ശീതയുദ്ധവും ഗോർബച്ചേവും


വി.കെ. ചെറിയാൻ

അമേരിക്കൻ സന്ദർശനത്തിനിടെ 1992-ൽ യു.എസ്. മുൻ പ്രസിഡന്റ് റൊണാൾഡ് റീഗനൊപ്പം മിഖായേൽ ഗോർബച്ചേവ് | Photo: AP

ശീതയുദ്ധം എന്താണെന്ന് നേരിട്ടറിയാൻ തുടങ്ങിയത് 1980-ൽ ഡൽഹിയിൽ എത്തിയതിനു ശേഷമാണ്. ശീതയുദ്ധം, ചേരിചേരാനയം എന്നിവ കേരളത്തിലുളള എഴുപതുകളിലെ ഒരു വിദ്യാർത്ഥിക്ക് വെറും പത്രവാർത്തയായിരുന്നു. പക്ഷെ രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിദ്യാർത്ഥികൾക്കുപോലും അനുഭവപ്പെട്ടിരുന്ന ആ യുദ്ധമുറകൾ അവസാനിച്ചത് സോവിയറ്റ് യൂണിയന്റെ പതനത്തോടെയാണ്. അതിന് കാരണക്കാരൻ 1917-ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഇരുമ്പുമറ ഭരണത്തെ നവീകരിച്ച് ജനാധിപത്യത്തിന്റെ വായൂ കയറ്റി ഒരു പുതു കമ്മ്യൂണിസ്റ്റ് രാജ്യനിർമ്മിതിക്ക് ഒരുങ്ങിയ മിഖായേൽ ഗോർബച്ചേവ് എന്ന സോവിയറ്റ് ഭരണാധികാരി ആയിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്ന ഗോർബച്ചേവ് ചരിത്രത്തിൽ ശീതയുദ്ധത്തിന്റേയും തന്റെ സ്വന്തം രാജ്യത്തിന്റെയും അന്തകനായും അറിയപ്പെടുന്നു.

കഴിഞ്ഞയാഴ്ച മരിച്ച ഇരുപതാം നൂറ്റാണ്ടിനെ മാറ്റിമറിച്ച ആ മനുഷ്യന്റെ മരണം നമ്മെ ശീതയുദ്ധത്തിന്റെ ചരിത്രം, പ്രായോഗിക വശം എന്നിവയിലേക്ക് കൊണ്ടുപോകുന്നു.

എഴുപതുകളിൽ ഒരു ഫിലിം സൊസൈറ്റി പ്രവർത്തകനായ എനിക്ക് തിരുവനന്തപുരത്തെ ബിരുദ, ബിരുദാനന്തര കാലഘട്ടത്തിൽ ഏറ്റവും പുതിയ സിനിമകൾ കാണാൻ കിട്ടിയിരുന്നത് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേതായിരുന്നു. കാരണം, സോവിയറ്റ് യൂണിയൻ നയിച്ച കിഴക്കൻ ബ്ലോക്കിന്റെ ഭാഗമായ അവർ തങ്ങളുടെ സാംസ്‌കാരിക സ്വാധീന പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സിനിമാ വകുപ്പുകൾ നിർമ്മിച്ചിരുന്ന ചിത്രങ്ങളെ, മോസ്‌കോയിലെ മോസ് ഫിലിം സ്ഥാപനം പോലെ, ഒരു ഫീസും കൂടാതെ ഫിലിം സൊസൈറ്റികൾക്ക് നൽകിയിരുന്നു. അങ്ങനെയാണ് പോളിഷ് സംവിധായകൻ ക്രസ്റ്റോഫ് സനൂസ്‌നി, ആന്ദ്രേ വൈദ, ഹങ്കേറിയൻ സംവിധായകർ, മാർത്താ മേസോറോസ്, ഇസ്ത്ത്‌വാൻ സാബോ, മിക്കലോസ് യാൻചോ തുടങ്ങിയവർ മലയാളിക്ക് പ്രിങ്കരർ ആകുന്നത്.

ഈ പ്രതിഭാസത്തിന് തുടക്കം കുറിച്ചതോ സോവിയറ്റ് ഫിലിം മേക്കർമാരായ സെർഗായ് ഐസൻസ്റ്റീൻ, പുഡോവ്കിൻ, ബന്ധാർചുക് എന്നിവർ ആയിരുന്നു. 1965-ൽ കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ ആദ്യ ചിത്രപ്രദർശനം ബന്ധാർചുക്കിന്റെ ''കൊക്കുകൾ പറക്കുന്നു'' (Cranes are flying) എന്ന സോവിയറ്റ് ചിത്രമായിരുന്നു. ഐസൻസ്റ്റീനിന്റെ ''പൊട്ടംകിൻ യുദ്ധക്കപ്പൽ'' (Battleship potemkin) കാണിക്കാത്ത ഫിലിം സൊസെറ്റികൾ ഇന്ത്യയിയില്ല എന്നുതന്നെ പറയാം. ഒരു കത്തിന്റെ പിൻബലത്തിൽ സോവിയറ്റ് സാംസ്‌കാരിക വിഭാഗത്തിന്റെ ഇന്ത്യയിലെ വിവിധ ഓഫീസുകളിൽനിന്നും സിനിമകൾ സുലഭമായി ലഭിച്ചിരുന്നു.

എന്നാൽ, ശീതയുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ ശത്രുരാജ്യമായിരുന്ന അമേരിക്കയുടെ സിനിമകൾ തീയേറ്ററുകളിൽ മാത്രമേ കണ്ടിരുന്നുളളു. അതിനു കാരണം അമേരിക്കയും സഖ്യരാജ്യങ്ങളും മാർക്കറ്റ് എക്കണോമിയിൽ വിശ്വസിച്ച് തങ്ങളുടെ ഏത് ഉല്പന്നത്തിനും എന്നപോലെ സാംസ്‌കാരിക ഉല്പന്നങ്ങൾക്കും വിലയിട്ടിരുന്നതാണ്.

ഇന്ന് ഏകദേശം നിന്നുപോയ പീപ്പിൾസ് പബ്ലിഷിങ് ഹൗസ് എന്ന പ്രസാധകരുടെ റഷ്യൻ പുസ്തകങ്ങളുടെ ഇന്ത്യൻ എഡിഷനുകൾ തുച്ഛവിലയ്ക്ക് വിപണിയിൽ എത്തിച്ചിരുന്ന സ്ഥാപനം മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷിംഗ് ഹൗസിന്റെ ഇൻഡ്യൻ വിഭാഗമായിരുന്നു. ദോസ്‌കോവിസ്‌ക്കിയും പുഷ്‌കിനും ചെക്കോവും ലിയോ ടോൾസ്റ്റോയിയും അങ്ങനെയാണ് പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിന്റെ മലയാള പ്രതിനിധികളായിരുന്ന പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളെല്ലാം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധപ്പെട്ടുകൊണ്ട് ശീതയുദ്ധത്തിന്റെ ഭാഗഭാക്കുകളായിരുന്നു.

ശീതയുദ്ധത്തിന്റെ ഉത്ഭവം തന്നെ സോവിയറ്റ് യൂണിയൻ ലോകത്തെ തൊഴിലാളിവർഗ്ഗ സർക്കാരുകളുടെ ഏകീകരണത്തെ തടയിടാനുളള അമേരിക്കൻ സഖ്യ രാജ്യങ്ങളുടെ ആയുധങ്ങൾ പ്രയോഗിക്കാത്ത, എന്നാൽ മനുഷ്യ മനസ്സിനെ പിടിക്കാനുളള പ്രയത്‌നത്തിൽനിന്നാണ് ഉത്ഭവിച്ചത്. രണ്ടാം മഹായുദ്ധത്തിനു ശേഷം(1945) സോവിയറ്റ് യൂണിയന്റെ ചുവപ്പുസേന നാസി ജർമനിയിൽനിന്ന് വിമോചിപ്പിച്ച കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്ന പോളണ്ട്, ഹങ്കറി, ചെക്കോസ്ലോവാക്കിയ, ബൾഗേറിയ, റുമേനിയ, കിഴക്കൻ ജർമനി എന്നീ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകളെ അവരോധിച്ചതോടെയാണ് ശീതയുദ്ധം പൊട്ടിപുറപ്പെട്ടത്.

ഗ്രീസിലെ കമ്മ്യൂണിസ്റ്റ് കലാപം അമേരിക്കയെയും സഖ്യകക്ഷികളേയും വിളറിപിടിപ്പിച്ചു. 1947-ൽ രണ്ടാം ലോക മഹായുദ്ധത്തിൽ നാമാവിശേഷമായി പട്ടിണിയും അരിക്ഷിതാവസഥയുമായി കഴിഞ്ഞിരുന്ന പടിഞ്ഞാറൻ യൂറോപ്പ് കമ്മ്യൂണിസ്റ്റ് സർക്കാരുകളെ തിരഞ്ഞെടുക്കുമെന്ന് അമേരിക്ക ഭയന്നു. അവർ 13 ബില്യൻ ഡോളറിന്റെ ഒരു വികസന പദ്ധതി-മാർഷൽ പ്ലാൻ-യൂറോപ്പിനായി പ്രഖ്യാപിച്ചു. ഗ്രീസിനും ടർക്കിക്കും 400 മില്യൻ ഡോളർ പ്രത്യേകമായും നൽകി.

പക്ഷെ ഇതൊന്നും അന്നത്തെ സോവിയറ്റ് ഭരണാധികാരി സ്റ്റാലിനെ കുലുക്കിയില്ല. ചൈനയുമായി കൂടി കൊറിയ, വിയറ്റ്‌നാം കംബോഡിയ എന്നീ രാജ്യങ്ങൾ തങ്ങളുടെ സ്വാധീനത്തിൽ ആക്കികൊണ്ടിരുന്നു. സ്റ്റാലിന്റെ പ്രചോദനത്തിൽ ഇന്ത്യയിലുൾപ്പെടെ പല രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരം പിടിക്കാനുളള ആയുധസമരത്തിന് നേതൃത്വം കൊടുത്തു. ഏഷ്യയിൽ പലയിടത്തും ഇതു പരാജയപ്പെട്ടു, പക്ഷെ, മിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നു.

വർദ്ധിക്കുന്ന കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ സ്വാധീനത്തെ തടയിടുന്നതിനാണ് അമേരിക്ക ശീതയുദ്ധത്തെ ഉപയോഗിച്ചത്. സോവിയറ്റ് യൂണിയൻ ആകട്ടെ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുവാനും. പ്രധാനമന്ത്രി നെഹ്‌റുവിന്റെ ചേരിചേരാനയം രണ്ടു വൻശക്തികളെയും ഇന്ത്യയെ തങ്ങളുടെ കേളീരംഗമാക്കുവാൻ സഹായിച്ചു. രണ്ടു വൻശക്തികളും തങ്ങളുടെ സാമ്പത്തിക, സാംസ്‌കാരികശക്തി വെളിവാക്കുന്ന പല പദ്ധതികളും ഇന്ത്യയിൽ നടപ്പാക്കി. രണ്ടു വൻശക്തികളും ചെറുപ്പക്കാരെ തങ്ങളുടെ സർവകലാശാലകളിലേക്ക് സ്‌കോളർഷിപ്പോടെ ആകർഷിച്ചു. അമേരിക്ക ഹോണാലൂലുവിലെ ഈസ്റ്റ് വെസ്റ്റ് സെന്റർ ആരംഭിച്ചപ്പോൾ, മോസ്‌കോയിലെ പ്രാക്ടീസ് ലുംബംമോ സർവകലാശാല മൂന്നാം ലോക വിദ്യാർത്ഥികൾക്കായി തുറന്നു. വെസ്റ്റ് ബെർലിനിൽ ഒരു ഫ്രീ യൂണി ടവർ സിറ്റി യൂറോപ്യൻ ശക്തികൾ തുടങ്ങി. ഇങ്ങനെ മൂന്നാം ലോകം അകത്തും പുറത്തും വൻശക്തികളുടെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമായി.

എൺപതുകളുടെ ആദ്യം ഒരു പത്രപ്രവർത്തന വിദ്യാർത്ഥി ആയി ഡൽഹിയിൽ എത്തിയ എനിക്ക് എൺപത്തിരണ്ടോടെ ഫിലിപ്പൈൻസിലെ മനിലയിൽ ഏഷ്യൻ ജേർണലിസ്റ്റുകൾക്കായുളള ആറു മാസ കോഴ്‌സിലേക്ക് ക്ഷണം കിട്ടി. അന്ന് പോകാൻ കഴിഞ്ഞില്ലെങ്കിലും 89-ൽ യൂറോപ്യൻസ് നടത്തുന്ന വെസ്റ്റ് ബർലിനിലെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ എത്തപ്പെട്ടു. അതിനിടെ സോവിയറ്റ് വാർത്താവിനിമയ വകുപ്പിന്റെ ഒരു പത്രസമ്മേളനത്തിൽ ഒരു സോവിയറ്റ് രഹസ്യപോലീസ് (കെ.ജി.ബി.) അംഗം എന്നെ അവരുടെ ചേരിയിൽ ചേർക്കുവാൻ നോക്കി. വോഡ്കയും ഭക്ഷണവും, അന്ന് ഇന്ത്യയിലില്ലാത്ത ഉപഗ്രഹ ടെലിവിഷനും എന്നെ അവരുടെ അടിമയാക്കുമെന്ന് അയാൾ കരുതി. പക്ഷെ അപ്പോഴേക്കും ഇടതുപക്ഷ അനുഭാവി ആയിട്ടും ഇത്തരം ഏടാകൂടങ്ങൾ ഒരു പത്രപ്രവർത്തകനെ വികൃതനാക്കാനേ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു. മാത്രവുമല്ല, മാതൃഭൂമി പത്രത്തിലെ വി.കെ. മാധവൻകുട്ടി, എഴുത്തുകാരൻ ഒ.വി. വിജയൻ തുടങ്ങിയവരുമായുളള സംസർഗ്ഗം ഇത്തരം ശീതയുദ്ധ കെണികളെപ്പറ്റി എന്നെ ബോധവാനാക്കിയിരുന്നു.

കിഴക്കൻ ജർമനിയിൽ നടന്ന മെയ് ദിനാഘോഷത്തിൽനിന്ന് | ഫോട്ടോ: വി.കെ. ചെറിയാൻ

1989-ൽ ഞാൻ വെസ്റ്റ് ബർലിനിലേക്ക് എന്റെ ആദ്യ വിദേശയാത്ര നടത്തുമ്പോൾ യൂറോപ്പ് കാണുവാനുളള ആഗ്രഹമായിരുന്നു മുൻപിൽ. മൂന്നാം ലോക പത്രപ്രവർത്തകർക്കുവേണ്ടി നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം അതിന് ഒരു നിമിത്തവും. അന്ന് എന്റെ ഭാര്യ മറ്റൊരു സ്‌കോളർഷിപ്പിൽ അമേരിക്കയിലെ
വാഷിംഗ്ടണിലുളളതുകൊണ്ട് സഖ്യകക്ഷികളുടെ ചെലവിൽ ഭാര്യയെ സന്ദർശിക്കാനുളള അവസരവുമായി ഞാൻ അതിനെ കണ്ടു.

പക്ഷെ, വെസ്റ്റ് ബർലിൻ ശീതയുദ്ധത്തിന്റെ പോർമുഖമായിരുന്നുവെന്ന് അവിടെ എത്തിയപ്പോഴാണ് മനസ്സിലായത്. ശീതയുദ്ധത്തിന്റെ ഭീകരാവസ്ഥയും. വെസ്റ്റ് ബർലിൻ അമേരിക്കയുടേയും രണ്ടാം ലോക മഹായുദ്ധ സഖ്യകക്ഷികളായ ബ്രിട്ടൺ, ഫ്രാൻസ്, എന്നിവയുടെ അധിനിവേശ പ്രദേശമായിരുന്നു. അതും സോവിയറ്റ് അധിനിവേശത്തിലുളള കിഴക്കൻ ജർമനിയുടെ ഇടയിൽ ഒരു മതിലിനാൽ വേർതിരിക്കപ്പെട്ടിരുന്നു. വെസ്റ്റ് ബർലിൻ ഇന്ത്യാർക്ക് മതിൽ കടന്നുപോകുവാൻ വിസ ലഭിച്ചിരുന്നു. കാരണം ഇന്ത്യ സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയിരുന്ന സൗഹൃദസന്ധി കാരണമായിരുന്നു ഇത്. മൂന്നു മാസത്തിനിടയിൽ മൂന്നു ആഴ്ചാവസാനങ്ങളിലായി നടത്തിയ കിഴക്കൻ ബർലിൻ സന്ദർശനം ശീതസമരത്തെയും അതിന്റെ അനിവാര്യമായ പതനത്തെയുംപറ്റി എന്നെ ബോധവാനാക്കി.

പടിഞ്ഞാറൻ ബർലിനിൽ ബെൻസ് കാർ ടാക്‌സികളായി ഓടുമ്പോൾ, 1989-ൽ ഇന്ത്യയിൽ നിന്നുപോലും അപ്രത്യക്ഷമായ സ്റ്റുഡിബേക്കർ കാറുകളാണ് കിഴക്കൻ ബർലിനിൽ കിരുന്നത്. അവിടെ കുട്ടികൾക്കുളള ഉടുപ്പുകൾ മുതൽ ഭക്ഷണംവരെ വളരെ ചെലവുകുറഞ്ഞതായിരുന്നു. പടിഞ്ഞാറൻ കറൻസിയായ മാർക്കിന് കിഴക്ക് എഴു മാർക്കിന്റെ വില കിട്ടുമായിരുന്നു. അന്ന് ഇന്ത്യൻ രൂപയ്ക്കും വില അത്രതന്നെ. പടിഞ്ഞാറുനിന്നു മാത്രമേ കറൻസി മാറുവാൻ കഴിയൂ.

രണ്ടിടങ്ങളിലും ഇംഗ്ലീഷ് വലിയ പ്രചാരണത്തിൽ അല്ല. സംഭാഷണങ്ങൾ ചുരുക്കേണ്ടിവന്നു. ആ വർഷത്തെ മേയ് ദിനത്തിൽ ഞാൻ കിഴക്കൻ ബർലിനിലായിരുന്നു, ബർലിൻ കുഞ്ഞനന്തൻ നായരുടെ അതിഥിയായി. അദ്ദേഹം കിഴക്കൻ ജർമനി പോളണ്ട് പോലെ സോവിയറ്റ് ചേരിയിൽനിന്ന് പോകില്ലെന്ന് പറഞ്ഞു. പക്ഷെ, 1989 ഒക്‌ടോബറിൽതന്നെ ബർലിൻ മതിൽ പൊളിയുകയും ജർമനി ഒന്നാവുകയും ചെയ്തു.

ബർലിൻ മതിലിന്റെ പ്രത്യേകത പടിഞ്ഞാറൻ ഭാഗത്തെല്ലാം സ്വാതന്ത്ര്യം, സന്ദർശകരുടെ പ്രവാഹം എന്നിവയായിരുന്നു. കലാകാരന്മാർ അതിൽ ചിത്രങ്ങൾ രചിച്ചിരുന്നു. കിഴക്ക് അൻപത് അടി സെക്യൂരിറ്റി സോൺ, പിന്നിട്ട് തോക്കുധാരികളായ പട്ടാളക്കാർ. എല്ലാ മാസവും കിഴക്കുനിന്ന് പടിഞ്ഞാറൻ ബർലിനിലേക്ക് കടക്കുവാൻ ശ്രമിച്ചവരെ പട്ടാളം വെടിവെച്ചിട്ട കഥകൾ കേൾക്കാമായിരുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അതിർത്തിയിലുളള ചാർലി ചെക്ക്‌പോയിന്റ് ശീതയുദ്ധത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരുന്നു, പ്രതേ്യകിച്ച് അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും യുദ്ധടാങ്കുകൾ മുഖത്തോടുമുഖം നോക്കിനിന്ന 1961-ലെ ബർലിൻ പ്രതിസന്ധിക്കുശേഷം.

ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊളംബിയ, ഈജിപ്റ്റ്, കരീബിയൻ ദ്വീപുകൾ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ നിന്നുളള പത്രപ്രവർത്തകർ ഉണ്ടായിരുന്നു. ബർലിൻ, ജർമനി എന്നിവയെപ്പറ്റിയുളള പഠനങ്ങൾ അല്ലാതെ അമേരിക്കൻ സഖ്യകക്ഷികളെപ്പറ്റി പ്രത്യേക ക്ലാസ്സുകൾ ഒന്നുമില്ലായിരുന്നു. ഞങ്ങൾ താമസിച്ചതാകട്ടെ അമേരിക്കൻ മിലിട്ടറിയുടെ കൺടോൾ സെന്ററിന്റെ അടുത്ത കെട്ടിടത്തിലായിരുന്നു. ആ കെട്ടിടങ്ങൾക്ക് മുകളിലെന്നപോലെ താഴോട്ടും പല നിലകൾ ഉണ്ടായിരുന്നു. കാരണം ശീതയുദ്ധത്തിന്റെ ഏറ്റവും ഭയാനകമായ രംഗം, അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം മിനിറ്റുകൾക്കുളളിൽ അണ്വായുധങ്ങൾ ഉപയോഗിച്ച് ലോകത്തെ ഇല്ലായ്മ ചെയ്യും എന്നതായിരുന്നു. അതാകണം അക്കാലത്തെ എല്ലാ കെട്ടിടങ്ങളിലും ഭൂഗർഭ നിലകൾ സാധാരണമായിരുന്നു, യൂറോപ്പിലും റഷ്യയിലും.

ലേഖകൻ ബെർലിൻ മതിലിനു മുന്നിൽ.

ശീതയുദ്ധവും അതിന്റെ പരിണതഫലങ്ങൾ എന്തായിരുന്നാലും ഇന്ത്യക്കാർ അതിന്റെ ഗുണഭോക്താക്കൾ ആയിരുന്നു. പ്രത്യേകിച്ച് പത്രപ്രവർത്തകർ. തുടക്കക്കാർക്ക് സ്‌കോളർഷിപ്പോടെ ഉപരിപഠനം, മുതിർന്നവർക്ക് പലതരം വിദേശ വിനിമയ യാത്രകൾ, എല്ലാം മുഴുവൻ അതതു സഖ്യരാജ്യങ്ങളുടെ ചെലവിൽ. എല്ലാ രംഗത്തുമുളള ഇന്ത്യൻ പ്രൊഫഷണലുകളെ പലതരം വിനിമയ പദ്ധതികൾവഴി ഇരുകൂട്ടരും തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോയി തങ്ങളുടെ രാഷ്ട്രമാണ് മികച്ചതെന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചിരുന്നു.

അമേരിക്കക്കാർ സ്ഥിരമായി ഒരു മുതിർന്ന പത്രപ്രവർത്തക സംഘത്തെ എല്ലാ വർഷവും ഒരു മാസത്തെ അമേരിക്കൻ യാത്രയ്ക്ക് കൊണ്ടുപോയിരുന്നു. സോവിയറ്റ് സർവകലാശാലകളിൽ സൗജന്യ പഠനം, നേരിട്ടോ ബന്ധക്കാർക്കൊ അവരും ചെയ്തിരുന്നു. പിന്നീട് എല്ലാ രംഗത്തും സൗഹൃദ കൂട്ടായ്മകൾ മോസ്‌കോയിൽ കൂടിയിരുന്നു, യാത്രകൾ ഇന്ത്യക്കാർക്ക് സൗജന്യവും.

സിനിമ- കലാരംഗത്തെുളളവരെയും രണ്ടു കൂട്ടരും പ്രോത്സാഹിപ്പിച്ചിരുന്ന. മോസ്‌കോ ഫിലിം മേളയിൽ ഒരു ഇന്ത്യൻ സിനിമാ സംഘം, പ്രത്യേകിച്ച് രാജ് കപൂർ, കെ.എ. അബ്ബാസ് സംഘത്തിന്റെത് എപ്പോഴും ഉണ്ടായിരുന്നു. യൂറോപ്യൻ ഫിലിം മേളകളിലൂടെയാണ് സത്യജിത് റേയും മൃണാൾ സെന്നും അടൂരും മറ്റും ലോകപ്രശസ്തർ ആയത് എന്നും ഓർക്കുക. പക്ഷെ തങ്ങളുടെ സിനിമകൾ ഇന്ത്യയിൽ കാണിക്കുവാൻ സോവിയറ്റ് ബ്ലോക്ക് കാണിച്ച ആവേശം അമേരിക്കൻ ബ്ലോക്ക് ഒരിക്കലും കാണിച്ചില്ല.

എൺപതുകളോട് അമേരിക്കയിൽ ഉടലെടുത്ത ടെക്‌നോളജി വിപ്ലവം, സോവിയറ്റ് ബ്ലോക്കിനെ തളർത്തി. ഡിജിറ്റൽ വിപ്ലവം തൊഴിലാളി വിപ്ലവത്തിന്റെ അതിരുകളെ പൊളിച്ച് അതിന്റെ ഇരുമ്പുമറ ഭേദിച്ചു. അതു മനസ്സിലാക്കിയ സോവിയറ്റ് ഭരണാധികാരിയായിരുന്നു മിഖായേൽ ഗോർബച്ചേവ്. അദ്ദേഹം തുടങ്ങിവെച്ച തുറന്ന സമീപനം (Glasnost) പുനർ നിർമ്മിതി (Perestroika) സോവിയറ്റ് ബ്ലോക്കിന്റെ പതനത്തിന് വഴിതെളിച്ചു. തുരുമ്പുപിടിച്ച ഒരു യന്ത്രത്തെ പുതുതാക്കാൻ ശ്രമിച്ചാലുളള അവസ്ഥയായിരുന്നു സോവിയറ്റ് യൂണിയന്റേത്.

പതനം ഭയാനകമായിരുന്നു. ആദ്യഘട്ടത്തിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ സോവിയറ്റ് അധിനിവേശത്തിൽ നിന്ന് മുക്തരായി, കമ്മ്യൂണിസ്റ്റ് ഇതര സർക്കാരുകൾ അവിടെ അവരോധിക്കപ്പെട്ടു. സോവിയറ്റ് യൂണിയനിലെ മറ്റു രാജ്യങ്ങൾ സ്വതന്ത്രമായി. സോവിയറ്റ് യൂണിയനു പകരം പഴയ റഷ്യ ഒരു രാജ്യമായി സ്ഥാപിതമായി. ശീതയുദ്ധം അവസാനിച്ചു. ഇന്ത്യയുമായുണ്ടായിരുന്ന റൂബിൾ-രൂപ കച്ചവടം നിലച്ചു. എല്ലാ വിനിമയ യാത്രകളും നിലച്ചു. ഡൽഹിയിലെ സോവിയറ്റ് സാംസ്‌കാരിക കേന്ദ്രം അടച്ചു. മറ്റ് സഖ്യരാജ്യങ്ങളായ ഹങ്കറി, പോളണ്ട്, ചെക്കോസ്ലാവേക്യ എന്നിവരും തങ്ങളുടെ സാംസ്‌കാരിക കേന്ദ്രങ്ങൾ അടച്ചു.

ഏറ്റവും ഭയാനകം, റഷ്യൻ സത്രീകൾ രാജ്യത്തെ അരക്ഷിതാവസ്ഥയിൽനിന്നും പട്ടിണിയിൽനിന്നും രക്ഷപെടുവാൻ ഡൽഹിയിലെ പ്രധാന തെരുവുകളിൽ വേശ്യകളായതാണ്. ഒരു സാമ്രാജ്യം തകരുമ്പോൾ എന്തൊക്കെ നടക്കും എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഡൽഹിക്കാർക്ക് ആ വർഷം(1992). ശീയയുദ്ധത്തിന്റെ അവസാനം ഇങ്ങനെയാകുമെന്ന്, സോവിയറ്റ് യൂണിയന്റെ തകർച്ച ഇങ്ങനെയാകുമെന്ന് സോവിയറ്റ് സ്ഥാപക ഭരണാധികാരി വ്‌ളാഡിമീർ ഇല്യനോവിച് ലെനിൻ സ്വപ്‌നത്തിൽപ്പോലും കണ്ടിരുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു.

ഗോർബച്ചേവ് താൻ അഴിച്ചുവിട്ട ഭൂതത്തിന്റെതന്നെ ഇരയായി ഒടുങ്ങി എന്നു കരുതാം. വർഷങ്ങൾക്കു ശേഷം 2009-ൽ മോസ്‌കോ സന്ദർശന വേളയിലാണ് ഈ പതനത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്. സ്റ്റാലിന്റെ സമയത്ത് നിർമ്മിതമായ, നൂറിലധികം നിലയുളള ഹോട്ടലിന്റെ അരികിൽ റഷ്യയിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയുടെ ആസ്ഥാനം കണ്ടു. പത്തു നിലയുളള കെട്ടിടത്തിന്റെ നീളം ഏകദേശം നൂറു മീറ്റർ വരും. പലതരം പ്രകൃതിദത്ത വിഭവങ്ങൾകൊണ്ട് സമ്പന്നമായ ലോകത്തിലെ ഏറ്റവും വിസ്തീർണം നിറഞ്ഞ രാജ്യത്തെയാണ് ഗേർബച്ചേവിന്റെ പരിഷ്‌കാരങ്ങൾ തകർത്തെറിഞ്ഞത്.

അമേരിക്കയോടൊപ്പം ലോകശക്തിയായി നിന്നിരുന്ന ആ രാജ്യം ഇന്ന് മാഫിയകളുടെയും അധിക സമ്പന്നരുടെയും ഭാഗ്യാനേ്വഷികളുടെയും രാജ്യമായാണ് അറിയപ്പെടുന്നത്. സോവിയറ്റ് പതനത്തിന്റെ നാശത്തിൽനിന്നു കരകയറുവാൻ റഷ്യയ്ക്ക് ഏകദേശം മുപ്പത് ദശകം വേണ്ടിവന്നു. അപ്പോഴേക്കും ലോകം അമേരിക്കൻ സഖ്യകക്ഷികളുടെ പ്രതിരോധിക്കാനാവാത്ത സ്വാധീനത്തിൽ ആയിക്കഴിഞ്ഞിരുന്നു. അമേരിക്കയുടെകൂടെ നിന്ന യൂറോപ്യൻ രാജ്യങ്ങൾ ശീതയുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി റഷ്യയേക്കാളും വലിയ സാമ്പത്തിക ശക്തികളായി നിലനിൽക്കുന്നു. ഇന്ത്യയെപ്പോലെ ചില രാജ്യങ്ങൾക്കും ശീതയുദ്ധത്തിന്റെ രണ്ടു കൂട്ടരുടെയും സ്വാധീന പരിപാടികളുടെ ഗുണഫലങ്ങൾ കിട്ടിയിരുന്നതുകൊണ്ട് ഇന്നും അമേരിക്കയുടെയും റഷ്യയുടെയും ലോക നയതന്ത്രയജ്ഞങ്ങളിൽ പങ്കാളികളാകുവാൻ കഴിയുന്നു.

ഗോർബച്ചേവിന്റെ കഴിഞ്ഞ ആഴ്ചത്തെ മരണവും പൂർണ ഔദേ്യാഗിക ബഹുമതികളില്ലാതെയുളള സംസ്‌കാരവും കാണിക്കുന്നത് റഷ്യ എന്ന രാജ്യം അദ്ദേഹത്തിന് ഇന്നും മാപ്പു കൊടുത്തിട്ടില്ല എന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലായിരിക്കും റഷ്യ ഭരിക്കുന്നത്. പക്ഷേ, റഷ്യ എന്ന വലിയ രാജ്യത്തിന്റെ സ്വാഭിമാനത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു സോവിയറ്റ് യൂണിയന്റെ പതനവും ശീതയുദ്ധത്തിന്റെ അന്ത്യവും.

Content Highlights: Mikhail Gorbachev, Cold War, USSR, America, Soviet Union


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented