മാര്‍ പാംപ്ലാനിയുടെ 'റബര്‍കട'; 300 രൂപയും വോട്ട് ബാങ്കും


By സണ്ണിക്കുട്ടി എബ്രഹാം

7 min read
Read later
Print
Share

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി | ഫോട്ടോ: മാതൃഭൂമി

കേരളത്തിലെ ക്രിസ്ത്യാനികള്‍ വ്യാപാര-വാണിജ്യ രംഗത്ത് അവരുടെ സവിശേഷ കഴിവുകള്‍ തെളിയിച്ചവരാണ്. വാണിജ്യാവശ്യത്തിനു വന്നവര്‍ തന്നയാണ് ഇവിടെ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചതും സഭക്ക് അടിത്തറയിട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചുകൂടം സ്ഥാപിച്ചതും പത്രം തുടങ്ങിയതും അവരാണ്. ആശുപത്രികളും പള്ളിക്കൂടങ്ങളും ആരംഭിച്ചത് സേവനം എന്ന നിലക്കാണെങ്കിലും അതില്‍ വന്‍ മുതല്‍ മുടക്കിനും ലാഭത്തിനും ഉള്ള സാധ്യതകള്‍ പിന്നീട് മനസിലാക്കി. സത്യ വിശ്വാസത്തിനു വിരുദ്ധമല്ലാത്ത സാധ്യതകളൊന്നും ഉപേക്ഷിക്കാറില്ല. ഇപ്പോള്‍ ഒരു റബര്‍ കട തുറക്കാനാണ് ആലോചിക്കുന്നത്. ശകലം വന്‍തോതിലാണ്. രൂപ/ഡോളര്‍ നിരക്കിലല്ല വ്യാപാരം. പഴയ ബാര്‍ട്ടര്‍ ഇടപാടാണ്. സാധനം കൊടുത്ത് സാധനം വാങ്ങുക. അതായത് കപ്പ കൊടുത്ത് ചക്ക, മാങ്ങ കൊടുത്ത് തേങ്ങാ എന്ന മട്ടില്‍. നമ്മള്‍ ക്വിന്റല്‍ കണക്കിലോ ടണ്‍ കണക്കിലോ റബര്‍ അങ്ങോട്ട് കൊടുക്കും. അതിന് കിലോക്ക് 300 രൂപ പ്രകാരം വില കിട്ടണം. ഇവിടെ അല്‍പ്പം കാശിന്റെ ഏര്‍പ്പാട് ഉണ്ട്. പിന്നെയാണ് ബാര്‍ട്ടര്‍. അപ്പോള്‍ ഞങ്ങള്‍ ബി.ജെ.പിക്ക് ഒരു ലോക്‌സഭാ എം പിയെ അങ്ങോട്ട് നല്‍കും. ഇതാണ് ഇപ്പോഴത്തെ പ്ലാന്‍.

റബര്‍ കട തുറക്കാനുള്ള ദൗത്യം സഭ ഏല്പിച്ചിരിക്കുന്നതോ, അഥവാ സ്വയം ഏറ്റെടുത്തിരിക്കുന്നതോ സീറോ മലബാര്‍ സഭ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് പാംപ്ലാനി ആണ്. തലശ്ശേരിയില്‍ നടന്ന കത്തോലിക്കാ കര്‍ഷകരുടെ യോഗത്തിലും പിറ്റേന്നും നടത്തിയ വിശദീകരണത്തിലുമാണ് മാര്‍ പാംപ്ലാനി കട തുറക്കാന്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചത്.

റബറിന് കിലോക്ക് 300 രൂപ വില തന്നാല്‍, ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് ഒരു എം.പി ഇല്ലാത്തതിന്റെ കേടു തീര്‍ത്തു തരാം, അഥവാ ഞങ്ങള്‍ താമരക്കു കുത്തിയേക്കാം എന്ന് ആര്‍ച്ച് ബിഷപ് പാംപ്ലാനി പറയുമ്പോള്‍, ഒരു സാധാരണ വിശ്വാസിക്ക് തോന്നുക, നമ്മളുടെ വോട്ട് ആര്‍ക്കെങ്കിലും തന്നേക്കാമെന്ന് വാഗ്ദാനം ചെയ്യാന്‍ മാര്‍ പാംപ്ലാനിയെ ആരാണ് ചുമതലപ്പെടുത്തിയത് എന്നായിരിക്കും. അതിന് അദ്ദേഹത്തിന് ആര് അധികാരം കൊടുത്തു? കത്തോലിക്കാ മെത്രാന്‍ സംഘം അഥവാ കെ.സി.ബി.സിയുടെ കൃഷി സംബന്ധിച്ച കമ്മീഷന്റെ ചെയര്‍മാനോ മറ്റോ ആണോ മാര്‍ പാംപ്ലാനി? (നോക്കുമ്പോള്‍ കര്‍ഷകര്‍ക്കോ കൃഷിക്കോ ആയി അങ്ങനെ ഒരു കമ്മീഷന്‍ തന്നെയില്ല) വിശ്വാസികളുടെ വോട്ട് ഒക്കെ, മെത്രാന് ഇഷ്ടം പോലെ ഉപയോഗിക്കാന്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി അരമനയുടെ നിലവറയിലെ ഏതെങ്കിലും ലോക്കറില്‍ വെച്ചു പൂട്ടിയിരിക്കുകയാണെന്നാണോ? ഈ സംശയം സാദാ വിശ്വാസിക്ക് മാത്രമല്ല ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തില്‍ സഭാ നേതൃത്വത്തോട് മറുതലിച്ചു നില്‍ക്കുന്ന ഫാ.പോള്‍ തേലക്കാട്ട് മുതല്‍ പേര്‍ക്കുമുണ്ട്.

ഈ വോട്ടിന്റെ അട്ടിപ്പേറവകാശം ഒരു പഴയ അന്ധ വിശ്വാസം ആണ്. സഭാ കല്പനയോ ഇടയ ലേഖനമോ ഇറക്കിയാല്‍ വിശ്വാസികളെല്ലാം വാലേ വാലേ ചെന്ന് അവര്‍ പറയുന്നിടത്ത് വോട്ട് ചെയ്യും എന്ന വിശ്വാസം അത്യാവശ്യം തെറ്റായ ധാരണയാണ്. അവര്‍ പറഞ്ഞവര്‍ക്ക് കുഞ്ഞാടുകള്‍ വോട്ടിട്ടു കാണും. അത് മെത്രാന്‍ പറഞ്ഞത് കൊണ്ട് മാത്രമല്ല. വിശ്വാസികളുടെ നിലപാടിനും രാഷ്ട്രീയ വിശ്വാസത്തിനുമനുസരിച്ചുകൂടിയാണ്.

1964 ല്‍ കേരള കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ അത് കത്തോലിക്കാ സഭാ നേതൃത്വത്തിന് ദഹിക്കുന്ന ഒന്നായിരുന്നില്ല. അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ഒരു മെത്രാനും പറഞ്ഞില്ല. എതിര്‍ക്കുകയും ചെയ്തു. കേരളത്തിലെ ഒരു കുഞ്ഞു വത്തിക്കാനായ പാലായില്‍ കെ.എം.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പോലും അംഗീകരിച്ചില്ല. ആ തെരഞ്ഞെടുപ്പില്‍ മാണി അടക്കം 25 കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 1965 ലും 1967 ലും കോണ്‍ഗ്രസുമായി രമ്യപ്പെടണമെന്ന് സഭ കേരള കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു. അവര്‍ വഴങ്ങിയില്ല. 1967 ല്‍ മന്നത്ത് പദ്മനാഭന്‍ കേരള കോണ്‍ഗ്രസിനോടുള്ള അനുഭാവം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സഹകരിച്ചു തുടങ്ങുകയും നായര്‍ സമുദായ പിന്തുണ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ കേരള കോണ്‍ഗ്രസ് ഒരു ക്രൈസ്തവ പാര്‍ട്ടി ആയി ചുരുങ്ങി. അപ്പോള്‍ സ്വന്തം നിയന്ത്രണത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായിരിക്കുന്നത് നല്ലത് എന്ന് സഭ കണ്ടു. അങ്ങനെ കേരള കോണ്‍ഗ്രസ് സഭയുടേതും കൂടായി. സഭയുടെ ചെറു നിയന്ത്രണമുള്ളതു പലരെയും ഒതുക്കാന്‍ നല്ലത് എന്ന് പാര്‍ട്ടി നേതാക്കളും കണ്ടു. വോട്ട് ബാങ്ക് എന്നും അരമന കയറി ഇറങ്ങുന്നു എന്നും പറഞ്ഞ നമ്മള്‍ അതങ്ങ് ഉറപ്പിച്ചു കൊടുത്തു. അത്രേയുള്ളു കാര്യം.

ഒരു സുവര്‍ണാവസരം

കേരളത്തിലെ ന്യൂനപക്ഷങ്ങളിലേക്ക് വീതിയുള്ള കോണ്‍ക്രീറ്റ് പാലം പറ്റിയില്ലെങ്കില്‍ ഒരു തടിപ്പാലമെങ്കിലും ഇടാന്‍ കാത്തിരുന്ന ബി.ജെ.പി., ഏതോ പുണ്യാളന്‍ ഒരുക്കിയ ഒരു സുവര്‍ണാവസരമായാണ് മാര്‍ പാംപ്ലാനിയുടെ ക്ഷണപത്രത്തെ കാണുന്നത്. ഇന്ത്യയില്‍ നിന്നുള്ള പുണ്യാളന്മാരായിരിക്കില്ല എന്ന് അവര്‍ക്കറിയാം. കാരണം അവര്‍ ഇന്ത്യയില്‍ തന്നെയുള്ളവരാണല്ലോ. അവര്‍ക്ക് ബി.ജെ.പിയെ നന്നായി അറിയുകയും ചെയ്യാം. ഇവിടെ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നും ബോധ്യമുണ്ട്. എന്തായാലും 'എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം ' എന്ന മട്ടിലാണ് കേന്ദ്ര ഭരണകക്ഷി കാര്യങ്ങളെ കാണുന്നത്. വോട്ട് തരാം എന്ന് ആരെങ്കിലും ഇങ്ങോട്ട് പറയുന്നത് ചെറിയ കാര്യമാണോ? അതും ഇത് വരെ ക്രൈസ്തവരെ ശത്രുക്കളായി കാണുന്ന പാര്‍ട്ടി എന്ന് പറഞ്ഞ് അകറ്റി നിര്‍ത്തിയിരുന്നവര്‍. റബറിന് 300 രൂപ എന്നൊക്കെ പറയുന്നത് അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ 145 രൂപയില്‍ കൂപ്പുകുത്തിക്കിടക്കുന്ന റബര്‍വില എത്ര വലിയ ജാക്കി വെച്ചു പൊക്കിയാലും 200 രൂപ പോലും എത്തിക്കാനാവില്ല. സിന്തറ്റിക് റബറിനാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഇപ്പോള്‍ ഉപയോഗിക്കുന്ന റബറില്‍ പകുതിയിലേറെയും സിന്തറ്റിക് ആണ്. അതുണ്ടാക്കാനാവശ്യമായ അസംസ്‌കൃത വസ്തു ക്രൂഡ് ഓയിലിനാവട്ടെ വിലയും കുറവ്. ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ട്യൂബ് ഇല്ലാത്ത ടയറും ആണ്. ചുരുക്കത്തില്‍, സ്വാഭാവിക റബറിന് ആവശ്യക്കാര്‍ കുറവ്. യാഥാര്‍ഥ്യം അതാണെങ്കിലും കൈവന്ന ഒരു അസുലഭ അവസരമായാണ് മാര്‍
പാംപ്ലാനിയുടെ പ്രസ്താവനയെ ബി.ജെ.പി കാണുന്നത്.

അത് മുതലാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതും സ്വാഭാവികം. ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ഉണ്ടായ ഉടനെ തന്നെ പാര്‍ട്ടി നേതൃത്വം അതിനെ സ്വാഗതം ചെയ്തു. മെത്രാനെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും വളഞ്ഞിട്ടാക്രമിക്കുന്നതായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പത്രസമ്മേളനം വിളിച്ച് വിലപിച്ചു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുരളീധരനൊപ്പമുണ്ടായിരുന്നു. റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എ ഉണ്ണികൃഷ്ണന്‍ മാര്‍ പാംപ്ലാനിയെക്കണ്ട് ചര്‍ച്ച നടത്തി. ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക നിലപാട് ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം തന്നെ കോട്ടയത്ത് നിന്ന് ത്രിപുരയിലേക്ക് ഇളക്കി മാറ്റിക്കൊണ്ടുപോകാനും ബോര്‍ഡില്‍ കേരളത്തിന്റെ പ്രാതിനിധ്യം കുറക്കാനുമുള്ള ക്രിയാത്മക ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോളാണ് ഈ ഉറപ്പ്. ഇരുപത്തൊന്‍പതംഗ ബോര്‍ഡില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇപ്പോള്‍ വെറും പത്ത് മാത്രമാണ്. ബോര്‍ഡിന്റെ പ്രസക്തിയും കുറഞ്ഞു. പണ്ട് ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ വാണിജ്യ മന്ത്രാലയം സ്വീകരിക്കും. ഇപ്പോള്‍ മറിച്ചാണ്. കര്‍ഷകന് ന്യായമായ വില കിട്ടണമെന്നായിരുന്നു പഴയ ചിന്തയെങ്കില്‍ വ്യവസായിക്ക് കുറഞ്ഞ വിലക്ക് റബര്‍ ലഭ്യമാക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ബോര്‍ഡ് ചെയര്‍മാന്റെ നിയമനം തീര്‍ത്തും രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലായി. സത്യമിതാണെങ്കിലും നനവ് കാണുന്നിടത്ത് കുഴിച്ചു നോക്കണമല്ലോ. വോട്ട് ബാങ്ക് ശാഖകള്‍ വല്ലതും കണ്ടെത്തിയാലോ.

ഇനിയും ചര്‍ച്ചകള്‍, ബോര്‍ഡ് ചെയര്‍മാന്‍ തലത്തിലും മറ്റും നടക്കും. അപ്പോള്‍, കാര്‍ഷിക വിളയല്ലാത്തതിനാല്‍ റബറിന് താങ്ങുവില പറ്റില്ലെന്നും ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മിശ്രിത റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനാവില്ലെന്നും ബിഷപ്പിന്റെ വോട്ട് പ്രസ്താവനക്ക് ശേഷവും വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ നടത്തിയ പ്രഖ്യാപനം മനസ്സില്‍ ഉണ്ടാവണം. 'ക്രിയാത്മക'വുമായി ആരെങ്കിലും വന്നാല്‍ ഗോയലിനെ ഓര്‍മിപ്പിച്ചു കൊടുക്കുകയും വേണം. ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ബി.ജെ.പി ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കാലം കുറെ ആയി. ഇത് വരെ പള്ളിപ്പറമ്പിനകത്തുപോലും കടക്കാന്‍ കഴിഞ്ഞിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിയാക്കിക്കൊണ്ടായിരുന്നു ഒരു ശ്രമം. അതും നടന്നില്ല.

ഇപ്പോള്‍ കേരള കോണ്‍ഗ്രസ് പോലെ ക്രൈസ്തവരുടേതായ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കാനുള്ള സാധ്യതകളാണ് ബി.ജെ.പി ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ സ്വാധീന ശേഷി ഇടിഞ്ഞു എന്ന കണക്കുകൂട്ടലിലാണ് ഇത്. പ്രാരംഭ ചര്‍ച്ചകളെ നടന്നുള്ളു എങ്കിലും പാര്‍ട്ടിക്ക് പേരായിക്കഴിഞ്ഞെന്നാണ് അന്തപുര വര്‍ത്തമാനം. നാഷണലിസ്‌റ് പ്രോഗ്രസീവ് പാര്‍ട്ടി. പേരില്ലാത്തതു കൊണ്ട് പാര്‍ട്ടി ഉണ്ടാകാതിരിക്കേണ്ടല്ലോ. പണ്ട് കേരള കോണ്‍ഗ്രസിലുണ്ടായിരുന്ന ചില സട കൊഴിഞ്ഞവരെയാണ് മുന്നില്‍ നിര്‍ത്തിയിരിക്കുന്നത്.

ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ മാതൃക ഇവിടെ പരീക്ഷിക്കാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. വടക്കേ ഇന്ത്യയില്‍ ക്രൈസ്തവരെയും അവരുടെ ആരാധനാലയങ്ങളെയും അക്രമിക്കുകയും ഒരു റാത്തല്‍ ബീഫുമായി പോകുന്നവരെ തല്ലിക്കൊല്ലുകയും ചെയ്തിട്ടു ന്യൂനപക്ഷ പ്രേമം നടിച്ചാല്‍ ചെന്ന് കൈമുത്തുന്നവരല്ല കേരള നസ്രാണികള്‍ എന്ന് ഇപ്പോഴും അവര്‍ക്ക് മനസിലായിട്ടില്ലെന്നു തോന്നുന്നു. ഇന്ത്യക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന സന്ദേശവുമായി ക്രൈസ്തവ സഭ മേലധ്യക്ഷന്മാരെ അണിനിരത്തി തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് വന്‍ പരാജയമായതും ഇവിടെ ഓര്‍ക്കാം.

ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു പുതിയ പദ്ധതി ഒരുങ്ങുന്നുണ്ട്. 'നന്ദി മോദി' എന്നാണ് അതിന്റെ പേര്. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പരിപാടികളുടെ ഗുണഫലങ്ങള്‍ ലഭിച്ചവര്‍ അദ്ദേഹത്തിന് നന്ദി പറയുന്നതാണ് സംഗതി. അത് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മാര്‍ പാംപ്ലാനിയുടെ പ്രസ്താവന വന്നത്. ആ ഗ്യാപ്പിലൂടെ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലേക്ക് കടന്നു കയറാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി നടത്താന്‍ പോവുക. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകള്‍ അടങ്ങുന്നതാണ് കേരള കത്തോലിക്കാ സഭ. സീറോ മലബാര്‍ വിഭാഗത്തിലെ ഒരു അതിരൂപത മാത്രമായ തലശ്ശേരിയുടെ മെത്രാന്‍ നടത്തിയ വോട്ട് വാഗ്ദാനം മൊത്തം സഭയുടേതായി മുഖവിലക്കെടുക്കാന്‍ പറ്റുമോ എന്ന് ബി.ജെ.പിക്കു സംശയം ഉണ്ട്. ബാക്കി ക്രൈസ്തവ സഭകള്‍ വേറെയും കിടക്കുന്നു. എന്തായാലും കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ബി ജെ പി ശ്രമിക്കും.

എന്താ നിങ്ങളുടെ പരിപാടി ?

ഉണ്ടിരുന്നപ്പോള്‍ ഉണ്ടായ ഒരു ദൈവവിളിയുടെ ഫലമാണ് മാര്‍ പാംപ്ലാനിയുടെ വോട്ട് വാഗ്ദാനം എന്ന് കരുതാനാവില്ല. കിട്ടുന്ന വാക്കില്‍ എന്തെങ്കിലും പറഞ്ഞു പോകുന്ന രാഷ്ട്രീയക്കാരല്ല കേരളത്തിലെ കത്തോലിക്കാ സഭ മേധാവികള്‍. വേണ്ട പോലെ ആലോചിച്ച് വേണ്ട സമയത്ത് വേണ്ടതേ പറയൂ. ഒരു ചെറിയ കാര്യമല്ല മാര്‍ പാംപ്ലാനി പറഞ്ഞത്. ഒരു ലോക്‌സഭാ സീറ്റ് ബി.ജെ.പിക്ക് ശരിയാക്കിത്തരാം എന്ന ഉറപ്പ് നല്‍കലാണ്. അത് കത്തോലിക്കാ സഭക്കും ബി.ജെ.പി ക്കും വലിയ കച്ചവട സാദ്ധ്യതകള്‍ പ്രദാനം ചെയ്യുന്ന ഒരു ബിസിനസ്സ് പ്രൊപോസല്‍ ആണ്.

ഈ പ്രഖ്യാപനം ഉണ്ടായതിനു മുന്‍പ് ബി.ജെ.പിയുടെ ഒരു പ്രതിനിധി സംഘം മെത്രാനെ സന്ദര്‍ശിച്ചിരുന്നതായി പറയുന്നു. റബര്‍ കര്‍ഷകര്‍ മാത്രമല്ല, നെല്ല് കൃഷി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. റബര്‍ വിപണിയില്‍ വന്‍ ആശങ്കയുണ്ടാക്കുന്ന സംഭവ വികാസമൊന്നും ഈ അടുത്ത നാളുകളില്‍ ഉണ്ടായിട്ടില്ല. ഉള്ള വില ഇടിയുകയോ മാര്‍ക്കറ്റ് തകരുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച റബറിന്റെ വില കിലോക്ക് 147 രൂപയാണ്. പോയ മാസങ്ങളിലൊക്കെ ഇതിനടുത്താണ് വില. ഇതാണ് സ്ഥിതി എന്നിരിക്കെ നോട്ടിനു പകരം വോട്ട് എന്ന് പൊടുന്നനെ ഉണ്ടായ പ്രഖ്യാപനത്തിന് പിന്നിലെന്താണ്. ഇക്കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മൗനമാണ് കേരള സഭാ നേതാക്കളുടേത്. സീറോ മലബാര്‍ സഭയുടെ സിനഡ് മാര്‍ പാംപ്ലാനിയുടെ പ്രസ്താവന അംഗീകരിക്കുന്നുണ്ടോ? കേരളത്തിലെ മൂന്ന് കത്തോലിക്കാ റീത്തുകളിലെ മെത്രാന്മാരുടെ സംഘടനയായ കെ.സി.ബി.സിക്ക് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് ഉള്ളത്. അത് വ്യക്തമാക്കണം. പള്ളിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. സഭയെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ വരുമ്പോള്‍ ഇത്തരത്തില്‍ സുവ്യക്തമായ ഒരു നിലപാട് ഇല്ലായ്മ പതിവുള്ളതുമല്ല .

മാര്‍ പാംപ്ലാനി നടത്തിയ പ്രസ്താവനയില്‍ റബര്‍ ഷീറ്റോ റബര്‍ വിലയോ കൂടാതെ നൈതികമായ ചില വിഷയങ്ങളും ഉയരുന്നുണ്ട്. കക്ഷി രാഷ്ട്രീയം തന്നെയാണ് ബിഷപ് പറഞ്ഞത്. വോട്ട് കച്ചവടത്തിനുള്ള അന്തരീക്ഷം ഒരുക്കുക കൂടെയാണ് ചെയ്തിരിക്കുന്നത്. റബറിന് ഞങ്ങള്‍ ചോദിക്കുന്ന വില തരൂ, പകരം വോട്ട് തരാം. സഭാവിശ്വാസികളുടെ വോട്ട് സഭാനാഥനായ മെത്രാന്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നു. ജനപ്രാതിനിധ്യ നിയമം 123 വകുപ്പ് പ്രകാരം വോട്ട് വില്‍പ്പന കുറ്റകരവുമാണ്.

മാര്‍ പാംപ്ലാനി മറന്നത്

300 രൂപക്ക് കത്തോലിക്കാ വോട്ടുകള്‍ വില്‍ക്കാനുള്ള തീരുമാനംപറയുന്നതിന് മുന്‍പ് മാര്‍ പാംപ്ലാനി ഗ്രഹാം സ്റ്റെയിന്‍സിനെ ഓര്‍ക്കാതെ പോയതില്‍ കുറ്റം പറയാനില്ല. ഒഡിഷയിലെ കുഷ്ഠ രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന മിഷനറി ആയ സ്റ്റെയിന്‍സിനെയും രണ്ട് ആണ്‍മക്കളെയും രാത്രി അവരുടെ വാഹനത്തില്‍ തീവെച്ചു കൊന്നത് 1999 ജനുവരിയിലായിരുന്നു. വര്‍ഷം കുറെ ആയി. പക്ഷെ 2021 ജൂലൈ അഞ്ചിന് മരിച്ച സ്റ്റാനിസ്ലാവൂസ് ലൂര്‍ദ്‌സ്വാമി എന്ന സ്റ്റാന്‍ സ്വാമിയേ മറക്കരുതായിരുന്നു. ദീര്‍ഘകാലം ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച വൈദികനാണ്. ഒരു നല്ല മനുഷ്യന്‍. ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദം ഉയര്‍ത്തി എന്നല്ലാതെ വേറെ കുറ്റങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷെ 2018 ലെ ഭീമ കോര്‍ഗാവ് അക്രമങ്ങളില്‍ പങ്കുണ്ടെന്നും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പറഞ്ഞു 2020 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു. പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്നു. ഒരു ചായക്കപ്പ് എടുക്കാന്‍ പോലും കഴിയുമായിരുന്നില്ല.. ജാമ്യം നിഷേധിക്കപ്പെട്ടു. ഒടുവില്‍ 2021 ജൂലൈ അഞ്ചിന് ജയിലില്‍ നരകിച്ച് മരണത്തിന് കീഴടങ്ങി. സ്വാമിക്കെതിരെയുള്ള തെളിവായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ നിന്ന് കിട്ടിയതായി പറയപ്പെടുന്ന രേഖകള്‍ ആരോ കമ്പ്യുട്ടര്‍ ഹാക്ക് ചെയ്ത് അവിടെ നിക്ഷേപിച്ചതാണെന്നു അമേരിക്കയിലെ ഫോറന്‍സിക് അന്വേഷണ സ്ഥാപനമായ ആഴ്‌സനല്‍ പിന്നീട് കണ്ടെത്തി.

വടക്കേ ഇന്ത്യയില്‍ ക്രൈസ്തവ സമൂഹവും അവരുടെ സ്ഥാപനങ്ങളും നേരിടുന്ന അക്രമങ്ങള്‍ പിതാവ് മറക്കരുതായിരുന്നു. രാഷ്ട്രാന്തരീയ മതസ്വാതന്ത്ര്യം സംബന്ധിച്ച യു.എസ്.കമ്മീഷന്‍, ലോകത്ത് മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആശങ്ക പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ ചൂണ്ടിക്കാട്ടിയത് എന്തുകൊണ്ട് എന്ന് അന്വേഷിക്കണമായിരുന്നു. വിദേശ പണത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുളള നിയന്ത്രണങ്ങള്‍ സഭകളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടാവാം. എന്നാല്‍ അതുപോലുളള വിഷയങ്ങളെയും സഭാവിശ്വാസികളുടെ സമ്മതിദാനാവകാശത്തെയും ബന്ധിപ്പിച്ചു ചിന്തിക്കുന്നത് ശരിയല്ല.


കൂട്ടത്തില്‍ ചിന്തിക്കാവുന്നത്: ഏകീകൃത കുര്‍ബാന സംബന്ധിച്ച് സീറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കവും മാര്‍ പാംപ്ലാനി പ്രസ്താവനയും എങ്ങനെയോ കൊരുത്തു കിടക്കുന്നത് കൗതുകകരമാണ്. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍. റബര്‍ കച്ചവടത്തിനും എതിരാണെന്നാണ് മനസ്സിലാക്കാനാവുന്നത്. കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇരുകൂട്ടര്‍ക്കും ഒറ്റക്കെട്ടായി ബി.ജെ.പിക്ക് ഒരു സീറ്റ് എന്ന ലക്ഷ്യത്തിനു വേണ്ടി പ്രയത്‌നിക്കാമായിരുന്നു. അതിനായി മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം.

Content Highlights: controversies over Mar Pamplany's remark on rubber price, Sunnykutty Abraham writes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bimal Hamukh
Premium

5 min

ഭാഗ്യനമ്പര്‍ 3; പുതിയ പാര്‍ലമെന്റിന്റെ  ത്രികോണരൂപവും  ബിമല്‍ ഹസ്മുഖെന്ന ആര്‍ക്കിടെക്ടും

May 30, 2023


cial
Premium

7 min

മണ്ടന്‍ ആശയമല്ല, പിച്ച തെണ്ടി ഉണ്ടാക്കിയതല്ല; കൊച്ചി വിമാനത്താവളം സിൽവർ ജൂബിലിയിലേക്ക്

May 30, 2023


wrestlers
Premium

6 min

ബ്രിജ്ഭൂഷണും ഗുസ്തി താരങ്ങള്‍ക്കും 'നാര്‍ക്കോ' കടമ്പ; നുണപരിശോധനയുടെ നിയമസാധുതയും വെല്ലുവിളിയും

May 28, 2023

Most Commented