നിലപാടുകളില്‍ ശക്തന്‍, മണ്ടേലയുടെ സുഹൃത്ത്


ഡെസ്മണ്ട് ടുട്ടു, നെൽസൺ മണ്ടേല

ക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന് അറുതിവരുത്താന്‍ നേതൃനിരയില്‍ പോരാടിയ ആളാണ് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (90). ഞായറാഴ്ച പുലര്‍ച്ചെയോടെ കേപ് ടൗണിലായിരുന്നു അന്ത്യം. രോഗബാധിതനായിരുന്നു. പ്രകോപനങ്ങളെ അതിജീവിച്ച് അഹിംസാമാര്‍ഗത്തിലൂടെ പോരാടിയ ടുട്ടുവിന് 1984-ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ജൊഹാനസ്ബര്‍ഗ് ബിഷപ്പായിരുന്നു അന്നദ്ദേഹം. മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ സമകാലികനും അടുത്ത സുഹൃത്തുമായിരുന്നു. ആര്‍ച്ച് എന്നാണ് സ്‌നേഹബഹുമാനത്തോടെ ദക്ഷിണാഫ്രിക്കക്കാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ആഫ്രിക്കയുടെ സമാധാനത്തിന്റെ ബിഷപ്പെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടുട്ടുവിനെ വിശേഷിപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ ആംഗ്ലിക്കല്‍ ആര്‍ച്ച് ബിഷപ്പാണ്. 1994-ല്‍ രാജ്യത്തിന്റെ കറുത്തവര്‍ഗക്കാരനായ ആദ്യ പ്രസിഡന്റായി മണ്ടേല ചുമതലയേറ്റപ്പോള്‍ ടുട്ടുവിനെ വര്‍ണവിവേചനകാലത്തെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപംനല്‍കിയ ട്രൂത്ത് ആന്‍ഡ് റീ കണ്‍സിലിയേഷന്‍ സമിതിയുടെ തലവനാക്കി. ലിയയാണ് ടുട്ടുവിന്റെ ഭാര്യ. നാലുമക്കളുണ്ട്.

1948 മുതല്‍ '90-കളുടെ തുടക്കംവരെയാണ് വെള്ളക്കാരുടെ ന്യൂനപക്ഷസര്‍ക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം നടപ്പാക്കിയത്. വര്‍ണവെറിക്കെതിരേ പോരാടിയ നെല്‍സണ്‍ മണ്ടേലയടക്കമുള്ള നേതാക്കളെ ഭരണകൂടം തടവിലാക്കിയപ്പോള്‍ പുറത്തുനിന്ന് സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഡെസ്മണ്ട് ടുട്ടുവായിരുന്നു. പ്രശ്‌നങ്ങള്‍ അഹിംസയിലൂടെ പരിഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. രാഷ്ട്രീയമല്ല, ധാര്‍മികതയാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

നേരോടെയും ഭയപ്പെടാതെയുമുള്ള അദ്ദേഹത്തിന്റെ ആശയങ്ങളെ നൊബേല്‍ പുരസ്‌കാരസമിതി വാനോളം വാഴ്ത്തിയിട്ടുണ്ട്.

കറുത്ത വര്‍ഗക്കാരുടെ ചോരചിന്തിയ ഷാര്‍പെവില്ലെ വംശഹത്യയും (1961) സൊവെതോ പ്രക്ഷോഭം അടിച്ചമര്‍ത്തലുമെല്ലാമുണ്ടായിട്ടും അഹിംസാമാര്‍ഗം വെടിയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. വര്‍ണവിവേചനകാലത്തെ ജനങ്ങളുടെ പൊള്ളിക്കുന്ന അനുഭവങ്ങള്‍ കേട്ട് പൊതുവേദിയില്‍ ഒട്ടേറെത്തവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്. സന്തോഷങ്ങളില്‍ മതിമറന്ന് ചിരിക്കുകയും.

രാജ്യത്തെ വെള്ളക്കാരുടെ ഭരണകൂടത്തെ സാമ്പത്തികമായി ഉപരോധിക്കണമെന്ന് ഒരിക്കല്‍ ടുട്ടു ആഹ്വാനംചെയ്തു. അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിക്കൊണ്ടാണ് ഭരണകൂടം ഇതിന് പകരംവീട്ടിയത്. 27 കൊല്ലത്തെ തടവുജീവിതത്തിനുശേഷം നെല്‍സണ്‍ മണ്ടേല സ്വതന്ത്രനായെത്തിയ ആദ്യദിനം ടുട്ടുവിനൊപ്പമാണ് ചെലവിട്ടത്. അന്നുമുതല്‍ ഇരുവരും നിലനിര്‍ത്തിയ അടുപ്പവും സൗഹൃദവും 2013-ല്‍ മണ്ടേല മരിക്കുന്നതുവരെ തുടര്‍ന്നു. മനുഷ്യാവകാശപ്രവര്‍ത്തനസംഘടനയായ 'ദി എല്‍ഡേഴ്‌സ്' സ്ഥാപിച്ചത് ഇരുവരും ചേര്‍ന്നാണ്.

വര്‍ണവിവേചനം അവസാനിച്ചശേഷം രാജ്യംഭരിച്ച ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിമര്‍ശകന്‍ കൂടിയായിരുന്നു ടുട്ടു. അതിനാല്‍ രാഷ്ട്രീയശത്രുക്കളും ഏറെയുണ്ട്. മുന്‍ പ്രസിഡന്റ് തബോ മ്പെകി ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടരീതിയില്‍ പ്രര്‍ത്തിക്കാത്തതിനെയും മുന്‍ പ്രസിഡന്റ് ജേക്കബ് സുമ അഴിമതി നടത്തുന്നതിനെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

1931 ഒക്ടോബര്‍ ഏഴിന് പടിഞ്ഞാറന്‍ ജൊഹാനസ്‌ബെര്‍ഗിലാണ് ടുട്ടുവിന്റെ ജനനം. സെമിനാരിയില്‍ പ്രവേശിക്കുന്നതിനുമുമ്പേ അധ്യാപകനായിരുന്നു. 1961-ല്‍ ആംഗ്ലിക്കല്‍ പുരോഹിതനായി. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ ബിരുദാനന്തര ബിരുദം നേടി. 2010-ല്‍ ഔദ്യോഗികപദവികളില്‍ നിന്ന് വിരമിച്ചശേഷം കാരുണ്യപ്രവര്‍ത്തനം നടത്തിവരുകയായിരുന്നു.

ലോകത്ത് എണ്ണമില്ലാത്ത ജനതയ്ക്കാണ് അദ്ദേഹം വെളിച്ചം പകര്‍ന്നതെന്ന് ടുട്ടുവിന് അനുശോചനമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്വാഭിമാനത്തിലും തുല്യതയിലുമൂന്നിയുള്ള അദ്ദേഹത്തെ പ്രവര്‍ത്തനത്തെ ലോകം ഓര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Desmond Tutu, Anglican Archbishop Emeritus and Nobel peace Prize winner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented