14 തുരങ്കങ്ങള്‍, 86 ശതമാനം പാതയും തുരങ്കത്തിലൂടെ; സിക്കിമും റെയില്‍വേ ഭൂപടത്തിലേയ്ക്ക്


അഖില്‍ ശിവാനന്ദ്

സിക്കിം-പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാപ്രശ്‌നത്തിന് വലിയതോതില്‍ പരിഹാരമാകും പുതിയ പാത. പുതിയ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ എല്ലാ കാലവസ്ഥയിലും സിക്കിമിന് പുറത്തേക്കുള്ള ഗതാഗതവും ചരക്ക് നീക്കവും ഉറപ്പുവരുത്താന്‍ സാധിക്കും.

Premium

Photo: Ministry of Railways

സിക്കിമിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര നടത്തിയാലോ? നിലവില്‍ അത് സാധ്യമല്ലെങ്കിലും അടുത്ത് തന്നെ നമുക്ക് സിക്കിമിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര നടത്താനായേക്കും. അതേ, റെയില്‍വേ ലൈന്‍ കടന്നുചെല്ലാത്ത ഇന്ത്യന്‍ സംസ്ഥാനമെന്ന ദുഷ്‌പേര് ഇനി സിക്കിമിന് മറക്കാം. വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യന്‍ റെയില്‍വേ സ്വപ്‌ന പദ്ധതി നിര്‍മാണഘട്ടത്തിലാണ്. പശ്ചിമബംഗാളിലെ സിവോക്കിനെയും സിക്കിമിലെ രംഗ്‌പോയെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ലൈന്‍ പദ്ധതി ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണ്. 44.96 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചാരികള്‍ക്കും ചരക്കുഗതാഗതത്തിനും ഒരുപോലെ പ്രയോജനം ചെയ്യുന്ന പാതയുടെ നിര്‍മാണം പാതിവഴി പിന്നിട്ടു. പദ്ധതിയുടെ 51 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. സിക്കിമിനെ റെയില്‍വേ നെറ്റ്‌വര്‍ക്കിന് കീഴില്‍ കൊണ്ടുവരുന്നു എന്നത് തന്നെയാണ് ഈ ബ്രോഡ്‌ഗേജ് പാതയുടെ ഏറ്റവും വലിയ പ്രത്യേകത.

2008-ല്‍ പ്രഖ്യാപിച്ച പദ്ധതി

പശ്ചിമ ബംഗാളിലെ സിവോക്കിനെയും സിക്കിമിലെ രാംഗ്പോയേയും ബന്ധിപ്പിക്കുന്ന 45 കിലോമീറ്റര്‍ റെയില്‍ പാതപദ്ധതി 2008-ലെ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. 53 കിലോമീറ്റര്‍ പാത നിര്‍മിക്കാനാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിട്ടതെങ്കിലും അന്തിമ അലൈന്‍മെന്റില്‍ അത് 45 കിലോമീറ്ററായി ചുരുങ്ങി. തൊട്ടടുത്ത വര്‍ഷം അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. മമതാ ബാനര്‍ജിയും അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ചേര്‍ന്ന് ആ വര്‍ഷം ഒകടോബര്‍ 30-ന് പദ്ധതിയുടെ ശിലാസ്ഥാപനവും നടത്തി. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് മമത ആ ഘട്ടത്തില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ 2015-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കുന്നതിലെ താമസവും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേത്തുടര്‍ന്നും നീണ്ടുപോവുകയായിരുന്നു.

2010 മെയ് മാസത്തിലാണ് ഇന്ത്യന്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇര്‍കോണുമായി പദ്ധതിയുടെ കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ 2013-ല്‍ പോലും മഹാനന്ദ വനമേഖലയിലൂടെയുള്ള ആദ്യത്തെ 22 കിലോമീറ്ററിന് അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാന്‍ സാധിച്ചിരുന്നില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും ആ ഘട്ടത്തില്‍ പദ്ധതിക്ക് ലഭിച്ചിരുന്നില്ല. 2013 ഫെബ്രുവരിയില്‍ മഹാനന്ദ വന്യജീവിസങ്കേതത്തിലെ നിര്‍ദിഷ്ട റെയില്‍വേ ലൈനില്‍ എലിഫന്റ് സെന്‍സറുകള്‍ സ്ഥാപിക്കുകയോ വനത്തിലൂടെ മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ട്രെയിനുകള്‍ ഓടിക്കുകയോ ചെയ്യാം എന്ന നിര്‍ദേശം റെയില്‍വേ, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നില്‍വെച്ചു. ട്രാക്കിന് സമീപം ആനയെ കണ്ടാല്‍ ട്രെയിന്‍ നിര്‍ത്താം എന്ന നിര്‍ദേശവും ഇതിനൊപ്പം നല്‍കിയിരുന്നു. ദേശീയ വന്യജീവി ബോര്‍ഡിന്റെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ 2016 ഫെബ്രുവരിയില്‍ സുപ്രീംകോടതി പദ്ധതിക്ക് അംഗീകാരം നല്‍കി.

പര്‍വതങ്ങളും താഴ്​വരകളുമുള്ള പ്രദേശമായതിനാല്‍ തന്നെ നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. കിഴക്കന്‍ സിക്കിമിലെ രണ്ട് ഗ്രാമങ്ങളിലെ ജനങ്ങള്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കാനും തയ്യാറായിരുന്നു. ഇതടക്കമുള്ള വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് പിന്നീട് 2021-ലാണ് ജീവന്‍ വെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍വേ ഉദ്യോഗസ്ഥരുമായും പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായും ചര്‍ച്ച നടത്തിയതിനേത്തുടര്‍ന്നായിരുന്നു അത്. പ്രധാനമന്ത്രി പദ്ധതിക്കായി ഇടപെട്ടതിന് പിന്നാലെ ഇക്കാര്യത്തില്‍ അനുമതികള്‍ വേഗത്തില്‍ വന്നു. തുടര്‍ന്ന് ടെണ്ടറുകള്‍ നല്‍കുകയും പദ്ധതി നിര്‍മാണം വേഗത്തിലാകുകയും ചെയ്തു. 2023 ഡിസംബര്‍ മാസത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

Photo: Ministry of Railways

'തുരങ്ക' റെയില്‍പാത

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ സിവോക്ക് റെയില്‍വേ സ്റ്റേഷനെയും സിക്കിമിലെ രംഗ്പോയെയും ബന്ധിപ്പിക്കുന്ന 44.98 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബ്രോഡ്‌ഗേജ് റെയില്‍ പദ്ധതി ഒരു എഞ്ചിനീയറിംഗ് വിസ്മയമായാണ് കണക്കാക്കപ്പെടുന്നത്. തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് ഈ പാത ഏതാണ്ട് പൂര്‍ണമായും കടന്നുപോകുന്നത്. ആകെ 44.98 കിലോമീറ്റര്‍ നീളം വരുന്ന ഈ റെയില്‍വെ ലൈനില്‍ പദ്ധതിയില്‍ 38.6 കിലോമീറ്റര്‍ (86%) റെയില്‍വേ ലൈന്‍ തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പാതയുടെ 2.24 കീലോമീറ്റര്‍ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. ആകെ ദൂരത്തിന്റെ അഞ്ച് ശതമാനം വരുമിത്. 4.79 കിലോമീറ്റര്‍ മാത്രമാണ് തുറസ്സായ സ്ഥലത്തുകൂടി കടന്നുപോകുന്നത്. റെയില്‍വേ സ്റ്റേഷനുകളോട് അനുബന്ധിച്ചുളള തുറന്ന പാതകളുള്‍പ്പെടെയാണിത്.

