ദുരന്തങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ് | സുരക്ഷിതമോ നവകേരളം? 04


ഫാക്ട് ചെക്ക് ടീം

2015-16ലെ വരള്‍ച്ച കാലാവസ്ഥ വ്യതിയാനദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകള്‍ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധകേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.

'കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിരുന്ന അതിവൃഷ്ടി സാധ്യതയാണ് 2018-ലും 2019-ലും പശ്ചിമഘട്ട മലനിരകളില്‍ സംഭവിച്ചത്. ന്യൂനമര്‍ദങ്ങള്‍ വലിച്ചടുപ്പിച്ച വലിയ മേഘങ്ങള്‍ ഒന്നായി പശ്ചിമഘട്ടത്തെ പൊതിഞ്ഞു പെയ്യുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളില്‍, കുറഞ്ഞ മണിക്കൂറുകളില്‍ പരിധിയിലധികം മഴ പെയ്തിറങ്ങി. മലകള്‍ക്കു താഴെ കടല്‍ വരെ ശരാശരി 50 കിലോ മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കേരളത്തിന്റെ സമതലങ്ങളും പുഴത്തടങ്ങളും വെള്ളക്കെട്ടുകളായി മാറി. താഴ്ന്ന പ്രദേശങ്ങളൊക്കെത്തന്നെ പ്രളയത്തിനടിയിലായി. ഉയര്‍ന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി എന്നീ ജില്ലകളുടെ മലയോരങ്ങള്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നേരിടുകയായിരുന്നു' എന്ന് 'ഹ്യൂം സെന്റര്‍ ഓഫ് എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി'യുടെ (Hume Centre for Ecology and Wildlife Biology) ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ (2020) പറയുന്നു.

ദുരന്തങ്ങള്‍ എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് മനസ്സിലാക്കി, ദുരന്താഘാത പ്രതിരോധശേഷി കൈവരിക്കുക എന്നതാണ് നഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഒരു പ്രധാനമാര്‍ഗം. 2015-16ലെ വരള്‍ച്ച കാലാവസ്ഥ വ്യതിയാന ദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകള്‍ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.

കാലാവസ്ഥാ പ്രവചനം

cyclone

ഒരു ദുരന്തം കൃത്യസമയത്ത് പ്രവചിക്കുക എന്നതും മുന്നറിയിപ്പ് നല്‍കാന്‍ കഴിയുക എന്നതും ഏറ്റവും അടിസ്ഥാന കാര്യങ്ങളിലൊന്നാണ്. കേരളതീരത്ത് പതിവില്ലാത്തതും, അതിവേഗം അപ്രതീക്ഷിത പാതയില്‍ സഞ്ചരിക്കുകയും ചെയ്ത ഓഖി ചുഴലിക്കാറ്റായിരുന്നു ഇത്തരം ദുരന്ത സാധ്യതകളിലേക്കും അവയുടെ പ്രവചനത്തിലേക്കും കണ്ണ് തുറപ്പിച്ചത്. ആദ്യ കാലങ്ങളില്‍ അന്തരീക്ഷത്തിലെ ചുഴികള്‍ അധികം ശ്രദ്ധിക്കാറില്ലായിരുന്നു. ന്യൂനമര്‍ദം ഉണ്ടായാല്‍ അത് തീവ്രന്യൂനമര്‍ദ്ദമായാല്‍ (depression) മാത്രമേ മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നുള്ളു.

എന്നാല്‍ ഓഖിയ്ക്ക് ശേഷം, അന്തരീക്ഷത്തില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന ഘട്ടത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നതാരംഭിച്ചു എന്ന് ഇന്ത്യ മീറ്റിയറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ(ഐ.എം.ഡി.) സീനിയര്‍ സയന്റിസ്റ്റും ഡയറക്ടറുമായ പി.എസ്. ബിജു പങ്കുവച്ചു. കേരളമൊരു ഉഷ്ണമേഖല പ്രദേശമാണ്. മറ്റ് പ്രദേശങ്ങളേക്കാള്‍ കാലാവസ്ഥ മാറിക്കൊണ്ടേയിരിക്കും. 2017-ന് ശേഷം മീറ്റിയറോളജിക്കല്‍ സ്റ്റേഷന്‍ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രമാക്കി മാറ്റി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ 256 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ 100 എണ്ണം അതിവേഗത്തില്‍ സ്ഥാപിക്കാമെന്ന് ഐ.എം.ഡി. ഏറ്റിരുന്നു. അതില്‍ 15 എണ്ണം സ്ഥാപിച്ചു. ബാക്കി 85 എണ്ണം സ്ഥാപിക്കുന്നതില്‍ കോവിഡ് മൂലം കാലതാമസമുണ്ടായി എങ്കിലും ഡിസംബര്‍ 15-ാം തീയതി തൊട്ട് പുനരാരംഭിക്കും. കേരളത്തില്‍ ഇനി വരും കാലഘട്ടങ്ങളില്‍ മുന്നറിയിപ്പുകളും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളും വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി വിവിധ പ്രൈവറ്റ് ഏജന്‍സികളേയും കേരളം സമീപിക്കുന്നുണ്ട്. ഒപ്പം ഗവേഷണങ്ങളുടെ ഭാഗമായി കുസാറ്റ് പോലുള്ള പഠനകേന്ദ്രങ്ങളിലും കാലാവസ്ഥാ നിരീക്ഷണം നടക്കുന്നുണ്ട്.

ഉരുള്‍പ്പൊട്ടല്‍ സാധ്യതകളുടെ പ്രവചനം സംബന്ധിച്ച്, 'ഹ്യൂം സെന്റര്‍ ഓഫ് എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി'യുടെ ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍(2020) പറയുന്നതിപ്രകാരമാണ്,'കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രഭാവങ്ങള്‍ തുടര്‍ച്ചയായി പ്രതീക്ഷിക്കേണ്ടുന്ന ഇക്കാലത്തു ദുരന്ത സാധ്യതകളുടെ പ്രവചനവും അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളും പ്രധാനമാണ്. മുന്‍ വര്‍ഷങ്ങളിലെ മഴയുടെയും ഉരുള്‍പൊട്ടലുകളുടെയും വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ ഘടനയും നീര്‍ച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്ത്, ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗപെടുത്തികൊണ്ട്, ഒരു പരിധിയില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ ഉരുള്‍ പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ പ്രവചിക്കാന്‍ നമുക്ക് കഴിയും.'

ഭൂവിനിയോഗം

ഭൂമിശാസ്ത്രപരമായി കേരളത്തിനുള്ള ചരിവിന് വ്യത്യാസം വന്നിട്ടുണ്ട്. പഠനങ്ങള്‍ പ്രകാരം ഉരുള്‍പ്പൊട്ടല്‍/മണ്ണിടിച്ചില്‍ അപകട സാധ്യത മിതമായിരുന്ന മേഖലകള്‍ ഇപ്പോള്‍ തീവ്ര അപകട സാധ്യതയുള്ള മേഖലകളായി മാറിയിട്ടുണ്ട്. ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്കൊപ്പം മഴ ഇതിന് ഒരു പ്രേരക ഘടകമാണ്. നയങ്ങളിലുണ്ടായ മാറ്റം മൂലം 2020-21-ല്‍ ലീസും പെര്‍മിറ്റുമുള്ള ക്വാറികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Landslide

'പ്രളയത്തിന് മുന്‍പ് 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഒരു വര്‍ഷം ശരാശരി 88 ക്വാറികള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ പ്രളയത്തിന് ശേഷം ഒരു വര്‍ഷം ശരാശരി 45 ക്വാറികള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ അനുമതികളും എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റുകളുമുള്ള ക്വാറികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ അനുമതി നല്‍കുന്നുള്ളൂ. പാരിസ്ഥിതികാഘാത അതോറിറ്റിയുടെ നിരാക്ഷേപപത്രം, മലിനീകരണ നിയന്ത്രണബോര്‍ഡ്, പഞ്ചായത്ത്, എക്സ്പ്ലോസീവ് വിഭാഗം, മൈനിങ് ആന്‍ഡ് ജിയോളജി എന്നിവയുടെ അനുമതി ക്വാറികള്‍ക്ക് ലഭിക്കേണ്ടതുണ്ട്' ഖനന ഭൂവിജ്ഞാനീയ വകുപ്പ് മന്ത്രി പി രാജീവ് പറയുന്നു

കൂടാതെ പ്രകൃതിദുരന്തങ്ങള്‍ക്ക് ക്വാറികള്‍ കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ കാലത്ത് ദുരന്തസമയത്ത് നേരിട്ട ഒരു പ്രധാന പ്രശ്‌നം ആശയവിനിമയത്തിലായിരുന്നു. എന്നാല്‍ ഇന്ന് അന്നത്തെ അനുഭവത്തില്‍ നിന്ന് പഠിച്ച് പ്രധാന കേന്ദ്രങ്ങളില്‍ ആശയവിനിമയത്തിനായി സാറ്റലൈറ്റ് ഫോണുകളുണ്ട്. ആദ്യത്തെ അപേക്ഷിച്ച് ഏകോപനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്നതും പ്രകടമാണ്. 2019 വരെ സംസ്ഥാനത്തെ 10% നഗരസഭകള്‍ക്ക് പോലും പബ്ലിഷ് ചെയ്ത് മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടായിരുന്നില്ല. ഇതിനായി ഒരു പ്രധാന പങ്ക് വഹിച്ചത് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) പ്രവര്‍ത്തനങ്ങളായിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പും കിലയും

ഒരു ദുരന്തത്തിനു മുന്നേ വേണ്ട മുന്നൊരുക്കങ്ങളും, ലഘൂകരണ മാര്‍ഗങ്ങളും, സജ്ജമാണോ എന്നത് ഉറപ്പാക്കാനും, ദുരന്തമുഖത്തെ പ്രതികരണവുമെല്ലാം ഉള്‍പ്പെടുത്തി ഒരു ടെംപ്ലേറ്റ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് തീമാറ്റിക് മാപ്പുകളുണ്ടാക്കിയിട്ടുണ്ട്. ഇവയെ ആസ്പദമാക്കിയിട്ടാണ് ഓരോ തദ്ദേശ സ്വയംഭരണ വകുപ്പും (എല്‍എസ്ഡി) പ്ലാന്‍ തയ്യാറാക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു സംവിധാനം ഇതാദ്യമാണ്. ഈ മാപ്പുകള്‍ എല്ലാം തന്നെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നമ്മള്‍ നമുക്കായി പ്രാദേശികതല ദുരന്ത നിവാരണ പദ്ധതിയും മാപ്പ് വായനയും വ്യാഖ്യാനവും സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ട്. ലോകത്തില്‍ ആദ്യമായി ലോക്കല്‍ ഇന്‍ഡിക്കേറ്റര്‍സ് കേരളം വികസിപ്പിച്ചു. സംസ്ഥാനത്ത് തദ്ദേശ തലത്തില്‍ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ആക്ഷന്‍പ്ലാന്‍ ഉണ്ടാവേണ്ടതുണ്ട്. നിലവില്‍ ചുരുക്കം ചില പഞ്ചായത്തുകളില്‍ മാത്രമാണ് എങ്ങനെ പ്രതിരോധിക്കാം എന്നുള്ള പ്രാദേശിക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുളളത്.

.

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന്റെ മാപ്പ്

2017-ലെ ഓഖി ദുരന്തത്തിന് ശേഷം ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഉണ്ടായിട്ടും ഭാവിയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളും മാറ്റങ്ങളും പരിശോധിക്കാം. ഈ ഒരു ഘട്ടത്തില്‍ പ്രധാനമായും മനസ്സിലാക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഇന്ത്യയേയോ, ലോകത്തിലേയോ മറ്റ് പ്രദേശങ്ങളേ അപേക്ഷിച്ച് കേരളത്തിന് ഈ ദുരന്തങ്ങള്‍ പുതിയൊരു അനുഭവമാണ്. ഇത് നേരിടാന്‍ സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനെ മികച്ച രീതിയില്‍ എങ്ങനെ നേരിടാം, പ്രതിരോധിക്കാം എന്ന് വിദഗ്ധ മാര്‍ഗരേഖയും നവീകരണ പദ്ധതികളും കേരളം തയ്യാറാക്കേണ്ടതുണ്ട്. രണ്ട്, ഇത് വലിയൊരു പ്രക്രിയയാണ്. പെട്ടെന്ന് പൂര്‍ത്തിയാക്കാവുന്ന ഒന്നല്ല. എങ്കിലും ദ്രുതഗതിയില്‍ ചെയ്യേണ്ട കാര്യങ്ങളും മാറ്റങ്ങളും അതിനനുസരിച്ച് പൂര്‍ത്തിയാക്കേണ്ടതുണ്ട്. 2021നവംബറില്‍ നടന്ന നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് നിലവില്‍, 12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവ നിര്‍വ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 5,271.88 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തിട്ടുമുണ്ട്.

ആഗോളതാപനത്തിന് പ്രധാനകാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചു കൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് പല രീതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സൗരോര്‍ജ ഉത്പാദനത്തിനായി കെട്ടിട നിര്‍മ്മാണചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്. പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ നയം രൂപീകരിക്കുകയും ആവശ്യമായ നടപടികള്‍ മുന്നോട്ടുനീക്കാനുള്ള പരിശ്രമം നടത്തുന്നുണ്ട്. ഇതുപോലെയുള്ള ഇ-മൊബിലിറ്റി പദ്ധതിയും, വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കാനും ജല സ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനും റൂം ഫോര്‍ റിവര്‍ പദ്ധതിയും, മാലിന്യ നിര്‍മ്മാര്‍ജനത്തിനും ഊര്‍ജ്ജോത്പാദനത്തിനും വേസ്റ്റ് റ്റു എനര്‍ജി പോലുള്ള പദ്ധതികളും അതിനായുള്ള വിദഗ്ധ സമിതികളും വര്‍ക്കിംഗ് ഗ്രൂപ്പുകളും സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ കേരള എന്നതും കേരളത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. 2016-ല്‍ കേരളത്തിലെ മീനങ്ങാടിയിലാണ് രാജ്യത്താദ്യമായി ഒരു ഗ്രാമപഞ്ചായത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുന്നത്. ഇന്ന് മീനങ്ങാടി മോഡല്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ദുരന്തത്തിന്റെ ആഘാതം താങ്ങാന്‍ ശേഷിയുള്ള നവകേരള നിര്‍മ്മിതിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് (ആര്‍.കെ.ഐ) രൂപീകരിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ ഹരിത കേരളം, സുസ്ഥിര നഗര വികസനം എന്നീ പദ്ധതികളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതിയായ ലൈഫ്, പ്രകൃതിവിഭവ ചൂഷണം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഭവന നിര്‍മ്മാണ മേഖലയില്‍ പ്രി ഫാബ് എന്ന സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. നദികളുടെ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കാന്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട് സര്‍ക്കാര്‍. നവകേരളം മിഷന്റെ നേതൃത്വത്തില്‍ ഇത്തരം പരിപാടികള്‍ തുടരുന്നതാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍ എന്നിവയ്‌ക്കെതിരേ പ്രതിരോധം കൈവരിക്കുന്നതിന് സംസ്ഥാനത്തെ സജ്ജമാക്കുന്നതിനുള്ള പദ്ധതികള്‍ക്കായി ലോകബാങ്കിന്റെ 125 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായവുമുണ്ട്.

.

നദികളിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ നീക്കം ചെയ്യാനുള്ള പരിപാടിയും സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രളയാഘാതം കുറയ്ക്കാന്‍ ഗണ്യമായി സഹായിക്കുന്നതാണ്. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം മണ്ണിലൂര്‍ന്നിറങ്ങാന്‍ നെല്‍കൃഷി ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ആഘാതവും കുറയ്ക്കുന്നതിന് നെല്‍പ്പാടങ്ങളടേയും തണ്ണീര്‍ത്തടങ്ങളുടേയും സംരക്ഷണം അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് 2008ല്‍ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമനിര്‍മ്മാണം നടത്തിയിരുന്നു. കൂടാതെ 2016-21 കാലഘട്ടത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കോടെ നെല്‍കൃഷി വ്യാപനം നടന്നുവരുന്നുണ്ട്.

നിരവധി പഠനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന പഠന ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.പി.സി.സി കണ്ടെത്തലുകള്‍ കണക്കിലെടുത്തുകൊണ്ട് സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരു വിശദമായ പഠനം നടത്തിവരികയാണ്. 2021 ഡിസംബറില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് നിഗമനം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വരള്‍ച്ച, ചുഴലിക്കാറ്റ്, പ്രളയം, മണ്ണിടച്ചില്‍ എന്നിവയുടെ ദുരന്ത ലഘൂകരണ മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും ദുരന്തങ്ങളും കേരളത്തിലെ വിവിധ മേഖലകളെയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നുണ്ട്.

കൃഷി

കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ രൂക്ഷമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാര്‍ഷിക വിളകളുടെ വളര്‍ച്ചാ കാലയളവില്‍ മാറ്റം വരുത്തുകയും (length of growing season), ഉത്പാദനം (crop yield) കുറയാന്നതിനും കാരണമാകുന്നു. മണ്ണിലുള്ള ഈര്‍പ്പത്തിന്റെ (soil moisture) അളവ് കുറയുന്നതും കാര്‍ഷിക ഉത്പാദനത്തെ ബാധിക്കുന്നു.

.

കേരളത്തിലെ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഒന്നാണ് കന്നുകാലി-ക്ഷീര മേഖല. ഹരിത?ഗൃഹവാതക ഉത്പാദനത്തില്‍ പങ്കുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലം ഈ മേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആഗോളതാപനം മൂലമുള്ള അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ദ്ധനവ് കന്നുകാലികളുടെ ശാരീരിക ധര്‍മ്മത്തെ (body metabolism)സാരമായി ബാധിക്കുന്നു. മഴക്കാലത്തും വേനല്‍ക്കാലത്തും കന്നുകാലികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറയും. കനത്ത മഴയും പ്രളയവും സൃഷ്ടിക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങളില്‍, കന്നുകാലികളില്‍ പലതരത്തിലുള്ള രോഗങ്ങളുണ്ടാവുന്നതിന് കാരണമാകുമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടറും കാലാവസ്ഥാ വ്യതിയാനത്തിനായുള്ള സംസ്ഥാന പ്രവര്‍ത്തന പദ്ധതിയുടെ നോഡല്‍ ഓഫീസറായ ഡോ സഞ്ജയ് ഡി. ചൂണ്ടിക്കാട്ടി. ശുദ്ധജലക്ഷാമം കന്നുകാലികളില്‍ താപസമ്മര്‍ദമുണ്ടാക്കുകയും ആഹാരത്തിലുള്ള അപര്യാപ്തത പാലുല്പാദനം കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നു.

മത്സ്യബന്ധനം

.

44 നദികള്‍, 49 ജലസംഭരണികള്‍, 9 ശുദ്ധജല തടാകങ്ങള്‍, 65000 ഹെക്ടറിലധികം ഉപ്പുവെള്ളം, 46000 ഹെക്ടറിലധികം കായലുകള്‍, നിരവധി കുളങ്ങള്‍, ജലസേചന ടാങ്കുകള്‍, തോടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സജീവമായൊരു ഉള്‍നാടന്‍ മല്‍സ്യബന്ധന ശൃംഖല കേരളത്തിനുണ്ട്. ആഗോളതാപനം കാരണം സമുദ്രത്തിലുണ്ടാകുന്ന ജൈവപരവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ജീവിതങ്ങളെ സ്വാധീനിക്കുന്നു.

സമുദ്രത്തില്‍ താപ വ്യത്യാസം ഉണ്ടാവുകയും മത്സ്യങ്ങള്‍ മരണപ്പെടുകയോ ഇണങ്ങുന്ന അന്തരീക്ഷമുള്ള മറ്റു പ്രദേശങ്ങളിലേക്ക് ദേശാടനം (migration of fishes) നടത്തുകയോ ചെയ്യുന്നു. ഇതുമൂലം ഉണ്ടാകുന്ന മത്സ്യ ലഭ്യതക്കുറവും, ഒപ്പം മത്സ്യങ്ങള്‍ക്കിടയിലെ രോഗങ്ങളുടെ വര്‍ദ്ധനവും ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങളാണ്. പ്രക്ഷുബ്ധമായ കടല്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ അപകടസാധ്യതയുള്ള തൊഴിലാക്കി മാറ്റുന്നു. കൂടാതെ കടല്‍ക്ഷോഭം പോലുള്ള ദുരിതങ്ങള്‍ തീരദേശ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകളും കാലാവസ്ഥാ വ്യതിയാനം നിമിത്തം മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നമാണ്.

വിനോദസഞ്ചാര മേഖല

തണുപ്പുള്ള മലയോരപ്രദേശങ്ങളും, വെള്ളച്ചാട്ടങ്ങളും, പുഴകളും, കായല്‍ യാത്രകളും, കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനങ്ങളും, മലനിരകളിലൂടെയുള്ള ട്രെക്കിംഗ് തുടങ്ങി അനന്തമായ വിനോദസഞ്ചാര സാധ്യതകളാണ് കേരളത്തിലുള്ളത്. എന്നാല്‍ നല്ലൊരു ശതമാനവും കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കാലാവസ്ഥാ വ്യതിയാനം മൂലം കോട്ടം തട്ടുന്നുണ്ട്.അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങളും, കനത്തതും ക്രമരഹിതവുമായ മഴയും, വെള്ളപ്പൊക്കവും അവയുണ്ടാക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലുണ്ടാക്കുന്ന നഷ്ടങ്ങളും ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഉയര്‍ന്ന അന്തരീക്ഷ താപനിലയും, വറ്റുന്ന പുഴകളും, കുറയുന്ന പ്രകൃതി ഭംഗിയും വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നു.

ജലസ്രോതസുകള്‍
കാലാവസ്ഥാ വ്യതിയാനവും അതുമൂലം ഉണ്ടാകുന്ന താപനിലയിലെ വര്‍ദ്ധനവ്, ബാഷ്പീകരണം, മഴയുടെ സ്ഥല വ്യതിയാനം, മഴയുടെ തീവ്രത, വരള്‍ച്ച എന്നിവയും കേരളത്തിലെ ജലസ്രോതസുകളെയും വനമേഖലയും സാരമായി ബാധിക്കുന്നു. അടുപ്പിച്ചുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ കാരണം, പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന വീണ്ടെടുക്കുല്‍ പ്രക്രിയകള്‍ നടക്കുന്നില്ല. അടിക്കടിയുള്ള അതിശക്തമായ മഴയില്‍ മലനിരകളിലൂടെ ഒഴുകുന്ന ഉയര്‍ന്ന തോതില്‍ മണ്ണിടിച്ചിലിന് കാരണമാകുന്നു. അതിനാല്‍ റീചാര്‍ജിനായി നിലനിര്‍ത്തല്‍ ഇല്ല, ഭൂഗര്‍ഭജലത്തിന്റെ ഒഴുക്ക് കുറയുന്നു. ഈ സാഹചര്യങ്ങളെല്ലാം സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമം സൃഷ്ടിക്കും. കൂടാതെ, നദീതടങ്ങളില്‍ നടക്കുന്ന അനധികൃത കൈയേറ്റങ്ങളും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രളയ സാധ്യതകള്‍ കൂട്ടുന്നു.

പശ്ചിമഘട്ട മേഖല

രാജ്യത്തിന്റെ കാലാവസ്ഥാ സവിശേഷതകള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് പരിസ്ഥിതി സമ്പന്നമായ പശ്ചിമഘട്ട മലനിരകള്‍. ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്ന 325 സസ്യജാലങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ആവാസകേന്ദ്രമാണ് പശ്ചിമഘട്ട വനമേഖലകള്‍. പശ്ചിമഘട്ടത്തില്‍ നടന്നുവരുന്ന വനനശീകരണം അനധികൃതമായുള്ള മരം മുറി, ക്വാറി പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയ വികസനവും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഈ ജീവജാലങ്ങളുടെ നിലനില്‍പ്പിനേയും പശ്ചിമഘട്ട മേഖലേെയയും കൂടുതല്‍ അപകടത്തിലാക്കുന്നു.

പശ്ചിമഘട്ടത്തിലെ അപകട സാധ്യതാ പ്രദേശത്താണ് കേരളത്തിലെ തദ്ദേശീയ സമൂഹങ്ങള്‍ ജീവിക്കുന്നത്. ഓരോ ആദിവാസി സമൂഹങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങളിലൂടെ അവരുടെ ജീവിത സാഹചര്യങ്ങള്‍ രൂക്ഷമാകുന്നു. കാലാവസ്ഥയിലും മണ്ണിന്റെ ഘടനയിലുമുണ്ടായ മാറ്റം കൃഷിയെ ആശ്രയിക്കുന്നവരുടെ നിലനില്‍പ്പിനെ ബാധിക്കുന്നു.

അതിഥി തൊഴിലാളികള്‍

.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് അതിഥി തൊഴിലാളികളെയാണ്. തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളില്‍ നിന്നാണ് അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് എത്തുന്നത്. നേപ്പാളില്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഇവിടെ എത്തുന്നുണ്ട്. കടം വാങ്ങി നടത്തിവന്നിരുന്ന കൃഷിയും മറ്റ്ജീവിതമാര്‍ഗങ്ങളും പ്രകൃതി ദുരന്തങ്ങളിലും കാലാവസ്ഥാവ്യതിയാനത്തിലും നഷ്ടമാകുമ്പോള്‍ കടംവീട്ടാന്‍വേണ്ടി.

പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടങ്ങളുണ്ടായവരും ജോലി അന്വേഷിച്ച് എത്തുന്നവരുമാണ് അതിഥി തൊഴിലാളികളില്‍ അധികവും. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഒരു പങ്ക് ഈ അതിഥി തൊഴിലാളികളെ ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ ദുരന്തങ്ങള്‍ എങ്ങനെയാണ് കേരളത്തിലെ അതിഥി തൊഴിലാളികളെ ബാധിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസിവ് ഡവലപ്പമെന്റ്് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്ററുടെ നിരീക്ഷണം ഇങ്ങനെയാണ്,

'ദുരന്തങ്ങള്‍ സംസ്ഥാനത്തെ തുടരെ തുടരെ ആക്രമിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും ദുര്‍ബ്ബലരായ ജനവിഭാഗമാണ് അതിഥി തൊഴിലാളികള്‍. എന്തെന്നാല്‍, അവര്‍ താമസിക്കുന്നത് വാടക കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളിലായിരിക്കും അതുപോലെ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് അവര്‍ തീര്‍ത്തും അജ്ഞരായിരിക്കും. മലയാളികള്‍ അല്ലാത്തതിനാല്‍ അധികാരികള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ സന്ദേശം അവര്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. ഈ കാരണത്താല്‍ തയ്യാറെടുപ്പുകളെടുക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. അതിനാല്‍ ഇവര്‍ക്ക് നേരിടേണ്ടിവരുന്ന ആഘാതം വളരെ വലുതായിരിക്കും. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം കേരളസര്‍ക്കാര്‍ അതിഥി തൊഴിലാളികളെ ദുരന്തബാധിത വിഭാഗങ്ങളായി അംഗീകരിക്കുകയും അവരെ ദുരന്തനിവാരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു'.

കാലാവസ്ഥാ വ്യതിയാനവും, ദുരന്തങ്ങളും, അവമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളും, അതാരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിനെയും പറ്റിയുളള ഒരു പ്രഥമധാരണ അനുഭവത്തിലൂടെ കേരളം മനസ്സിലാക്കിയിട്ടുണ്ട്. ഒഴിവാക്കുക എന്നത് അസാധ്യമാകുന്ന ഘട്ടത്തില്‍ ആഘാതം ലഘൂകരിക്കുക, ജനങ്ങള്‍ തയ്യാറെടുക്കുക എന്നതാണ് മാര്‍ഗം. അതിനായി നമുക്കിനി എത്ര ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നതാണ് മാതൃഭൂമി ഫാക്ട്‌ ചെക്ക് ഡെസ്‌ക് ഇനി പരിശോധിക്കുന്നത്.

(തുടരും)

Content Highlights: Climate change and Kerala | Surakshithamo Navakeralam? 04

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented