സജീദേവി, ബിന്ദു, പ്രിയങ്ക, സുജ...! ജീവിതത്തിന്റെ കയ്പുനീർ കുടിക്കുന്നവർ എത്രയെത്ര


രാജി പുതുക്കുടി

സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'

.

ജോലിക്കു പോകുമ്പോള്‍ ഭിന്നശേഷിക്കാരായ മക്കളെ നോക്കാന്‍ ആളില്ലാത്ത, അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാന്‍ മടിക്കുന്ന, ഓഫീസിനും വീടിനും ഇടയില്‍ ജീവിതം കുരുങ്ങിപ്പോയ, തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കുമെന്ന് ആലോചിച്ച് നീറിപ്പുകയുന്ന ഒരുപാട് അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. ഭിന്നശേഷി സൗഹാര്‍ദ്ദമെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ നാടിനേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും കുറിച്ച് അവര്‍ക്ക് ഒരുപാട് പരാതികളും ഉണ്ട്. പെന്‍ഷന്‍ നല്‍കുന്നതിനപ്പുറത്തേക്ക് ഭിന്നശേഷിക്കാരായ കുട്ടികളുടെ കണക്ക് കൃത്യമായി എടുക്കാന്‍ സര്‍ക്കാര്‍ ആദ്യം നടപടി എടുക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌കൂളുകളുടെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധ. പകല്‍സമയത്ത് കുട്ടികളെ നോക്കാനും രക്ഷിതാക്കള്‍ മരിച്ച പ്രായമായ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അടച്ചുപൂട്ടിയ കട്ടിടങ്ങള്‍ക്ക് അപ്പുറം ഇത്തരം കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള സംവിധാനങ്ങള്‍ ഉള്ള കുട്ടികളെ പരിചരിക്കാന്‍ പരിശീലനം ലഭിച്ച ട്രെയിനര്‍മാരുള്ള കുട്ടികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുന്ന മികച്ച നിലവാരം ഉള്ള കേന്ദ്രങ്ങള്‍ വരണമെന്ന് തന്നെയാണ് ഈ അമ്മമാരുടെയെല്ലാം ആവശ്യം


എന്റെ കാലശേഷം മകളെ ആരെ നോക്കും

സജീദേവി, ഡൗണ്‍സിന്‍ഡ്രോം ബാധിച്ച 20 വയസ്സുകാരി വൈഷ്ണവിയുടെ അമ്മ. 10 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോളാണ് ഡൗണ്‍സിന്‍ഡ്രോം ബാധിച്ച മകളേയും കൊണ്ട് ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് സജീദേവി ആദ്യമായി ചിന്തിച്ചത്. ഭര്‍ത്താവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് ഫാമിലി പെന്‍ഷന്‍ ആയി ലഭിക്കുന്ന 10,000 രൂപയായിരുന്നു ആകെ വരുമാനം. മൂത്തമകനെ സ്‌കൂളില്‍ വിട്ട ശേഷം വൈഷ്ണവിയേയും കൂട്ടി സ്‌പെഷ്യല്‍ സ്‌കൂളില്‍ പോയി തുടങ്ങി. ബസ്സില്‍ കുട്ടിയെ കൊണ്ട് പോകാന്‍ കഴിയാത്തതിനാല്‍ ഓട്ടോയിലാണ് വഴുതക്കാടുള്ള സ്‌കൂളിലേക്കുള്ള യാത്ര. ഏകദേശം 700 രൂപയോളം ചെലവ് വരും. സജീദേവിയുടെ അവസ്ഥ മനസ്സിലാക്കി സ്‌കൂള്‍ മാനേജ്‌മെന്റ് അവിടെ സജീദേവിയ്ക്കും ജോലി നല്‍കി, ശമ്പളം 5000 രൂപ.

പക്ഷേ, കോവിഡിന് ശേഷം സജീദേവി ജോലിയ്ക്ക് പോകുന്നത് പുനരരാംഭിച്ചതോടെയാണ് പ്രതിസന്ധിയുടെ മറ്റൊരു മുഖം കണ്ടത്. പതിനെട്ട് വയസ്സു കഴിഞ്ഞ മകളെ ആര് നോക്കുമെന്നായി പ്രശ്‌നം. സ്വകാര്യ സ്ഥാപനങ്ങള്‍ ചോദിക്കുന്നത് വന്‍തുക ഫീസ്, ഒരാളെ മകളെ നോക്കാന്‍ ഏല്‍പ്പിക്കണമെങ്കില്‍ 6000 രൂപ നല്‍കണം. സ്വന്തമായി ഭക്ഷണം കഴിക്കാനും ബാത്ത്‌റൂമില്‍ പോകാനും മകള്‍ പ്രാപ്തയായിട്ട് കൂടി ഇങ്ങനെ ഒരു പെൺകുട്ടിയെ നോക്കാന്‍ സ്ഥിരമായി ഒരാളെ കിട്ടുന്നില്ല. ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ തന്റെ കാലശേഷം മകള്‍ക്ക് ആരുണ്ടാകുമെന്നതാണ് ഇപ്പോള്‍ സജീദേവിയുടെ ഉറക്കം കെടുത്തുന്നത്. ആശങ്ക കൂട്ടുന്ന ഒരു ഉദാഹരണം സജീദേവിയ്ക്ക് മുന്നില്‍ തന്നെയുണ്ട്. അമ്മ മരിച്ചതോടെ പ്രതിസന്ധിയിലായിപ്പോയ ബിന്ദുവിന്റെ ജീവിതം

അമ്മ മരിച്ചിട്ട് ഒരു വര്‍ഷം, നിസ്സഹായയായി പോയ ബിന്ദു

39 വയസ്സുകാരിയാണ് ബിന്ദു. അഞ്ച്‌ ആണ്‍കുട്ടികള്‍ക്ക് ശേഷം ജനിച്ച പെണ്‍കുട്ടി. ഓട്ടിസ്റ്റിക് ആയ ബിന്ദുവിനെ അമ്മ താലോലിച്ച് വളര്‍ത്തി. ഭക്ഷണം കഴിക്കാനോ ആര്‍ത്തവം ഉള്‍പ്പടെയുള്ള പ്രാഥമിക കാര്യങ്ങള്‍ ചെയ്യാനോ പോലും പരിശീലിപ്പിച്ചില്ല. അമ്മ മരിച്ചതോടെ ബിന്ദുവിനെ ആര് നോക്കുമെന്നായി അവസാനം അഞ്ച് സഹോദരങ്ങളും മാറി മാറി നോക്കാന്‍ തീരുമാനിച്ചു ഓരോ മാസവും ഓരോ വീട്ടില്‍. പക്ഷെ, അവിടേയും പ്രശ്‌നം. ഇതില്‍ ചില സഹോദരങ്ങളുടെ ഭാര്യമാര്‍ ജോലിക്കാരാണ്, മക്കള്‍ പഠിക്കുന്നവരും. കോവിഡ് കാലത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല, പക്ഷെ, അടുത്ത മാസം ക്ലാസ് തുടങ്ങിയാല്‍ മക്കളു പോകും പിന്നെ ബിന്ദുവിനെ ആര് നോക്കും?

ഈ പ്രായത്തിലും തനിച്ച് ഒന്നും ചെയ്യാന്‍ അറിയാത്തതിനാല്‍ വീട്ടില്‍ പൂട്ടിയിട്ട് പോലും പോകാന്‍ പറ്റില്ല, ഈ പ്രായത്തിലുള്ള ഒരാളെ നോക്കാനും ആളെ കിട്ടാനില്ല. തിരുവനന്തപുരത്ത് ഗാന്ധിഭവന്‍ മാത്രമാണ് ആകെയുള്ള അഡല്‍റ്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍. സ്ത്രീ ആയതുകൊണ്ടും എല്ലാത്തിനും പരസഹായം വേണ്ടതുകൊണ്ടും അവിടെ അഡ്മിഷന്‍ കിട്ടിയില്ല. പല സ്വകാര്യ സ്ഥാപനങ്ങളേയും സമീപിച്ചു പലര്‍ക്കും സ്ത്രീയായതിനാല്‍ നോക്കാന്‍ വിമുഖത, മറ്റു ചിലര്‍ക്ക് അറിയേണ്ടത് അവളുടെ പേരില്‍ എത്ര സ്വത്തുണ്ട് എത്ര പണം ഉണ്ടെന്നാണ്. ആരേയും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥ. നോക്കാന്‍ ഒരാളേയോ പകല്‍ സമയത്ത് സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ഒരിടമോ തേടിയുള്ള ഓട്ടത്തിലാണ് ബിന്ദുവിന്റെ ബന്ധുക്കള്‍. ഇതുമാത്രമല്ല ആശങ്ക. സഹോദരങ്ങളെല്ലാം ബിന്ദുവിനേക്കാള്‍ പ്രായമുള്ളവരാണ്. പലര്‍ക്കും പ്രായമായി ഇവരുടെ കാലശേഷം ബിന്ദുവിനെ ആര് നോക്കും?

ഓട്ടിസം ബാധിച്ച ഇരട്ടക്കുട്ടികള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു ആശങ്കയുടെ നടുവിലാണ് പ്രിയങ്കയും

തിരുവനന്തപുരം സ്വദേശിയായ പ്രിയങ്കയ്ക്ക് ഇരട്ടക്കുട്ടികളാണ്. ആര്യനും ആദിത്യനും. രണ്ട് പേര്‍ക്കും ഓട്ടിസം, ഒരാള്‍ ഹൈപ്പര്‍ ആക്ടീവ്. ഭര്‍ത്താവും ഉപേക്ഷിച്ചു. മക്കളെ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിട്ട ശേഷമായിരുന്നു നേരത്തെ പ്രിയങ്ക ഓഫീസില്‍ പോയിരുന്നത്. മക്കളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാനോ ഡോക്ടറെ കാണിക്കാനോ പോലും പോകാന്‍ പേടിയാണ്. കിടന്നുപോയാല്‍ മക്കളെ ആര് നോക്കുമെന്നതാണ് പ്രിയങ്കയുടെ ഏറ്റവും വലിയ ആധി. കോവിഡ് കാലത്ത് സ്‌കൂള്‍ അടച്ചതോടെ പ്രായമായ അച്ഛനാണ് ജോലിയ്ക്ക് പോകുമ്പോള്‍ മക്കളെ നോക്കാന്‍ പ്രിയങ്കയെ സഹായിക്കുന്നത്,

പക്ഷെ, പതിനഞ്ചുകാരായ, ഒരു നിമിഷം പോലും വെറുതെ ഇരിക്കാത്ത രണ്ട് കുട്ടികളുടെ കൂടി പ്രായമായ അച്ഛനും തളര്‍ന്ന് തുടങ്ങി. ഈ കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ഉള്ള പ്രയാസം വേറേയും. വീടിനുള്ളില്‍ അടച്ചിടാന്‍ തുടങ്ങിയതോടെ മക്കളുടെ മാനസികാവസ്ഥയും മാറിത്തുടങ്ങി. കുട്ടികള്‍ കൂടുതല്‍ പ്രശ്‌നക്കാരായി. അഡോളസെന്റ് ഏജിന്റെ പ്രശ്‌നങ്ങളും കുട്ടികള്‍ കാണിച്ചു തുടങ്ങി. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മക്കളുടെ പരാതിയും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സമയമേ ബാക്കിയുളളൂ. സിംഗിള്‍ പാരന്റായ പ്രിയങ്കയും ചിന്തിച്ച് തുടങ്ങി സ്‌കൂള്‍ തുറന്നാല്‍ കുറച്ച് കാലം കൂടി സ്‌കൂളിലയക്കാം. പക്ഷെ, അത് കഴിഞ്ഞാല്‍ ജോലിയ്ക്ക് പോകുമ്പോള്‍ എന്തുചെയ്യും? സിംഗിള്‍ പാരന്റായതിനാല്‍ ജോലി അത്യാവശ്യമാണ്. ഓട്ടിസം ബാധിച്ച കുഞ്ഞിനെ ടോയ്‌ലറ്റില്‍ അടച്ചിട്ട് ജോലിക്ക് പോകേണ്ട അവസ്ഥയിലൂടെ കടന്ന് പോയ ഒരു സുഹൃത്തിന്റെ മുഖമാണ് പലപ്പോളും പ്രിയങ്കയ്ക്ക് ഓര്‍മ്മ വരുക. തന്റെ കാലശേഷം തന്റെ രണ്ട് മക്കളുടെ ജീവിതം എന്താവും എന്ന പേടി വേറേയും

കൗമാരക്കാരിയായ എന്റെ മകളെ ആരെ വിശ്വസിച്ച് ഏല്‍പ്പിക്കും

സര്‍ക്കാര്‍ ജീവനക്കാരി സുജയുടെ മൂത്ത മകള്‍ക്ക് ഓട്ടിസമാണ്. ഡെവലപ്പ്‌മെന്റല്‍ ഡിലേയും ഉണ്ട്. മകള്‍ക്ക് 14 വയസ്സുണ്ടെങ്കിലും ജനിച്ച് വീണ കുട്ടിയുടെ അവസ്ഥയാണ്. പ്രാഥമിക കൃത്യങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കണം. ഇടയ്ക്ക് ശബ്ദം മാത്രം ഉണ്ടാക്കും. ഭര്‍ത്താവിന്റെ കുടുംബം കുട്ടിയെ നോക്കില്ലെന്ന് തുറന്ന് പറഞ്ഞതിനാല്‍ സുജയുടെ അമ്മയാണ് സഹായം. നേരത്തെ രാവിലെ കുട്ടിയെ സ്‌കൂളില്‍ വിട്ടാണ് സുജ ജോലിയ്ക്ക് പോയിരുന്നത്. മൂന്നു മണിയോടെ സ്‌കൂളിന്റെ പ്രവര്‍ത്തന സമയം കഴിയും. 5.30 വരെ അവിടെയുള്ള ആയ കുട്ടിയെ നോക്കും. പലപ്പോളും ഓഫീസില്‍ നിന്ന് അഞ്ചു മിനുറ്റ് നേരത്തെ ഇറങ്ങിയാണ് 5.30ന് മുമ്പ് സ്‌കൂളില്‍ എത്തിയിരുന്നത്.

ഓഫീസില്‍ പഞ്ചിങ് സംവിധാനം വന്നാല്‍ പിന്നെ കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പറ്റിയെന്ന് വരില്ലെന്ന് പറയുന്നു സുജ. ജോലി ഒഴിവാക്കാനുള്ള സാഹചര്യമില്ല, കൂട്ടുള്ള അമ്മയ്ക്ക് രണ്ട് തവണ സ്‌ട്രോക്ക് വന്ന് കഴിഞ്ഞു. മുഴുവന്‍ സമയവും അമ്മയ്ക്ക് മകളെ നോക്കാന്‍ കഴിയില്ല, അമ്മയ്ക്ക് അസുഖം വരുമ്പോളെല്ലാം മകളെ നോക്കാന്‍ അവധി എടുക്കണം. ഭര്‍ത്താവാകാട്ടേ ഹൃദ്രോഗിയും. ആരെങ്കിലും ചൂഷണം ചെയ്താല്‍ അത് പോലും മനസ്സിലാകാത്ത കൗമാരക്കാരിയായ മകളെ ആരെ വിശ്വസിച്ച് ഏല്‍പ്പിക്കും എന്നതാണ് സുജയേയും നിസ്സഹായയാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ പലതും ഈ പ്രായത്തിലുള്ള പെണ്‍കുട്ടിയെ നോക്കാനാവില്ലെന്ന് പറയുന്നു. നോക്കാമെന്ന് പറയുന്നവര്‍ ആവശ്യപ്പെടുന്നത് താങ്ങാനാകാത്ത തുക.

Content Highlights: differently abled awareness campaign idam nalkam makkalk ammak jeevithavum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented