മുന്നോട്ടുവെച്ച കാൽ പിന്നോട്ട്; പെൻഷൻ പ്രായത്തിലെ മലക്കംമറിച്ചിലിന്റെ ന്യായാന്യായങ്ങൾ


അഖിൽ ശിവാനന്ദ്

In Depth

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

പെന്‍ഷന്‍ പ്രായം കൂട്ടല്‍ വര്‍ഷങ്ങളായി കേരളം ചര്‍ച്ചചെയ്യുന്നു. കൂട്ടണമെന്ന് ജീവനക്കാരും എന്നും എപ്പോഴും എതിര്‍ത്ത് യുവജനസംഘടനകളും. പങ്കാളിത്ത പെന്‍ഷന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ ശക്തമായി എതിര്‍ത്ത എല്‍ഡിഎഫ് അത് തുടരുക മാത്രമല്ല ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിച്ച് ഉത്തരവിറവുമിറക്കി. പതിവുപോലെ യുവജനസംഘടനകളുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നതോടെ തീരുമാനത്തില്‍നിന്ന് സര്‍ക്കാരിന് പിന്നോക്കം പോകേണ്ടിവന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും 60 ആക്കാനുള്ള സാധ്യതയും സജീവമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തത്കാലം രക്ഷപ്പെടാൻ എളുപ്പമാര്‍ഗമായി സര്‍ക്കാര്‍ കണ്ട മാര്‍ഗമാണ് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുക എന്നതാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന മുഖ്യവിമര്‍ശം. മൂന്നുവര്‍ഷത്തേക്ക് നിയമന നിരോധനവും ഇതുവഴി സംജാതമാകും. പുതിയ തലമുറയ്ക്ക് ജോലിസാധ്യതയും അടയുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച എത് നിര്‍ദേശവും എല്ലാക്കാലത്തും വലിയ വാദപ്രതിവാദങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കുക. വിരമിക്കല്‍ പ്രായം ഉയര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുതുടങ്ങുമ്പോള്‍തന്നെ യുവജനസംഘടനകള്‍ പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങുന്നതാണ് സംസ്ഥാനത്തെ സാഹചര്യം. എന്നാല്‍, തീരുമാനത്തിന്റെ ഗുണഭോക്താക്കളായ സര്‍വീസ് സംഘടനകളാകട്ടെ ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നു. ഇത്തവണയും സാഹചര്യം വ്യത്യസ്തമായിരുന്നില്ല. തീരുമാനം വന്നതിന് പിന്നാലെ പാർട്ടി വ്യത്യാസമില്ലാതെ എതിര്‍പ്പുമായി യുവജനസംഘടനകള്‍ രംഗത്തെത്തി.



സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാട് തുടര്‍ച്ചയായി ചര്‍ച്ചയാകുന്നതിനിടെയാണ് കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി., ജല അതോറിറ്റി എന്നിവയൊഴികെ സംസ്ഥാനത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളിലെയും വിരമിക്കല്‍പ്രായം അറുപതായി ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിവിധ സ്ഥാപനങ്ങളില്‍ 56 മുതല്‍ 60 വരെയുള്ള വിരമിക്കല്‍ പ്രായമാണ് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളുടേതിന് തുല്യമാക്കിയത്. പൊതുമേഖലാസ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച എന്‍.ശശിധരന്‍ നായര്‍ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ധനവകുപ്പ് ഉത്തരവ്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ വിഷയത്തില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു.

കേരളത്തെപ്പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 56 എന്നത് വിരമിക്കലിന് വളരെ കുറഞ്ഞ ഒരു പ്രായമാണെന്നതാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ആയുര്‍ദൈര്‍ഘ്യം ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ വിരമിക്കല്‍ പ്രായം കുറവുമാണ്. ജീവനക്കാര്‍ അവരുടെ കാര്യക്ഷമതയുടെ പാരമ്യതയിലെത്തി നില്‍ക്കുന്ന സമയത്ത് വിരമിക്കേണ്ടി വരുന്നുതെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ക്ക് കൂടുതല്‍ കാലം സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കേണ്ടി വരുന്നുവെന്നതും വലിയൊരു ബാധ്യതയാണെന്നും അവര്‍ പറയുന്നു. എന്നാല്‍ മറുഭാഗത്തിനും അവരുടേതായ ന്യായീകരണമുണ്ട്. പഠനശേഷം തൊഴില്‍ അന്വേഷിച്ച് നില്‍ക്കുന്ന വലിയൊരു വിഭാഗം യുവജനങ്ങളാണ് പുറത്തുള്ളത്. അവര്‍ക്ക് സര്‍വീസിലേയ്ക്ക് വരേണ്ടതുണ്ട്. പ്രതിവര്‍ഷം 20,000 നടുത്ത് ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. അത്രയും ആളുകള്‍ ആ വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ എത്തേണ്ടതാണ്. എന്നാല്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതോടെ അവരുടെ സാധ്യത അടയുകയോ വൈകുകയോ ചെയ്യും. കേരളത്തേപ്പോലെ തൊഴിലന്വേഷകര്‍ കൂടുതലുള്ള സംസ്ഥാനത്ത് ഇത് പ്രായോഗികമല്ലെന്നതാണ് മറുപക്ഷം ഉയര്‍ത്തുന്നവാദം.

ശമ്പളഘടനയും പെന്‍ഷന്‍ പ്രായവും ഏകീകരിച്ച് ഉത്തരവ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവനവേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് വിരമിക്കല്‍ പ്രായം ഏകീകരിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. കെഎസ്എഫ്ഇ, ബവ്‌റിജസ് കോര്‍പറേഷന്‍ എന്നിവയടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോര്‍പറേഷനുകളിലുമായി ഒരു ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ചില സ്ഥാപനങ്ങളില്‍ ഇപ്പോള്‍ത്തന്നെ വിരമിക്കല്‍ പ്രായം 60 ആണ്. സ്ഥാപനങ്ങളെ എ (ഡയമണ്ട്), ബി (ഗോള്‍ഡ്), സി (സില്‍വര്‍), ഡി (ബ്രോണ്‍സ്) എന്നിങ്ങനെ തിരിച്ച് ശമ്പളഘടന ഏകീകരിച്ചതിനൊപ്പമാണ് വിരമിക്കല്‍ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചത്. കെഎസ്ഇബി, ജല അതോറിറ്റി, കെഎസ്ആര്‍ടിസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതില്‍ നിന്നു ഒഴിവാക്കുകയും ചെയ്തിരുന്നു. കെ.എസ്.ഇ.ബി., കെ.എസ്.ആര്‍.ടി.സി., ജല അതോറിറ്റി എന്നിവിടങ്ങളില്‍ ഏകീകരിച്ച വ്യവസ്ഥകള്‍ ബാധകമാക്കാനാവുമോ എന്ന് പഠിക്കാന്‍ ഇതേ സമിതിയെത്തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും സമ്മര്‍ദം

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കുന്നതിനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരൂമാനം ഇതുവരേയും ഉണ്ടായിട്ടില്ല. പെന്‍ഷന്‍ പ്രായം 56-ല്‍ നിന്ന് വര്‍ധിപ്പിക്കണമെന്ന കെ.എം. ഏബ്രഹാം കമ്മിറ്റിയുടെ ശുപാര്‍ശയും രണ്ടു വര്‍ഷമായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 11-ാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് നിര്‍ദേശമുണ്ട്. പെന്‍ഷന്‍പ്രായം 57 ആക്കണമെന്ന ശുപാര്‍ശയാണ് ശമ്പള പരിഷ്‌കരണ കമ്മീഷന്‍ മുന്നോട്ട് വെച്ചത്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന് പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഒരുതരത്തില്‍ അനുഗ്രഹമാണ്. വിരമിക്കല്‍പ്രായം ഉയര്‍ത്തിയാല്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ ചെലവില്‍ 4000 കോടിയെങ്കിലും കുറയുമെന്നതാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിക്കുന്നത്. 3.65 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുമെന്നത് ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യം നേടാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ സര്‍ക്കാരിന് സാമ്പത്തിക ബാധ്യത കൂടിയിട്ടുണ്ട്. വരുമാനം ഇടിവ് വരുകയും കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള നികുതി വരുമാനം കുറയുകയും ചെയ്തു. മൊത്തത്തില്‍ വരുമാനം കുറവ് വരുകയും ചെലവ് കൂടുകയും ചെയ്തതോടെ പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. കടമെടുത്ത് ജീവനക്കാര്‍ക്ക് അടക്കം ശമ്പളം നല്‍കേണ്ടത്ര രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ വിരമിക്കല്‍പ്രായം ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് ഒരുവര്‍ഷം ഉണ്ടായേക്കാവുന്ന 4000 കോടിയോളം വരുന്ന ചെലവ് നീട്ടിവെക്കാന്‍ സാധിക്കും. ഒരു വര്‍ഷത്തേക്ക് മാത്രം ലഭിക്കുന്ന താല്ക്കാലിക നേട്ടമാണെങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച് ഇതൊരനുഗ്രഹമാകും.

സര്‍ക്കാര്‍ നിലപാടില്‍ നിന്ന് പിന്നാക്കം പോകുന്നുവോ?

നിലവില്‍ സര്‍വീസിലുള്ള ഒരുവിഭാഗം ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരത്തേ തന്നെ പെന്‍ഷന്‍ പ്രായം 60 ആക്കിയിരുന്നു. 2013 ഏപ്രില്‍ ഒന്നുമുതല്‍ നിയമിതരാവുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമായതിനാല്‍ വിരമിക്കല്‍പ്രായം 60 ആണ്. ബാക്കിയുള്ള മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ വിരമിക്കല്‍ പ്രായം 56 ആണ്. ഇത് 57 മുതല്‍ 60 വയസ്സു വരെയാക്കണമെന്ന വിവിധ വിദഗ്ധ സമിതികളുടെയും ശമ്പളപരിഷ്‌കരണ കമ്മിഷന്റെയും ശുപാര്‍ശ. അധികാരത്തില്‍വന്നാല്‍ പങ്കാളിത്തപെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് 2016-ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പഴയപടിയായാല്‍ മുഴുവന്‍ ജീവനക്കാരുടെയും പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ വഹിക്കണം.

ഇക്കാര്യത്തില്‍ മുമ്പ് വലിയ ഇടപെടല്‍ നടത്തിയത് മുന്‍ ധനമമന്ത്രി തോമസ് ഐസക്കാണ്. പ്രത്യക്ഷത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയെന്ന് തോന്നാത്ത വിധത്തില്‍ വിരമിക്കല്‍ തീയതി ഏകീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. വി.എസ്. സര്‍ക്കാരിന്റെ കാലത്തായിരുന്നു അത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് അന്ന് ഐസക്ക് വിരമിക്കല്‍ തീയതി ഏകീകരിച്ചത്. മാര്‍ച്ച് 31-ന് ശേഷം വിരമിക്കുന്നവരുടെ തീയതി ഏകീകരിച്ചാണ് അദ്ദേഹം സര്‍ക്കാരിന് താത്കാലിക അശ്വാസമുണ്ടാക്കിക്കൊടുത്തത്. ഫലത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതായി തോന്നിയില്ലെങ്കിലും ഏപ്രില്‍ മുതല്‍ വിരമിക്കേണ്ടവര്‍ക്ക് അടുത്ത മാര്‍ച്ച് 31 വരെ സര്‍വീസ് നീട്ടി കിട്ടുകയും ചെയ്തു. ഈ വഴി കോടികളുടെ സാമ്പത്തിക ലാഭം സര്‍ക്കാരില്‍ വന്നു ചേര്‍ന്നു.

നലവില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല എന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ധനമന്ത്രി ബി. ബാലഗോപാലടക്കമുള്ളവര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നുവോ എന്ന സംശയം ഉദ്യോഗാര്‍ഥികള്‍ക്കും യുവജന സംഘടനകള്‍ക്കുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്ന് പറയുമ്പോഴും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന നയപരമായ നിലപാടില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയതിന്റെ സൂചനയാണ് ഇക്കാര്യത്തില്‍ ഇപ്പോഴെടുത്ത തീരുമാനമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

പരസ്യപ്രതിഷേധവുമായി യുവജന സംഘടനകള്‍

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവിനെതിരേ ഇടതുയുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നതാണ് ഉത്തരവെന്നും പിന്‍വലിക്കണമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ഐ.യുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുവജനദ്രോഹ നടപടിയാണെന്നും ഈ തീരുമാനം തൊഴില്‍രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമല്ലെന്നിരിക്കെ ഈ തീരുമാനമെടുത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. തീരുമാനം പിന്‍വലിച്ച് യുവജനങ്ങളുടെ തൊഴില്‍ ലഭിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

യുവജന താല്‍പര്യം പരിഗണിച്ച് ഉത്തരവ് പിന്‍വലിച്ചു

പൊതു മേഖലാ സ്ഥാപനങ്ങളില്‍ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ദ്ധിപ്പിച്ച തീരുമാനം ഉണ്ടായിരുന്നു. ഈ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡിവൈഎഫ്‌ഐ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തുകയും പിന്‍വലിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യം പരിശോധിക്കുകയും യുവജന താല്‍പര്യം പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരിക്കയാണ്. -
വി.കെ.സനോജ്, ഡിവൈഎഫ്‌ഐ സെക്രട്ടറി

ഈ കൊടുംചതിക്കെതിരെ രംഗത്ത് വരണം

ചെറുപ്പക്കാരെ നാട് കടത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനത്ത് 122 പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള തീരുമാനം യുവജന വഞ്ചനയാണ്. പിന്‍വാതില്‍ നിയമനങ്ങളും അപ്രഖ്യാപിത നിയമന നിരോധനവും കൊണ്ട് സഹികെട്ട യുവതയെ തൊഴില്‍ സ്വപ്നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ 'ബ്ലോക്ക്' ചെയ്യുകയാണ്. സിപിഎമ്മിലും മന്ത്രിസഭയിലും ബന്ധുമിത്രാദികള്‍ ഇല്ലാത്ത യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് തൊഴില് കിട്ടാതെ ദയനീയമായ അവസ്ഥയിലാണ്. അവരെ നാട് കടത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നത്. യുവജന വിരുദ്ധ ഉത്തരവുകള്‍ ഒളിച്ച് കടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുയരും. യുവജന ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ മുട്ടിടിക്കുന്ന ഡിവൈഎഫ്‌ഐ, പിണറായി വിജയന്റെ പിആര്‍ ഏജന്‍സിയായി റീ-രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും ഉചിതം. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള തീരുമാനത്തിന്റെ പൈലറ്റ് പദ്ധതിയാണിതെന്ന് വ്യക്തമാണ്. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധിക്കും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഈ കൊടുംചതിക്കെതിരെ രംഗത്ത് വരണം. -
ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍.

സര്‍ക്കാര്‍ വീണ്ടും യുവതയെ വെല്ലുവിളിക്കുന്നു

യുവാക്കളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് യുവാക്കള്‍ക്ക് നല്‍കി ഉറപ്പുകള്‍ കാറ്റില്‍ പറയത്തിയിരിക്കുകയാണ്. പെന്‍ഷന്‍ പ്രായവര്‍ധന പരിഗണനയില്‍ പോലുമില്ലെന്ന് പറഞ്ഞവരാണ് പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി പതിനായിരക്കണക്കിന് യുവാക്കളുടെ അവസരം ഇല്ലാതാക്കുന്നത്. പി.എസ്.സി. നിയമനങ്ങളില്ല, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല, ഉള്ള ഒഴിവുകള്‍ നികത്തുന്നില്ല. കരാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി റാങ്ക് ലിസ്റ്റ് കാലാവധി കഴിയാന്‍ കാത്തിരിക്കുകയാണ്. പിന്‍വാതില്‍ നിയമനം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ പിന്‍വാതില്‍ നിയമം നടത്താത്ത ഒരു വകുപ്പ് പോലുമില്ല. യുവജനങ്ങളെ ഇത്രയ്ക്ക് ദ്രോഹിക്കുന്ന ഒരു സര്‍ക്കാര്‍ വേറെയുണ്ടാവില്ല. സര്‍ക്കാര്‍ മേഖലയില്‍ മുഴുവന്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഇത്. വിഷയത്തില്‍ ഡിവൈഎഫ്ഐയുടെ നിലപാട് പരിഹാസ്യമാണ്. ഡിവൈഎഫ്ഐക്കാര്‍ ജോലിക്കു വേണ്ടിയെന്ന് പറഞ്ഞ് നടത്തുന്ന സമരം നിങ്ങളുടെ മുഖ്യന്റെ വീട്ടിന്റെ മുന്നിലാണ് യഥാര്‍ത്ഥത്തില്‍ നടത്തേണ്ടത്. യുവജന വഞ്ചനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുക തന്നെ ചെയ്യും. -
സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍.

Content Highlights: Congress and BJP, oppose Kerala move to raise retirement age, call it ‘betrayal’ of youths


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented