ദലൈലാമയ്ക്കുശേഷം സ്വതന്ത്ര ടിബറ്റിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഭാവി എന്തായിരിക്കും?


ശ്രീകാന്ത് കോട്ടയ്ക്കല്‍

ഹിമാചൽപ്രദേശിലെ ധർമശാലയിൽ ദലൈലാമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടിബറ്റൻ പ്രവാസസർക്കാർ ഒരദ്‌ഭുതമാണ്. ഒരു രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു രാജ്യത്തിന്റെ സർക്കാർ. ദലൈലാമയ്ക്കുശേഷം ഈ സർക്കാരിന്റെയും സ്വതന്ത്ര ടിബറ്റിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഭാവി എന്തായിരിക്കും, ചൈന തിരഞ്ഞെടുക്കുന്ന ദലൈലാമയെ ടിബറ്റുകാർ അംഗീകരിക്കുമോ, ടിബറ്റിനോടും ടിബറ്റൻ പ്രശ്നങ്ങളോടുമുള്ള ഇന്ത്യയുടെ നിലപാട് എന്തായിരിക്കും? ചോദ്യങ്ങൾ ഒട്ടേറെയാണ്

ദലൈലാമ

കൈലാസത്തിലേക്കുള്ള തന്റെ ഏകാന്തയാത്രയ്ക്കിടയിലെ ഒരനുഭവത്തെക്കുറിച്ച് വിശ്രുതസഞ്ചാരിയായ കോളിന്‍ തുബ്രോണ്‍ എഴുതിയിട്ടുണ്ട്. ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയായ ഹുംലയിലെ ഹില്‍സ പാലത്തിനരികിലെ ഒരു ഇടത്താവളത്തില്‍വെച്ചായിരുന്നു അത്.

ഒരു വൈകുന്നേരം, അവിടേക്ക് വൃദ്ധനായ ഒരു മനുഷ്യന്‍ പാലം കടന്നുവന്നു. ചെമ്മരിയാടിന്റെ രോമംകൊണ്ടുണ്ടാക്കി, ചൈനീസ് സില്‍ക്കുകൊണ്ട് കരവെച്ച ജാക്കറ്റ് ധരിച്ചുവന്ന ആ വൃദ്ധനെക്കാത്ത് ഇപ്പുറത്ത് മറൂണ്‍ അംഗവസ്ത്രം ധരിച്ച ഒരു യുവ ബുദ്ധസന്ന്യാസിയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ചൈനയുടെ അധിനിവേശ ടിബറ്റില്‍നിന്ന് രക്ഷപ്പെട്ട യുവാവ് ദെഹ്റാദൂണില്‍ പഠിക്കുകയാണ്. അയാള്‍ക്ക് ഒരിക്കലും മാതൃരാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കില്ല. മടങ്ങിയാല്‍ കാത്തിരിക്കുന്നത് ചൈനീസ് ജയിലാണ്. അതുകൊണ്ട്, ടിബറ്റില്‍ പാര്‍ക്കുന്ന പിതാവ് എല്ലാവര്‍ഷവും അതിര്‍ത്തികടന്ന് നാലുദിവസത്തേക്ക് ഹുംലയിലെത്തും. അന്നേദിവസം മകനുമെത്തും. ആരുടേതുമല്ലാത്ത ഭൂമിയില്‍(No Man's Land) അത്രയും ദിവസം അവര്‍ ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കും. നാലാംദിനം പാലംകടന്ന് അച്ഛന്‍ പോവും. ഓരോ വര്‍ഷവും മകന്‍ അദ്ഭുതപ്പെടും: അച്ഛന്റെയീ പാലം കടന്നുപോക്ക് അവസാനത്തേതാവുമോ?

ലോകമെങ്ങും ചിതറിക്കിടക്കുന്ന ടിബറ്റന്‍ അഭയാര്‍ഥികളുടെ അഗാധവേദനയാര്‍ന്ന ജീവിതാവസ്ഥകളുടെ ഒരനുഭവമായിരുന്നു അത്. ടെന്‍സിങ് ഗ്യാസ്റ്റോ എന്ന പതിന്നാലാം ദലൈലാമ 1959 മാര്‍ച്ചില്‍, തന്റെ 23-ാം വയസ്സില്‍ ലാസയിലെ ചൈനീസ് അധിനിവേശ ടിബറ്റിലെ നോര്‍ബുലിങ് കൊട്ടാരത്തില്‍നിന്ന് രക്ഷപ്പെടാന്‍ തന്റെ സംഘവുമൊത്ത് ഒളിച്ചോടി ഇന്ത്യയില്‍ എത്തിയതുമുതല്‍ തുടങ്ങുന്നു ടിബറ്റന്‍ പ്രവാസികളുടെ അരക്ഷിതാവസ്ഥ.

അനിശ്ചിതത്ത്വത്തില്‍ അഭയാര്‍ഥികള്‍

ചൗ എന്‍ലായിയുമായുള്ള പഞ്ചശീലം പാളുമോ എന്ന് ഭയന്ന് ആദ്യമൊന്ന് അമ്പരന്നെങ്കിലും തന്റെ വിശാലമാനവികവും വൈകാരികവുമായ ഹൃദയത്തിന്റെ സ്വരം ശ്രവിച്ച നെഹ്രു, പതിനെട്ടുദിവസം നടന്നുവന്ന സംഘത്തിന് ഇന്ത്യയില്‍, ബുദ്ധന്റെ മണ്ണില്‍ അഭയം നല്‍കി. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകത്തിലെ കുടകിലും അവര്‍ക്ക് ഭൂമി അനുവദിച്ചു. ധര്‍മശാലയിലെ മക്ലിയോന്‍ ഗഞ്ജില്‍ പ്രവാസ സര്‍ക്കാരുണ്ടാക്കി (Central Tibetan Administration). (ആദ്യത്തെ പ്രവാസ സര്‍ക്കാര്‍ സ്ഥാപിച്ചത് 1959 ഏപ്രില്‍ 29-ന് മസൂറിയിലായിരുന്നു. പിന്നീട് ധര്‍മശാലയിലേക്ക് മാറിയതാണ്). അതിന് പ്രധാനമന്ത്രിയും(കലോണ്‍ട്രിപ) ജനായത്ത ഭരണപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും (സിക്യോങ്) ഉണ്ടായി. ലെജിസ്‌ളേറ്റീവും എക്‌സിക്യുട്ടീവും ജുഡീഷ്യറിയുമുണ്ടായി. ഭാവിയില്‍ ടിബറ്റ് സ്വതന്ത്രമാവുമ്പോള്‍ ഭരിക്കേണ്ട രീതികള്‍ അവര്‍ മറ്റൊരു ദേശത്തിന്റെ മണ്ണിലിരുന്ന് പരിശീലിച്ചു. ഇപ്പോഴും പരിശീലിക്കുന്നു. ദലൈലാമ എല്ലാറ്റിന്റെയും പരമാധികാരിയായി. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ ക്രൂരതകളും ഒരു ജനതയുടെ നിസ്സഹായതയും ദലൈലാമയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ലോകമെങ്ങുമെത്തിച്ചു. കേരളത്തിലടക്കം ലോകത്താകമാനം ഒട്ടേറെ 'ഫ്രീ ടിബറ്റ്' സംഘങ്ങളുണ്ടായി. മഗ്ലിയോണ്‍ ഗഞ്ച് മറ്റൊരു രാജ്യംപോലെയായി, മറ്റൊരു ലോകമായി.

എല്ലാറ്റിന്റെയും മധ്യബിന്ദു ദലൈലാമയായിരുന്നു. ടിബറ്റന്‍ ബുദ്ധമതസംസ്‌കാരത്തിലെ സവിശേഷ തിരഞ്ഞെടുപ്പുരീതിയിലൂടെ നാലാംവയസ്സില്‍ ദലൈലാമയായി അവരോധിതനായ അദ്ദേഹത്തിന് ഇപ്പോള്‍ 86 വയസ്സായി. അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഈ വടവൃക്ഷം വീണാല്‍ അതിന്റെ തണലില്‍ പാര്‍ക്കുന്ന ഇന്ത്യയിലെയും ലോകത്തിലെയും അഭയാര്‍ഥികളുടെ അവസ്ഥയെന്താവും? ആരവരെ ലക്ഷ്യത്തിലേക്ക് നയിക്കും? അവരുടെ തുടര്‍പോരാട്ടം എങ്ങനെയായിരിക്കും? ടിബറ്റന്‍ വംശജരുടെ അവസ്ഥയോട് അനുകമ്പയുള്ള എല്ലാവരും അതേക്കുറിച്ച് ആകുലരാണ്.

ഒരു ലക്ഷത്തിലധികം ടിബറ്റന്‍ വംശജരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1950-നും 1986-നും ഇടയില്‍ ഇന്ത്യയില്‍ ജനിച്ച ടിബറ്റന്‍ വംശജര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇന്ത്യാ സര്‍ക്കാര്‍ വിസമ്മതിച്ചു. അതുകൊണ്ടുതന്നെ വളരെക്കുറച്ച് ടിബറ്റന്‍ വംശജര്‍ക്കുമാത്രമേ ഇന്ത്യന്‍ പൗരത്വം ലഭിച്ചുള്ളൂ. ഇന്ന് ഇന്ത്യയിലുള്ള മിക്ക ടിബറ്റന്‍ വംശജര്‍ക്കും സ്വന്തമായി ഭൂമി വാങ്ങാന്‍ സാധിക്കില്ല; സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ പൗരത്വം ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ സര്‍വകലാശാലാപഠനഫീസ് താങ്ങാവുന്നതിനപ്പുറമാണ്.

.
ഡല്‍ഹി അശോക ഹോട്ടലിലെ യുനസ്‌കോ ബുദ്ധ സമ്മേളനത്തില്‍
ദലൈലാമ, പണ്ഡിറ്റ് നെഹ്രു, ചൗ എന്‍ലായിഎന്നിവര്‍

ഇന്ത്യയും ദലൈലാമയും

അനന്തമായ കാത്തിരിപ്പും ദലൈലാമയുടെ പ്രായാധിക്യവും ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ടിബറ്റന്‍ പ്രവാസികള്‍ക്കിടയിലും പല ചേരികളെ ഉണ്ടാക്കിക്കഴിഞ്ഞു. സമാധാനപ്രിയനായ ദലൈലാമയുടെ 'ഉമയാലം' എന്ന മധ്യമമാര്‍ഗത്തോടും അതിന്റെ ഭാഗമായ ചൈനീസ് അധീശത്വത്തിന്‍കീഴിലെ സ്വയംഭരണം എന്ന ആശയത്തോടും വിയോജിക്കുന്നവര്‍ ഏറെയുണ്ട്. ടിബറ്റന്‍ പ്രവാസസര്‍ക്കാരിനോടുള്ള ഇന്ത്യയുടെ സമീപനത്തിലെ സൂക്ഷ്മമായ ചാഞ്ചാട്ടങ്ങളിലും പലരും അതൃപ്തരും അസന്തുഷ്ടരുമാണ്. 2014-ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയപ്പോള്‍ ടിബറ്റന്‍ പ്രവാസസര്‍ക്കാരിന്റെ പ്രസിഡന്റായ ലോബ്സാങ് സാങ്ഗേ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ചൈനയുടെ എതിര്‍പ്പ് വകവെക്കാതെ രണ്ടുതവണ ദലൈലാമയെ അരുണാചല്‍പ്രദേശിലെ തവാങ് ബുദ്ധവിഹാരം സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുവദിച്ചു. ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയിലെ പാങ്കോങ് സോ തടാകതീരത്ത് പതാക ഉയര്‍ത്താനും സാങ്ഗേയെ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, അദ്ഭുതമെന്നുപറയട്ടെ, 2018-ല്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന വി.കെ.ഗോഖലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു നിര്‍ദേശം നല്‍കാന്‍ കാബിനറ്റ് സെക്രട്ടറിയെ ഏല്‍പ്പിച്ചു. നിര്‍ദേശം ഇതായിരുന്നു: 'ദലൈലാമയുടെ പലായനത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.' ഇതേക്കുറിച്ച് അദ്ദേഹം പിന്നീട് എഴുതി: 'ഇന്ത്യ-ചൈന ബന്ധത്തിലെ ഏറ്റവും പ്രശ്‌നം പിടിച്ച സമയമായിരുന്നു അത്. കേന്ദ്രസര്‍ക്കാരിലെയോ സംസ്ഥനസര്‍ക്കാരിലെയോ ഏതെങ്കിലും പ്രതിനിധി ടിബറ്റന്‍ പ്രവാസസര്‍ക്കാരിന്റെ പരിപാടികളില്‍ പങ്കെടുത്താല്‍ അത് പ്രയാസമുണ്ടാക്കും.'

നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായപ്പോള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍തവണത്തേതുപോലെ പ്രവാസസര്‍ക്കാര്‍ പ്രസിഡന്റ് ലോബാസാങ് സാങ്ഗേയെ ക്ഷണിച്ചില്ല. ദലൈലാമയുടെ പലായനത്തിന്റെ 60-ാം വര്‍ഷികപരിപാടികളും വേണ്ടെന്നുെവച്ചു. മോദി അതിന് ചെവിയും കണ്ണും കൊടുത്തതുമില്ല. ദലൈലാമ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെയുള്ള ചാഞ്ചാട്ടങ്ങളും അസ്ഥിരതയും ഇങ്ങനെയെങ്കില്‍ അദ്ദേഹത്തിനുശേഷം എന്തായിരിക്കും ഇന്ത്യയുടെ നിലപാട്? തണുപ്പുറഞ്ഞ ധര്‍മശാലയുടെ ഉള്ളം പൊള്ളിക്കുന്ന ചോദ്യമാണിത്.

ദലൈലാമ-ടിബറ്റിന്റേതും ചൈനയുടേതും

ടിബറ്റിന്റെ ആത്മീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്. പുനര്‍ജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാംചേര്‍ന്ന സങ്കീര്‍ണമായ പ്രക്രിയയാണത്. എന്നാല്‍, ഈ പ്രക്രിയ ഇനി തങ്ങള്‍ നടത്തിക്കൊള്ളാമെന്നാണ് കമ്യൂണിസ്റ്റ് ചൈന പറയുന്നത്. പൊളിറ്റ്ബ്യൂറോ അംഗത്തെ തിരഞ്ഞെടുക്കുന്നതുപോലെ അവര്‍ക്കതൊരു രാഷ്ട്രീയപ്രക്രിയമാത്രം. എന്നാല്‍, വിശ്വാസരൂഢമനസ്‌കരായ ടിബറ്റന്‍ജനത അതൊരിക്കലും അംഗീകരിക്കില്ല. തനിക്കുശേഷം ഒരു ദലൈലാമ ഉണ്ടാവില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും പാകംവന്ന ജനാധിപത്യവ്യവസ്ഥയില്‍ ഒരു കുഞ്ഞിനെ പഴയതുപോലെ കണ്ടെത്തി ദലൈലാമയായി വളര്‍ത്തിയെടുക്കുക അസാധ്യമാണെന്നും അടുത്ത ദലൈലാമ ഒരുപക്ഷേ വനിതയായിരിക്കുമെന്നുമെല്ലാം ദലൈലാമ പലതരത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതദ്ദേഹത്തിന്റെ യഥാര്‍ഥ അഭിപ്രായമാണോ അതോ ചൈനയെ കുഴപ്പിക്കാന്‍ പറഞ്ഞതാണോ എന്ന കാര്യത്തില്‍ അനുയായികള്‍ക്കുപോലും വ്യക്തതയില്ല.

മറ്റുരണ്ട് വിഭാഗങ്ങളുടെ അധിപന്മാരായ പഞ്ചന്‍ ലാമയുടെയും കര്‍മാപാ ലാമയുടെയും അവസ്ഥയും ഇതുതന്നെ. ദലൈലാമയെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചന്‍ലാമയ്ക്ക് വലിയ പങ്കുണ്ട്; തിരിച്ചും. 1995-ല്‍ നാടോടിവിഭാഗത്തില്‍പ്പെട്ട ഗെഡുല്‍ ചോക്യാല്‍ നെയ്മയെ പതിനൊന്നാം പഞ്ചന്‍ലാമയായി ദലൈലാമ അംഗീകരിച്ചതാണ്. മൂന്നു ദിവസത്തിനുശേഷം, ആറുവയസ്സുകാരനായ ആ ലാമയെയും കുടുംബത്തെയും കാണാതായി. ഇന്നുവരെ അവര്‍ തിരിച്ചുവന്നിട്ടില്ല. ആ വര്‍ഷംതന്നെ ഗ്യാന്‍ മെയ്ന്‍ നോര്‍ബു എന്നയാളെ ചൈന പഞ്ചന്‍ലാമയായി വാഴിച്ചു. ഒഗ്യാന്‍ ടിന്‍ലി ദോര്‍ജെയായിരുന്നു ഏഴാമത്തെ കര്‍മാപാ ലാമ. അദ്ദേഹത്തെ ചൈന പിന്തുണച്ചത് സംശയങ്ങള്‍ക്കിടയാക്കി. ചൈന കര്‍മാപയെ ദുരുദ്ദേശ്യപൂര്‍വം ഉപയോഗിക്കുകയാണോ എന്ന് ദലൈലാമയെ സംശയിച്ചു. എന്നാല്‍, 2000-ത്തില്‍, തന്റെ 14-ാം വയസ്സില്‍ ഒഗ്യാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്‌തെത്തി. എന്നാല്‍, ഇന്നുവരെ ഇന്ത്യാസര്‍ക്കാര്‍ ഈ കര്‍മാപയെ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇദ്ദേഹം ചൈനയുടെ ചാരനാണോ എന്ന സംശയം പ്രബലമാണ്.

ഇത്രമാത്രം സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ദലൈലാമയ്ക്കുശേഷം ആര്, എന്ത് എന്ന ചോദ്യങ്ങള്‍ ടിബറ്റന്‍ അഭയാര്‍ഥി(ഇന്ത്യ ഒരിക്കലും ടിബറ്റുകാരെ അഭയാര്‍ഥികള്‍ എന്നു വിളിക്കാറില്ലെങ്കിലും)കളെയും സമാനഹൃദയരെയും ആശങ്കാകുലരാക്കുന്നത്. ലോകത്തെ എല്ലാ അധിനിവേശങ്ങളെയും പലായനങ്ങളെയും വംശഹത്യകളെയുംകുറിച്ച് തൊണ്ടപൊട്ടുമാറുച്ചത്തില്‍ പ്രസംഗിക്കുകയും മഷിവറ്റുംവരെ എഴുതുകയും ചെയ്യുന്ന ബൗദ്ധിക കേന്ദ്രങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ടിബറ്റിലെ ചൈനീസ് അധിനിവേശത്തെക്കുറിച്ചോ സ്വദേശം ഒരിക്കലും കാണാന്‍ സാധിക്കാതെയുള്ള ഈ പ്രവാസികളുടെ കരുണാര്‍ഹമായ തുടര്‍ജീവിതത്തെക്കുറിച്ചോ ഒരക്ഷരം പറയുകയോ എഴുതുകയോ ചെയ്യാറില്ല-അവര്‍ക്ക് വോട്ടില്ലല്ലോ,അവര്‍ക്കുവേണ്ടി പറഞ്ഞാല്‍ വോട്ട് കിട്ടുകയുമില്ലല്ലോ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented