തൊഴിലില്ല; ഗ്രാമങ്ങളിലേക്ക്‌ ചേക്കേറാന്‍ ചൈനീസ് യുവാക്കൾ, ജാഗ്രതയോടെ സർക്കാർ


അശ്വതി അനില്‍ | aswathyanil@mpp.co.in

6 min read
Read later
Print
Share

തൊഴിലവസരങ്ങള്‍ കുറയുന്നു, യുവാക്കളെ ഗ്രാമങ്ങളിലേക്കയച്ച് ചൈന. കയ്പറിയട്ടേയെന്ന് പ്രസിഡന്‍റ്

Photo: :Xinhua News Agency

സ്ട്രേലിയയിലെ മുന്‍നിര സര്‍വകലാശാലകളില്‍ ഒന്നായ ക്വീന്‍സ്‌ലാൻഡിലാണ് ഇഗ്രിഡ് ചീ എന്ന 25 വയസ്സുകാരി തന്റെ പി.ജി. ബിരുദം പൂര്‍ത്തിയാക്കിയത്. സ്വന്തം രാജ്യമായ ചൈനയിലേക്ക് തിരിച്ചെത്തുമ്പോള്‍ തിളക്കമുള്ള ഒരു കരിയറാവും തന്നെ കാത്തിരിക്കുകയെന്ന് പ്രതീക്ഷിച്ച അവള്‍ ഇന്ന് പക്ഷെ സ്വന്തം ഗ്രാമത്തിലെ പലചരക്കുകടയിലെ ഒരു ജോലിക്കാരിയാണ്. ചൈനയില്‍നിന്നു തന്നെയാണ് ഇഗ്രിഡ് തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്. ഭാവിയിലെ മികച്ച കരിയര്‍ സാധ്യതകള്‍ തേടിയാണ് വിദേശത്തേക്ക് ബിരുദാനന്തര ബിരുദത്തിനായി പോയത്. പഠനം പൂര്‍ത്തിയായതോടെ നാട്ടിലേക്ക്, കുന്‍മിങ് സിറ്റിയിലേക്ക് തിരിച്ചെത്തി. ഇംഗ്ലീഷ് ടീച്ചറായി ജോലി നോക്കുകയായിരുന്നു ഇഗ്രിഡിന്റെ ആഗ്രഹം. ജോലിക്കായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആഗ്രഹം വെറും പ്രതീക്ഷ മാത്രമായി മാറിയിരിക്കുന്നു.

വല്ലപ്പോഴും മാത്രം പരസ്യപ്പെടുന്ന ഒന്നോ രണ്ടോ ജോലി ഒഴിവുകള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ തമ്പടിച്ചിരുന്നതിന്റെ റിപ്പോര്‍ട്ട് അടുത്തിടെയാണ് ചൈനീസ് മാധ്യമം പുറത്തുവിട്ടത്. യോഗ്യതയും അധിക യോഗ്യതയുമുണ്ടായിട്ടും ആഗ്രഹിച്ച ജോലി കിട്ടാത്ത നൂറുകണക്കിന് പേരാണ് ചൈനയില്‍ സമാനമായ പ്രതിസന്ധി നേരിടുന്നത്. ചൈനയിലെ നഗരമേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് ഇതിനകം ചര്‍ച്ചകളുയര്‍ന്നിട്ടുണ്ട്.

വിദ്യാഭ്യാസം കൂടി, തൊഴിലവസരങ്ങളോ?

രാജ്യത്തെ വിദ്യാഭ്യാസ സാഹചര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1990-കളിലാണ് ചൈനയില്‍ കൂടുതല്‍ കോളേജുകളും കോഴ്സുകളും ആരംഭിച്ചത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്നത്. 2023 ജൂണില്‍ മാത്രം 1.15 കോടി വിദ്യാര്‍ഥികളാണ് ബിരുദ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്‌. എന്നാല്‍, പഠനം പൂര്‍ത്തിയാക്കി തൊഴില്‍ വിപണിയിലേക്കിറങ്ങുന്നവരുടെ തൊഴില്‍ ആവശ്യത്തെ നേരിടാനുള്ള അവസരങ്ങള്‍ നിലവില്‍ ചൈനയില്‍ ഇല്ല.

ഏത് വിപണിയെയും നിര്‍ണയിക്കുന്ന ഡിമാന്‍ഡ്-സപ്ലൈ ബാലന്‍സ് തന്നെയാണ് തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ചൈനയും നേരിടുന്ന പ്രതിസന്ധിയെന്ന് കൊളംബിയ സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസര്‍ യാവോ ലു പറഞ്ഞു. നഗരമേഖലയിലാണ് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നത്. ഏപ്രിലിലെ കണക്കുകള്‍ പ്രകാരം നഗരമേഖലയിലെ 16-24 വയസ്സ് പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 20.4 ശതമാനമാണ്. ചൈനയിലെ എക്കാലത്തേയും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണിത്.

തിരിച്ചടിയായി നിരോധനം, നിയന്ത്രണം

ചൈനയില്‍ വളരെ സജീവമായിരുന്ന ഒരു തൊഴില്‍ മേഖലയായിരുന്നു സ്വകാര്യ ട്യൂട്ടറിങ്. അധ്യാപന പരിചയം നേടാനുള്ള ഒരു മാര്‍ഗമായി വിദ്യാര്‍ഥികള്‍ കണക്കാക്കിയിരുന്ന ഈ മേഖലയ്ക്ക് പൊടുന്നനെയായിരുന്നു ചൈനീസ് ഭരണകൂടം നിരോധനം കൊണ്ടുവന്നത്. 2021-ല്‍ നടപ്പാക്കിയ ഈ നിരോധനത്തിലൂടെ കുട്ടികളുടെ പഠനഭാരം കുറയ്ക്കലായിരുന്നു ലക്ഷ്യമെങ്കിലും ഈ മേഖലയെ ജോലിക്കായി ആശ്രയിച്ച നിരവധി പേര്‍ക്കു കൂടിയാണ് ഇത് തിരിച്ചടിയായത്. പ്രതിവര്‍ഷം 150 ബില്ല്യണ്‍ വരുമാനമുണ്ടാക്കുന്ന മേഖലയായിരുന്നു ഇത്. വിദേശ ബിരുദങ്ങള്‍ക്ക് ചൈനയിലുണ്ടായിരുന്ന ഡിമാന്‍ഡും താരതമ്യേന കുറഞ്ഞുവെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ തൊഴില്‍ദാതാക്കള്‍ വിദേശത്തുനിന്ന് പഠിച്ചുവന്നവരെ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നതിലും വന്‍തോതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തൊഴിലില്ലായ്മ രൂക്ഷമാവുന്നതിനിടെ സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. തൊഴില്‍ സാധ്യതകള്‍ കുറയുന്നത് യുവാക്കള്‍ക്കിടയില്‍ ഭരണകൂടത്തിനെതിരേ അസംതൃപ്തി വളരുന്നതിന് കാരണമാവുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങളിലുള്ള സ്വാധീനത്തിൽ ഇടിവു വരുത്തിയേക്കാമെന്നും ചൈനയിലെ പ്രമുഖ ഡാറ്റ മാര്‍ക്കറ്റിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഷെഹ്സാദ് ഖാസി പറഞ്ഞു.

ചൈനയുടെ ജനസംഖ്യയും കുറഞ്ഞുവരികയാണ്. പ്രായമാകുന്നവരാണ് ജനസംഖ്യയിലേറെയും. ഇത് സാമ്പത്തിക ഭദ്രതയുള്ള, ജോലി ചെയ്യാന്‍ ശാരീരികശേഷിയുള്ളവരുടെ എണ്ണം കുറയുന്നു എന്നതാണ് ഇതിന്റെ ഒരു പരിണിതഫലം. ഇതിനോട് അനുബന്ധമായി തന്നെ തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്നു. ഇതിനെയെല്ലാം നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

Photo: Getty Images

തൊഴിലുണ്ട്, ഗ്രാമങ്ങളില്‍

നഗരമേഖലകളിലാണ് തൊഴിലില്ലായ്മ പ്രശ്‌നം ഗുരുതരമായിരിക്കുന്നത്. യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കാത്ത (under employment) സ്ഥിതിയാണ് അവര്‍ നേരിടുന്നത്. അതായത് ഉയര്‍ന്ന ബിരുദങ്ങളുള്ളവര്‍ യോഗ്യതയ്ക്കനുസരിച്ചുളള, വൈറ്റ് കോളര്‍ തൊഴിലിലേര്‍പ്പെടാന്‍ മാത്രമേ സന്നദ്ധരാവുകയുള്ളൂ. അതേസമയം നഗരങ്ങളില്‍നിന്ന് മാറി ഉള്‍പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ ആവോളമുണ്ടെങ്കിലും യോഗ്യതയ്ക്ക് ചേരുന്നതല്ലെന്ന കാരണത്താല്‍ നഗരപ്രദേശങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് പോകാനോ മറ്റ് ജോലികള്‍ തിരഞ്ഞെടുക്കാനോ ആളുകള്‍ മടിക്കുകയാണ്. എന്നാല്‍, നിലവിലെ പ്രതിസന്ധിയില്‍ നഗരത്തിലെ യുവാക്കള്‍ ഗ്രാമങ്ങളിലേക്ക് പോകാനും നിര്‍മാണത്തൊഴിലോ മത്സ്യബന്ധനമോ കൃഷിയോ പോലെ കൂടിയ കായികാധ്വാനം വേണ്ടിവരുന്ന ജോലികള്‍ തിരഞ്ഞെടുക്കാന്‍ മടിക്കരുതെന്നാണ് ഭരണാധികരികളടക്കം പറയുന്നത്.

നഗരമേഖലയില്‍ പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 9.6 കോടി യുവാക്കളില്‍ 60 ലക്ഷം പേര്‍ ഇന്ന് തൊഴിലില്ലായ്മ നേരിടുകയാണ്. കോവിഡ് കാലത്ത് ജോലി ഇല്ലാത്ത യുവാക്കളേക്കാള്‍ 30 ലക്ഷം പേരാണ് ഈ കണക്കില്‍ അധികമായി ഉള്‍പ്പെടുന്നത് എന്നാണ് ചൈനയിലെ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. തൊഴിലില്ലായ്മ യുവാക്കളുടെ ജീവിതനിലവാരത്തെയെന്നോണം സന്തോഷത്തേയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് യുവാക്കളുടെ ആത്മഹത്യാനിരക്കിലെ വര്‍ധനവ് വ്യക്തമാക്കുന്നതെന്ന് ഗോള്‍ഡ്മാന്‍ സാഷ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു.

പ്രസിഡന്‍റ് ഷീ ജിന്‍ പിങ്

കഷ്ടപ്പാട് അറിയട്ടെ എന്ന് പ്രസിഡന്റ്

തൊഴിലില്ലായ്മ പ്രശ്നത്തെ നേരിടാന്‍ സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും ആഗ്രഹിക്കുന്ന തൊഴില്‍ ലഭിച്ചാലേ ജോലി ചെയ്യുകയുള്ളൂ എന്ന നിലപാടില്‍ യുവാക്കള്‍ മാറ്റം വരുത്തണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറയുന്നത്. ഗ്രാമങ്ങളിലോ നഗരങ്ങളിലോ പോയി കായികാധ്വാനമുളള ജോലികള്‍ ചെയ്യേണ്ടവരല്ല തങ്ങളെന്ന ചിന്ത യുവാക്കള്‍ മാറ്റണം. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ നേരിടാന്‍ അവര്‍ പഠിക്കട്ടെ' എന്നാണ് നിലവിലെ പ്രതിസന്ധിയെ കുറിച്ച് ഷീ പ്രതികരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവജന ദിനത്തില്‍ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയിലി'യിലെഴുതിയ ലേഖനത്തിലാണ് പ്രസിഡന്റ് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

യൗവ്വനത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന ഒരാള്‍ ഭാവിയില്‍ വലിയ വിജയങ്ങള്‍ അനുഭവിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പ്രയാസമനുഭവിക്കുകയെന്ന അര്‍ഥത്തില്‍ കയ്പുനീര്‍ കുടിക്കുക എന്ന പ്രാദേശിക പ്രയോഗം നിരവധി തവണയാണ് ഷീ ജിന്‍ പിങ് തന്റെ ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. യൗവ്വനകാലത്ത് താന്‍ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകളെ കുറിച്ചും ലേഖനത്തില്‍ ഷീ വിശദീകരിച്ചിട്ടുണ്ട്. പ്രയാസങ്ങളെ സ്വന്തം കഴിവും ആത്മവിശ്വാസവും ഉപയോഗിച്ച് നേരിടണമെന്നാണ് ലേഖനത്തില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നത്.

എന്നാല്‍, പ്രസിഡന്റിന്റെ പ്രതികരണത്തിനെതിരേയും പലരും രംഗത്തെത്തിയിട്ടുണ്ട്. കടുത്ത മത്സരമുള്ള തൊഴില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാനും മികച്ച ജോലി നേടാനുമാണ് വിദേശത്ത് പോയി പഠിക്കുന്നതും കഷ്ടപ്പെടുന്നതും. ഉയര്‍ന്ന ബിരുദങ്ങള്‍ നേടി തിരിച്ചെത്തുമ്പോള്‍ കാത്തിരിക്കുന്നത് തൊഴിലില്ലായ്മ മാത്രം, പ്രസിഡന്റ് പറയുന്നത് പ്രയാസങ്ങള്‍ അനുഭവിക്കണമെന്നാണ്, പക്ഷെ എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. ബുദ്ധിമുട്ട് അനുഭവിക്കാന്‍ പറയുന്നത് തീര്‍ത്തും വഞ്ചനയാണ്. ആഗ്രഹമില്ലാത്ത ജോലികള്‍ ചെയ്യാന്‍ നിവൃത്തികേട് കൊണ്ട് തയ്യാറാവുമെന്ന അവരുടെ പ്രതീക്ഷയാണ് അതെന്ന്‌ ഗ്ലോറിയ ലി എന്ന യുവതി പ്രതികരിച്ചു. പഠനം പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോഴും നല്ലൊരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഗ്ലോറിയ. ഇതിനകം നാനൂറിലേറെ കമ്പനികളിലേക്ക് അവള്‍ ജോലിക്ക് അപേക്ഷിച്ചുകഴിഞ്ഞു, എന്നാല്‍ രണ്ട് കമ്പനികള്‍ മാത്രമാണ് അഭിമുഖത്തിനായി ക്ഷണിച്ചത്.

യുവാക്കള്‍ കഷ്ടപ്പാടുകള്‍ സഹിക്കണമെന്ന് പ്രസിഡന്റ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വതന്ത്ര രാഷ്ട്രീയ നിരൂപകനായ കായ് ഷെങ്കുന്‍ ട്വിറ്റര്‍ പോസ്റ്റില്‍ ചോദിച്ചു. തൊഴില്‍പരമായും വൈകാരികമായും യുവജനങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്. എന്നാല്‍, യുവജനങ്ങള്‍ ബുദ്ധിമുട്ട് സഹിക്കാന്‍ പഠിക്കണമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടിയിട്ട് തൊഴില്‍ കണ്ടെത്തുന്നതിന് പ്രയാസപ്പെടുകയാണ് യുവാക്കള്‍. അഥവാ തൊഴില്‍ ലഭിച്ചാല്‍ ശമ്പളം കുറവും ജോലി കൂടുതല്‍ സമയം ചെയ്യേണ്ടിയും വരികയാണെന്നും അദ്ദേഹം പറഞ്ഞു. 'എന്ത് ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍? ചൈനീസ് യുവാക്കളെ എവിടേക്കാണ് അദ്ദേഹം നയിക്കാന്‍ ആഗ്രഹിക്കുന്നത്? ഈ വര്‍ഷം 1.16 കോടി ബിരുദധാരികളാണ് തൊഴില്‍ സേനയില്‍ എത്തുന്നത്. അഞ്ച് യുവാക്കളില്‍ ഒരാള്‍ തൊഴില്‍രഹിതരാണ്. ഷിയുടെ നിര്‍ദേശം യുവാക്കളെ അവഹേളിക്കുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടപടികളുമായി സര്‍ക്കാര്‍

പത്ത് വര്‍ഷം മുമ്പു പോലും ആരേയും മോഹിപ്പിക്കുന്ന തൊഴില്‍ വിപണിയായിരുന്നു ചൈനയിലേത്. ഇന്ന് സ്ഥിതിയാകെ മാറി. കോവിഡില്‍നിന്ന് കരകയറാന്‍ തുടങ്ങുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഇരുട്ടടി നല്‍കിക്കൊണ്ടാണ് തൊഴിലില്ലായ്മ ചൈനീസ് യുവതയെ വലയ്ക്കുന്നത്. തൊഴില്‍ക്ഷാമം പരിഹരിക്കാനായി പതിനഞ്ചിന പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് യോജിക്കുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്ന സമഗ്രപദ്ധതിയാണ് ഒന്നാമത്തേത്. യുവാക്കള്‍ക്ക് പരിശീലനത്തിനുള്ള പിന്തുണ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള നിയമനം, ബിരുദധാരികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും സംരംഭം ആരംഭിക്കാനുള്ള പിന്തുണ തുടങ്ങിയവ ഈ നടപടികളിലുള്‍പ്പെടുന്നുണ്ട്.

തൊഴില്‍വിപണിയെ ഉദ്ദീപിപ്പിക്കാനുള്ള ഏതാനും നയങ്ങള്‍ ഏപ്രിലില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികള്‍ക്ക് സബ്സിഡി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ 10 ലക്ഷം ട്രെയിനികളെ ഈ വര്‍ഷം റിക്രൂട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. 2023-ല്‍ ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു ബിരുദധാരിയെ സര്‍വകലാശാലയില്‍നിന്ന് തൊഴിലിടത്തിലേക്കു മാറ്റുന്നതിന് പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന എംപ്ലോയ്‌മെന്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഉപയോഗവും ഈ വര്‍ഷം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. കോളേജ് ബിരുദധാരികള്‍ക്ക് ജോലി തേടുന്നതിനെ കൂടുതല്‍ എളുപ്പമാക്കിയിരുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ത്തലാക്കിയതും ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്.

ഉയര്‍ന്ന യോഗ്യതയുള്ളവര്‍ പോലും ജോലി ലഭിക്കാതെ വീടുകളില്‍ കഴിയുന്ന സ്ഥിതിയുണ്ട്. ജോലി അവസരങ്ങള്‍ കുറഞ്ഞതോടെ യോഗ്യതയോ സ്ഥലമോ ജോലിസ്വഭാവമോ നോക്കാതെ കിട്ടിയ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് യുവാക്കള്‍. അതേസമയം, യോജിച്ച ജോലി ലഭിക്കാത്തതിനാല്‍ തൊഴില്‍ നിരസിക്കുന്നവരും കുറവല്ല. ചൈനയിലെ ഇന്നത്തെ സാഹചര്യം പരിഗണിച്ച് ഉന്നത ബിരുദങ്ങള്‍ നേടിയവര്‍ ഫാക്ടറി ജോലികളില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് ആലോചിക്കുക പോലുമില്ലെന്നാണ് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസറായ ജീന്‍ യെങ് പറഞ്ഞത്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഉയരുമ്പോള്‍ പോലും 2025-ഓടെ നിര്‍മ്മാണ മേഖലയിലെ ഏകദേശം മൂന്നു കോടി ജോലി അവസരങ്ങള്‍ക്ക് ആളെ ലഭിക്കാതെയാവുമെന്നാണ് ചൈനീസ് മാനവവിഭവശേഷി മന്ത്രാലയം പറയുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം ചൈനയില്‍ മാത്രമല്ല പല യൂറോപ്യന്‍ രാജ്യങ്ങളും തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്നുണ്ട്. 2021-ല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലില്ലായ്മ നിരക്ക് 20% വരെ എത്തിയിരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനയിലെ നഗരമേഖലയിലുണ്ടായിരിക്കുന്ന തൊഴിലില്ലായ്മ നിരക്കിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗൗരവമായാണ് എടുക്കുന്നത്. പ്രതിസന്ധി ശക്തമായി നേരിടാനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിഷ്‌ക്രിയരായ യുവാക്കള്‍ ഭരണത്തിന് ഭീഷണിയാകുമെന്ന വിശ്വസമാണ് കാരണം.

Content Highlights: China’s Young People Can’t Find Jobs. Xi Jinping Says to ‘Eat Bitterness, china unemployment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rajan Pillai
Premium

8 min

കോടീശ്വരനായ ബിസ്‌കറ്റ് രാജാവില്‍നിന്ന് നരകിച്ചു മരിച്ച ജയില്‍പുള്ളിയിലേക്ക്; രാജന്‍ പിള്ളയുടെ കഥ

Mar 7, 2023


Garlic
Premium

7 min

തക്കംപാര്‍ത്ത് ചൈനയിറക്കിയ വെളുത്തുള്ളിതന്ത്രം; ചെലവുകുറയ്ക്കാന്‍ ജയില്‍പുള്ളികളും അടിമകളും

Oct 2, 2023


court
Premium

11 min

പൊട്ടിക്കരച്ചിലും ബഹളംവെക്കലും രക്ഷപ്പെടലുമല്ല പ്രതിവിധി; മാറേണ്ടത് 'പുരുഷവിധി'കൾ

Jul 28, 2023


Most Commented