ഏകീകൃത ചൈനയെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ചെയര്‍മാനായി എത്തുമോ ഷീ


സ്വന്തം ലേഖകന്‍

xi jinping

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കമായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എന്നത് കേവലം ഒരു സമ്മേളനം മാത്രമല്ല. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന ഘടകമാണ്. ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങള്‍, അത് നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതായാലും നയരൂപീകരണമായാലും ഉണ്ടാകുന്നത് പാര്‍ട്ടി കോണ്‍ഗ്രസിലാണ്. പാര്‍ട്ടിയുടെ (ചൈനയെ സംബന്ധിച്ചെടുത്തോളം സര്‍ക്കാരിന്റെയും) കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തലും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ളവ രൂപീകരിക്കലും പുതിയ കേന്ദ്ര നേതൃത്വത്തെ കണ്ടെത്തലുമെല്ലാമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. ചൈനയില്‍ ഇങ്ങനെ തിരഞ്ഞെടുക്കുന്ന പാര്‍ട്ടി നേതൃത്വത്തെ ഏതാനും മാസങ്ങള്‍ക്കകം ദേശീയ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ചേര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃ സ്ഥാനത്തും അവരോധിക്കും.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കോണ്‍ഗ്രസില്‍ 2296 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. മൊത്തം 34 പ്രവിശ്യാതല ഭരണപ്രദേശങ്ങളില്‍ നിന്നും സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, പോലീസ് തുടങ്ങിയ ഭരണ സംവിധാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഇവര്‍. 96 ദശലക്ഷം പാര്‍ട്ടി അംഗങ്ങളെ പ്രതിനിധാനംചെയ്താണ് ഇവര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കാളികളാവുക. ആദ്യമായി ബഹിരാകാശത്തു നടന്ന ചൈനീസ് വനിത വാങ് യാപിങ്, ഒളിമ്പ്യന്‍ വു ദാജിങ് എന്നിവരും പ്രതിനിധികളായുണ്ട്. ജോലിയുടെയും ഉല്‍പ്പാദനത്തിന്റെയും മുന്‍നിരയില്‍നിന്നുള്ളവരാണ് 771 പ്രതിനിധികള്‍. മൊത്തം പ്രതിനിധികളുടെ 33.6 ശതമാനം. അവരില്‍, 192 പ്രതിനിധികള്‍ തൊഴിലാളികളും 85 പേര്‍ കര്‍ഷകരുമാണ്. 266 പ്രൊഫഷണല്‍ സാങ്കേതിക വിദഗ്ധര്‍. വനിതാ പ്രതിനിധികള്‍ ആകെ 619 ആണ്. 40 വംശീയ ന്യൂനപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് 264 പ്രതിനിധികളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നു. കേന്ദ്ര നേതൃത്വ തീരുമാനങ്ങളെ വോട്ട് ചെയ്ത് അംഗീകരിച്ച് അതിന് നിയമസാധുത നല്‍കലാണ് പ്രതിനിധികളുടെ പ്രധാന ഉത്തരവാദിത്വം. പ്രമേയങ്ങളെ എതിര്‍ക്കാനും തിരുത്തലുകള്‍ നിര്‍ദേശിക്കാനും പ്രതിനിധികള്‍ക്ക് അവകാശമുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് എന്നത് കേവലം ചൈനയുടെ മാത്രം ആഭ്യന്തര കാര്യമല്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തിയായി മാറാനൊരുങ്ങുന്ന ചൈനയുടെ ഭാവി നയങ്ങളും അവ നടപ്പിലാക്കേണ്ട നേത്വവും തീരുമാനിക്കപ്പെടുന്ന പാര്‍ട്ടി കോണ്‍ഗ്രസിനെ ഇന്ത്യയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ്. മൂന്നാമതൊരു തവണ കൂടി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അതുവഴി രാജ്യത്തിന്റെ പ്രസിഡന്റുമായി ഷി ജിന്‍പിങ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാര്‍ട്ടിയിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി ക്വിയാങ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കുറി നേതൃത്വത്തില്‍നിന്ന് മാറുമെന്ന് സൂചനയുണ്ട്. ആറാം തലമുറയിലെ പ്രീമിയര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആരായിരിക്കുമെന്ന കാര്യവും ചൈനീസ് ജനതയെയെന്നപോലെ ലോകവും ഉറ്റുനോക്കുന്നുണ്ട്. ഹു ജിന്റാവോയുടെ പിന്‍ഗാമിയായി 2012-ലാണ് ഷി ജിന്‍പിങ് ആദ്യമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്നു പതിറ്റാണ്ടിനിടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാകും ഷി.

കളക്ടീവ് ലീഡര്‍ഷിപ്പിന്റെ അവസാനം

എത്ര മഹാനായ നേതാവായാലും അധികാരം ഒരുക്കലും അയാളിലേക്ക് കേന്ദ്രീകരിക്കരുത് എന്നതായിരുന്നു ചൈനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി വിലയിരുത്തപ്പെടുന്ന ഡെങ് ഷിയാവോ പിങിന്റെ കാഴ്ചപ്പാട്. ചരിത്രത്തില്‍ അത്തരത്തില്‍ അധികാരം ഒരാളിലേക്ക് കേന്ദ്രീകരിപ്പോഴെല്ലാം ഉണ്ടായ അപകടങ്ങള്‍ വിലയിരുത്തിക്കൊണ്ട് കൂടിയാണ് പിങ് കളക്ടീവ് ലീഡര്‍ഷിപ്പ് എന്ന ആശയം പാര്‍ട്ടിയില്‍ അവതരിപ്പിക്കുന്നത്. എണ്‍പതുകളുടെ ആദ്യത്തില്‍ അത് പാര്‍ട്ടിയില്‍ നടപ്പിലാവുകയും ചെയ്തു. നേതാവ് തെറ്റ് ചെയ്താല്‍ കൂട്ടായ നേതൃത്വമുണ്ടെങ്കില്‍ അദ്ദേഹത്തെ തിരുത്താമെന്നതായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി തന്നെ പാര്‍ട്ടി നേതാക്കന്‍മാര്‍ 68 വയസ്സിന് ശേഷവും പ്രസിഡന്റുമാര്‍ അഞ്ച് വര്‍ഷത്തെ രണ്ട് ടേമിന് ശേഷവും തുടരരുതെന്ന ചട്ടവും നിലവില്‍ വന്നു. എന്നാല്‍ ഷീയുടെ വരവോടെ ഇവയ്ക്ക് മാറ്റം വന്നു. 2012 ല്‍ പാര്‍ട്ടി സെക്രട്ടറിയും 2013 ല്‍ ചൈനീസ് പ്രസിഡന്റുമായ ഷീ വൈകാതെ തന്നെ മിലിറ്ററി കമ്മീഷന്‍ ചെയര്‍മാനുമായി. ഭരണകൂടത്തിലെ മിക്കവാറും എല്ലാ മേഖലയിലും അദ്ദേഹം സ്വാധീനം ഉറപ്പാക്കി. പുതിയ കമ്മീഷനുകള്‍ രൂപീകരിച്ച് അതിന്റെയെല്ലാം ചെയര്‍മാനുമായി. ചൈനീസ് ദേശീയത തുളുമ്പുന്ന കാമ്പയിനുകളും അഴിമതിക്കാരായ ഉന്നതരെപ്പോലും ജയിലിലടച്ചതും ഷീയെ ജനകീയനാക്കി മാറ്റി. കഴിഞ്ഞ വര്‍ഷം സി.പി.സിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ ചൈനയില്‍ തീവ്രദാരിദ്രം തുടച്ചുനീക്കിയെന്നും ചൈനയൊരു ഇടത്തരം സമ്പന്ന രാജ്യമായെന്നും ഷീ പ്രഖ്യാപിച്ചു. ഇതിനിടയില്‍ ഷീയുടെ എതിരാളികളും വിമര്‍ശകരുമായിരുന്നവരില്‍ പലരും പാര്‍ട്ടിക്ക് പുറത്താവുകയോ ജയിലിലാവുകയോ ചെയ്തു. ആലിബാബ പോലുള്ള രാജ്യത്തിനപ്പുറം വളര്‍ന്ന വന്‍കിട സ്വകാര്യ കമ്പനികളെയും പണക്കാരെയും സാമ്പത്തിക ക്രമക്കേടുകള്‍ പോലുള്ള കുറ്റങ്ങള്‍ ചാര്‍ത്തി നിയന്ത്രിച്ചു. എത്രവലിയവരായാലും പാര്‍ട്ടിയുടെ മുകളിലല്ലെന്ന സന്ദേശം നല്‍കുകയായിരുന്നു ഇതിലൂടെ. പതിയെ പതിയെ പാര്‍ട്ടിയും സര്‍ക്കാരും കളക്ടീവ് ലീഡര്‍ഷിപ്പില്‍ നിന്നും ഷീ ജിന്‍പിങ് എന്ന നേതാവിലേക്ക് ചുരുങ്ങി.

ചെയര്‍മാന്‍ ഷി ജിന്‍പിങ്?

കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന പാര്‍ട്ടി പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഷിയ്ക്ക് പാര്‍ട്ടിയെ കൂടുതല്‍ ശക്തിയോടെ നയിക്കാന്‍ ആവശ്യമായ വര്‍ധിച്ച അധികാരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് അദ്ദേഹം അധികാരത്തില്‍ തുടരുമെന്ന വാര്‍ത്തകള്‍ സജീവമായത്. നേരത്തെ 2017ല്‍ മാവോയുടെയും ഡെങ് ഷിയാവോ പിങ്ങിന്റെയും ചിന്തകള്‍ പാര്‍ട്ടി ഭരണഘടനയില്‍ എഴുതി ചേര്‍ത്തത് പോലെ ഷിയുടെയും ചിന്തകള്‍ ഭരണഘടയുടെ ഭാഗമാക്കിയിരുന്നു. പിന്നീട് 2018 ല്‍ ഇവ രാജ്യത്തിന്റെ ഭരണഘടനയുടെ പ്രിയാമ്പിളിലും എഴുതി ചേര്‍ത്തു. നേരത്തെയുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഷിയുടെ പേരോടെയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തത്. ഷി വീണ്ടും സെക്രട്ടറിയാവുമെന്ന് ഉറപ്പായതോടെ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം മാവോ അലങ്കരിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പാര്‍ട്ടി കോണ്‍ഗ്രസ് ഷീ ജിന്‍പിങിന് അംഗീകരിച്ച് നല്‍കുമോ എന്നതാണ്. 2016 ലെ കേന്ദ്ര കമ്മറ്റിയിലെ പ്ലീനറിയില്‍ ഷീയ്ക്ക് പര്‍ട്ടിയുടെ കോര്‍ ലീഡര്‍ എന്ന അപൂര്‍വ പദവി ലഭിച്ചിരുന്നു. മാവോയും ഡെങ് ഷിയാവോ പിങ്ങും മാത്രമാണ് നേരത്തെ ഈ പദവിക്ക് അര്‍ഹരായിരുന്നത്. ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം സമ്പൂര്‍ണ അധികാരങ്ങളും നല്‍കിയാവും പാര്‍ട്ടി ഇത്തവണ ഷി ജിന്‍പിങിനെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയെന്നാണ് ചൈനീസ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും രണ്ടാമനായ പ്രീമിയര്‍ ലീ ഖെഛിയാങ് ഉള്‍പ്പടെയുള്ളവര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറിയേക്കാമെങ്കിലും പ്രധാനപ്പെട്ട മറ്റേതെങ്കിലും സ്ഥാനത്ത് തുടരും. പുതിയ പ്രീമിയര്‍ സ്ഥാനത്തേക്ക് ആരു വരും എന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. പ്രധാനപ്പെട്ട ഘടകമായ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ആരൊക്കെ തുടരും പുതിയവര്‍ ആരൊക്കെ വരും എന്നതും നിര്‍ണായകമാണ്. വൈസ് പ്രീമിയര്‍ ഹു ക്ഷുണ്‍ഹ്വാ, ഷാങ്ഹായ് പാര്‍ട്ടി സെക്രട്ടറി ക്ഷന്‍ മിന്‍ എര്‍, കേന്ദ്ര പ്രൊപ്പഗാന്‍ഡ വിഭാഗത്തലവന്‍ ഹ്വാങ് ഖുന്‍മിങ് എന്നിവരുടെ പേരുകളാണ് പ്രധാനപ്പെട്ട സ്ഥാനങ്ങളിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.

ചൈനീസ് സ്വപ്‌നം

ചൈനീസ് ലിബറേഷന് മുന്‍പുണ്ടായിരുന്ന തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാണ് ഷി ജിന്‍പിങ് കൊണ്ടുവന്ന ചൈനീസ് സ്വപ്‌നമെന്ന ആശയത്തിന്റെ അടിസ്ഥാനം. 2049 ല്‍ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികത്തിന് മുന്‍പായി തങ്ങളില്‍ നിന്ന് അടര്‍ന്ന് പോയ പ്രദേശങ്ങളും കൂട്ടിച്ചേര്‍ക്കണമെന്നുള്ളതാണ് ഈ സ്വപ്നം. ചൈനയുടെ സമ്പൂര്‍ണ പുനരേകീകരണം എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യ ദിവസം നടത്തിയ പ്രസംഗത്തില്‍ ഷീ പ്രഖ്യാപിച്ചു കഴിഞ്ഞു. തയ്‌വാന്‍ പ്രശ്‌നം ചൈനതന്നെ പരിഹരിക്കുമെന്നും തയ്‌വാന്‍ സമാധാനപൂര്‍വം കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍, ഒരിക്കലും ബലം പ്രയോഗിക്കില്ലെന്നു വാഗ്ദാനം ചെയ്യുന്നില്ലെന്നും ഷീ വ്യക്തമാക്കിയിരുന്നു. ചൈനയുടെ സ്വപ്‌ന പദ്ധതിയായ ബെല്‍റ്റ് റോഡ് ഇനീഷ്യേറ്റീവ് മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കലും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.

നൂറുവര്‍ഷം കൊണ്ട് സ്ഥാപിതമായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകകക്ഷി ഭരണം ചൈനയില്‍ ആരംഭിച്ചിട്ട് 73 വര്‍ഷം പിന്നിടുകയാണ്. ലോകത്തെവിടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണങ്ങള്‍ 75 വര്‍ഷം പിന്നിട്ടിട്ടില്ലെന്നതാണ് ചരിത്രം. ആശയങ്ങളെ കൂടുതല്‍ പ്രായോഗികവത്കരിച്ചും തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഉറപ്പുവരുത്തിയും ലോകത്ത് ചൈനീസ് ജനതയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചും കമ്മ്യൂണിസ്റ്റ് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതേസമയം അച്ചടക്കത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പാര്‍ട്ടി അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം എന്നിവയിലെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുമെന്ന് മാത്രം. ഷീ ജിന്‍പിങിന്റെ മൂന്നാം ഊഴത്തില്‍ കൂടൂതല്‍ ഏകാധിപത്യ സംവിധാനങ്ങളിലേക്ക് പാര്‍ട്ടി നീങ്ങുമ്പോള്‍ പുതിയ ലോകക്രമത്തെ അത് എങ്ങനെ ബാധിക്കുമെന്നാണ് ഇന്ത്യയുള്‍പ്പെടുന്ന ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

Content Highlights: chinese communist party party congress xi jinping Mao Zedong


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented