സ്വര്‍ഗം പൂകാന്‍ പട്ടിണി കിടന്ന് മരിക്കുന്നവര്‍...! ദുരൂഹമരണങ്ങളുടെ സങ്കേതമായി ഷകഹോള


By അശ്വതി അനില്‍ | aswathyanil@mpp.co.in

6 min read
Read later
Print
Share

മൃതദേഹങ്ങളെല്ലാം കുഴിയില്‍ പകുതി മൂടിയ നിലയിലായിരുന്നു. മരിച്ചവരെല്ലാം നിരാഹാരം കിടന്നിരുന്നുവെന്നാണ് വിവരം. ദുരൂഹമായ കൂട്ടമരണങ്ങളുടെ കാരണം തേടിപ്പോയപ്പോള്‍ വിചിത്രമായ സംഭവങ്ങളാണ് ചുരുളഴിഞ്ഞുവന്നത്. 

ഷകഹോളയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശത്തിൻറെ ആകാശദൃശ്യം | Photo: AFP

'ട്ടിണി കിടന്ന് മരിക്കാറായ അവരെ രക്ഷപ്പെടുത്തണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ, മരണമായിരുന്നു അവര്‍ക്ക് വേണ്ടത്. സ്വര്‍ഗത്തില്‍ പോയി ദൈവത്തെ കാണമെന്നായിരുന്നു അവരുടെ ആഗ്രഹം. അവരുടെ ആഗ്രഹത്തെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ല. ഒന്നും ചെയ്യാന്‍ സാധിക്കാതെ നോക്കിനില്‍ക്കാനേ എനിക്കും സംഘത്തിനും കഴിയുമായിരുന്നുള്ളൂ.'

കെനിയയിലെ മലിന്‍ഡിക്ക് സമീപം ഷകഹോള വനമേഖലയില്‍ പട്ടിണി കിടന്ന് മരണത്തെ കാത്തിരിക്കുന്നവരെ നേരിട്ട് പോയി കണ്ടതിന് ശേഷം വിക്ടര്‍ കൗഡോ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ദാരുണമായിരുന്നു താന്‍ കണ്ട കാഴ്ചകളെന്ന് വിക്ടര്‍ വിശദീകരിച്ചു. ഷകഹോളയില്‍നിന്ന് ഇക്കഴിഞ്ഞ മെയ് 13-നു മാത്രം 22 മൃതദേഹങ്ങളാണ് അധികൃതര്‍ കണ്ടെടുത്തത്. ഇതോടെ മരണപ്പെട്ടവരുടെ സംഖ്യ 200 കടന്നു. മൃതദേഹങ്ങളെല്ലാം കുഴിയില്‍ പകുതി മൂടിയ നിലയിലായിരുന്നു. മരിച്ചവരെല്ലാം നിരാഹാരം കിടന്നിരുന്നുവെന്നാണ് വിവരം. ദുരൂഹമായ കൂട്ടമരണങ്ങളുടെ കാരണം തേടിപ്പോയപ്പോള്‍ വിചിത്രമായ സംഭവങ്ങളാണ് അധികൃതര്‍ക്ക് മുന്‍പില്‍ ചുരുളഴിഞ്ഞുവന്നത്.

പട്ടിണി കിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകാം, ദൈവത്തെ കാണാം...!

മരണപ്പെട്ടവരെല്ലാം ദിവസങ്ങളോളം നിരാഹാരം നടത്തി സ്വമേധയാ മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. മോക്ഷം പ്രാപിക്കാന്‍ പട്ടിണിമരണം സ്വയം വരിക്കാന്‍ നിര്‍ദേശിച്ചതാവട്ടെ ഒരു സുവിശേഷകനും. 'ഗുഡ്‌ ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്' എന്ന പേരില്‍ ക്രിസ്ത്യന്‍ ആരാധനാ കൂട്ടായ്മയുണ്ടാക്കി പോള്‍ മക്കെന്‍സീ എന്‍തെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരില്‍ക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. മരണപ്പെട്ടവരെല്ലാം ആരാധനാ സംഘത്തിലെ അംഗങ്ങളാണ്.

സമുദ്രതീരത്തുള്ള മലിന്‍ഡി പട്ടണത്തിന് സമീപത്തുള്ള പ്രദേശത്തുനിന്ന് ഏപ്രില്‍ മാസത്തോടെയാണ് മൃതദേഹങ്ങള്‍ കിട്ടിത്തുടങ്ങിയത്. തുടര്‍ന്ന് അധികൃതര്‍ തിരച്ചില്‍ വ്യാപകമാക്കി. മെയ് 13 മുതല്‍ ഷകഹോള വനമേഖലയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. വനത്തിനുള്ളില്‍നിന്നാണ് കൂടുതല്‍ മൃതദേഹം കണ്ടെത്തിയത്. ആഴം കുറഞ്ഞ കുഴികുത്തി, ഭാഗികമായി മൂടിയ നിലയിലായിരുന്നു അവയുണ്ടായിരുന്നത്. എല്ലാ കുഴിയുടേയും മുകളില്‍ കുരിശ് നാട്ടിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ വിശ്വാസികള്‍ സ്വയംകുഴിച്ച കുഴിയില്‍ മരണത്തെ കാത്തുകിടക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍ പ്രകാരം അധികൃതര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഷകഹോളയില്‍നിന്ന് മൃതദേഹം മാറ്റുന്നു | Photo: AFP

എന്‍തെംഗെയുടെ വിശ്വാസധാരയില്‍പ്പെട്ടവര്‍ ഇനിയുമുണ്ടെന്നും അവര്‍ കുറ്റിക്കാടുകളില്‍ ഒളിച്ചിരിപ്പുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇവിടെനിന്ന് ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയിട്ടുണ്ട്. 112 പേരെ കാണാനില്ലെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ ആയവര്‍ അറിയിച്ചതായി ജീവകാരുണ്യ സംഘടനയായ കെനിയ റെഡ്‌ക്രോസ് പറഞ്ഞു. ഇതുവരെ കണ്ടെത്തിയതിലേറെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രിയപ്പെട്ടവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ വനത്തില്‍ അങ്ങോളമിങ്ങോളം തിരച്ചില്‍ നടത്തുകയാണ് ബന്ധുക്കള്‍. പട്ടിണിയാണ് കൂട്ടമരണത്തിന്റെ പ്രധാന കാരണമെങ്കിലും മൃതദേഹ പരിശോധനയില്‍ മര്‍ദനത്തിന്റേയും ശ്വാസം മുട്ടിച്ചതിന്റെയോ കഴുത്തു ഞെരിച്ചതിന്റേയോ പാടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിലരുടെ പല അവയവങ്ങളും കാണാതായ നിലയിലാണെന്ന് കെനിയ സര്‍ക്കാര്‍ നിയോഗിച്ച പാത്തോളജിസ്റ്റ് ജോഹാന്‍സെന്‍ ഒഡൗര്‍ പറഞ്ഞു.

വനത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങളുള്ള കുഴികള്‍ | Photo: AFP

ഷകഹോള- മരണത്തിന്റെ സങ്കേതം, എന്‍തെംഗെ- മരണത്തിലേക്കുള്ള വഴികാട്ടി

സ്വര്‍ഗം പൂകുമെന്ന പ്രതീക്ഷയില്‍ മരണത്തെ പുല്‍കിയവരെല്ലാം പോള്‍ എന്‍തെംഗ മക്കെന്‍സി എന്ന സുവിശേഷകന്റെ നിര്‍ദേശം പിന്തുടര്‍ന്നവരാണ്. മുമ്പ്‌ കാര്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്ന മക്കെന്‍സി 'ദൈവവിളി' ലഭിച്ചുവെന്ന് അവകാശപ്പെട്ട് സുവിശേഷകനായി മാറുകയായിരുന്നു. ലോകം അവസാനിക്കാന്‍ പോവുകയാണെന്നായിരുന്നു മക്കെന്‍സിയുടെ പ്രഖ്യാപനം. അതില്‍നിന്ന് രക്ഷപ്പെടാന്‍ വിശ്വാസികള്‍ ഷകഹോളയില്‍ തന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തേക്ക് മാറണമെന്ന് മക്കെന്‍സി ആവശ്യപ്പെട്ടു. സമ്പൂര്‍ണ നാശത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഷകഹോളയാണ് സുരക്ഷിതമായ സങ്കേതം എന്നായിരുന്നു മക്കെന്‍സിയുടെ അവകാശവാദം. എന്നാല്‍, സുരക്ഷിതകേന്ദ്രത്തിന് പകരം ഷകഹോള എന്ന 800 ഏക്കര്‍ വനമേഖല മരണത്തിന്റെ സങ്കേതമായി, കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറി. വനത്തിലെ പല മേഖലകളും പട്ടിണി കിടന്ന് മരിച്ച വിശ്വാസികളുടെ അല്ലെങ്കില്‍, മക്കെന്‍സി ആഗ്രഹിച്ചതുപോലെ ദൈവത്തെ കാണാനായി സ്വയം ക്രൂശിക്കപ്പെട്ടവരുടെ കുഴിമാടങ്ങളാല്‍ നിറഞ്ഞു.

പട്ടിണി കിടന്ന് മരിക്കുന്നതില്‍നിന്ന് വിശ്വാസികളെ വിലക്കി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍, ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കൂട്ടാക്കാതെ പലരും വനത്തിലേക്ക് ഓടിയൊളിക്കുകയായിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടില്‍നിന്ന് രക്ഷപ്പെടണമെന്ന് ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കിലും പോള്‍ മക്കെന്‍സിയുടെ കൂട്ടാളികള്‍ ഇവരെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. വിശ്വാസികള്‍ ആരും വ്രതം ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുന്നില്ലെന്നും വനത്തില്‍ ജീവനോടെ അവസാനിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ ഒരു നിരീക്ഷണ സംഘവും റോന്ത് ചുറ്റിയിരുന്നു. പട്ടിണിമരണം മോക്ഷം നല്‍കുമെന്ന വിശ്വാസം അവര്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരുന്നു. വിശ്വാസം രൂക്ഷമായ പലരും കുടുംബത്തെ ഉപേക്ഷിച്ചോ കുടുംബത്തോടൊപ്പമോ സര്‍വവും ഉപേക്ഷിച്ച് ഷകഹോളയില്‍ കഴിയുകയായിരുന്നു.

'ഷകഹോള കൂട്ടക്കൊല' എന്നാണ് കെനിയന്‍ മാധ്യമങ്ങള്‍ ദാരുണമായ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ശക്തവും പരിഷ്‌കൃതവും സുസ്ഥിരവുമായ ഒരു രാജ്യമായാണ് കെനിയയെ കണക്കാക്കുന്നത്. എന്നിട്ടും ഇത്തരമൊരു സംഭവത്തെ തുടക്കത്തിലേ തിരിച്ചറിയാനും തടയാനും കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിശദീകരണം നല്‍കാനാവാതെ പെടാപ്പാട് പെടുകയാണ് സര്‍ക്കാരും പൊലീസും. ഷകഹോളയാവട്ടെ സാവോ നാഷണല്‍ പാര്‍ക്ക്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരമേഖല എന്നിങ്ങനെ കെനിയയിലെ തന്നെ രണ്ട് പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നിട്ടും സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നതാണ് സര്‍ക്കാരിനെ വിമര്‍ശനമുനയില്‍ നിര്‍ത്തുന്നത്.

കുഴിമാടങ്ങള്‍ക്ക് സമീപത്ത് വസ്ത്രങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ | Photo: AFP

സുവിശേഷകരുടെ സ്വര്‍ഗം !

1963 വരെ കെനിയയെ ഭരിച്ചിരുന്നത് ബ്രിട്ടനെപ്പോലുള്ള കൊളോണിയല്‍ ശക്തികളായിരുന്നു. മതേതരവത്ക്കരണമായിരുന്നു ഈ ശക്തികളുടെ പ്രധാന ഇടപെടല്‍. എന്നാല്‍, ഇതിന് പൂര്‍ണമായും വൈരുദ്ധ്യം തീര്‍ത്തുകൊണ്ട്, അറുപതുകളിൽ മതപരമായ വന്‍ കുതിച്ചുചാട്ടങ്ങള്‍ക്കാണ് ആഫ്രിക്ക സാക്ഷ്യം വഹിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ക്രിസ്ത്യന്‍ മതപ്രചാരണവും സുവിശേഷ പ്രചാരവും വര്‍ധിച്ചു. കെനിയയിലെ പകുതിയോളം ആളുകളും മതപ്രചാരകരായിരുന്നു. അമേരിക്കയില്‍ ഉള്ളതിനേക്കാളും കൂടുതലായിരുന്നു കെനിയയിലെ മതപ്രചാരകരുടെ അനുപാതം.

റോമന്‍-ആംഗ്ലിക്കന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ നയിച്ചിരുന്നത് തിരഞ്ഞെടുക്കപ്പെടുന്ന മതനേതാക്കളുള്ള അധികാരശ്രേണികളോ സംഘടനകളോ നിയമങ്ങളോ ആയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ആരാധാനസംഘങ്ങള്‍ക്കു നേതൃത്വം കൊടുത്തിരുന്നത് സ്വതന്ത്രരായ സുവിശേഷകരോ, അവരുടെ സംഘമോ ആയിരുന്നു. വ്യവസ്ഥകളേയോ ചട്ടങ്ങളേയോ നിയമങ്ങളേയോ അടിസ്ഥാനമാക്കിയല്ല ഇവര്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് പൂര്‍ണമായും ഒരു വ്യക്തിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇവരെ പിന്തുടരുന്ന വിശ്വാസികള്‍ പ്രവര്‍ത്തിച്ചത്. കെനിയയിലെ പ്രസിഡന്റ് വില്ല്യം റൂട്ടോയുടെ ഭാര്യ പോലും സുവിശേഷ പ്രചാരകയാണ്.

ഷകഹോളയിലെ ദാരുണമായ 'കൊലപാതകങ്ങള്‍' രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്. അതിനാല്‍ തന്നെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുന്നത്. കെനിയയിലെ താറുമാറായ വിശ്വാസ പ്രചാരണത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാന്‍ പ്രസിഡന്റ് റൂട്ടോ സഭാനേതാക്കളോടും നിയമ വിദഗ്ധരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അന്ധവിശാസം വ്യാപിക്കുന്ന സംഘങ്ങളെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഷകഹോള സന്ദര്‍ശിച്ച മലിന്‍ഡിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വിക്ടര്‍ കൗഡോ അഭിപ്രായപ്പെട്ടത് മതപ്രചാരകര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യം അതിരു കടന്നിരിക്കുന്നുവെന്നായിരുന്നു. മക്കെന്‍സിയുടെ വലയത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ സഹായത്തോടെ ഷകഹോളയില്‍ നിരാഹാരം കിടന്ന ആളുകളെ കണ്ടതിനു ശേഷമായിരുന്നു കൗഡോ ഇത്തരത്തില്‍ പ്രതികരിച്ചത്. മരണാസന്നനായ ഒരാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ദൈവത്തിന്റെ ശത്രു എന്ന വിശേഷണമാണ് തനിക്ക് ലഭിച്ചതെന്നും കൗഡോ പറഞ്ഞു. ' അവര്‍ തല മൊട്ടയടിച്ച ഒരു സ്ത്രീ ആയിരുന്നു, ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവര്‍ മരണത്തിലേക്ക് അടുത്തിരുന്നു, ഭക്ഷണവും വെള്ളവും ജീവിക്കാന്‍ തൊഴിലും വാഗ്ദാനം ചെയ്തിട്ടും അവര്‍ എന്നോട് ക്ഷുഭിതയായി. മരിക്കണമെന്നും ദൈവത്തെ കാണമെന്നുമാണ് അവര്‍ പറഞ്ഞത്. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ മറികടക്കുമോ?' കൗഡോ ചോദിച്ചു.

പോള്‍ മക്കെന്‍സീ എന്‍തെംഗെ | Photo: AFP

നിര്‍ധനനായ ടാക്‌സി ഡ്രൈവറില്‍നിന്ന് സുവിശേഷകനിലേക്കുള്ള യാത്ര

സുവിശേഷകനാവുന്നതിന് മുന്‍പ് നിര്‍ധനനായ ടാക്‌സി ഡ്രൈവറായിരുന്നു പോള്‍ എന്‍തെംഗെ. 2002-ലാണ് സുവിശേഷ പ്രചാരണത്തിലെത്തിയത്. കൃത്യമായി പറഞ്ഞാല്‍ മലിന്‍ഡിയിലെ ഒരു കാത്തോലിക് പ്രൈമറി സ്‌കൂളിന്റെ മുറ്റത്തുവെച്ചാണ് ആ സംഭവം നടന്നത്. റൂത്ത് കാഹിന്ദി എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു ആ സ്‌കൂള്‍. റൂത്ത് കാഹിന്ദി അവിചാരിതമായി എന്‍തെംഗയെ പരിചയപ്പെടുകയും തന്റെ വീട്ടില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. പിന്നീട് ഇരുവരും ചേര്‍ന്ന് ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ എന്ന സ്വന്തം പള്ളി രൂപീകരിക്കുകയും മതപ്രചാരണം നടത്തുകയും ചെയ്തു. അന്ന് എന്‍തെംഗെയ്ക്ക് അന്ന് സ്വന്തമായി ഒരു ടെലിവിഷന്‍ ചാനല്‍ ഉണ്ടായിരുന്നു. കാഹിന്ദിയുടെ വീട് ആസ്ഥാനമാക്കിയിട്ടായിരുന്നു ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍.

'തുടക്കത്തില്‍ ഇതൊരു സാധാരണ പള്ളിയായിരുന്നു, എല്ലാ ഇവാഞ്ചലിക്കല്‍ സംഘങ്ങളും ചെയ്യുന്നത് പോലെയുളള പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു ഈ പള്ളിയും ചെയ്തിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയവെ 2008-ല്‍ കാഹിന്ദിയും എന്‍തെംഗെയും പിരിഞ്ഞു. അതോടെയാണ് അദ്ദേഹത്തിന്റെ മതപ്രചാരം തീവ്രമായ മറ്റൊരു തലത്തിലേക്കെത്തിയതെന്ന് കാഹിന്ദിയുടെ മകള്‍ നവോമി പറഞ്ഞു. പണത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നുവെന്നും നവോമി ഓര്‍ത്തെടുത്തു. കാഹിന്ദിയുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം സ്വന്തമായി പ്രാര്‍ഥന ഹാളും എന്‍തെംഗെ സ്ഥാപിച്ചിരുന്നു. കാലക്രമേണ നൂറുകണക്കിന് ആളുകളാണ് വിശ്വാസികളായി ഇവിടേക്ക് ഒഴുകിയെത്തിയത്.

തുടക്കത്തില്‍ എന്‍തെംഗെയെ പിന്തുണച്ച പലരും ഇപ്പോള്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്‍തെംഗെയുടെ തെറ്റായ പ്രവചനങ്ങളും പ്രചാരവുമാണ് ദാരുണസംഭവത്തിലേക്ക് നയിച്ചത് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. പണം സമ്പാദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന താല്‍പര്യം. രോഗം വന്നാല്‍ ഡോക്ടര്‍മാരെ കാണുന്നതില്‍നിന്നും കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് അയക്കുന്നതില്‍നിന്നും എന്‍തെംഗെ വിലക്കിയിരുന്നു. സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ച് ഇവിടെ കുട്ടികളെ പണം വാങ്ങി പഠിപ്പിച്ചിരുന്നു. രോഗത്തിന് പ്രാര്‍ഥനയായിരുന്നു ചികിത്സ എന്നും അവര്‍ അവകാശപ്പെട്ടു. വിദ്യാഭ്യാസവും വൈദ്യവും പാപമാണെന്ന് 'ദൈവത്തില്‍' നിന്ന് തനിക്ക് ഒരു വെളിപാട് ലഭിച്ചതായി അദ്ദേഹം വിശ്വാസികളോട് ആവര്‍ത്തിച്ചിരുന്നുവെന്ന് 2015-ല്‍ ഗുഡ് ന്യൂസ് പള്ളിയില്‍ ചേരുകയും ഡെപ്യൂട്ടി പാസ്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത ടൈറ്റസ് പറഞ്ഞു. എന്നാല്‍ പിന്നീട് എന്‍തെംഗെയുമായി തെറ്റിപ്പിരിയുകയായിരുന്നു.

എന്‍തെംഗെ സ്ഥാപിച്ച പ്രാര്‍ത്ഥനാമുറി

എന്‍തെംഗെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഷകഹോളയിലെ ദാരുണ മരണങ്ങള്‍ക്ക് പിന്നാലെ മുപ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്‍തെംഗെയേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ വളരെ വിചിത്രമായ ന്യായമാണ് എന്‍തെംഗെ പോലീസിന് മുന്നില്‍ വിശദീകരിച്ചത്. തന്റെ അനുയായികളോട് ഭക്ഷണം കഴിക്കരുതെന്ന് താന്‍ ഒരിക്കലും ആജ്ഞാപിച്ചിട്ടില്ലെന്നും വിശുദ്ധ പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്ന അന്ത്യകാല വേദനകളെ കുറിച്ച് മാത്രമാണ് താന്‍ പ്രസംഗിച്ചതെന്നായിരുന്നു എന്‍തെംഗെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

കൊലപാതകം, തീവ്രവാദം, മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്. 2019-ലും കഴിഞ്ഞ മാസവും എന്‍തെംഗെ അറസ്റ്റിലായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന രണ്ടു കുട്ടികള്‍ പട്ടിണികൊണ്ടു മരിച്ചതിനാലായിരുന്നു കഴിഞ്ഞമാസത്തെ അറസ്റ്റ്. എന്നാല്‍, ഒരു ലക്ഷം കെനിയന്‍ ഷില്ലിങ്ങിന്റെ (57,348 രൂപ) ജാമ്യത്തില്‍ വിട്ടയച്ചു. ഈ കേസിലെ വിചാരണ മേയ് രണ്ടിനു നടക്കാനിരിക്കെയാണ് ഷകഹോളയിലെ മരണങ്ങള്‍. കൂടുതല്‍ പേര്‍ ഷകഹോളയില്‍ ഒളിച്ചിരിക്കുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.

Content Highlights: Details of Kenya's Starvation Cult Which Killed Hundreds in Shakahola Forest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


Brijbhushan
Premium

7 min

ബ്രിജ്ഭൂഷണ് മുന്നില്‍ എല്ലാം വഴി മാറും, ഇനി സന്യാസിമാരുടെ മാർച്ച്; മാറ്റുമോ കേന്ദ്രം പോക്‌സോ നിയമം?

Jun 1, 2023

Most Commented