.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഗാന്ധി നഗറിലുള്ള ലക്ഷ്മിയുടെ വീട്ടില്‍ വേദനകളുടെ ദുരിതപ്പെയ്ത്താണ്. 34 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ലക്ഷ്മി സന്തോഷമറിഞ്ഞത് ഏതാനും ദിവസങ്ങള്‍ മാത്രം. ആദ്യവിവാഹത്തിലുണ്ടായ 12 വയസ്സുള്ള ഓട്ടിസം ബാധിച്ച മകന്‍, മാനസികരോഗത്തിന് ചികിത്സ തേടുന്ന അമ്മ, വികലാംഗയായ മറ്റൊരു സ്ത്രീ, രണ്ടാം വിവാഹത്തിലുള്ള ആറു മാസം പ്രായമായ കുഞ്ഞ്, പെയിന്റിങ് ജോലിക്കാരനായ ഭര്‍ത്താവ് ഇവരെല്ലാം അടങ്ങുന്നതാണ് ലക്ഷ്മിയുടെ കുടുംബം.
വേദനകളുടെ തുടക്കം
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലക്ഷ്മിക്കും ആദ്യഭര്‍ത്താവിനും മിഥില്‍ എന്ന മകന്‍ ജനിക്കുന്നത്. പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിന് തുടക്കത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും കണ്ടിരുന്നില്ല. പക്ഷേ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവന്‍ മെല്ലെപ്പോക്കുകാരനായി. നടക്കാന്‍ വൈകി. ഒരു മിനിറ്റ് പോലും അടങ്ങിയിരിക്കാത്തത്ര കുസൃതി സഹിക്കാൻ കഴിയാതായപ്പോൾ അവനെയും കൊണ്ട് ലക്ഷ്മിയും ഭര്‍ത്താവും ആശുപത്രിയില്‍ എത്തി. കുട്ടിക്ക് ഹൈപ്പര്‍ ആക്ടിവിറ്റിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, സ്വയം മുറിവേല്‍പ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെയും ഉപദ്രവിച്ചു തുടങ്ങിയതോടെ അവര്‍ അവനെയും കൊണ്ട് വീണ്ടും ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മിഥിലിന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞു.
കുഞ്ഞിന് ഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞതോടെ ലക്ഷ്മിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. തന്നെ നോക്കി പല്ലിളിച്ചു നില്‍ക്കുന്ന ജീവിതത്തിന് മുന്നില്‍ മനസ്സു പതറിയ ലക്ഷ്മി ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. തെങ്ങിന് അടിക്കുന്ന കീടനാശിനി എടുത്ത് കുടിച്ചു. ബോധരഹിതയായി കിടന്ന അവളെയുമെടുത്ത് അയല്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടി. നാളുകള്‍ നീണ്ട ചികിത്സയ്ക്കും വേദനകള്‍ക്കും ശേഷം ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിയെത്തി. മകന് വേണ്ടി ഇനിയുളള ജീവിതമെന്ന് ഉറപ്പിച്ചാണ് ആശുപത്രിയില്‍നിന്നു ലക്ഷ്മി വീട്ടിലേക്ക് ഇറങ്ങിയത്. അന്നു മുതല്‍ ഇന്നുവരെ നിര്‍ത്താതെയുളള ഓട്ടത്തിലാണ് ലക്ഷ്മി.
Also Read
ഓട്ടിസം ബാധിച്ച മകനെ മാനസികരോഗമുള്ള അമ്മയെ ഏല്‍പ്പിച്ച് ജോലിക്ക് പോകാന്‍ കഴിയില്ലല്ലോ. ആരുടെയൊക്കെയോ മനസ്സലിവുകൊണ്ട് കുറച്ചുനാള്‍ പിടിച്ചുനിന്നു. ലക്ഷ്മിയുടെ കഷ്ടപ്പാടുകള്‍ കണ്ടാണ് ലക്ഷ്മി അമ്മ എന്നു വിളിക്കുന്ന പ്രസന്ന അവളെ സഹായിക്കാമെന്നേറ്റത്. കുട്ടിയെയും ലക്ഷ്മിയുടെ അമ്മയെയും പ്രസന്ന നോക്കിക്കൊള്ളാമെന്നേറ്റു. അവര്‍ ലക്ഷ്മിയോട് ജോലിക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ''എന്റെയുള്ളില്‍ ജീവനുള്ളയിടത്തോളം കാലം, എന്റെ മകനെ നോക്കുന്നത് പോലെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അമ്മയോട് പറഞ്ഞു. എനിക്ക് കിട്ടിയ സ്നേഹത്തണല്‍ ആയിരുന്നു അത്''- ലക്ഷ്മി പറഞ്ഞു.
വീടിന് സമീപമുള്ള ദന്താശുപത്രിയില്‍ ലക്ഷ്മി അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിച്ചു. അവിടുന്നു കിട്ടിയ തുച്ഛമായ ശമ്പളം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തികയില്ലായിരുന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യസമുള്ള ലക്ഷ്മിക്ക് മറ്റൊരു ജോലി ലഭിക്കുക എളുപ്പവുമായിരുന്നില്ല. അങ്ങനെയിരിക്കെ, അവിചാരിതമായാണ് ഓട്ടോ ഓടിക്കാന്‍ അവസരം കിട്ടിയത്. കുറച്ചു ദിവസത്തിനുള്ളില്‍ ഓട്ടോ ഓടിക്കാന്‍ ലക്ഷ്മി പ്രാവീണ്യം നേടി. വൈകാതെ, വാടകയ്ക്ക് എടുത്ത് ലക്ഷ്മി ഓട്ടോ ഓടിക്കാന്‍ തുടങ്ങി. സ്‌കൂളുകളില്‍ കുട്ടികളെ കൊണ്ടുവിടുന്നതായിരുന്നു പ്രധാന വരുമാനമാര്‍ഗം. പക്ഷേ, ഓട്ടോയുടെ വാടക കൊടുത്തു കഴിഞ്ഞാല്‍ മിച്ചം പിടിക്കാന്‍ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. പിന്നീട്, ദിവസം നൂറു രൂപ വാടകയിനത്തില്‍ എറണാകുളത്തെ വൈ.ഡബ്ല്യു.സി.എ. ഓട്ടോ വിട്ടുനല്‍കി. മകന്റെ പഠനച്ചെലവ്, ചികിത്സാച്ചെലവ്, അമ്മയുടെ ചികിത്സ, വീട്ടിലെ ചെലവ് എന്നിവയെല്ലാം ലക്ഷ്മിയുടെ മാത്രം വരുമാനത്തില്‍ ഓടിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് ഇടിത്തീയായി പ്രളയവും കോവിഡുമെത്തിയത്.
ചിലപ്പോള്‍ അക്രമാസക്തനാകുന്ന സ്വഭാവമുണ്ട് മിഥിലിന്. ആ സമയങ്ങളില്‍ അവന്‍ സ്വയം പരിക്കേല്‍പ്പിക്കും. അല്ലെങ്കില്‍ കൂടെയുള്ളവരെ ഉപദ്രവിക്കും. വേദനയും വിശപ്പും ഒന്നും അവന് അറിയില്ല. സംസാരിക്കുകയും ഇല്ല. സ്വയം കടിച്ച് മുറിവേല്‍പ്പിക്കുകയാണ് അത്തരം ദിവസങ്ങളില്‍ പതിവ്. സ്വന്തം കാലിലും കൈകളിലും അവന്‍ കടിച്ച് ആഴത്തിലുള്ള മുറിവ് ഉണ്ടാക്കും. ചോര ഒഴുകുന്നത് കാണുമ്പോഴാണ് മറ്റുള്ളവര്‍ അറിയുക. അപ്പോള്‍ അവനെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടണം. ചിലപ്പോള്‍ രാത്രിയിലായിരിക്കും മിഥിലിന്റെ സ്വഭാവം പെട്ടെന്ന് മാറുന്നത്. ആശുപത്രിയിലേക്ക് പോകാന്‍ അയല്‍ക്കാരുടെ സഹായം വേണ്ടി വരും. പക്ഷേ, അത് അവര്‍ക്കും ബുദ്ധിമുട്ടായി തുടങ്ങി.
ഓട്ടിസം ബാധിച്ച മകനെ എല്ലാവരും അവജ്ഞയോടെ ആണ് കണ്ടിരുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവനെ പേടിയാണ്. ആരും തുണയില്ലാതെ ലക്ഷ്മി കഷ്ടപ്പെട്ടു. ലക്ഷ്മിയുടെ അവസ്ഥ കണ്ടറിഞ്ഞ് പെയിന്റിങ് ജോലിക്കാരനായ ഒരാള്‍ അവളുടെ ജീവിത്തിലേക്കെത്തി. രണ്ടുവര്‍ഷം മുമ്പ് ഇരുവരുടെയും വിവാഹം കഴിഞ്ഞു. സഹോദരങ്ങള്‍ മാത്രമാണ് അയാള്‍ക്കുണ്ടായിരുന്ന ബന്ധുക്കള്‍. പക്ഷേ, ലക്ഷ്മിയുടെ മകന് ഓട്ടിസമുളളതിനാല്‍ രണ്ടാം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇവരെ സ്വീകരിച്ചില്ല. ഈ ബന്ധത്തില്‍ ലക്ഷ്മിക്ക് ആറു മാസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കുന്ന ലക്ഷ്മി വീട്ടിലെ ജോലികള്‍ തീര്‍ത്ത്, കുഞ്ഞിന് പാല് നല്‍കി രാവിലെ ആറു മണിക്ക് ഓട്ടം പോകും. സ്ഥിരമായുള്ള ഓട്ടമാണത്. ഒന്‍പത് മണിയാകുമ്പോള്‍ തിരികെയെത്തും. കുഞ്ഞിന് പാലും കുറുക്കും നല്‍കിയ ശേഷം മിഥിലിന്റെ കാര്യങ്ങള്‍ നോക്കിയിട്ട് വീണ്ടും ഓട്ടം പോകും. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ലക്ഷ്മി വീട്ടിലെത്തും. ''ചിലപ്പോള്‍ മൂന്ന് മണിക്കൂര്‍ കൊണ്ടൊന്നും എത്താന്‍ പറ്റില്ല. ഗതാഗതക്കുരുക്കില്‍പ്പെട്ടേക്കാം. അല്ലെങ്കില്‍ ദൂരെയെവിടെയെങ്കിലും ഓട്ടം ലഭിച്ചിട്ടുണ്ടാകും. ഈ സമയമെല്ലാം വീട്ടില്‍ കാലുവയ്യാത്ത അമ്മയാണ് കുഞ്ഞിനെയും മിഥിലിനെയുമെല്ലാം നോക്കുന്നത്''-ലക്ഷ്മി പറഞ്ഞു.
മിഥിലിനെയും കൊണ്ട് എല്ലാ ദിവസും ലക്ഷ്മി തന്റെ ഓട്ടോയില്‍ പുറത്തുപോകും. ഇല്ലെങ്കില്‍ അവന്‍ വാശിപിടിക്കും. പുറത്ത് പോകുമ്പോള്‍ പൊറോട്ടയോ ഐസ്‌ക്രീമോ കഴിക്കണമെന്നതും അവന് നിര്‍ബന്ധമാണ്. ''24 മണിക്കൂറും വീടിനുള്ളില്‍ അടച്ചിട്ട് വളര്‍ത്തുന്നതല്ലേ. അതിനാലാണ് ഞാന്‍ അവനെയും കൊണ്ട് എന്നും പുറത്തുപോകുന്നത്''- അവര്‍ പറഞ്ഞു. ശ്രദ്ധ ഒന്നു തെറ്റിയിട്ടുണ്ടെങ്കില്‍ പേപ്പറോ മറ്റു സാധനങ്ങളോ എടുത്ത് ചെവിയിലും മൂക്കിലുമൊക്കെ മിഥില്‍ തിരുകിക്കയറ്റും. എന്നാല്‍, മിഥിലിന് പറയാന്‍ അറിയാത്തത് കൊണ്ട് ഇതൊന്നും ലക്ഷ്മി അറിയില്ല. ദിവസങ്ങള്‍ക്കുശേഷം ബുദ്ധിമുട്ടുകള്‍ തുടങ്ങുമ്പോഴാണ് സംഗതി അറിയുക. ഉടന്‍ അവനെയും കൊണ്ട് ആശുപത്രിയിലേക്കോടും.
'ഓട്ടിസത്തിന്റെ പേരില്‍ മിഥിലിനെ അയല്‍പക്കത്തുള്ളവരൊന്നും അടുപ്പിക്കാറില്ല. ഭ്രാന്തനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് പലരും അധിക്ഷേപിക്കാറുണ്ട്. ഈ വിളികള്‍ എന്നിലേല്‍പ്പിക്കുന്ന മുറിവ് എത്ര വലുതാണെന്നോ. എന്തു പറഞ്ഞാലും അവന്‍ എന്റെ മോനല്ലേ. എനിക്ക് അവനെ കളയാന്‍ പറ്റുമോ? ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിക്കുമ്പോള്‍ കാണാന്‍ നല്ല രസമാണല്ലോ. ഒരു തവണ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ടതാണ്. മരണത്തിന്റെ വേദന ഞാന്‍ അറിഞ്ഞതാണ്. അതിനാല്‍, ഇനിയത് ഞാന്‍ ചെയ്യില്ല. എനിക്ക് എന്റെ മകന് വേണ്ടി ജീവിക്കണം. എന്റെ ആയുസ്സും ആരോഗ്യവും പോലും ഞാന്‍ അവനുവേണ്ടി മാത്രം മാറ്റിവെച്ചിരിക്കുന്നതാണ്. ഞാന്‍ ഇല്ലാതായാല്‍ എന്റെ മോന് ആരും ഉണ്ടാവില്ല തുണ. ഇക്കാലത്തിനിടെ മിഥിലിന്റെ വിശേഷമറിയാന്‍ ഒരു തവണ പോലും അവന്റെ അച്ഛന്‍ വന്നിട്ടില്ല'- തൊണ്ട കനംവെച്ച് ലക്ഷ്മിയുടെ വാക്കുകള്‍ മുറിഞ്ഞു.
തന്റെ കാലം കഴിഞ്ഞാന്‍ മിഥിലിനെ ആരു നോക്കും എന്നതാണ് ലക്ഷ്മിയെ ഉലയ്ക്കുന്ന പ്രധാന സങ്കടം. മറ്റുള്ളവരെയൊക്കെ ആരെങ്കിലും സംരക്ഷിക്കും. പക്ഷേ, സുഖമില്ലാത്ത മകനെ ആരും നോക്കാന്‍ ഉണ്ടാവില്ല. അവന് സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ സുഖമില്ലാതെ കിടന്നാല്‍പോലും അവന് അവിടെ കഴിയാം. ഇതിനായി സഹായിക്കാന്‍ തയ്യാറായ സുമനസ്സുകളെ കാത്തിരിക്കുകയാണ് ലക്ഷ്മി. മിഥിലിനെപ്പോലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തുണയേകാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുകയാണ് അവര്‍. ആരോഗ്യാവസ്ഥ സമ്മതിക്കുന്നുണ്ടെങ്കില്‍ അവരെ കൈത്തൊഴിലെന്തെങ്കിലും പഠിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Differently Abled Awareness Campaign Idam nalkam Makkalk Ammak Jeevithavum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..