ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന േഗാകുലിന്റെ കാർട്ടൂൺ
അടുത്തിടെ പിടിച്ചുനിര്‍ത്തിയ ഒരു വാര്‍ത്താചിത്രം വൃന്ദാ കാരാട്ട് ഒരു ബുള്‍ഡോസറിനെ തടയുന്നതാണ്. സാമാന്യം നല്ല ചങ്കൂറ്റവും മനസ്സാന്നിധ്യവും ഉണ്ടാവണം, ഇടിച്ചുപൊളിച്ച് മദിച്ചുനീങ്ങുന്ന ഒരു ഭീമന്‍ യന്ത്രത്തിന്റെ മുമ്പില്‍ കയറിനില്‍ക്കാന്‍. ക്യാമറെയെക്കാള്‍ ഇത്തരം ദൃശ്യങ്ങള്‍ കാലാകാലമായി പകര്‍ത്തിയിട്ടുള്ളത് കാര്‍ട്ടൂണുകളാണ്.
1906-ല്‍ ദക്ഷിണാഫ്രിക്കന്‍ വാസകാലത്ത് ഇന്നുകണ്ടാല്‍ അറിയാത്ത രൂപത്തില്‍ ഗാന്ധിജി ഒരു കാര്‍ട്ടൂണില്‍ കയറി സ്റ്റീംറോളര്‍ തടയുന്നുണ്ട്. 'സണ്‍ഡേ ടൈംസി'ല്‍ അടിച്ചുവന്ന ചിത്രത്തില്‍ യുവനേതാവ് ആനപ്പുറത്താണ്. കുടിയേറ്റക്കാരായ ഇന്ത്യന്‍ വംശജരെ പ്രതിനിധാനംചെയ്യുന്ന ആനയെ കുത്തിയിരുത്തി വെള്ളക്കാരന്റെ വര്‍ണവിവേചനം എന്ന കൂറ്റന്‍ വാഹനത്തെ തടയാനാണ് ശ്രമം.
സായിപ്പിന്റെ കണ്ണില്‍ ഒരു വ്യവസ്ഥാപിതരാഷ്ട്രമൊന്നുമല്ലാത്ത, ഏതാണ്ടൊരു ആള്‍ക്കൂട്ടമായ ഇന്ത്യ അന്ന് കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടത് പലപ്പോഴും ആനയായിട്ടാണ്. മൃഗത്തെ മെരുക്കാന്‍ ഈ കൃശഗാത്രന് കഴിയുമോ എന്ന നേരിയ സംശയമൊഴിച്ചാല്‍ അന്നേ കാര്‍ട്ടൂണിസ്റ്റുകള്‍ ഗാന്ധിപക്ഷത്തായിക്കഴിഞ്ഞിരുന്നു.
.jpg?$p=a26615d&&q=0.8)
വന്ന കാർട്ടൂൺ
അന്നൊന്നും കേട്ടുകേള്‍വിയില്ലാത്ത അഹിംസാമുറയുമായി സമരത്തിനിറങ്ങിയ ആനക്കാരന്റെ മുമ്പില്‍ കൂറ്റന്‍ കൊളോണിയല്‍ യന്ത്രത്തിന്റെ വളയം പിടിച്ചയാള്‍ അന്തിച്ചിരിക്കുന്നത് കാണാം. വഴിയേവന്ന രണ്ടുമഹായുദ്ധങ്ങളുടെ ദുരന്തങ്ങള്‍ സഹിച്ച ലോകത്ത് ഗാന്ധിജിയുടെ പ്രസക്തി കൂടി. എന്നിട്ടും ജീവിതാവസാനത്തില്‍ വിഭജനത്തിലേക്ക് നീങ്ങുന്ന ഇന്ത്യ എന്ന തീവണ്ടിയെ തടയാനാവാതെ വളഞ്ഞകലുന്ന െറയില്‍പ്പാളങ്ങളുടെ ഓരത്ത് നിസ്സഹായനായി നില്‍ക്കുന്ന ബാപ്പുവിനെ ശങ്കറിന് വരച്ചിടേണ്ടിവന്നു. നാല്പതുവര്‍ഷം വെള്ളക്കാരന്റെ സ്റ്റീംറോളറിനുമുമ്പില്‍ കൂസലില്ലാതെനിന്ന പാപ്പാനെ ആന ചതിച്ചു.
ഇന്ന് ഇന്ത്യന്‍ നിരത്തുകളില്‍ ഈ തോല്‍വി ആവര്‍ത്തിക്കപ്പെടുന്നു. നാം തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ വലിയ കളിപ്പാട്ടങ്ങള്‍ ഉരുട്ടി കളിക്കുന്നു. ഡല്‍ഹിയില്‍ ഒരിടത്ത് വൃന്ദാ കാരാട്ടിന് തടയാനായ ബുള്‍ഡോസര്‍ മറ്റിടങ്ങളില്‍ സൈ്വരവിഹാരം നടത്തുന്നു. മെട്രോ റെയില്‍ നിര്‍മാണകാലത്ത് കുഴിക്കാനും നിരത്താനും വേണ്ടിയുള്ള ഇത്തരം കൂറ്റന്‍ യന്ത്രങ്ങള്‍ ഡല്‍ഹിയിലുടനീളം കണ്ടതാണ്. അവ ഉളവാക്കിയത് പ്രതീക്ഷയാണ്, ഭയമല്ല.
ജനലിലൂടെ കാണുന്ന ക്രെയിനുകളുടെ സംഖ്യ പ്രദേശത്തെ വികസനസൂചികയായി കണക്കാക്കാറുണ്ട്. നമുക്ക് ഒരുപാട് തൊഴില്‍തരുന്നത് നിര്‍മാണമേഖലയാണ്. തലസ്ഥാനത്തിന്റെ ക്രെയിന്‍നിരക്ക് ഏറ്റവും ഉയര്‍ന്നുനിന്ന കാലമാണത്. പദ്ധതിനയിച്ച ഇ. ശ്രീധരന്‍ ആരെയും ബുദ്ധിമുട്ടിക്കാതെ അത് നടത്തിയെടുത്തു.
ആഴ്ചകളോളം ഉഴുതുമറിച്ച പാതകള്‍ പുതുക്കിപ്പണിത് പരിസരം മൊത്തം കഴുകി വെടിപ്പാക്കിയിട്ടാണ് തൊഴിലാളികള്‍ തിരിച്ചുപോയത്. പത്രക്കാര്‍ ജോലിചെയ്യുന്ന ഐ.എന്‍.എസ്. കെട്ടിടം നില്‍ക്കുന്ന റഫി മാര്‍ഗ് അടക്കമുള്ള നഗരവീഥികള്‍ ഇത്രയും വൃത്തിയായിക്കിടക്കുന്നത് മുമ്പ് കണ്ടിട്ടില്ല. സ്വാഭാവികമായി മെട്രോ പദ്ധതി നിര്‍വഹണത്തെ ആരും വിമര്‍ശിച്ചില്ല. ഇന്ന് നാടൊട്ടുക്ക് കാര്‍ട്ടൂണുകളില്‍ ബുള്‍ഡോസര്‍ നിറഞ്ഞുനില്‍ക്കുന്നു.
ഈ യന്ത്രത്തിന്റെ അഴിഞ്ഞാട്ടം ഡല്‍ഹി എന്നേ കണ്ടതാണ്; ഒരുപാട് ചീത്തവഴക്കങ്ങള്‍ക്ക് തുടക്കം കുറിച്ച ആ അടിയന്തരാവസ്ഥക്കാലത്തുതന്നെ. പഴയ ഡല്‍ഹിയില്‍ മുസ്ലിം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുര്‍ക്മന്‍ ഗേറ്റ് പരിസരത്തെ ചേരികള്‍ നിരപ്പാക്കാന്‍ സഞ്ജയ് ഗാന്ധിയും അന്നത്തെ നഗരവികസന മേധാവി ജഗ്മോഹനും ചേര്‍ന്ന് പരിപാടിയിട്ടു. ചോദിക്കാനും പറയാനും കോടതിപോലുമില്ലാത്ത അന്ന് സംഗതി ഭംഗിയായി നടന്നു.
ആയിരക്കണക്കിന് കുടുംബങ്ങള്‍ തെരുവിലായി. നഗരക്കാഴ്ചയില്‍നിന്ന് നിസ്സഹായരെ അദൃശ്യരാക്കുന്ന രാഷ്ട്രീയം എല്ലാകാലത്തും കാര്‍ട്ടൂണിസ്റ്റുകള്‍ അറിഞ്ഞുവരച്ചിട്ടുണ്ട്. അങ്ങനൊന്ന് ആ സെന്‍സര്‍ഷിപ്പ് കാലത്ത് നടന്നില്ല. കാര്‍ട്ടൂണിസ്റ്റുകള്‍ തക്കംപാര്‍ത്തിരിക്കയാണെന്ന് പിന്നീടാണ് മനസ്സിലായത്. തിരഞ്ഞെടുപ്പോടെ ഭരണകക്ഷിയും സെന്‍സര്‍ഷിപ്പും പിന്‍വാങ്ങിയപ്പോള്‍ ആര്‍.കെ. ലക്ഷ്മണ്‍ വരച്ച എഡിറ്റ് കാര്‍ട്ടൂണില്‍ ബുള്‍ഡോസര്‍ ഇല്ല. പകരം ഇന്ദിരാഗാന്ധിയും പ്രഭൃതികളും ചേര്‍ന്ന് നഗരമധ്യത്തില്‍നിന്ന് യമുനയ്ക്കപ്പുറത്തേക്ക് ഉന്തിക്കൊണ്ടുപോകുന്ന ഒരു പഴയ മോഡല്‍ പ്രാം (pram) കാണാം; ആ ശിശുവാഹനത്തില്‍ സഞ്ജയ് ഗാന്ധി എന്ന കോമള കിശോരനെയും. വോട്ടറും കാര്‍ട്ടൂണിസ്റ്റും ദയാലുക്കളല്ല.
Content Highlights: bulldozer politics and India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..