.jpg?$p=246738b&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഇനിമുതല്‍ ഹിന്ദിയില്‍ മതിയെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന രാജ്യത്തിന്റെ ബഹുസ്വര സംസ്കാരത്തിനും സാമൂഹികതയ്ക്കും നേരെയുള്ള വെല്ലുവിളിയാണ്. ആംഗലേയഭാഷ ഒഴിവാക്കി ഒരു ഇന്ത്യന്‍ ഭാഷ പൊതു ആശയവിനിമയത്തിന് തിരഞ്ഞെടുക്കാം എന്ന, ഒറ്റനോട്ടത്തില്‍ വലിയ ദേശീയതാത്പര്യമുള്ള ഒരു പ്രഖ്യാപനമായിരിക്കാം ഇത്. എന്നാല്‍, ഏകശിലാത്മകവും സങ്കുചിതവുമായ ഒരു തീവ്രദേശീയതയുടെ കാഹളങ്ങളിലൊന്നാണ് ഈ പ്രഖ്യാപനം. നേരത്തേ ജവഹര്‍ലാല്‍ നെഹ്രുതന്നെ പറഞ്ഞിട്ടുള്ളതുപോലെ, ഹിന്ദി ഭാഷാവാദികളുടെ അധികാരസ്വരമാണ് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്.
ഹിന്ദി ഇതരഭാഷകളെ പ്രാദേശികഭാഷകളെന്ന് വരുത്തിത്തീര്‍ത്തുകൊണ്ടുള്ള ഒരു വ്യവഹാരത്തിന് നമ്മളൊക്കെ ഇതിനകം സമരസപ്പെട്ടുകഴിഞ്ഞതാണ്. തമിഴ്ജനത മാത്രമാണ് അക്കാര്യത്തില്‍ ആദ്യംമുതലേ വേറിട്ടുനില്‍ക്കുന്നത്. തമിഴ്ജനത കൂടാതെ രാജ്യത്ത് വലിയതോതിലുള്ള പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഇപ്പോള്‍ ഇതേത്തുടര്‍ന്ന് ഉണ്ടായിവരുന്നതു കാണാം.
ഹിന്ദിഭാഷയോട് ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധമുള്ളതുകൊണ്ടല്ല ഇപ്പോള്‍ അമിത്ഷായുടെ ഈ പ്രഖ്യാപനത്തെ ഇത്ര കണിശമായി ആളുകള്‍ എതിര്‍ക്കുന്നത്. മറിച്ച്, ഇന്ത്യപോലെ നാനാത്വങ്ങളാല്‍ മനോഹരമായ ഒരിടത്തില്‍ ഒരു ഏകശിലാത്മകത അപകടമാണ് എന്ന തിരിച്ചറിവുകൊണ്ടാണത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃഭാഷയ്ക്കും ഇംഗ്ലീഷിനുംപുറമേ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിക്കണമെന്ന ഒരു നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. പുതിയ വിദ്യാഭ്യാസനയത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു കാര്യമതാണ്.
പക്ഷേ, അത്തരം ശ്രമങ്ങള്‍ക്ക് വിഘാതമാണ് ആഭ്യന്തരമന്ത്രി ഉയര്‍ത്തിയിട്ടുള്ള താത്പര്യം. എല്ലാ ഭാഷകളും ഇന്ത്യയില്‍ വ്യാപകമാകേണ്ടതും പ്രചരിപ്പിക്കപ്പെടേണ്ടതും ആശയവിനിമയോപാധിയായി പരിഗണിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, ഒരുഭാഷ മറ്റൊരുഭാഷയുടെ മേലെയോ ഒന്ന് ഒന്നിനെക്കാള്‍ കേമമോ ആണെന്നതരത്തില്‍ ഒരു വ്യവഹാരം അനുവദിക്കാവതല്ല.
അമിത് ഷാ ഇത് നേരത്തേയും പറഞ്ഞതാണ്. അന്ന് പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ തിരുത്തേണ്ടിവന്നു. ഇതുസംബന്ധിച്ച് 2021 ഡിസംബര്‍ 14-ന് ലോക്സഭയില്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എനിക്ക് ലഭിച്ച മറുപടി ഇന്ത്യയില്‍ ഭരണ നിര്‍വഹണത്തിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും ഇംഗ്ലീഷും ഉണ്ടെന്നും ഇന്ത്യക്ക് ഒരു ദേശീയഭാഷ ഇല്ലെന്നും ഹിന്ദി അങ്ങനെ ദേശീയ ഭാഷയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു. എന്നാല്‍, ഹിന്ദിഭാഷ ഒരു രാഷ്ട്ര/ ദേശീയ ഭാഷയാക്കണമെന്ന ആഗ്രഹം സംഘപരിവാരത്തിന് ഉള്ളാലെയുണ്ട്. ഹിന്ദിമാത്രം സംസാരിക്കുന്ന, ഹിന്ദുക്കള്‍ മാത്രമുള്ള ഹിന്ദുത്വ രാഷ്ട്രം എന്ന ഏകശിലാത്മക രാഷ്ട്രതാത്പര്യത്തിന്റെ തികട്ടലാണ് ഇടയ്ക്കിടയ്ക്കുള്ള ഈ ഹിന്ദിവാദങ്ങള്.
ഹിന്ദി ഒരു മനോഹരമായ ഭാഷതന്നെയാണ്. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ആളുകള്‍ ഹിന്ദിയും ഉറുദുവും കലര്‍ന്ന ഹിന്ദുസ്ഥാനി സംസാരിക്കുന്നത് കേള്‍ക്കാം. ഇന്ത്യന്‍ സിനിമ എന്നനിലയില്‍ ലോകത്തേക്ക് വലിയതോതില്‍ കയറ്റുമതിചെയ്യുന്ന ബോളിവുഡ് സിനിമയുടെ വിനിമയംതന്നെ ഈ ഹിന്ദുസ്ഥാനിയാണ്. നല്ലൊരുഭാഗം ഹിന്ദിഭാഷാവാദികള്ക്കും പക്ഷേ 'ശുദ്ധ ഹിന്ദി'യാണ് വേണ്ടത്.
ഉറുദു ഭാഷയും പ്രയോഗങ്ങളും അവരുടെ ഉള്ളിലെ വര്ഗീയതാത്പര്യങ്ങളാല് അവര്‍ക്ക് ദഹനക്കേടുണ്ടാക്കുന്നതാണ്. നിലവിലത്തെ ഹിന്ദി സാഹിത്യ-കലാ ആവിഷ്കാരത്തില്നിന്ന് ഉറുദുഹിന്ദി പരിണയഭാഷയെ മാറ്റിനിര്‍ത്തിയാല്‍ ആ മേഖല മുഴുവന്‍ പെട്ടെന്ന് വരള്‍ച്ചബാധിച്ച ഭൂമി പോലെയാകുമെന്ന് ഭാഷാജ്ഞാനിയായ സഹപ്രവര്ത്തകന് സമദാനി സാഹിബ് പറഞ്ഞതോര്‍ക്കുന്നു.
അതേസമയം, ഹിന്ദിയാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകളുടെ ഭാഷ എന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഉത്തരേന്ത്യ മുഴുവന്‍ ഹിന്ദിയാണ് സംസാരിക്കുന്നത് എന്നതും സത്യമല്ല. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്ളാസിക്കല്‍ പദവിയുള്ള ഭാഷകളുണ്ട്. തമിഴ്, കന്നഡ, തെലുഗു, മലയാളം, ഒഡിയ തുടങ്ങിയവയാണ് ആ ഭാഷകള്‍. അവയെ മാറ്റിനിര്‍ത്തിയാല്‍ ഗോവയില്‍ കൊങ്കിണിയും മറാത്തിയുമുണ്ട്. മഹാരാഷ്ട്രയില്‍ മറാത്തിയും ഗുജറാത്തില്‍ ഗുജറാത്തിയും പഞ്ചാബില്‍ പഞ്ചാബിയുമാണ് ഭാഷ. രാജസ്ഥാനില്‍ രാജസ്ഥാനിയും ഹരിയാണയില്‍ ഹരിയാന്വിയും ബിഹാറില്‍ മൈഥിലിയും ഉത്തര്‍പ്രദേശില്‍ ഭോജ്പുരിയും ഹിന്ദി ഭാഷപോലെ പ്രധാനപ്പെട്ട മറ്റു സംസാരഭാഷകളാണ്. സിന്ധി, സാന്താള്‍, ഡോഗ്രി, കശ്മീരി തുടങ്ങിയ ഭാഷകള്‍ വേറെയുമുണ്ട്.
ബംഗാളിയും മണിപ്പുരിയും അസമിയയും കുക്കിച്ചിന്‍ നാഗയും തുടങ്ങി കിഴക്കോട്ടുപോകുന്തോറും വൈവിധ്യങ്ങള്‍ നിറഞ്ഞ ഭാഷകള്‍ വേറെയും കാണാം. ഹിന്ദിമാത്രം സംസാരിക്കുന്ന ജനത 26 മുതല്‍ 28 ശതമാനംവരെ കാണും. അതില്‍ ഹിന്ദുസ്ഥാനി മാറ്റിനിര്‍ത്തിയാല്‍ അഞ്ചു ശതമാനമെങ്കിലും കാണുമോ എന്ന ചോദ്യംതന്നെ പലര്‍ക്കും പൊള്ളും.
വിവിധ ഭാഷാവൈവിധ്യങ്ങളും വകഭേദങ്ങളും പരിഗണിച്ചാല്‍ ഇന്ത്യയില്‍ ഏകദേശം 96,000 സംസാരഭാഷകള്‍ കാണുമത്രേ. അവയില്‍ പലതും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ അന്യംനിന്നുപോകുന്ന ഭാഷാസംസ്കൃതികളെ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറാവുകയാണ് സര്‍ക്കാര്‍ വേണ്ടത്. അല്ലാതെ ഒരു ഭാഷയെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യപോലെ ഒരു ബഹുസ്വര ദേശത്തിന് ഭൂഷണമല്ല.
ഇന്ത്യന്‍ഭാഷകളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിനെ കൂടുതല്‍ പരിഗണിച്ചും അവര്‍ക്ക് പ്രത്യേകഫണ്ടുകള് നല്‍കിയും പ്രോത്സാഹിപ്പിക്കുന്ന ഒരുനയം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..