കൂട്ട അറസ്റ്റാണോ ബാലവിവാഹങ്ങള്‍ തടയുന്നതിനുളള നടപടി? അസം സര്‍ക്കാര്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍


ഗീതാഞ്ജലി |geethanjalybabu@mpp.co.inPremium

സർക്കാർ നടപടികൾക്കെതിരേ സ്ത്രീകൾ നടത്തിയ പ്രതിഷേധം (Photo: Getty Images)

പ്രായപൂര്‍ത്തിയാകും മുമ്പേ തന്നെ വിവാഹം കഴിപ്പിച്ചയച്ച പിതാവ് അറസ്റ്റ് ചെയ്യപ്പെട്ടേക്കുമോ എന്ന ഭയത്തില്‍ രണ്ടു കുട്ടികളുടെ അമ്മയും വിധവയുമായ യുവതി ആത്മഹത്യ ചെയ്തു. അസമിലെ സൗത്ത് സല്‍മാര-മങ്കാചര്‍ ജില്ലയില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി മൂന്നിനാണ്. ബാലവിവാഹങ്ങള്‍ക്കെതിരേ അസം സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചത് അന്നു മുതലായിരുന്നു. നിയമാനുസൃത പ്രായത്തിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷന്മാരെയും വിവാഹം നടത്തിക്കൊടുക്കുന്നവരെയും അറസ്റ്റ് ചെയ്യുക, വിവാഹം നിയമാനുസൃതമല്ലെന്ന് പ്രഖ്യാപിക്കുക. ഇതായിരുന്നു സര്‍ക്കാര്‍ നടപടി.

സംസ്ഥാനത്ത് മാതൃമരണനിരക്കും ശിശുമരണനിരക്കും ഉയര്‍ന്നതോടെ മാതൃ-ശിശുമരണനിരക്ക് പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിമന്ത ബിസ്വ ശര്‍മ സര്‍ക്കാര്‍ ബാലവിവാഹങ്ങള്‍ക്കെതിരേ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിനെപ്പോലും ഞെട്ടിച്ച് ഭര്‍ത്താക്കന്മാരുടെയും ആണ്‍മക്കളുടെയും അറസ്റ്റിനെതിരേ നിരവധി സ്ത്രീകള്‍ പ്രതിഷേധവുമായെത്തി. ധുബ്രി ജില്ലയിലെ തമര്‍ഹ പോലീസ് സ്റ്റേഷനു മുന്‍പില്‍ പ്രതിഷേധിക്കാനെത്തിയ സ്ത്രീകളെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. നിയമനടപടികളുടെ പേരില്‍ കുടുംബത്തിന്റെ അത്താണികളായ ഭര്‍ത്താക്കന്മാരും പിതാക്കന്മാരും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ എന്തുചെയ്യും എന്ന ആശങ്കയായിരുന്നു അവരുടെ പ്രതിഷേധത്തിന്റെ കാതല്‍.

'ഞങ്ങളുടെ പുരുഷന്മാരെ പോലീസ് കൊണ്ടുപോയി. ഞങ്ങളെ സംരക്ഷിക്കാനോ ഞങ്ങള്‍ക്ക് ഭക്ഷണം തരാനോ ആരുമില്ല.' ധുബ്രിയില്‍ പ്രതിഷേധിക്കുകയായിരുന്ന രേഷ്മ ഖാതുന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്തിന്, മാതൃശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമത്തിന്റെ പേരില്‍ മതിയായ ചികിത്സ കിട്ടാതെ ബൊംഗൈഗാവ് ജില്ലയില്‍ പതിനാറുകാരി പ്രസവാനന്തര രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെടുക പോലും ചെയ്തു. ബാലവിവാഹ കേസ് റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്ന ഭയത്താല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ മടിച്ചതാണ് കാരണം.

ബാലവിവാഹത്തിനെതിരേ ഈയടുത്ത കാലത്ത് രാജ്യംകണ്ട ഏറ്റവും വലുതും കര്‍ശനവുമായ നിയമനടപടി എന്നാണ് ഹിമന്ത ബിസ്വ ശര്‍മ സര്‍ക്കാരിന്റേതെന്ന് ഒരുവിഭാഗം പ്രശംസിക്കുമ്പോള്‍ എതിര്‍ അഭിപ്രായമുള്ളവരുമുണ്ട്. നിയമനടപടികള്‍ ചില വിഭാഗങ്ങളെ മാത്രം ലക്ഷ്യംവെക്കുന്നതാണെന്നും പിന്നില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുണ്ടെന്നുമാണ് ഇവരുടെ വിമര്‍ശനം. മാത്രമല്ല, ബാലവിവാഹത്തിലേക്ക് നയിക്കുന്ന കാരണങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് പകരം കതിരില്‍ വളംവെക്കുന്ന പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

നാലായിരം പേര്‍ക്കെതിരേ കേസ്, അറസ്റ്റിലായത് മൂവായിരത്തിലധികംപേര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്തതിന് നാലായിരത്തിലധികം പേര്‍ക്കെതിരേയാണ് അസം പോലീസ് ഇതിനകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ത്തന്നെ മൂവായിരത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. നിയമനടപടി ഭയന്ന് പലരും ഒളിവിലാണ്. ബിസ്വനാഥ്, ധുബ്രി, ബാര്‍പേട്ട, കൊക്രാഝര്‍, ഹോജായി ജില്ലകളിലാണ് അധികം കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹം ചെയ്ത പുരുഷന്മാരെ മാത്രമല്ല വിവാഹം നടത്തിക്കൊടുത്ത പുരോഹിതന്മാരെയും ക്വാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലവിവാഹം ചെയ്തവര്‍ക്കെതിരേ മൂന്നു വിധത്തിലുള്ള നടപടിയാണ് കൈക്കൊള്ളുന്നത്. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ വിവാഹം കഴിച്ച പുരുഷന്മാരെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്യുക. പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തവര്‍ക്കെതിരേ ബാലവിവാഹ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തും. വിവാഹം ചെയ്ത ആണ്‍കുട്ടിയുടെ പ്രായം 14 വയസ്സിന് താഴെയാണെങ്കില്‍ അവനെ റിഫോം ഹൗസിലേക്ക് അയക്കും. അറസ്റ്റ് ചെയ്ത യുവാക്കളെ പാര്‍പ്പിക്കാനായി സില്‍ച്ചാര്‍ ഗ്രൗണ്ടില്‍ താത്കാലിക ജയിലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിരവധി പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തിരിക്കുന്നത്. വരുംദിവസങ്ങളിലും കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്യും. താത്കാലിക ജയിലുകള്‍ സജ്ജമാക്കാനും ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.- കാച്ചാര്‍ എസ്.പി. നുമല്‍ മഹട്ട പറഞ്ഞു.

ബാലവിവാഹത്തിന്റെ ഇരകളുടെ പുനരധിവാസത്തിനായി മന്ത്രിസഭാ ഉപസമിതിയും ഹിമന്ത സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടുണ്ട്. മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി രനോജ് പെഗു, ആരോഗ്യമന്ത്രി കേശബ് മഹന്ത, ധനമന്ത്രി അജന്ത നിയോഗ് എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍. പുനരധിവാസ പദ്ധതിക്കായി 15 ദിവസത്തിനകം ഈ സമിതി രൂപരേഖ തയ്യാറാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അസമിലെ കൗമാരക്കാരികളായ അമ്മമാര്‍- കണക്ക് ഇങ്ങനെ

2019-20-ല്‍ നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേ-5 അനുസരിച്ച് അനുസരിച്ച് അസമിലെ അണ്ടര്‍ ഏജ് പ്രഗ്‌നന്‍സി റേറ്റ് 11.7 ശതമാനമാണ്. ദേശീയ ശരാശരി 6.8 ശതമാനം ആയിരിക്കെയാണിത്. 2022 സെപ്റ്റംബര്‍ മാസത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തെത്തിയത്. സംസ്ഥാനത്ത് നടക്കുന്ന ഏകദേശം 31 ശതമാനം വിവാഹങ്ങളും ബാലവിവാഹത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ദേശീയ ശരാശരി 23.3 ശതമാനമാണ്. ഏറ്റവും ആശങ്കപ്പെടുത്തുന്ന സംഗതി അസമിലെ മാതൃമരണനിരക്കാണ്. ഒരു ലക്ഷത്തിന് 195 ആണ് സംസ്ഥാനത്തെ മാതൃമരണനിരക്ക്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ദേശീയ ശരാശരി 97 ആയിരിക്കെയാണ് അസമില്‍ ഇത്ര ഉയര്‍ന്ന മാതൃമരണനിരക്ക്. ശിശുമരണ നിരക്ക് നോക്കിയാല്‍, അസമിന്റേത് 36 ആണ്. ദേശീയ ശരാശരി 28-ഉം. നിയോനേറ്റല്‍ മോര്‍ട്ടാലിറ്റി റേറ്റ് 22.5 ശതമാനവും അണ്ടര്‍ ഫൈവ് മോര്‍ട്ടാലിറ്റി റേറ്റ് 39.1 ശതമാനവുമാണ്. 2011-ലെ സെന്‍സസ് പ്രകാരം 958: 1000 ആണ് അസമിലെ സ്ത്രീപുരുഷ അനുപാതം. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബാലവിവാഹങ്ങളുടെ കണക്ക് ഇങ്ങനെയാണ്. 2021-ല്‍ 155, 2020-ല്‍ 138, 2019-ല്‍ 88.

ബാലവിവാഹത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉയര്‍ന്ന മാതൃമരണ നിരക്കും ശിശുമരണനിരക്കുമാണ് ഈ നടപടി കൈക്കൊള്ളാന്‍ കാരണമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയുടെ വാദം. ബാലവിവാഹത്തിനെതിരായ യുദ്ധം മതേതരമായിരിക്കുമെന്നും പ്രത്യേകിച്ച് ഒരു സമുദായത്തെയും ഉന്നംവെയ്ക്കുകയില്ലെന്നും ശര്‍മ പറഞ്ഞു. പൊതുജനാരോഗ്യവും പൊതുജനക്ഷേമവും മുന്‍നിര്‍ത്തിയാണ് ബാലവിവാഹത്തിനെതിരേയുള്ള നടപടികള്‍. കൗമാരക്കാരിലെ ഗര്‍ഭാവസ്ഥ നിരക്ക് ആശങ്കയുളവാക്കുന്നതാണ്. ലക്ഷ്യം പൂര്‍ത്തിയാകുന്നിടംവരെ നടപടി തുടരുമെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2026-ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ബാലവിവാഹത്തിനെതിരായ നടപടികള്‍ തുടരുമെന്നും ഹിമന്ത ബിസ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പ്രിയാങ്ക് കനൂന്‍ഗോ, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ (കെ.എസ്.സി.എഫ്.) തുടങ്ങിയവരും ഹിമന്ത ബിസ്വ ശര്‍മ സര്‍ക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശൈശവ വിവാഹത്തിനെതിരേ അസം സര്‍ക്കാര്‍ സ്വീകരിച്ച നടപടി മറ്റു സംസ്ഥാനങ്ങളും പിന്തുടരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ബാലവിവാഹത്തിന്റെ ഇരകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍, ഒരു സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

അസം സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അതേസമയം ഇരകള്‍ക്ക് സാമ്പത്തിക പിന്തുണയും നിയമസഹായവും പുനരധിവാസവും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുമായിരുന്നു കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ വിഷയത്തില്‍ അഭിപ്രായപ്പെട്ടത്. 2014-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ കൈലാഷ് സത്യാര്‍ഥി സ്ഥാപിച്ച ഫൗണ്ടേഷനാണിത്. ഭര്‍ത്താക്കന്മാര്‍ക്ക് ജാമ്യം കിട്ടുന്നതുവരെ പെണ്‍കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ടായിരം രൂപ പ്രതിമാസം നല്‍കണമെന്നും ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ കുമാര്‍ ഷെരാവത്ത് കൂട്ടിച്ചേര്‍ത്തു.

വിമര്‍ശിക്കുന്ന പ്രതിപക്ഷം, ആ പെണ്‍കുട്ടികളെ ആര് സംരക്ഷിക്കുമെന്ന് ഒവൈസി

ബാലവിവാഹത്തിനെതിരേയുള്ള ഹിമന്ത ബിസ്വ ശര്‍മ സര്‍ക്കാരിനെതിരേയുള്ള നീക്കത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നിട്ടുള്ളത്. ബാലവിവാഹം തടയേണ്ടത് തന്നെയെന്ന് പറയുന്ന പ്രതിപക്ഷം, നിലവിലെ സര്‍ക്കാര്‍ അത് നടപ്പാക്കുന്ന രീതിയ്‌ക്കെതിരേയാണ് നിലകൊള്ളുന്നത്. വിഷയം കൈകാര്യം ചെയ്യുന്നത് മാനുഷിക പരിഗണനയോടെ ആകണമെന്നാണ് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറയുടെ വാദം. ബാലവിവാഹത്തിനെതിരായ നിയമം നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസാക്കിയതാണ്. എന്നാല്‍ ബി.ജെ.പി. സര്‍ക്കാര്‍ ആ നിയമം രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിമന്ത സര്‍ക്കാരിന്റെ നീക്കം സംസ്ഥാനത്താകെ ഭീതി സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന കുട്ടികളുമായി സമാധാനത്തോടെ ജീവിക്കുന്ന കുടുംബങ്ങളെ തകര്‍ക്കുന്നതു കൊണ്ട് എന്തു ഗുണമാണ് ഉണ്ടാവുകയെന്നും ഇത് പബ്ലിസിറ്റി സ്റ്റണ്ടല്ലാതെ മറ്റൊന്നുമല്ലെന്നും ഭൂപന്‍ ബോറ വിമര്‍ശിച്ചു.

എ.ഐ.എം.ഐ.എം. നേതാവും ലോക്‌സഭാ എം.പിയുമായ അസാദുദ്ദീന്‍ ഒവൈസി അസം സര്‍ക്കാരിന്റെ നീക്കത്തെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. നീക്കം മുസ്ലിം വിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. ആറുവര്‍ഷമായി അസമില്‍ ബി.ജെ.പി. സര്‍ക്കാരാണ്. ബാലവിവാഹത്തിനെതിരേ അവര്‍ എന്താണ് ചെയ്തത്? ഇത് അവരുടെ പരാജയമാണ്. എത്ര സ്‌കൂളുകള്‍ അവര്‍ ആരംഭിച്ചു? എപ്പോഴാണ് അവര്‍ നടപടി എടുക്കുന്നത്? വിവാഹം കഴിച്ചയച്ച പെണ്‍കുട്ടികളെ അവര്‍ എന്തുചെയ്യും? അസം സര്‍ക്കാര്‍ മുസ്ലിം വിരുദ്ധവും പക്ഷപാതപൂര്‍ണവുമാണ്- ഒവൈസി ആരോപിച്ചു. ഭര്‍ത്താക്കന്മാരെ ജയിലിലേക്ക് അയച്ചാല്‍ പിന്നെ പെണ്‍കുട്ടികളെ ആര് സംരക്ഷിക്കുമെന്നും ഹിമന്ത ബിസ്വ ശര്‍മ സംരക്ഷിക്കുമോയെന്നും ഒവൈസി ആരാഞ്ഞിരുന്നു.

ഇങ്ങനെയാണോ ഈ പ്രശ്‌നം പരിഹരിക്കേണ്ടത്?

ബാലവിവാഹവും മാതൃമരണനിരക്കും ശിശുമരണനിരക്കും ഗുരുതരമായ വിഷയങ്ങളാണ്. ഏറ്റവും മികച്ച രീതിയില്‍ ഇവയെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലവസരവും ഉറപ്പാക്കല്‍, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കല്‍, ബോധവത്കരണം തുടങ്ങിയവയാണ് മേല്‍പ്പറഞ്ഞ മൂന്നു വിഷയങ്ങളെയും പരിഹരിക്കാനുള്ള അടിസ്ഥാന ഉപകരണങ്ങള്‍. ഒരു സുപ്രഭാതത്തില്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങിയാല്‍, അത് ഫലപ്രദമായിക്കൊള്ളണമെന്നില്ല. നിയമനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ, പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലോ എന്നു ഭയന്ന് പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം പോലുമുണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ, മൂലകാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുകയാണ് വേണ്ടത്.

Content Highlights: Child marriages and mass arrest; Is the action of Assam Govt justified?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented