ഇത് നല്ല സമയമാണ്, മോശം സമയവുമാണ്...! ജി-20 തലപ്പത്തേക്ക് ഇന്ത്യ എത്തുമ്പോള്‍


കെ.പ്രകാശന്‍

6 min read
Read later
Print
Share

ജി-20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്ന സുപ്രധാനമായ വെല്ലുവിളികള്‍ എന്തൊക്കെയാവാം?

പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: Getty Images

ഷ്യന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 1999-ലാണ് ജി-20 കൂട്ടായ്മ രൂപപ്പെടുന്നത്. ലോകം അത്യന്തം ഗുരുതരമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നൊരു കാലത്താണ് ആ കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ അവരോധിക്കപ്പെട്ടിരിക്കുന്നതും. 'ഇത് ഏറ്റവും നല്ല സമയമാണ്. അതേസമയം, ഇത് ഏറ്റവും മോശമായ സമയവുമാണ്' എന്ന ചാള്‍സ് ഡിക്കന്‍സിന്റെ 'A tale of two cities 'എന്ന നോവലിലെ വരികള്‍ ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവിയുമായി ഏറെ സാമ്യമുള്ളതാണ്. 2023-ല്‍ ആഗോള സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ജി-20 നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വികസിത രാജ്യങ്ങളുടെ മേല്‍ക്കോയ്മയായ ഐ.എം.എഫ്., ലോകബാങ്ക് എന്നിവയ്ക്ക് ഇന്ത്യയുള്‍പ്പെടുന്ന വികസ്വര രാജ്യങ്ങളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്നത് ജി-20ല്‍ ചര്‍ച്ചാവിഷയമാകും.

ജി-20-യുടെ അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ വന്നതിന്റെ പശ്ചാത്തലത്തില്‍ യുക്രൈന് മേലുള്ള റഷ്യന്‍ ആക്രമണത്തെ ഇന്ത്യ എങ്ങനെ സമീപിക്കുന്നു എന്നുള്ളത് ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. റഷ്യയെ അപലപിച്ചുകൊണ്ട് യു.എന്‍. രക്ഷാസമിതിയില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ പ്രമേയങ്ങളില്‍നിന്നു തികച്ചും വിട്ടുനില്‍ക്കുക എന്ന തന്ത്രപരമായ സമീപനമാണ് ഇന്ത്യ കൈകൊണ്ടിട്ടുള്ളത്. റഷ്യന്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഏറ്റവുമൊടുവില്‍ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ വന്ന (ഫെബ്രുവരി 24, 2023) പ്രമേയത്തെ 141-രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് വിട്ടുനിന്നത്. ഈ യുഗം യുദ്ധങ്ങളുടെ യുഗമല്ലെന്ന പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് 1971-ല്‍ മുന്‍ സോവിയേറ്റ് യൂണിയനും ഇന്ത്യയും ഒപ്പുവച്ച സൗഹൃദ സഹകരണ കരാര്‍ (Indo soviet Treaty of Friendship and co-operation) ഇന്നും ഇരു രാജ്യങ്ങളുടെ ബന്ധത്തില്‍ സുപ്രധാനമായ നാഴികകല്ലാണ്.

റഷ്യയുടെ യുക്രൈന്‍ ആക്രമണഫലമായി ആഗോളതലത്തില്‍ തന്നെ റഷ്യ ഒറ്റപ്പെടുകയും റഷ്യയ്ക്ക് എതിരായി ഒരു യൂറോപ്പ്യന്‍ വികാരം ശക്തിപ്പെടുകയും ചെയ്തു. ബാംഗ്ലൂരില്‍ വച്ചു നടന്ന ജി-20യിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയും, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മില്‍ രൂക്ഷമായ വാക്‌പോര് ഉണ്ടായതും ശ്രദ്ധേയമാണ്. സെപ്തംബറില്‍ നടക്കുന്ന ജി-20യിലെ രാഷ്ട്രത്തലവന്മാര്‍ സമ്മേളിക്കുന്ന ഉച്ചകോടിയില്‍ വിഷയം വീണ്ടും ചര്‍ച്ചയാവുമെന്നാണ് പൊതുവിലയിരുത്തല്‍. തത്ഫലമായി ഈ വിഷയത്തില്‍ ജി-20യില്‍ തന്നെ ഒരു സമവായത്തിന്റെ സാധ്യത മങ്ങുകയാണ്. യുക്രൈന്‍ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ജി-20യുടെ അധ്യക്ഷനെന്ന നിലയില്‍ ഇന്ത്യ ഇടപെടണമെന്ന ആവശ്യം ആഗോളതലത്തില്‍ ശക്തമാണ്. റഷ്യയുമായുള്ള ഇന്ത്യന്‍ ബന്ധത്തിന്റെ ശക്തി ഉള്‍ക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി മോദി റഷ്യന്‍ പ്രസിഡന്റുമായി എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുത്താല്‍ അത് ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തോടെ ഉയരുവാന്‍ ഉപകരിക്കുമെന്നതില്‍ സംശയമില്ല.

Photo: Getty Images

ജി-20യുടെ അധ്യക്ഷസ്ഥാനത്ത് ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്ന സുപ്രധാനമായ വെല്ലുവിളികള്‍ ഇവയാണ്

1. യു.എന്‍. ജനറല്‍ അസംബ്ലി 2000-ല്‍ പാസാക്കിയ sustainable Development goals എന്ന ചരിത്രപ്രാധാന്യമുള്ള ഉടമ്പടിയുടെ ലക്ഷ്യങ്ങളായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവ ഇതുവരെ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കിയിട്ടില്ല. ഈ വിഷയം ഇന്ത്യ ജി-20യില്‍ ഉന്നയിച്ചുകൊണ്ട് ഒരു സമവായം ഉണ്ടാക്കണം.

2. വികസിത- വികസ്വര രാജ്യങ്ങളുടെ സംഘടനയായ ജി-20യില്‍ പാശ്ചാത്യരാജ്യങ്ങളും, Slobal South എന്നറിയപ്പെടുന്ന വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം വലുതാണ്. പല ആഗോളപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ഇത്തരത്തിലുള്ള അന്തരം വളരെ പ്രകടമായി തന്നെ നിലനില്‍ക്കുന്നു. ഈ അന്തരത്തെ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയണം.

3. ഇന്ത്യ ജി-20യുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത അന്നുമുതല്‍ നാളിതുവരെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷികളും പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്. ഈ വിഷയത്തില്‍ ഒരു സര്‍വ്വകക്ഷിയോഗം എത്രയും പെട്ടെന്ന് വിളിച്ചുകൂട്ടി ഇന്ത്യയ്ക്ക് ഉള്ളില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടിക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടത് വളരെ ആവശ്യമാണ്. ഈ വിഷയത്തില്‍ ആഭ്യന്തര സമവായം ഉരുത്തിരിത്തില്ലെങ്കില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ അത് സാരമായി ബാധിക്കും. എന്നതു മാത്രമല്ല, പല വിഷയങ്ങളിലും, അഭിപ്രായ സമന്വയത്തിന് ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ആഭ്യന്തര സമവായത്തിന്റെ അഭാവം ഒരു തിരിച്ചടിയാകും.

4. കോവിഡ് മഹാമാരി വരുത്തിവച്ച സാമ്പത്തികമാന്ദ്യം, യു.കെയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധന, ആഗോള പണപ്പെരുപ്പം, ഡിജിറ്റല്‍ മേഖലയുടെ ഉള്‍ക്കൊള്ളല്‍ ആഗോള സപ്ലൈ ചെയിന്‍ ശൃംഖലയില്‍ സംജാതമായിട്ടുള്ള വലിയ പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ മേലുള്ള സമവായം ഇന്ത്യയെ സംബന്ധിച്ച് കീറാമുട്ടിയാണ്. കൂടുതല്‍ ചര്‍ച്ചകളും വിശാലമായ സമീപനങ്ങളും ആവശ്യമായി വരുന്ന ഇത്തരം വിഷയങ്ങളില്‍ വര്‍ധിച്ച ഊര്‍ജ്ജസ്വലതയും പക്വതയോടെയുള്ളതുമായ ഇന്ത്യയുടെ സമീപനം ലോകം ഉറ്റുനോക്കുന്നു.

5. ജി-20യില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊരു മേഖല യു.എന്നിന്റെ പുനഃസംഘടനയാണ്. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായ യു.എന്‍. പുനഃസംഘടനയിലൂടെ മാത്രമേ വിവിധ ആഗോള പ്രശ്നങ്ങളിലും ജനാധിപത്യപരവും തുല്യനീതി ഉറപ്പാക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നുള്ളത് ഒരു വസ്തുതയാണ്.

യു.എന്‍. രൂപീകരണസമയത്തു തന്നെ അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും തങ്ങളുടെ സൗകര്യപ്രദം മെനഞ്ഞെടുത്ത ഒരു സംവിധാനമാണ് രക്ഷാസമിതിയില്‍ പഞ്ചമഹാശക്തികള്‍ അനുഭവിക്കുന്ന വിലക്കധികാരം (Veto power). നിരവധി തവണ തങ്ങളുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് പഞ്ചമഹാശക്തികള്‍ വീറ്റോ അധികാരത്തെ ദുരുപയോഗം ചെയ്തിട്ടുണ്ട്. യു.എന്‍. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇന്ത്യ, ബ്രസില്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ എന്നീ വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി രക്ഷാസമിതി കാലോചിതമായി പുനഃസംഘടിപ്പിക്കണം. വീറ്റോ അധികാരം, കാലഹരണപ്പെട്ടതാണെന്നും അത് റദ്ദാക്കണമെന്നും ഇന്ത്യ ഉള്‍പ്പെട്ട ജി.4 രാജ്യങ്ങള്‍ ഉന്നയിച്ചിട്ട് നാളേറെയായി.

വീറ്റോ അധികാരം ഇപ്പോഴത്തെ നിലയില്‍ നിലനിര്‍ത്തിയാലും പുതുതായി രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആകുന്ന രാജ്യങ്ങള്‍ക്ക് ഈ അധികാരം നല്‍കരുതെന്ന ആവശ്യം രക്ഷാസമിതിയിലെ പഞ്ചമഹാശക്തികളായ യു.എസ്., റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ ഇതിനകം തന്നെ ഉന്നയിച്ചു കഴിഞ്ഞു. ഈ വിഷയത്തില്‍ മേലുള്ള ഇന്ത്യയുടെ നിലപാട് നിര്‍ണ്ണായകമാണ്. ഇന്ത്യ, ജി-20ല്‍ വിദേശകാര്യമന്ത്രിതല ചര്‍ച്ചകളിലും, രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയിലും ഈ വിഷയം വലിയ ഗൗരവത്തോടെയും ശക്തമായും ഉന്നയിക്കണം. മൂന്നാം ലോകരാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് യുഎന്നില്‍ മുന്‍തൂക്കം കിട്ടുംവിധം ഇന്ത്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണം.

Photo: Getty Images

6. 2020-ല്‍ ഇന്ത്യന്‍ പ്രദേശങ്ങളിലേക്കുള്ള ചൈനീസ് ആക്രമണം, പിന്‍വാങ്ങല്‍ പ്രക്രിയ (Disengagement) എന്നിവയെ സംബന്ധിച്ച് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രതികരണം തികച്ചും നിരാശാജനകമാണ്. ഈ വിഷയം വളരെ ശക്തമായി തന്നെ ജി-20 വേദിയില്‍ ഉന്നയിക്കുമെന്നാണ് പൊതുവായി പ്രതീക്ഷിക്കപ്പെടുന്നത്. ഈ വിഷയത്തിനുമേല്‍ ഒരു അന്താരാഷ്ട്ര ചര്‍ച്ചകള്‍ ഇതുവരെയും നടന്നിട്ടില്ല. ശാന്തിയും സമാധാനവും പുനസ്ഥാപിച്ചാല്‍ മാത്രമേ സാമ്പത്തിക വികസനം സാദ്ധ്യമാകൂ എന്നുള്ള ഇന്ത്യയുടെ എക്കാലത്തെയും നിലപാട് ഇവിടെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മോദി ഇക്കാര്യം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

7. താലിബാന്‍ എന്ന ഭീകരസംഘടന അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത സംഭവം യു.എന്നിലോ, മറ്റു അന്താരാഷ്ട്ര വേദികളിലോ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. സാര്‍ക്കിന്റെ(SAARC) എട്ടാമത്തെ അംഗം കൂടിയായ അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സാര്‍ക്കിന്റെ ഒരു അടിയന്തര ഉച്ചകൂടി വിളിച്ചു ചേര്‍ക്കേണ്ടതായിരുന്നു. ചൈന മാത്രം ഭാഗികമായി അംഗീകരിച്ച താലിബാന്‍ ഭരണകൂടത്തെ ഉപരോധം വഴി രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുമ്പോള്‍ ഇന്ത്യക്കു കൂടി തന്നെ പങ്കാളിത്തമുള്ള അടിസ്ഥാന സൗകര്യ വികസനം, ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവയൊക്കെ ജി-20ല്‍ കാര്യമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഭീകരതയെ എപ്പോഴും എതിര്‍ത്തിട്ടുള്ള ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതി വിശേഷങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും.

8. ഇരുണ്ട ഭൂഖണ്ഡമെന്ന് 19-ാം നൂറ്റാണ്ടു വരെ വിശേഷിപ്പിച്ചിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ വികസനം ഇന്നും ഒരു മരീചികയായി അവശേഷിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളോടുള്ള യു.എന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടുകളില്‍ കാലോചിതമായ മാറ്റം ആവശ്യമാണ്. ഗാന്ധിജിയുടെയും പിന്നീട് നെല്‍സണ്‍ മണ്ടേലയുടെയും സഹനസമരത്തിന്റെ വിളനിലമായിരുന്ന സൗത്ത് ആഫ്രിക്ക ഇന്നേവരെ സാമ്പത്തികമായി പ്രതീക്ഷിച്ച രീതിയില്‍ വികസിച്ചിട്ടില്ല. വികസിച്ചു വരുന്ന നൈജീരിയ പോലെയുള്ള രാജ്യങ്ങളില്‍ വിദേശ നിക്ഷേപം അനിവാര്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും ജനാധിപത്യപരവുമായ വികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് G20-ല്‍ ഇന്ത്യ നേതൃത്വം കൊടുക്കണം. ഒരിക്കല്‍ യൂറോപ്യന്‍ ശക്തികളുടെ കൊളോണിയല്‍ വിളനിലമായിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിനുശേഷം എല്ലാ രംഗത്തും കൂപ്പുകുത്തിയതും, ആഫ്രിക്കയെ അന്താരാഷ്ട്രവേദികളില്‍ ശ്രദ്ധിക്കപ്പെടാതെ പോയതും എടുത്തു പറയേണ്ടതാണ്. ആഫ്രിക്കന്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

9. മുന്‍ സോവിയേറ്റ് യൂണിയന്‍ 1991-ല്‍ ഛിന്നഭിന്നമായശേഷം ആഗോള രാഷ്ട്രീയ- സാമ്പത്തിക ക്രമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അസമത്വം വര്‍ദ്ധിച്ചു വരുന്നു. ലോകത്ത് ഇന്ന് ഏകദേശം അറുപതു ശതമാനത്തോളം രാജ്യങ്ങളില്‍ വലതുപക്ഷ രാഷ്ട്രീയം പിടിമുറുക്കി കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ വിളിച്ചുകൂട്ടിയ ജനാധിപത്യത്തെ പറ്റിയുള്ള രണ്ടു ദിവസം നീണ്ടു നിന്ന ഉച്ചകോടി ആഗോളതലത്തില്‍ തന്നെ വലിയ ചലനം ഉണ്ടാക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്തായി. ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ഇന്ത്യയിലും ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്.. സമൂഹത്തിന്റെ എല്ലാ രംഗങ്ങളെയും ജനാധിപത്യവല്‍ക്കരിക്കേണ്ട ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്വന്തം നാട്ടിലെ ജനാധിപത്യവല്‍ക്കരണം എത്രത്തോളം വിജയിക്കുന്നു എന്നുള്ളത് ആത്മവിമര്‍ശനം നടത്തേണ്ടതാണ്.

10. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി മലീനികരണം എന്നീ വിഷയങ്ങളില്‍ മേലുള്ള ഇന്ത്യയുടെ നിലപാടുകള്‍ ഈ അവസരത്തില്‍ നിര്‍ണ്ണായകമാണ്. അദ്ധ്യക്ഷ പദവി ഏറ്റെടുത്ത പശ്ചാത്തലത്തില്‍ LIFE (Developing Environment friendly liftseyle) എന്ന ഇന്ത്യയുടെ പുതിയ മിഷന് ആഗോളതലത്തില്‍ തന്നെ സ്വീകാര്യത കിട്ടിക്കഴിഞ്ഞു. LIFE-നെ പറ്റി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കേണ്ടതുണ്ട്. LIFE പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണം.

1893 സെപ്റ്റംബറില്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ ചരിത്ര പ്രസംഗം ഇങ്ങനെ, We are talking bigger, but acting low... സംസാരം മിതപ്പെടുത്തി പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ട നിര്‍ണ്ണായകമായ സമയമാണിത്. ഈ വിഷയത്തെപ്പറ്റി പ്രധാനമന്ത്രിയും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്ന പല ആഗോള മാധ്യമങ്ങളും, ഇതിനകം തന്നെ പ്രവചിച്ചു കഴിഞ്ഞ പശ്ചാത്തലത്തില്‍, ആഗോള രാഷ്ട്രീയത്തില്‍ തന്നെ വലിയ രീതിയിലുള്ള ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ പോന്ന തരത്തില്‍ ഇന്ത്യ പ്രവര്‍ത്തിക്കണം. ജനാധിപത്യത്തിലും തുല്യതയിലും നീതിയിലും അധിഷ്ഠിതമായ പുതിയ ഒരു ആഗോള രാഷ്ട്രീയ, സാമ്പത്തിക ക്രമം രൂപീകരിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വലുതാണ്.

ലോകത്തിന്റെ തന്നെ മേല്‍കൂര (Roof of the world) എന്ന് പണ്ട് മുതലേ അറിയപ്പെടുന്ന ഇന്ത്യ അതിന്റെ എല്ലാ അര്‍ത്ഥവും ഗൗരവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച് ആഗോളതലത്തില്‍ തന്നെ വന്‍ ശക്തിയായി മാറേണ്ട സമയമാണിത്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നീങ്ങിയാല്‍ നമുക്ക് അന്താരാഷ്ട്രതലത്തില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ഇന്ത്യ അതിന്റെ ആഴത്തിലുള്ള ശക്തിയും കഴിവും മനസ്സിലാക്കി സങ്കുചിതമായ മനോഭാവങ്ങളില്‍നിന്നു വളരെ വിശാലമായ വിഹായസ്സിലേക്ക് കരുത്തോടെ സഞ്ചരിക്കേണ്ട സമയമാണിത്. G20-യുടെ അദ്ധ്യക്ഷസ്ഥാനം അതിനുള്ള ഒരു ചവിട്ടുപടിയാണ്.

( തിരുവനന്തപുരം കോ-ഓപ്പറോറ്റീവ് ആര്‍ട്സ് & സയന്‍സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Content Highlights: Challenges to India's G20 Presidency

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Paramjit Singh Panjwar
Premium

8 min

രണ്ട് മാസം, കൊല്ലപ്പെട്ടത് മൂന്ന് നോട്ടപ്പുള്ളികള്‍; ഖലിസ്താന്‍ ഭീകരരെ വേട്ടയാടുന്ന അജ്ഞാതൻ ആര്?

Jul 8, 2023


elsalvador mega prison
Premium

6 min

ഭൂമിയിലെ നരകമോ ഇത്? ലോകത്തെ ഞെട്ടിച്ച് എല്‍ സാല്‍വദോറിലെ മെഗാ ജയില്‍

Mar 25, 2023


Bank

4 min

സഹകരണബാങ്കുകളെ വരുതിയിലാക്കാന്‍ ഉന്നംവെക്കുന്നതെന്ത്‌

Jan 16, 2022


Most Commented