'കോണ്‍ഗ്രസെന്ന കപ്പലിന് കാറ്റുപിടിച്ചുതുടങ്ങിയിരിക്കുന്നു'; പി.ചിദംബരം എഴുതുന്നു


പി. ചിദംബരം

കോണ്‍ഗ്രസും ബി.ജെ.പി.യും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന ആറ് സംസ്ഥാനങ്ങളിലെ വോട്ടുവിഹിതമെടുത്താല്‍ കോണ്‍ഗ്രസാണ് വിജയിയെന്ന് സംശയമെന്യേ പറയാം. ബി.ജെ.പി. ഏഴുസീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് എട്ടിടത്ത് ജയിച്ചു. കോണ്‍ഗ്രസെന്ന കപ്പലിന് കാറ്റുപിടിച്ചുതുടങ്ങിയിരിക്കുന്നു

-

മാറ്റങ്ങളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതാണ് ചരിത്രം. 2021-ലെ ചെറിയരീതിയിലുള്ള പോരാട്ടങ്ങള്‍ക്കുശേഷം 2022-ല്‍ സാക്ഷ്യം വഹിക്കാനിരിക്കുന്നത് മറ്റൊരു ഐതിഹാസിക പോരാട്ടമാണെന്നുറപ്പ്.

കാലാവസ്ഥാ വ്യതിയാനമാണ് ഇന്നത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. നിങ്ങളിത് വായിക്കുമ്പോഴേക്കും ഗ്ലാസ്ഗോയിലെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിന്റെ (കോപ്) 26-ാം സമ്മേളനം അവസാനഘട്ടത്തിലായിരിക്കും. പങ്കെടുത്ത രാജ്യങ്ങള്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുമുണ്ടാകും പലതും പാലിക്കപ്പെടില്ലെങ്കിലും (ഉദാഹരണത്തിന് ഫണ്ടിങ്). എന്നാലും ചെറിയ വിജയങ്ങളെങ്കിലും നേടിയല്ലോയെന്നും വരാനിരിക്കുന്ന പോരാട്ടത്തിന് തയ്യാറെടുക്കുന്നുണ്ടല്ലോയെന്നുമുള്ള സംതൃപ്തിയോടെ മാറ്റത്തെ അനുകൂലിക്കുന്നവര്‍ മടങ്ങിപ്പോകും. രാഷ്ട്രീയമായ പോരാട്ടങ്ങളും ഇതില്‍നിന്ന് വ്യത്യസ്തമല്ല.

എന്താണ് മാറ്റം

എല്ലാവരും മാറ്റമാഗ്രഹിക്കുന്നു. പക്ഷേ, ചില കാര്യങ്ങളില്‍ ഒരു വിഭാഗമാളുകള്‍ ആഗ്രഹിക്കുന്ന മാറ്റം രാജ്യത്തെ പലയാണ്ട് പിന്നോട്ടടിപ്പിക്കുന്നതാണ്. അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സസ് ഗര്‍ഭച്ഛിദ്രം നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയിരുന്നു. ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന്മേലുള്ള അവകാശം നിഷേധിക്കുന്നതരത്തിലുള്ള നിയമനിര്‍മാണമായിരുന്നു അത്. ഇങ്ങ് ഇന്ത്യയിലാണെങ്കില്‍, രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതാമെന്ന തെറ്റിദ്ധാരണയില്‍ ചിലര്‍ ചിലതിന്റെ പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.

ശരിയായ മാറ്റമെന്നാല്‍ മതിലുകളെ തകര്‍ക്കുന്നതാകണം, യുദ്ധങ്ങള്‍ തടയുന്നതും ഒരു രാജ്യത്തെ മാത്രമല്ല, ലോകജനതയെയാകെ ഒന്നിപ്പിക്കുന്നതും അസമത്വമില്ലാതാക്കുന്നതും പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കുന്നതുമായിരിക്കണം യഥാര്‍ഥമാറ്റം. അപ്പോഴും മതം, വംശം, ഭാഷ, ജാതി തുടങ്ങിയ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, വ്യത്യാസങ്ങളംഗീകരിച്ച് പൊതുവായതിനെ ആഘോഷിക്കുകയാണ് മനുഷ്യരാശി ചെയ്യേണ്ടത്. അങ്ങനെയൊരുദിവസം പക്ഷേ, വളരെ അകലെയാണെന്നുമാത്രം.

അതേസമയം, വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് തടയിടല്‍, നിയമങ്ങള്‍ ദുരുപയോഗം ചെയ്യല്‍, ദേശീയ സ്ഥാപനങ്ങളുടെ അധഃപതനം, ഭയപ്പെടുത്തല്‍, ഭൂരിപക്ഷവാദം, സ്വേച്ഛാധിപത്യം, വ്യക്തികളെ ആരാധിക്കല്‍ (വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എന്തിനാണ് പ്രധാനമന്ത്രി മോദിയുടെ ചിത്രം) തുടങ്ങിയ പ്രത്യക്ഷമായ തെറ്റുകളില്ലാതാക്കാന്‍ നമുക്ക് പോരാടാനാകും.

ആയുധങ്ങളില്ലാത്ത പോരാട്ടം

ആയുധങ്ങളോ ഹിംസയോയില്ലാതെ പോരാടേണ്ട രാഷ്ട്രീയയുദ്ധമാണിത്. സാധാരണ പൗരന്മാരുടെ പോരാട്ടം. ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതോര്‍ക്കാം: ''ഒരു ചെറിയ മനുഷ്യന്‍ ഒരു ചെറിയ ബൂത്തിലേക്ക് നടന്നുകയറുന്നു, ചെറിയൊരു പെന്‍സില്‍കൊണ്ട് ചെറുകഷണം കടലാസില്‍ ചെറിയൊരു അടയാളമിടുന്നു.'' അത്രയേറെ ലളിതമാണത്. ആ ചെറിയ പെന്‍സില്‍ ഇന്നൊരു ചെറിയ ബട്ടണിലേക്ക് വഴിമാറിയെന്നു മാത്രം.

കഴിഞ്ഞയാഴ്ച കുറെ സാധാരണ പുരുഷന്മാരും സ്ത്രീകളും ചെറിയ ബൂത്തുകളിലെത്തി വോട്ടുചെയ്തിരുന്നു. 14 സംസ്ഥാനങ്ങളില്‍ മാറ്റത്തിനും മാറ്റമുണ്ടാകാതിരിക്കാനുമായി അവര്‍ വോട്ടുചെയ്തു. സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളാണ് പ്രധാനമായും നടന്നത്. മുപ്പതെണ്ണം. മൂന്ന് ലോക്സഭ സീറ്റുകളിലേക്കുള്ള പുതിയ പ്രതിനിധികളെയും തിരഞ്ഞെടുത്തു. മൊത്തത്തില്‍ വിജയം, അതത് സംസ്ഥാനങ്ങളിലെ ഭരണകക്ഷിക്കൊപ്പമായിരുന്നു. എന്നാല്‍, ഒരൊറ്റക്കാര്യം വലിയ ശ്രദ്ധയര്‍ഹിക്കുന്നു. ബി.ജെ.പി. ഭരിക്കുന്നതും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ജന്മദേശവും കൂടിയായ ഹിമാചല്‍പ്രദേശില്‍ മത്സരം നടന്ന ഏക ലോക്സഭാ സീറ്റും മുഴുവന്‍ നിയമസഭാ സീറ്റുകളും കോണ്‍ഗ്രസ് നേടി. വോട്ടുവിഹിതത്തിന്റെ കാര്യമാണ് കൂടുതല്‍ പ്രധാനം, കോണ്‍ഗ്രസിന്റേത് 48.9 ശതമാനവും ബി.ജെ.പി.ക്ക് 28.05 ശതമാനവും. സമാനമായി, മഹാരാഷ്ട്രയിലും ഏക സീറ്റ് കോണ്‍ഗ്രസ് നേടി. 57.03 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. ബി.ജെ.പി.ക്ക് 35.06 ശതമാനവും. രാജസ്ഥാനില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ്. വോട്ടുവിഹിതം 37.51 ശതമാനം 18.80 ശതമാനം വോട്ടുമാത്രം ബി.ജെ.പി.ക്ക്. അസാധാരണമാംവിധം വലിയ വ്യത്യാസം.

കോണ്‍ഗ്രസ് ബി.ജെ.പി.യോടു പരാജയപ്പെട്ട സംസ്ഥാനങ്ങളിലാകട്ടെ വോട്ടുവിഹിതത്തിലെ വ്യത്യാസം നാമമാത്രമാണ്. കര്‍ണാടകത്തില്‍ രണ്ട് പാര്‍ട്ടികളും ഓരോ സീറ്റില്‍ ജയിച്ചു. ഇവിടെ ബി.ജെ.പി. 51.86 ശതമാനം വോട്ടുനേടിയപ്പോള്‍ കോണ്‍ഗ്രസിന് 44.76 ശതമാനം വോട്ടുകിട്ടി. മധ്യപ്രദേശില്‍ ബി.ജെ.പി. രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ജയിച്ചു. ബി.ജെ.പി.യുടെ വോട്ടുവിഹിതം 47.58 ശതമാനവും കോണ്‍ഗ്രസിന് 45.45 ശതമാനവും. അസമില്‍ മാത്രമാണ് വോട്ടുവിഹിതത്തില്‍ കാര്യമായ വ്യത്യാസമുള്ളത്.

വീശുന്നത് പുതിയ കാറ്റ്

കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന ആറ് സംസ്ഥാനങ്ങളിലെ വോട്ടുവിഹിതമെടുത്താല്‍ കോണ്‍ഗ്രസാണ് വിജയിയെന്ന് സംശയമെന്യേ പറയാം. ബി.ജെ.പി. ഏഴുസീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് എട്ടിടത്ത് ജയിച്ചു. കോണ്‍ഗ്രസെന്ന കപ്പലിന് കാറ്റുപിടിച്ചുതുടങ്ങിയിരിക്കുന്നു.

എന്നാല്‍, ഇക്കാര്യങ്ങള്‍ മാത്രം വെച്ചുകൊണ്ട് അന്തിമ നിഗമനത്തിലേക്കെത്തുന്നത് തെറ്റായിരിക്കും. അതിന് മൂന്നു കാരണങ്ങളുണ്ട്. ഒന്ന്, ആന്ധ്രാപ്രദേശ്, ബിഹാര്‍, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. സഖ്യവും പ്രാദേശിക പാര്‍ട്ടികളും തമ്മിലാണ് പ്രധാനമത്സരം. ഇവിടങ്ങളില്‍ മത്സരരംഗത്ത് കോണ്‍ഗ്രസ് അപ്രസക്തമാണ്. രണ്ടാമത്തെ കാരണം, 2022-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബി.ജെ.പി.യാണ് ഭരണത്തില്‍. അവരുടെ രാഷ്ട്രീയത്തോടും പണത്തോടും കോണ്‍ഗ്രസിന് പോരാടേണ്ടതുണ്ട്. കേവലഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റില്‍നിന്ന് നിലവിലെ 52-ലേക്കു ചുരുങ്ങിയ വലിയ നഷ്ടത്തെ കോണ്‍ഗ്രസിന് മറികടക്കേണ്ടിയിരിക്കുന്നു എന്നതാണ് മൂന്നാമത്തെ കാരണം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് സഖ്യകക്ഷികളെ വേണ്ടിവരും.

'മാറ്റത്തിനുവേണ്ടിയുള്ള ഉറച്ച വോട്ട്' എന്നതൊന്നു കൊണ്ടുമാത്രം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പുറത്താക്കാനാകും. താഴേക്കുപോകുന്ന വളര്‍ച്ചനിരക്ക്, വിലക്കയറ്റം, ഉയരുന്ന തൊഴിലില്ലായ്മ, വിവേചനപരമായ നിയമങ്ങള്‍, നിയമം നടപ്പാക്കേണ്ട ഏജന്‍സികളെ ദുരുപയോഗം ചെയ്യല്‍, രാജ്യമാകെ പരന്നിട്ടുള്ള ഭീതിയുടെ അന്തരീക്ഷം എന്നിവയെക്കുറിച്ചെല്ലാം ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ മാറേണ്ടത് അനിവാര്യമാണ്. നിലവില്‍ നിരന്തരമുള്ള വിലക്കയറ്റം വോട്ടര്‍മാരുടെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങളും വോട്ടര്‍മാരുടെ മനസ്സില്‍ അദൃശ്യമായ സ്വാധീനം ചെലുത്തിയേക്കാം. മറുഭാഗത്ത്, ഹിന്ദുത്വം, അയോധ്യ, പാകിസ്താനാണ് നിതാന്ത ശത്രു, കുടിയേറ്റക്കാര്‍ ചിതലുകള്‍ തുടങ്ങിയ മന്ത്രങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം വിഭിന്നമാണ്, പ്രത്യേകിച്ച് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍.

പ്രാദേശികപാര്‍ട്ടികള്‍ മാറ്റങ്ങളോടു മുഖംതിരിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് മത്സരിക്കുമോ അതോ മാറ്റങ്ങളെ അനുകൂലിക്കുന്നവരെന്ന തങ്ങളുടെ സത്പ്പേരിനോട് നീതിപുലര്‍ത്തുമോ? ഓരോ രാഷ്ട്രീയപ്പാര്‍ട്ടികളും ഓരോ വോട്ടര്‍മാരും ഉത്തരം പറയേണ്ട ചോദ്യങ്ങളാണിത്.


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് ലേഖകന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented