.
അന്നേ ദിവസം നേരം പുലരുമ്പോള്‍ മുതല്‍ മോന്തിയാകും വരെ അന്നാട്ടിലെ ചെക്കന്മാരും അച്ഛന്മാരും വല്ല്യച്ഛന്മാരും എളേപ്പന്മാരും മാമന്മാരും അച്ഛാച്ചന്മാരുമെല്ലാം ഓട്ടത്തിലായിരിക്കും. വെറും ഓട്ടമല്ല. വീടായ വീടൊക്കെ കേറിയിറങ്ങി, അവര്‍ക്ക് വേണ്ടി പടിഞ്ഞാറ്റകത്ത് വെച്ചതൊക്കെ തിന്നും കുടിച്ചുമുള്ള ഓട്ടം. അരമുണ്ട് കെട്ടിയ ആണുങ്ങള്‍ നാട്ടിടവഴികളിലൂടെ, കുന്നു കേറിയും പുഴ നീന്തിയുമെല്ലാം ഓടുന്നു. ചങ്ങായം (ചങ്ങാത്തം) ചോദിക്കല്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നു. തെക്കന്‍ കാസര്‍കോടന്‍ ഗ്രാമമായ ചെറുവത്തൂരില്‍, മീനമാസത്തില്‍ കണ്ടുവരുന്ന ഒരു നാട്ടുകാഴ്ചയാണിത്. ചെറുവത്തൂര്‍ വയല്‍ക്കര ഭഗവതി ക്ഷേത്രത്തിലും നെല്ലിക്കാതുരുത്തി കഴകത്തിലും മാത്രം നിലനിന്നുപോരുന്ന അപൂര്‍വം നാട്ടാചാരങ്ങളിലൊന്ന്.
അന്നാട്ടുകാര്‍ പൂരക്കാലത്തെ വരവേല്‍ക്കുന്നത് ഇങ്ങനെയാണ്. പൂരമെന്ന് വെച്ചാല്‍ ആനയും അമ്പാരിയുമില്ലാത്ത പൂരം. നരയന്‍പൂവിന്റെ കാട്ടുമണവും ചെമ്പകത്തിന്റെ നാട്ടുമണവുമുള്ള പൂരം. പൂരക്കുഞ്ഞുങ്ങളുടെയും പൂരക്കളിയുടെയും പൂരം. കാമന്റെ പൂരം. കേരളത്തിന്റെ മറ്റ് നാടുകളിലെ പൂരവും ഉത്തരകേരളത്തിലെ പൂരവും തമ്മില്‍ തിരുവനന്തപുരവും കാസര്‍കോടും തമ്മിലുള്ളതിനേക്കാള്‍ വ്യത്യാസമുണ്ടാകും. ഒരു പക്ഷേ, അതിനേക്കാളേറെ. വസന്തോത്സവമാണ് വടക്കിന്റെ പൂരം. മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെ ആഘോഷം നീണ്ടുനില്‍ക്കുന്നു. ഒമ്പത് ദിവസങ്ങളില്‍ വീട്ടിലും തറവാടുകളിലുമായി ഋതുമതികളാകാത്ത പെണ്‍കുട്ടികള്‍ പൂവിട്ട് കാമദേവനെ ആരാധിക്കുന്നു. ചിലയിടങ്ങളില്‍ അഞ്ചും മൂന്നും ദിവസങ്ങളായും ഇത് ചുരുങ്ങുന്നു.
പൂരക്കാലത്ത് രാവിലെ കുളിച്ച്, കോടിമുണ്ട് ഉടുത്ത്, കൈനിറയെ വളകള്‍ അണിഞ്ഞെത്തുന്ന പൂരക്കുഞ്ഞുങ്ങളുടെ ഇരുകൈകളിലേക്കും വീട്ടിലെ തല മുതിര്‍ന്ന സ്ത്രീ പൂക്കൊട്ടയിലെ പൂക്കളെടുത്ത് കൊടുക്കുന്നു. പടിഞ്ഞാറ്റകത്ത് വെച്ച പൂരപ്പലകയിലേക്ക് പൂവിട്ട് പൂരക്കുഞ്ഞുങ്ങള്‍ കാമനെ ആരാധിക്കുന്നു. കിണറ്റിന്‍കരയിലും പൂവിടുന്ന പതിവുമുണ്ട്. വടക്കിലെ പെണ്‍കുട്ടികള്‍ ഓണക്കാലത്തെന്ന പോലെ പൂരക്കാലത്തും പൂക്കൊട്ടയുമെടുത്ത് പൂ പറിക്കാന്‍ പോകുന്നു. മീനച്ചൂടില്‍ പൂത്തുനില്‍ക്കുന്ന മരങ്ങളിലെ പൂക്കളാണ് പൂരത്തിന്റെ പ്രധാന പൂക്കള്‍. ചെമ്പകം, മുരിക്കുംപൂ, നരയന്‍ പൂ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. കാട് കേറിയും കുന്ന് കേറിയുമൊക്കെ പൂരക്കുഞ്ഞുങ്ങള്‍ പൂക്കള്‍ ശേഖരിക്കുന്നു.
ക്ഷേത്രങ്ങളിലും പൂരപ്പന്തലുകളിലും പുരുഷന്മാര്‍ പൂരക്കളി ചുവടുകള്‍ വെക്കുന്നു. ആണും പെണ്ണും ഇവിടെയും ഇരുധ്രുവങ്ങളില്‍ നില്‍ക്കുന്നു. ആണുങ്ങള്‍ മെയ്ക്കരുത്തിന്റെ പൂരക്കളി ചവിട്ടുമ്പോള്‍ പൂനുള്ളലാണ് പെണ്ണുങ്ങള്‍ക്ക്. എന്നാല്‍, പൂരക്കളിയുടെ പിന്നിലെ കഥ കേട്ടാല്‍ പൂരോത്സവം മുഴുവനായും പെണ്ണുങ്ങള്‍ക്ക് തീറെഴുതി കൊടുത്തതാണെന്ന് തോന്നിപ്പോകും. ഒരു കാലത്ത് പെണ്ണുങ്ങളുടേതായിരുന്നു പൂരക്കളി. ക്രമേണ അത് ആണുങ്ങളുടെ കലാരൂപമായി മാറി. എന്നാല്‍ ഇന്ന് ചില വനിതാ കൂട്ടായ്മകളും മറ്റും പൂരക്കളിയെ സ്ത്രീകളുടെ കൂടി കലാരൂപമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. മാറ്റത്തിന് മുന്‍കൈയെടുക്കുന്നു.

പുരാണത്തിലെ കാമദഹനവുമായിട്ടാണ് പൂരത്തിന്റെയും പൂരക്കളിയുടെയും ഐതിഹ്യം ബന്ധപ്പെട്ട് കിടക്കുന്നത്. തന്റെ തപസ്സിളക്കാന്‍ വന്ന കാമദേവനെ ശിവന്‍ തൃക്കണ്ണ് തുറന്ന് ഭസ്മമാക്കിയെന്നാണല്ലോ കഥ. ഇതോടെ താളം തെറ്റിയ പ്രകൃത്രിയെയും മനുഷ്യനെയും പഴയപടിയാക്കാനായി സ്വര്‍ഗത്തിലെയും പതാളത്തിലെയും ഭൂമിയിലെയും 18 സ്ത്രീകള്‍ വിഷ്ണുവിനെ സമീപിച്ചു. ഉര്‍വശി, മേനക, രംഭ, തിലോത്തമ, അരുന്ധതി, ചിത്രലേഖ, രത്‌ന, ഭൂദേവി, ഗംഗാദേവി, രതീദേവി, വാഗ്‌ദേവി, ശ്രീദേവി, ഗിരിജാ ദേവി, അഹല്യ, സീത, താര, മണ്ഡോദരി, ദ്രൗപദി എന്നീ 18 സ്ത്രീകള്‍ 18 തരം പൂക്കളര്‍പ്പിച്ച്, 18 തരം ചുവടുകള്‍ വെച്ച് നൃത്തമാടി. കാമന്റെ തിരിച്ചുവരവിന് കാരണക്കാരായി മാറി. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് പൂരമെന്നാണ് വിശ്വാസം. ഈ പെണ്‍ചുവടുകളാണ് പിന്നീട് പൂരക്കളിയായി മാറിയത്.
പൂരോത്സവത്തിന് മുന്നോടിയായി നടത്തുന്ന ചങ്ങായം ചോദിക്കല്‍ ദിവസം, ഉദയത്തിന് മുന്നേ പൂരപ്പന്തലില്‍നിന്നു ' നാരായണാ വാസുദേവാ' ശീലുകള്‍ ഉയരുന്നു. പൂരക്കളിയിലെ പതിനെട്ട് നിറങ്ങളും (കളികള്‍) കളിച്ച്, ആര്‍പ്പുവിളികളോടെ ദേശസഞ്ചാരത്തിന് പുറപ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ആളിനെ പ്രധാനിയാക്കിയാണ് ഈ ഓട്ടം. ചല്ലനും ചുറയും അഥവാ പൂരക്കളി വസ്ത്രം ധരിച്ച പ്രധാനി, സഹായിക്കൊപ്പം ക്ഷേത്രപരിധിയിലെ വീടുകളിലെല്ലാം കയറിയിറങ്ങണം. ചങ്ങായം ചോദിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ വീട്ടുകാര്‍, നിലവിളക്ക് കത്തിച്ച് അവര്‍ക്ക് കഴിക്കാന്‍ പ്രത്യേകം ഭക്ഷണം ഉണ്ടാക്കിവെക്കുന്നു. പഴവര്‍ഗങ്ങള്‍ മുതല്‍ പയര്‍ പുഴുങ്ങിയത് വരെ ഇതില്‍പ്പെടും. ചില വീടുകളില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കുന്ന പതിവുമുണ്ട്. പുഴ നീന്തി കടക്കേണ്ടി വരുമ്പോള്‍ സംഘപ്രധാനിയെ മറ്റുള്ളവര്‍ ചുമലിലേറ്റി മറുകരയില്‍ എത്തിക്കാറാണ് പതിവ്.
മീനമാസച്ചൂടിൽ നഗ്‌നപാദരായി, ഓടിത്തളര്‍ന്ന സംഘം അസ്തമയത്തിന് മുമ്പ് പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തുന്നു. കളിപ്പന്തലിലേക്ക് കേറുന്നതിന് മുമ്പ് ആര്‍ക്കെങ്കിലും പരാതി ഉണ്ടോന്ന് അന്വേഷിക്കും. ഏതെങ്കിലും വീട്ടില്‍ കയറാന്‍ വിട്ടുപോയെന്നോ മറ്റോ ആരെങ്കിലും പരാതി പറഞ്ഞാല്‍ വീണ്ടും ആ വീട് കയറിയിറങ്ങി വന്നാല്‍ മാത്രമേ പന്തലില്‍ കേറാന്‍ കഴിയൂ. തിരിച്ചെത്തിയ ശേഷം വീണ്ടും പൂരക്കളി ആരംഭിക്കുന്നു. കളി കാണാന്‍ വേണ്ടി നാട് മുഴുവനും അപ്പോഴേക്കും പന്തലില്‍ എത്തിയിട്ടുണ്ടാവും. പൂരക്കളിയുടെ താളത്തിലാവും പിന്നെ നാടിന്റെ ഊണും ഉറക്കവുമെല്ലാം. ചങ്ങായം ചോദിക്കല്‍ ചടങ്ങിന് പിന്നാലെ വരും ദിവസങ്ങളില്‍ പന്തലില്‍ കളിമാറല്‍, മറത്തുകളി തുടങ്ങിയ പൂരക്കളി ചടങ്ങുകള്‍ നടക്കുന്നു. പൂരംകുളിയോടെയാണ് പൂരക്കാലത്തിന് അവസാനം കുറിക്കുന്നത്. പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും തിരുവായുധങ്ങളും നീരണിയിക്കല്‍ ചടങ്ങാണിത്. 'കുട തുള്ളുക' എന്ന ആചാരവും ചിലയിടങ്ങളില്‍ നടക്കുന്നു. ക്ഷേത്രത്തിലെ പ്രധാനികളിലൊരാള്‍ ഓലക്കുടയും എടുത്ത് ക്ഷേത്രക്കിണറുകളിലേക്കോ സമീപത്തെ പുഴകളിലേക്കോ എടുത്തുചാടുന്ന ആചാരമാണിത്.

പൂരംകുളി ദിവസം പൂരക്കുഞ്ഞുങ്ങളാകട്ടെ കാമനെ യാത്രയാക്കാനുള്ള ഒരുക്കത്തിലാവും. പൂരക്കുഞ്ഞുങ്ങളുള്ള വീടുകളിലെല്ലാം അന്ന് പൂരക്കഞ്ഞി ഉണ്ടാക്കി, അയല്‍വീടുകളുമായി പങ്കുവെക്കുന്നു. അവസാനനാളിലേക്കായി പൂക്കളുപയോഗിച്ച് കാമരൂപവുമുണ്ടാക്കുന്ന പതിവുണ്ട്. നരയന്‍പ്പൂ ശരീരവും എരിക്കിന്‍പ്പൂ മാലകളും ചെമ്പകപ്പൂ അരമണിയുമൊക്കെയുള്ള പൂക്കാമന്‍ വീട്ടകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയ്ക്ക് ഒരിത്തിരി ചന്തം കൂടുതലാണ്. പൂരനാളുകളില്‍ കാമനര്‍പ്പിച്ച പൂക്കളെല്ലാം അവസാനദിവസം വൈകിട്ട്, നിലവിളക്ക് കൊളുത്തി, പ്ലാവിന്‍ ചുവട്ടിലെ മടഞ്ഞുവെച്ച ഓലയിലേക്ക് അര്‍പ്പിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ പൂരടയും നിവേദിക്കുന്നു. 'ഇനിയത്തെ കൊല്ലവും നേരത്തേ കാലത്തേ വരണേ കാമാ...' തുടങ്ങിയ നാട്ടുമൊഴികള്‍ ചൊല്ലി, ചിരട്ട കൊട്ടി കാമനെ യാത്രയാക്കുന്നു.
കളിയാട്ടങ്ങള്‍ക്കും തെയ്യങ്ങള്‍ക്കുമൊപ്പം തന്നെ ഉത്തരമലബാറിലെ പൂരങ്ങളും അറിയപ്പെടേണ്ടതുണ്ട്. തെയ്യങ്ങളെ കുറിച്ച് എണ്ണമറ്റ എഴുത്തുകളും വായനകളുമുണ്ടാകുമ്പോഴും അധികം വായനകള്‍ക്ക് വിധേയമാകാത്തവയാണ് ഇത്തരം പൂരോത്സവങ്ങളും പാട്ടുത്സവങ്ങളും. ഒരുപാട് അടരുകളുള്ള പൂരോത്സവത്തില്‍ മിത്തുകളും കലകളും ചരിത്രങ്ങളും നാട്ടുചരിതങ്ങളുമെല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്നു. ഇവയെല്ലാം മണ്ണിനോടും മനസ്സിനോടും ചേര്‍ന്നുനില്‍ക്കുന്നു. ചിലതൊക്കെ കാലഹരണപ്പെട്ടതാണെന്ന തോന്നലുകളുണ്ടാക്കുമ്പോഴും കെട്ടിപ്പൂട്ടിവെച്ച ഓര്‍മകള്‍ക്ക് മണവും രുചിയും കാഴ്ചയും പകരുന്നു.
Content Highlights: changayam chodikkal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..