.
മഴയാണ്, കാട്ടുമന്ദാരങ്ങളുടെ ഇല കടിച്ചുപറിക്കുന്ന മഴ. ഒറ്റയ്ക്ക് പറക്കാന്‍ പഠിക്കുന്ന കുഞ്ഞുവേഴാമ്പലുകളുടെ കൂട്ടംതെറ്റിപ്പോയ കരച്ചിലുകള്‍ മഴതുരന്നുവരുന്ന മാഞ്ചീരിമലയിടുക്കിലെ പുലര്‍ച്ച. ആഴ്ചകളായി മഴകൊണ്ട് മൂര്ധാവുചതഞ്ഞ മരച്ചില്ലകള്‍ക്കു ചോട്ടില്, ചുട്ടുതിന്നാന്‍ നാഗന്തിക്കിഴങ്ങ് മാന്തിമടുത്ത അഞ്ചാറ് ചോലനായ്ക്ക കുട്ടികള്‍. നേരംവെളുപ്പിന് പൊന്തവകഞ്ഞുവരുന്ന അപരിചിതയായ ഒരു സ്ത്രീയെക്കണ്ട് ഓടാനൊരുങ്ങുമ്പോള്‍ ആ സ്ത്രീ വിളിച്ചുപറഞ്ഞു: ''മണ്ടണ്ട കുട്ട്യാളേ, ഇങ്ങക്കൊക്കെ ഉപ്പ്മാവ് വെച്ച്ണ്ടാക്കി തരാന്‍ വന്നതാ ഞാന്‍...'' വിശപ്പും അപരിചിതത്വവും ഒന്നിച്ചുതീര്ത്ത പ്രതിസന്ധിക്കിടയില്‍ ബാക്കി കുട്ടികള്‍ ഓടിപ്പോയെങ്കിലും ഒരു കുട്ടിമാത്രം അവിടെനിന്നു. അവന് അപരിചിതത്വത്തെക്കാളും വിശപ്പായിരുന്നു പ്രശ്നം. രണ്ടുപേരും മലഞ്ചരിവ് കയറുന്നതിനിടയില്‍ അവര്‍ അവനോട് ചോദിച്ചു: ''മോന്റെ പേരെന്താ?''
മല കയറിയിറങ്ങി മൈലാടിപ്പൊട്ടിയിലെ ഓടപ്പുരയിലിരുത്തി ചൂട് ഉപ്പുമാവ് വിളമ്പിക്കൊടുക്കുന്നതിനിടയില്‍ സ്വന്തമായൊരു പേരുപോലുമില്ലാതിരുന്ന ആ അഞ്ചുവയസ്സുകാരന് അവരൊരു പേരുനല്കി-'വിനോദ്'. താനിരിക്കുന്നത് മാഞ്ചീരി ബാലവാടിയും ആ സ്ത്രീ അവിടത്തെ ടീച്ചറുമാണെന്ന് അവന് മനസ്സിലായത് പിന്നീടാണ്. മഴക്കാലത്ത് വിശപ്പുമാറ്റാനൊരിടം എന്നതിനപ്പുറം അവിടത്തെ അക്ഷരങ്ങളോടും ആംഗ്യപ്പാട്ടിനോടും അടികൂടി, വിനോദ് എന്ന പേരും വാങ്ങി അധികം വൈകാതെ അവന് കാട്ടുമലകളുടെ വിസ്മയങ്ങളിലേക്ക് മടങ്ങി.
ഇത് വിനോദിന്റെ മാത്രമല്ല, ഏഷ്യന്‍ വന്‍കരയില്‍ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ ചോലനായ്ക്കരിലെ ഓരോ കുട്ടിയുടെയും ജീവിതമാണ്. കരിമ്പുഴ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്പ്പെട്ട മക്കിബാരി, മൈലാടിപ്പൊട്ടി, കരിമ്പുഴ, പാണപ്പുഴ, മാഞ്ചീരി, കുപ്പമല, മണ്ണള, അളക്കല്‍, അച്ചനള തുടങ്ങിയ ഉള്‍വനത്തിലെ മലവാരങ്ങളില്‍ 'അളെ' എന്നുവിളിക്കുന്ന ഗുഹകളിലാണിവര് താമസിക്കുന്നത്. ചോലവനങ്ങളിലെ രാജാക്കന്മാര് എന്നുവിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ താമസിക്കുന്ന വനഭാഗത്തെ 'ചോലക്കാരി' എന്നുവിളിക്കുന്നു. ചോലക്കാരിയില് ആറുചെമ്മങ്ങളിലായി ചടയന്‍, മാതന്, രവി, കുങ്കന്, ചാത്തി തുടങ്ങിയ മൂപ്പന്മാരുടെ നേതൃത്വത്തിലാണ് ചോലനായ്ക്കര്‍ അധിവസിക്കുന്നത്. കുന്തിരിക്കം, ചീനിക്ക, തേന്‍, ശതാവരി, കല്ലന്തിപ്പലി, മുള്ളീലിക്കായ് തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിച്ച് വനസംരക്ഷണസമിതിക്ക് വില്‍ക്കുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗം. 101 കുടുംബങ്ങളിലായി 401 ചോലനായ്ക്കരാണ് ഇന്ന് ഭൂമിയില്‍ അവശേഷിക്കുന്നത്.
ജീവിതം കാട്ടിലും നാട്ടിലും
കൗവ്ല് കിഴങ്ങാണ് ചോലനായ്ക്കരുടെ സമുദായഭക്ഷണം. നൂറ, ചോലബണ്ണി, മഞ്ചി, നാറ തുടങ്ങിയ കിഴങ്ങുകളും കൂമ്പില്‍, കോളിക്കാട്, പൂണെ മുതലായ ഇലകളും അജ, ഓളി, ചുണ്ട് എന്നീ പഴങ്ങളുമാണ് ചോലക്കാരിയില് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇരുപതോളം പട്ടികളും ഇണക്കിവളര്‍ത്തുന്ന വേഴാമ്പലുകളും തത്തകളും ഓരോ അളയ്ക്കും കാവലുണ്ടാവും. മഴക്കാലം ചോലനായ്ക്കര്‍ക്ക് പട്ടിണിക്കാലമാണ്. അകവനത്തിന്റെ അടിവാരത്തിലാണ് കൗവ്ല് കിഴങ്ങുണ്ടാവുക. അഞ്ചാം വയസ്സിന്റെ കുട്ടിക്കാലത്ത് ഇത് കിളച്ചുനടക്കുന്നതിനിടയില് ഒരു ദിവസം കാട്ടിലെത്തിയ കിര്‍ത്താഡ്സ് ഉദ്യോഗസ്ഥരുടെ മുന്നില്‍പ്പെട്ടു വിനോദ്. വേനലവധി കഴിഞ്ഞിട്ടും തിരികെ ഹോസ്റ്റലിലെത്താത്ത കുട്ടികളെത്തേടി വന്നതായിരുന്നു അവര്‍. ഉദ്യോഗസ്ഥരെ മുന്‍പരിചയമുള്ള മറ്റുകുട്ടികള്‍ അവരെ കണ്ടപാടേ ഉള്‍വനത്തിലേക്ക് വലിഞ്ഞു. എന്നും വാഴപ്പഴം നല്‍കാമെന്ന വലിയ പ്രലോഭനത്തില്‍ ചെറിയമ്മ രാജിയും വിനോദും അന്ന് ഉദ്യോഗസ്ഥസംഘത്തിനൊപ്പം മഞ്ചേരിയിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്ക് കാടിറങ്ങി.
''അത് ജയിലായിരുന്നു; ശരിക്കും ജയില്‍. കാട്ടില്‍ അലഞ്ഞുജീവിച്ച ഞങ്ങള്‍ക്ക് സ്കൂളും ഹോസ്റ്റലും അസഹനീയമായിരുന്നു. മലയാളം ഞങ്ങളുടെ മാതൃഭാഷയല്ല. തമിഴും മലയാളവും കന്നഡയും ചേര്‍ന്നതാണ് ചോലക്കാരിഭാഷ. കാട്ടില്നിന്നുചെന്ന ഞങ്ങളോട് മലയാളം പറഞ്ഞാല്‍ മനസ്സിലാവില്ല. മറുഭാഗത്ത് സീനിയേഴ്സിന്റെ ക്രൂരമായ പെരുമാറ്റം. എന്നും വാഴപ്പഴം പോയിട്ട് വിശപ്പടക്കാന്‍ വല്ലതും കിട്ടിയാല്‍ മതി എന്ന അവസ്ഥ. ആകെ മൂന്ന് ഇഡ്ഡലി കിട്ടിയാല്‍ രണ്ടും സീനിയേഴ്സ് വാങ്ങും. ഉറക്കംവരുമ്പോള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് പേനെടുപ്പിക്കും. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിച്ച് മണിക്കൂറുകളോളം പുറംചൊറിയിക്കും. തല്ലുകിട്ടാത്ത ഒരു ദിവസവുമില്ല. വാര്ഡന്മാരെക്കൊണ്ട് ഒരു പ്രയോജനവുമില്ല. കാട്ടില്‍നിന്ന് ഹോസ്റ്റലിന്റെ കോണ്‍ക്രീറ്റ് ജയിലില്‍ ഒരു സംശയംപോലും ചോദിക്കാന്‍ ആരുമില്ലാതെ... എങ്ങനെയോ നിന്നുപോയതാണ്.'' ഹോസ്റ്റല്‍മുറിയുടെ തുരുമ്പുമണമുള്ള ജനല്‍ക്കമ്പി പിടിച്ച് കാടോര്ത്തുകരഞ്ഞ കാലം വിനോദ് ഓര്‍ക്കുന്നു.
''2006-ല്‍ ഐ.ജി.എം.എം.ആര്. മഞ്ചേരിയില്‍നിന്ന് നിലമ്പൂരിലേക്ക് മാറിയതോടെ ആറാംക്ലാസുമുതല്‍ ഞാന്‍ നിലമ്പൂരിലേക്ക് മാറി. ഉണ്ണികൃഷ്ണന്, പ്രസന്ന, അനില്‍ കുമാര്‍ എന്നീ അധ്യാപകര്‍ അവിടേക്കുവന്നതോടെ കാര്യങ്ങള്‍ മാറി, എന്റെ ജീവിതവും. ഭാഷയുടെ, ഒറ്റയ്ക്കാവലിന്റെ, ഭൂമിമാറിയതിന്റെ പ്രയാസങ്ങളറിഞ്ഞ് അവര്‍ ഞങ്ങളോട് പെരുമാറി. വേനലവധിക്ക് കാടുകയറുമ്പോള്‍ അവരെ വിട്ടുപോരുന്നതിന്റെ സങ്കടം ഞങ്ങളറിഞ്ഞു. വേനലായാല്‍ കാട്ടില്‍ തേന്കാലമാണ്. എങ്ങനെയെങ്കിലും കാട്ടിലെത്തിയാല്മതി എന്നാവും മനസ്സില്‍.ദ്ധ''
പെരുന്തേന്‍ കൂടുകളുടെ കൂട്ടങ്ങളായ 'ബരെ'യാണ് ചോലനായ്ക്കരുടെ പ്രധാന സ്വത്ത്, അരനെല്ലി ബരെ, ബെളകന്രെ, ഏണിക്കോല്ബരെ, വെളുത്തബരെ തുടങ്ങിയ പാരമ്പര്യ അവകാശമുള്ള അനേകം ബരെകളുണ്ട് ഓരോ ചോലനായ്ക്ക കുടുംബത്തിനും. പാറയിടുക്കിലും വന്മരങ്ങളിലുമാണ് ബരെകള് ഉണ്ടാവുക. തേനിന് 'ജ്വാന്‍' എന്നാണ് ചോലനായ്ക്ക ഭാഷ 'എബൂവ് ജ്വാന്‍' എന്ന കുറുഞ്ഞിത്തേന്, ബ്തിയന് മരത്തിലെ 'ബ്തിയനൂവ് ജ്വാന്‍'. ആലെ മരത്തിലെ 'ആലൈജ്വാന്', തെങ്കിലൂവ് മരത്തിലെ 'തെങ്കിലൂവ് ജ്വാന്‍' എന്നിങ്ങനെ പ്രധാനമായും നാലുതരം തേനാണ് ചോലനായ്ക്കര്‍ ശേഖരിക്കുന്നത്. നിലാവില്ലാത്ത രാത്രികാലങ്ങളിലാണ് ഇവരുടെ തേന്‍വേട്ട.
.jpg?$p=64563da&w=610&q=0.8)
ചോലക്കാരിയിലെ പുരുഷന്മാര് കൊട്ട, ചെമ്പ്, പാത്രം, കയര്‍, കോടാലി തുടങ്ങിയ അവശ്യസാധനങ്ങളുമായി 'ബരെ'യുള്ള മലകളിലേക്ക് പോയാല്‍ അനേകദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങുക. ഈ സമയത്ത് പ്രായമായ ഒരു പുരുഷന്റെയും വളര്ത്തുപട്ടികളുടെയും പക്ഷികളുടെയും കാവലില്‍ സമീപത്തെ ഗുഹകളിലെ സ്ത്രീകള്‍ ഒന്നിച്ചുനില്‍ക്കും. ചീനി, കുടിക്ക, താനി തുടങ്ങിയ വന്മരങ്ങളുടെ നെറുകയിലും താഴ്വാരക്കൊക്കയിലേക്ക് ഉന്തിനില്ക്കുന്ന പാറയിടുക്കുകളിലുമാണ് മിക്ക ബരെകളും. കൊട്ടയും മുളങ്കത്തിയും ചുമലില്‍വെച്ച് അരയില്‍ കത്തിച്ച ഓടച്ചൂട്ടും തൂക്കിയാണ് ആറും ഏഴും മുളയേണികള്‍ ഒന്നിനുമുകളില്‍ ഒന്നൊന്നായി കെട്ടി ബരെകളിലേക്ക് ചോലനായ്ക്കര്‍ കയറുന്നത്. കയറില്‍ ചൂരല്‍ കെട്ടിവെച്ചു നിര്‍മിക്കുന്ന 'മാല്' എന്ന കയറേണി വഴിയാണ് പാറയിടുക്കുകളിലേക്കിറങ്ങുക. തേനീച്ച, കുട്ടികളെ പറക്കാന്‍ പഠിപ്പിക്കുന്ന സന്ധ്യകഴിഞ്ഞാണ് തേന്‍ കൂടുകളിലേക്ക് നീങ്ങുക. 'ദുഗ്ഗില' എന്ന ഓടച്ചൂട്ടിന്റെ പുക കൊള്ളിച്ച് തേനീച്ചകളെ മയക്കി വാരിക്കളയുകയാണ് ആദ്യപടി. മുളങ്കത്തികൊണ്ട് അരിഞ്ഞെടുത്ത തേന്‍കൂട് കൊട്ടയിലിട്ട് വള്ളികളില്ക്കെട്ടി മണ്ണിലേക്കിറക്കും. നിലത്തിറങ്ങിയ ഉടനെ ദേഹത്ത് തേനായ ഇടങ്ങളിലെല്ലാം മണ്ണുവാരിത്തേക്കും. ആക്രമിക്കാന്‍ വരുന്ന തേനീച്ചകളില്‍നിന്ന് രക്ഷനേടാനാണിത്. പല ബരെകളില്നിന്ന് ശേഖരിച്ച തേന്‍ കൂടുകള്‍ ഒന്നിച്ചു പിഴിഞ്ഞ് കുളകയില വിരിച്ച് കൊട്ടയിലാണ് ഒഴിച്ചു സൂക്ഷിക്കുക. തേന്‍ വേട്ടക്കാരുടെ മുഖ്യഭക്ഷണം തേനും മീനുമാണ്.
പകല്‍സമയം മുളവെട്ടും കൊട്ടകെട്ടലും കഴിഞ്ഞ് ബാക്കി സമയം അരുവിയില്‍ മരോട്ടിക്കായ ചതച്ചിട്ട് മീന്‍ പിടിക്കുകയാണ് പതിവ്. ഒരാഴ്ചയിലധികം ഇങ്ങനെ അകവനത്തില് തങ്ങി ഒരു ഭാഗത്തെ തേന്‍കൂടുകള്‍ മൊത്തം ശേഖരിച്ചാണ് ഇവര്‍ അളകളിലേക്ക് മടങ്ങുന്നത്. തേനൊഴിച്ചു വെക്കാനുള്ള മുളങ്കുറ്റികളൊരുക്കി സ്ത്രീകള്‍ അളകളിലിവരെ കാത്തിരിക്കും.
''വേനലായാല്‍ കാട്ടില്‍ പോകാന്‍ വേറൊരു കാരണം കൂടിയുണ്ട് സ്കൂള്‍ കുട്ടികളായ ഞങ്ങള്‍ക്ക്. ചോലനായ്ക്കന്റെ ജീവിതത്തിലെ ഏറ്റവും രുചിയുള്ള ആഹാരമേതാണ് എന്നു ചോദിച്ചാല്‍ അത് 'ജ്വാന്കറി'യാണ്. ബരെകളിലെ തേന്‍കൂട് അരിയുമ്പോള്‍ ചിലപ്പോള്‍ തേനീച്ചപ്പുഴുക്കളെ കിട്ടും. ഈ പുഴുക്കളെ പിഴിഞ്ഞ് ചാറാക്കി അതില്‍ ഉപ്പും മുളകും ചേര്‍ത്തു തിളപ്പിച്ചാണ് ഈ കറിയുണ്ടാക്കുന്നത്. ഇതിന്റെ രുചിയോര്‍ത്ത് ക്ലാസിനു പുറത്തെ വെയില് നോക്കി അക്കാലം ഞങ്ങള്‍ സ്കൂള്‍ അടയ്ക്കാന്‍ കാത്തിരിക്കും. സ്കൂള്‍ പഠനത്തിനു വേണ്ടി അഞ്ചു വയസ്സാകുമ്പോഴേക്കും ഞങ്ങളെ അമ്മയില്‍നിന്നും കാട്ടില്‍നിന്നും ഭാഷയില്‍നിന്നുമാണ് എടുത്തുമാറ്റുന്നത്. കാടിനെ പഠിക്കാന്‍ സ്കൂളില്‍നിന്ന് പറ്റില്ലല്ലോ. ഇതൊക്കെ നേരിട്ട് അനുഭവിക്കുമ്പോഴേ നിങ്ങള്‍ക്ക് മനസ്സിലാവുള്ളൂ. എന്നിട്ടും 63 ശതമാനം മാര്‍ക്കുവാങ്ങി ഞാന്‍ പത്താംക്ലാസ് പാസായി''.
മുന്നോട്ട് ഇനിയെന്ത് എന്ന് ആവലാതിപ്പെടുന്നതിനിടയ്ക്ക് മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹായത്താല്‍, പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ളസ്ടു ഹ്യുമാനിറ്റീസിന് ചേര്‍ന്നു വിനോദ്.
ചോലക്കാരിയില്നിന്ന് ദൂരേക്ക്...
ചോലക്കാരിയില്നിന്ന് നിലമ്പൂരങ്ങാടിയിലേക്കുള്ള ദൂരമേ പത്തനംതിട്ടയിലേക്കുമുള്ളൂ എന്നു പറഞ്ഞുപറ്റിച്ചാണ് വിനോദ് പ്ളസ്ടുവിന് പഠിക്കാന്‍ ബന്ധുക്കളുടെ സമ്മതം വാങ്ങിയത്. പത്ത് വയസ്സാകുമ്പോഴേക്കും ചോലക്കാടിന്റെ ഭൂമിയുമാകാശവും ഋതുവും പഠിപ്പിച്ച് ഗോത്രത്തിലെ കുട്ടികളെ കാട്ടില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ചോലനായ്ക്കരുടെ രീതി. ജീവിതാവശ്യങ്ങള്‍ക്കായി മുതിര്‍ന്ന പുരുഷന്മാര് മിക്കപ്പോഴും കാട്ടിലായിരിക്കുമെന്നതിനാല്, അളകളിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രായമായ വര്‍ക്കും കാവല്‍ മുതിര്‍ന്ന കുട്ടികളായിരിക്കും. അതുകൊണ്ട് ഇവരെ കാടിന് പുറത്തയക്കാന്‍ ചോലനായ്ക്ക കുടുംബങ്ങള്‍ക്ക് താത്പര്യമില്ല.
''വടശ്ശേരിക്കര സ്കൂളിലെ കാര്യങ്ങള്‍ ആദ്യത്തേതിലും കഷ്ടമായിരുന്നു. കാട്ടില്‍നിന്ന് പോകുമ്പോള്‍ ഇട്ട വസ്ത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇടാന്‍ അടിവസ്ത്രം പോലുമില്ല. കാട്ടില്‍ തറ്റുടുത്ത് നടക്കുന്ന ഞങ്ങള്‍ക്ക് അടിവസ്ത്രങ്ങളെക്കുറിച്ച് വലിയ അറിവൊന്നുമില്ല. എത്ര സഹിച്ചാലും മടങ്ങാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഹോസ്റ്റലിലെ സോമോന്‍ എന്ന ചങ്ങാതി അവന്റെ അടിവസ്ത്രം കുറെ ദിവസത്തേക്ക് എനിക്ക് കടംതന്നു. ഏത് ദാരിദ്ര്യത്തിലും ഞാനെന്റെ പൂര്‍വികരെ ഓര്‍ക്കും. വേട്ടയ്ക്കു പോയിട്ട് ഒന്നും കിട്ടാതെ പട്ടിണികിടന്ന പകലുകളെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. കോഴിവേഴാമ്പലിന്റെയും കുരങ്ങിന്റെയും ഇറച്ചിക്കായിരുന്നു ചോലനായ്ക്കര്‍ വേട്ടക്കിറങ്ങിയിരുന്നത്. മാഞ്ചീരി ഭാഗത്തെ പാതിരിമരത്തിലും ഇരൂള്‍ മരത്തിലുമാണ് കോഴിവേഴാമ്പല്‍ ധാരാളമായി കാണപ്പെടാറ്. ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള സമയത്ത് മരച്ചുവട്ടില്‍ വീണുകിടക്കുന്ന കാഷ്ഠം നോക്കിയാണ് വേഴാമ്പലുകളുടെ കൂട് കണ്ടെത്തുന്നത്. ചതച്ച ഓടയില്‍ തീ കൊളുത്തി പൊത്തിലിട്ട് പുകനിറയുംവരെ പൊത്തുവായ അടയ്ക്കും. മരത്തില്‍ ഏണി ചാരിയാല്‍ കിളി അതറിഞ്ഞ് പാറിപ്പോകുമെന്നതിനാല് തൊട്ടടുത്ത മരത്തില്‍ കയറി തോട്ടി ഉപയോഗിച്ചാണ് വേഴാമ്പല്‍ പൊത്തില്‍ പുക നിറയ്ക്കുക. പകുതി ശ്വാസംമുട്ടിച്ചശേഷമേ വേഴാമ്പലിനെ ൈകയിട്ടു പിടിക്കാനാവൂ.അല്ലെങ്കില്‍ അവ വിരല്‍ കൊത്തിമുറിച്ചുകളയും. വളര്ച്ചയാവാത്ത വേഴാമ്പല്‍ കുഞ്ഞുങ്ങളെ അളകളില്‍ മെരുക്കി വളര്‍ത്തുകയും ചെയ്യും. ഇതേപോലെ ചോലക്കാരിയിലെ പ്രധാനപ്പെട്ട മറ്റൊരു ഹരമായിരുന്നു. കുരങ്ങുവേട്ട. ഒരു കുരങ്ങിനെ ലക്ഷ്യമിട്ടാല്‍ വളര്‍ത്തുപട്ടികള്‍ക്ക് കാട്ടിക്കൊടുക്കലാണ് ആദ്യം. പട്ടികള്‍ ഇവയെ കുരച്ച് ഭയപ്പെടുത്തി ഒറ്റയ്ക്കു നില്ക്കുന്ന മരത്തിലേക്ക് കയറ്റും. ഈ ഒരു മരം ആദ്യമേ കണ്ടുവെച്ച് 'കൊറഗുബല' എന്ന കെണി വിരിച്ചുവെച്ചിട്ടുണ്ടാവും ചോലനായ്ക്കര്‍. മരത്തില്‍നിന്ന് കുരങ്ങ് വന്നുവീഴുന്ന ശക്തിയില്‍ വലമുറുകി താഴെ വീഴുമ്പോള്‍ പട്ടികള്‍ വളഞ്ഞിട്ട് ചോലനായ്ക്കരെയേല്പ്പിക്കും. ഇങ്ങനെ ജീവിച്ച കാടിന്റെ കരുത്തായിരുന്നു എന്റെ പ്രതീക്ഷ''.
.jpg?$p=f1bb2ab&w=610&q=0.8)
''വടശ്ശേരിക്കരയില്‍നിന്ന് മാഞ്ചീരിയിലെ കാട്ടിലെത്തിയാല്‍ ട്രഞ്ച് പണിക്ക് ൈകയാളായിനിന്നാണ് ഞാന്‍ മടക്കവണ്ടിക്കൂലി ഉണ്ടാക്കിയിരുന്നത്. പണിക്കിടയിലൊരു ദിവസം, എടക്കര പാലേമാടുള്ള കെ.ആര്. ഭാസ്കരപ്പിള്ള ഞങ്ങള്‍ക്ക് സഹായവിതരണത്തിനായി കാട്ടില്‍ വന്നു. എന്നെപ്പറ്റി കേട്ടപ്പോള്‍ പ്ളസ്ടു കഴിഞ്ഞാല്‍ അദ്ദേഹം തുടര്‍ന്നു പഠിപ്പിക്കാമെന്ന് വാക്കുതന്നു. ട്രഞ്ച് പണി തുടരേണ്ടി വരുമോയെന്ന് ആവലാതിപ്പെട്ട എനിക്ക് ഇതൊരു പ്രതീക്ഷയായി. 70 ശതമാനം മാര്‍ക്കോടെ പ്ളസ്ടു പാസായ എന്നെ ബി.എ. ഇക്കണോമിക്സ് അദ്ദേഹം വീട്ടില്‍ നിര്‍ത്തി പഠിപ്പിച്ചു. ഫോറസ്ട്രി പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പ്ളസ്ടു ഹ്യുമാനിറ്റീസിനു ചേര്‍ന്നാല്‍ ഫോറസ്ട്രി പഠിക്കാനാവില്ലെന്ന് അതുവരെ എനിക്കാരും പറഞ്ഞുതരാനില്ലായിരുന്നു. പിള്ളസാറിന്റെ വീട്ടിലെ ഒട്ടേറെ വര്‍ഷത്തെ ജീവിതത്തില്‍ നിന്നാണ് നാട്ടിലെ കുടുംബരീതികള്‍ ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹം ഐ.എ.എസ്. കോച്ചിങ്ങിനായി ഡല്‍ഹിയില്‍ അയക്കാന്‍ നോക്കിയെങ്കിലും ഞാന്‍ പേടിച്ചു പിന്മാറി. കുസാറ്റിലേക്കുള്ള എന്‍ട്രന്‍സ് എഴുതിച്ചത് ഐ.ജി.എം.എം.ആറിലെ ഉണ്ണികൃഷ്ണന് സാറായിരുന്നു. എം.എ. അപ്ലൈഡ് ഇക്കണോമിക്സില്‍ ചേര്‍ന്നപ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത കൊച്ചിയും കാമ്പസും ആദ്യം അമ്പരിപ്പിക്കുകയും പിന്നീട് ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. അവിടെ നിന്നുതന്നെ എം.ഫിലും പൂര്‍ത്തിയാക്കി. ചില മനുഷ്യര്‍ മലദൈവങ്ങളെപ്പോലെ നമ്മെ കാക്കുമെങ്കിലും ആദിവാസിക്കുള്ള സംവരണം വഴിയല്ലേ എന്ന് മറ്റു ചിലര്‍ നമ്മെ അടിച്ചിരുത്താന്‍ വരും. കാടിന്റെ കരുത്തറിയില്ല അവര്‍ക്ക്.
.jpg?$p=7f04298&w=610&q=0.8)
വിനോദിന്റെ സുമിത്ര
മലയിറങ്ങി വരുന്ന മൂന്നു പുഴകള്‍ ചേരുന്നിടത്താണ് പാണപ്പുഴയിലെ വിനോദിന്റെ അള. വേനല്‍ക്കാലത്ത് പുഴ തൊട്ടുനില്ക്കുന്ന ഈ അളയിലും മഴക്കാലത്ത് ഇതിനുമുകളിലെ മലഞ്ചെരിവിലുമാണ് താമസം. മുന്‍വര്‍ഷങ്ങളിലെ ഉരുള്‍ പൊട്ടലുകളില്‍ വഴിമാറിയ പുഴ പല മലകളെയും പാതിയടര്‍ത്തി പാണപ്പുഴയിലൂടെ ഒലിപ്പിച്ചു കൊണ്ടുപോയി. ഉരുള്‍ വെള്ളമിറങ്ങിയപ്പോള്‍ പാണപ്പുഴയിലെ വിനോദിന്റെ ഗുഹയവിടെയില്ല. ചേര്‍ന്നുനിന്ന വന്‍ പാറകളെ പലവഴിക്ക് മാറ്റിയിട്ടിരിക്കുന്നു. ആഴ്ചയില്‍ വനവിഭവം വില്ക്കാന് വരുമ്പോഴാണ് പല ചെമ്മങ്ങളിലെ ചോലനായ്ക്കര്‍ തമ്മില്‍ കാണുന്നത്. രണ്ടുമൂന്നാഴ്ച തുടര്‍ച്ചയായി മാഞ്ചീരിയില്‍ വരാത്ത കുടുംബങ്ങളെ ചോലനായ്ക്ക ചെറുപ്പക്കാര്‍ അന്വേഷിച്ചിറങ്ങും. പ്രത്യേകിച്ച് മഴക്കാലത്ത്. പുഴനിറഞ്ഞ് ഒറ്റപ്പെട്ട മലകളിലെത്തുക എന്നത് അതിസാഹസികമാണ്. പേടിയാണവര്‍ക്ക്, അകത്ത് മഴയുള്ള കാടിനെ.
പിഎച്ച്.ഡി.ക്ക് ചേര്‍ന്നശേഷം 24-ാം വയസ്സില്‍ വിനോദ് വിവാഹിതനായി. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട സുമിത്രയായിരുന്നു വിനോദിന്റെ ഇണ. ചോലനായ്ക്കര്‍ മുന്‍കാലങ്ങളില്‍ കുലത്തിനു പുറത്തുനിന്നുള്ള വിവാഹബന്ധങ്ങള്‍ അനുവദിച്ചിരുന്നില്ല. ഗോത്ര രീതിയില്‍ ഒരാണും പെണ്ണും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചാല്‍ ഒളിച്ചോടി ആഴ്ചകളോളം രഹസ്യമായിക്കഴിയണം. കാല്‍പ്പാടുപോലും പിന്തുടര്ന്ന് ചോലനായ്ക്കര്‍ ഒളിച്ചുപോയവരെ കണ്ടെത്തും. അതുകൊണ്ട് വിരലിലൂന്നിയോ ചെറുക്കന്റെ ചുമലിലിരുന്നുമൊക്കെയാവും പ്രണയിനി കാട്ടിലേക്ക് മറയുക. നിശ്ചിതദിവസം കാട്ടില്‍ കഴിഞ്ഞ് രഹസ്യമായവര് മൂപ്പനെ വന്നുകണ്ട് കാണിക്ക നല്‍കും. മൂപ്പന് ബന്ധുക്കളെ വിളിച്ച് കല്യാണം നിശ്ചയിക്കും. ആണിന് ഭാര്യയെ കാട്ടില്‍ ഒറ്റയ്ക്കുസംരക്ഷിക്കാന് കഴിവുണ്ടെന്ന പ്രാപ്തി തെളിയിക്കലാണ് ഈ ഒളിവു ജീവിതം. വിവാഹപ്രായമെത്തിയ സ്ത്രീകളുടെ എണ്ണം തീരെ കുറഞ്ഞു പോയതിനാല്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള മത്സരം പരുഷന്മാര്ക്കിടയില് അപകടകരമായി വളരുകയും കുഞ്ഞുപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ വിവാഹിതരാവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. എന്നിട്ടും ചോലനായ്ക്കര്‍ക്കിടയില്‍ അവിവാഹിതരായ പുരുഷന്മാര് പെരുകിക്കൊണ്ടിരുന്നു. ഒരായുസ്സുമുഴുവന്‍ ഇണകളെ കിട്ടാതെ ഒരുപാടുപേര് മരിച്ചുപോകുന്ന അവസ്ഥയുണ്ടായി. പെണ്ണുചോദിച്ചുവരുന്നയാള് പെണ്വീട്ടുകാരെക്കാള് ബലവാനാണെങ്കില്‍ പെണ്‍കുട്ടിയെ വിട്ടുകൊടുക്കേണ്ട അവസ്ഥ ഗോത്രത്തിലുണ്ടായിരുന്നു. അല്ലെങ്കില്‍ പെണ്ണ് ചോദിച്ചുവരുന്ന പുരുഷനും സംഘവും പെണ്ബന്ധുക്കളെ ആക്രമിക്കുകയും പെണ്‍കുട്ടിയെ കൊണ്ടുപോവുകയും ചെയ്യും. ഈ കലഹവും ബാലവിവാഹവും ഗോത്രനാശത്തിന് കാരണമാവും എന്നു മനസ്സിലായതോടെ കാട്ടുനായ്ക്ക വിഭാഗത്തില്‍നിന്ന് ഇണകളെ കണ്ടെത്താമെന്ന് ഈ അടുത്ത കാലത്ത് ചോലനായ്ക്കര്‍ വ്യവസ്ഥയില്‍ മാറ്റംവരുത്തി.
ഇന്ന് ഗോത്ര നിയമങ്ങള്‍ ചിലതൊക്കെ ലംഘിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കുമ്പോഴും വില്ക്കാന് പോകുമ്പോഴും വന്യമൃഗശല്യം രൂക്ഷമായി. ചോലനായ്ക്ക മൂപ്പന് മാതനെ ഈയിടെയാണ് ആന ചവിട്ടിക്കൊന്നത്. ചോലനായ്ക്ക പാക്കേജില്‍ നല്കുന്ന റേഷനും ഭക്ഷണവും ചോലനായ്ക്കരുടെ പുതുതലമുറയെ മടിയരാക്കുന്നു. പാരമ്പര്യ മരുന്നറിവുകള്‍ ഒന്നൊന്നായി വിസ്മൃതിയിലാണ്ടു കഴിഞ്ഞു. വനവിഭവങ്ങള്‍ വിറ്റുകിട്ടുന്ന തുകയ്ക്ക് അങ്ങാടിമദ്യവും പുകയിലയും മറ്റ് ലഹരി വസ്തുക്കളും അളകളിലേക്ക് എത്തിത്തുടങ്ങി. ചോലനായ്ക്കരുടെ ആരോഗ്യം ക്ഷയിക്കാന്‍ ഇതൊരു പ്രധാനകാരണമായി. വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി ചെറുപ്രായത്തിലേ മാതാപിതാക്കളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതിലൂടെ, വിദ്യാഭ്യാസം കഴിഞ്ഞ് കാട്ടിലേക്ക് മടങ്ങിവരുന്ന കുട്ടികള്‍ കുടുംബത്തില്‍നിന്ന് അകന്നുപോവുന്നു. അതുകൊണ്ട് ചില അളകളിലൊക്കെ പ്രായമായ മാതാപിതാക്കള്‍ മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..