മകനുറങ്ങുന്ന കലശംതൊട്ട് സബീറ്റ പറയുന്നു, ഒറ്റയ്‌ക്കൊരമ്മയ്ക്ക് ഇതൊന്നും അത്ര എളുപ്പമല്ല


രമ്യ ഹരികുമാർ

'എല്ലാവരും പറയുന്നത് പോലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ അനുഗ്രഹമാണ് എന്ന് കരുതുന്നത് ഒരിക്കലും പ്രാക്ടിക്കല്‍ അല്ല. പക്ഷേ, ഈ കുഞ്ഞുങ്ങളെ ഒരിക്കലും ഒരു ശാപമായി കാണരുത്. നമ്മുടെ മനോഭാവത്തില്‍, ചിന്താഗതിയില്‍ തന്നെ മാറ്റമുണ്ടായാല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന അമ്മമാരോട് നമുക്ക് ബഹുമാനവും കരുതലും എല്ലാം സ്വാഭാവികമായും തോന്നും.'

.

സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'


മാക്‌സ്‌വെല്‍

ന്ത്രണ്ടാം വയസ്സില്‍ തന്നെ വിട്ടുപിരിഞ്ഞ ഭിന്നശേഷിക്കാരനായ മകന്‍ മാക്‌സിന്റെ ചിതാഭസ്മം നിധിപോലെ കാത്തു സൂക്ഷിക്കുന്ന ഒരമ്മ. സബീറ്റ ജോര്‍ജ്. മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരം. മകന്‍ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് സബീറ്റക്കിഷ്ടം. താന്‍ കടന്നുവന്ന ജീവിതത്തെ കുറിച്ചല്ല സബീറ്റ സംസാരിക്കുന്നത്. മറിച്ച് തന്റെ അനുഭവങ്ങളില്‍ നിന്നുകൊണ്ട് ഈ സമൂഹത്തിലുണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചാണ്. അമ്മമാര്‍ക്ക് ആദ്യം പിന്തുണ ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍നിന്നു തന്നെയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ദീര്‍ഘകാലം അമേരിക്കയില്‍ കഴിഞ്ഞ സബീറ്റ പാശ്ചാത്യരാജ്യങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

സബീറ്റ സൂക്ഷിച്ചിരിക്കുന്ന മകന്റെ ചിതാഭസ്മം

പാല സ്വദേശിയാണ് സബീറ്റ. വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയ സബീറ്റയുടെ മൂത്തമകനാണ് മാക്‌സ് എന്ന് വിളിക്കുന്ന മാക്‌സ്‌വെൽ. ജനനസമയത്ത് തലയ്ക്കേറ്റ ക്ഷതം മൂലം ഭിന്നശേഷിക്കാരനായിരുന്നു മാക്‌സ്. മാക്‌സിന് ഒരു അനിയത്തിയുമുണ്ട് സാഷ. വിവാഹമോചനം നേടി കുഞ്ഞുങ്ങളുമായി തനിച്ച് ജീവിതം നയിച്ച സബീറ്റക്ക് താങ്ങും തണലുമായത് സൗഹൃദങ്ങളാണ്. ഇതിനിടെ 2017-ല്‍ മാക്‌സ് സബീറ്റയെയും സാഷയെയും വിട്ടുപിരിഞ്ഞു. കേരളത്തിലേക്ക് മടങ്ങിയ സബീറ്റ ഇപ്പോള്‍ കാക്കനാടാണ് താമസം.

