ഷാരൂഖ് ആര്യനൊപ്പം, സമീർ വാങ്കെഡെ | ഫോട്ടോ: instagram/imsrk, Mathrubhumi Archives
ബോളിവുഡ് താരനിശകളെ ഉന്മത്തമാക്കിയ 'ഡേര്‍ട്ടി ബിസിനസിന്റെ' ഇരുണ്ട വഴികള്‍ തിരഞ്ഞ, ഉന്നതര്‍ക്കു മുന്നില്‍ മുട്ടുമടക്കാത്ത നീതിയുക്തനായ ഉദ്യോഗസ്ഥന്‍, ലഹരി മാഫിയകളുടെ പേടിസ്വപ്‌നം. നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എന്‍.സി.ബി.) മുംബൈ മുന്‍ സോണല്‍ മേധാവി സമീര്‍ വാംഖെഡെയുടെ നായകപരിവേഷത്തിന് ആക്കം കൂട്ടിയ വിശേഷണങ്ങള്‍ എണ്ണിയാല്‍ തീരില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യൻ ഖാന്റെ അറസ്റ്റോടെയാണ് വാംഖെഡെയ്ക്ക് ഈ ഹീറോ പരിവേഷം എഴുതിച്ചേര്‍ക്കുന്നത്. എന്നാല്‍, ഊതിപ്പെരുപ്പിച്ച നായകത്വം പൊട്ടിപ്പൊളിഞ്ഞു വീഴാന്‍ അധികസമയം വേണ്ടിവന്നില്ല.
.jpg?$p=70fc63a&&q=0.8)
ആര്യന്റെ അറസ്റ്റ്
2021 ഒക്ടോബര്‍ 2. മുംബൈയില്‍നിന്നു ഗോവയ്ക്കു പുറപ്പെടുന്ന കോര്‍ഡെലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ ലഹരി വിരുന്നിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സംഘം യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിപ്പറ്റി. എട്ടു മണിക്കൂര്‍ നീണ്ട ദൗത്യത്തിനുള്ളില്‍ ലഹരിയുപയോഗിച്ച സംഘത്തെ പിടികൂടി. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ് എന്നിവരുള്‍പ്പടെ എട്ടു പേരെ എന്‍.സി.ബി. അറസ്റ്റു ചെയ്തു. ഇവരുടെ പക്കല്‍നിന്ന് 13 ഗ്രാം എം.ഡി.എം.എ., 5 ഗ്രാം മെഫ്രഡോണ്‍ എം.ഡി., 21 ഗ്രാം ചരസ് എന്നിവയുള്‍പ്പടെയുള്ള മാരക ലഹരിവസ്തുക്കള്‍ കണ്ടെടുത്തു എന്നായിരുന്നു എന്‍.സി.ബിയുടെ വാദം. ആര്യന്റെ ഫോണ്‍ പിടിച്ചെടുത്ത എന്‍.സി.ബി. ലഹരിയിടപാടുകളുമായി ബന്ധപ്പെട്ട ചാറ്റുകളും കണ്ടെടുത്തു. തുടര്‍ന്ന് ആര്യനുള്‍പ്പടെയുള്ളവര്‍ എന്‍.സി.ബിയുടെ കസ്റ്റഡിയിലായി. ആര്യന്റെ രണ്ട് ജാമ്യാപേക്ഷകളും തളളിയതോടെ 25 ദിവസം ആര്യന്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ കഴിഞ്ഞു.

ബോളിവുഡ് വിറപ്പിച്ച വാംഖെഡ
ആര്യന്റെ അറസ്‌റ്റോടെ സമീര്‍ വാംഖെഡെ എന്ന എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ രാജ്യശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍, ഇതിനും നാളുകള്‍ക്കു മുമ്പ് തന്നെ ബോളിവുഡിന് വാംഖെഡെ കണ്ണിലെ കരടായിരുന്നു. 2008 ഐ.ആര്‍.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാംഖെഡെ. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണറായായിരുന്നു ആദ്യനിയമനം. കസ്റ്റംസ് കമ്മീഷണറായിരിക്കെ രണ്‍ബീര്‍ കപൂര്‍, വിവേക് ഒബ്‌റോയ്, അനുരാഗ് കശ്യപ്, രാം ഗോപാല്‍ വര്‍മ, മിക സിങ് എന്നിവരെല്ലാം സമീറിന്റെ മുന്നില്‍പെട്ടു. ലണ്ടനില്‍ നിന്നെത്തിയ രണ്‍ബീര്‍ കപൂര്‍ ഒരു ലക്ഷം രൂപയുടെ വാച്ച് കൈയില്‍ കരുതിയതിന് 60,000 രൂപയാണ് സമീര്‍ നികുതിയിനത്തില്‍ ഈടാക്കിയത്. ക്രിക്കറ്റ് ലോകകപ്പിനു പോലും സമീറിനു മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. 2011-ല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ നേടിയ സ്വര്‍ണക്കപ്പും വാംഖഡെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സ്വര്‍ണം കൊണ്ടുണ്ടാക്കിയ കപ്പ് പരിശോധിക്കാതെ വിട്ടയക്കാനാവില്ലെന്ന് ശഠിച്ചു. ഒടുവില്‍ കസ്റ്റംസ് ഡ്യൂട്ടിയടച്ച ശേഷമാണ് വാംഖെഡെ കപ്പു വിട്ടുനല്‍കിയത്.
മഹാരാഷ്ട്ര സര്‍വീസ് ടാക്സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായി ഇരിക്കെ രണ്ടായിരം പേര്‍ക്കെതിരെയാണ് നികുതി കൃത്യമല്ലാത്തതിന് സമീര്‍ കേസെടുക്കുന്നത്. ഇതില്‍ നല്ലൊരു പങ്കും പ്രമുഖര്‍. ഇത്തരമൊരു നടപടി മഹാരാഷ്ട്രയുടെ ചരിത്രത്തില്‍തന്നെ ആദ്യമാണെന്നായിരുന്നു സമീറിനെ പ്രശംസിച്ചു കൊണ്ട് പലരും പറഞ്ഞത്. പിന്നീട് എന്‍.സി.ബിയുടെ മുംബൈ സോണല്‍ മേധാവിയായി ചുമതലയേറ്റതോടെ ബോളിവുഡിന് ലഹരിയുമായുള്ള ഗൂഢ ബന്ധം കണ്ടെത്താനായിരുന്നു വാംഖെഡെയുടെ പരിശ്രമം. ലഹരിയിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളെയാണ് വാംഖെഡെ സംശയത്തിന്റെ നിഴലിലാക്കിയത്.
വാംഖെഡെ നടത്തിയ ക്രമക്കേട്
ആര്യന്റെ സുഹൃത്ത് അര്‍ബാസിന്റെ ഷൂവിനുള്ളിലെ ചെറിയ കവറിലും സാനിറ്ററി പാഡിലും മരുന്നുപെട്ടികള്‍ക്കിടയിലും ആര്യന്റെ ലെന്‍സ് കേസില്‍നിന്നു വരെ ലഹരി കണ്ടെത്തിയതായി എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാലു വര്‍ഷമായി ലഹരിയുപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച ആര്യന്‍ ചോദ്യം ചെയ്യലിലുടനീളം പൊട്ടിക്കരഞ്ഞു എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
എന്നാല്‍, ആര്യന്‍ ലഹരിയുപയോഗിച്ചതായി മതിയായ തെളിവുകള്‍ കണ്ടെത്താന്‍ എന്‍.സി.ബിക്കു കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ആര്യനെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിരുന്നില്ല. ഇത് പുറത്തറിഞ്ഞതോടെ ആര്യന്‍ നിരപരാധിയാണെന്നും കേസില്‍ ദുരൂഹതയുണ്ടെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നുവന്നു. പിന്നാലെ ബോംബൈ ഹൈക്കോടതി ആര്യന് ജാമ്യം നല്‍കി. ആര്യന്റെ ഫോണില്‍നിന്നു സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും അന്താരാഷ്ട്ര ലഹരിമരുന്നു മാഫിയയുമായി ആര്യന് ബന്ധമാരോപിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
അതിനിടെയിലാണ് ആര്യനൊപ്പം അജ്ഞാതനായ ഒരു വ്യക്തി പകര്‍ത്തിയ സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാള്‍ കിരണ്‍ ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക് രംഗത്തെത്തിയതോടെ കേസിനു പിന്നില്‍ ഒളിച്ചിരുന്ന ദുരൂഹതകള്‍ മറനീക്കി പുറത്തു വരുന്നത്. കെ.പി. ഗോസാവി എന്ന കിരണ്‍ ഗോസാവിയ്ക്കും വാംഖെഡെയ്ക്കുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്ന ഒരു കത്തും നവാബ് മാലിക് പുറത്തു വിട്ടു. ആ സമയത്താണ് കേസിലെ പ്രധാന സാക്ഷിയും ഗോസാവിയുടെ സഹായിയുമായ പ്രഭാകര്‍ സെയില്‍ ഗോസാവി ആര്യനെ കേസില്‍ നിന്നൊഴിവാക്കുന്നതിനായി ഷാരൂഖില്‍നിന്നു പണമാവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. ഇതിൽ എട്ടു കോടി രൂപ വാംഖെഡെയ്ക്കാണെന്നും പ്രഭാകർ വെളിപ്പെടുത്തി. പിന്നീട് 37-കാരനായ പ്രഭാകറെ ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തിയത് ചില്ലറ അഭ്യൂഹങ്ങൾക്കൊന്നുമല്ല വഴിവെച്ചത്.
.jpg?$p=8fb08e1&&q=0.8)
എന്‍.സി.ബി. ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആര്യനൊപ്പമെടുത്ത സെല്‍ഫിയും ആര്യന്റെ ശബ്ദസന്ദേശവും ഉപയോഗിച്ചായിരുന്നു ഗോസാവി ഷാരൂഖിന്റെ മാനേജര്‍ പൂജാ ദദ്ലാനിയോട് വില പേശിയത്. ഒടുവില്‍ 25 കോടിയില്‍നിന്ന് 18 കോടിയായി ഡീല്‍ ഉറപ്പിച്ചു. 50 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. പക്ഷേ, ഗോസാവി എന്‍.സി.ബി. ഓഫീസറല്ലെന്ന വിവരം പുറത്തു വന്നതോടെ വാംഖെഡെ
കുരുക്കിലാകുകയായിരുന്നു. വാങ്ങിയ 50 ലക്ഷത്തില്‍ 38 ലക്ഷം ഗോസാവി പൂജാ ദദ്‌ലാനിയ്ക്കു തിരികെ നല്‍കി. ബാക്കി 12 ലക്ഷം വാംഖെഡെയ്ക്കു നല്‍കിയെന്ന് വെളിപ്പെടുത്തിയതോടെ പണം തട്ടാനായി വാംഖെഡെ കെട്ടിച്ചമച്ചതാണ് കേസ് എന്ന നിലയിലേക്ക് ആരോപണങ്ങള്‍ നീണ്ടു. ഗോസാവി ഡിറ്റക്ടീവല്ല ബി.ജെ.പി. പ്രവര്‍ത്തകനാണെന്നും പുറംലോകം അറിഞ്ഞതോടെ ഷാരൂഖിനെതിരെ രാഷ്ട്രീയലക്ഷ്യം വെച്ച് കരുക്കള്‍ നീക്കിയതാണെന്ന രീതിയിലും ആക്ഷേപമുയര്‍ന്നു.
വാംഖെഡെയ്ക്കെതിരെ സി.ബി.ഐ. അന്വേഷണം
വാംഖെഡെയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയര്‍ന്നതോടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തില്‍നിന്ന് വാംഖെഡെയെ നീക്കി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും എസ്.ഐ.ടി.കണ്ടെത്തി. കപ്പലില്‍നിന്ന് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ലെന്നും എന്‍.സി.ബി.യുടെ പ്രത്യേകസംഘം കണ്ടെത്തി. ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആഡംബരക്കപ്പലില്‍ എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിട്ടില്ലെന്നും ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എന്‍.സി.ബിയുടെ പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
.jpg?$p=055e3e3&&q=0.8)
തുടര്‍ന്നാണ് സമീര്‍ വാംഖഡെയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. ജോലിക്കായി വ്യാജരേഖ ചമച്ചു എന്നുള്‍പ്പടെയുള്ള ആരോപണങ്ങളും സമീര്‍ വാംഖഡെയ്ക്കെതിരെയുണ്ടായിരുന്നു. ഇതോടെയാണ് വാംഖെഡെയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുന്നത്. ക്രമേണ വാംഖെഡെയ്‌ക്കെതിരെ പല ഭാഗത്തുനിന്നും കൂടുതല്‍ ആരോപണങ്ങളും പരാതികളും പുറത്തു വന്നു. എന്‍.സി.ബി. സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വാംഖെഡെയുട പണമിടകളുള്‍പ്പടെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി. 2017-നും 2021-നും ഇടയില്‍ ആറു സ്വകാര്യ വിദേശ യാത്രകളാണ് വാംഖെഡെനടത്തിയത്. മുംബൈയിൽ വാംഖെഡെയ്ക്ക് നാല് ഫ്‌ളാറ്റുകളുണ്ടെന്നും അത്യാഡംബര വാച്ചു വാങ്ങിയതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. നേരത്തെ നവാബ് മാലിക് നടത്തിയ ആരോപണങ്ങളെ ശരിവെക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ. ഇവ പുറത്തു വന്നതോടെ പണമിടപാട് റാക്കറ്റുമായി ബന്ധമുണ്ടെന്നുൾപ്പടെയുള്ള അഭ്യൂഹങ്ങളും ഉയർന്നു.
നാലു വർഷത്തിനിടയിൽ കുടംബത്തോടൊപ്പം യു.കെ. അയർലൻഡ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. എല്ലാം കൂടെ 55 ദിവസം നീണ്ട യാത്രകൾ. ഇതിനായി 8.75 ലക്ഷം മാത്രമേ ചെലവു വന്നിട്ടുള്ളൂ എന്നാണ് വാംഖെഡെ സാക്ഷ്യപത്രം നൽകിയത്. ഇത് വിമാന ടിക്കറ്റിനു പോലും തികയില്ലെന്നാണ് ആരോപണം. ഇതിനു പുറമെ 17 ലക്ഷം രൂപ വില വരുന്ന റോളക്‌സ് വാച്ച് വാംഖെഡെ
യുടെ കൈവശമുള്ളതായും റിപ്പോർട്ടിൽ പറയുന്നു. വാഷിമിൽ വൻതോതിൽ സ്ഥലവും വാങ്കഡെയ്ക്കുള്ളതായി സി.ബി.ഐ. റിപ്പോർട്ടിലുണ്ട്. വിദേശയാത്ര നടത്തിയപ്പോൾ ചെലവാക്കിയ തുകയ്ക്ക് നീതീകരണം നടത്താൻ വാങ്കഡെയ്ക്കു സാധിച്ചില്ലെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
യഥാർത്ഥത്തിൽ ലഹരിമരുന്ന് കൈവശം വെച്ചവരെ കപ്പലിൽനിന്ന് പുറത്തുപോവാൻ സമീർ വാംഖെഡെ അനുവദിച്ചുവെന്ന് എഫ്.ഐ.ആർ. പറയുന്നു. ചരസ് കൈവശമുണ്ടെന്ന് എൻ.സി.ബി. സംഘത്തോട് ഏറ്റുപറഞ്ഞ അർബാസ് മെർച്ചന്റിനേയും അർബാസിനു ചരസ് നൽകിയെന്നു സമ്മതിച്ച സിദ്ധാർത്ഥ് ഷായേയും വെറുതെവിട്ടതായാണ് എഫ്.ഐ.ആർ. ആരോപിക്കുന്നത്.
അതേസമയം, താൻ രാജ്യസ്‌നേഹി ആയതിനാലാണ് തന്നെ സി.ബി.ഐ. കുരുക്കുന്നതെന്ന് സമീർ വാംഖെഡെ ആരോപിക്കുന്നു. തന്റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരിക്കെ വീട്ടിൽ 12 മണിക്കൂർ 18 സി.ബി.ഐ. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 23,000 രൂപയും നാലു സ്ഥലങ്ങളുടെ രേഖകളുമാണ് കണ്ടെത്തിയതെന്നാണ് സമീർ അവകാശപ്പെടുന്നത്. ഈ സ്വത്തുക്കൾ താൻ ജോലിയിൽ കയറുന്നതിനു മുമ്പേ പാരമ്പര്യമായി കിട്ടിയതാണെന്നും അദ്ദേഹം പറയുന്നു. സി.ബി.ഐ. തനിക്കെതിരെ നടപടി എടുക്കുന്നതു തടയാനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വാംഖെഡെ. ആഡംബര കപ്പലിലെ റെയ്ഡിൽ ആര്യൻ ഖാനെ പ്രതിയാക്കിയതിലുള്ള പ്രതികാരമാണ് തനിക്കെതിരെയുള്ള നീക്കത്തിനു പിന്നിലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ദി റിയൽ വില്ലന്‍
സത്യസന്ധനായ, പണത്തിന്റെ സ്വാധീനത്തിനു മുന്നില്‍ അടിപതറാത്ത നായകനില്‍നിന്നും ഒരു മസാലപ്പടത്തിലെ പ്രതിനായകന്റെ നിലവാരത്തിലേക്ക് വാംഖെഡെ താഴ്ന്നു പോയതിന് പിന്നില്‍ പണം മാത്രമാണോ ലക്ഷ്യം. അതോ ഇതിനു പിന്നില്‍ നവാബ് മാലിക് ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നത് പോലെ സ്ഥാപിത രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകുമോ? കെ.പി. ഗോസാവി എന്ന ബി.ജെ.പി. പ്രവര്‍ത്തകനുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചന രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അധിഷ്ഠിതമാണെന്ന ആരോപണം തള്ളിക്കളയാനാകുന്നതല്ല. മകനെ ലക്ഷ്യംവെച്ച് ഷാരൂഖിന് മങ്ങലേല്‍പ്പിക്കാനുള്ള നീക്കമാണെന്ന സംശയത്തിനും പ്രാമുഖ്യം കൊടുത്തെ തീരു.
ലഹരി മാഫിയയെ തകർക്കുകയാണു തന്റെ ലക്ഷ്യമെന്ന് ആഹ്വാനം ചെയ്ത വാംഖെഡെ പിടിച്ചെടുത്തതിലധികവും അളവില്‍ 100 ഗ്രാമില്‍ താഴെ മാത്രം വരുന്ന ലഹരിമരുന്നാണ്. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയിലാണ് ഗുജറാത്തിലെ കച്ചിലെ മുന്ദ്ര പോര്‍ട്ടില്‍ അഫ്ഗാനില്‍നിന്നു രണ്ടു കണ്ടെയ്‌നറുകളിലായി ഹെറോയ്ന്‍ വന്നിറങ്ങിയത്. ആര്യന്റെ ലെന്‍സ് കേസില്‍നിന്ന് ലഹരി കണ്ടെത്തിയ വാംഖെഡെയുടെ പ്രാഗത്ഭ്യം അദാനിയുടെ പോര്‍ട്ടില്‍നിന്ന് 375 കോടി വിലമതിക്കുന്ന ലഹരിമരുന്ന് കണ്ടെത്തിയതില്‍ ഇല്ലാതെ പോയത് എന്തു കൊണ്ടാകും? ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്.
Content Highlights: sameer wankhede, aryan khan, shah rukh khan, kp gosavi, narcotics control bureau, cbi,case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..