ചെറുതും വലുതുമായ 14 തുരങ്കങ്ങളാണ് ഈ റെയില്‍ പാതയിലുള്ളത്. ഏറ്റവും വലിയ ടണലിന് 5.2 കിലോ മീറ്ററാണ് നീളം. ഏറ്റവും ചെറിയ ടണലിന് 538 മീറ്ററും. 22 പാലങ്ങളാണ് പാതയില്‍ ആകെയുള്ളത്. ഇതിന് മൂന്നെണം വലിയ പാലങ്ങളാണ്, രണ്ടെണ്ണം റോഡിന് മുകളിലുള്ള പാലങ്ങളും. സിവോക്കിന് പുറമേ പദ്ധതിയില്‍ നാല് സ്റ്റേഷനുകളാണുള്ളത്. ബംഗാളിലെ റിയാങ്, ടീസ്റ്റ ബസാര്‍, മെല്ലി, സിക്കിമിലെ രംഗ്പോ. ഇതില്‍ കാലിംപോങ് ജില്ലയിലെ ടീസ്റ്റ ബസാര്‍ സ്റ്റേഷന്‍ പൂര്‍ണമായും ഭൂമിക്കടിയിലാണ് നിര്‍മിക്കുന്നത്. രണ്ട് പ്ലാറ്റ്‌ഫോമുകളും രണ്ട് ട്രാക്കുകളുമാണ് ടീസ്റ്റ ബസാര്‍ സ്റ്റേഷനിലുണ്ടാകുക. സിക്കിമിലെ രംഗ്പോയാകും പാതയിലെ ഏറ്റവും വലിയ സ്റ്റേഷന്‍. നാല് ട്രാക്കുകളും മൂന്ന് പ്ലാറ്റ്‌ഫോമുകളുമാണ് ഇവിടെ ഉണ്ടാകുക. സംസ്ഥാന തലസ്ഥാനമായ ഗാങ്‌ടോക്കില്‍ നിന്ന് 38 കിലോമീറ്ററും പാക്യോങ് വിമാനത്താവളത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുമാണ് ഈ സ്‌റ്റേഷന്‍. രണ്ട് സ്‌റ്റേഷനുകള്‍ക്കിടയിലെ ഏറ്റവും കൂടിയ ദൂരം 17.6 കിലോമീറ്ററാണ്. മെല്ലിയ്ക്കും രംഗ്പോയ്ക്കുമിടയിലാണിത്.

കാഞ്ചന്‍ജംഗ പര്‍വതനിരകളുടെയും ടീസ്റ്റ നദീ തടത്തിലൂടെയുമാണ് സിവോക്കില്‍ നിന്ന് രംഗ്പോയിലേക്കുള്ള പുതിയ ബ്രോഡ്-ഗേജ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നത്. കലിജോറ, ബിരിക് ദാര, ലോഹപുല്‍, റാമ്പി ബസാര്‍, ഗെയ്ല്‍ഖോല, ടീസ്റ്റ ബസാര്‍, ചിത്രേ, മെല്ലി, കിര്‍ണയ്, തര്‍ഖോല, ചനതര്‍, തുടങ്ങിയ ഗ്രാമങ്ങളും പട്ടണങ്ങളും പിന്നിട്ടാണ് പാത രംഗ്പോയിലെത്തുന്നത്. മഹാനന്ദ വന്യജീവി സങ്കേതം ഉള്‍പ്പെടെയുള്ള വനമേഖലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. റെയില്‍വേ ലൈനിന്റെ 41.55 കിലോമീറ്റര്‍ ഭാഗം പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ്, കാലിംപോങ് ജില്ലകളിലും ബാക്കിയുള്ള 3.41 കിലോമീറ്റര്‍ സിക്കിമിലെ പാക്യോങ് ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. അലിപുര്‍ദുവാര്‍ റെയില്‍വേ ഡിവിഷന് കീഴിലാണ് റെയില്‍വേ ലൈന്‍.

സവിശേഷതകള്‍

 • ആകെ നീളം- 44.98 കിലോമീറ്റര്‍ ( പശ്ചിമബംഗാളില്‍ 41.54 കിലോമീറ്റര്‍, സിക്കിമില്‍ 3.43 കിലോമീറ്റര്‍)
 • ഗേജ്- ബ്രോഡ് ഗേജ്
 • വളവുകള്‍- 29
 • പാലങ്ങള്‍ - 22
 • പ്രധാനപ്പെട്ട പാലങ്ങള്‍- മൂന്ന്
 • വലിയ പാലങ്ങള്‍ - 13
 • മേല്‍പ്പാലങ്ങള്‍ - രണ്ട്
 • തുരങ്കങ്ങള്‍ - 14
 • തുരങ്കങ്ങളുടെ ആകെ നീളം - 38.5 കിലോമീറ്റര്‍
 • വലിയ തുരങ്കം- 5.2 കിലോമീറ്റര്‍
 • ചെറിയ തുരങ്കം- 538 മീറ്റര്‍
 • സ്റ്റേഷനുകള്‍ - അഞ്ച്
അതിവേഗത്തില്‍ നിര്‍മാണം

2008-09 ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച പദ്ധതി 1,339.48 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണം അനിയന്ത്രിതമായി വൈകിയത് പദ്ധതി ചെലവിലും വലിയ വര്‍ധനവുണ്ടാക്കി. പദ്ധതി പൂര്‍ത്തിയാകുമ്പേഴേയ്ക്കും ചെലവ് 4,000 രൂപ കടക്കുമെന്നാണ് റെയില്‍വേ ഈഘട്ടത്തില്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് ഉയരാനും സാധ്യതയുണ്ട്. ദുര്‍ഘടമായ മലനിരകളില്‍ തുരങ്കനിര്‍മാണത്തിന്റേയും മണ്ണുനീക്കത്തിന്റേയും പണികള്‍ അവസാന ഘട്ടത്തിലാണ്. ഓസ്‌ട്രേലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മലനിരകളില്‍ തുരങ്കത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ പങ്കുവെച്ച പുരോഗതി റിപ്പോര്‍ട്ട് അനുസരിച്ച്, പദ്ധതിയുടെ 25.36 കിലോമീറ്റര്‍ തുരങ്കത്തിന്റെ ഖനനം പൂര്‍ത്തിയായിട്ടുണ്ട്. ഇത് ആകെയുള്ള ടണല്‍ നീളത്തിന്റെ 65 ശതമാനമാണ്. 14 ടണലുകളില്‍ അഞ്ച് എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അതിനൊപ്പം പദ്ധതിയുടെ മറ്റ് സിവില്‍ ജോലികളും പുരോഗമിക്കുകയാണ്. പ്രധാന പാലങ്ങളുടെ 42 ശതമാനം പണി പൂര്‍ത്തിയായപ്പോള്‍ ചെറിയ ആറ് പാലങ്ങളില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി.

ഇതെല്ലാമാണെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഉത്തരവാദിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ മലനിരകള്‍ തുരക്കുന്നതിനെതിരേ പ്രദേശവാസികളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. പദ്ധതി പരിസ്ഥിതിയേയും തങ്ങളേയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് അവര്‍ പങ്കുവെച്ചത്. മഹാനന്ദ വന്യജീവി സങ്കേതം, കുര്‍സിയോങ് ഫോറസ്റ്റ് ഡിവിഷന്‍, ഡാര്‍ജലിങ് ഫോറസ്റ്റ് ഡിവിഷന്‍, കലിംപോംഗ് വനമേഖല, ഈസ്റ്റ് സിക്കിം ഫോറസ്റ്റ് ഡിവിഷന്‍ എന്നിവിടങ്ങളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. വന്യജീവി സങ്കേതങ്ങളിലൂടെയും ഫോറസ്റ്റ് ഡിവിഷനുകളിലൂടെയും കടന്നുപോകുന്ന ലൈന്‍, ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും വലിയതോതില്‍ ഹാനികരമാകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ടാണ് നിര്‍മാണം. ദേശീയ വന്യജീവി ബോര്‍ഡിന്റെ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെ സുപ്രീംകോടതി പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നതിനാല്‍ അത് മുന്നില്‍കണ്ടുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

Photo: twitter.com/RailMinIndia

അതിര്‍ത്തിയിലേക്ക് കണ്ണുവെച്ച് നിര്‍മാണം

സിക്കിം-പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാപ്രശ്‌നത്തിന് വലിയതോതില്‍ പരിഹാരമാകും പുതിയ പാത. നിലവില്‍ സിക്കിമിനെ ബംഗാളിലെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്നത് എന്‍എച്ച് 10 എ ദേശീയപാതയാണ്. എന്നാല്‍ കാലര്‍ഷക്കാലത്ത് മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം തടസപ്പെടുന്നത് പതിവാണ്. പുതിയ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ എല്ലാ കാലവസ്ഥയിലും സിക്കിമിന് പുറത്തേക്കുള്ള ഗതാഗതവും ചരക്ക് നീക്കവും ഉറപ്പുവരുത്താന്‍ സാധിക്കും. രണ്ട് മണിക്കൂറായി യാത്രാസമയം കുറയുന്നതോടെ പുതിയ സാമ്പത്തിക അവസരങ്ങള്‍ തുറക്കുന്നതോടൊപ്പം വാണിജ്യ-ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സിക്കിമിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലുള്ള വിനോദസഞ്ചാരികള്‍ക്ക് പുറമേ ടണലിലൂടെയും പാലങ്ങളിലൂടെയുമുള്ള ട്രെയിന്‍ യാത്ര അനുഭവം ആസ്വദിക്കാനെത്തുവരേയും പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനും ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ ജനസംഖ്യയും എത്തിപ്പെടാന്‍ ബുദ്ധിമുട്ടേറിയ സംസ്ഥാനവുമായിരുന്നു ഇതുവരെ സിക്കിം. അവിടേയ്ക്കുള്ള പുതിയ റെയില്‍പാത പദ്ധതിക്ക് രാജ്യത്തെ സംബന്ധിച്ച് തന്ത്രപരമായ പ്രാധാന്യവുമുണ്ട്. ചൈന, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമിലേക്കുള്ള റെയില്‍ കണക്ടിവിറ്റിക്ക് വലിയ ദേശീയ പ്രാധാന്യവുമുണ്ട്. അതിനാല്‍ തന്നെയാണ് പ്രധാനമന്ത്രി മുന്‍കൈ എടുത്ത് പാതയുടെ നിര്‍മാണം വേഗത്തിലാക്കിയത്. അതിര്‍ത്തി സംസ്ഥാനമായ സിക്കിമിലേക്കുള്ള എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന യാത്രാമാര്‍ഗമെന്ന നിലയില്‍ പ്രതിരോധ മേഖലയിലും പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആര്‍മിക്ക് പ്രദേശത്തേക്ക് വേഗത്തില്‍ എത്താനാകും.

ഹിമാലയത്തിലെ നാഥുലാ ചുരത്തിലേക്ക് റെയില്‍വേ കണക്റ്റിവിറ്റി നീട്ടുന്നതിനും അതിര്‍ത്തിയില്‍ ചൈന നടപ്പാക്കുന്ന വികസന പദ്ധതികളെ ചെറുക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് റെയില്‍വേ ലൈനെന്നാണ് വിലയിരുത്തുന്നത്. ചൈനയുമായി ഉരസലുണ്ടാകുന്ന സാഹചര്യത്തില്‍ സൈന്യത്തെ അണിനിരത്താനടക്കം ഇത് രാജ്യത്തിന് സഹായകമാകും. ഇതിന് മുന്നോടിയെന്നോണം രണ്ടാം ഘട്ടത്തില്‍, ഈ പാത സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് വരെ നീട്ടും. ഇതിനായുള്ള സര്‍വേ നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Construction work at Sivok-Rangpo rail line going on in full swing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented