'സ്വര്‍ഗം' ഉപേക്ഷിച്ച് കാടിറങ്ങണം; കോടികളുണ്ടായിട്ടും പുനരധിവാസം നടക്കാതെ ചെട്ട്യാലത്തൂര്‍


കെ.പി നിജീഷ് കുമാര്‍



സ്വര്‍ഗം കടന്ന് ചെല്ലുമ്പോള്‍ നാലുപാടും കാടുകള്‍ കൊണ്ട് മതില്‍കെട്ടിയിട്ടത് പോലെ വിശാലമായ പാടം കാണം. അവിടവിടെ ആദിവാസി ഊരുകളും അപ്പുമാഷ് എന്ന 82 കാരന്റേയും കുടുംബത്തിന്റേയും വീടുകളും  ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂളുമാണ് സ്വര്‍ഗത്തിനുള്ളില്‍ ജീവിക്കുന്നവര്‍.

In Depth

ചെട്ട്യാലത്തൂരിലെ വീട്

സ്വർഗത്തിൽ എൺപത്തിരണ്ടുകാരനായ അപ്പു മാഷ് മാത്രമല്ല, ഇരുപത്തിമൂന്ന് ആദിവാസി കുടുംബങ്ങൾ കൂടിയുണ്ട്. കാടിനുള്ളിലെ ചെട്ട്യാലത്തൂർ എന്ന തങ്ങളുടെ ഗ്രാമത്തിന് ഇവർ തന്നെയിട്ട പേരാണ് സ്വർഗം. ചുറ്റും കാടാണ്. വൈദ്യുതിയില്ല, നല്ല റോഡില്ല, മൊബൈല്‍ ടവറില്ല. വന്യമൃഗങ്ങള്‍ നിത്യ സന്ദര്‍ശകരാണ്. ഇവരെ കാടിന് പുറത്തെത്തിച്ച് പുനരധിവസിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിനുള്ള പണം ബാങ്കിലിട്ടുകൊടുക്കുകയും ചെയ്തു. എന്നാൽ, ഇപ്പോഴും ഇല്ലായ്മകൾ ഏറെയുള്ള സ്വർഗം എന്ന തങ്ങളുടെ വനഗ്രാമം വിട്ടിറങ്ങാൻ ഇവർ ഒരുക്കമല്ല.അതിന് നിരവധി കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാങ്കിൽ കോടിക്കണക്കിന് രൂപ വെറുതെ കിടക്കുമ്പോഴും ഇവരുടെ ആശങ്കകൾക്ക് മാത്രം പരിഹാരമാവുന്നില്ല. ഗ്രാമവാസികളുടെ ആശങ്കകള്‍ക്ക് പരിഹാരമാകുന്നില്ല. പ്രശ്‌നപരിഹാരത്തിന് ആര് മുന്‍കൈ എടുക്കുമെന്ന് പോലും ആര്‍ക്കും വ്യക്തതയുമില്ല.

എപ്പോഴെത്തിയതെന്നോ എങ്ങനെയെത്തിയതെന്നോ അറിയാത്ത ഒരുപറ്റം മനുഷ്യരാണ് ചെട്ട്യാലത്തൂരിലുള്ളത്. ആദിവാസികള്‍ക്കൊപ്പം വയനാടന്‍ ചെട്ടിമാരും അവരുടെ 82-കാരന്‍ അപ്പുമാഷും പുറംലോകത്തിന്റെ വിശേഷങ്ങളില്‍ അത്ര ഇടപെടാതെയങ്ങനെ വന്യതയുടെ തണലില്‍ കാലങ്ങളായങ്ങനെ കഴിഞ്ഞുപോവുന്നു. സര്‍ക്കാരിന്റെ സ്വയം സന്നദ്ധ പുനരധിവാസത്തില്‍ ഉള്‍പ്പെട്ടതാണ് ചെട്ട്യാലത്തൂരെങ്കിലും കാടിനെ വിട്ടൊഴിയുന്നത് ഇവിടെയുള്ളവര്‍ക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്. പക്ഷെ ഒരിക്കല്‍ തങ്ങളുടെയടുത്തേക്കുമെത്താവുന്ന കാടിറക്കത്തെ ഭീതിയോടെ നോക്കി കാണുന്നുണ്ട് ഇവിടെയുളളവര്‍. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് സഞ്ചരിച്ച്, അഞ്ചു കിലോമിറ്ററോളമുള്ള ബോളര്‍ റോഡ് കടന്നാല്‍ ചെട്ട്യാലത്തൂരിലെത്താം. കാടിനെയറിഞ്ഞ് കാട്ടാനകളേയും മാനിനേയും മയിലിനേയും കണ്ട് മനസ്സ് നിറഞ്ഞ യാത്ര കഴിയുമ്പോഴേക്കും മണ്‍റോഡ് തീരുന്നിടത്ത് പഴയ ഇരുമ്പുഗേറ്റിന് അടുത്തായി സ്വര്‍ഗത്തിന്റെ പേര് കൊത്തിയ ബോര്‍ഡ് കാണം.



അപ്പുമാഷ്

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 20 കിമി തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് സഞ്ചരിക്കണം. അതിര്‍ത്തിയോട് അടുക്കുന്തോറും കാടിന്റെ വന്യതയെ അറിയാം. ഒറ്റപ്പെട്ട റോഡിലൂടെ ഇടക്കിടയ്ക്കിടെ മാത്രമുള്ള ആള്‍രൂപം മാത്രമാണ് മനുഷ്യവാസത്തിന്റെ തെളിവ്. അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു കുഞ്ഞുബോര്‍ഡുണ്ട്, ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂളിലേക്കുള്ള വഴികാണിക്കുന്നത്. അത് മാത്രമാണ് ചെട്ട്യാലത്തൂരിനെ തിരിച്ചറിയാനുള്ള മാര്‍ഗം. പിന്നെ കൊടും കാടിന് നടുവിലൂടെയുള്ള ബോളര്‍ റോഡാണ്. മാനും മയിലും കാട്ടാനയുമെല്ലാം പട്ടാപ്പകല്‍ പോലും വരവേല്‍ക്കാന്‍ നില്‍ക്കുന്നവരെ പോലെ കാണാം. അവരെ മൈന്‍ഡ് ചെയ്യാതെ വേണം ചെട്ട്യാലത്തൂരിലേക്ക് പോവാന്‍.

സ്വര്‍ഗം കടന്ന് ചെല്ലുമ്പോള്‍ നാലുപാടും കാടുകള്‍ കൊണ്ട് മതില്‍കെട്ടിയിട്ടത് പോലെ വിശാലമായ പാടം കാണം. അവിടവിടെ ആദിവാസി ഊരുകളും. അപ്പുമാഷ് എന്ന 82 കാരന്റേയും കുടുംബത്തിന്റേയും വീടുകളും ചെട്ട്യാലത്തൂര്‍ ഗവ.എല്‍.പി സ്‌കൂളുമാണ് സ്വര്‍ഗത്തിനുള്ളില്‍. അപ്പുമാഷ് പറഞ്ഞതനുസരിച്ച് രാവിലെ ഏഴ് മണിക്ക് മുന്നെ ഗ്രാമത്തിലെത്തിയെങ്കിലും നാട്ടുകാര്‍ തന്നെ തീര്‍ത്ത സോളാര്‍ ചെക്ക് പോസ്റ്റ് തുറക്കുന്നതും നോക്കി ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. വന്യമൃഗങ്ങള്‍ വീട്ടിനടുത്തേക്ക് എത്താതിരിക്കാനാണ് സോളാര്‍വേലി കെട്ടിയത്. ആനയും കാട്ടുപോത്തും മാനുമെല്ലാം ഇവിടത്തെ സ്ഥിരം സന്ദര്‍ശകരാണ്. എന്നും രാവിലെ 7.30 ഓടെ പണിസാധനങ്ങളും പണിക്കാരുമായി ഒരു ജീപ്പ് കടന്ന് പോവുന്നത് മാത്രമാണ് ഇവിടെയുള്ള പ്രധാന വാഹന ഗതാഗതം. ഈ ജീപ്പിലുള്ളവരാണ് ചെക്ക് പോസ്റ്റ് തുറക്കുന്നതും ആ ഗ്രാമത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നതും.

സര്‍ക്കാരിന്റെ സ്വയം പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് ചെട്ട്യാലത്തൂരെങ്കിലും വയനാട് ജില്ലയിലെ പലയിടത്തും പദ്ധതി മുന്നോട്ട് പോയപ്പോള്‍ ചെട്ട്യാലത്തൂര്‍ അതിനോട് മുഖംതിരിച്ചു. ജനിച്ചയിടം വിട്ടുപോവാനുള്ള മടിയും കാടിനപ്പുറമുള്ള ഒരു ജീവിതമില്ലാത്തവരുമായിരുന്നു ഇവിടെയുളളവര്‍. വനത്തിനുള്ളിലെ ഗ്രാമമായതിനാല്‍ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനത്തിനും വനം വകുപ്പ് സമ്മതിക്കില്ല. കല്ലിട്ട റോഡ് അമ്പേ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. വൈദ്യുതിയും മൊബൈല്‍ ടവറുമില്ല. വീട്ടുകാരുടെ പ്രധാന ആശ്രയം സോളാറും മണ്ണെണ്ണ വിളക്കുകളും മാത്രം.

ചെട്ട്യാലത്തൂര്‍

വയനാടന്‍ ചെട്ടിമാരുടെ കയ്യിലാണ് ഗ്രാമത്തിലെ പ്രധാന ഭൂമിയെങ്കിലും കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെ ഭൂമിയെല്ലാം തരിശ് നിലമായി. പട്ടാപ്പകല്‍ പോലും കാട്ടാനയുടെ സാന്നിധ്യം ചെട്ട്യാലത്തൂരില്‍ കാണാം. മാനും മയിലും കുടുംബാംഗങ്ങളെ പോലെ കറങ്ങി നടക്കും. കൃഷിയും ഉപജീവനമാര്‍ഗവും കഷ്ടമായതോടെ ചെട്ടിമാരില്‍ പലരും വീടും സ്ഥലവും ഉപേക്ഷിച്ച് പോയപ്പോള്‍ ഇവിടെ ബാക്കിയായവരാണ്‌
അപ്പുമാഷിന്റേ കുടുംബവും ആദിവാസി ഊരുകളും. കാപ്പിയും കുരുമുളകും കാലിവളര്‍ത്തലുമെല്ലാം കൊണ്ട് അപ്പുമാഷ് ആദിവാസി ജനങ്ങള്‍ക്ക് ജോലി നല്‍കുന്നു. പുറത്തു നിന്നെത്തി ചെട്ട്യാലത്തൂരില്‍ സ്ഥലം വാങ്ങി കുടിലുകളുണ്ടാക്കി ഇടയ്ക്കിടയ്ക്ക് താമസിക്കാനെത്തുന്നവരുമുണ്ട്. തന്റെ മുത്തച്ഛന്റെ കാലം മുതല്‍ക്കും മുമ്പേ ഇവിടെ എത്തിയവരാണ് തങ്ങളെന്ന് പറയുന്നു അപ്പുമാഷ്. ചെട്ട്യാലത്തൂരിലും അവിടെ നിന്ന് നടന്ന് നഗരത്തിലെത്തിയും പഠിച്ച് അപ്പുമാഷായി. പിന്നെ സ്വര്‍ഗത്തിന്റെ സ്വന്തം മാഷായി.

സ്വയം ഒഴിഞ്ഞുപോവല്‍ വനം വകുപ്പ് ലക്ഷ്യം

മനുഷ്യ- വന്യമൃഗ സംഘര്‍ഷം രൂക്ഷമായതും മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വനവിസ്തൃതിയുണ്ടാവാത്തതുമാണ് സ്വയം പുനരധിവാസ പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാട്ടിനുള്ളില്‍ താമസിക്കുന്നവരെ കാടിറക്കി നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1996-ല്‍ ആണ് സ്വയം പുനരിധിവാസ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം സര്‍ക്കാര്‍ ആരംഭിച്ചത്. പല ചര്‍ച്ചകള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വന്നത് 2012-ലും. കാട്ടിനുള്ളില്‍ നിന്നും മാറി താമസിക്കാന്‍ തയ്യാറാവുന്ന ഒരു കുടുംബത്തിന് ആദ്യം പത്ത് ലക്ഷം രൂപയായിരുന്നു വാഗ്ദാനം. പിന്നീടത് പതിനഞ്ച് ലക്ഷം രൂപയാക്കി.

ചെട്ട്യാലത്തൂര്‍ യാത്രയില്‍ കണ്ട കാട്ടാന

ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും പ്രായപൂര്‍ത്തിയായ രണ്ട് മക്കളുമുണ്ടെങ്കില്‍ അവരെ മൂന്നുകുടുംബങ്ങളായി കണക്കാക്കും. പ്രായപൂര്‍ത്തിയായ രണ്ട് മക്കളെ വ്യത്യസ്ത കുടുംബങ്ങളായി പരിഗണിക്കും. അവര്‍ക്ക് എല്ലാംകൂടി 45 ലക്ഷം രൂപ ലഭിക്കും. എന്നാല്‍ ഈ മാനദണ്ഡം ശരിയെല്ലെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്. നിലവില്‍ പത്ത് സെന്റ് സ്ഥലമുള്ള ഒരു വീട്ടില്‍ ചിലപ്പോള്‍ മൂന്നോ നാലോ യോഗ്യതാ കുടുംബങ്ങളുണ്ടാവും. അവര്‍ക്ക് കണക്ക് പ്രകാരം 60 ലക്ഷം രൂപ ലഭിക്കും. അതേസ്ഥാനത്ത് പത്തേക്കര്‍ ഭൂസ്വത്തുണ്ടായിട്ടും ആ കുടുംബത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളും അച്ഛനും അമ്മയുമാണുള്ളതെങ്കില്‍ അവരെ ഒറ്റകുടുംബമായി കണക്കാക്കി 15 ലക്ഷം രൂപയേ നല്‍കുകയുള്ളൂ. ഗ്രാമത്തിന് പുറത്തുപോയി ഇവര്‍ക്ക് ഭൂമി വാങ്ങാനോ ജീവിക്കാനോ സാധിക്കുകയുമില്ല. വന്യമൃഗശല്യം രൂക്ഷമായി ജീവന് തന്നെ ഭീഷണിയായതോടെ ഭൂമിയും കിടപ്പാടവും ഉപേക്ഷിച്ച് രക്ഷയില്ലാതെ പോയവരാണ് പലരും.

ചെട്ട്യാലത്തൂര്‍ വഴിയിലെ മാന്‍കൂട്ടങ്ങള്‍

സ്വയം ഒഴിഞ്ഞുപോവട്ടെയെന്ന നിലപാടാണ് ചെട്ട്യാലത്തൂകാരോട്‌ വനംവകുപ്പ് കൈക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പല പല നൂലാമാലകള്‍ പറഞ്ഞ് ഇവരെ വിലക്കുകയാണ്. മനുഷ്യ-മൃഗ സംഘര്‍ഷം രൂക്ഷമാവുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിക്കപ്പെടുന്നത് മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വനവിസ്തൃതിയില്ല എന്നതാണ്. വിശാലമായ പാടശേഖരവും തോടും കാടുമെല്ലാമുള്ള ചെട്ട്യാലത്തൂര്‍ വനം വകുപ്പിന് വിട്ടുകൊടുത്താല്‍ ഇത് വനത്തിന്റെ ഭാഗമായി മാറും. മൃഗങ്ങള്‍ക്കിവിടെ സൈ്വര്യമായി വിഹരിക്കാം. പക്ഷെ തുച്ഛമായ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വാദമാണ് അപ്പുമാഷെ പോലുള്ളവര്‍ ഉയർത്തുന്നത്. ഒപ്പം ജനിച്ച മണ്ണ് വിട്ടുപോവാന്‍ മടികാണിക്കുന്ന ആദിവാസി വിഭാഗങ്ങളുമുണ്ട്. ജനിച്ച മണ്ണ് വിട്ടുപോയാല്‍ ദൈവങ്ങള്‍ തങ്ങളെ കൈവിടുമെന്ന് പറയുന്നു താമസക്കാര്‍.

ചെട്ട്യാലത്തൂരിലെ താമസക്കാര്‍

തങ്ങള്‍ക്കാവശ്യമായ കാട്ടുവിഭവങ്ങളടക്കം എല്ലാമിവിടെ സുലഭമായി കിട്ടും. പിന്നെയെന്തിന് ഇവിടെ നിന്ന് പോവണമെന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്. റോഡ് നന്നാക്കാത്തതും വന്യമൃഗ ശല്യവും മൂലം ഗ്രാമത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് ദുഷ്‌കരമായ കാര്യമാണ്. വഴിയില്‍ എപ്പോഴും വന്യമൃഗങ്ങളെ കാണാം. രാത്രിയില്‍ പുറത്തിറങ്ങുന്നതേ ചിന്തിക്കാന്‍ പറ്റില്ല. കൊല്ലം, ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലായി 218.37 ഹെക്ടര്‍ ഭൂമിയില്‍നിന്ന് 683 കുടുംബങ്ങളെ ഒഴിപ്പിച്ചെടുക്കാനാണ് 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ 105.91 കോടിയുടെ സ്വയം പുനരധിവാസ പദ്ധതി തയാറാക്കിയത്. വനത്തിനുള്ളിലെ സ്വകാര്യതോട്ടങ്ങള്‍ ഏറ്റെടുക്കല്‍, കണ്ടല്‍ വനവത്കരണം തുടങ്ങിയവ ഉള്‍പ്പെടെ 130 കോടിയുടേതായിരുന്നു പദ്ധതി.

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പണം ജോയിന്റ് അക്കൗണ്ടിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചെട്ട്യാലത്തൂരിലെ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ മിക്ക ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിന് പുറത്തേക്ക് താമസം മാറ്റാനായിട്ടില്ല. ചെട്ട്യാലത്തൂരില്‍ 41 പണിയ കാട്ടുനായ്ക്ക കുടുംബങ്ങളാണുള്ളത്. ഇതില്‍ 23 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഫണ്ട് 2019 ജനുവരിയില്‍ ലഭ്യമായതാണ്. ആകെ 140 യോഗ്യതാകുടുംബങ്ങളാണ് ചെട്ട്യാലത്തൂരില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഴുവന്‍ തുകയും ലഭിച്ച പട്ടികവര്‍ഗത്തിലെ മുള്ളുക്കുറുമ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ വനത്തിനു പുറത്തേക്ക് താമസം മാറ്റിയിട്ടുണ്ട്. മുള്ളുക്കുറുമ കുടുംബങ്ങള്‍ക്ക് സ്വന്തം അക്കൗണ്ടിലാണ് പണം ലഭ്യമാക്കിയത്. ധനം യഥാവിധം വിനിയോഗിക്കാന്‍ ശേഷിയില്ലാത്തവരെന്ന അധികാരികളുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള ഫണ്ട് ജോയിന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്.

ചെട്ട്യാലത്തൂരിലെ കുട്ടികള്‍

പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തു ഭൂമി വാങ്ങി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്തം പദ്ധതി ജില്ലാതല നിര്‍വഹണ സമിതിക്കാണ്. ജില്ലാ കലക്ടറാണ് സമിതി ചെയര്‍മാന്‍. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് സെക്രട്ടറി. ചെട്ട്യാലത്തൂരിലുള്ളതില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ 19
കുടുംബങ്ങള്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കു പുറത്താണ്. പുനരധിവാസത്തിനു സന്നദ്ധരല്ലാത്തവരാണ് ഇതില്‍ ഏതാനും കുടുംബങ്ങള്‍. പദ്ധതി ഗുണഭോക്താക്കളല്ലാത്ത ചെട്ടി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും ചെട്ട്യാലത്തൂരിലുണ്ട്. ഏകദേശം 50 ഏക്കര്‍ ഭൂമിയാണ് ഈ കുടുംബങ്ങളുടെ കൈവശം. മാന്യമായ ഭൂവിലയും നഷ്ടപരിഹാരവും ലഭിച്ചാലേ പുനരധിവാസത്തിനു സന്നദ്ധമാകൂ എന്ന നിലപാടിലാണ് ചെട്ടി കുടുംബങ്ങള്‍.

ചെട്ട്യാലത്തൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍

അഞ്ചും പത്തും എക്കര്‍ പട്ടയഭൂമിയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമുള്ള തുക കൈപ്പറ്റി താമസം മാറ്റുന്നത് കനത്ത നഷ്ടമാണ്. സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചു നടപ്പിലാക്കുന്നതാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി. ചെട്ട്യാലത്തൂരിലെ പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുമ്പോള്‍ 250 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പിനു ലഭിക്കുക. മുഴുവന്‍ കുടുംബങ്ങളും ഗ്രാമം വിട്ടാല്‍ 300 ഏക്കര്‍ കൃഷിഭൂമി വനഭൂമിയായി മാറും.

Content Highlights: chettyalathur a forest village in wayanad known as heaven


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented