പ്രതീകാത്മക ചിത്രം
സംസ്ഥാനം ധനപ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എല്ലാ പ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണെന്നും കേരളത്തെ ഞെരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ നിരന്തരം വാദിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന് സംഭവിച്ച പിഴവുകള്‍ ഇതിനു മുമ്പ് സാമ്പത്തിക വിദഗ്ധര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പിരിച്ചെടുക്കാവുന്ന നികുതി പിരിക്കാതെ കേരളം കാണിച്ച അലസതയ്ക്ക് നല്‍കുന്ന വിലയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് വ്യക്തം. നികുതി പിരിവിലും മറ്റും കേരളം വരുത്തിയ വിഴ്ചകള്‍ സി.എ.ജി.(കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കാം.
കുടിശ്ശിക പിരിക്കാതെ പണി നാട്ടുകാരുടെ നെഞ്ചത്ത്
2020-2021 സാമ്പത്തിക വര്‍ഷത്തില്‍ സമാഹരിച്ച നികുതിയേതര വരുമാനം ബജറ്റ് മതിപ്പിനേക്കാള്‍ 49.16% കുറവാണ് എന്നാണ് സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംസ്ഥാനത്തിന്റെ ആസൂത്രണത്തെയും സാമ്പത്തിക നിര്‍വഹണത്തെയും കാര്യമായി തന്നെ ബാധിക്കുന്നുവെന്ന് സി.എ.ജി. ചൂണ്ടിക്കാണിക്കുന്നു. ഇത്രയും വലിയ കുറവ് വന്നതെന്തു കൊണ്ടാണെന്നു പരിശോധിച്ചാല്‍ റവന്യു വകുപ്പിന് കുടിശ്ശിക റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും അത് വസൂലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കാതിരുന്നതുമാണ്.
ഇങ്ങനെ കുടിശ്ശിക പിരിക്കാതിരുന്നതിലൂടെ സര്‍ക്കാരിനുണ്ടായ നഷ്ടം എത്രയാണെന്ന് അറിയാമോ? 21,797.86 കോടി രൂപ. അതായത് അധിക വിഭവസമാഹരണം വഴി സര്‍ക്കാര്‍ ഇത്തവണ ബജറ്റിലൂടെ ലക്ഷ്യമിട്ടതിലും എത്രയോ മടങ്ങ് വലുതാണ് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശികയെന്നു കാണാം. ആകെയുള്ള റവന്യു വരുമാനത്തിന്റെ 23.33 ശതമാനമാണ് പിരിഞ്ഞുകിട്ടാനുള്ളത്. ഇതില്‍ സര്‍ക്കാരില്‍നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചെടുക്കാന്‍ മാത്രമുള്ളത് 6,422.19 കോടിയാണ്.
കഴിഞ്ഞ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള കാലത്ത് 7,100.32 കോടി രൂപയുടെ റവന്യു കുടിശ്ശിക പിരിച്ചെടുക്കുന്നതിനും സര്‍ക്കാരിന് താല്‍പര്യമില്ല. എക്‌സൈസ് ഉള്‍പ്പെടെ 12 വകുപ്പുകളുടെ പരിധിയിലാണ് ഇത്രയും കുടിശ്ശിക പിരിച്ചെടുക്കാനുള്ളത്. ഇതില്‍ എക്‌സൈസിന്റെ 1952 മുതലുള്ള കുടിശ്ശികയും ഉള്‍പ്പെടുന്നുവെന്ന് വരുമ്പോള്‍ സര്‍ക്കാരിന്റെ ഉദാസീനത എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.
കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി.(ഗുഡ്‌സ് ആന്റ് സർവീസസ് ടാക്‌സ്) നഷ്ടപരിഹാരം കിട്ടിക്കൊണ്ടിരുന്നതിനാല്‍ നികുതി പിരിവില്‍ കഴിഞ്ഞ ആറു വര്‍ഷമായി സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കരുതേണ്ടി വരും. ഇപ്പോഴും പിരിച്ചെടുക്കാവുന്ന നികുതികള്‍ പിരിച്ചെടുക്കാതെ ജി.എസ്.ടി. നഷ്ടപരിഹാരം തുടരണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നതെന്നു കാണാം.
നികുതി പിരിക്കാന്‍ മടി, കടമെടുക്കാന്‍ മടിയില്ല
ജി.എസ്.ടിയും മറ്റു നികുതി കുടിശ്ശികകളും അടയ്ക്കാത്തവരെ പിടികൂടാന്‍ സര്‍ക്കാരിനു മടിയുള്ളതിനാലാണ് ഓരോ വര്‍ഷവും കുടിശ്ശിക പെരുകുന്നത്. ഇതിന് പകരം അധിക വിഭവ സമാഹരണ മാര്‍ഗമായി സര്‍ക്കാര്‍ കണ്ടതാകട്ടെ കടമെടുക്കലും. നികുതി ക്രമരഹിതമായി കുറവായി ചുമത്തിയത്, ചുമത്താതിരുന്നത്, ക്രമരഹിതമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കിയത്, വിറ്റുവരവ് നികുതി നിര്‍ണയത്തില്‍നിന്ന് വിട്ടുപോയത്, ക്രമരഹിതമായി ഇളവുകള്‍ നല്‍കല്‍ തുടങ്ങിയ വിഴ്ചകളിലൂടെ 2019 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് നഷ്ടം 471.33 കോടി രൂപയാണ്.
ഇത് വെറും സാമ്പിള്‍ പരിശോധനയില്‍ മാത്രം സി.എ.ജി. കണ്ടെത്തിയതാണ്. അങ്ങനെ നോക്കിയാല്‍ സര്‍ക്കാരിലേക്ക് എത്താതെ പോകുന്നത് കോടികളാണെന്ന് കാണാം. വിശദമായ പരിശോധനയില്‍ 672 കേസുകളിലായി 483.23 കോടിയുടെ ക്രമക്കേടുകളാണ് സി.എ.ജി. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നികുതി വരുമാനം പിരിക്കുന്നതിലും ക്രമക്കേട്
ജി.എസ്.ടി., എക്‌സൈസ് തുടങ്ങി സര്‍ക്കാരിലേക്ക് നികുതിയായി എത്തുന്ന വരുമാനം അശ്രദ്ധ കൊണ്ടോ തെറ്റായി കണക്കാക്കുന്നതു കൊണ്ടോ നഷ്ടപ്പെടുന്നത് സി.എ.ജി. അക്കമിട്ട് വിവിധ വിഭാഗങ്ങളായി നിരത്തിയിട്ടുണ്ട്. ഇവയില്‍ മിക്കതും കഴിഞ്ഞ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതാണെങ്കിലും അത് പരിഹരിക്കപ്പെട്ടില്ലെന്ന് ഇതില്‍ പറയുന്നു. മാത്രമല്ല, അടുത്ത ഓഡിറ്റ് വരെ ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍ പതിയാതിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ മെയ്യനങ്ങി പണിയെടുക്കാന്‍ ശ്രമിക്കാതെ കൈ നനയാതെ മീന്‍പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാന ബജറ്റില്‍ ഇക്കാര്യം വ്യക്തമാണ്. നിരവധി വഴികളിലൂടെ കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ സാമ്പത്തിക പ്രയാസം ഗണ്യമായി കുറയ്ക്കാന്‍ കേരളത്തിന് സാധിക്കുമെങ്കിലും എളുപ്പത്തില്‍ പിരിഞ്ഞുകിട്ടുന്ന മദ്യം, ഇന്ധനം, വാഹന രജിസ്‌ട്രേഷന്‍, ഭൂമി രജിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ വീണ്ടും നികുതി അടിച്ചേല്‍പ്പിക്കുകയാണ് കേരളം ചെയ്തിരിക്കുന്നത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നിര്‍ദേശങ്ങളായിട്ടുപോലും മറ്റ് മാര്‍ഗങ്ങള്‍ മുന്നിലിരിക്കെ അതിന് ശ്രമിക്കാതിരിക്കുന്നതിന്റെ കാരണം വിചിത്രമാണ്.
കടമെടുക്കും, ചെലവഴിക്കും; കണക്കില്‍ കേരളം പിറകോട്ട്
വികസന പദ്ധതികള്‍ നടപ്പാക്കാനെന്ന പേര് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിലൂടെ എടുക്കുന്ന വായ്പകളുടെ പകുതി പോലും ആ ആവശ്യത്തിനല്ല ചെലവിടുന്നതെന്ന് സി.എ.ജി. കണ്ടെത്തുന്നു. അഞ്ചു വര്‍ഷം കടമെടുത്ത തുകയും അതില്‍നിന്നു വികസന പദ്ധതികള്‍ക്കായി ചെലവിട്ട തുകയും റിപ്പോര്‍ട്ടില്‍ സി.എ.ജി. ചുണ്ടിക്കാട്ടി. 2021 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കടമെടുത്തതിന്റെ സിംഹഭാഗവും കേരളം റവന്യു ചെലവുകള്‍ക്ക് വേണ്ടിയാണ് വിനിയോഗിച്ചത്. കടം വാങ്ങുന്ന ഫണ്ടുകള്‍ മൂലധന സൃഷ്ടിക്കും വികസന പ്രക്രിയകള്‍ക്കുമാണ് വിനിയോഗിക്കേണ്ടത്. നിലവിലെ ആവശ്യങ്ങള്‍ക്കും ബാക്കിയുള്ള കടത്തിന്റെ പലിശയുടെ തിരിച്ചടവിനുമൊക്കെയായി കടമെടുക്കുന്ന സുസ്ഥിരമല്ലാത്ത കടമെടുപ്പ് രീതിയാണ് കേരളത്തിന്റേതെന്ന് സി.എ.ജി. കുറ്റപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ ആകെ വരുമാനത്തില്‍ 38% നികുതിയാണ്. വരുമാനത്തില്‍ രണ്ടാം സ്ഥാനം കടത്തിനാണ്. 33% വരുമാനവും കടത്തിലൂടെയാണു സമാഹരിച്ചത്. ട്രഷറി നിക്ഷേപവും മറ്റും വഴി പബ്ലിക് അക്കൗണ്ടിലൂടെ 9% ലഭിച്ചു. ലോട്ടറിയും ഭൂമി രജിസ്‌ട്രേഷനും അടക്കമുള്ള നികുതി ഇതര വരുമാനങ്ങളിലൂടെയാണ് ബാക്കി തുക ലഭിച്ചത്. പദ്ധതികള്‍ക്കും മറ്റുമായി 23 ശതമാനവും ശമ്പള വിതരണത്തിന് 22 ശതമാനവുമാണ് ചെലവിട്ടത്. കടം തിരിച്ചടയ്ക്കാന്‍ 18% തുക ചെലവാക്കി. പെന്‍ഷന്‍ നല്‍കാന്‍14%, പലിശ നല്‍കാന്‍ 12%, ഗ്രാന്റുകള്‍ക്ക് 8%, സബ്‌സിഡിക്ക് 2%, വായ്പകള്‍ നല്‍കാന്‍ ഒരു ശതമാനം എന്നിങ്ങനെയാണു മറ്റു ചെലവുകള്‍.
Content Highlights: CAG Report kerala revenue status
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..