മുന്‍ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമല്ല ഈ കുഞ്ഞുങ്ങള്‍

ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനോഭാവത്തിലുളള മാറ്റങ്ങളാണ്. ഭിന്നശേഷിക്കാരനായ കുഞ്ഞ് എന്ന് പറയുന്നത് ആരോഗ്യവാനായ ഒരു കുഞ്ഞിനെപ്പോലെ തന്നെയാണെന്ന് ചിന്തിക്കാനുളള മനഃസ്ഥിതി ആര്‍ക്കുമില്ല. കുഞ്ഞുങ്ങള്‍ ശാപമാണ്, അല്ലെങ്കില്‍ മുന്‍ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് എന്നൊക്കെ ചിന്തിക്കുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ടെന്നുളളത് ഞെട്ടിക്കുന്നു. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുളള രക്ഷിതാക്കളുടേത് ഒട്ടും എളുപ്പമുളള ഒരു ജീവിതമല്ല. അതുകൊണ്ടുതന്നെ എല്ലാവരും പറയുന്നത് പോലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ അനുഗ്രഹമാണ് എന്ന് കരുതുന്നത് ഒരിക്കലും പ്രാക്ടിക്കല്‍ അല്ല. പക്ഷേ, ഈ കുഞ്ഞുങ്ങളെ ഒരിക്കലും ഒരു ശാപമായി കാണരുത്. നമ്മുടെ മനോഭാവത്തില്‍ ചിന്താഗതിയില്‍ തന്നെ മാറ്റമുണ്ടായാല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന അമ്മമാരോട് നമുക്ക് ബഹുമാനവും കരുതലും എല്ലാം സ്വാഭാവികമായും തോന്നും.

സബീറ്റ മകനൊപ്പം

അമ്മയുടെ സാമൂഹിക ജീവിതത്തേക്കാളുപരി അവര്‍ക്ക് ആദ്യം പിന്തുണ ലഭിക്കേണ്ടത് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നാണ്. കുടുംബത്തിലുളളവര്‍ തന്നെ പിന്തുണച്ചു കഴിഞ്ഞാല്‍ മാനസികമായിട്ട് പിടിച്ചുനിൽക്കാൻ അമ്മയ്ക്ക് സാധിക്കും. വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്, കൂടുതല്‍ ഉത്തരവാദിത്തത്തോടെ അമ്മ കുഞ്ഞിനെ നോക്കുകയാണ്. അവരെ എങ്ങനെ സഹായിക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്.

ആരും നിങ്ങളെ പെര്‍ഫെക്ട് മദര്‍ എന്ന് വിളിക്കാന്‍ പോകുന്നില്ല

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ ശരിയായ രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാത്തതുകൊണ്ട് കുഞ്ഞിന്റെ ചെറുചലനം പോലും കൂട്ടിയും കിഴിച്ചും ഊഹിച്ചുമെല്ലാമാണ് അമ്മമാര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. കുഞ്ഞ് നെറ്റിചുളിക്കുന്നുണ്ടല്ലോ അവന് പല്ലുവേദനയായിരിക്കുമോ, വയറുവേദനയായിരിക്കുമോ അതോ തലവേദനയായിരിക്കുമോ അങ്ങനെയെല്ലാം ചിന്തിക്കാന്‍ ഒരമ്മയ്‌ക്കേ സാധിക്കൂ. അങ്ങനെ ഉളള ഒരു പിടിത്തമുളളതുകൊണ്ട് അമ്മമാര്‍ സ്വന്തം സാമൂഹിക ജീവിതം സ്വയമേ അങ്ങോട്ട് വേണ്ടെന്ന് വെക്കും, അതു ചെയ്യരുത്. പല അമ്മമാരും സാഹചര്യമുണ്ടായാല്‍ പോലും പുറത്തിറങ്ങാന്‍ തയ്യാറാകാത്തവരാണ്. ഇട്ടിട്ടുപോയാല്‍ അത്രയും സമയം കുഞ്ഞ് എങ്ങനെ അതിജീവിക്കും എന്നായിരിക്കും അവരുടെ ആശങ്ക. മറ്റു കുടുംബാംഗങ്ങള്‍ കൂടി ശ്രമിച്ചാല്‍ മാത്രമേ ആ അമ്മയ്ക്ക് വെളിയിലേക്കിറങ്ങി സാമൂഹിക ജീവിതത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ. കുഞ്ഞിനെന്ന പോലെ കുഞ്ഞിനെ നോക്കുന്ന അമ്മയ്ക്കും കരുതല്‍ ആവശ്യമാണ്. ഭര്‍ത്താവ് മുന്‍കൈയെടുത്ത് അമ്മയെ പുറത്ത് കൊണ്ടുപോകണം.

ചുറ്റുമുളളവരും അവരെ പിന്തുണയ്ക്കണം. എന്റെ മുഴുവന്‍ ജീവിതവും കുട്ടിയെ നോക്കി വീട്ടിലിരുന്നാല്‍ എനിക്ക് പ്രൊഡക്ടീവായ ഭാര്യയോ സുഹൃത്തോ ഒരു നോര്‍മല്‍ കുട്ടിയുണ്ടെങ്കില്‍ ആ കുഞ്ഞിന് ഒരു നോര്‍മല്‍ അമ്മയാകാനോ സാധിക്കില്ല. മാനസികമായി നമ്മള്‍ നല്ലരീതിയില്‍ ആയിരുന്നാല്‍ മാത്രമേ കുഞ്ഞിനും ഒരു നല്ല അമ്മയാകാന്‍ സാധിക്കൂ. ഞാനും എന്റെ കുഞ്ഞും എന്ന ലോകം മാത്രമാകുമ്പോള്‍ നിരാശരാകും. ചെറിയ കാര്യങ്ങള്‍ക്ക് വരെ ദേഷ്യപ്പെട്ടേക്കാം. നമ്മുടെ തന്നെ കുട്ടിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞിനെ അമ്മതന്നെ ഉപദ്രവിച്ചേക്കാം.

കുഞ്ഞും ഞാനും എന്ന ഇട്ടാവട്ടത്തിലുളള ലോകത്തിനപ്പുറത്ത് എനിക്കൊരു ജീവിതം വേണമെന്ന് അമ്മയും ചിന്തിക്കണം. നമ്മള്‍ മാനസികമായി കൂള്‍ ആയിരുന്നാല്‍ മാത്രമേ നല്ല അമ്മയാകാന്‍ പറ്റുകയുളളൂ. അല്പം മീ ടൈം കണ്ടെത്തണം. പുറത്തിറങ്ങി ഇടവേളയെടുക്കണം. നമ്മളെ പോലെ വിഷമം അനുഭവിക്കുന്ന ബാക്കി അമ്മമാരോട് സംസാരിക്കണം. ഒരവധിയില്ലാതെ, നാലു ചുമരുകള്‍ക്കകത്ത് സങ്കടഭാരവുമായി കഴിഞ്ഞാല്‍ ആരും നിങ്ങളെ പെര്‍ഫെക്ട് മദര്‍ എന്ന് വിളിക്കാന്‍ പോകുന്നില്ല, ദ ബെസ്റ്റ് മദര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കാനും പോകുന്നില്ല. അതിനേക്കാളെല്ലാം പ്രധാനമാണ് അമ്മമാര്‍ ആരോഗ്യത്തോടെയിരിക്കുക എന്നുളളത്.

കുറ്റപ്പെടുത്തി പറയുന്ന ഒരു ഭര്‍ത്താവ്, അല്ലെങ്കില്‍ വീട്ടുകാര്‍ ഉണ്ടെങ്കില്‍ തുറന്ന് പറയുക. ഡിപ്രഷനിലോ ഫിസിക്കല്‍ ബുദ്ധിമുട്ടിലോ പോകാതെ നോക്കണമെങ്കില്‍ നിങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയതേ മതിയാകൂ. അതുപോലെ തനിച്ചുളളവര്‍ നല്ല സൗഹൃദങ്ങൾ കണ്ടെത്തണം. ഞാന്‍ ഡിവോഴ്‌സ്ഡ് സിംഗിള്‍ മദറായിരുന്നു. എനിക്ക് ഭിന്നശേഷിയുളള ഒരു കുഞ്ഞും നോര്‍മല്‍ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. വിദേശത്തായിരുന്ന എന്നെ സഹായിക്കാന്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ പിടിച്ചുനിന്നത് ആത്മാര്‍ഥമായ സൗഹൃദങ്ങളുടെ പുറത്താണ്.

ഏത് പാതിരാത്രിയിലും എനിക്ക് കൊച്ചിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ ഒന്നുവരാമോ, അല്ലെങ്കില്‍ ഇളയമകളെ വീട്ടില്‍ കൊണ്ടുകിടത്തട്ടേ എന്നുചോദിക്കാന്‍ ഇടങ്ങളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയെ നല്ല കാര്യത്തിനായി ഉപയോഗിക്കണം. ഇത്തരം നല്ല കൂട്ടായ്മകള്‍ ഉണ്ടാകണം. അവര്‍ക്ക് വളരെക്കുറച്ച് സമയമേ ഭൂമിയിലുളളൂ. നമുക്ക് കഴിയാവുന്നത്ര നന്നായി നോക്കാം. വേണ്ടപ്പോള്‍ സഹായം തേടുക. ചില സമയത്ത് ഇതൊരു തനിച്ചുളള പോരാട്ടമായി തോന്നാം. പക്ഷേ ശാരീരിക-മാനസികാരോഗ്യത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വേണം ആ പോരാട്ടം തുടരാന്‍. നിങ്ങള്‍ക്ക് നിങ്ങളെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റാരെയും നിങ്ങള്‍ക്ക് ശ്രദ്ധിക്കാനാവില്ല അതോര്‍ക്കണം.

പാശ്ചാത്യ രാജ്യങ്ങളിലുണ്ട് മികച്ച മാതൃകകള്‍

കേരളത്തില്‍, ഇന്ത്യയില്‍ തന്നെ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ലഭിക്കുന്ന സഹായം വളരെ കുറവാണ്. വളരെ ലിമിറ്റഡ് റിസോഴ്‌സാണ് ഇവിടെയുളളത്. ഇവര്‍ക്കായി ഒരു സ്‌പെഷ്യലൈസ്ഡ് വാഹനമുണ്ടോ ഇവിടെ. പണമുളളവര്‍ക്ക് മോഡിഫൈ ചെയ്ത് വാങ്ങാം ഇല്ലാത്തവര്‍ക്ക് വാടകയ്ക്ക് പോലും അങ്ങനെ ഒരു വാഹനം ലഭിക്കാനുളള സാധ്യതയുണ്ടോ? ഒരു സിംഗിള്‍ മദറാണെന്ന് കരുതൂ. അവര്‍ക്ക് കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നു. എങ്ങനെ കൊണ്ടുപോകും.

മുഴുവന്‍ സമൂഹത്തിന്റെ തന്നെ ചിന്താഗതിയില്‍ മാറ്റം വരേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കാണ് പ്രഥമ പരിഗണന. ഉദാഹരണത്തിന് നല്ല തിരക്കുളള റെസ്‌റ്റോറന്റില്‍ ഭിന്നശേഷിക്കാരനായ കുഞ്ഞുമായി വീല്‍ചെയറില്‍ തളളി എത്തിയാല്‍ എല്ലാവരും മാറിത്തന്ന് നമ്മളെ ആദ്യം കയറ്റിവിടും. അതെന്തുകൊണ്ടാണ് അവരുടെ മനോഭാവത്തിലുളള വ്യത്യാസം കൊണ്ടാണ്. തുറിച്ചുനോട്ടങ്ങളില്ല. കുഞ്ഞുകുട്ടികള്‍ കൗതുകത്തോടെ നോക്കുന്നത് കാണാം. അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതും കാണാം. അവരെ തുറിച്ചുനോക്കരുത്, അവരോട് കരുണയാണ് കാണിക്കേണ്ടത്.

പാശ്ചാത്യരാജ്യങ്ങളില്‍ ഒരു ഫണ്ട് തന്നെ ഭിന്നശേഷിക്കാരായ കുടുംബത്തിന് സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. നമുക്ക് റിസോഴ്‌സസ് വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഒരു പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുളള ഒരു താരതമ്യം ശരിയല്ല. നിരവധി സര്‍ക്കാര്‍ പദ്ധതികളാണ് അവിടെയുളളത്. വരുമാനം കുറവാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് 100 ശതമാനം ചികിത്സയും ഹോംകെയറും സൗജന്യമായി ലഭിക്കുന്ന പദ്ധതികളുണ്ട്. വീട്ടില്‍തന്നെ കുട്ടികളെ പരിചരിക്കുന്നതിനായി നഴ്‌സസ് വന്നിരുന്നിട്ട് അമ്മമാരെ വെളിയില്‍ വിടാനുളള സാഹചര്യങ്ങളുണ്ട്. അമ്മയ്ക്ക് വീട്ടില്‍ വന്ന് പരിശീലനം നല്‍കുന്ന പദ്ധതികളുണ്ട്. സിംഗിള്‍ മദറാണ്, ഒരു കടയില്‍ പോകണം. നഴ്‌സിനെ വിളിക്കാം. അവര്‍ കുഞ്ഞിനെ നോക്കി വാഹനത്തില്‍ ഇരിക്കും. നമുക്ക് ഡ്രൈവ് ചെയ്ത് പോകാം. ഹോംകെയറിനെ ഭയങ്കരമായിട്ട് അവിടെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ നമുക്കത് ചിന്തിക്കാന്‍ പറ്റില്ല.

സര്‍ക്കാരിന്റെ ഫണ്ടെടുത്ത് അത്തരത്തില്‍ ഒരു ഹോംകെയര്‍ നല്‍കാന്‍ നമുക്ക് സാധിക്കുമോ. ഭിന്നശേഷി സൗഹൃദമായ റോഡുകളോ പൊതുശൗചാലയങ്ങളോ വരെ നമുക്ക് കുറവാണ്. കെട്ടിടനിര്‍മാണത്തിന് അനുമതി കിട്ടുന്നതിന് വേണ്ടി ഒട്ടും സുരക്ഷിതമല്ലാത്ത മേക്ക്ഷിഫ്റ്റ് റാമ്പുപോലെ ഒന്ന് തടിവെച്ചിട്ടോ മറ്റോ ഉണ്ടാക്കി വെക്കും. വീല്‍ചെയര്‍ തളളിക്കൊണ്ടുപോകാന്‍ ഒരു സൈഡ് വാക്കില്ല. റോഡ് തന്നെ ശരിയല്ല പിന്നെ എങ്ങനെയാണ് സൈഡ് വാക്ക്? ഭിന്നശേഷിക്കാരനായ കുഞ്ഞിന്റെ കുടുംബം ഒരു സാധാരണ ജീവിതം അര്‍ഹിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് പോലുമില്ല.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ഒരുമിച്ച് കൂടാനും പ്രശ്‌നങ്ങള്‍ ഷെയര്‍ ചെയ്യാനും കൗണ്‍സിലര്‍മാരുടെ സേവനം അമേരിക്കയില്‍ രാപകല്‍ വ്യത്യാസമില്ലാതെ ലഭിക്കും. കുഞ്ഞിനെ നോക്കി നോക്കി മാനസികമായി തളര്‍ച്ച നേരിടുന്ന സമയങ്ങളില്‍, അതേത് പാതിരാത്രിയാണെങ്കിലും അവരെ വിളിച്ച് സംസാരിക്കാം. അവര്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കും. ആ ഒരു മോശം നിമിഷത്തെ പിന്നിട്ട് ഊര്‍ജസ്വലതയോടെ പിറ്റേന്ന് രാവിലെ ഉണരുവാൻ ആ സംഭാഷണങ്ങളിലൂടെ സാധിക്കും. സ്‌കൂളുകളിലാണെങ്കിലും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തുന്ന പതിവില്ല. ഇതെല്ലാം നാം മാതൃകയാക്കേണ്ടതാണ്. - സബീറ്റ പറയുന്നു.


ജോലിക്കു പോകുമ്പോള്‍ ഭിന്നശേഷിക്കാരായ മക്കളെ നോക്കാന്‍ ആളില്ലാത്ത, അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ മടിക്കുന്ന, ഓഫീസിനും വീടിനും ഇടയില്‍ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. ഭിന്നശേഷി സൗഹാര്‍ദ്ദമെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാടിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും കുറിച്ച് അവര്‍ക്ക് ഒരുപാട് പരാതികളും ഉണ്ട്. പെന്‍ഷന്‍ നല്‍കുന്നതിനപ്പുറത്തേക്ക് ഭിന്നശേഷിക്കാരായ കുട്ടികളുടെ കണക്ക് കൃത്യമായി എടുക്കാന്‍ സര്‍ക്കാര്‍ ആദ്യം നടപടി എടുക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌കൂളുകളുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ. പകല്‍സമയത്ത് കുട്ടികളെ നോക്കാനും രക്ഷിതാക്കള്‍ മരിച്ച പ്രായമായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അടച്ചുപൂട്ടിയ കട്ടിടങ്ങള്‍ക്ക് അപ്പുറം ഇത്തരം കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള സംവിധാനങ്ങള്‍ ഉള്ള കുട്ടികളെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച ട്രെയിനര്‍മാരുള്ള കുട്ടികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്ന മികച്ച നിലവാരം ഉള്ള കേന്ദ്രങ്ങള്‍ വരണമെന്ന് തന്നെയാണ് ഈ അമ്മമാരുടെയെല്ലാം ആവശ്യം

Content Highlights: differently abled awareness campaign idam nalkam makkalk ammak jeevithavum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented