'ബിജെപി ബൂര്‍ഷ്വാപാര്‍ട്ടി മാത്രമല്ല;ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയവാഹനമാണത്'- ബിനോയ് വിശ്വം


ബിനോയ് വിശ്വം

ഇടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ, ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതരപ്പാര്‍ട്ടി ഇന്നും അതുതന്നെയാണ്. ആ പാര്‍ട്ടി തകര്‍ന്നാലുണ്ടാകുന്ന ശൂന്യതനികത്താന്‍ ഇടതുപക്ഷത്തിന് കെല്പുണ്ടായിരുന്നെങ്കില്‍, അതിനെക്കാള്‍ സ്വീകാര്യമായ മറ്റൊന്നില്ല. പക്ഷേ, കേരളമല്ല ഇന്ത്യ. ഇന്ത്യന്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്.

-

ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍, കേരളത്തിലെ രാഷ്ട്രീയസ്ഥിതിമാത്രം നോക്കി കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ഒരേപോലെ കാണാനാവില്ലെന്ന് സമര്‍ഥിക്കുകയാണ് ലേഖകന്‍


നെഹ്രുവിനോട് നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, ഇന്ത്യയെ കണ്ടെത്താന്‍ നെഹ്രു നടത്തിയ നിരങ്കുശമായ ആത്മാര്‍പ്പണത്തെ അവഗണിക്കാന്‍ നിങ്ങള്‍ക്കാവില്ല. ആ കണ്ടെത്തലിന്റെ സാരാംശം കണക്കെ നെഹ്രു പറഞ്ഞു: 'മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിക്കും'. മതേതരത്വത്തോട് ആശയപരമായും രാഷ്ട്രീയമായും പൊരുത്തപ്പെടാനാവാത്ത ശക്തികളാണ് ചരിത്രത്തിലെ നെഹ്രുവിന്റെ സ്ഥാനത്തെ ഭയപ്പെടുന്നത്.

ഇടതുപക്ഷവും നെഹ്രുവും തമ്മില്‍ കലഹിച്ച സന്ദര്‍ഭങ്ങള്‍ വിരളമല്ല. എന്നാല്‍, ചരിത്രത്തിലെ നെഹ്രുവിന്റെ സ്ഥാനത്തെ തുടച്ചുമാറ്റി അവിടെ മറ്റാരെയെങ്കിലും പ്രതിഷ്ഠിക്കാനുള്ള തീവ്രവലതുപക്ഷത്തിന്റെ നീക്കങ്ങളോട് സന്ധിചെയ്യാന്‍ ഇടതുപക്ഷത്തിന് ഒരിക്കലും കഴിയില്ല. ഇന്ത്യയുടെ മതേതര, ജനാധിപത്യ അടിത്തറ പണിതതിലും അമൂര്‍ത്തമാണെങ്കിലും സോഷ്യലിസ്റ്റ് ലക്ഷ്യം പ്രഖ്യാപിച്ചതിലും നെഹ്രുവിന്റെ ചരിത്രവീക്ഷണവും ദര്‍ശനവുംവഹിച്ച പങ്ക് ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ നെഹ്രു ജീവിതംകൊടുത്ത പാര്‍ട്ടി അദ്ദേഹത്തെ വിസ്മരിക്കുകയായിരുന്നു. അവിടെനിന്നാരംഭിക്കുന്നു കോണ്‍ഗ്രസിന്റെ അധഃപതനം.

നെഹ്രുവിനെ കൈവിട്ടവര്‍

മഹത്തായ ഒക്ടോബര്‍ വിപ്‌ളവത്തിന്റെ പത്താം വാര്‍ഷിക വേളയിലാണ് നെഹ്രു സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുന്നത്. ആ വിപ്‌ളവം ജന്മംകൊടുത്ത പുതിയ സമൂഹത്തെക്കുറിച്ച് അദ്ദേഹം എത്ര ഹൃദയാവര്‍ജകമായാണ് എഴുതിയിട്ടുള്ളത്. ആ സോവിയറ്റ് യൂണിയന്‍ ഇന്നില്ല. ആ സംഭവങ്ങള്‍ ചരിത്രഗതിയെ പിടിച്ചുലച്ചു എന്നതാണ് സത്യം. ലോകത്തെവിടെയും കമ്പോളത്തിനും ലാഭദൈവത്തിനുംവേണ്ടി സ്തുതിഗീതങ്ങള്‍ പാടാന്‍ ആളുകളുണ്ടായി. വലത്തേക്കുവീശിയ ആ കാറ്റ് ഇന്ത്യന്‍ രാഷ്ട്രീയത്തിലും ആഞ്ഞടിച്ചു.

നവലിബറലിസത്തിന്റെ സ്വാധീനവലയത്തില്‍ കോണ്‍ഗ്രസ് അകപ്പെട്ടു. ആവഴിക്കുള്ള പ്രയാണത്തിന് അവര്‍ക്ക് നെഹ്രുവിനെ മറക്കേണ്ടത് ആവശ്യമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രകാശമാനമായ ഭാവിക്കുവേണ്ടി നെഹ്രു കരുതിവെച്ചവയെല്ലാം വിസ്മൃതിയിലാണ്ടു. മതേതരത്വം, ജനാധിപത്യം, പരമാധികാരം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ ലക്ഷ്യങ്ങളില്‍നിന്ന് അകന്നുപോയപ്പോള്‍ നെഹ്രുവിനെയാണ് കോണ്‍ഗ്രസ് കൈവിട്ടത്. സ്വതന്ത്രഭാരതത്തിന്റെ ശക്തിസ്തംഭമായി നെഹ്രുകണ്ട പൊതുമേഖല ഒറ്റുകൊടുക്കപ്പെട്ടു. ആ പാര്‍ട്ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളും കര്‍ഷക ജനസാമാന്യവും പുതിയ ആശ്രയംതേടി പരക്കംപാഞ്ഞു, കോണ്‍ഗ്രസിനെ കൈവിട്ടു.

ഇടതുപക്ഷ മുന്നേറ്റം കുറച്ചത് ഭിന്നിപ്പ്

കോണ്‍ഗ്രസിന്റെ സ്വാഭാവിക ബദലായി കമ്യൂണിസ്റ്റ് പര്‍ട്ടിയെ ജനങ്ങള്‍കണ്ട കാലമുണ്ടായിരുന്നു. ജനജീവിതത്തിന്റെ എല്ലാതലങ്ങളിലും നടത്തിയ ലക്ഷ്യബോധമുറ്റ ഇടപെടലുകളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്തെമ്പാടും പ്രഹരശേഷിയുള്ള പ്രസ്ഥാനമായി മുന്നോട്ടുകുതിച്ചു. 1964-ലെ നിര്‍ഭാഗ്യകരമായ ഭിന്നിപ്പ് ആ കുതിച്ചുകയറ്റത്തിന്റെ ഗതിവേഗം കുറച്ചു. പട്ടിണിക്കാരുടെയും പാവങ്ങളുടെയും പ്രതീക്ഷയുടെ പ്രതീകമായ പാര്‍ട്ടിയാണ് ഭിന്നിച്ചത്. അധ്വാനിക്കുന്ന ജനതകള്‍ക്കിടയില്‍ അതുളവാക്കിയ ആശയക്കുഴപ്പത്തിനിടയിലും സി.പി.ഐ.യും സി.പി.എമ്മും സ്വാധീനമേഖലകള്‍ നിലനിര്‍ത്തി.

രാഷ്ട്രീയമായ ശരിതെറ്റുകളെക്കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍നടന്ന സംവാദങ്ങളിലൂടെ പാര്‍ട്ടികള്‍ തമ്മില്‍ വീണ്ടും അടുത്തടുത്തുവന്നു. ഇപ്പോഴും അഭിപ്രായഭിന്നതകളുണ്ടെങ്കിലും അവയെക്കാള്‍ എത്രയോ കൂടുതലാണ് സി.പി.ഐ.യും സി.പി.എമ്മും തമ്മിലുള്ള അഭിപ്രായപ്പൊരുത്തത്തിന്റെ മേഖലകള്‍. നെഹ്രൂവിയന്‍ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളുടെ വിലയിരുത്തലിലും ഇത്തരം വിയോജിപ്പുകളും യോജിപ്പുകളും പ്രകടമായിട്ടുണ്ട്.

എതിര്‍ക്കേണ്ടതാരെ

ഇതിന്റെയെല്ലാം നടുവിലൂടെയാണ് തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയശബ്ദമായി ബി.ജെ.പി. ശക്തിപ്രാപിച്ചത്. ഹിറ്റ്ലറൈറ്റ് ഫാസിസത്തോട് മറച്ചുവെക്കാത്ത കൂറുപുലര്‍ത്തിയ ആര്‍.എസ്.എസ്. ആണ് അതിന്റെ തലച്ചോറും നട്ടെല്ലും. വംശമേധാവിത്വത്തോടുള്ള ഇളകാത്ത പ്രതിബദ്ധതയും ഫിനാന്‍സ് മൂലധനത്തോടുള്ള അളവറ്റ വിധേയത്വവുമാണ് 1925-ല്‍ സ്ഥാപിതമായ ആര്‍.എസ്.എസിന്റെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനം.

അതിന്മേല്‍ ചവിട്ടിനിന്നുകൊണ്ടാണ് അവര്‍ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം വൈദേശികമാണെന്ന് മുദ്രകുത്തിയത്. ലോകമാകെ ആഞ്ഞുവീശിയ വലതുപക്ഷ അനുകൂലതരംഗവും നെഹ്രൂവിയന്‍ മൂല്യങ്ങളില്‍ വെള്ളംചേര്‍ത്ത കോണ്‍ഗ്രസിന്റെ ചാഞ്ചാട്ടങ്ങളും ഇടതുപക്ഷം നേരിട്ട ശക്തിക്ഷയവും എല്ലാംചേര്‍ന്ന് അവരുടെ വളര്‍ച്ചയ്ക്ക് മണ്ണൊരുക്കി. പൗരന്റെ സ്വാതന്ത്ര്യങ്ങളും കാമ്പസുകളുടെ സര്‍ഗാത്മകതയും സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശങ്ങളും എല്ലാം ചവറ്റുകൊട്ടയിലായി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള പെരുകുന്ന അന്തരമാണ് ബി.ജെ.പി.യുടെ 'അച്ഛാദിന്‍' ഇന്ത്യക്ക് നല്‍കിയ സമ്മാനം.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കുതിരപ്പുറമേറി ഭരണം കൈയാളുന്ന ഒരു പാര്‍ട്ടിയാണ് ഈ ദുരന്തങ്ങളിലേക്ക് ഇന്ത്യയെ നയിക്കുന്നത്. ദൈവവും വിശ്വാസങ്ങളുമെല്ലാം അവര്‍ക്ക് അതിനുള്ള ചവിട്ടുപടികള്‍ മാത്രം. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ആഭ്യന്തരശത്രുക്കളായാണ് അവര്‍ കാണുന്നത്. ഫാസിസം കടംകൊടുത്ത രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരാണ് ബി.ജെ.പി. അതുകൊണ്ടാണ് അവരെ മുഖ്യ എതിരാളികളായി ഇടതുപക്ഷം കാണുന്നത്. ഫാസിസത്തിന്റെ പാത പിന്‍പറ്റുന്ന തീവ്രവലതുപക്ഷശക്തികളെ പരാജയപ്പെടുത്തിക്കൊണ്ടേ ഇന്ത്യക്ക് മുമ്പോട്ടുപോകാന്‍ പറ്റൂ. അതിന്റെ വഴികള്‍ ആരായുമ്പോഴാണ്, മതേതര, ജനാധിപത്യ, ഇടതുപക്ഷ ശക്തികളുടെ വിശാലമായ ഐക്യത്തിന്റെ ആവശ്യകത സി.പി.ഐ. ചൂണ്ടിക്കാട്ടിയത്.

ഒരേപോലെ കാണാനാവില്ല

വിസ്തൃതമായ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേരൂപത്തിലും ഉള്ളടക്കത്തിലും ഇത് സാധ്യമാകണമെന്നില്ല. കേരളത്തിലേതുപോലെ ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഇന്ത്യയിലാകെ ശക്തമായിരുന്നെങ്കില്‍ എന്ന് നമുക്കു ചിന്തിക്കാം. സങ്കീര്‍ണമായ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളില്‍ അത് എത്രമാത്രം പ്രായോഗികമാണെന്ന് ആലോചിക്കാനും രാഷ്ട്രീയയാഥാര്‍ഥ്യങ്ങള്‍ ഇടതുപക്ഷത്തോട് ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയങ്ങളോട് ഇടതുപക്ഷത്തിന് തീര്‍ച്ചയായും വിയോജിപ്പുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മൃദുഹിന്ദുത്വ സമീപനത്തോടും അതേ വിയോജിപ്പുകളുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനെയും ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയകുന്തമുനയായ ബി.ജെ.പി.യെയും ഒരുപോലെ കാണാന്‍ ഇടതുപക്ഷദര്‍ശനം അനുവദിക്കുന്നില്ല. രാഷ്ട്രീയപോരാട്ടത്തിന്റെ നിര്‍ണായകഘട്ടങ്ങളില്‍ രണ്ട് മുഖ്യശത്രുക്കള്‍ ഉണ്ടാകുന്നത് സമരവിജയത്തെ പ്രതികൂലമായി ബാധിക്കും.

ബി.ജെ.പി. ഒരു ബൂര്‍ഷ്വാ പാര്‍ട്ടി മാത്രമല്ല. ആര്‍.എസ്.എസ്. പ്രതിനിധാനംചെയ്യുന്ന ഫാസിസ്റ്റ് ആശയങ്ങളുടെ രാഷ്ട്രീയവാഹനമാണത്.ഇന്ത്യക്കുമേല്‍ പിടിമുറുക്കാന്‍ അവരെ അനുവദിക്കുക എന്നുപറഞ്ഞാല്‍ മതേതരജനാധിപത്യത്തെ കൊലയ്ക്കുകൊടുക്കുന്നു എന്നതാണ് അര്‍ഥം. എന്തു വിലകൊടുത്തും വിജയിപ്പിക്കേണ്ട ആര്‍.എസ്.എസ്., ബി.ജെ.പി.വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ ജനാധിപത്യമതേതര ശക്തികള്‍ക്കും പങ്കുവഹിക്കാനുണ്ട്. ആ പങ്കിനെ മാനിച്ചുകൊണ്ടാണ് സി.പി.ഐയും സി.പി.എമ്മും ഒന്നാം യു.പി.എ. സര്‍ക്കാരിനെ പിന്തുണച്ചത്. ആ ദിനങ്ങളിലേതിനെക്കാള്‍ ബി.ജെ.പി. ശക്തിപ്പെട്ടോ ഇല്ലയോ എന്നത് ആര്‍ക്കും സ്വയം ചോദിക്കാം.

കേരളമല്ല ഇന്ത്യ

ഇടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ, ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതരപ്പാര്‍ട്ടി ഇന്നും അതുതന്നെയാണ്. ആ പാര്‍ട്ടി തകര്‍ന്നാലുണ്ടാകുന്ന ശൂന്യതനികത്താന്‍ ഇടതുപക്ഷത്തിന് കെല്പുണ്ടായിരുന്നെങ്കില്‍, അതിനെക്കാള്‍ സ്വീകാര്യമായ മറ്റൊന്നില്ല. പക്ഷേ, കേരളമല്ല ഇന്ത്യ. ഇന്ത്യന്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. കോണ്‍ഗ്രസ് തകര്‍ച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് നിര്‍ഭാഗ്യവശാല്‍ ബി.ജെ.പി.യാണ്. അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാംനമ്പര്‍ ശത്രുവായിക്കാണുന്ന ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് തകരരുതെന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മതേതരജനാധിപത്യവും സാമ്രാജ്യത്വവിരോധവും പൊതുമേഖലയോട് കൂറും ഭൂമിയോട് കരുതലും സൂക്ഷിച്ച നെഹ്രുവിനെ വീണ്ടും കണ്ടെത്താന്‍ അവര്‍ കോണ്‍ഗ്രസിനോട് പറയുന്നത്. ചില സന്ദിഗ്ധഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ വൈകിയാല്‍ രാജ്യം വലിയ വിലകൊടുക്കേണ്ടിവരും. ആര്‍.എസ്.എസ്., ബി.ജെ.പി. തേര്‍വാഴ്ചയ്ക്കുമുമ്പില്‍നില്‍ക്കുന്ന ഇന്ത്യ ആ സത്യം മറന്നുകൂടാ.


മുതിര്‍ന്ന സി.പി.ഐ. നേതാവും രാജ്യസഭാംഗവുമാണ് ലേഖകന്‍

Content Highlights: Congress Communist alliance, Binoy Viswam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented