പോലീസ് ലോക്കപ്പില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ജസിന്‍ഡയ്ക്ക് പിന്‍ഗാമിയായി ഹിപ്കിന്‍സ്


അഖില്‍ ശിവാനന്ദ് | akhilsivanand@mpp.co.in



ജസിന്‍ഡ ആര്‍ഡേണ്‍ മന്ത്രിസഭയില്‍ കോവിഡ് നിയന്ത്രണ ചുമതലയുള്ള മന്ത്രിയായതോടെ ശ്രദ്ധേയനായിയ ഹിപ്കിന്‍സ് ന്യൂസീലന്‍ഡിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ ഉത്തരവാദിത്വം ഏറെ വലുതാണെന്നും അത് നിര്‍വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറയുമ്പോഴും ഹ്രസ്വകാലത്തേക്ക് മാത്രം ഉറപ്പുള്ള പ്രധാനമന്ത്രിപദം ഒട്ടും എളുപ്പമായേക്കില്ല കിസ് ഹിപ്കിന്‍സിന്.

Premium

Chris Hipkins | Photo : Marty MELVILLE / AFP

'ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം' എന്നാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചതിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. നിലപാടുകള്‍കൊണ്ടും പ്രതിച്ഛായ കൊണ്ടും അന്തര്‍ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ജസീന്തയുടെ രാജി പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ന്യൂസിലന്‍ഡിനെ മാത്രമല്ല, ലോകത്തെ ഒന്നാകെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. 'ഞാന്‍ സ്ഥാനമൊഴിയുന്നു, കാരണം ഇത്തരമൊരു ചുമതല നിര്‍വഹിക്കുകയന്നത് ഉത്തരവാദിത്തമുള്ള കാര്യമാണ്. ഈ ജോലി ബുദ്ധിമുട്ടേറിയത് കൊണ്ടല്ല സ്ഥാനമൊഴിയുന്നത്. അതായിരുന്നുവെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ചെയ്യേണ്ടതായിരുന്നു. എപ്പോഴാണ് നിങ്ങള്‍ ഈ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ അനുയോജ്യയായ ആളെന്നും അല്ലെന്നും തിരിച്ചറിനായുള്ള വിവേകമുണ്ടാവുക എന്നതാണ് പ്രധാനം. ഈ ജോലിക്ക് എന്തെല്ലാം ആവശ്യമുണ്ടെന്ന് എനിക്കറിയാം. അതിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ എനിക്കിനി സാധിക്കില്ലെന്നും അറിയാം.' സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ട് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജസിന്‍ഡ ആര്‍ഡേണ്‍ രാജി പ്രഖ്യാപിച്ചതോടെ, അവരുടെ പിന്‍ഗാമിയാര് എന്നതായിരുന്നു പ്രധാന ചോദ്യം. അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. ചോദ്യങ്ങള്‍ ചെന്നുനിന്നത് നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സിലാണ്. ആദ്യഘട്ടത്തില്‍ മറ്റ് പലരുടേയും പേരുകള്‍ പറഞ്ഞുകേട്ടുവെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഹിപ്കിന്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിമാര്‍ നാമനിര്‍ദേശം ചെയ്തത് ഹിപ്കിന്‍സിനെ മാത്രമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജസിന്‍ഡ ആര്‍ഡേണ്‍ മന്ത്രിസഭയില്‍ പോലീസ്- പൊതുസേവന വകുപ്പ് മന്ത്രി, രാജ്യം കോവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പം നിന്ന് നയിച്ചയാള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പേരും പെരുമയും കേട്ട വ്യക്തിത്വം. ഏറെ കാരണങ്ങളുണ്ടായിരുന്നു, ക്രിസ് ഹിപ്കിന്‍സ് എന്ന പേരിലേയ്ക്ക് എത്താന്‍. പസഫിക് ദ്വീപുകളില്‍ വേരുകളുള്ള കാര്‍മല്‍ സെപുലോനിയാണ് ഉപപ്രധാനമന്ത്രി

ന്യൂസീലന്‍ഡില്‍ ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃമാറ്റം ലേബര്‍ പാര്‍ട്ടിക്കും ആവശ്യമായിരുന്നോ? മുഖ്യപ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കമുണ്ടെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നെങ്കിലും അത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. എന്നാല്‍, സര്‍ക്കാരിന്റെ അഴിച്ചുപണികൂടി ലക്ഷ്യമിട്ടാണ് ജസിന്‍ഡ ആര്‍ഡേണ്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞതെന്ന വിലയിരുത്തലുകളും ശക്തമാണ്. ജസിന്‍ഡ മന്ത്രിസഭയില്‍ കോവിഡ് നിയന്ത്രണ ചുമതലയുള്ള മന്ത്രിയായതോടെ ശ്രദ്ധേയനായ ഹിപ്കിന്‍സ് ന്യൂസീലന്‍ഡിനെ നയിക്കാനായി എത്തുന്നതെന്നതും ശ്രദ്ധേയം. 2021-ന്റെ തുടക്കത്തില്‍ അദ്ദേഹം ന്യൂസീലന്‍ഡിനെ കോവിഡ് മുക്തമായി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതേസമയം, ശക്തമായ കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് നേരത്തേ വിമർശനവും ഏറ്റുവാങ്ങിയിരുന്നു. പുതിയ ഉത്തരവാദിത്വം ഏറെ വലുതാണെന്നും അത് നിര്‍വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറയുമ്പോഴും ഹ്രസ്വകാലത്തേക്ക് മാത്രം ഉറപ്പുള്ള പ്രധാനമന്ത്രിപദം ഒട്ടും എളുപ്പമായേക്കില്ല കിസ് ഹിപ്കിന്‍സിന്.

പ്രതിഷേധിച്ചവനില്‍നിന്ന് പാര്‍ലമെന്റിലേക്ക്

വെല്ലിങ്ടണിലെ ഹട്ട്‌വാലിയില്‍ 1978 സെപ്റ്റംബര്‍ അഞ്ചിന് ഡഗ്ഗിന്റെയും റോസ്‌മേരി ഹിപ്കിന്‍സിന്റേയും മകനായാണ് ക്രിസ്റ്റഫര്‍ ജോണ്‍ ഹിപ്കിന്‍സ് എന്ന ക്രിസ് ഹിപ്കിന്‍സിന്റെ ജനനം. മുന്‍ അധ്യാപികയും ന്യൂസിലന്‍ഡ് കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ റിസര്‍ച്ചില്‍ ചീഫ് റിസര്‍ച്ചറും ആയിരുന്നു ക്രിസിന്റെ മാതാവ് റോസ്‌മേരി ഹിപ്കിന്‍സ്. തന്റേത് എളിയ തുടക്കമായിരുന്നുവെന്നും തനിക്കും സഹോദരങ്ങള്‍ക്കും നല്ല ജീവിതം ലഭിക്കാന്‍ മാതാപിതാക്കള്‍ നന്നായി കഷ്ടപ്പെട്ടിരുന്നുവെന്നുമാണ് കുട്ടിക്കാലത്തേക്കുറിച്ച് ക്രിസ് ഹിപ്കിന്‍സ് പില്‍ക്കാലത്ത് പറഞ്ഞത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വെല്ലിങ്ടണിലെ വിക്ടോറിയ സര്‍വകലാശാലയില്‍ നിന്നാണ് ക്രിസ് ബിരുദം നേടിയത്. പൊളിറ്റിക്‌സിലും ക്രിമിനോളജിയുമായിരുന്നു വിഷയം. സര്‍വകലാശാല വിദ്യാഭ്യാസത്തിന് പിന്നാലെ ഒരു ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയില്‍ ട്രെയിനറായാണ് ക്രിസ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നാലെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ജോലി ചെയ്തു. ലേബര്‍ പാര്‍ട്ടിയുടെ വിദ്യാഭ്യാസ മന്ത്രിമാരുടെ ഉപദേശകനായും മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലര്‍ക്കിന്റെ ഓഫീസിലും ക്രിസ് പ്രവര്‍ത്തിച്ചിരുന്നു.

1997 സെപ്റ്റംബറില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കെ ന്യൂസിലന്‍ഡിലെ പാര്‍ലമെന്റിന് പുറത്ത് ടെര്‍ഷ്യറി റിവ്യൂ ഗ്രീന്‍ ബില്ലിനെതിരായി പ്രതിഷേധിച്ചതിനേത്തുടര്‍ന്ന് ക്രിസ് അറസ്റ്റിലായി. പൊതുരംഗത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ ഇടപെടലായിരുന്നു അത്. അക്കാദമിക് സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാനും വിദ്യാര്‍ഥികളെ ഉപഭോക്താക്കളായി കണക്കാക്കാനും ലക്ഷ്യമിടുന്നതായിരുന്നു ബില്ലെന്നായിരുന്നു ആരോപണം. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേയ്ക്കുള്ള തന്റെ ഇടപെടലിന് ഉത്തേജകമായ സംഭവം എന്നാണ് പില്‍ക്കാലത്ത് ആ പ്രതിഷേധത്തേയും അറസ്റ്റിനേയും ഹിപ്കിന്‍സ് വിശേഷിപ്പിച്ചത്. അറസ്റ്റിനെതിരേ ഒരു ദശാബ്ദക്കാലത്തെ നിയമയുദ്ധമാണ് അദ്ദേഹം നടത്തിയത്. ഒടുവില്‍ 10 വര്‍ഷത്തിന് ശേഷം അന്ന് പ്രതിഷേധിച്ചവരെ കോടതി കുറ്റവിമുക്തരാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായവരോട് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്. പോലീസിന്റെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ടായിരുന്നു വിധി.

പ്രതിപക്ഷ നിരയിലെ കരുത്തരിലൊരാള്‍

2008-ലാണ് ക്രിസ് ഹിപ്കിന്‍സ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ആ വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ സിറ്റിങ് എം.പി. പോള്‍ സ്വെയിന്‍ മാറിനിന്നതോടെയാണ് ഹിപ്കിന്‍സിന് പാര്‍ട്ടി സീറ്റ് നല്‍കുന്നത്. പോള്‍ ചാമേഴ്‌സായിരുന്നു എതിരാളി. 54 വയസ്സുള്ള പോള്‍ ചാമേഴ്‌സിനെതിരേ 29-കാരനായ ഹിപ്കിന്‍സ് വിജയിച്ച് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കിന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു ഹിപ്കിന്‍സിന് സീറ്റ് നൽകിയതിനു പിന്നിൽ. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഹിപ്കിന്‍സ് അനായാസം വിജയിച്ചു കയറി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു.

ക്രിസ് ഹിപ്കിന്‍സിന്റെ പാര്‍ലമെന്ററി കാലഘട്ടത്തിന്റെ ആദ്യത്തെ ഒന്‍പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രതിപക്ഷ സ്ഥാനത്തായിരുന്നു. ആദ്യത്തെ ടേമില്‍ ആഭ്യന്തര കാര്യങ്ങളുടെ ലേബര്‍ പാര്‍ട്ടി വക്താവായിരുന്നു ഹിപ്കിന്‍സ്. സര്‍ക്കാര്‍ ഭരണം, പ്രാദേശിക സര്‍ക്കാര്‍, പരിസ്ഥിതി, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്നു അദ്ദേഹം. രണ്ടാം ടേമില്‍, പുതിയ നേതാവായ ഡേവിഡ് ഷിയററുടെ കീഴില്‍ സംസ്ഥാന സേവനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും വക്താവായിരുന്നു അദ്ദേഹം. ആ പ്രാവശ്യം ആദ്യമായി ലേബര്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പുമായി. തുടര്‍ന്നുവന്ന നേതാക്കളായ ഡേവിഡ് കുന്‍ലിഫ്, ആന്‍ഡ്രൂ ലിറ്റില്‍, ജസിന്‍ഡ ആര്‍ഡേണ്‍ എന്നിവരുടെ കീഴിലും അദ്ദേഹം വിദ്യാഭ്യാസ വക്താവായി തുടര്‍ന്നു.

ക്രിസ് ഹിപ്കിന്‍സും ജസിന്‍ഡ ആര്‍ഡേണും | Photo: Mark Mitchell/New Zealand Herald via AP

മന്ത്രിസ്ഥാനവും കോവിഡ്കാല പ്രവര്‍ത്തനങ്ങളും

2017 പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തിയ ജസിന്‍ഡ ആര്‍ഡേണ്‍ സര്‍ക്കാരില്‍ മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എം.പിയെന്ന നിലയില്‍ നിര്‍ണായ സ്ഥാനം ക്രിസ് ഹിപ്കിന്‍സിന് ലഭിച്ചു. സര്‍ക്കാരില്‍ ആറാമത്തെ പ്രധാന നേതാവായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, പബ്ലിക്ക് സര്‍വീസ് വകുപ്പുകളാണ് ലഭിച്ചത്. പൊതുവിദ്യാഭ്യാസത്തിന്റെ ശക്തനായ പ്രചാരകരിലൊരാളായ അദ്ദേഹം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചാര്‍ട്ടര്‍ സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന് വാദിക്കുകയും സെക്കന്‍ഡറി സ്‌കൂളുകളുടെ പ്രധാന യോഗ്യതയായ നാഷണല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എജ്യുക്കേഷണല്‍ അച്ചീവ്‌മെന്റ് സിസ്റ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി എന്ന നിലയില്‍ വലിയ വിശ്വാസ്യത പിടിച്ചുപറ്റിയ അദ്ദേഹം 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' എന്നാണ് അറിയപ്പെട്ടത്.

രണ്ടാം ജസിന്‍ഡ സര്‍ക്കാരിലും ഹിപ്കിന്‍സ് തന്നെയായിരുന്നു വിദ്യാഭ്യാസമന്ത്രി. കോവിഡ് കാലഘട്ടത്തില്‍ ആരോഗ്യവകുപ്പിന്റേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും അധിക ചുമതലയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ച ഒഴിവിലാണ് പകരക്കാരനായി ക്രിസ് ഹിപ്കിന്‍സ് സ്ഥാനമേറ്റെടുക്കുന്നത്. പിന്നാലെ കോവിഡ് കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയായും നിയമിതനായി. അന്ന് രാജ്യത്ത് കോവിഡ് നിയന്ത്രണത്തില്‍ ജസിന്‍ഡയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച് അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ ട്രബിള്‍ഷൂട്ടറായാണ് ക്രിസ് ഹിപ്കിന്‍സ് അറിയപ്പെടുന്നത്. അതാണ് അദ്ദേഹത്തിന് 'മിസ്റ്റര്‍ ഫിക്‌സ് ഇറ്റ്' എന്ന പേര് നേടിക്കൊടുത്തത്. എങ്കിലും മറ്റ് ലേബര്‍ പാര്‍ട്ടി നേതാക്കളെപ്പോലെ ജസിന്‍ഡയുടെ നിഴലായിരുന്നു ഹിപ്കിന്‍സും. എന്നാല്‍ ജസിന്‍ഡയ്‌ക്കൊപ്പം പൊതുസ്വീകാര്യനാണെന്ന് അദ്ദേഹമെന്നാണ് ലേബര്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ച ഒഴിവില്‍ 2020 ജൂലായിലാണ് പകരക്കാരനായി ക്രിസ് ഹിപ്കിന്‍സ് ആരോഗ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് ബീച്ചിലേക്ക് ഉല്ലാസയാത്ര നടത്തിയതാണ് ഡേവിഡ് ക്ലാര്‍ക്കിന്റെ കസേര തെറിപ്പിച്ചത്. പിന്നലെ നവംബറില്‍ കോവിഡ്-19 കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയായും ക്രിസ് ഹിപ്കിന്‍സ് സ്ഥാനമേറ്റെടുത്തു. അതുവഴി ന്യൂസിലന്‍ഡിലെ സാധാരണക്കാര്‍ക്ക് പോലും പരിചിതനായി ഹിപ്കിന്‍സ് മാറി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ അറിയിക്കുന്ന വിപുലമായ പത്രസമ്മേളനങ്ങളില്‍ പ്രധാനമന്ത്രി ജസിന്‍ഡയ്ക്ക് അടുത്തായി അദ്ദേഹം ടെലിവിഷനിലും മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലും പ്രത്യക്ഷപ്പെട്ടു. അതുവഴി ജനങ്ങള്‍ക്ക് വളരെ അടുത്തേക്ക് എത്തുകയായിരുന്നു അദ്ദേഹം. പ്രസന്നമായ പെരുമാറ്റവും നര്‍മ്മബോധവുമാണ് അദ്ദേഹത്തെ ജനങ്ങളുമായി അടുപ്പിച്ചത്.

ജസിന്‍ഡ ആര്‍ഡേണ്‍ | Photo: Marty MELVILLE / AFP

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഹിപ്കിന്‍സ്

ന്യൂസിലന്‍ഡ് രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായിരുന്നു 2017-ലെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് 2016-ല്‍ അന്നത്തെ പ്രധാനമന്ത്രി ജോണ്‍ കീ രാജി വച്ചിരുന്നു. ശരിയായ സമയം എന്ന് ജസിന്‍ഡ പറഞ്ഞതിന് സമാനമായ കാര്യം തന്നെയാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍ കീയും പറഞ്ഞത്. അപ്രതീക്ഷിതമായി രാജിവച്ച് അദ്ദേഹം ബില്‍ ഇംഗ്ലീഷിനെ അധികാരം ഏല്‍പ്പിച്ചു. തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ പക്ഷേ ബില്ലിനും നാഷണല്‍ പാര്‍ട്ടിക്കും അധികാരം നിലനിര്‍ത്താന്‍ സാധിച്ചില്ല. പകരം ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി ജസിന്‍ഡ ആര്‍ഡേണ്‍ ആധികാരത്തിലെത്തി. ഏതാണ്ട് സമാനമായ സാഹചര്യത്തിലൂടെയാണ് ന്യൂസിലന്‍സ് വീണ്ടും കടന്നുപോയത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജസിന്‍ഡ ആര്‍ഡേണിന് വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല. ആരാകണം പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് നാഷണല്‍ പാര്‍ട്ടിയുടെ ക്രിസ്റ്റഫര്‍ ലക്സണേക്കാള്‍ ജസിന്‍ഡ മുന്നിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവികമായും ലേബര്‍ പാര്‍ട്ടിയ്ക്ക് ജസിന്‍ഡയ്ക്കപ്പുറം ഒരു പേര് തിരയേണ്ട ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തില്‍ അവര്‍ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചതോടെ മറ്റൊരാളെ കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി.

ജസിന്‍ഡ രാജിവെച്ചതോടെ പുതിയ പ്രധാനമന്ത്രിക്കായി ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ഊര്‍ജിതമായി. ഒക്ടോബര്‍ 14-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന വെല്ലുവിളിയും പുതിയനേതാവിനു മുന്നിലുണ്ടായിരുന്നു. അത് മനസില്‍വെച്ചായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ ചര്‍ച്ചകള്‍. ക്രിസ് ഹിപ്കിന്‍സിന് പുറമേ ഇക്കഴിഞ്ഞ സര്‍ക്കാരില്‍ ഗതാഗതം, കുടിയേറ്റം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ച മൈക്കല്‍ വുഡ്, ദുരന്തലഘൂകരണ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു മുപ്പത്തൊമ്പതുകാരിയായ കിറി അലന്‍, അമ്പത്തിരണ്ടുകാരിയായ വിദേശകാര്യമന്ത്രി നനായിയ മഹുത എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടത്. എന്നാല്‍, ജസിന്‍ഡയ്ക്ക് പകരം നറുക്ക് വീണത് ക്രിസ് ഹിപ്കിന്‍സിനാണ്. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ ഉത്തരവാദിത്വം പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഹിപ്കിന്‍സിനൊപ്പം കാര്‍മല്‍ സെപുലോനിയെ ഉപപ്രധാനമന്ത്രിയായും തിരഞ്ഞെടുത്തു.

എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടി മാത്രമാണ് ക്രിസ് ഹിപ്കിന്‍സിന് കാലാവധിയുള്ളത്. നിലവില്‍ പോലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സിനെ മാത്രമാണ് ലേബര്‍ പാര്‍ട്ടി എം.പിമാര്‍ നാമനിര്‍ദേശം ചെയ്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹട്ട് വാലിയില്‍ നിന്നുള്ള ഒരാള്‍ക്ക് ഇന്ന് വലിയ ദിവസമാണെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ ഹിപ്കിന്‍സ് പ്രതികരിച്ചു. സ്ഥാനം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വവും അധികാരവുമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷവും അദ്ദേഹം തന്റെ സന്തോഷം മറച്ചുവെച്ചില്ല. 'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ഉത്തരവാദിത്തവുമാണ്. മുന്നിലുള്ള വെല്ലുവിളികളില്‍ ഞാന്‍ ഊര്‍ജസ്വലനും ആവേശഭരിതനുമാണ്' -ഹിപ്കിന്‍സ് പ്രതികരിച്ചു.

ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സും ഉപപ്രധാനമന്ത്രി കാര്‍മല്‍ സെപുലോനിയും | Photo : Marty Melville/ AFP

കാത്തിരിക്കുന്നത് വെല്ലുവിളികള്‍

ജസിന്‍ഡ ആര്‍ഡേന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം വലിയ രാഷ്ട്രീയ ഒച്ചപ്പാടുകളാണ് ന്യൂസീലന്‍ഡിലുണ്ടാക്കിയത്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള സ്വാഭാവിക വിമര്‍ശനങ്ങളും ഒറ്റപ്പെട്ട ഭരണവീഴ്ചകളും മാറ്റിനിര്‍ത്തിയാല്‍ മികച്ച നേതാവായിരുന്നു ജസിന്‍ഡ. രാജ്യത്ത് കോവിഡിനെ തുടക്കത്തില്‍തന്നെ പിടിച്ചുകെട്ടി ലോകശ്രദ്ധ നേടിയ പ്രധാനമന്ത്രി. തീവ്രവാദ ആക്രമണസമയത്തും അഗ്നിപര്‍വത സ്‌ഫോടന ദുരന്തത്തിലും മികച്ച ഇടപെടല്‍ നടത്തിയ ഭരണാധികാരി. അത്തരത്തില്‍ വലിയ പ്രതിച്ഛായയുള്ള ഒരു നേതാവാണ് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുന്നത്. ഇതോടെ രാജ്യത്തിനകത്തുനിന്ന് തന്നെ ഓട്ടേറെ ചോദ്യങ്ങള്‍ ജസിന്‍ഡയ്ക്കും ലേബര്‍ പാര്‍ട്ടിക്കും എതിരേ ഉയര്‍ന്നുവന്നു. എല്ലാത്തിനുമുള്ള ഉത്തരവും ജസിന്‍ഡ കരുതിവെച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ ബുദ്ധിമുട്ടേറിയതുകൊണ്ടല്ല സ്ഥാനമൊഴിയുന്നതെന്നും പദവിയോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ തനിക്കിനി സാധിക്കില്ലെന്നുമാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.

ജസിന്‍ഡ ഒഴിച്ചിട്ട് പോകുന്ന കസേര ഏറ്റെടുക്കുമ്പോള്‍ ഹിപ്കിന്‍സിന് കാര്യങ്ങള്‍ അത്ര ലളിതമല്ല. ഒക്ടോബര്‍ 14-നാണ് ന്യൂസീലന്‍ഡില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുക. അതുവരെയുള്ള എട്ട് മാസക്കാലയളവാണ് ഹിപ്കിന്‍സിന് മുന്നില്‍ ഇപ്പോഴുള്ളത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യലാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്ത് പണപ്പെരുപ്പം 7.2 ശതമാനമാണ്. ന്യൂസിലന്‍ഡിലെ റിസര്‍വ് ബാങ്ക് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ അടിസ്ഥാന പലിശ നിരക്ക് 4.25 ശതമാനമായി ഉയര്‍ത്തിയിരുന്നു. രാജ്യം ഈവര്‍ഷം മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ക്രിസ് പറഞ്ഞതും അതുകൊണ്ടാണ്.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ലേബര്‍ പാര്‍ട്ടിക്ക് ഇപ്പോഴും ഉയര്‍ത്തിക്കാട്ടാനുള്ള പ്രധാന നേട്ടം കോവിഡ് പോരാട്ടവിജയം മാത്രമാണ്. എന്നാല്‍, കോവിഡിനോട് ജനങ്ങള്‍ സമരസപ്പെടുകയും മഹാമാരി ഒരു ദുരന്ത ഓര്‍മയായി മാത്രം ആലോചിക്കാനിഷ്ടപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ന്യൂസിലന്‍ഡുകാര്‍ക്ക് ഇപ്പോഴിത് അത്ര പ്രാധാന്യമല്ലെന്നാണ് വിലയിരുത്തല്‍. ഇതെല്ലാം അഭിപ്രായ വോട്ടെടുപ്പുകളില്‍ ജസിന്‍ഡയുടെ ജനപ്രീതി കുറച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ പൊതുസ്വീകാര്യതയിലും വലിയ ഇടിവുണ്ട്. പ്രധാന പ്രതിപക്ഷമായ നാഷനല്‍ പാര്‍ട്ടിയെക്കാള്‍ സ്വീകാര്യതയില്‍ അവര്‍ പിന്നിലാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഈ വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കെയാണ് ന്യൂസീലന്‍ഡിന്റെ 41-ാം പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സും ഉപപ്രധാനമന്ത്രിയായി കാര്‍മല്‍ സെപുലോനിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

Content Highlights: Chris Hipkins, New Zealand’s new Prime Minister, the troubleshooter in Jacinda Arden’s cabinet

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented