ഈഫൽ മാത്രമല്ല, ചൈനയും താഴേയാണ് കശ്മീരിലെ ഈ വിസ്മയത്തിന് മുന്നിൽ


അഖില്‍ ശിവാനന്ദ്പ്രതികൂല കാലാവസ്ഥകളിൽപ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ പാലത്തിനാവും. സലാൽ എ- ദുഗ്ഗ റെയിൽവേ സ്റ്റേഷനുകളെയാണ് ബന്ധിപ്പിക്കുക. ഉധംപുർ- ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന്റെ ഭാഗമായി ഉത്തര റെയിൽവേയാണ് നിർമിക്കുന്നത്.

Chenab bridge | Photo: ANI

രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് കശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരകൂടുതലാണിത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന ചെനാബ് ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍, സ്പിതി ജില്ലകളിലെ അപ്പര്‍ ഹിമാലയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്.

സാലാല്‍-എ, ദുഗ്ഗ റെയില്‍വേ സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തുന്നതാണ്. ഉധംപുര്‍ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്റെ ഭാഗമാണ് ചെനാബ് റെയില്‍പ്പാലം. കശ്മീര്‍ റെയില്‍വെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ചെനാബ് പാലം. 28,000 കോടി ചെലവില്‍ പണിയുന്ന ഉധംപുര്‍- ശ്രീനഗര്‍- ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഉത്തര റെയില്‍വേയ്ക്ക് വേണ്ടി അഫ്‌കോണ്‍സ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്.

ചെനാബ് റെയില്‍പ്പാലത്തിന്റെ സവിശേഷതകള്‍

 • കശ്മീര്‍ താഴ്​വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണച്ചെലവ് 1486 കോടി രൂപ
 • ചെനാബ് നദീ തടത്തില്‍ നിന്ന് 359 മീറ്റര്‍ ഉയരം
 • ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതല്‍
 • പാലത്തിന്റെ ആകെ നീളം 1,315 മീറ്റര്‍
 • പ്രധാന ഭാഗം 467 മീറ്റര്‍ നീളമുള്ള കമാനം
 • പാലത്തിനെ താങ്ങി നിര്‍ത്തുന്നത് 17 തൂണുകള്‍
 • പാലത്തിന് മുകളിലൂടെ അനുവദിക്കുന്ന പരമാവധി വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍
സുരക്ഷാ സവിശേഷതകള്‍

 • വലിയ ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 633 എംഎം സ്റ്റീലില്‍ നിര്‍മാണം
 • റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി
 • ശക്തിയേറിയ സ്ഫോടനങ്ങളെ അതിജീവിക്കാനുള്ള ശേഷി
 • 266 കിമി വേഗതയുള്ള കാറ്റിനെയും പ്രതിരോധിക്കാനുള്ള ശേഷി
 • പാലത്തിന്റെ ആയുസ്സ് 120 വര്‍ഷമാണെന്ന് കണക്കാക്കപ്പെടുന്നു
Photo: Screengrab from AFCONS/ youtube.com

നിര്‍മാണം ആരംഭിച്ചത് 2004-ല്‍

ഉധംപുരിനേയും കശ്മീര്‍ താഴ്‌വരയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയേയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിക്കുന്ന ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍പാതയെ ദേശീയ പദ്ധതിയായി 2002- ലാണ് ഉത്തര റെയില്‍വേ പ്രഖ്യാപിക്കുന്നത്. നീളമേറിയ തുരങ്കങ്ങളും പാലങ്ങളും നിര്‍മിക്കണമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ പ്രദേശത്തുകൂടി കടുന്നുപോകുന്ന റെയില്‍വേ ലൈന്‍ പദ്ധതിക്ക് കാലാവസ്ഥയടക്കം തുടക്കംമുതല്‍ തന്നെ വെല്ലുവിളിയായി. പാതയിലെ മറ്റൊരു പ്രധാന വെല്ലുവിളിയായിരുന്നു ചെനാബ് നദിക്ക് കുറുകേയുള്ള പാലം.

ചെനാബ് പാലത്തിന്റെ പ്രാരംഭനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2004-ലാണ് ആരംഭിക്കുന്നത്. അത്യാധുനിക ടെക്ല സോഫ്റ്റ്​വെയർ ഉപയോഗിച്ചാണ് ഘടന രൂപകല്പന ചെയ്തത്. അന്ന് അധികാരത്തിലിരുന്ന വാജ്പേയി സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. പാലത്തിന്റെ പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 2004 ല്‍ തന്നെ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

മേഖലയില്‍ അതിവേഗത്തില്‍ കാറ്റ് വീശുന്നത് യാത്രക്കാര്‍ക്ക് അപകടകരമായേക്കുമെന്ന നിഗമനത്തില്‍ പാലത്തിന്റെ നിര്‍മാണം ഇടക്ക് നിര്‍ത്തിവച്ചിരുന്നു. 2017- ലാണ് പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. 2019 അവസാനത്തോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍മൂലം 2018-ല്‍ വീണ്ടും പദ്ധതി മുടങ്ങി. പിന്നാലെ വന്ന കോവിഡ് പ്രതിസന്ധി വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി.

ഇത്തരമൊരു പാലം രാജ്യത്ത് ആദ്യം

സ്റ്റീല്‍ ആര്‍ച്ച് ബ്രിഡ്ജായ ചെനാബ് റെയില്‍പ്പാലം ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ വലിയ നിര്‍മിതിയാണ്. അതിനാല്‍ തന്നെ പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ പൂര്‍വമാതൃകകള്‍ രാജ്യത്തില്ലായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള സ്റ്റീല്‍ ആര്‍ച്ച് പാലങ്ങളെ മാതൃകയാക്കിയാണ് നമ്മുടെ എഞ്ചിനീയര്‍മാര്‍ പാലം ഡിസൈന്‍ ചെയ്തിരിക്കന്നത്. കശ്മീരിലെ തണുപ്പിന്റെ കാഠിന്യം അറിയാവുന്നതിനാല്‍ മൈനസ് 10 മുതല്‍ 40 വരെ ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും കോട്ടംതട്ടാത്ത ഉരുക്കാണ് പാലത്തിന്റെ ഉപയോഗിച്ചിരിക്കുന്നത്.

28,660 മെട്രിക് ടണ്‍ ഉരുക്ക് ഉപയോഗിച്ചുള്ള പാലത്തിന് 17 പില്ലറുണ്ട്. 10,619 മെട്രിക് ടണ്‍ ആണ് ആര്‍ച്ചിന്റെ ഭാരം. 100 കിലോമീറ്റര്‍ വേഗത്തില്‍ ഇതിലൂടെ തീവണ്ടികള്‍ക്ക് ഓടാം. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദീതടത്തില്‍നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ 1,315 മീറ്റര്‍ നീളത്തിലാണ് ഈ പാലം. ഇതോടെ നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ ചൈനയിലെ ഷ്യൂബായ് റെയില്‍വേ പാലത്തെ മറികടക്കാനും ചെനാബ് പാലത്തിനാവും. ചൈനയിലെ ഗയ്ഷു പ്രവിശ്യയില്‍ ബിപാന്‍ജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റര്‍ ഉയരത്തിലുള്ള പാലം ഇതോടെ ഉയരത്തില്‍ രണ്ടാമതാകും.

ചെനാബ് റെയില്‍പ്പാലത്തിന്റെ മാതൃക | Photo: UNI

ചെലവ് 1486 കോടി രൂപ

ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് അഭിമാനം ഉയര്‍ത്തുന്ന പാലത്തിന്റെ നിര്‍മാണച്ചെലവ് 1486 കോടി രൂപയാണ്. ഭൂകമ്പമാപിനിയില്‍ എട്ട് വരെ തീവ്രതയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ട്. കൂടാതെ തീവ്ര സ്‌ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. അതിനാല്‍ തന്നെ പ്രതികൂല കാലാവസ്ഥകളില്‍പ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പാലത്തിനാവും. ബാരാമുള്ളയെയും ശ്രീനഗറിനെയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ ഈ റൂട്ടിലെ സഞ്ചാരസമയം ഗണ്യമായി കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ട്രെയിനുകള്‍ ഇതോടെ യാതൊരു തടസ്സവുമില്ലാതെ കശ്മീരിലേക്ക് എത്താം.

120 വര്‍ഷത്തെ ആയുസ് പ്രതീക്ഷിക്കുന്ന പാലത്തില്‍കൂടി 100 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. 260 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെ നേരിടാനും പാലത്തിന് കഴിയും. പാലത്തിന് ആകെ 93 ഡെക് സെഗ്മെന്റുകളാണുള്ളത്. ഓരോന്നിനും 85 ടണ്ണോളമാണ് ഭാരം. 17 സ്പാനുകളിലായി നിര്‍മിക്കുന്ന പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത 467 മീറ്റര്‍ നീളമുള്ള കമാനമാണ്. 1,400 കോടി രൂപയ്ക്ക് മുകളില്‍ ചെലവഴിച്ച് നിര്‍മിച്ച പാലത്തിന്റെ ഏറ്റവും പ്രയാസമേറിയ ഭാഗമാണ് ഈ കമാനം. 10,619 മെട്രിക് ടണ്‍ ഭാരമാണ് ഈ ആര്‍ച്ചിനുള്ളത്. സമീപകാല ചരിത്രത്തില്‍ ഇന്ത്യയിലെ റെയില്‍വേ പദ്ധതികള്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ സിവില്‍ എഞ്ചിനീയറിങ് വെല്ലുവിളിയായിരുന്നു ഭാരമേറിയ ഈ ആര്‍ച്ച് സ്ഥാപിച്ചത്. ആര്‍ച്ച് സ്ഥാപിക്കുകയായിരുന്നു വലിയ വെല്ലുവിളിയെന്ന് നിര്‍മാണ കമ്പനി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗിരിധര്‍ രാജഗോപാലന്‍ പ്രതികരിച്ചത്.

Content Highlights: Chenab Rail Bridge Railways completes world's highest rail bridge arch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented