള്‍ ആഡ്സെന്‍സ്. പരസ്യ വരുമാനം പങ്കാളികള്‍ക്ക് വീതിച്ചു കൊടുക്കുന്ന സമ്പ്രദായമാണ് ഗൂഗിള്‍ ആഡ്സെന്‍സ് കൊണ്ടുവന്നത്. വെബ്സൈറ്റുകളിലോ യൂട്യൂബിലെ മറ്റെവിടെയങ്കിലുമോ, പരസ്യം ഇടാവുന്ന സ്ഥലത്ത് ഗൂഗിളിന് അവസരം നല്‍കിയാല്‍ പരസ്യതന്ത്രങ്ങളുടെ എല്ലാ അളവുകോലും പാലിച്ച് അവര്‍ അവിടെ പരസ്യം ചെയ്തോളും. അതില്‍ ഒരു പങ്ക് നിങ്ങള്‍ക്ക് ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി വളരെ പെട്ടെന്ന്് ഗൂഗിള്‍ മാറി.

നിങ്ങളാണ് ശക്തി

ഗൂഗിളിന്റെ ഏറ്റവും വലിയ ശക്തി എന്താണെന്ന് ചോദിച്ചാല്‍, ലോകത്താകമാനമുള്ള (ചൈനയുടെ കാര്യത്തില്‍ അങ്ങനെയല്ല) വ്യക്തികളുടെ വിവരങ്ങളാണ്. ഗൂഗിള്‍ മാപ്പിട്ട് യാത്ര ചെയ്യുന്നതുമുതല്‍, സെര്‍ച്ചില്‍ എന്തു തിരഞ്ഞു എന്നതും, യൂട്യുബില്‍ എന്തു കണ്ടു എന്നതും മാപ്പുപയോഗിച്ച് എവിടെയൊക്കെ പോവുന്ന എന്നതടക്കം എല്ലാം. ആന്‍ഡ്രോയ്ഡ് ഫോണുപയോഗിക്കുന്നവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പലപ്പോഴും നമ്മളോട് ചോദിക്കാതെ പരസ്യങ്ങളും മറ്റും മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ഇതില്‍ എന്തോ കള്ളക്കളിയുണ്ടല്ലോ എന്നു തോന്നിയിട്ടുണ്ടെങ്കില്‍, അതിന് കാരണം ഈ ട്രാക്കിങ് മെക്കാനിസമാണ്. അങ്ങനെയാണ് വ്യക്തിവിവരങ്ങളുടെ കാര്യത്തില്‍ ഈ ഭൂഗോളത്തിലെ ഏറ്റവും വലി ശക്തിയായി ഗൂഗിള്‍ മാറിയത്. ഡേറ്റയാണോ പുതിയ കാലത്ത് എല്ലാം. അങ്ങനെ നോക്കുമ്പോള്‍ ലോകത്തെ ഭരിക്കാന്‍ പോന്ന അസംസ്‌കൃത വസ്തുക്കള്‍ ഗൂഗിളിന്റെ കൈവശമുണ്ട്.

കമ്പനി ഗൂഗിളോ (ആല്‍ഫബെറ്റ്), ഫെയ്സ്ബുക്കോ (മെറ്റ), ആമസോണോ എന്തുമാകട്ടെ, തിണ്ണമിടുക്ക് ഉപയോഗിച്ച് കളിച്ച കൈവിട്ട കളികള്‍ക്കെല്ലാം തിരിച്ചടി കിട്ടിത്തുടങ്ങിയത് അടുത്ത കാലത്താണ്. നെറ്റിലെ അപ്രമാദിത്വം മുതലെടുത്ത് എതിരാളികളെ നിഷ്പ്രഭമാക്കുന്ന നെറികെട്ട പ്രവൃത്തികള്‍ക്കെതിരേ
സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുത്തു തുടങ്ങി. ജനങ്ങള്‍ ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് അവര്‍ക്ക് അതിന് പകരം മറ്റൊന്ന് കണ്ടെത്താന്‍ അവസരം നല്‍കാഞ്ഞിട്ടാണെന്ന സത്യം ആദ്യം മനസ്സിലാക്കിയത് ചൈനയാണ്. അവര്‍ സ്വന്തമായി ബദല്‍ നിര്‍മിച്ച് ഇവരെ പ്രതിരോധിക്കുന്നതില്‍ വിജയിച്ചുവെന്ന് വാദിക്കാം. ഒരേ കുറ്റത്തിന് ഇന്ത്യക്ക് പുറമേ അമേരിക്കയും, ഫ്രാന്‍സും, ദക്ഷിണ കൊറിയയും അടക്കമുള്ള പല രാജ്യങ്ങളും ഗൂഗിളിനെതിരേ പിഴ ചുമത്തിയിട്ടുണ്ട്. ഗൂഗിള്‍ മാത്രമല്ല ആപ്പിളും ഇതേ ആരോപണങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലാണ്.

നടപടികള്‍

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഗൂഗിളിനുള്ള അപ്രമാദിത്വം മുതലെടുത്ത് തങ്ങളുടെ സ്വന്തം ആപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഒക്ടോബര്‍ 20 നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (CCI) 1,337.76 കോടി രൂപ ആദ്യം പിഴയിട്ടത്. ആന്‍ഡ്രോയ്ഡിലെ പ്രീമിയം ആപ്പുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഗൂഗിളിന്റെ പണമിടപാട് സംവിധാനം മാത്രം ഉപയോഗിക്കുന്ന രീതി പിന്തുടര്‍ന്നതിനാണ് ഈ മാസം 25 ന് 936.44 കോടി രൂപ വീണ്ടും പിഴയിട്ടത്. ആദ്യം ഉപയോക്താക്കളെ കൈയിലെടുക്കുക പിന്നീട് അവരെ ചൂഷണം ചെയ്യുക, അതുവഴി മത്സര രംഗത്തുള്ള എതിരാളികളെ ഇല്ലാതാക്കുക എന്ന ലോകം മുഴുവന്‍ ഗൂഗിള്‍ സ്വീകരിച്ച അതേ തന്ത്രമാണ് അവര്‍ ഇവിടേയും സ്വീകരിച്ചത്.

മൊബൈല്‍ കമ്പനികള്‍ക്കും മറ്റും സ്വതന്ത്രമായി മാറ്റം വരുത്തി ഉപയോഗിക്കാവുന്ന സ്വതന്ത്ര സോഫ്‌റ്റ്വേര്‍ എന്ന നിലയിലാണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗൂഗിള്‍ അവതരിപ്പിച്ചത്. എങ്കിലും സ്മാര്‍ട്‌ഫോണ്‍ - ടാബ്ലറ്റ് നിര്‍മാതാക്കളും (ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് - ഒഇഎം) ഗൂഗിളും തമ്മില്‍ സോഫ്‌റ്റ്വെയറുകളും മറ്റും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (MADA), ആന്റി ഫ്രാഗ്മെന്റേഷന്‍ എഗ്രിമെന്റ് (AFA) എന്നീ കരാറുകള്‍ ഒപ്പുവെക്കണം. ഈ കരാര്‍ വഴി ജിമെയിലും, ഗൂഗിള്‍ സെര്‍ച്ചും, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡോക്‌സ്, ക്രോം ബ്രൗസര്‍ തുടങ്ങിയ ഗൂഗിളിന്റെ സ്വന്തം ആപ്പുകളടങ്ങിയ ഗൂഗിള്‍ മൊബൈല്‍ സ്യൂട്ട് (GMS) ഉപയോക്താവിന് ഒഴിവാക്കാനാവാത്ത രീതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍മാതാക്കളെ നിര്‍ബന്ധിച്ചു എന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയത്.

ഇതുമൂലം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സമാനമായ മറ്റ് ആപ്പുകള്‍ക്കില്ലാത്ത പ്രാധാന്യം ഗൂഗിള്‍ ആപ്പുകള്‍ക്ക് കൈവന്നു എന്നാണ് കണ്ടെത്തല്‍. അതുമാത്രമല്ല, ഓണ്‍ലൈന്‍ സെര്‍ച്ച് രംഗത്ത് ഗൂഗിളിനുള്ള മേല്‍ക്കൈ ഉപയോഗിച്ച് മറ്റ് ആപ്പുകളെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിന്ന് തഴഞ്ഞും ഗൂഗിള്‍ അവരുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ ശ്രമിച്ചു എന്നും സിസിഐ കണ്ടെത്തി. അതിനാണ് 1,337.76 കോടി രൂപ പിഴ.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ആപ് മാര്‍ക്കറ്റാണ് ആന്‍ഡ്രോയ്ഡിനൊപ്പമുള്ള പ്ലേ സ്റ്റോര്‍. ആപ് നിര്‍മാതാക്കളേയും ഉപയോക്താക്കളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള കണ്ണിയാണത്. ആപ് ഡെവലപ്പര്‍മാരും ഉപയോക്താക്കളും തമ്മില്‍ പ്രീമിയം ആപ്പുകള്‍ വാങ്ങുന്നതിനും ആപ്പിനുള്ളിലെ കൊടുക്കല്‍ വാങ്ങലുകള്‍ക്കും മറ്റും പണം കൈമാറുന്നത് ഗൂഗിള്‍ പ്ലേ ബില്ലിങ് സിസ്റ്റം (GPBS) നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന ഉപാധി വെച്ചതിനാണ് 936.44 കോടി രൂപ സിസിഐ പിഴയിട്ടത്. സമാനമായ പണം കൈമാറ്റ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ആപ്പ് നിര്‍മാതാക്കള്‍ക്ക് വലിയ കമ്മീഷന്‍ ഗൂഗിളിന് കൊടുക്കേണ്ടി വരുന്നു എന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ആപ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷവും സാധാരണ ആപ് നിര്‍മാതാക്കള്‍ ഇതേ ചട്ടം പിന്തുടരേണ്ടി വരുന്നുണ്ട്. എന്നാല്‍ യൂട്യൂബ് പോലുള്ള ഗൂഗിളിന്റെ സ്വന്തം ആപ്പുകള്‍ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ലെന്നും ഇവിടെ പ്രസക്തമാണ്. ആന്‍ഡ്രോയ്ഡും ഗൂഗിള്‍ പ്ലേയും ഇന്ത്യയിലെ ആപ് ഡെവലപ്പര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കിയ അവസരങ്ങളും സഹായങ്ങളും ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ തങ്ങള്‍ വഹിച്ച പങ്ക് സൂചിപ്പിച്ചാണ് ഈ വിഷയത്തില്‍ ഗൂഗിള്‍ പ്രതികരിച്ചത്.

മാധ്യമ ചൂഷണം
ഗൂഗിള്‍ രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നു എന്നുകാണിച്ച് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ സിസിഐ അന്വേഷണം പ്രഖ്യാപിച്ചത് ഈ വര്‍ഷം ആദ്യമാണ്. മാധ്യമ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ച് പരസ്യവരുമാനമുണ്ടാക്കുന്ന ഗൂഗിള്‍ ന്യായമായ വിഹിതം മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ലെന്നുമുള്ള പരാതിയിലാണ് നടപടി. മാധ്യമസ്ഥാപനങ്ങളുടെ ഉള്ളടക്കങ്ങള്‍ സൗജന്യമായി ഉപയോഗിച്ച്, അത് സ്വന്തം അല്‍ഗരിതമുപയോഗിച്ച് പ്രാധാന്യം നിശ്ചയിച്ച് നല്‍കുകയാണ് ഗൂഗിള്‍ ചെയ്യുന്നത്. ഓസ്‌ട്രേലിയയും ചില യൂറോപ്യന്‍ രാജ്യങ്ങളും ഗൂഗിളിന്റെ ഈ നയത്തിനെതിരെ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയില്‍ 692 മില്യണ്‍ മൊബൈല്‍ ഉപയോക്താക്കളുണ്ട്. നഗരപ്രദേശങ്ങള്‍ പോലെ ഗ്രാമപ്രദേശങ്ങളിലും കണക്ടിവിറ്റിയുള്ള ഇന്ത്യ ആഗോള ടെക് ഭീമന്മാര്‍ക്ക് വളക്കൂറുള്ള മണ്ണാണ്. ആ അവസരം ഫെയ്സ്ബുക്കും ഗൂഗിളും അടക്കമുള്ള ഐടി ഭീമന്മാര്‍ മുതലെടുക്കുന്നുമുണ്ട്.

കണക്ടിവിറ്റിയുടെ പുതിയ ലോകത്ത് മറഞ്ഞിരുന്ന് സാമ്പത്തിക - രാഷ്ട്രീയ - സാമൂഹിക രംഗത്ത് ഇടപെടാമെന്നതിന് തെളിവാണ് ഗൂഗിളും മുന്നണിയിലുള്ള സോഷ്യല്‍ മീഡിയ കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍. ബൗദ്ധിക സ്വത്തവകാശം (intellectual propetry rights) പോലും കാറ്റില്‍പറത്തിയാണ് ഗൂഗിളടക്കമുള്ള ശക്തികള്‍ മുന്നേറുന്നത്‌. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. പുതിയ കാലത്ത് നാം എന്ത് സ്വീകരിക്കണമെന്നതല്ല, എങ്ങനെ സ്വീകരിക്കണമെന്ന കാര്യം പ്രസക്തമാകുന്നത് ഇവിടെയാണ്.

Content Highlights: digital colonialism google alphabet Inc CCI fines in-depth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented